‘സെറ്റ്’ പരീക്ഷ ആഗസ്ത് 20ന്

‘സെറ്റ്’ പരീക്ഷ ആഗസ്ത് 20ന്

സംസ്ഥാന ഹയര്‍ സെക്കന്‍ഡറി, നോണ്‍ വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി അധ്യാപക യോഗ്യതനിര്‍ണയ പരീക്ഷയായ ‘സെറ്റ്’ അഥവാ സ്‌റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് ആഗസ്ത് 20ന് നടക്കും. ജില്ലാ ആസ്ഥാനങ്ങള്‍ പരീക്ഷാ കേന്ദ്രങ്ങളായിരിക്കും. സംസ്ഥാന സര്‍ക്കാര്‍ ആഭിമുഖ്യത്തിലുള്ള എല്‍.ബി.എസ്. സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജിയാണ് ടെസ്റ്റ് നടത്തുന്നത്.

സെറ്റിനുള്ള അപേക്ഷഫോറം ജൂലായ് 12 വരെ തിരഞ്ഞെടുക്കപ്പെട്ട പോസ്റ്റ് ഓഫിസുകള്‍ വഴി വിതരണം ചെയ്യും. അപേക്ഷഫീസ് 750 രൂപ. പട്ടികജാതി/വര്‍ഗം, ഭിന്നശേഷിക്കാര്‍ എന്നീ വിഭാഗക്കാര്‍ക്ക് 375 രൂപ. ഓണ്‍ലൈന്‍ രജിസ്‌ട്രേഷനായുള്ള ആപ്ലിക്കേഷന്‍ നമ്പര്‍, ആക്‌സസ് കീ എന്നിവ അപേക്ഷഫോറത്തിലുണ്ടാവും. ഇവ രണ്ടും ഉപയോഗിച്ച് ംംം.ഹയരെലിൃേല.ീൃഴ, ംംം.ഹയസെലൃമഹമ.രീാ എന്നീ വെബ്‌സൈറ്റുകളിലൂടെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്താം. ജൂലായ് 12ന് വൈകീട്ട് മൂന്നു മണിവരെ രജിസ്‌ട്രേഷന്‍ സ്വീകരിക്കും. അപേക്ഷസമര്‍പ്പണത്തിനുള്ള നിര്‍ദേശങ്ങള്‍ അടങ്ങിയ പ്രോസ്‌പെക്ടസ് വെബ്‌സൈറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാം.
ടെസ്റ്റില്‍ 30 വിഷയങ്ങളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. അറബിക്, ആന്ത്രോപ്പോളജി, ബോട്ടണി, കെമിസ്ട്രി, കോമേഴ്‌സ്, ഇക്കണോമിക്‌സ്, ഇംഗ്ലീഷ്, ഗാന്ധിയന്‍ സ്റ്റഡീസ്, ജിയോളജി, ജ്യോഗ്രഫി, ഹിന്ദി, ഹിസ്റ്ററി, ഹോംസയന്‍സ്, ഇസ്‌ലാമിക് ഹിസ്റ്ററി, ജേര്‍ണലിസം, മലയാളം, കന്നട, മാത്തമാറ്റിക്‌സ്, മ്യൂസിക്, ഫിലോസഫി, ഫിസിക്‌സ്, പൊളിറ്റിക്കല്‍ സയന്‍സ്, സൈക്കോളജി, സംസ്‌കൃതം, സോഷ്യല്‍ വര്‍ക്ക്, സോഷ്യോളജി, സ്റ്റാറ്റിസ്റ്റിക്‌സ്, തമിഴ്, ഉര്‍ദു, സുവോളജി എന്നിങ്ങനെയാണ് വിഷയങ്ങള്‍.

ബന്ധപ്പെട്ട വിഷയത്തില്‍ 50 ശതമാനം മാര്‍ക്കില്‍/ തുല്യഗ്രേഡില്‍ കുറയാത്ത മാസ്‌റ്റേഴ്‌സ് ഡിഗ്രിയും ഏതെങ്കിലും വിഷയത്തില്‍ ബി.എഡും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി വിഷയങ്ങളില്‍ 50 ശതമാനം മാര്‍ക്കില്‍/തുല്യഗ്രേഡില്‍ കുറയാത്ത എം.എസ്‌സി എജുക്കേഷന്‍ യോഗ്യത നേടിയവരെയും പരിഗണിക്കും. ആന്ത്രോപ്പോളജി, കോമേഴ്‌സ്, ഗാന്ധിയന്‍ സ്റ്റഡീസ്, ജിയോളജി, ഹോംസയന്‍സ്, ജേര്‍ണലിസം, മ്യൂസിക്, ഫിലോസഫി, സൈക്കോളജി, സോഷ്യല്‍ വര്‍ക്ക്, സോഷ്യോളജി, സ്റ്റാറ്റിസ്റ്റിക്‌സ് വിഷയങ്ങളില്‍ 50 ശതമാനം മാര്‍ക്കില്‍/തുല്യഗ്രേഡില്‍ കുറയാതെ മാസ്‌റ്റേഴ്‌സ് ഡിഗ്രിയുള്ളവര്‍ക്ക് ബി.എഡ് യോഗ്യത നിര്‍ബന്ധമില്ല. കമ്യൂണിക്കേറ്റിവ് ഇംഗ്ലീഷില്‍ 50 ശതമാനം മാര്‍ക്കില്‍ കുറയാതെ മാസ്‌റ്റേഴ്‌സ് ഡിഗ്രിയും ബി.എഡും ഉള്ളവര്‍ക്ക് ഇംഗ്ലീഷ് വിഷയത്തില്‍ ‘സെറ്റില്‍’ പങ്കെടുക്കാം.
പട്ടികജാതി/വര്‍ഗക്കാര്‍ക്ക് യോഗ്യതപരീക്ഷയില്‍ അഞ്ചു ശതമാനം മാര്‍ക്കിളവുണ്ട്. മാസ്‌റ്റേഴ്‌സ് ഡിഗ്രി നേടിയതിനുശേഷം ഫൈനല്‍ ബി.എഡിന് പഠിക്കുന്നവര്‍ക്കും ബി.എഡ് കഴിഞ്ഞ് ഫൈനല്‍ മാസ്‌റ്റേഴ്‌സ് ഡിഗ്രിക്ക് പഠിക്കുന്നവര്‍ക്കും വ്യവസ്ഥകള്‍ക്ക് വിധേയമായി ‘സെറ്റിന്’ അപേക്ഷിക്കാം.
സെറ്റില്‍ പങ്കെടുക്കുന്നതിന് പ്രായപരിധിയില്ല. ഒബ്ജക്ടിവ് മള്‍ട്ടിപ്ള്‍ ചോയ്‌സ് മാതൃകയിലുള്ള ടെസ്റ്റില്‍ രണ്ട് പേപ്പറുകളുണ്ട്. ഓരോ പേപ്പറിനും 120 മിനിറ്റ് വീതം സമയം ലഭിക്കും. പേപ്പര്‍ ഒന്ന് പൊതുവായിട്ടുള്ളതാണ്. ഇതില്‍ പൊതുവിജ്ഞാന ചോദ്യങ്ങളും ടീച്ചിങ് അഭിരുചി പരിശോധിക്കുന്ന ചോദ്യങ്ങളും അടങ്ങിയ രണ്ട് പാര്‍ട്ടുകളുണ്ടാവും. പേപ്പര്‍ രണ്ടില്‍ പ്രത്യേകം തെരഞ്ഞെടുക്കപ്പെട്ട വിഷയങ്ങളില്‍ പി.ജി നിലവാരത്തിലുള്ള ചോദ്യങ്ങളുണ്ടാവും. ഓരോ പേപ്പറിനും 120 ചോദ്യങ്ങള്‍ ഉണ്ടാവും. ഓരോ ചോദ്യത്തിനും ഓരോ മാര്‍ക്ക് വീതം. എന്നാല്‍, പേപ്പര്‍ രണ്ടില്‍ മാത്തമാറ്റിക്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ് വിഷയങ്ങള്‍ക്ക് 80 ചോദ്യങ്ങള്‍ വീതമാണുണ്ടാവുക. ഓരോന്നിനും ഒന്നര മാര്‍ക്ക് വീതം. ഉത്തരം തെറ്റിയാലും സ്‌കോര്‍ ചെയ്തതില്‍ നിന്ന് മാര്‍ക്ക് കുറക്കില്ല. മൂല്യ നിര്‍ണയത്തിന് നെഗറ്റീവ് മാര്‍ക്കില്ല. ടെസ്റ്റ് സിലബസും മുന്‍കാല ചോദ്യപേപ്പറുകളും വെബ്‌സെറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്ത് ടെസ്റ്റിന് തയാറെടുക്കാം.
ടെസ്റ്റില്‍ യോഗ്യത നേടുന്നതിന് ജനറല്‍ വിഭാഗക്കാര്‍ പേപ്പര്‍ ഒന്നിന് 40, പേപ്പര്‍ രണ്ടിന് 40, മൊത്തത്തില്‍ 48 ശതമാനം എന്നിങ്ങനെ മാര്‍ക്ക് നേടണം. ഒ.ബി.സി നോണ്‍ ക്രീമിലെയര്‍ വിഭാഗക്കാര്‍ യഥാക്രമം 35, 35, 45 ശതമാനം, പട്ടികജാതി/വര്‍ഗം, ഭിന്നശേഷിക്കാര്‍ യഥാക്രമം 35, 35, 40 ശതമാനം എന്നിങ്ങനെ മാര്‍ക്ക് നേടണം. ഉത്തരസൂചിക ആഗസ്ത് 23ന് വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തും. കൂടുതല്‍ വിവരങ്ങള്‍ക്ക്www.lbscentre.org,www.lbskerala.com എന്നീ വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കാം.

ചണ്ഡിഗഡ് മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പാരാമെഡിക്കല്‍ കോഴ്‌സുകള്‍
മെഡിക്കല്‍ വിദ്യാഭ്യാസ, ഗവേഷണ രംഗങ്ങളില്‍ രാജ്യത്തെ മുന്‍നിര സ്ഥാപനമായ പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചില്‍ പാരാമെഡിക്കല്‍ ബിരുദ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

ജൂലൈ 17 വരെ അപേക്ഷിക്കാം. ആഗസ്ത് 28ന് ചണ്ഡിഗഡില്‍ നടത്തുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് അഡ്മിഷന്‍. അപേക്ഷാ ഫീസ് 1000 രൂപ. പട്ടിക ജാതിവര്‍ഗക്കാര്‍ക്ക് 800 രൂപ. പ്രതിവര്‍ഷം 250 രൂപ മാത്രമാണു ട്യൂഷന്‍ ഫീസ്. കൂടാതെ മിക്ക സീറ്റുകളിലും സ്‌റ്റൈപ്പന്‍ഡ് ലഭിക്കും.

മെഡിക്കല്‍ ടെക്‌നോളജി ലാബോറട്ടറി, മെഡിക്കല്‍ ടെക്‌നോളജി റേഡിയോ ഡയഗണോസിസ് ആന്‍ഡ് ഇമേജിങ്, മെഡിക്കല്‍ ടെക്‌നോളജി റേഡിയോതെറാപ്പി, എംബാമിങ് ആന്‍ഡ് മോര്‍ച്ചറി സയന്‍സ്, മെഡിക്കല്‍ ടെക്‌നോളജി പെര്‍ഫ്യൂഷനിസ്റ്റ്, മെഡിക്കല്‍ ആനിമേഷന്‍ ആന്‍ഡ് ഓഡിയോ വിഷ്വല്‍ ക്രിയേഷന്‍ എന്നിവയില്‍ മൂന്നു വര്‍ഷത്തെ ബിരുദ കോഴ്‌സുകളും ബാച്ചിലര്‍ ഓഫ് ഓഡിയോളജി ആന്‍ഡ് സ്പീച്ച് ലാംഗ്വേജ് പത്തോളജിയില്‍ നാലു വര്‍ഷത്തെ ബിരുദ കോഴ്‌സിനും ബാച്ചിലര്‍ ഓഫ് ഫിസിക്കല്‍ തെറാപ്പിയില്‍ നാലര വര്‍ഷത്തെ ബിരുദ കോഴ്‌സിനുമാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. പ്രായം 2017 സെപ്റ്റംബര്‍ ഒന്നിന് 17നും 25നും മധ്യേ.

മെഡിക്കല്‍ ടെക്‌നോളജി കോഴ്‌സുകള്‍ക്ക് ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ്‌ന ബയോളജി പഠിച്ച് പ്ലസ്ടു അല്ലങ്കില്‍ ബന്ധപ്പെട്ട വിഷയത്തില്‍ തൊഴിലധിഷ്ഠിത കോഴ്‌സ് പാസായവര്‍ക്ക് അപേക്ഷിക്കാം. ബിഎസ്എല്‍പി കോഴ്‌സിന് 50 ശതമാനം മാര്‍ക്കോടെ പ്ലസ്ടു പാസായിരിക്കണം. എംബാമിംഗ് ആന്‍ഡ് മോര്‍ച്ചറി സയന്‍സ് കോഴ്‌സിന് പ്ലസ്ടു വിന് ബയോളജി പഠിച്ചവര്‍ക്കാണ് അപേക്ഷിക്കാവുന്നത്. വെബ്‌സൈറ്റ്:pgimer.edu.in

മിലിട്ടറി കോളേജ് പ്രവേശനത്തിന് ഇപ്പോള്‍ അപേക്ഷിക്കാം
ഡെറാഡൂണിലെ ഇന്ത്യന്‍ മിലിട്ടറി കോളേജിലേക്ക് 2018 ജൂലായ് മാസത്തില്‍ നടക്കുന്ന പ്രവേശനത്തിനുളള പ്രവേശന പരീക്ഷ തിരുവനന്തപുരത്ത് പൂജപ്പുരയിലുളള പരീക്ഷാ കമ്മീഷണറുടെ ഓഫീസില്‍ ഡിസംബര്‍ ഒന്ന്, രണ്ട് തീയതികളില്‍ നടക്കും. ആണ്‍ കുട്ടികള്‍ക്ക് മാത്രമാണ് പ്രവേശനം. 2018 ജൂലായ് ഒന്നിന് അഡ്മിഷന്‍ സമയത്ത് അംഗീകാരമുളള ഏതെങ്കിലും വിദ്യാലയത്തില്‍ ഏഴാം ക്ലാസില്‍ പഠിക്കുകയോ, ഏഴാം ക്ലാസ് പാസാകുകയോ വേണം. 2005 ജൂലായ് രണ്ടിന് മുമ്പോ, 2007 ജനുവരി ഒന്നിനുശേഷമോ ജനിച്ചവര്‍ക്ക് അപേക്ഷിക്കാന്‍ അര്‍ഹതയില്ല. അഡ്മിഷന്‍ നേടിയതിനു ശേഷം ജനനതീയതിയില്‍ മാറ്റം അനുവദനീയമില്ല. പ്രവേശനപരീക്ഷയ്ക്കുളള അപേക്ഷാ ഫോറവും വിവരങ്ങളും മുന്‍വര്‍ഷങ്ങളിലെ ചോദ്യപേപ്പറുകളും ലഭിക്കുന്നതിന് രാഷ്ട്രീയ ഇന്ത്യന്‍ മിലിട്ടറി കോളേജിലേക്ക് അപേക്ഷിക്കണം. പരീക്ഷ എഴുതുന്ന ജനറല്‍ വിഭാഗത്തിലെ കുട്ടികള്‍ക്ക് 600 രൂപയ്ക്കും, എസ്.സി/എസ്.ടി വിഭാഗത്തിലെ കുട്ടികള്‍ ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം 555 രൂപയ്ക്കും അപേക്ഷ സ്പീഡ് പോസ്റ്റില്‍ ലഭിക്കും. അപേക്ഷ ലഭിക്കുന്നതിന് മുകളില്‍ പറയുന്ന തുകയ്ക്കുളള ഡിമാന്റ് ഡ്രാഫ്റ്റ് ദി കമാന്‍ഡന്റ്, രാഷ്ട്രീയ ഇന്ത്യന്‍ മിലിട്ടറി കോളേജ്, ഡെറാഡൂണ്‍, ഡ്രായര്‍ ബ്രാഞ്ച്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ടെല്‍ ഭവന്‍, ഡെറാഡൂണ്‍ (ബാങ്ക് കോഡ് 01576) എന്ന വിലാസത്തില്‍ മാറാവുന്ന തരത്തില്‍ എടുത്ത് കത്ത് സഹിതം ദി കമാന്‍ഡന്റ്, രാഷ്ട്രീയ ഇന്ത്യന്‍ മിലിട്ടറി കോളേജ്, ഡെറാഡൂണ്‍, ഉത്തരാഞ്ചല്‍ 248003 എന്ന വിലാസത്തില്‍ അപേക്ഷിക്കണം. കേരളത്തിലും ലക്ഷദീപിലും ഉളള അപേക്ഷകര്‍ നിര്‍ദ്ദിഷ്ട അപേക്ഷകള്‍ പൂരിപ്പിച്ച് സപ്തംബര്‍ 30ന് ലഭിക്കുന്നതരത്തില്‍ സെക്രട്ടറി, പരീക്ഷാഭവന്‍, പൂജപ്പുര, തിരുവനന്തപുരം 12 എന്ന വിലാസത്തില്‍ അയക്കണം. അപേക്ഷയ്‌ക്കൊപ്പം താഴെപ്പറയുന്ന രേഖകള്‍ വേണം. ഡെറാഡൂണ്‍ രാഷ്ട്രീയ ഇന്ത്യന്‍ മിലിട്ടറി കോളേജില്‍ നിന്നും ലഭിച്ച നിര്‍ദ്ദിഷ്ട അപേക്ഷ ഫോറം (രണ്ട് കോപ്പി), പാസ്‌പോര്‍ട്ട് വലിപ്പത്തിലുളള മൂന്ന് ഫോട്ടോകള്‍ ഒരു കവറില്‍ ഉളളടക്കം ചെയ്തിരിക്കണം. സ്ഥലത്തെ ജനന മരണ രജിസ്ട്രാര്‍ നല്‍കുന്ന ജനന സര്‍ട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, സ്ഥിരമായ വാസസ്ഥലം സംബന്ധിക്കുന്ന സര്‍ട്ടിഫിക്കറ്റ്, കുട്ടി നിലവില്‍ പഠിക്കുന്ന സ്‌കൂളിലെ മേലധികാരി നിര്‍ദ്ദിഷ്ട അപേക്ഷാ ഫോറം സാക്ഷ്യപ്പെടുത്തുന്നതോടൊപ്പം ഫോട്ടോ പതിപ്പിച്ച് ജനനതീയതി അടങ്ങിയ കത്തും സാക്ഷ്യപ്പെടുത്തി ഹാജരാക്കണം. പട്ടികജാതി /പട്ടികവര്‍ഗ വിഭാഗത്തില്‍പെട്ടവര്‍ ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ രണ്ട് പകര്‍പ്പ് ഹാജരാക്കണം.

പട്ടികവിഭാഗക്കാര്‍ക്ക് നഴ്‌സിങ് കോഴ്‌സ്
പട്ടികജാതി, പട്ടികവര്‍ഗ വിഭാഗം വിദ്യാര്‍ഥികള്‍ക്കായി കേരളത്തിലെ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ്, തിരുവനന്തപുരം, കോഴിക്കോട്, കോട്ടയം എന്നിവിടങ്ങളിലെ സര്‍ക്കാര്‍ നഴ്‌സിങ് കോളേജുകളില്‍ 2017-18ല്‍ നടത്തുന്ന ജനറല്‍ നഴ്‌സിങ് ആന്റ് മിഡ്‌വൈഫറി ഡിപ്ലോമ പ്രോഗ്രാമിലെ പ്രവേശനത്തിനായി അപേക്ഷകള്‍ ക്ഷണിച്ചു.

അപേക്ഷകര്‍ പ്ലസ്ടുതല പരീക്ഷ, ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി എന്നീ വിഷയങ്ങളെടുത്ത് ജയിച്ചിരിക്കണം. പ്ലസ്ടു വൊക്കേഷണല്‍ സ്ട്രീമില്‍ എ.എന്‍.എം. കോഴ്‌സ് എടുത്ത് ജയിച്ച ഈ വിഭാഗം വിദ്യാര്‍ഥികളെയും പരിഗണിക്കും. അപേക്ഷാര്‍ഥി, 2017 ഡിസംബര്‍ 31ന്, 17 വയസ്സ് പൂര്‍ത്തിയാക്കിയിരിക്കണം. ഇതേ ദിവസം, പ്രായം 35 വയസ്സ് കഴിഞ്ഞിരിക്കാനും പാടില്ല. പ്ലസ്ടു വൊക്കേഷണല്‍ സ്‌കീമില്‍ എ.എന്‍.എം. കോഴ്‌സ് പഠിച്ച അപേക്ഷകര്‍ക്ക്, ഉയര്‍ന്ന പ്രായപരിധി ബാധകമല്ല. ഭിന്നശേഷി വിഭാഗത്തിലെ അപേക്ഷകര്‍ക്ക് 3 ശതമാനം സീറ്റ് സംവരണം ചെയ്തിട്ടുണ്ട്. അപേക്ഷ, തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, തൃശ്ശൂര്‍, കോഴിക്കോട്, എറണാകുളം എന്നിവിടങ്ങളിലെ സര്‍ക്കാര്‍ നഴ്‌സിങ് കോളേജ് പ്രിന്‍സിപ്പള്‍മാരുടെ ഓഫീസില്‍നിന്നും 100 രൂപ അടച്ച് ജൂലായ് 17 വരെ വാങ്ങാം. തപാലിലും ഫോം ലഭിക്കും. പ്രോസ്പക്ടസ് അപേക്ഷാഫോറത്തിനൊപ്പം ലഭിക്കും. അപേക്ഷകള്‍ പൂരിപ്പിച്ച്, അതില്‍ ഒട്ടിക്കുന്ന അപേക്ഷാര്‍ഥിയുടെ ഫോട്ടോ ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തണം. പൂരിപ്പിച്ച അപേക്ഷ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം ജൂലായ് 28നകം തിരുവനന്തപുരത്തുള്ള മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തില്‍ ലഭിച്ചിരിക്കണം.

റസല്‍

 

You must be logged in to post a comment Login