തലപോകുന്ന കാലത്ത് തലമുടിയുടെ നീളത്തെ കുറിച്ച് തര്‍ക്കിക്കാതിരിക്കാം

തലപോകുന്ന കാലത്ത് തലമുടിയുടെ നീളത്തെ കുറിച്ച് തര്‍ക്കിക്കാതിരിക്കാം

ഇന്നത്തെ ഇന്ത്യനവസ്ഥ തിരിച്ചറിയുന്നതില്‍ വിവിധ മുസ്‌ലിം സംഘടനകളും ജനാധിപത്യ വാദികളും വേണ്ടത്ര സൂക്ഷ്മത പുലര്‍ത്തുന്നുണ്ടോ എന്നത് സംശയാസ്പദമാണ്. സമാനതകളില്ലാത്ത ഒരു ഭീകരാവസ്ഥയിലൂടെയാണ് ഇന്ത്യന്‍ സമൂഹം കടന്നുപോകുന്നത്. അതുകൊണ്ടുതന്നെ എല്ലാവിധ അഭിപ്രായ വ്യത്യാസങ്ങള്‍ക്കുമപ്പുറമുള്ള ഐക്യത്തിനാണ് പരമമായ മുന്‍ഗണന നല്‍കേണ്ടത്. വിവിധ സംഘടനകള്‍ തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിച്ചതിനു ശേഷം യോജിച്ച ഒരു പ്രസ്ഥാനം എന്നത് ഒരു മിഥ്യയായിരിക്കും. നിലവില്‍ നിരവധി അഭിപ്രായ വ്യത്യാസങ്ങളുണ്ട്. എന്നാല്‍ ഈ അഭിപ്രായ വ്യത്യാസങ്ങള്‍ വിനിമയം ചെയ്യാനും അത് സംബന്ധമായി സംവാദം നടത്താനും കഴിയണമെങ്കില്‍ സമൂഹത്തില്‍ ജനാധിപത്യം നിലനില്‍ക്കണം. എന്നാല്‍ ജനാധിപത്യത്തെ എല്ലാ അര്‍ത്ഥത്തിലും വെല്ലുവിളിക്കുന്ന ഒരു നവഫാഷിസ്റ്റ് വിപത്താണ് ഇന്ത്യയില്‍ വളര്‍ന്നുകൊണ്ടിരിക്കുന്നത്. അതുകൊണ്ട് ഫാഷിസ്റ്റ് മുക്ത ഇന്ത്യ എന്ന മുദ്രാവാക്യത്തിനാണ് ഇപ്പോള്‍ മുന്‍ഗണന നല്‍കേണ്ടത്. ആ അര്‍ത്ഥത്തില്‍ വിവിധ മതസംഘടനകള്‍ തമ്മിലും മതങ്ങള്‍ തമ്മിലും മതങ്ങളും മതനിരപേക്ഷ പ്രസ്ഥാനങ്ങളും തമ്മിലും ഉരുക്കുപോലെ ഉറച്ച ഒരു ഐക്യം ഉയര്‍ന്നുവരേണ്ട ചരിത്ര സന്ദര്‍ഭമാണിത്.

ഇന്ത്യയിലെ നവഫാഷിസ്റ്റ് പ്രസ്ഥാനത്തിന്റെ ആക്രമണങ്ങളുടെ പ്രധാന ഇരകള്‍ കൃത്യമായ മതനിരപേക്ഷ കാഴ്ചപ്പാട് പുലര്‍ത്തുന്നവര്‍, സ്വതന്ത്ര ചിന്തകര്‍, ദളിതുകള്‍, മുസ്‌ലിംകള്‍, ക്രിസ്ത്യാനികള്‍ എന്നിവരൊക്കെയാണ്. അവരുടെ സൈദ്ധാന്തിക പുസ്തകങ്ങളില്‍ ഇക്കാര്യം മുമ്പേ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ മതത്തിന്റെ പേരില്‍ മര്‍ദനത്തിന് വിധേയരാകുന്നവര്‍ എന്ന അര്‍ത്ഥത്തില്‍ മുസ്‌ലിം- ക്രിസ്ത്യന്‍ ജനവിഭാഗങ്ങളും, മര്‍ദിത ജാതി എന്ന അര്‍ത്ഥത്തില്‍ ദളിത്- ആദിവാസി വിഭാഗങ്ങളും പരസ്പരം ഐക്യപ്പെടേണ്ടതുണ്ട്. അതോടൊപ്പം തന്നെ മതനിരപേക്ഷ ജനാധിപത്യ കാഴ്ചപ്പാടുമായി കണ്ണിചേര്‍ന്നുകൊണ്ട് സമരം കൂടുതല്‍ കരുത്താര്‍ജിക്കേണ്ടതുണ്ട്.

ലൗജിഹാദ്, ഘര്‍വാപസി, ഗോരക്ഷ, ജനസംഖ്യ ഉള്‍പ്പെടെയുള്ള സമീപകാല സംഘ്പരിവാര്‍ മുദ്രാവാക്യങ്ങള്‍, ഇങ്ങനെ ഓരോന്നും പരിശോധിച്ചാല്‍ ഇന്ത്യന്‍ ജനങ്ങള്‍ക്കിടയില്‍ നിലനിന്നുപോന്ന ജനാധിപത്യ- മതനിരപേക്ഷ ഐക്യം തകര്‍ക്കാനുള്ള ശ്രമമാണ് അതിനു പിന്നിലുള്ളതെന്ന് കാണാന്‍ കഴിയും. അതോടൊപ്പം തന്നെ ജാതി- മത പരിഗണനകള്‍ക്കപ്പുറം ജനങ്ങളുടെ ജീവിതം ദുസ്സഹമാക്കുന്ന കോര്‍പറേറ്റ് സാമ്പത്തിക നയങ്ങളും പിന്തുടര്‍ന്നുകൊണ്ടിരിക്കുകയാണ്.

2009ല്‍ നരേന്ദ്ര മോഡിയെ ഇന്ത്യന്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ആദ്യമായി നിര്‍ദേശിച്ചത് കോര്‍പറേറ്റുകളാണ്. പിന്നീട് ആര്‍ എസ് എസിനുവേണ്ടി സംഘ്പരിവാറിന്റെ അകത്ത് പ്രചരണം നടത്തുകയും അഡ്വാനി ഉള്‍പ്പെടെയുള്ളവര്‍ മാറ്റിനിര്‍ത്തപ്പെടുകയും മോഡി കടന്നുവരികയുമാണുണ്ടായത്. ആര്‍ എസ് എസിന്റെ സൈദ്ധാന്തിക ഗ്രന്ഥമായ വിചാരധാരയില്‍ വെറും ഡോളറുകൊണ്ട് യു എസിന് കമ്യൂണിസത്തെ നേരിടാന്‍ കഴിയില്ല എന്ന് സ്‌നേഹോപദേശം നല്‍കുന്നുണ്ട്. ഞങ്ങളുടെ സാംസ്‌കാരിക ശക്തിയും നിങ്ങളുടെ ഡോളറും ഒത്തുചേരുമ്പോള്‍ മാത്രമേ ഇന്ത്യയിലെ കമ്യൂണിസ്റ്റുകളെ നേരിടാന്‍ കഴിയൂ എന്നാണ് അതിന്റെ ചുരുക്കം. മറ്റൊരര്‍ത്ഥത്തില്‍ വിദേശശക്തിയും സാമ്രാജ്യത്വശക്തിയുമായ അമേരിക്കയോട് ഇന്ത്യയിലെ കമ്യൂണിസ്റ്റുകാരെ ഇല്ലാതാക്കാന്‍ സഹായം ചോദിക്കാതെ തന്നെ ഓഫര്‍ ചെയ്ത ഒരു പ്രസ്ഥാനമാണ് സംഘ്പരിവാര്‍. ആ അര്‍ത്ഥത്തില്‍ അവരുടെ കോര്‍പറേറ്റ് ബന്ധം സൈദ്ധാന്തികമായിത്തന്നെ വ്യക്തമാണ്. മോഡി സ്ഥാനാര്‍ത്ഥി ആയതിലൂടെ അത് പ്രായോഗികമായും വ്യക്തമാണ്.

ഇന്ത്യയിലെ മതനിരപേക്ഷ കക്ഷികള്‍ തിരിച്ചറിയേണ്ട ഒരു കാര്യമുണ്ട്. എന്തെന്നാല്‍ സംഘ് പരിവാറിന്റെ രാഷ്ട്രീയ ശക്തിയും ആര്‍ എസ് എസിന്റെ സൈനിക ശക്തിയും സാമ്രാജ്യത്വ- സയണിസ്റ്റ് സംയുക്ത സഖ്യത്തിന്റെ സാര്‍വദേശീയ പിന്തുണയും മാത്രമല്ല ആര്‍ എസ് എസിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. അതിലുപരി ജനാധിപത്യ മതനിരപേക്ഷ കൂട്ടായ്മകളെ ലോകമെങ്ങും ശിഥിലമാക്കാന്‍ ശ്രമിക്കുന്ന സാമ്രാജ്യത്വ ധൈഷണിക കേന്ദ്രങ്ങളുടെ പിന്തുണയും അവര്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നുണ്ട്. വംശഹത്യാ ഭീകരന്‍ എന്ന പദവിയില്‍നിന്ന് വികസന നായകന്‍ എന്ന അവസ്ഥയിലേക്ക് നരേന്ദ്രമോഡിയുടെ പ്രതിച്ഛായ വികസിപ്പിച്ചത് സംഘ്പരിവാറിനെക്കാള്‍ അുരീ ണീൃഹറ ണശറല എന്ന സാമ്രാജ്യത്വ പബ്ലിക് റിലേഷന്‍ സ്ഥാപനമാണ്. ഒരു മാസം 2,50,000 ഡോളര്‍ എന്ന നിലക്ക് നല്‍കിയാണ് വര്‍ഷങ്ങളോളമുള്ള മോഡിയുടെ മുഖംമിനുക്കല്‍ കാമ്പയിന്‍ നടത്തിയത്. സംക്ഷിപ്തമായി പറഞ്ഞാല്‍ ഇന്നത്തെ ഇന്ത്യന്‍ അവസ്ഥ ഇന്ത്യയില്‍ തുടങ്ങി ഇന്ത്യയില്‍ അവസാനിക്കുന്ന ഒന്നല്ല. വളരെ കൃത്യമായും സാമ്രാജ്യത്വ- സയണിസ്റ്റ്-ഫാഷിസ്റ്റ് കൂട്ടായ്മയെ ആണത് പ്രതിനിധീകരിക്കുന്നത്. ആ അര്‍ത്ഥത്തില്‍ ഇത് ജനാധിപത്യത്തിന്റെ, മതനിരപേക്ഷതയുടെ തലപോകുന്നൊരു കാലമാണ്. അക്കാലത്ത് തലമുടിയുടെ നീളത്തെക്കുറിച്ചുള്ള സൈദ്ധാന്തിക ചര്‍ച്ച പരിഹാസ്യമായിരിക്കും. അതുകൊണ്ട് പ്രായോഗികമായ പ്രശ്‌നങ്ങള്‍ മറന്നും സൈദ്ധാന്തികമായ പ്രശ്‌നങ്ങളില്‍ സ്‌നേഹപൂര്‍വം സംവാദം നടത്തിയും അതേസമയം ഇന്ന് മുന്‍ഗണന നല്‍കേണ്ടത് ഫാഷിസ്റ്റ് വിരുദ്ധ നയങ്ങള്‍ക്കാണ് എന്ന അവസ്ഥയിലേക്ക് സ്വയം വളര്‍ന്നും സംഘ്പരിവാറിന് പരോക്ഷമായെങ്കിലും വളരാന്‍ അവസരം കൊടുക്കുന്ന മത-ജാതി ധ്രുവീകരണങ്ങളെ പ്രതിരോധിച്ചും ജനാധിപത്യ-മതനിരപേക്ഷ കക്ഷികളുമായി ഐക്യപ്പെട്ടും എല്ലാവിധ ഫാഷിസ്റ്റ് വിരുദ്ധ സംരംഭങ്ങള്‍ക്കും പിന്തുണ നല്‍കിയും ഫാഷിസ്റ്റ് മുക്ത ഭാരതം, ഫാഷിസ്റ്റ് മുക്ത ഭാരതം എന്ന മുദ്രാവാക്യം ഏറ്റവും ഉച്ചത്തില്‍ പ്രയോഗത്തില്‍ വരുത്താന്‍ നിരന്തരം ശ്രമിക്കുകയുമാണ് ഇന്ന് എല്ലാവരും ഒന്നിച്ചുചെയ്യേണ്ടത്.

കെ ഇ എന്‍

 

You must be logged in to post a comment Login