അവര്‍ നമ്മെ പ്രതീക്ഷിക്കുന്നു

അവര്‍ നമ്മെ പ്രതീക്ഷിക്കുന്നു

ജമ്മു റീജ്യണിലെ പ്രധാന നഗരങ്ങളിലൊന്നായ രജൗറിയിലെ ഒരു പൗരപ്രമുഖന്റെ വീട്ടില്‍ വര്‍ഷാവര്‍ഷം നടക്കാറുള്ള മൗലിദ് പ്രോഗാമിലെ പ്രധാന ഇനങ്ങളിലൊന്നാണ് ഇസ്‌ലാമിക് ക്വിസ് മത്സരം.

സമീപപ്രദേശങ്ങളിലെ പ്രധാന മതപഠന കേന്ദ്രങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുന്ന മത്സരത്തില്‍ യാസീന്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിക്കാന്‍ കൂടെ പോയിരുന്നു. മത്സരാര്‍ത്ഥികളില്‍ മിക്കവരും മതം മാത്രം പഠിക്കുന്നവരാണ്. സര്‍ക്കാര്‍ ഡിഗ്രി കോളജില്‍നിന്ന് വിരമിച്ച പ്രിന്‍സിപ്പലാണ് ക്വിസ് മാസ്റ്റര്‍. പതിമൂന്ന് ഗ്രൂപ്പുകള്‍ പങ്കെടുത്ത മത്സരത്തിലെ ആദ്യ ചോദ്യം: നബിയുടെ ഉപ്പയുടെ പേരെന്താണ്?

കേരളീയ സാഹചര്യത്തില്‍ ജൂനിയര്‍ ലെവലില്‍ പോലും പ്രതീക്ഷിക്കാന്‍ പറ്റാത്ത ചോദ്യം. ചോദ്യത്തിന്റെ ലാളിത്യത്തില്‍ അത്ഭുതം കൂറിയ എന്നെ സ്തബ്ധനാക്കി ആദ്യ വിദ്യാര്‍ത്ഥിയുടെ ഉത്തരം വന്നു: ഇബ്‌റാഹീം നബി! ചിലരൊന്നും ഉത്തരം എഴുതിയിട്ടേയില്ല. ക്വിസിന് സ്‌കൂളുകളെ/ മദ്‌റസകളെ പ്രതിനിധീകരിച്ച് വരുന്ന കുട്ടികള്‍ എന്തായാലും ആ സ്ഥാപനത്തിലെ മിടുക്കരായ വിദ്യാര്‍ത്ഥികളായിരിക്കുമല്ലോ. ആ സ്ഥാപനങ്ങളിലുള്ള മറ്റു വിദ്യാര്‍ത്ഥികളുടെ നിലവാരത്തെ പറ്റി നമുക്ക് ഊഹിക്കാം.

ഒരുപാടുകാലത്തെ പൈതൃകവും പ്രതാപവും പേറുന്ന മുസ്‌ലിം ഭൂരിപക്ഷ സംസ്ഥാനമായ കശ്മീരിലെ നിലവിലുള്ള മതപഠന സംവിധാനങ്ങളുടെ ഒരു നഖചിത്രമാണ് ഈ സംഭവം. കുത്തഴിഞ്ഞ പൊതുവിദ്യാഭ്യാസ രീതിയും തീരെ വ്യവസ്ഥാപിതമല്ലാത്ത മതപഠന സംവിധാനങ്ങളും ഒരു ജനതയുടെ സ്വപ്‌നങ്ങളെ കീഴ്‌മേല്‍ മറിച്ചിരിക്കുന്നു.
അലസരായ അധ്യാപകരും നിഷ്‌ക്രിയമായ പൊതുവിദ്യാഭ്യാസ സംവിധാനവുമാണ് ഭൗതിക ജ്ഞാനങ്ങളില്‍ നിന്ന് ഈ ജനതയെ പിറകോട്ടെറിഞ്ഞതെങ്കില്‍ കാര്യക്ഷമമായ മതപഠന സാധ്യതകളുടെ അഭാവവുമാണ് മതവിജ്ഞാനീയങ്ങളില്‍ നിന്ന് ഇവരെ അകറ്റിയത്.
രാവിലെ/ വൈകിട്ട് /രാത്രി മദ്‌റസ പഠന സിസ്റ്റം കശ്മീരിലെവിടെയും കാണാന്‍ കഴിയില്ല. മിക്ക സ്‌കൂളുകളും 8.30 /9.30ന് ആരംഭിച്ച് 2 / 4 മണിയോടെ അവസാനിക്കും. അതിനും മഗ്‌രിബിനും ഇടയിലാണ് മദ്‌റസാപഠനം. വിദ്യാര്‍ത്ഥികള്‍ കൂട്ടമായി മൊഹല്ലകളിലെ മസ്ജിദുകളിലേക്ക് നീങ്ങും. നൂറാനി ഖാഇദ എന്ന ലഘുപുസ്തകമാണ് പൊതുസിലബസ്. ഒരു മസ്ജിദില്‍ ഒരു മൗലാനയായിരിക്കും മുഴുവന്‍ വിദ്യാര്‍ത്ഥികളുടെയും ഒരേയൊരുസ്താദ്.

ബുദ്ധി വികാസത്തിനനുസൃതമായോ വയസ്സടിസ്ഥാനത്തിലോ ക്ലാസുകളോ പ്രത്യേകം ക്ലാസ്മുറികളോ ഉണ്ടാവില്ല. എല്ലാവരും മൗലാനക്കുമുമ്പില്‍ ചമ്രംപടിഞ്ഞിരുന്ന് പഠനം ആരംഭിക്കും. ശഹാദത്ത് കലിമ പഠിക്കുക എന്നതാണ് പ്രധാന ദൗത്യം. എല്ലാവരും ഉച്ചത്തില്‍ കൂട്ടത്തോടെ ശഹാദത് ചൊല്ലിക്കൊണ്ടിരിക്കും. പിന്നെ ഫാതിഹ പോലുള്ള ചെറിയ സൂറത്തുകള്‍ കാണാതെ പഠിച്ചാല്‍ ആയി.

മൗലാനമാരാകട്ടെ തങ്ങളുടെ ദൗത്യനിര്‍വഹണത്തിനപ്പുറത്തേക്ക് വികസിക്കുകയുമില്ല. പിന്നെയുള്ളത് കുറച്ച് ഹിഫ്‌ള് പഠനകേന്ദ്രങ്ങളാണ്. ഖുര്‍ആന്‍ മനഃപാഠമാക്കുക എന്നതിനപ്പുറത്തേക്ക് ഇസ്‌ലാമിക വിജ്ഞാനീയങ്ങളില്‍ ആഴ്ന്ന പഠനത്തിനുള്ള സാധ്യതകള്‍ കശ്മീരില്‍ തുലോം കുറവാണ്.

ഇങ്ങനെ വിവിധങ്ങളായ കാരണങ്ങളാല്‍ പിറകോട്ടുപോയ ഒരു ജനത. കശ്മീരിനെപറ്റി പുറത്തേക്ക് വരുന്ന നിരന്തരമായ സംഘര്‍ഷ വാര്‍ത്തകള്‍ക്കിടയില്‍ ആരുടെയും ശ്രദ്ധയില്‍ പെടാതെ പോയ ജനതയെ സാമൂഹികമായും വിദ്യാഭ്യാസപരമായും മുന്‍നിരയിലേക്കുയര്‍ത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് 2007ല്‍ ശൗഖത് ബുഖാരിയുടെ നേതൃത്വത്തിലുള്ള കേരള ദഅ്‌വ സംഘം കശ്മീര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്. ഒരേ സമയം ഭൗതിക-മത പഠനം നല്‍കുക വഴി അവരെ ഉത്തമ പൗരന്മാരാക്കി വളര്‍ത്തുന്നതിനും അവര്‍ക്ക് കൂടുതല്‍ അന്തസാര്‍ന്ന ജീവിതം സാധ്യമാക്കുന്നതിനും വേണ്ടി കഠിനശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു.

അതിന്റെ ഫലങ്ങള്‍ കശ്മീരിലെ ഗ്രാമങ്ങളില്‍ പ്രകടമായിക്കൊണ്ടിരിക്കുന്നു. ഒരു ഫര്‍ള് നോമ്പ് പോലും നോല്‍ക്കാത്ത ഉപ്പയുടെ ആറാം ക്ലാസില്‍ പഠിക്കുന്ന മകന്‍ സുന്നത്ത് നോമ്പ് നോല്‍ക്കുന്നു എന്ന വാര്‍ത്ത നമ്മെ എത്രമാത്രം ആഹ്ലാദഭരിതമാക്കുന്നു.

യാസീന്‍ സ്‌കൂളുകളില്‍ പഠിക്കാന്‍ മാത്രം വിദൂരദിക്കുകളില്‍നിന്നും വന്ന് സ്‌കൂളിന്റെ സമീപ പ്രദേശങ്ങളില്‍ താല്‍കാലിക സംവിധാനങ്ങളൊരുക്കി താമസിക്കുന്നു എന്നത് വാര്‍ത്ത തന്നെയാണ്.
കശ്മീരിലെ കാലാവസ്ഥക്കും ജീവിതരീതിക്കും കൂടുതല്‍ അനുയോജ്യമായ, കേരള മോഡല്‍ പാഠ്യരീതിയാണ് നടപ്പിലാക്കി വരുന്നത്. മതപഠനത്തിന് വേണ്ടി പ്രത്യേക പിരീഡുകള്‍ നിശ്ചയിക്കുകയും കേരളത്തില്‍ നിന്നുള്ള ഒരു മതബിരുദധാരിയുടെ നേതൃത്വത്തില്‍ ഇസ്‌ലാമിക വിജ്ഞാനം പഠിപ്പിക്കുകയും ചെയ്യുന്നു. ഉറുദു/ ഇംഗ്ലീഷ് ഭാഷകളില്‍ ഐ ഇ ബി ഐ ഇറക്കിയ ഹനഫി പാഠപുസ്തകങ്ങളാണ് ഇതിന് ഉപയോഗിക്കുന്നത്. പ്രായോഗിക പരിശീലനവും നല്‍കുന്നു.
ചില സ്‌കൂളുകളില്‍ കേരള മാതൃകയില്‍ വിദ്യാര്‍ത്ഥികളെയും സഹകാരികളെയും പങ്കെടുപ്പിച്ച് കൃത്യമായ ഇടവേളകളില്‍ ദിക്‌റ് സ്വലാത് സദസ്സുകള്‍ സംഘടിപ്പിക്കുന്നു.

യാസീന്‍ സ്‌കൂളുകളിലെ പല പൂര്‍വ വിദ്യാര്‍ത്ഥികളും സ്റ്റേറ്റ്, സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റികളില്‍ ഉപരിപഠനം നടത്തിവരുന്നു. എസ് എസ് എഫ് ദേശീയ കാമ്പസ് സെക്രട്ടറിയും അലീഗഡ് വിദ്യാര്‍ത്ഥിയുമായ സയ്യിദ് സാജിദലി പൂഞ്ചിലെ നമ്മുടെ പ്രഥമ സ്‌കൂളിലെ പൂര്‍വവിദ്യാര്‍ത്ഥിയാണ്.

നമ്മള്‍ കേരളീയനാണെന്ന് അറിയുന്നതോടെ ഞങ്ങളുടെ നാട്ടില്‍ നിങ്ങളുടെ സ്ഥാപനത്തിന്റെ ഒരു ഉപഘടകം വേണം എന്നായിരിക്കും ഒരു ശരാശരി കശ്മീരിയുടെ ആദ്യ പ്രതികരണം. കശ്മീരില്‍ ജോലിയെടുക്കുന്ന ഒരാളും ഇത് കേള്‍ക്കാതിരുന്നിട്ടില്ല.

മതരഹിത ബഹുസാംസ്‌കാരിക ഭൂമികയില്‍ മതത്തിന്റെ സാധുതയെ ഇബ്‌നുഖല്‍ദൂന്‍ തന്റെ മുഖദ്ദിമയില്‍ കൃത്യമായി അവതരിപ്പിക്കുന്നുണ്ട്. ഒരു മതവിശ്വാസി അച്ചടക്കത്തോടെ ജീവിതം നയിക്കുന്നത് രാഷ്ട്ര നിയമത്തെ മാനിച്ചോ ശിക്ഷ ഭയന്നോ അല്ലെന്നും മറിച്ച് ദൈവവിശ്വാസത്തിന്റെ ഭാഗമായാണെന്നും ഖല്‍ദൂന്‍ വിവരിക്കുന്നു. ഇതുവഴി മതരഹിത രാഷ്ട്രങ്ങളുടെ ഭദ്രതക്കും മതകീയ ജീവിതങ്ങള്‍ കാരണമാവുന്നുണ്ടെന്ന് ഖല്‍ദൂന്‍ സമര്‍ത്ഥിക്കുന്നു.

സമന്വയ പഠന കേന്ദ്രങ്ങള്‍ കശ്മീരില്‍ വ്യാപകമാവേണ്ടതുണ്ട്. ഒരുപക്ഷേ സമന്വയ പഠന രീതികളിലൂടെ ഉരുത്തിരിഞ്ഞുവരുന്ന ആശയങ്ങള്‍ക്കേ ഈ ജനതയുടെ നിര്‍ഭയമായ ജീവിതം സാധ്യമാക്കാന്‍ കഴിയൂ. മിഷന്‍ തുടക്കം കുറിച്ച രണ്ട് ദഅ്‌വ കോളേജുകള്‍ ഈയര്‍ത്ഥത്തില്‍ പ്രതീക്ഷാവഹമാണ്.

ഈ കുറിപ്പിന്റെ ആദ്യത്തില്‍ സൂചിപ്പിച്ച സംഭവത്തിലെ പൗരപ്രമുഖന്‍, മീര്‍സാഹിബ് പ്രോഗ്രാം കഴിഞ്ഞിറങ്ങുമ്പോള്‍ ശൗകത് ബുഖാരിയോട് ഞങ്ങളുടെ നാട്ടില്‍ ഒരു സ്ഥാപനം തുടങ്ങണമെന്ന് താല്‍പര്യപ്പെട്ടാണ് പിരിഞ്ഞത്.

ഒരിക്കല്‍ ശ്രീനഗര്‍ ജമ്മു നഗരങ്ങള്‍ക്കിടയിലെ മനോഹര പാതയില്‍ മുഗള്‍ റോഡിന്റെ പീക്കിലുള്ള പീര്‍കിഗലി സന്ദര്‍ശിച്ചിരുന്നു. മുമ്പെങ്ങോ മണ്‍മറഞ്ഞ ഒരു ദര്‍വേശിന്റെ മസാറുണ്ടവിടെ. സമീപത്ത് കരിങ്കല്‍ നിര്‍മിതമായ കൂരയില്‍ ഒരു വൃദ്ധന്‍ അവിടെ വരുന്നവര്‍ക്കെല്ലാം സൗജന്യമായി ഉപ്പുചായ(നംകിന്‍ ചായ്) പകര്‍ന്നുനല്‍കുന്നു. വര്‍ഷങ്ങളായി തുടരുന്ന ഈ സല്‍കാരത്തിന്റെ കഥ പറഞ്ഞ് അദ്ദേഹത്തിനൊപ്പം ഇരിക്കുമ്പോള്‍ ഞങ്ങളുടെ സ്ഥാപനം സ്ഥിതി ചെയ്യുന്ന തെന്നാമണ്ടിയുടെ പരിസര ഗ്രാമങ്ങളിലെ കുറെ വീട്ടമ്മമാര്‍ വന്നു. ഞങ്ങള്‍ യാസീനിലെ അധ്യാപകരാണെന്നറിഞ്ഞതോടെ അവര്‍ ആവേശത്തില്‍ സംസാരിച്ചുതുടങ്ങി. നിങ്ങളുടെ സ്‌കൂളിലെ ദീനി തഅ്‌ലീം വളരെ നല്ലതാണെന്നും നിങ്ങള്‍ ഞങ്ങളുടെ പ്രദേശത്ത് ഒരു സ്ഥാപനം തുടങ്ങിയാല്‍ ഞങ്ങളുടെ മക്കളെയും വിടാമെന്നും അവര്‍ പറഞ്ഞുകൊണ്ടിരുന്നു. കാര്യക്ഷമമായ മതഭൗതിക സാഹചര്യങ്ങള്‍ ഒരുക്കിത്തരണമെന്ന അവരുടെ ആവശ്യം സാധ്യമാക്കാന്‍ നാം ബാധ്യസ്ഥരാണ്. കരിങ്കല്‍ കൂരകളിലും ഷെഡുകളിലുമിരുന്ന് അവര്‍ നമ്മുടെ കണ്ണുകളിലേക്ക് ദയനീയമായി നോക്കുമ്പോള്‍ മുഖം തിരിക്കാന്‍ നമുക്കെന്തുണ്ട് ന്യായം?

കശ്മീരില്‍നിന്ന്
യൂനുസ് സലീം

You must be logged in to post a comment Login