‘എന്റെ പേരില്‍ വേണ്ട’ എന്ന് വിളിച്ചുപറയാന്‍ എന്തിന് മടിക്കണം?

‘എന്റെ പേരില്‍ വേണ്ട’ എന്ന് വിളിച്ചുപറയാന്‍ എന്തിന് മടിക്കണം?

രാജ്യതലസ്ഥാനത്ത് എല്ലാ വര്‍ഗങ്ങളും വംശങ്ങളും സ്ത്രീകളും കുട്ടികളും ഉള്ളവരും ഇല്ലാത്തവരും സന്ധിക്കുന്ന ഒരിടമാണ് ജന്തര്‍ മന്ദര്‍. രാപ്പകല്‍ ഭേദമന്യേ അവിടം ശബ്ദായമാനമാകുന്നത് പരാതികളും പ്രതിഷേധങ്ങളും പരിഭവങ്ങളുമായി എത്തുന്നവരുടെ അലമുറകള്‍ കൊണ്ടാണ്. ഇക്കഴിഞ്ഞ ജൂണ്‍ 28 ബുധനാഴ്ച ജന്തര്‍മന്ദര്‍ അത്യപൂര്‍വമായൊരു സംഗമം കൊണ്ട് ലോകശ്രദ്ധ പിടിച്ചുപറ്റി. കക്ഷിപക്ഷം മറന്ന് കുറെ മനുഷ്യര്‍രാഷ്ട്രീയ നേതാക്കളും എഴുത്തുകാരും സാംസ്‌കാരിക പ്രവര്‍ത്തകരും മാധ്യമക്കാരും സാധാണരക്കാരുമൊക്കെ തടിച്ചുകൂടി. അവര്‍ കൈയിലേന്തിയ പ്ലക്കാര്‍ഡുകളിലെ അക്ഷരങ്ങളില്‍ ലോകത്തിന്റെ കണ്ണു തറച്ചുനിന്നു. : Break the Silence (മൗനം വെടിയുക), No Place for Islamophobia (ഇസ്‌ലാം പേടിക്ക് ഇടമില്ലിവിടെ ), Shed Hate not Blood (രക്തം ചിന്തുകയല്ല വേണ്ടത്; വിദ്വേഷം കുടഞ്ഞുമാറ്റുകയാണ്). ദുഃഖം തളംകെട്ടി നിന്ന ആ ആള്‍ക്കൂട്ടത്തിനിടയില്‍നിന്ന് താടിവളര്‍ത്തിയ ഒരു ചെറുപ്പക്കാരന്‍ കടന്നുവന്ന് കടലാസില്‍ കുറിച്ചിട്ട ചില വരികള്‍ വായിച്ചു:

‘പ്രിയപ്പെട്ട ഉമ്മാ,
ഞാന്‍ വീട്ടിലാണ്. ഡല്‍ഹിയില്‍നിന്ന് പെരുന്നാളിനായി പുതുവസ്ത്രങ്ങള്‍ വാങ്ങാനാണ് ഉമ്മ എന്നെ അയച്ചത്. പക്ഷേ വിധി എന്നെ സ്വര്‍ഗത്തിലാണെത്തിച്ചത്. അവിടെ കൊലനടത്താന്‍ ചുറ്റിത്തിരിയുന്ന ജനക്കൂട്ടമില്ല. ഞാന്‍ വീട്ടിലാണ്. എന്ന് ഉമ്മാന്റെ സ്വന്തം ജുനൈദ്. ‘
ഉര്‍ദുവിലുള്ള ആ വാക്കുകള്‍ കേട്ടവരെല്ലാം കണ്ണ് തുടച്ചു. കത്ത് വായിച്ച യുവാവ് മുഖം പൊത്തി വിതുമ്പി. രണ്ടാഴ്ച മുമ്പ് തീവണ്ടിയില്‍ വെച്ച് നൂറോളം വരുന്ന കാപാലികരുടെ മര്‍ദനമേറ്റ് ജീവന്‍വെടിഞ്ഞ ഹരിയാനയിലെ ജൂനൈദ് എന്ന കൗമാരപ്രായക്കാരന്റെ സഹോദരന്‍ മുഹമ്മദ് അസറുദ്ദീനാണ് കത്ത് വായിച്ചത്. ഹിന്ദുത്വവാദികളോ അല്ലലോ അശേഷമില്ലാത്ത സ്വര്‍ഗത്തില്‍നിന്നുള്ള പ്രതീകാത്മക കത്ത്. ജന്തര്‍മന്ദറില്‍ മാത്രം ഒതുങ്ങിയ പ്രതിഷേധ പരിപാടിയായിരുന്നില്ല അത്. രാജ്യത്തെ പ്രധാനപ്പെട്ട നഗരങ്ങളിലെല്ലാം സമൂഹത്തിന്റെ വിവിധ തുറകളില്‍നിന്നുള്ള പ്രമുഖരും അല്ലാത്തവരും ഒരുപോലെ പ്രതിഷേധിക്കാനിറങ്ങിയപ്പോള്‍ സമീപകാലത്ത് രാജ്യം കണ്ട അത്യപൂര്‍വ സംഭവമായി അത് മാറി. 16വയസ്സുകാരനായ ജുനൈദ് എന്ന ‘ഹാഫിള്’ (ഖുര്‍ആന്‍ മുഴുവന്‍ മനഃപാഠമാക്കിയവന്‍ ) ഏറ്റുവാങ്ങേണ്ടിവന്ന രക്തസാക്ഷ്യം മനഃസാക്ഷിയുള്ളവരെ മുഴുവന്‍ കരയിപ്പിക്കുകയും ചിന്തിപ്പിക്കുകയും രോഷാകുലരാക്കുകയും ചെയ്തു. സിനിമ പ്രവര്‍ത്തകയായ സബ ദേവന്‍ ഫെയ്‌സ് ബുക്കില്‍ തുടക്കമിട്ട Not In My Name(എന്റെ പേരില്‍ വേണ്ട) എന്ന കാമ്പയിനാണ് ജുനൈദിന്റെ കൊലയാളികള്‍ക്കെതിരെ ലോകത്തിന്റെ രോഷമായി വളര്‍ന്നത്. മഴയും ചൂടും വകവെക്കാതെ മനുഷ്യത്വമുള്ളവരെല്ലാം അതില്‍ ഭാഗഭാക്കായി. ബംഗളുരുവില്‍ ഓക്‌സിജന്‍ ട്യൂബ് മൂക്കില്‍ ഘടിപ്പിച്ച നിലയിലാണ് പ്രശസ്ത സിനിമപ്രവര്‍ത്തകന്‍ ഗിരിഷ് കര്‍ണാട് പ്രതിഷേധസംഗമത്തില്‍ പങ്കെടുക്കാനെത്തിയത്. ചരിത്രകാരന്‍ രാമചന്ദ്ര ഗുഹക്ക് ജുനൈദ് അനുഭവിച്ച മരണവേദനയുടെ തീവ്രത കേട്ട് ആശുപത്രിക്കിടക്കയില്‍ സ്വസ്ഥമായി കിടക്കാന്‍ സാധിച്ചില്ല. മുംബൈ, കൊല്‍ക്കത്ത, ചെന്നൈ തുടങ്ങി എല്ലാ പ്രമുഖ നഗരങ്ങളിലും പ്രശസ്തരുടെ നേതൃത്വത്തില്‍ പ്രതിഷേധകൂട്ടായ്മകള്‍ രൂപം കൊണ്ടപ്പോള്‍ അതുവരെ മിണ്ടാതിരുന്ന പ്രധാനമന്ത്രി നരേന്ദ്രമോഡിക്കു വാ തുറക്കേണ്ടിവന്നു. അഹമ്മദാബാദിലെ സബര്‍മതി ആശ്രമത്തിന്റെ ശതാബ്ദി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യവെ അക്രമത്തെ തള്ളിപ്പറയേണ്ടിവന്നു; അര്‍ധമനസ്സോടെയാണെങ്കിലും.

ഗോഭക്തി ഭീകരത പാരമ്യതയില്‍
ഉലകം ചുറ്റി നമ്മുടെ പ്രധാനമന്ത്രി ഭീകരതക്കെതിരെ കരാറുകളിലും ഉടമ്പടികളിലും ഒപ്പുവെച്ചുകൊണ്ടിരിക്കുമ്പോഴാണ് പശുഭക്തിയുടെ പേരില്‍ രാജ്യത്ത് ആഭ്യന്തര ഭീകരത പടരുന്നത്. 2014 മെയില്‍ ബി.ജെ.പി കേന്ദ്രത്തില്‍ അധികാരത്തിലേറിയ ശേഷം ഹിന്ദുത്വഗുണ്ടകള്‍ 24പേരുടെ ജീവനാണ് എടുത്തത്. ഇക്കൂട്ടത്തില്‍ സ്ത്രീകളും കുട്ടികളുമുണ്ടായിരുന്നു. 33 അക്രമസംഭവങ്ങളാണ് ‘ഗോരക്ഷകര്‍’ ആസൂത്രണം ചെയ്തു നടപ്പാക്കിയത്; ജുണ്‍ 30വരെ. പശുവിനെ കൊന്നു, കന്നുകാലികളെ കടത്തിക്കൊണ്ടുപോയി, അല്ലെങ്കില്‍ മാട്ടിറച്ചി കൈയില്‍വെച്ചു; അതുമല്ലെങ്കില്‍ ബീഫ് കഴിച്ചു എന്നൊക്കെ ആരോപിച്ചാണ് കൊലകളത്രയും നടത്തിയത്. ദളിതുകള്‍ക്ക് നേരെയും ആക്രമണങ്ങളുണ്ടായെങ്കിലും ആരെയും കൊന്നില്ല. ഇക്കഴിഞ്ഞ ജൂണ്‍ 23വെള്ളിയാഴ്ച ഡല്‍ഹിമഥുര തീവണ്ടിയില്‍ ജുനൈദ് എന്ന ഹരിയാന സ്വദേശി കുത്തേറ്റ് മരിച്ച സംഭവത്തിലെ ‘പശുഘടകം’ എടുത്തുപരിശോധിച്ചുനോക്കൂ. പെരുന്നാളാഘോഷിക്കാന്‍ പുതുവസ്ത്രവും ചെരിപ്പും വാങ്ങാന്‍ ജ്യേഷ്ഠന്മാരോടും സുഹൃത്തുക്കളോടുമൊപ്പം ദില്ലി സദര്‍ ബസാറില്‍പോയി തിരിച്ചുവരുന്ന വഴിയിലായിരുന്നു ജുനൈദ്. തിരക്കേറിയ തീവണ്ടിയില്‍, ഓക്‌ല സ്‌റ്റേഷനില്‍നിന്ന് കയറിയ 25ഓളം വരുന്ന കൂട്ടത്തിലെ പ്രായം ചെന്ന ആള്‍ക്ക് ആ കുട്ടി സീറ്റ് ഒഴിഞ്ഞുകൊടുത്തിട്ടും അവന്റെ തലയിലെ തൊപ്പി കണ്ട് ആള്‍ക്കൂട്ടത്തിന് രക്തദാഹമുണ്ടായത്രെ. ‘ഗായ് കാ ഗോഷ് ഖാനാവാലെ’ (പശുഇറച്ചി തിന്നുന്നവന്‍) എന്ന് ആേ്രകാശിച്ചാണ് സഹോദരങ്ങളുടെ മുന്നില്‍വെച്ച് ജുനൈദിന്റെ വയറ്റിലേക്ക് കത്തി ആഴ്ത്തുന്നത്. രാജ്യത്തെ ഏത് മുസ്‌ലിമിനെ കുറിച്ചും മുദ്രകുത്താവുന്ന ഒരാരോപണം. ഇറച്ചികഴിക്കുന്നവന്‍! ഇന്ത്യയില്‍ രണ്ട് ജനവിഭാഗമേയുള്ളൂവെന്ന് മൂന്നുവര്‍ഷത്തെ മോഡി ഭരണം ഭൂരിപക്ഷസമൂദായത്തിലെ ഒരു വിഭാഗത്തെ പഠിപ്പിച്ചിരിക്കുന്നു. ബീഫ് കഴിക്കുന്നവരും കഴിക്കാത്തവരും. ബീഫ് കഴിക്കുന്നവരാണെങ്കില്‍ എവിടെ വെച്ചും കൊല്ലാം. ഭീകരമാണീ അവസ്ഥ! രാജ്യത്ത് കേട്ടുകേള്‍വിയില്ലാത്ത ദുഷ്ടകാഴ്ചപ്പാട് വളര്‍ത്തിയെടുക്കുന്നതില്‍ ബി.ജെ.പി സര്‍ക്കാരും പാര്‍ട്ടി നേതൃത്വവും വിജയിച്ചിരിക്കുന്നു. മോഡി ഗോഭക്തിയുടെ പേരിലുള്ള കൊലകള്‍ക്കെതിരെ അഹ്മദാബാദില്‍ പ്രസംഗിക്കുമ്പോള്‍ ജാര്‍ക്കണ്ഡില്‍ റാഞ്ചിക്ക് സമീപം രാംഗഢില്‍ അലീമുദ്ദീന്‍ അന്‍സാരി എന്ന 49കാരനെ ബി.ജെ.പി വി.എച്ച്.പി നേതാക്കള്‍ ചേര്‍ന്ന് തല്ലിക്കൊല്ലുകയായിരുന്നു. പിതാവിനെ ജനക്കൂട്ടത്തിലൊരു വിഭാഗം ഇരുമ്പ് ദണ്ഡ് കൊണ്ട് തല്ലിക്കൊല്ലുമ്പോള്‍ മറ്റൊരു വിഭാഗം കാമറയില്‍ പകര്‍ത്താന്‍ ആവേശം കാട്ടുകയായിരുന്നുവെന്ന് അലീമുദ്ദീന്റെ പുത്രി ശമാ പര്‍വീണ്‍ വിതുമ്പി വിവരിക്കുന്നുണ്ട്. അലീമുദ്ദീന്‍ സഞ്ചരിച്ച മാരുതിവാന് തീ കൊളുത്തി കത്തിച്ച് തെളിവുകള്‍ നശിപ്പിക്കാനും അക്രമികള്‍ മറന്നില്ല. വളരെ ആസൂത്രിതമായിരുന്നു കൊല. അലീമുദ്ദീന്‍ എന്ന അസ്ഗര്‍ അന്‍സാരി പശ്ചിമ ബംഗാളില്‍ നിന്ന് ബീഫുമായി വരുകയാണെന്നാണ് പ്രചരിപ്പിക്കപ്പെട്ടത്. വാനില്‍നിന്ന് 200കിലോ മാട്ടിറച്ചി കണ്ടെത്തിയെന്നും ഇവര്‍ തട്ടിവിട്ടു. മര്‍ദനമേറ്റ് ശരീരത്തില്‍നിന്ന് ചോര വാര്‍ന്നൊഴുകുന്ന രംഗം പകര്‍ത്തി മൊബൈലിലൂടെ പ്രചരിപ്പിക്കാന്‍ ഗുണ്ടകള്‍ പ്രത്യേകം ഏര്‍പ്പാട് ചെയ്തിരുന്നു. ജൂണില്‍ സംസ്ഥാനത്ത് ഇത് രണ്ടാമത്തെ അക്രമസംഭവമായിരുന്നു. ക്ഷീരകര്‍ഷകനായ ഉസ്മാന്‍ അന്‍സാരി എന്നയാളെ നൂറോളം വരുന്ന ജനക്കൂട്ടം ക്രൂരമായി മര്‍ദിച്ചുവെന്ന് മാത്രമല്ല, അയാളുടെ വീട് അഗ്‌നിക്കിരയാക്കാനും ‘ഗോരക്ഷക്’ ഗുണ്ടകള്‍ മെനക്കെട്ടത് ജൂണ്‍ 27നാണ്. പശുവിന്റെ ജഡം ഉസ്മാന്റെ വീടിന് സമീപം കണ്ടെത്തി എന്നാരോപിച്ചായിരുന്നു ക്രൂരത. സ്‌കൂള്‍ പരിസരത്ത് ബീഫ് കഴിച്ചുവെന്ന് പറഞ്ഞ് കുറച്ചുനാള്‍ മുമ്പ് സ്‌കൂള്‍ പ്രിന്‍സിപ്പലിനെ മര്‍ദിച്ച സംഭവം പോലുമുണ്ടായി. അലീമുദ്ദീന്റെ കൊല തുറന്നുവിട്ട രോഷം രാജ്യത്തുടനീളം ആളിക്കത്തുമ്പോഴും എവിടെനിന്നാണ് ഇയാള്‍ ബീഫ് കൊണ്ടുവന്നതെന്ന് അന്വേഷിക്കുകയാണെന്നാണ് ജാര്‍ക്കണ്ഠ് പോലിസ് ഐ.ജി എം.എല്‍ മീണ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. ‘ജാര്‍ക്കണ്ഡ് കന്നുകാലി വധ നിരോധ നിയമ’ത്തിനു കീഴില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നാണ് പൊലിസിന് വെളിപ്പെടുത്താനുള്ളത്. ‘ഇന്ത്യ സ്‌പെന്‍ഡ്’ വെബ്‌സൈറ്റ് ചൂണ്ടിക്കാണിച്ചത് പോലെ നരേന്ദ്രമോഡി അധികാരത്തില്‍ വന്നതിനു ശേഷമാണ് പശുഭക്തരുടെ ഭാഗത്തുനിന്നുള്ള 97ശതമാനം അക്രമങ്ങളും കൊലകളും അരങ്ങേറിയത്. ഈ കൊലകളെല്ലാം ബി.ജെ.പി ഭരിക്കുന്ന ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലാണ്. ഈ സംസ്ഥാനങ്ങളെല്ലാം സമീപ കാലത്ത് കന്നുകാലി കടത്തും മാട്ടിറച്ചി വില്‍പനയും നിരോധിക്കാന്‍ കര്‍ക്കശ നിയമം കൊണ്ടുവന്നവരാണ്.
പശ്ചിമബംഗാളിലെ ദിനാജ്പൂരില്‍ നസീറുല്‍ ഹഖ്, മുഹമ്മദ് സമീറുദ്ദീന്‍, മുഹമ്മദ് നസീര്‍ എന്നീ നിര്‍മാണ തൊഴിലാളികളെ ജനക്കൂട്ടം അടിച്ചുകൊന്നത് കന്നുകാലികളെ കടത്തിക്കൊണ്ടുപോയി എന്ന കുറ്റം ആരോപിച്ചാണ്. മേയ് 27ന് മഹാരാഷ്ട്രയിലെ മാലേഗാവില്‍ രണ്ടു മുസ്‌ലിം കച്ചവടക്കാര്‍ ആക്രമണത്തിന് ഇരയാവുന്നത് ബീഫ് കൈയില്‍ വെച്ചുവെന്നാരോപിച്ചാണ്. പശുസംരക്ഷക ഗുണ്ടകള്‍ ഇവരെ കൊണ്ട് ‘ജയ്ശ്രീറാം’ വിളിപ്പിച്ചു. സംഭവത്തോടനുബന്ധിച്ച് ഒമ്പത്‌പേരെ അറസ്റ്റ് ചെയ്തുവെങ്കിലും ഇരകള്‍ക്കെതിരെ ‘മതവികാരം വ്രണപ്പെടുത്തിയതിന്’ പ്രത്യേക കേസ് എടുക്കാനും പോലിസ് ‘മറന്നില്ല.’ഏപ്രില്‍ 30ന് അസമിലായിരുന്നു പശുഭക്തരുടെ താണ്ഡവം. നാഗോണില്‍ അബൂഹനീഫ, റിയാസുദ്ദീന്‍ എന്നീ ചെറുപ്പക്കാരെ സംഘ്പരിവാര്‍ ഗുണ്ടകള്‍ മര്‍ദിച്ചു കൊന്നത് പശുവിനെ മോഷ്ടിച്ചുവെന്ന് പറഞ്ഞാണ്. മാസങ്ങള്‍ കഴിഞ്ഞിട്ടും ഒരാളെയും അറസ്റ്റ് ചെയ്യാന്‍ ബി.ജെ.പി സര്‍ക്കാര്‍ തയാറായിട്ടില്ല. ഏപ്രില്‍ ഒന്നിന് രാജസ്ഥാനിലെ അല്‍വാറില്‍ പഹ്‌ലൂഖാന്‍ എന്ന ക്ഷീരകര്‍ഷകനെ ഹിന്ദുഗുണ്ടകള്‍ അടിച്ചുകൊന്നത് ഹരിയാനയില്‍നിന്ന് കന്നുകാലികളെ നിയമവിരുദ്ധമായി കടത്തിക്കൊണ്ടുവരുകയാണെന്ന കുറ്റം ആരോപിച്ചാണ്. മറ്റു നാലുപേരോടൊപ്പം അക്രമിക്കപ്പെട്ട പഹ്‌ലൂഖാന്‍ രണ്ടുദിവസത്തിനു ശേഷം ആശുപത്രിയില്‍ മരണം ഏറ്റുവാങ്ങിയപ്പോള്‍ രാജസ്ഥാന്‍ ആഭ്യന്തര മന്ത്രി അക്രമത്തെ ന്യായീകരിച്ചത് പഹ്‌ലൂഖാന്റെ കുടുംബം കാലിക്കടത്ത് പതിവാക്കിയവരാണ് എന്ന് പറഞ്ഞാണ്.

അധികാരത്തിന്റെ തണല്‍
ഹരിയാനയില്‍ കൂട്ടബലാല്‍സംഗക്കേസിലെ പ്രതികള്‍ക്ക് മൂന്നുവര്‍ഷത്തെ ശിക്ഷയാണെങ്കില്‍ പശുവിനെ അല്ലെങ്കില്‍ കാളയെ അറുത്തുപോയാല്‍ ജീവപര്യന്തം ശിക്ഷയാണ് ജനക്കൂട്ടം വിധിക്കുന്നത്. ഇതിന് പൊലിസിന്റെ ഇടപെടലോ നീതിന്യായ കോടതിയിലെ വിചാരണയോ ആവശ്യമില്ല. ഗോമാംസം ഭക്ഷിക്കുന്നതും കന്നുകാലികളെ കടത്തിക്കൊണ്ടുപോകുന്നതും ബീഫ് ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നതും മഹാ അപരാധമായി ഉയര്‍ത്തിക്കാട്ടുന്ന മനോഗതിയാണ് പ്രശ്‌നത്തിന്റെ മൂലകാരണം. 2015ല്‍ ദാദ്രിയില്‍ മുഹമ്മദ് അഖ്‌ലാഖ് കൊല്ലപ്പെട്ടതോടെ തുറന്നിട്ട കാപാലികത അനവരതം തുടരുമ്പോള്‍ അക്രമത്തിന്റെയും ക്രൂരതയുടെയും ഗ്രാഫ് ഉയര്‍ന്നുപൊങ്ങുകയാണ്. 2014ജൂണിനും 2015ഡിസംബര്‍ 30നും ഇടയില്‍ ഗോസംരക്ഷണത്തിന്റെ പേരില്‍ 11 അനിഷ്ട സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെങ്കില്‍ 2016ല്‍ മാത്രം 12സംഭവങ്ങളും 2017 ല്‍ ആറ് മാസത്തിനകം 10 സംഭവങ്ങളും അരങ്ങേറി. സമീപകാലത്ത് അതിന്റെ ഗതിവേഗം വര്‍ധിച്ചപ്പോഴാണ് പഹ്‌ലൂഖാന്റെയും ജുനൈദിന്റെയും അലീമുദ്ദീന്‍ അന്‍സാരിയുടെയുമൊക്കെ വിധി നിര്‍ണയിക്കപ്പെട്ടത്. 2016മാര്‍ച്ചില്‍ ഹരിയാനയിലെ മേവാത്തില്‍ 12വയസ്സുള്ള ഇനായത്തുല്ല ഖാനെ മുഹമ്മദ് മജ്‌ലൂന്‍ എന്നയാളോടൊപ്പം ഒരു മരച്ചില്ലയില്‍ തൂക്കിക്കൊന്നു. ഇവര്‍ മാംസക്കച്ചവടത്തിലേര്‍പ്പെടുന്നവരാണ് എന്ന സംശയത്തിന്റെ പേരിലായിരുന്നു ഈ കാടത്തം. മേവാത്ത് മുസ്‌ലിം ഭൂരിപക്ഷ ജില്ലയാണെന്നോര്‍ക്കണം. ഒരു വീടിന്റെ വാതില്‍ തള്ളിത്തുറന്ന് 12വയസ്സുള്ള മുസ്‌ലിം പെണ്‍കുട്ടിയെയും അവളുടെ ബന്ധുവിനെയും കൂട്ടബലാല്‍സംഗത്തിന് ഇരയാക്കിയ ശേഷം തിരിച്ചുപോകുന്ന നേരത്ത് അക്രമികള്‍ പുലമ്പിയത്, ഗോമാംസം ഭക്ഷിക്കുന്നതിനുള്ള ശിക്ഷയാണിതെന്നാണ്. പശുവിറച്ചി കഴിച്ചവളുടെ മാനം പിച്ചിച്ചീന്താമെന്ന് ഹിന്ദുരാഷ്ട്രവാദികള്‍ വിശ്വസിക്കുന്നുണ്ടാവണം. ആര്‍.എസ്.എസ് വിഭാവന ചെയ്യുന്ന പുതിയ ഇന്ത്യയുടെ ആന്തരികസത്ത എന്തായിരിക്കണം എന്നതിനെ കുറിച്ച് സംഘടനയുടെ മുന്‍ ബൗദ്ധിക് പ്രമുഖ് ആര്‍. ഹരി ‘ഇനി ഞാന്‍ ഉണരട്ടെ’ എന്ന പുസ്തകത്തില്‍ വിവരിക്കുന്നത് ഇങ്ങനെ: ‘ ഇന്നിപ്പോള്‍ നഷ്ടപ്പെട്ട സ്വാതന്ത്ര്യം കിട്ടി എട്ടു ദശകമാകാറായി. ആയിരക്കണക്കിനു മഹാത്മാക്കളുടെയും പതിനായിരക്കണക്കിനു അനുയായികളുടെയും ലക്ഷക്കണക്കിനു ഒത്താശക്കാരുടെയും അഖണ്ഡസാധനയുടെ ഫലമായി കോടിക്കണക്കിനുള്ള ഹൈന്ദവജനത അതിന്റെ സുദീര്‍ഘമായ നിദ്രയില്‍നിന്നുണര്‍ന്നു തുടങ്ങിയിരിക്കുന്നു. ഈ ശുഭമുഹുര്‍ത്തത്തില്‍ അതിന്റെ ആചാരങ്ങളും അളവുകോലുകളും മേല്‍പറഞ്ഞ വൈദേശിക മേധാവിത്വം ആമം വെച്ച കൈയില്‍ വെച്ചുകൊടുത്തവ തന്നെയായിരിക്കണമോ? അതോ ആയിരം വര്‍ഷം മുമ്പത്തെ സചേതന സംസ്‌കാരം പ്രതിഫലിക്കുന്നവയായിരിക്കണമോ? ഉത്തരം സ്പഷ്ടമാണ്. ഹിന്ദുവിന്റെ ആചാരങ്ങളും അളവുകോലുകളും വീണ്ടും വിക്രാന്തമാവണം. വിജയഭാവം സ്ഫുരിക്കുന്നതാവണം. മരിക്കാതെ ജീവിച്ചിട്ടും ജീവനോടെ മരിച്ചിട്ടും കുഴഞ്ഞുകൂടിയ ച്യവനന്‍ കായകല്‍പത്തിനു ശേഷം നവചൈതന്യം പൂണ്ടുണര്‍ന്നത് പോലെ ഹിന്ദു ഉണരണം. സ്വന്തം കണ്‍മുമ്പില്‍ ഒരു പുതുലോകം പടര്‍ത്തണം. ഹിന്ദുധര്‍മത്തിന്റെ പുതുസീമകള്‍ കണ്ടെത്തണം”. ഹിന്ദുവിന്റെ പേരില്‍ വര്‍ഗീയത ഉണര്‍ന്നതിന്റെ പ്രതിഫലനമാണ് ഒരു മൃഗത്തെ മുന്നില്‍നിറുത്തി ഹിന്ദുത്വവാദികള്‍ തുറന്നുവിടുന്ന നിഷ്ഠൂരമായ ഈ നരമേധങ്ങളും മൃഗീയ ആക്രമണങ്ങളുമെന്ന് അനുമാനിക്കുകയല്ലേ ബുദ്ധി?

വാചാടോപങ്ങള്‍ കൊണ്ട് മറച്ചുപിടിക്കുന്നത്
ന്യൂനപക്ഷങ്ങളും ദലിതുകളും ഇന്ന് അഭിമുഖീകരിക്കുന്ന പ്രതിസന്ധി ആധുനിക ഇന്ത്യയുടെ ചരിത്രത്തിലെ തന്നെ അത്യപൂര്‍വ സംഭവമാണ്. ഗോവധത്തിനെതിരായ പ്രചാരണ വേലകള്‍ ഇന്ന് ഗോമാംസം ഭക്ഷിക്കുന്നവരുടെ കുലത്തില്‍ ജനിച്ചവന്‍ എന്ന് മുദ്ര കുത്തപ്പെടുന്ന തരത്തിലേക്ക് അപകടകരമാംവിധം വഴിമാറുമ്പോളും നമ്മുടെ ഭരണകൂടവും അതിന്റെ അമരത്തിരിക്കുന്നവരും വിവേകപൂര്‍വം ചിന്തിക്കാന്‍ പോലും തയാറാവുന്നില്ല എന്നാണ് പ്രധാനമന്ത്രി അടക്കമുള്ളവരുടെ വാക്കുകളില്‍നിന്ന് വായിച്ചെടുക്കേണ്ടത്. സബര്‍മതിയിലെ പ്രസംഗത്തില്‍ പോലും ഗോസംരക്ഷണത്തിന്റെ ആവശ്യകതയാണ് മോഡി ഊന്നിപ്പറഞ്ഞത്. ”നമ്മുടെ നാട് അഹിംസയുടേതാണ്. നമ്മുടെ നാട് മഹാത്മാ ഗാന്ധിയുടേതാണ്. എന്തിനു നാമത് മറക്കണം. മഹാത്മാ ഗാന്ധിയെയും ആചാര്യ വിനോബാ ഭാവെയും പോലെ പശുക്കളെ സംരക്ഷിക്കേണ്ട കാര്യം ആരും അടിവരയിട്ട് സംസാരിച്ചിട്ടില്ല. അതെ, അത് അങ്ങനെത്തന്നെ ചെയ്യണം. പക്ഷേ ഗോഭക്തിയുടെ പേരില്‍ മനുഷ്യരെ കൊല്ലുന്നത് സ്വീകാര്യമല്ല. അത് മഹാത്മാ ഗാന്ധി അംഗീകരിക്കുന്ന ചെയ്തിയല്ല. ഒരു സമൂഹമെന്ന നിലയില്‍ അക്രമത്തിന് യാതൊരു സ്ഥാനവുമില്ല. രാജ്യത്തെ ആണാവട്ടെ പെണ്ണാവട്ടെ, നിയമം കൈയിലെടുക്കാന്‍ അധികാരമില്ല. അക്രമം ഒരിക്കലും ഒരു പ്രശ്‌നത്തിനും പരിഹാരമല്ല.”

എന്നിട്ടുമെന്തേ ഹിന്ദുത്വവാദികള്‍ അക്രമത്തിന്റെ മാര്‍ഗം പിന്തുടരുന്നു? മറുപടി പറയേണ്ടത് പ്രധാനമന്ത്രി തന്നെയാണ്. ‘എന്റെ പേരില്‍ ഇത് വേണ്ടാ’ എന്ന് പറയാന്‍ എന്തുകൊണ്ട് മോഡി തയാറാവുന്നില്ല.
ശാഹിദ്‌

You must be logged in to post a comment Login