ഫാഷിസത്തിന് മറുപടി ജനാധിപത്യമാണ്

ഫാഷിസത്തിന് മറുപടി ജനാധിപത്യമാണ്

ഫാഷിസം എന്നത് സാധാരണഗതിയില്‍ മനസിലാക്കി വരുന്ന അര്‍ത്ഥത്തില്‍ ഇരുപതാം നൂറ്റാണ്ടിലെ ഒരു രാഷ്ട്രീയ പ്രവണതയാണ്. ഇരുപതുകളുടെ തുടക്കത്തില്‍ ഇറ്റലിയില്‍ മുസോളിനിയും മുപ്പതുകളുടെ ഒടുവില്‍ ജര്‍മനിയില്‍ ഹിറ്റ്‌ലറും പിന്നീട് റഷ്യയില്‍ സ്റ്റാലിനും നടപ്പാക്കിയത് ഫാഷിസമാണെന്ന് പൊതുവെ ആളുകള്‍ക്കൊരു ധാരണയുണ്ട്. അത് ശരിയുമാണ്. പക്ഷേ, എന്റെ അഭിപ്രായത്തില്‍ വളരെ പുരാതനമായ ഒരു മാനസിക രാഷ്ട്രീയ കാലാവസ്ഥയാണ് ഫാഷിസം. അവനവനില്‍നിന്ന് വ്യത്യസ്തമോ വിരുദ്ധമോ ആയ ഒന്നിനെയും അംഗീകരിക്കാതിരിക്കുക, അതിനെ ആയുധം കൊണ്ടോ ആള്‍ബലം കൊണ്ടോ പണം കൊണ്ടോ കീഴ്‌പ്പെടുത്തുക, അന്യര്‍ക്ക് സമ്മതമല്ലാത്തത് അവരുടെ പുറത്ത് അടിച്ചേല്‍പിക്കുക- ഇതൊക്കെ ഫാഷിസത്തിന്റെ പ്രത്യേകതകളാണ്. അങ്ങനെ നോക്കിയാല്‍ ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട ഫാഷിസ്റ്റ് രൂപം എന്നുപറയുന്നത് ജാതിഘടനയാണ്. ജാതിഘടനക്ക് ഇന്ത്യയില്‍ 3000 കൊല്ലത്തെ പഴക്കമുണ്ട്. രണ്ടാം ലോകമഹായുദ്ധ കാലത്ത് തന്നെ കാണാന്‍ വന്ന ഒരു ജര്‍മന്‍കാരനോട് കൊച്ചിയില്‍ വെച്ച് സഹോദരന്‍ അയ്യപ്പന്‍, ഇന്ന് നിങ്ങളുടെ നാട്ടില്‍ നടക്കുന്നതൊക്കെ നൂറ്റാണ്ടുകളായി ഞങ്ങളുടെ നാട്ടില്‍ നടപ്പുള്ളതാണ് എന്ന് പറഞ്ഞതായി പി കേശവദേവ് രേഖപ്പെടുത്തിയിട്ടുണ്ട്. അതിനര്‍ത്ഥം, ഫാഷിസത്തിന്റെ പ്രാചീന രൂപങ്ങളിലൊന്നാണ് ജാതി എന്ന് സഹോദരന്‍ അയ്യപ്പന്‍ വിശ്വസിച്ചിരുന്നു എന്നാണ്.

ഇന്ത്യയില്‍ ഇന്ന് മുതിര്‍ന്നുവരുന്ന ഹിന്ദുരാഷ്ട്രവാദം തീര്‍ച്ചയായിട്ടും അതിന്റെ ഊര്‍ജം സംഭരിക്കുന്നത് ഹിറ്റ്‌ലറില്‍ നിന്നാണ്. ഹിറ്റ്‌ലര്‍ മതത്തെ മാനിച്ചിരുന്ന ഒരാളല്ല. ഹിറ്റ്‌ലറുടെ പ്രശ്‌നം വംശീയ രാഷ്ട്രീയമാണ്. ആര്യന്റെ മേല്‍കോയ്മ എന്നതാണ് അദ്ദേഹം ഉയര്‍ത്തിപ്പിടിച്ച ഒരാശയം. മറ്റൊന്ന്, ജര്‍മനിയുടെ മേല്‍കോയ്മയും. ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട രാഷ്ട്രമാക്കി ജര്‍മനിയെ വളര്‍ത്തുക, ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട വംശമാക്കി ആര്യന്മാരെ മാറ്റുക.
ജന്മം കൊണ്ട് ക്രിസ്ത്യാനിയായ ഹിറ്റ്‌ലര്‍ മതരാഷ്ട്രീയത്തെ പറ്റി ആലോചിച്ചിട്ടേയില്ല. മതം കൊണ്ട് മാത്രമേ രാഷ്ട്രം നടപ്പാകൂ എന്ന് വിചാരിക്കേണ്ടതില്ല. ബാല്‍ താക്കറെ 1966ല്‍ മഹാരാഷ്ട്രയില്‍ നടപ്പാക്കാനുദ്ദേശിച്ചത് പ്രാദേശിക രാഷ്ട്രീയമാണ്. മഹാരാഷ്ട്ര മറാഠികളുടേത് എന്ന വാദമാണത്. മറാഠി എന്ന ഭാഷ, മറാഠ എന്ന പ്രദേശം, അവരുടെ പാരമ്പര്യം, ശിവജി എന്ന ഒരു നായകന്‍ അങ്ങനെയുള്ള വാദങ്ങള്‍. അത് പിന്നീടാണ് ഹിന്ദുത്വവുമായി സന്ധി ചെയ്യുന്നത്. വംശീയത ഉപയോഗിച്ചോ ദേശീയത ഉപയോഗിച്ചോ പ്രാദേശികത ഉപയോഗിച്ചോ ഒക്കെ നിങ്ങള്‍ക്ക് ഫാഷിസം നടപ്പാക്കാം എന്നാണ് ഞാന്‍ കരുതുന്നത്.

തീര്‍ച്ചയായും മതരാഷ്ട്രവാദം ഫാഷിസമാണ്. അത് ഹിന്ദുക്കള്‍ പറഞ്ഞാലും യഹൂദന്മാര്‍ പറഞ്ഞാലും മുസ്‌ലിംകള്‍ പറഞ്ഞാലും ക്രിസ്ത്യാനികള്‍ പറഞ്ഞാലും. കാരണം മതരാഷ്ട്രമെന്നത് ജനാധിപത്യ വിരുദ്ധമാണ്. ഇന്ത്യയില്‍ ഇന്ന് മുതിര്‍ന്നുവരുന്നത് ഹിന്ദുരാഷ്ട്രവാദമാണ്. യാതൊരു സംശയവുമില്ല, അത് ഫാഷിസമാണ്. അവര്‍ പുറമേക്ക് പറയുന്നത് ഇന്ത്യന്‍ ദേശീയത, ഭാരതീയ സംസ്‌കാരം എന്നൊക്കെയാണ്. സാംസ്‌കാരിക ദേശീയത എന്നൊരു വാക്കുമുണ്ട്. ഭാരതീയ സംസ്‌കാരത്തിന് നിരന്നു പോകുന്നത് മാത്രമേ അംഗീകരിക്കാന്‍ കഴിയുകയുള്ളൂ എന്നാണ് അവരുടെ വാദം. ഉദാഹരണത്തിന് പശുപൂജ, പശുവിന്റെ ഇറച്ചി കഴിക്കാതിരിക്കുക. ഇതെല്ലാം ഹിന്ദു സമൂഹത്തിലെ സവര്‍ണ വിഭാഗത്തിന് മാത്രം ബാധകമായ കാര്യങ്ങളാണ്. പശുവാരാധന ക്രിസ്ത്യാനികള്‍ക്കോ മുസ്‌ലിംകള്‍ക്കോ എതിര് എന്നതിലധികം ദളിത് വിരുദ്ധമായ ആശയമാണ്.
ഹിന്ദുത്വത്തിന്റെ രാഷ്ട്രവാദത്തെ ഇസ്‌ലാമിക രാഷ്ട്രവാദം കൊണ്ട് എതിര്‍ക്കാം എന്ന് വിചാരിക്കുന്നത് മൗഢ്യമാണ്. ജമാഅത്തെ ഇസ്‌ലാമി, ഇഖ്‌വാനുല്‍മുസ്‌ലിമൂന്‍ തുടങ്ങിയ സംഘടനകള്‍ മുന്നോട്ടുവെക്കുന്ന മതരാഷ്ട്രവാദം തീര്‍ച്ചയായും ജനാധിപത്യ വിരുദ്ധമാണ്. ഫാഷിസമാണ്. ഹിന്ദുരാഷ്ട്രവാദത്തെ ഇസ്‌ലാമിക രാഷ്ട്രവാദം കൊണ്ട് എതിര്‍ക്കാന്‍ കഴിയില്ല. ഫാഷിസത്തെ എതിര്‍ക്കേണ്ടത് ഫാഷിസം കൊണ്ടല്ല; ജനാധിപത്യം കൊണ്ടാണ്. മതരാഷ്ട്രവാദത്തെ എതിര്‍ക്കേണ്ടത് മറ്റൊരു മതരാഷ്ട്രവാദം കൊണ്ടല്ല; മതേതരത്വം കൊണ്ടാണ്.

ജനാധിപത്യവും മതേതരത്വവും ഇന്ന് ഇന്ത്യയില്‍ ഒറ്റ ഒന്നാണ്. മതേതരത്വം എന്നുപറയുന്നത് മതരഹിതമായ ഒരവസ്ഥയല്ല. എല്ലാ മതങ്ങള്‍ക്കും തുല്യമായ അവസരവും അന്തസ്സും ഉണ്ടാവുകയും മതനിയമങ്ങള്‍ രാഷ്ട്ര നിയമങ്ങളാവണമെന്ന് ആരും വാദിക്കാതിരിക്കുകയും ചെയ്യുന്ന ഒരവസ്ഥയാണ് മതേതര രാഷ്ട്രം എന്ന് പറയാം. ഇപ്പോള്‍ ഹിന്ദുത്വവാദികള്‍ അവരുടെ മതനിയമങ്ങള്‍ രാഷ്ട്ര നിയമങ്ങളാക്കണം എന്നാണ് പറയുന്നത്. അതിനെ മുസ്‌ലിംകളും ദളിതരും ക്രിസ്ത്യാനികളും കമ്യൂണിസ്റ്റുകാരും എതിര്‍ക്കേണ്ടത് മതത്തിന്റെ പേരിലല്ല. മതേതരത്വത്തിന്റെ പേരിലാണ് അവര്‍ എതിര്‍ക്കേണ്ടതും ഒരുമിച്ചുകൂടേണ്ടതും. അവരെ യോജിപ്പിക്കുന്നത് ഏതെങ്കിലും തരത്തിലുള്ള മതത്തിന്റെ ആദര്‍ശങ്ങളും അനുഷ്ഠാനങ്ങളുമല്ല, മറിച്ച് മതേതരത്വത്തിന്റെയും ജനാധിപത്യത്തിന്റെയും വിശ്വാസ പ്രമാണങ്ങളാണ്.

അടിയന്തിരാവസ്ഥക്കാലത്ത് ഇന്ദിരാഗാന്ധി കൊണ്ടുവന്ന ഫാഷിസത്തെ എതിര്‍ക്കാന്‍ ആര്‍ എസ് എസിനെ കൂടെക്കൂട്ടിയത് തെറ്റാണെന്ന് അന്നുതന്നെ വലിയ വാദമുണ്ടായിരുന്നു. ജയപ്രകാശ് നാരായണന്റെ നേതൃത്വത്തില്‍ 77ല്‍ താന്‍ മെമ്പറല്ലാത്ത ഒരു പാര്‍ട്ടി രൂപീകരിക്കുന്നത് നിജലിംഗപ്പ കോണ്‍ഗ്രസ്, സോഷ്യലിസ്റ്റ് പാര്‍ട്ടി, കോണ്‍ഗ്രസ് ഓഫ് ഡമോക്രസി, ജനസംഘം എന്നിവയെ കൂടെക്കൂട്ടിയാണ്.

ആര്‍ എസ് എസിനെ ഒപ്പം കൂട്ടി ഫാഷിസത്തെ എതിര്‍ക്കരുതെന്ന് അന്ന് പലരും പറഞ്ഞതാണ്. ഇന്ന് ആര്‍ എസ് എസ് ശക്തിപ്പെട്ട് അതിന്റെ ഒരു പ്രചാരക് പ്രധാനമന്ത്രിയായി, നാളെ രാംനാഥ് കോവിന്ദ് രാഷ്ട്രപതിയാകാനും പോകുന്നു. അവരൊക്കെ ആര്‍ എസ് എസിന്റെ വക്താക്കളും പ്രയോക്താക്കളുമാണ്. യാതൊരു കാരണവശാലും ഇസ്‌ലാമിക രാഷ്ട്രവാദികളെ ഫാഷിസ്റ്റ് വിരുദ്ധ സമരത്തില്‍ ചേര്‍ക്കാന്‍ പാടില്ല എന്നാണ് എന്റെ അഭിപ്രായം. അവര്‍ ഹിന്ദുത്വത്തിന്റെ പേരിലുള്ള ഫാഷിസത്തെ എതിര്‍ക്കുമ്പോഴും ഇസ്‌ലാമിന്റെ പേരിലുള്ള ഫാഷിസത്തെ മുന്നോട്ടുവെക്കുന്നവരാണ്. തല്‍ക്കാലം മിണ്ടുന്നില്ല എന്നേയുള്ളൂ. ജനാധിപത്യത്തിനും മതേതരത്വത്തിനും വേണ്ടി വാദിക്കേണ്ടത് അടിസ്ഥാനപരമായി അതില്‍ വിശ്വാസമുള്ളവരാണ്. ജമാഅത്തെ ഇസ്‌ലാമിയുടെ മതേതരവാദവും ജനാധിപത്യവാദവും കപടമാണെന്ന് അവര്‍ പാകിസ്ഥാനിലും ബംഗ്ലാദേശിലും തെളിയിച്ചതാണ്. ഇന്ത്യയില്‍ തന്നെ കശ്മീരില്‍ അവരത് തെളിയിച്ചിട്ടുണ്ട്. അതുകൊണ്ട് ജനാധിപത്യ- മതേതര വിശ്വാസികളുടെ ഐക്യമാണ് ഉണ്ടാകേണ്ടത്. മതേതരത്വത്തെ ഉയര്‍ത്തിപ്പിടിക്കുക എന്നതാണ് ഇന്ത്യന്‍ ജനാധിപത്യത്തെ രക്ഷിക്കാനുള്ള ഏറ്റവും പ്രധാനമായ മാര്‍ഗം എന്ന് ഞാന്‍ വിചാരിക്കുന്നു. മറ്റെല്ലാ പാര്‍ട്ടികളും അഭിപ്രായ വ്യത്യാസങ്ങള്‍ മറന്ന് മതേതരത്വത്തിന് വേണ്ടി ഒരുമിച്ചുകൂടിയില്ലെങ്കില്‍ 2019ലെ ഇലക്ഷന്‍ ഒരുപക്ഷേ, നിര്‍ഭാഗ്യവശാല്‍ ഇന്ത്യയിലെ അവസാനത്തെ പാര്‍ലിമെന്റ് ഇലക്ഷനായിപ്പോയേക്കാം. അങ്ങനെ സംഭവിക്കാതിരിക്കട്ടെ.

എം എന്‍ കാരശ്ശേരി

You must be logged in to post a comment Login