ആ സമാഗമം ചരിത്രപരമാകുന്നതിന് കാരണങ്ങളുണ്ട്

ആ സമാഗമം ചരിത്രപരമാകുന്നതിന് കാരണങ്ങളുണ്ട്

നയതന്ത്ര ചര്‍ച്ചകള്‍ക്ക് ശേഷം പുറത്തുവരുന്ന ഔദ്യോഗിക വാര്‍ത്താ കുറിപ്പുകളില്‍ പൊതുവേ കേള്‍ക്കുന്ന ചില പദപ്രയോഗങ്ങള്‍ ഉണ്ട്. ചരിത്രപരം, ഊഷ്മളം, നിര്‍ണായകം, ക്രിയാത്മകം, പുതിയ അധ്യായം തുടങ്ങിയ പദാവലികള്‍ കൊണ്ട് ഏത് ഏകപക്ഷീയമായ കൂടിക്കാഴ്ചയെയും അത്യന്തം സന്തുലിതവും സൃഷ്ടിപരവുമായി അവതരിപ്പിക്കാന്‍ സാധിക്കും. അതത് രാജ്യങ്ങളിലെ ആഭ്യന്തര ആവശ്യത്തിനാണ് ഇത്തരം പ്രയോഗങ്ങള്‍ പൊതുവേ ഉപയോഗിക്കാറുള്ളത്. നേതാവ് സ്വന്തം നാട്ടിലെ അനവധിയായ പ്രതിസന്ധികളെ മുഴുവന്‍ പിന്നിലാക്കിയാണ് വിദേശത്തേക്ക് വിമാനം കയറുന്നതെങ്കില്‍ ഇത്തരം അപദാന നിര്‍മിതികളില്‍ ഏര്‍പ്പെട്ട ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ജോലിയേറും. പലപ്പോഴും അന്തര്‍ദേശീയ കൂടിക്കാഴ്ചകള്‍ ആഭ്യന്തരമായ രാഷ്ട്രീയ സമ്മര്‍ദങ്ങള്‍ക്കുള്ള മറുമരുന്നായാണ് ഉപയോഗിക്കപ്പെടാറുള്ളത്. ഇവ ആഭ്യന്തരമായ ചോദ്യങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കുകയെന്ന ദൗത്യം നിര്‍വഹിക്കുന്നവയാകും. പ്രധാനമന്ത്രി നരേന്ദ്ര മോദി ഈയിടെ നടത്തിയ വിദേശയാത്രകളെ വിലയിരുത്തേണ്ടത് ഈ വീക്ഷണ കോണിലൂടെയാണ്.
നോട്ട് നിരോധനത്തിന്റെ കെടുതിയില്‍ വളര്‍ച്ചാ നിരക്ക് കുത്തനെ താഴുകയും കാര്‍ഷിക മേഖലയിലും വ്യവസായിക മേഖലയിലും ഒരു പോലെ നിരാശ പടരുകയും ചെയ്യുന്ന ഘട്ടത്തിലാണ് അദ്ദേഹം വിദേശത്തേക്ക് തിരിച്ചത്. സാമ്പത്തിക ഉദാരീകരണത്തിന്റെയും വര്‍ഗീയ ഫാഷിസത്തിന്റെയും പിടിയിലമര്‍ന്നിരിക്കുകയാണ് രാജ്യം. സാമ്പത്തിക പാപത്തിന്റെ മുഴുവന്‍ ഭാരവും പേറുകയും മൃദുവര്‍ഗീയതയില്‍ അഭിരമിക്കുകയും അവയുടെ ഉപോത്പന്നമായ അഴിമതിയില്‍ മുങ്ങിക്കുളിച്ച് അധികാരത്തില്‍ നിന്ന് പുറത്തുപോകുകയും ചെയ്ത ദുര്‍ബല പ്രതിപക്ഷമാണ് രാജ്യത്തുള്ളത്. പൗര സമൂഹത്തിന്റെ പ്രതിരോധമാകട്ടെ ഭ്രാന്തമായ ആള്‍ക്കൂട്ടത്തിന്റെ പ്രവചനാതീതമായ പ്രതികരണങ്ങളില്‍ അപ്രസക്തമാകുന്നു. അതുകൊണ്ട് സര്‍ജിക്കല്‍ സ്‌ട്രൈക്ക് ആയാലും നോട്ട് നിരോധമായാലും മാട്ടിറച്ചി വില്‍പ്പന നിരോധമായാലും ജനാധിപത്യ പരിശോധനകളെ ഭയക്കാതെ മുന്നോട്ടുപോകാന്‍ ഭരണാധികാരിക്ക് സാധിക്കുന്നു. ‘ജനാധിപത്യ സ്വേച്ഛാധിപത്യ’മെന്ന പുതിയ ജനുസ്സാണ് ഇന്ത്യയില്‍ ഉദയം ചെയ്തിരിക്കുന്നത്.
യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും തമ്മിലുള്ള മോഡിയുടെ കൂടിക്കാഴ്ച സമാനതകളുടെ ആഘോഷമായി മാറുന്നത് അതുകൊണ്ടാണ്. രാജ്യത്തിന്റെ പൈതൃകം, കീഴ്‌വഴക്കം, മൂല്യവിചാരം തുടങ്ങിയ ഭാരങ്ങളേതുമില്ലാതെ സൗഹൃദം പങ്കുവെക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നു. ഈ നേതാക്കള്‍ മൂവരും തീവ്രദേശീയതയുടെ ആള്‍രൂപങ്ങളാണ്. യുദ്ധോത്സുകതയിലും ആണവ വ്യാപനത്തിലും ഇവര്‍ ഒരേ തൂവല്‍ വിടര്‍ത്തുന്നു. മുസ്‌ലിംകള്‍, കുടിയേറ്റക്കാര്‍, കറുത്തവര്‍, ദളിതര്‍, അറബികള്‍ തുടങ്ങിയവരോട് തങ്ങളുടെ രാജ്യാതിര്‍ത്തിക്കകത്തും പുറത്തും ഇവരുടെ ഭരണകൂടങ്ങള്‍ കൈകൊള്ളുന്ന സമീപനത്തിലും കാണാം അത്ഭുതകരമായ സമാനത. ആരോടും ഹൃദയപൂര്‍വം പെരുമാറാത്ത ട്രംപ് ഭരണത്തിലേറിയ ശേഷം വൈറ്റ്ഹൗസിലെത്തുന്ന ആദ്യത്തെ വിദേശ ഭരണത്തലവനായി മോഡി മാറുന്നു. അദ്ദേഹത്തെ സ്വീകരിക്കാന്‍ എല്ലാ പ്രോട്ടോകോളുകളും കാറ്റില്‍ പറത്തുന്നു. ‘നെതന്യാഹു- മോദി ലൗ ഫെസ്റ്റ്’ എന്നാണ് ആഗോള മാധ്യമങ്ങള്‍ ഇസ്രയേല്‍ പര്യടനത്തെ വിശേഷിപ്പിച്ചത്. പ്രിയപ്പെട്ട സുഹൃത്തേ വന്നാലും എന്ന് നെതന്യാഹു ഹിന്ദിയില്‍ സ്വാഗതം ചെയ്തു. ഹീബ്രുവില്‍ മോദി പ്രതിവചിച്ചു. പുഞ്ചിരികള്‍, പൊട്ടിച്ചിരികള്‍, ഹസ്തദാനങ്ങള്‍, ചേര്‍ന്ന് നടപ്പുകള്‍ തുടങ്ങിയവയുടെ എണ്ണം നിരത്തി ആഘോഷിക്കപ്പെട്ടു. ഏഴ് പ്രാവശ്യം ഇവര്‍ കെട്ടിപ്പിടിച്ചുവെന്നാണ് കണക്ക്. വന്നിറങ്ങുമ്പോഴും പോകുമ്പോഴും നെതന്യാഹു വിമാനത്താവളത്തിലെത്തി. കടല്‍ക്കരയില്‍ നേതാക്കള്‍ ഉലാത്തുന്ന ചിത്രവും നിറഞ്ഞു. ഓരോ ചിത്രത്തിലും സൗഹൃദത്തിന്റെ രസതന്ത്രം തുളുമ്പി.

ഇത്രമാത്രം മണ്ണൊരുക്കല്‍ നടന്ന നയതന്ത്ര കൂടിക്കാഴ്ച സമീപകാല ചരിത്രത്തില്‍ ഉണ്ടായിട്ടില്ല. മാസങ്ങള്‍ക്ക് മുമ്പ് തന്നെ പ്രചാരണം തുടങ്ങി. ഇന്ത്യയിലെയും ഇസ്രയേലിലെയും തത്പര മാധ്യമങ്ങള്‍ അഭൂതപൂര്‍വമായ ആവേശ ഭ്രാന്താണ് സൃഷ്ടിച്ചത്. ലോകത്തെ ഏറ്റവും ജനകീയനായ പ്രധാനമന്ത്രി വരുന്നുവെന്നാണ് ഇസ്രയേല്‍ പത്രങ്ങള്‍ മാസങ്ങള്‍ക്ക് മുമ്പ് തന്നെ സ്ലഗ് വെച്ച് വാര്‍ത്തകള്‍ നല്‍കിയത്. അത് മാത്രമല്ല, നയതന്ത്ര രംഗത്ത് ഇന്ത്യ എടുത്ത സമീപനങ്ങള്‍ മുഴുവന്‍ ഈ സന്ദര്‍ശനത്തെ മുന്നില്‍ കാണുന്ന തരത്തിലായിരുന്നു. ട്രംപിനെ കണ്ടിട്ടായിരിക്കണം മോഡി- ടെല്‍ അവീവില്‍ എത്തേണ്ടതെന്നും നിശ്ചയിക്കപ്പെട്ടിരുന്നു. 2014ലെ ഗസ്സ കൂട്ടക്കുരുതിയില്‍ ഇസ്രയേലിന് മേല്‍ യുദ്ധക്കുറ്റം ചുമത്തുന്ന പ്രമേയം യു എന്‍ മനുഷ്യാവകാശ സമിതിയില്‍ വോട്ടിനിട്ടപ്പോള്‍ ഇന്ത്യ വിട്ടു നിന്നു. റാഡിക്കല്‍ ഇസ്‌ലാമിക് ടെററിസം എന്ന പദപ്രയോഗം ഈയിടെ അരങ്ങേറിയ നയതന്ത്ര ചര്‍ച്ചകളിലെല്ലാം ഇസ്രയേലും ഇന്ത്യയും യു എസും പ്രയോഗിച്ചു കൊണ്ടിരുന്നു. പതിവിന് വിപരീതമായി പാകിസ്ഥാനെതിരെ ഇസ്രയേലും ഇറാനെതിരെ ഇന്ത്യയും വാക്ശരങ്ങള്‍ എയ്തു. ഇങ്ങനെ കൃത്യമായി സജ്ജീരിക്കപ്പെട്ട രംഗത്തേക്കാണ് മോഡിയും നെതന്യാഹുവും ചിരിച്ചുകൊണ്ട് പ്രവേശിച്ചത്.

‘ചരിത്രപര’മെന്ന് സമാഗമത്തെ വിശേഷിപ്പിക്കാന്‍ നിരവധി കാരണങ്ങള്‍ ഉണ്ട്. ഇസ്രയേല്‍ സന്ദര്‍ശിക്കുന്ന ആദ്യത്തെ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. അത് ഒന്നാം ചരിത്രം. ഇതിനു മുമ്പ് 2000ത്തില്‍ എല്‍ കെ അഡ്വാനിയും 2008ല്‍ എ പി ജെ അബ്ദുല്‍ കലാമും 2014ല്‍ രാജ്‌നാഥ് സിംഗും 2015ല്‍ പ്രണബ് മുഖര്‍ജിയും 2016ല്‍ സുഷമാ സ്വരാജും ഇസ്രയേലിലെത്തി. ഇവരില്‍ മിക്കവരും ജറൂസലമിലും ടെല്‍ അവീവിലും പോയപ്പോള്‍ തന്നെ ഫലസ്തീന്‍ അതോറിറ്റി ആസ്ഥാനമായ റാമല്ലയിലും ചെന്നിരുന്നു. ഭരണകര്‍ത്താക്കള്‍ മാറുമ്പോഴും മാറാതെ നില്‍ക്കേണ്ട രാജ്യത്തിന്റെ നിലപാടുകളെയാണ് ഈ റാമല്ലാ സന്ദര്‍ശനങ്ങള്‍ പ്രതീകവത്കരിക്കുന്നത്. വലിയ മാധ്യമ പരിലാളനയൊന്നും ലഭിക്കില്ലെങ്കിലും ഫലസ്തീന്‍ അതോറിറ്റി പ്രസിഡന്റ് മഹ്മൂദ് അബ്ബാസുമായുള്ള ഈ നേതാക്കളുടെ കൂടിക്കാഴ്ചകള്‍ ഇന്ത്യയുടെ ചേരി ചേരായ്മയെയും ചരിത്രപരമായ ദൗത്യത്തെയും ഉയര്‍ത്തിപ്പിടിക്കുന്നു. ആ ദൗത്യത്തെ അപ്പടി തള്ളിക്കളയാന്‍ വാജ്‌പെയിക്കോ 1992ല്‍ ഇസ്രയേലുമായി സമ്പൂര്‍ണ നയതന്ത്ര ബന്ധം പ്രഖ്യാപിച്ച നരസിംഹറാവുവിനോ മനസ്സുറപ്പ് വന്നില്ല. എന്നാല്‍ സമ്പൂര്‍ണ നിരാസം മോദിയിലൂടെ നിവര്‍ത്തിക്കപ്പെട്ടു. അപ്പോള്‍ അതാണ് യഥാര്‍ഥ ചരിത്രം. മോഡി ഇസ്രയേലില്‍ പോയതല്ല, ഫലസ്തീനില്‍ പോയില്ല എന്നതാണ് ചര്‍ച്ചക്കെടുക്കേണ്ടത്.

അധിനിവേശത്തിന്റെ കെടുതികള്‍ അനുഭവിച്ച നവ സ്വതന്ത്ര രാഷ്ട്രങ്ങള്‍ അവയുടെ വിദേശ നയത്തില്‍ കൃത്യമായ ഒരു നിലപാടുതറ സൃഷ്ടിച്ചിരുന്നു. അധിനിവേശം ആരൊക്കെ അനുഭവിക്കുന്നുവോ അവരോടൊപ്പം എക്കാലവും അടിയുറച്ച് നില്‍ക്കുക എന്നതായിരുന്നു ആ നയം. ഗ്ലോബല്‍ സൗത്ത് എന്ന് പിന്നീട് വിശേപ്പിക്കപ്പെട്ട ചേരി ചേരാ കൂട്ടായ്മയുടെ അന്തസ്സത്ത ഈ നിലപാടായിരുന്നു. അതുകൊണ്ടാണ് ഒരു രാഷ്ട്രമെന്ന നിലയില്‍ ഇസ്‌റയേലിനെ അംഗീകരിക്കുമ്പോഴും അതിന്റെ പിടിച്ചടക്കല്‍ നയത്തെ ഇന്ത്യ കൃത്യമായി തുറന്നുകാണിച്ചത്. ഫലസ്തീന്റെ മണ്ണ് കവര്‍ന്നെടുക്കുന്ന അതിര്‍ത്തി വ്യാപന നയത്തെ ഇന്ത്യ യു എന്നില്‍ ശക്തമായി എതിര്‍ത്തു. കിഴക്കന്‍ ജറൂസലം തലസ്ഥാനമായി ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കുകയെന്നത് ലോകത്തിന്റെ ഉത്തരവാദിത്വമാണെന്ന് ഇന്ത്യ എക്കാലവും നിലപാടെടുത്തു. 1967ല്‍ ഗസ്സയും വെസ്റ്റ്ബാങ്കും ഇസ്രയേല്‍ പിടിച്ചടക്കിയപ്പോള്‍ ഇന്ത്യന്‍ മുന്‍കൈയിലാണ് യു എന്നില്‍ പ്രമേയം കൊണ്ടുവന്നത്. ഫലസ്തീന്‍ ജനതയുടെ ഔദ്യോഗിക പ്രതിനിധിയായി പി എല്‍ ഒയെ അംഗീകരിച്ച ആദ്യ അറബേതര രാജ്യമായിരുന്നു ഇന്ത്യ- 1974ല്‍. ഫലസ്തീന്റെ രാഷ്ട്ര പദവി ആദ്യമായി അംഗീകരിച്ച രാഷ്ട്രങ്ങളിലൊന്നുമാണ് ഇന്ത്യ- 1988ല്‍. പോരാട്ടത്തിന്റെ മഹത്തായ പ്രചോദനമായാണ് യാസര്‍ അറഫാത്തിനെ ഇന്ത്യന്‍ ജനത കണ്ടത്. നൈരന്തര്യമുള്ള ഈ നിലപാടിനെയാണ് നെഹ്‌റു- ഗാന്ധി പ്രേതമെന്ന് ഇസ്രയേല്‍ പത്രങ്ങള്‍ ഇപ്പോള്‍ അധിക്ഷേപിക്കുന്നത്. പടിഞ്ഞാറന്‍ ഏഷ്യയില്‍ ഇന്ത്യ പില്‍ക്കാലത്ത് കൈകൊണ്ട എല്ലാ നയതന്ത്ര തീരുമാനങ്ങളുടെയും അന്തര്‍ധാരയായി ഫലസ്തീന്‍ ഉണ്ടായിരുന്നു. ആഗോളവത്കരണത്തിന്റെ പാനപാത്രം മോന്താന്‍ തീരുമാനിച്ച് അമേരിക്കന്‍ പക്ഷത്തേക്ക് ചായുകയും ഐ എം എഫിന്റെ കാരുണ്യത്തിനായി കൈനീട്ടി നില്‍ക്കുകയും ചെയ്ത മന്‍മോഹന്‍- റാവു യുഗത്തിലും ഫലസ്തീന് വേണ്ടിയുള്ള കരുതല്‍ പുറമേക്കെങ്കിലും ഇന്ത്യ പുലര്‍ത്തിയിരുന്നു. അന്ന് കോര്‍പറേറ്റ് മൂലധനത്തിനായി ദാഹിച്ചുനടന്നപ്പോള്‍ തികച്ചും സാമ്പത്തിക കാരണങ്ങള്‍ കൊണ്ടാണ് അമേരിക്കന്‍ സമ്മര്‍ദത്തില്‍ ഇസ്‌റയേലുമായി സമ്പൂര്‍ണ നയതന്ത്ര ബന്ധം സ്ഥാപിച്ചത്. ഇവിടെ മോഡി ഈ ചരിത്രത്തെയാകെ കടലിലെറിയുന്നു. എന്നിട്ട് 22 ഇന സംയുക്ത പ്രസ്താവനയുടെ ഇരുപതാം ഇനമായി ഇങ്ങനെ എഴുതിച്ചേര്‍ക്കുന്നു: ‘മേഖലയില്‍ ദീര്‍ഘകാലം നിലനില്‍ക്കുന്നതും നീതിപൂര്‍വവുമായ സമാധാനം കൈവരിക്കണം’. ഫലസ്തീന്‍ എന്ന പദം എവിടെയുമില്ല. ദ്വിരാഷ്ട്ര പരിഹാരവുമില്ല. സമാധാനത്തിന് വിഘാതമായ ശല്യമായി ഫലസ്തീനെ കാണുന്ന ഇസ്രയേല്‍ ദുഷ്ടലാക്കിന് ഇന്ത്യ തുല്യം ചാര്‍ത്തിയെന്ന് ചുരുക്കം.

മോഡിയുടെ വ്യതിചലനം ചരിത്രത്തിലെ ഏറ്റവും അപകടകരമായ ദശാസന്ധിയാകുന്നതിന് മറ്റൊരു കാരണം കൂടിയുണ്ട്. അത് മോഡി ആരാധകര്‍ നടത്തുന്ന ന്യായീകരണമാണ്. ഇസ്രയേലില്‍ പോകും മുമ്പ് ഇന്ത്യയില്‍ വെച്ച് ഫലസ്തീന്‍ അതോറിറ്റി പ്രസിഡന്റ് മഹ്മൂദ് അബ്ബാസിനെ കണ്ടില്ലേ എന്നാണ് ചോദ്യം. എന്നുവെച്ചാല്‍ ഫലസ്തീന്‍ വിഷയത്തെ ഇസ്രയേലില്‍ നിന്ന് വേര്‍തിരിക്കുന്നുവെന്ന് തന്നെ. വസ്തുതകളെ കീഴ്‌മേല്‍ മറിച്ചു കൊണ്ടു മാത്രമേ ഈ വേര്‍പെടല്‍ സാധ്യമാകുകയുള്ളൂ. 1897ല്‍ സ്വിറ്റ്‌സര്‍ലാന്‍ഡിലെ ബേസിലില്‍ ചേര്‍ന്ന ആദ്യ ലോക ജൂത സമ്മേളനം ജൂതരാഷ്ട്രത്തിനായി ആഹ്വാനം ചെയ്യുമ്പോള്‍ അത് എവിടെ സ്ഥാപിക്കും എന്ന ചോദ്യത്തിന് ഉത്തരമുണ്ടായിരുന്നില്ല. ജൂതര്‍ക്ക് അധിവസിക്കാനായി ശൂന്യമായ ഒരു ‘വാഗ്ദത്ത ഭൂമി’ ലോകത്തൊരിടത്തും ഇല്ലെന്നറിഞ്ഞിട്ടും അങ്ങനെയൊന്നുണ്ടെന്ന മിഥ്യ അവര്‍ ആവര്‍ത്തിച്ചുകൊണ്ടിരുന്നു. ഉഗാണ്ട തരാമെന്ന് ബ്രിട്ടന്‍ പറഞ്ഞത് ആ ഘട്ടത്തിലാണ്. ഉഗാണ്ട സ്വീകാര്യമല്ലെന്ന് ജൂത സംഘടന വ്യക്തമാക്കിയതോടെയാണ് ജറൂസലം കേന്ദ്രീകരിച്ച് ജൂതര്‍ അധിവസിക്കുന്ന പ്രദേശത്ത് രാഷ്ട്രം സ്ഥാപിക്കാമെന്ന നിര്‍ദേശം വരുന്നത്. അറബ് ഭൂരിപക്ഷമായ ഈ മേഖലയില്‍ അവിടുത്തെ പരമ്പരാഗത നിവാസികളായ ജൂതര്‍ക്ക് ഒരു പ്രശ്‌നവുമുണ്ടായിരുന്നില്ല. ജൂത സമ്മേളനത്തെ ചുറ്റിപ്പറ്റി ഉയര്‍ന്നു വന്ന ചര്‍ച്ചകളോട് അന്നത്തെ ഫലസ്തീന്‍ ജനത അത്യന്തം നിസ്സംഗത പുലര്‍ത്തിയെന്നതാണ് സത്യം. അവര്‍ ഒരു പ്രതിരോധത്തിനും പോയില്ല. 1914-18ല്‍ ബ്രിട്ടീഷ് നയന്ത്രജ്ഞന്‍ എ ബി ബാല്‍ഫര്‍ ജൂതരാഷ്ട്ര സംസ്ഥാപനത്തെ ബ്രിട്ടീഷ് രാജ്ഞിയുടെ കടമയായി പ്രഖ്യാപിക്കുന്നത് ഈ ഘട്ടത്തിലാണ്. ഇതാണ് കുപ്രസിദ്ധമായ ബാല്‍ഫര്‍ ഡിക്ലറേഷന്‍. അപ്പോഴേക്കും ഭൗമരാഷ്ട്രീയത്തില്‍ അനിഷേധ്യ ശക്തിയായി മാറിക്കഴിഞ്ഞ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ പിന്തുണയോടെ 1948 മെയ് 15ന് ഇസ്രയേയേല്‍ നിലവില്‍ വന്നു. ഇതിനിടക്ക് സ്വന്തം കൃഷിയിടത്തില്‍ നിന്ന് അറബ് വംശജരെ ആട്ടിയോടിക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ ശക്തമായി ചെറുത്തുനില്‍പ്പുകള്‍ അരങ്ങേറിയിരുന്നു. കൊന്നു തള്ളിയാണ് ഈ ചെറുത്തുനില്‍പ്പുകളെ ബ്രിട്ടീഷ് സാമ്രാജ്യത്വം അപ്രസക്തമാക്കിയത്. ഇസ്രയേയല്‍ നിലവില്‍ വന്ന ശേഷം അമേരിക്കയും ബ്രിട്ടനും ജര്‍മനി പോലും ജൂതസംരക്ഷണത്തിനായി ആയുധവും അര്‍ഥവും ഒഴുക്കി. പിന്നെ എത്രയെത്ര കൂട്ടക്കൊലകള്‍. ഓരോ കൂട്ടക്കൊലയും ഇസ്രയേലിന്റെ നിലനില്‍പിനായുള്ള അനിവാര്യതയായി ചിത്രീകരിക്കപ്പെട്ടു. 1967ലെ ആറ് ദിവസ ആക്രമണത്തില്‍ ഫലസ്തീന്‍ മണ്ണ് പിന്നെയും കവര്‍ന്നു ഇസ്രയേല്‍. ഗസ്സ മുനമ്പ്, സിനായി പര്‍വത മേഖല, വെസ്റ്റ്ബാങ്ക്, ജൂലാന്‍ കുന്നുകള്‍ തുടങ്ങിയവ ഏറെക്കുറെ പൂര്‍ണമായി ഇസ്രയേല്‍ അധീനതയിലാക്കി. 1993ലെ ഓസ്‌ലോ കരാര്‍ ഇതില്‍ ഒരു ഭാഗം തിരിച്ച് കിട്ടുന്നതിന് വഴിയൊരക്കി. അങ്ങനെയാണ് ഗസ്സയുടെ സ്വയംഭരണാവകാശം തിരികെ ലഭിക്കുന്നത്. ഈ അധിനിവേശ ചിത്രത്തില്‍ നിന്ന് എങ്ങനെയാണ് ഇസ്രയേലിനെ വേര്‍പെടുത്താനാകുക? അവര്‍ ഇപ്പോഴും ജൂത കുടിയേറ്റ ഭവന സമുച്ചയങ്ങള്‍ പണിത് ഫലസ്തീന്‍ മണ്ണ് കവര്‍ന്നു കൊണ്ടേയിരിക്കുകയാണ്.
‘ഈ ബന്ധം സ്വര്‍ഗത്തില്‍ നിന്ന് എഴുതപ്പെട്ട’താണ് എന്നൊരു പ്രയോഗം കുടിപാര്‍പ്പിന്റെ രണ്ടാം ദിനത്തില്‍ നെതന്യാഹു നടത്തുന്നുണ്ട്. സ്വര്‍ഗം ഒരു നയതന്ത്ര പദമല്ല. അത് വ്യാപാരം, വാണിജ്യം, വ്യവസായം, സാങ്കേതികവിദ്യ തുടങ്ങിയ പതിവ് ഉഭയകക്ഷി ഇടപാടിലും വരുന്ന കാര്യമല്ല. സ്വര്‍ഗം വിശ്വാസവുമായി അഥവാ മതവുമായി ബന്ധപ്പെട്ട ഒന്നാകുന്നു. സംഘ്പരിവാര്‍ ഇന്ത്യയിലും സയണിസ്റ്റുകള്‍ ലോകമാകെയും പടര്‍ത്താന്‍ ശ്രമിക്കുന്ന ഒരു ആശയത്തിന്റെ പ്രതിഫലനമാണ് ഈ പ്രയോഗം. ഹിന്ദുക്കള്‍ക്ക് ഒറ്റ നാടേ ഉള്ളൂ. അത് ഇന്ത്യയാണ്. ആ നാട് പാകിസ്ഥാന്‍ എന്ന മുസ്‌ലിം രാഷ്ട്രത്തില്‍ നിന്നുള്ള ഭീഷണി നിരന്തരം നേരിടുകയാണ്. തീവ്രവാദത്തിന്റെ അച്ചുതണ്ടായ പാകിസ്ഥാന് വലിയ ബന്ധുബലം ഉള്ളതിനാലും അവര്‍ ഉത്തരവാദിത്വമില്ലാത്ത ആണവ ശക്തിയായതിനാലും ഇന്ത്യ മുള്‍മുനയിലാണ് നില്‍ക്കുന്നത്. അഥവാ ഇന്ത്യ ഒരു ഇര രാഷ്ട്രമാണ്. ഈ രാജ്യത്തെ ഹിന്ദുത്വവത്കരിക്കുക മാത്രമാണ് പോംവഴിയെന്നും മുസ്‌ലിംകളെ ആട്ടിയോടിക്കണമെന്നും സംഘ്പരിവാര്‍ പറയുന്നു. ഇത് തന്നെയാണ് സയണിസ്റ്റുകളുടെയും വാദം. ജൂതന്‍മാര്‍ക്ക് ഒറ്റ നാടേ ഉള്ളൂ. ലോകത്തെ മിക്ക രാജ്യങ്ങളും പരിലാളിക്കുന്ന ഫലസ്തീന്‍ തങ്ങളുടെ സമാധാനപരമായ നിലനില്‍പിന് ഭീഷണിയാണ്. ഹമാസിനെ ചൂണ്ടി ഈ നുണ ആവര്‍ത്തിക്കുന്നു സയണിസം. സൂസന്‍ നഥാനെപ്പോലുള്ള എഴുത്തുകാര്‍ ഇസ്രയേലിലെ അറബ് ന്യൂനപക്ഷം അനുഭവിക്കുന്ന അന്യവത്കരണത്തെയും ആട്ടിയോടിക്കലിനെയും വരച്ചുകാണിച്ചിട്ടുണ്ട്. ‘സ്വര്‍ഗ’ത്തില്‍ നിന്നുളള വെളിപാടുകള്‍ മോദിയും നെതന്യാഹുവും കൈയേല്‍ക്കുമ്പോള്‍ എന്താണ് സംഭവിക്കാന്‍ പോകുന്നതെന്നും സംഭവിച്ചുകൊണ്ടിരിക്കുന്നതെന്നും വ്യക്തമാകാന്‍ വലിയ ഗവേഷണത്തിന്റെ ആവശ്യമൊന്നുമില്ല.

ജലവിഭവം, കൃഷി, ബഹിരാകാശ ഗവേഷണം തുടങ്ങിയ മേഖലകളില്‍ വന്‍ നിക്ഷേപത്തിന് കളമൊരുക്കുന്ന ഏഴ് കരാറുകള്‍ ഈ സന്ദര്‍ശനത്തില്‍ പിറന്നുവെന്ന് എംബെഡഡ് വാര്‍ത്തകളില്‍ കാണുന്നുണ്ട്. എന്നാല്‍ കൃത്യം കണക്കോടെ വന്നത് സംയുക്ത ഗവേഷണത്തിനായി 40 മില്യണ്‍ ഡോളറിന്റെ ഫണ്ട് ഉണ്ടാക്കുമെന്നത് മാത്രമാണ്. 84 ലക്ഷം മാത്രം ജനസംഖ്യയുള്ള, അമേരിക്കന്‍ ബാന്ധവത്തിന്റെ ആത്മവിശ്വാസത്തില്‍ വന്‍കിട സാങ്കേതിക പുരോഗതി കൈവരിച്ച ഇസ്രയേലിന് 130 കോടി ജനങ്ങളുള്ള ഇന്ത്യ വിശാലമായ വിപണിയാണ്. ഇസ്രയേലിന് ഹിതകരമല്ലാത്ത ഒരു കരാറും ഒപ്പുവെച്ചിട്ടില്ല. ഈ വശംചരിവിനെ ന്യായീകരിക്കാന്‍ വേണ്ടിയാണ് സംയുക്ത പ്രസ്താവനയില്‍ ‘ഉഭയകക്ഷി അവസരങ്ങളിലല്ല, ഭീകരവാദത്തിനെതിരായ സഹകരണത്തിലാണ് ചര്‍ച്ച ഊന്നിയതെ’ന്ന് മോദിയും നെതന്യാഹുവും പറയുന്നത്. ‘ഇസ്‌ലാമിക് ഭീകരത’യുടെ പേരില്‍ നടക്കുന്നത് ഉഗ്രന്‍ ആയുധക്കച്ചവടമാണ്. 8,000 ആന്റി ടാങ്ക് മിസൈലുകള്‍ വാങ്ങും. ബാരക് എട്ട് എയര്‍ ഡിഫന്‍സ് സിസ്റ്റം വാങ്ങാനുള്ള രണ്ട് ബില്യണ്‍ ഡോളറിന്റെ കഴിഞ്ഞ വര്‍ഷത്തെ കരാറിന് പുറമെയാണിത്. ബാരക് എട്ട് സിസ്റ്റം നാല് നേവി കപ്പലുകളില്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ 630 മില്യണിന്റെ എം ഒ യു വേറെയുമുണ്ട്. തന്ത്രപര പങ്കാളിയെന്ന് പറയുന്നത് ഇതാണ്. ആയുധങ്ങള്‍ ഒഴുകും. പണം തിരിച്ചും. ഈ ആയുധങ്ങള്‍ സമാധാനമല്ല, യുദ്ധോത്സുകതയാണ് തൊടുത്തുവിടുന്നത്. യു എസായാലും ഇസ്‌റയേലായാലും ഇന്ത്യയെ പുതിയ ശത്രുതകളിലേക്ക് വലിച്ചു കൊണ്ടുപോകുകയാണ് ചെയ്യുന്നത്. 1992ല്‍ ഇന്ത്യ- ഇസ്രയേല്‍ വ്യാപാര മൂല്യം 200 മില്യണ്‍ ഡോളര്‍ മാത്രമായിരുന്നു. കഴിഞ്ഞ വര്‍ഷത്തിലെത്തുമ്പോള്‍ അത് 4.2 ബില്യണ്‍ ഡോളറായി കുതിച്ചുയര്‍ന്നിട്ടുണ്ട്. എന്നിട്ടും അത് ഇറാനുമായുള്ള വ്യാപാരത്തിന്റെ നാലിലൊന്ന് മാത്രമേ വരൂ. ആയുധങ്ങള്‍പ്പുറത്തേക്ക് ടെല്‍ അവീവ്- ഡല്‍ഹി സൗഹൃദം വളര്‍ന്നിട്ടില്ലെന്നര്‍ഥം.
അറബ് രാജ്യങ്ങളുമായി പ്രയോജനാധിഷ്ഠിത നയതന്ത്ര ബന്ധം ശക്തമാക്കണമെന്ന് ഇസ്രയേലിന് താത്പര്യമുണ്ട്. അതിന് രണ്ട് കരുക്കളാണ് അവര്‍ മുന്നോട്ടുനീക്കുന്നത്. ഒന്ന് ഫലസ്തീന്‍ തന്നെയാണ്. ഇപ്പോള്‍ കൈക്കലാക്കിയതൊന്നും വിട്ട് കൊടുക്കാതെ പരിമിതമായ അതിര്‍ത്തിയില്‍ ഫലസ്തീന്‍ സാധ്യമാക്കാന്‍ സഹകരിക്കാമെന്നും പകരമായി സാധാരണ ബന്ധത്തിന് അറബ് രാജ്യങ്ങള്‍ സന്നദ്ധമാകണമെന്നും ഇസ്‌റയേല്‍ പറയുന്നു. സഊദിയടക്കമുള്ള അറബ് പ്രമുഖര്‍ക്ക് ഇറാനോടുള്ള ശത്രുത മുതലാക്കാമെന്നതാണ് രണ്ടാമത്തെ തുരുപ്പ് ചീട്ട്. ഈ രണ്ടുകളിയിലും ഇന്ത്യ നല്ലൊരു ഇടനിലക്കാരനായിരിക്കുമെന്ന് ഇസ്രയേല്‍ കണക്ക് കൂട്ടുന്നു. എന്നാല്‍ കളിയില്‍ നഷ്ടം ഇന്ത്യക്ക് മാത്രമായിരിക്കും. കാരണം ഇറാനും അറബ് രാജ്യങ്ങളും ഇന്ത്യയെ സംബന്ധിച്ച് ഒരു പോലെ പ്രധാനമാണ്.

എവിടെ ചെന്ന് തറക്കണമെന്ന് കൃത്യമായി നിശ്ചയിച്ചുറപ്പിച്ച് നടത്തുന്ന ഭീകരതാവിരുദ്ധ പ്രസംഗങ്ങളും ഹിന്ദുത്വ- സയണിസ്റ്റ് പ്രത്യയ ശാസ്ത്ര പൊരുത്തവും കുറേ അപദാനങ്ങളുമാണ് ഇസ്രയേലില്‍ മോഡി ചെലവഴിച്ച ദിനങ്ങള്‍ അവശേഷിപ്പിക്കുന്നത്. രാഷ്ട്രീയ ഇച്ഛാശക്തിയെന്നത് ഭരിക്കുന്നവരുടെ കുടുസ്സ് ബോധ്യങ്ങള്‍ അടിച്ചേല്‍പ്പിക്കലാണെന്ന് ധരിച്ചു വെച്ച മാധ്യമ, പൊതു ബോധത്തിന് തൃപ്തിയാകാന്‍ ഇത്രയൊക്കെ മതി.

മുസ്തഫ പി എറയ്ക്കല്‍

You must be logged in to post a comment Login