പാങ്ങിലെ അസീസുമാര്‍ എങ്ങനെയാണ് ഇന്ത്യക്കാരല്ലാതാവുന്നത്?

രാജീവ് ശങ്കരന്‍

ഭരണകൂടത്തിന്റെ അവഗണനയിലുള്ള പ്രതിഷേധം ആയുധമെടുക്കലോളമെത്തുകയും ലക്ഷ്യം നേടാന്‍ സാധിക്കാതെ ഒത്തുതീര്‍പ്പിന് വഴങ്ങേണ്ടി വന്ന് നിരാശയിലാണ്ടിരിക്കുകയും ചെയ്ത ഒരു ജനത, രാജ്യത്തിന്റെ ജനനത്തോടെ അരക്ഷിതരാകുകയും പിന്നീട് ഭീകരവാദത്തിന്റെ നിഴലിലേക്ക് തള്ളപ്പെടുകയും ചെയ്ത മറ്റൊരു ജനത. ഇവ രണ്ടും സംഘര്‍ഷത്തിലേര്‍പ്പെടുന്നു. രണ്ടാമത് പറഞ്ഞ വിഭാഗത്തെ പുറത്താക്കി ഭൂമി സ്വന്തം ഗോത്രത്തിന്റേത് മാത്രമാക്കാന്‍ ആദ്യത്തവര്‍ ശ്രമിക്കുന്നു. അത്തരമൊരു സംഘര്‍ഷത്തിനൊടുവില്‍ ഉദയം കൊണ്ട കിംവദന്തിയുടെ പേരില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആദ്യം പറഞ്ഞ ജനതക്കും അവരുടെ അയല്‍പക്കങ്ങളില്‍ ജീവിക്കുന്ന വിഭാഗങ്ങള്‍ക്കും പലായനം ചെയ്യേണ്ടിവരുന്നു. അസമില്‍ ബോഡോകള്‍ക്ക് ഭൂരിപക്ഷമുള്ള പ്രദേശങ്ങളില്‍ നിന്ന് ന്യൂനപക്ഷമായ മുസ്ലിംകളെ പുറത്താക്കാന്‍ നടന്ന ആസൂത്രിതമായ ശ്രമവും അതിന് പിറകെയുണ്ടായ കൂട്ടപ്പലായനവും സൃഷ്ടിച്ചിരിക്കുന്ന സങ്കീര്‍ണത പുറമേക്ക് കാണുന്നതിലും അറിയുന്നതിലും ഏറെ വലുതാണ്.
അസമിലെ കൊക്രജാര്‍, ചിരാംഗ്, ധുബ്രി മേഖലകളില്‍ ദിവസങ്ങള്‍ നീണ്ട ഏറ്റുമുട്ടലുകള്‍ക്കിടെ കൊല്ലപ്പെട്ടത് എഴുപതിലധികം പേരാണെന്നാണ് ഔദ്യോഗിക കണക്കുകള്‍. കൂട്ടപ്പലായനത്തിനിടെ ട്രെയിനിലുണ്ടായ സംഘര്‍ഷത്തില്‍ ആറ് പേര്‍ മരിച്ചു. കൊക്രജാറിലും ചിരാംഗിലും ധുബ്രിയിലും കര്‍ഫ്യൂവോ നിരോധനാജ്ഞയോ തുടരുന്നുണ്ട്. അഭയാര്‍ഥി ക്യാമ്പുകളില്‍ കഴിയുന്ന ലക്ഷക്കണക്കിനാളുകള്‍ നേരിടുന്ന ദുരിതം വേറെ. ഇവര്‍ക്ക് എപ്പോള്‍ സ്വന്തം ഇടങ്ങളിലേക്ക് മടങ്ങാനാകുമെന്നതില്‍ വ്യക്തതയില്ല. മടങ്ങിയെത്തിയാല്‍ തന്നെ ഉപജീവനത്തിന് എന്തെങ്കിലും ബാക്കിയുണ്ടാകുമോ എന്നത് സംശയമാണ്. സ്വന്തം ഇടങ്ങളിലേക്ക് മടങ്ങുക എന്നത് മരീചിക മാത്രമായി തുടരുമോ എന്ന കടുത്ത ആശങ്ക ന്യൂനപക്ഷ വിഭാഗങ്ങളിലും നിലനില്‍ക്കുന്നു. ഇത്തരമൊരാശങ്ക അഭയാര്‍ഥികളായ ബോഡോകള്‍ക്കില്ല. സമകാലിക ചരിത്രവും അസമില്‍ വികസിച്ചുവന്ന രാഷ്ട്രീയ സാഹചര്യവുമാണ് അതിന്റെ കാരണം.
പ്രാദേശിക വാദം വേരുറച്ച മണ്ണാണ് അസമിന്റേത്. ഡല്‍ഹിയില്‍ കേന്ദ്രീകരിച്ച രാഷ്ട്രീയ – ഭരണ അധികാരം പലപ്പോഴും വടക്ക് – കിഴക്കന്‍ മേഖലയെ മറന്നുപോയി. ചിലപ്പോഴുണ്ടായ ഓര്‍മ, സൈന്യത്തിന് പ്രത്യേക അധികാരം നല്‍കുന്ന നിയമം (ആംഡ് ഫോഴ്സസ് സ്പെഷ്യല്‍ പവേഴ്സ് ആക്ട് – എ എഫ് എസ് പി എ) നടപ്പാക്കുന്നത് പോലുള്ള പ്രതികൂല തീരുമാനങ്ങള്‍ക്ക് വേണ്ടിയായിരുന്നു. സപ്ത സഹോദരിമാരെന്ന വിശേഷണമോ അഖണ്ഡത ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ ദൂരദര്‍ശന്റെ പ്രവര്‍ത്തനം വിപുലീകരിച്ചതോ ഈ മേഖലയിലെ ജനങ്ങളുടെ സാമൂഹിക, സാമ്പത്തിക പുരോഗതിക്ക് പ്രയോജനകരമായില്ല. അതുയര്‍ത്തിവിട്ട അതൃപ്തിയുടെ ഫലമായി വേണം വ്യാപകമായ ‘വിഘടന’ വാദങ്ങളെ കാണാന്‍. പ്രത്യേക രാജ്യം ആവശ്യപ്പെട്ട് ചില ഗ്രൂപ്പുകള്‍ രംഗത്തുവന്നപ്പോള്‍ പ്രത്യേക സംസ്ഥാനം ആവശ്യപ്പെട്ട് മറ്റ് ചില ഗ്രൂപ്പുകള്‍ രംഗത്തുവന്നു. അതില്‍ ചിലവ ആവശ്യം നേടിയെടുക്കുന്നതിന് ആയുധങ്ങളെ ആശ്രയിച്ചു. തീവ്രമായ വാദം ഉന്നയിച്ചിരുന്നവര്‍ സായുധ കലാപകാരികളായതോടെ അടിച്ചമര്‍ത്തലിന്റെ രീതി മാറി. മേഖലയിലെ ഹരിതധാരാളിത്തത്തില്‍ ചോരക്കറ പുരണ്ടു. സ്വതന്ത്ര രാജ്യമെന്ന ലക്ഷ്യത്തോടെ യുനൈറ്റഡ് ലിബറേഷന്‍ ഫ്രണ്ട് ഓഫ് അസമും (യു എല്‍ എഫ് എ), ബോഡോലാന്‍ഡ് സംസ്ഥാനത്തിന് വേണ്ടി ബോഡോ ഗ്രൂപ്പുകളും അസമിലുണ്ടായി. യഥാര്‍ഥ അസമീസ് ജനതയുടെ പ്രതിനിധിയെന്ന് അവകാശപ്പെട്ട് അസം ഗണ പരിഷത്തെന്ന മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടിയും.
ഈ സവിശേഷ സാഹചര്യത്തിലേക്കാണ് ബംഗ്ളാദേശില്‍ നിന്നുള്ള മുസ്ലിം കുടിയേറ്റക്കാരുടെ (ബാംഗ്ളാ കുടിയേറ്റക്കാരില്‍ വലിയ തോതില്‍ ഹിന്ദുക്കളുണ്ടെന്നത് ഓര്‍ക്കുക) എണ്ണത്തെക്കുറിച്ചും അവര്‍ ഇവിടെ നിന്ന് ‘കൊള്ള’യടിക്കുന്ന സമ്പത്തിനെക്കുറിച്ചും അതിശയോക്തിപരമായ കണക്കുകള്‍ എത്തുന്നത്, ബംഗ്ളാദേശിന്റെ രൂപവത്കരണ കാലത്തും ഉപജീവനമാര്‍ഗം തേടി പിന്നീടും അസമിലേക്കും പശ്ചിമ ബംഗാളിലേക്കും കുടിയേറ്റമുണ്ടായിട്ടുണ്ടെന്നത് വസ്തുത. പക്ഷേ, ഇവരുടെ എണ്ണമെത്ര എന്ന് നമ്മുടെ ഭരണ സംവിധാനത്തിന് വ്യക്തമായ കണക്കില്ല. സി പി ഐ നേതാവ് ഇന്ദ്രജിത് ഗുപ്ത ആഭ്യന്തര മന്ത്രിയായിരിക്കെ പാര്‍ലിമെന്റില്‍ നല്‍കിയ കണക്കനുസരിച്ച് 40 ലക്ഷം ബംഗ്ളാദേശികള്‍ ഇന്ത്യയിലുണ്ട്. എന്നാല്‍ എന്ത് കണക്കെടുപ്പിന്റെ അടിസ്ഥാനത്തിലാണ് ഈ കണക്ക് എന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയില്ല. ബംഗാളി സംസാരിക്കുന്ന മുസ്ലിംകളെല്ലാം അനധികൃത കുടിയേറ്റക്കാരാണെന്ന ചിത്രീകരണത്തിനാണ് ഇത്തരം കണക്കുകള്‍ ഇടം നല്‍കിയത്. പൌരത്വത്തെക്കുറിച്ച് പരാതികളുയരുന്ന ആളുകളെ ഉടന്‍, സംശയിക്കപ്പെടുന്ന വോട്ടര്‍ (ഡൌട്ട്ഫുള്‍ വോട്ടര്‍) എന്ന സ്ഥാനത്തേക്ക് മാറ്റി നിര്‍ത്തി തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുതിയതരം തിരിവുമുണ്ടാക്കി.
1980കളുടെ അവസാനത്തോടെയാണ് ബോഡോലാന്‍ഡ് പ്രസ്ഥാനങ്ങള്‍ സജീവമാകുന്നത്. ബോഡോ ഗോത്ര വിഭാഗങ്ങള്‍ക്ക് ഭൂരിപക്ഷമുള്ള പ്രദേശങ്ങള്‍ ചേര്‍ത്ത് (കൊക്രജാര്‍, ചിരാംഗ്, ധുബ്രി തുടങ്ങിയ മേഖലകള്‍) പുതിയ സംസ്ഥാനമെന്നായിരുന്നു ആവശ്യം. ബോഡോ പ്രസ്ഥാനത്തിലെ ചില ഗ്രൂപ്പുകള്‍ സായുധ കലാപകാരികളാകുകയും മേഖലയില്‍ നിന്ന് ന്യൂനപക്ഷ വിഭാഗങ്ങളെ നിഷ്കാസനം ചെയ്യുക എന്ന ആശയത്തിലേക്ക് എത്തുകയും ചെയ്തു. അതിന്റെ ആദ്യ പ്രതിഫനമായിരുന്നു 1993ലുണ്ടായ കലാപം. അന്നും നിരവധി പേര്‍ മരിച്ചു. ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട ആയിരങ്ങള്‍ തെരുവാധാരരായി മാറുകയും ചെയ്തു. ബോഡോ ഭൂരിപക്ഷ പ്രദേശങ്ങളില്‍ കുലപരമ്പരയായി ജീവിച്ചിരുന്നവരാണ് തെരുവിലേക്ക് വലിച്ചെറിയപ്പെട്ടത്. ഇവരെ പുനരധിവസിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചില്ല. മറിച്ച് ഹൈന്ദവ വിഭാഗങ്ങളെയും ബോഡോകളെയും പ്രീണിപ്പിക്കാനും അതുവഴി അധികാരം പിടിക്കാനും കോണ്‍ഗ്രസും ബി ജെ പിയും ശ്രമിച്ചു. അസം ഗണ പരിഷത്തിന്റെ വോട്ട് ബേങ്ക് നേരത്തെ തന്നെ ഈ വിഭാഗങ്ങളായിരുന്നു. 2006ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പി 11 സീറ്റ് നേടിയത് ഈ തന്ത്രത്തിന്റെ വിജയമായാണ് വ്യാഖ്യാനിക്കപ്പെട്ടത്. ഹൈന്ദവ വിഭാഗങ്ങളെയും ബോഡോകളെയും കൂടെ നിര്‍ത്തുകയും ബംഗ്ളാദേശി കുടിയേറ്റം വ്യാപകമെന്ന ആരോപണത്തെ തള്ളിക്കളഞ്ഞ് മുസ്ലിംകളെ കൈയിലെടുക്കുകയും ചെയ്ത കോണ്‍ഗ്രസാണ് അധികാരം നേടുന്നതില്‍ വിജയം കണ്ടത്. തരുണ്‍ ഗൊഗോയിയുടെ നേതൃത്വത്തില്‍ തുടര്‍ച്ചയായ മൂന്ന് വട്ടം കോണ്‍ഗ്രസ് ഭരണത്തിലെത്തിയതിന്റെ അടിസ്ഥാനം ഇതായിരുന്നു.
ന്യൂനപക്ഷത്തെ ഒപ്പം നിര്‍ത്താന്‍ സാധിച്ചുവെങ്കിലും അവരുടെ സവിശേഷ പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നതിന് കോണ്‍ഗ്രസ് സര്‍ക്കാര്‍ തയ്യാറായില്ല. 1993ല്‍ ബോഡോകള്‍ അടിച്ചിറക്കിയ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് അവരുടെ സ്വന്തം ഭൂമിയിലേക്ക് മടങ്ങാന്‍ സാധിച്ചില്ല. ബോഡോ സ്വയം ഭരണ കൌണ്‍സിലെന്ന ഒത്തുതീര്‍പ്പിലൂടെ ബോഡോലാന്‍ഡ് പ്രസ്ഥാനങ്ങളെ അടക്കിയിരുത്തിയെങ്കിലും ബോഡോകള്‍ ആഗ്രഹിച്ച വിധത്തിലുള്ള ഒരു മുന്നേറ്റത്തിന് അവസരം നല്‍കിയതുമില്ല. അസം യുനൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ടെന്ന പാര്‍ട്ടിയിലൂടെ ന്യൂനപക്ഷങ്ങള്‍ ഏകോപിപ്പിക്കപ്പെട്ടപ്പോള്‍ സ്വന്തം മണ്ണിന്‍മേലുള്ള അവകാശം സ്വയം സ്ഥാപിച്ചെടുക്കാന്‍, 1993ല്‍ കുടിയിറക്കപ്പെട്ടവര്‍ക്ക് ശക്തിയുണ്ടായി. ആ ശ്രമങ്ങള്‍ ഫലം കാണാന്‍ തുടങ്ങിയത് കൂടിയാണ് വംശ ശുദ്ധീകരണത്തിന്റെ പുതിയ അധ്യായത്തിന് തുടക്കമിട്ടത്. രാഷ്ട്രീയമായി സംഘടിച്ച ന്യൂനപക്ഷ ജനത ചെറുത്തുനില്‍ക്കാന്‍ ശ്രമിച്ചതോടെ കലാപമായി. ബോഡോകള്‍ക്കും വീടുവിട്ടോടേണ്ടിവന്നു. സ്വന്തം മണ്ണിലേക്ക് മടങ്ങിയെത്തിയവരെ കുടിയേറ്റക്കാരായി ചിത്രീകരിക്കാന്‍ ബോഡോകള്‍ ശ്രമിച്ചു. ബോധപൂര്‍വമോ അല്ലാതെയോ അവരെ മുഴുവന്‍ ബംഗ്ളാദേശി കുടിയേറ്റക്കാരായി ചിത്രീകരിച്ച് മാധ്യമങ്ങള്‍ മറ തീര്‍ത്തു. ബോഡോകള്‍ ആക്രമിക്കപ്പെട്ടിരുന്നില്ലായെങ്കില്‍ മാധ്യമങ്ങള്‍ ഈ സംഭവം ഇത്രത്തോളം റിപ്പോര്‍ട്ട് ചെയ്യുമായിരുന്നോ എന്നതില്‍ സംശയമുണ്ട്. മുന്‍കാലത്ത് ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടന്ന അതിക്രമങ്ങളൊന്നും മുഖ്യധാരാ മാധ്യമങ്ങളില്‍ ഇടം പിടിച്ചില്ല എന്നതിനാലാണ് ഈ സംശയം ഉയരുന്നത്. അക്രമങ്ങളെക്കുറിച്ച് ഔദ്യോഗികമായി നിരത്തുന്ന കണക്കുകളും മാധ്യമങ്ങളില്‍ വരുന്ന റിപ്പോര്‍ട്ടുകളും വസ്തുതയല്ലെന്ന് അഭയാര്‍ഥികളായ ന്യൂനപക്ഷങ്ങള്‍ രോഷാകുലരായതിന്റെ കാരണവും മറ്റൊന്നല്ല. അസമിലെ അക്രമങ്ങളില്‍ പ്രതിഷേധിക്കാന്‍ മുംബൈയില്‍ സംഘടിപ്പിച്ച റാലിക്കിടെ മാധ്യമങ്ങള്‍ക്കു നേര്‍ക്ക് അതിക്രമമുണ്ടായതിനും ഇത് കാരണമാകാം.
സങ്കീര്‍ണമാണ് നിലവിലുള്ള സാഹചര്യമെങ്കില്‍ ഉടലെടുക്കാനിരിക്കുന്നത് അതിസങ്കീര്‍ണമായ സാഹചര്യമാണെന്നാണ് ലഭ്യമാകുന്ന വിവരങ്ങളില്‍ നിന്ന് വായിച്ചെടുക്കേണ്ടത്. കലാപത്തെയും കിംവദന്തികള്‍ പ്രചരിച്ചതിനെത്തുടര്‍ന്നുണ്ടായ കൂട്ടപ്പലായനത്തെയും വര്‍ഗീയ ധ്രുവീകരണത്തിന് ഉപാധിയാക്കാന്‍ സംഘ്പരിവാര്‍ ശ്രമമാരംഭിച്ച് കഴിഞ്ഞു. ബംഗ്ളാദേശി കുടിയേറ്റമെന്ന വിഷയത്തില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുകയാണ് ബി ജെ പി. ബംഗ്ളാദേശില്‍ നിന്ന് അനധികൃതമായി കുടിയേറിയ മുസ്ലിംകളെ വോട്ട് ബേങ്കായി നിലനിര്‍ത്തുകയാണ് കോണ്‍ഗ്രസ് എന്ന് പ്രചരിപ്പിച്ച് ഹൈന്ദവ വിഭാഗങ്ങളുടെ പിന്തുണ തിരിച്ചെടുക്കുക എന്നതാണ് ഉദ്ദേശ്യം. “ഇപ്പോഴത്തെ പ്രശ്നങ്ങള്‍ (കലാപവും കൂട്ടപ്പലായനവും) രാജ്യത്തെ സ്വാഭാവിക പൌരന്‍മാരടങ്ങിയ പ്രാദേശിക സമൂഹവും അനധികൃത കുടിയേറ്റക്കാരായ ബംഗ്ളാദേശി മുസ്ലിംകളും തമ്മിലുള്ള സംഘര്‍ഷത്തിന്റെ ഫലമാണ്” എന്ന് പറയുന്ന സംഘ് നേതാവ് ദത്താത്രേയ ഹൊസബേല്‍, പലായനം ചെയ്യുന്ന വടക്ക് – കിഴക്കന്‍ ദേശക്കാര്‍ക്ക് സഹായവും സംരക്ഷണവും സുരക്ഷയും വാഗ്ദാനം ചെയ്യുകയും സൌകര്യങ്ങള്‍ ചെയ്തുകൊടുക്കാന്‍ പ്രദേശത്തെ സംഘ്, എ ബി വി പി യൂനിറ്റുകളോട് ആവശ്യപ്പെടുകയും ചെയ്യുമ്പോള്‍ ലക്ഷ്യം വ്യക്തമാണ്. പല മുഖങ്ങളുള്ള രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക ഘടകങ്ങള്‍ നിദാനമായ പ്രശ്നത്തെ ഒരൊറ്റ മൂലത്തില്‍ തറച്ച് ക്രിയക്കൊരുങ്ങുകയാണ് സംഘ് പരിവാര്‍. കലാപ ബാധിതരായ ബോഡോകളെ സ്വയം സേവകര്‍ സഹായിച്ചത് ഓര്‍മിപ്പിക്കുന്ന ദത്താത്രേയ, ബംഗ്ളാദേശി കുടിയേറ്റക്കാരെ കണ്ടെത്തി, ഒഴിവാക്കി (വോട്ടര്‍ പട്ടികയില്‍ നിന്ന്), പുറത്താക്കുക (രാജ്യത്തു നിന്ന്) എന്ന ആഹ്വാനം കൂടുതല്‍ ശക്തിയോടെ നടത്തുകയും ചെയ്യുന്നു. പുതിയ കാലത്തെ അധിനിവേശത്തെ ചെറുക്കാന്‍ അസം ജനതയും ബംഗാളി ഹിന്ദുക്കളും എല്ലാ ഗോത്ര വിഭാഗങ്ങളും യോജിക്കണമെന്ന് വി എച്ച് പി നേതാവ് പ്രവീണ്‍ തൊഗാഡിയ കൊക്രജാറില്‍ പറയുമ്പോള്‍ പ്രശ്നത്തിന് അസമിന് പുറത്തുള്ള സാധ്യതകള്‍ സംഘ് പരിവാര്‍ തിരിച്ചറിയുന്നുവെന്ന് മനസ്സിലാക്കണം.
സംഘ് പരിവാര്‍ നീക്കത്തെ പ്രതിരോധിക്കാതെ കോണ്‍ഗ്രസിനോ തരുണ്‍ ഗോഗോയിക്കോ സംസ്ഥാന രാഷ്ട്രീയത്തിലെ മേല്‍ക്കൈ നിലനിര്‍ത്താനാകില്ല. ‘ബംഗ്ളാദേശി കുടിയേറ്റക്കാരെ’യും സംശയിക്കപ്പെടുന്ന വോട്ടര്‍മാരെയും അകറ്റി നിര്‍ത്തുക എന്നതായിരിക്കും അവര്‍ സ്വീകരിക്കുന്ന മാര്‍ഗം. ബംഗ്ളാദേശി കുടിയേറ്റക്കാരാണ് ഇപ്പോഴത്തെ സംഘര്‍ഷത്തിന് പിറകിലെന്ന ആരോപണത്തെ പരസ്യമായി നിഷേധിക്കാന്‍ തരുണ്‍ ഗോഗോയി സര്‍ക്കാര്‍ തുടര്‍ന്നും തയ്യാറായേക്കാം. പക്ഷേ, യഥാര്‍ഥ കളി സ്ഥലത്ത് ഇതേ നിലപാട് കോണ്‍ഗ്രസ് ഇനി സ്വീകരിക്കാനുള്ള സാധ്യത കുറവാണ്. കലാപത്തിലുള്ള ബോഡോകളുടെ പങ്ക് അംഗീകരിക്കാന്‍ ഗോഗോയ് സര്‍ക്കാറിനോ കോണ്‍ഗ്രസിനോ സാധിക്കുകയുമില്ല. കാരണം, ബോഡോലാന്‍ഡ് പീപ്പിള്‍സ് ഫ്രണ്ടിന്റെ പിന്തുണയോടെയാണ് ഭരണം. കിംവദന്തികളില്‍ ചകിതരായി അസമുള്‍പ്പെടെയുള്ള വടക്ക് കിഴക്കന്‍ പ്രദേശങ്ങളിലെ ജനങ്ങള്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും മറ്റും കൂട്ടത്തോടെ തിരിച്ചെത്തിയത് ഭരണത്തിലിരിക്കുന്ന കോണ്‍ഗ്രസിന് പുതിയ തലവേദനയാണ്.
സ്വതേ പ്രതിരോധത്തില്‍ നിന്നിരുന്ന ന്യൂനപക്ഷ വിഭാഗങ്ങള്‍ പുതിയ സംഭവവികാസങ്ങളോടെ കൂടുതല്‍ ദുര്‍ബലരും തീര്‍ത്തും അരക്ഷിതരുമായിരിക്കുന്നു. നിലവിലുള്ള കച്ചിത്തുരുമ്പില്‍(എ യു ഡി എഫ് എന്ന രാഷ്ട്രീയ പാര്‍ട്ടി) പിടി കൂടുതല്‍ മുറുക്കുക എന്നതിലേക്ക് അവര്‍ നയിക്കപ്പെടുക സ്വാഭാവികം. അതും ധ്രുവീകരണ ശ്രമങ്ങള്‍ക്കുള്ള ആയുധമായി ഉപയോഗിക്കപ്പെടും. തൊലിപ്പുറത്തുള്ള ചികിത്സ കൊണ്ട് ഓളങ്ങള്‍ തത്കാലത്തേക്ക് അടങ്ങിയേക്കാം. പക്ഷേ, അടിയൊഴുക്ക് ശക്തമായി നിലനില്‍ക്കും. വലിയ തിരകളായി എപ്പോള്‍ വേണമെങ്കിലും പുറത്തുവരാവുന്ന വിധത്തില്‍. അതിനെ തടയണമെങ്കില്‍, അത്രത്തോളം രാഷ്ട്രതന്ത്രജ്ഞത പ്രകടിപ്പിക്കേണ്ടിയിരിക്കുന്നു. ഇതുവരെയുള്ള അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ ഏറെക്കുറെ അസാധ്യമെന്ന് കരുതാവുന്നത്ര വലിയ രാഷ്ട്രതന്ത്രജ്ഞത.

You must be logged in to post a comment Login