അതൊരു കൊച്ചു വര്‍ത്തമാനമായിരുന്നില്ല

അതൊരു കൊച്ചു വര്‍ത്തമാനമായിരുന്നില്ല

‘ഒരു നുണ പലവട്ടം പറഞ്ഞുകൊണ്ടേയിരുന്നാല്‍ സത്യമാണെന്ന തോന്നലിലേക്ക് എത്തിക്കാമെന്ന സിദ്ധാന്തം ഗീബല്‍സിന്റേതാണ് എന്ന് നമ്മള്‍ ഏറെ കേട്ടിട്ടുണ്ട്. അഭിമുഖമല്ല, സ്വകാര്യ സംഭാഷണമാണ് ഞാനുമായി നടത്തിയത് എന്ന മുന്‍ പൊലീസ് മേധാവി ടി പി സെന്‍കുമാറിന്റെ വാദം എത്രയാവര്‍ത്തിച്ചാലും സത്യമായി മാറില്ല. ഓരോ ദിവസവും ഓരോ മാധ്യമത്തോട് അദ്ദേഹം അത് പറഞ്ഞുകൊണ്ടിരിക്കട്ടെ. പക്ഷേ, സത്യമെന്താണെന്ന് ദൈവത്തിനു മാത്രമല്ല, സെന്‍കുമാറിനും അറിയാമല്ലോ.

വിശ്വാസ്യതയ്ക്കുമേല്‍ പിന്നെയും പിന്നെയും ചെളി വാരിയെറിയുന്നത് ഭൂഷണമല്ല; അത് അപകീര്‍ത്തികരവുമാണ്, ലേഖകനും വാരികയ്ക്കും.’ ഞാന്‍ ജൂലൈ 13ന് ഫേസ്ബുക്കില്‍ ഇട്ട പോസ്റ്റാണിത്. അതിനു വന്ന ചിലപ്രതികരണങ്ങള്‍ ഇങ്ങനെ: ‘വിരട്ടലായിരിക്കും, ധൈര്യമായി മുന്നോട്ടു പോവുക.’ ‘സെന്‍കുമാറിന്റെ വികൃതമായ ഫാസിസ്റ്റ് മുഖം പുറത്തു വന്നു… സത്യം പറയുന്നവര്‍ക്ക് നേരേ ഇത്തരം വിരട്ടലുകള്‍ മുമ്പേയുള്ളതാണ്.'(അബ്ദുസ്സമദ്), ‘പറഞ്ഞതല്ലേ എഴുതൂ. ഇങ്ങനെയൊരു കാര്യം സെന്‍കുമാര്‍ പറയാതെ താങ്കള്‍ എഴുതില്ല എന്നുറപ്പുണ്ട്. താങ്കളെ എനിക്ക് നന്നായി അറിയാം. (കെ എസ് ഷൈജു, ദേശാഭിമാനി ലേഖകന്‍).
ഇനി ഈ പോസ്റ്റ് കൂടി വായിക്കൂ, ഇത് ജൂലൈ എട്ടിന്റേതാണ്: ‘അഭിമുഖ സംഭാഷണത്തിന് അനുവാദം ചോദിക്കുന്ന മാധ്യമ പ്രവര്‍ത്തകനോട് താന്‍ പറയുന്നതെല്ലാം പ്രസിദ്ധീകരിച്ചുവരണം എന്ന ആഗ്രഹത്തോടെതന്നെ നല്ല മൂര്‍ച്ചയോടെ സംസാരിക്കുക, അഭിമുഖം വിവാദമാകുമ്പോള്‍ പറഞ്ഞതൊന്നും തിരുത്താതെ തന്നെ കാടിലും പടര്‍പ്പിലും തല്ലി തെറ്റിദ്ധാരണയും ആശയക്കുഴപ്പവും ഉണ്ടാക്കാന്‍ ശ്രമിക്കുക. ഇതൊന്നും ആര്‍ക്കും ഭൂഷണമല്ല, ടി പി സെന്‍കുമാറിനായാലും. നടിയെ അപമാനിച്ച കേസിന്റെ അന്വേഷണത്തേക്കുറിച്ച് സ്വകാര്യം പറയാനാണോ മാധ്യമ പ്രവര്‍ത്തകന്‍ മുന്‍ ഡിജിപിയെ കാണുന്നത്. റെക്കോര്‍ഡര്‍ കൈയില്‍വച്ച് ഒന്നും എഴുതാതെ കേട്ടിരിക്കുമ്പോള്‍ പറയുന്നതെല്ലാം രേഖയാകുന്നുണ്ടെന്നു വ്യക്തമല്ലേ. അതിനിടയ്ക്ക് അദ്ദേഹം നടത്തുന്ന ഫോണ്‍ സംഭാഷണങ്ങള്‍ അഭിമുഖത്തില്‍ ഉള്‍പെടുത്തിയെന്നു പറയുന്നത് എന്തൊരു ചീപ്‌നെസ്സാണ്. ഇതെല്ലാം പ്രസിദ്ധീകരിക്കാമല്ലോ അല്ലേ എന്നു ചോദിച്ചപ്പോള്‍ പ്രസിദ്ധീകരിക്കാന്‍ പറ്റാത്തതൊന്നും ഞാന്‍ ഈ പറഞ്ഞതില്‍ ഇല്ല എന്ന് പ്രതികരിക്കുന്ന തന്റേടവും ആര്‍ജവവും രണ്ടു ദിവസംകൊണ്ട് കൈമോശം വരുമോ. നടിയുടെ കേസ് മാത്രമല്ലല്ലോ വിവാദമായ അഭിമുഖത്തിലുള്ളത്. അദ്ദേഹത്തിന്റെ മനസ്സില്ലേ, നിരീക്ഷണങ്ങളില്ലേ, നിലപാടുകളില്ലേ. അതൊക്കെ ഇത്ര സത്യസന്ധമായി മുമ്പ് എവിടെയും വന്നിട്ടുമില്ലല്ലോ. എന്നിട്ടുമെന്തിനാണ് മുഖം രക്ഷിക്കാനെന്ന പോലെയുള്ള ഈ തെറ്റിദ്ധരിപ്പിക്കല്‍ ശ്രമം.

ഇതാണോ കേരളം കഴിഞ്ഞ 13 മാസമായി ധാര്‍മിക പിന്തുണ നല്‍കി കൂടെ നിന്ന സെന്‍കുമാര്‍ എന്ന സത്യസന്ധനായ ഐപിഎസ് ഓഫീസറുടെ തനിനിറം?
ഒരു വിഗ്രഹം ഉടഞ്ഞു പോകുന്നത് എത്ര പെട്ടെന്നാണല്ലേ?
ഏതായാലും ഒന്നു പറയാം. വിശ്വാസ്യത തന്നെയാണ് മാധ്യമ സമൂഹത്തിന്റെ ഏറ്റവും വലിയ കൈമുതല്‍, അതിന്റെ ഭാഗമായ എന്റെയും. ആ സമ്പത്ത് ആരുടെയെങ്കിലും മൂഡ് മാറ്റത്തിന് അനുസരിച്ച് തകര്‍ന്നു പോകുന്നതല്ല.’

പ്രതികരണങ്ങളില്‍ ചിലത് ഇങ്ങനെ:ജോയി കൈതാരത്ത്: ‘സത്യസന്ധനായ ഒരു മാധ്യമപ്രവര്‍ത്തകനാണ് ശ്രീ റംഷാദ്. അദ്ദേഹത്തെ കുറിച്ച് തെറ്റിദ്ധാരണ പരത്താന്‍ ഇടവരുത്തുന്ന പരാമര്‍ശങ്ങള്‍ നടത്തിയത് ശരിയായില്ല. പറയാതെ ഒന്നും വാര്‍ത്തയാകില്ല പലര്‍ക്കും അപ്രിയമാകുന്നത് പുറത്തറിയുമ്പോള്‍ തിരുത്തലുകള്‍ ഉണ്ടാകുന്നത് നമുക്കറിയാം. നടിയെ ആക്രമിച്ച സംഭവം എന്താകുമെന്ന് കഴിഞ്ഞ കാല അനുഭവങ്ങളില്‍ നിന്നും പഠിക്കാന്‍ കഴിയാതിരിക്കുന്നതാണ് പൊതു സമൂഹത്തിന്റെ കുറവ്. പണവും അധികാര ദുര്‍വിനിയോഗവുമാണ് അന്തിമ തീരുമാനങ്ങളുടെ ഉറവിടം.’

വി എം ഉണ്ണി, പുല്ലുവഴി: ‘പി.എസ്.റംഷാദിനെ കേരളീയ സമൂഹത്തിനറിയാം. ഏതെങ്കിലും ബ്യൂറോക്രാറ്റ് പറഞ്ഞാല്‍ ഇളകുന്നതല്ല റംഷാദിന്റെ ക്രെഡിബിലിറ്റി.’
എന്നെ പൊക്കിപ്പറയാന്‍ സ്വയം പകര്‍ത്തിയ പോസ്റ്റുകളും കമന്റുകളുമായി ദയവായി ഇവയെ കരുതരുത്. പകരം, യാദൃശ്ചികമായി പിറന്ന ഒരു അഭിമുഖ സംഭാഷണത്തിന്റെ ഉള്ളടക്കത്തെ തരിമ്പും നിഷേധിക്കുകയോ പറഞ്ഞതിലെന്തെങ്കിലും പശ്ചാത്തപിക്കുകയോ ഖേദിക്കുകയോ ചെയ്യാതെ ലേഖകന്റെയും വാരികയുടെയും മേക്കിട്ടു കയറുന്ന മുന്‍ പൊലീസ് മേധാവിയുടെ നിലപാടുകളെ സമൂഹം എങ്ങനെ കാണുന്നുവെന്നതിന്റെ പരിഛേദം അവതരിപ്പിച്ചെന്നു മാത്രം.
ജൂണ്‍ 30ന് സ്ഥാനമൊഴിഞ്ഞ സംസ്ഥാന പൊലീസ് മേധാവി ടി പി സെന്‍കുമാറുമായി ജൂലൈ രണ്ടിന് സമകാലിക മലയാളം വാരികയ്ക്കു വേണ്ടി ഞാന്‍ നടത്തിയത് അഭിമുഖമായിരുന്നോ അതോ കൊച്ചുവര്‍ത്തമാനമായിരുന്നോ. രണ്ടിലെന്തായാലും അത് റെക്കോര്‍ഡ് ചെയ്തത് അദ്ദേഹത്തിന്റെ അനുവാദമില്ലാതെ നടത്തിയ വന്‍ ചതിയായിരുന്നോ. അദ്ദേഹത്തിനു വന്നുകൊണ്ടിരുന്ന ഫോണ്‍വിളികളിലെ സംഭാഷണങ്ങളില്‍ നിന്നുകൂടിയാണോ കേരളം ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ പിറന്നത്. ഈ ചോദ്യങ്ങള്‍ക്ക് സംശയരഹിതമായി ഉത്തരം നല്‍കിയില്ലെങ്കില്‍ അദ്ദേഹം സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന ആശയക്കുഴപ്പത്തിന്റെ പുകപടലത്തിനു കട്ടി കൂടിക്കൂടി വന്നേക്കും. അഭിമുഖം വിവാദമായിക്കൊണ്ടിരുന്ന ഒരു ഘട്ടത്തില്‍ ടി പി സെന്‍കുമാര്‍ എന്നെ വിളിച്ചു ചോദിച്ചു, എന്ത് സൂത്രപ്പണിയാണ് ചെയ്തത്? ഞാന്‍ പറയാത്ത കാര്യങ്ങളൊക്കെ വന്നുകൊണ്ടിരിക്കുന്നുണ്ടല്ലോ. സര്‍ പറഞ്ഞതില്‍ കൂടുതലായി ഒരു കുത്തോ കോമയോ പോലും ചേര്‍ക്കുകയോ പറഞ്ഞതില്‍ നിന്ന് എന്തെങ്കിലും ഒഴിവാക്കുകയോ ചെയ്തിട്ടില്ല എന്നാണ് ഞാന്‍ മറുപടി നല്‍കിയത്. അത് ഇപ്പോഴും ആവര്‍ത്തിക്കുന്നു, കഴിഞ്ഞ ദിവസങ്ങളില്‍ വിവിധ ടി വി ചാനല്‍ ചര്‍ച്ചകളില്‍ ആവര്‍ത്തിച്ച ശേഷവും പ്രസക്തി നഷ്ടപ്പെടാത്ത കാര്യമായതുകൊണ്ട്.
പൊതുവായി പറഞ്ഞ കാര്യങ്ങളും അഭിമുഖത്തില്‍ കൊടുത്തത് ചതിയാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ അടുത്ത വാചകം. ‘വിവാദ സംഭാഷണ’ത്തിനിടയില്‍ ചോദിച്ച ഒരു കാര്യം ഞാന്‍ അദ്ദേഹത്തെ ഓര്‍മിപ്പിച്ചു. ഈ പറയുന്നതൊക്കെ പ്രസിദ്ധീകരിക്കാമോ സര്‍ എന്ന് ചോദ്യം, ഞാന്‍ ഈ പറയുന്നതില്‍ പ്രസിദ്ധീകരിക്കാന്‍ പറ്റാത്തത് ഒന്നുമില്ല എന്ന് മറുപടി.

അപ്പോള്‍പിന്നെങ്ങനെയാണ് അത് ചതിയാകുന്നത്? മുമ്പൊരു മാധ്യമപ്രവര്‍ത്തകന്‍ (പേര് പറയുന്നു) ഇതുപോലെ എന്നോടൊരു സൂത്രപ്പണി കാണിച്ചതാണ്, പിന്നീടൊരിക്കലും ഞാന്‍ അയാളോടു സംസാരിക്കാന്‍ തയാറായിട്ടില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഞാന്‍ ഒരു സൂത്രപ്പണിയും ഒപ്പിച്ചിട്ടില്ല എന്ന എന്റെ മറുപടിയോടെ അവസാനിച്ച ആ ഫോണ്‍ സംഭാഷണത്തിനു ശേഷം ജൂലൈ 7ന് കൊച്ചിയിലും ഒമ്പതിന് തിരുവനന്തപുരത്തും അദ്ദേഹം ആ വാദം ആവര്‍ത്തിച്ചു. റെക്കോര്‍ഡ് ചെയ്തത് അനുവാദമില്ലാതെയാണ് എന്ന്. പറഞ്ഞതിലൊന്നില്‍ നിന്നുപോലും പിന്നോട്ടു പോകാതെതന്നെ അത് രേഖയായി മാറിയതാണ് പ്രശ്‌നം എന്ന് പറയുന്നതിലെ വിരോധാഭാസം പ്രകടമായിരുന്നു.

ജൂണ്‍ 26 ലക്കം സമകാലിക മലയാളത്തില്‍ കവര്‍ സ്റ്റോറിയായി വന്ന റിപ്പോര്‍ട്ടിനെക്കുറിച്ച് പറഞ്ഞുകൊണ്ടാണ് കൊച്ചിയിലെ പ്രതികരണം അദ്ദേഹം തുടങ്ങിയത്. അതില്‍ കുറേ തെറ്റുകളുണ്ടായിരുന്നുവെന്നും താന്‍ അതേക്കുറിച്ച് ചൂണ്ടിക്കാട്ടിയെന്നും മറ്റും. ‘സെന്‍കുമാര്‍ ഇറങ്ങുന്നു, പടമുഖത്തേക്ക്’ എന്ന തലക്കെട്ടില്‍ വന്ന റിപ്പോര്‍ട്ടിനെക്കുറിച്ചായിരുന്നു ആ പറഞ്ഞത്. യഥാര്‍ത്ഥത്തില്‍ അത് അഭിമുഖമായിരുന്നില്ല. സെന്‍കുമാര്‍ രണ്ടാമൂഴത്തില്‍ പൊലീസ് മേധാവിയായ ശേഷം അഭിമുഖീകരിച്ച പ്രശ്‌നങ്ങളെക്കുറിച്ചുള്ള ഒരു അവലോകന റിപ്പോര്‍ട്ടായിരുന്നു. ജൂലൈ രണ്ടിന് തയാറാക്കിയ അഭിമുഖം പൂര്‍ണരൂപത്തില്‍ വാരികയില്‍ പ്രസിദ്ധീകരിക്കാതെ സമകാലിക മലയാളം ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ചതും ഒരേ ആളെത്തന്നെ തുടര്‍ച്ചയായി കവര്‍ ആക്കുന്നതിലെ അനൗചിത്യം കാരണമാണ്. അഭിമുഖം തുടങ്ങുന്നതിനു മുമ്പ് അദ്ദേഹം ജൂലൈ 26ലെ റിപ്പോര്‍ട്ടിലെ ചില ‘തെറ്റുകള്‍’ ചൂണ്ടിക്കാണിച്ചുവെന്നത് ശരിയാണ്. ആ ലക്കം വാരിക അദ്ദേഹത്തിന്റെ കൈയിലുണ്ടായിരുന്നു.

(എന്റെ മൊബൈല്‍ ഫോണിലെ റെക്കോര്‍ഡര്‍ ഓണ്‍ ചെയ്തു കൈയില്‍ പിടിച്ചുകൊണ്ടാണ് സംസാരം തുടങ്ങിയത്. അത് അദ്ദേഹത്തിന് മനസിലായെന്ന് മുഖഭാവത്തില്‍ നിന്ന് വ്യക്തവുമായിരുന്നു. മാസങ്ങള്‍ക്കു മുമ്പ് അദ്ദേഹം അവധിയിലായിരുന്നപ്പോള്‍ ഇതേപോലെ അദ്ദേഹത്തെ വീട്ടില്‍ പോയി കാണുകയും പൊലീസുമായി ബന്ധപ്പെട്ട വിവാദങ്ങളെക്കുറിച്ച് കുറേ നേരം സംസാരിക്കുകയും ചെയ്തിരുന്നു. അന്നും ഫോണ്‍ ഇതുപോലെതന്നെ റെക്കോര്‍ഡര്‍ ഓണ്‍ ചെയ്ത് കൈയില്‍പിടിച്ചാണ് ഇരുന്നത്. റെക്കോര്‍ഡ് ചെയ്യുന്നുണ്ടോ എന്ന് അപ്പോഴദ്ദേഹം ചോദിച്ചു. ഉണ്ടെന്ന് പറഞ്ഞപ്പോള്‍ തന്നെ ക്വോട്ട് ചെയ്യുകയേ അരുതെന്നും ചില പൊതുവായ വിവരങ്ങള്‍ നല്‍കുക മാത്രമാണ് ചെയ്യുന്നതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. അത് ഞാന്‍ പാലിക്കുകയും ചെയ്തു. എന്നാല്‍ ഇത്തവണ അഭിമുഖ സംഭാഷണത്തിന് അനുമതി ഉറപ്പാക്കിയാണ് വന്നിരിക്കുന്നത് എന്നതുകൊണ്ട് റെക്കോര്‍ഡിംഗിനെക്കുറിച്ച് പഴയതുപോലെ ഒരു സംസാരത്തിന്റെ ആവശ്യമുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെയാകണം റെക്കോര്‍ഡ് ചെയ്യുകയാണെന്ന് മനസിലായിട്ടും അദ്ദേഹം അന്നത്തെപ്പോലെ ചോദിച്ചുമില്ല. അഭിമുഖത്തിന് സമയം ചോദിക്കാന്‍ തലേന്ന് ഞാന്‍ അദ്ദേഹത്തെ ഫോണില്‍ വിളിച്ചിരുന്നു. എന്നാല്‍ എടുത്തില്ല. വിരമിച്ച തൊട്ടുപിറ്റേന്നായതുകൊണ്ടുള്ള തിരക്കുകള്‍ മനസിലാക്കാവുന്നതേ ഉണ്ടായിരുന്നുള്ളു. അതുകൊണ്ട് ഞാന്‍ ഒരു മെസ്സേജ് അയച്ചു. ‘ഗുഡ് മോണിങ് സര്‍. നാളെ ഒരു അഭിമുഖത്തിന് സമയം അനുവദിക്കാമോ’. ഓക്കെ എന്ന് മറുപടി വന്നു. ‘നന്ദി, സര്‍.എപ്പോള്‍, സമയം?’ എന്ന് എന്റെ അടുത്ത മെസ്സേജ്. 11 എ എം എന്ന് അദ്ദേഹത്തിന്റെ മറുപടി. പറഞ്ഞതിലും ഏതാനും മിനിറ്റുകള്‍ മുമ്പേ ഞാന്‍ എത്തി. അദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥരിലൊരാള്‍ അത് അദ്ദേഹത്തെ അറിയിച്ചപ്പോള്‍ ഇപ്പോഴെത്താമെന്ന് പറഞ്ഞയച്ചു. പതിനൊന്നുമണിക്കുതന്നെ അദ്ദേഹം സ്വീകരണമുറിയിലേക്ക് വന്ന് എന്നെ വിളിപ്പിക്കുകയും ചെയ്തു.)

ഇനിയിപ്പോള്‍ എല്ലാം പറയാന്‍ എനിക്ക് തടസങ്ങളൊന്നുമില്ല എന്ന് വ്യക്തമാക്കിക്കൊണ്ടാണ് അദ്ദേഹം സംസാരിച്ചുതുടങ്ങിയത്. അപ്പോള്‍ അദ്ദേഹത്തെ കാണാന്‍ ജന്മഭൂമി മുന്‍ ബ്യൂറോ ചീഫും പിന്നീട് ഇന്ത്യാവിഷന്‍ ഡെപ്യൂട്ടി എഡിറ്ററുമായിരുന്ന എസ് അനില്‍ വന്നു. അനില്‍ എന്റെ അടുത്ത സുഹൃത്തായതുകൊണ്ട് മൂന്നാമതൊരാളുടെ സാന്നിധ്യം അലോസരപ്പെടുത്തിയില്ല. തികച്ചും റിലാക്‌സ്ഡ് മൂഡിലായിരുന്നു സെന്‍കുമാര്‍. ഇനിയെന്താണ് ആക്ഷന്‍ പ്ലാന്‍ എന്ന് ചോദിച്ചപ്പോള്‍ നല്‍കിയ മറുപടി അതിന് ഉദാഹരണമായി. ‘ഇതുവരെ ശരിക്കുറങ്ങിയില്ല. നന്നായൊന്നുറങ്ങണം. ഇന്നലെ ഉണ്ണിയുടെ (ഉണ്ണി ബാലകൃഷ്ണന്‍) അഭിമുഖം കഴിഞ്ഞിറങ്ങുമ്പോള്‍ ഞാന്‍ പറഞ്ഞു. കാലത്തേ ജിമ്മി, അതുകഴിഞ്ഞ് ജോണി, പിന്നെ ഉണ്ണി. നിങ്ങളുടെ മൂന്നുപേരുടെയും ചോദ്യം ചെയ്യല്‍ കഴിഞ്ഞിട്ടും ഞാന്‍ ജീവിച്ചിരിപ്പുണ്ടല്ലോ എന്ന്. രണ്ട് മണിക്കൂര്‍ വീതമാണ് അവരെന്നെ ചോദ്യം ചെയ്തത്. അതീന്ന് പിന്നീട് എഡിറ്റ് ചെയ്താണല്ലോ കൊടുക്കുന്നത്.’

നിങ്ങളൊക്കെ ചോദിക്കുന്നതിന് ഞാന്‍ നേരിട്ടാണല്ലോ മറുപടി പറയുന്നത്, വേറൊരാള്‍ ( ഒരു ഐപിഎസ് ഓഫീസറുടെ പേര് പറയുന്നു) ഏതെങ്കിലും ചോദ്യത്തിന് നേരിട്ട് മറുപടി പറയാറുണ്ടോ എന്ന് ചോദിച്ചതും ചോദ്യം ചോദിച്ചാല്‍ പുതിയ ആകാശം പുതിയ ഭൂമി എന്ന മട്ടിലാണല്ലോ പറയുക എന്നുപറഞ്ഞതും അതേ തമാശ ഭാവത്തിലാണ്. സംഭാഷണത്തിലുടനീളം ചോദ്യങ്ങളും അവയ്ക്കുള്ള അദ്ദേഹത്തിന്റെ കൃത്യമായ മറുപടികളുമാണ് ഉണ്ടായത്. ഉദാഹരണത്തിന്, എസ് എം വിജയാനന്ദ് ചീഫ് സെക്രട്ടറിയായതുകൊണ്ട് നളിനി നെറ്റോയുടെ ചീഫ് സെക്രട്ടറി തസ്തിക വൈകിയതാണോ സാറിനോടുള്ള വിരോധം എന്ന ചോദ്യം. സെന്‍കുമാറും കെ എം ഏബ്രഹാമുമാണ് വിജയാനന്ദിനെ ഡല്‍ഹിയില്‍ നിന്നു മടക്കിക്കൊണ്ടുവരാന്‍ മുന്‍കൈയെടുത്തവര്‍ എന്ന് മുമ്പേ വാര്‍ത്തകളുണ്ടായിരുന്നു. അതുകൊണ്ടാണ് ആ ചോദ്യമുണ്ടായത്. ‘അതുതന്നെയാണ്, വേറൊരു കാര്യവുമില്ല.’ എന്ന് മറുപടി. തികച്ചും സത്യസന്ധമായും ആര്‍ജവത്തോടെയുമുള്ള പ്രതികരണങ്ങള്‍. ടി വി ചാനല്‍ അഭിമുഖങ്ങളില്‍ ശ്രദ്ധിക്കേണ്ട ശരീരഭാഷയിലെ സൂക്ഷ്മ ജാഗ്രത ഇത്തരമൊരു സംഭാഷണത്തില്‍ ആവശ്യമില്ലാത്തതുകൊണ്ടുകൂടിയാകണം ആ സ്വാഭാവികത വന്നത് എന്നെനിക്കു തോന്നി, പിന്നീട് ഓഡിയോ കേട്ടപ്പോള്‍. ആ അഭിമുഖങ്ങളിലൊന്നുമുണ്ടാകാത്ത വിധം മനസ്സുതുറന്നതും അതുകൊണ്ടുതന്നെയാകണം. അഭിമുഖത്തിന്റെ ഭാഗമല്ലാത്ത ചിലതെങ്കിലും അദ്ദേഹം ഇടയ്ക്ക് പറഞ്ഞുപോകുന്നതും ആ സംഭാഷണത്തിലെ ഒഴുക്കിന്റെ ഭാഗമായി വന്നുപെട്ടു. അതൊന്നും അഭിമുഖം തയ്യാറാക്കിയപ്പോള്‍ എഴുതിച്ചേര്‍ക്കാതിരിക്കാനുള്ള സൂക്ഷ്മത ഞാന്‍ ശ്രദ്ധയോടെ നിലനിര്‍ത്തി. സംശയമുള്ള ഭാഗങ്ങള്‍ ആവര്‍ത്തിച്ചുകേട്ട് അഭിമുഖത്തിന്റെ ഭാഗമാണെന്ന് ഉറപ്പുവരുത്തി. അങ്ങനെ ഒഴിവാക്കിയ കാര്യങ്ങള്‍ തെളിവിനു വേണ്ടി ഇപ്പോഴും പരാമര്‍ശിക്കാന്‍ ഉദ്ദേശിക്കുന്നില്ല. അത് മാധ്യമ ധാര്‍മികതയുമായി ബന്ധപ്പെട്ട് എന്റെ മിനിമം ഉത്തരവാദിത്വമാണ്. ഞങ്ങളുടെ ഒന്നര മണിക്കൂറോളം നീണ്ട സംഭാഷണത്തിനിടയില്‍ അദ്ദേഹത്തിന് നിരവധി ഫോണ്‍വിളികള്‍ വരുന്നുണ്ടായിരുന്നു. അദ്ദേഹംതന്നെ പറഞ്ഞു, അഭിനന്ദനങ്ങള്‍ അറിയിച്ചുകൊണ്ടുള്ള വിളികളാണ്. അതല്ലാതെയുള്ള വിളികളുമുണ്ടായി. അവയിലെ സംഭാഷണ വിഷയങ്ങളോ അദ്ദേഹത്തിന്റെ പ്രതികരണങ്ങളോ സ്വാഭാവികമായും എനിക്ക് ശ്രദ്ധിക്കേണ്ടതുണ്ടായിരുന്നില്ല, ശ്രദ്ധിച്ചുമില്ല. അപ്പോഴൊക്കെ ഞാനും അനിലുമായി പതിഞ്ഞ സ്വരത്തില്‍ മറ്റു പല കാര്യങ്ങളും സംസാരിച്ചു. പക്ഷേ, റെക്കോര്‍ഡര്‍ ഇടയ്ക്കിടെ ഓഫ് ചെയ്യുന്നതൊഴിവാക്കാന്‍ അതേപടി വച്ചിരുന്നു. പിന്നീട് എഴുതിയെടുക്കാന്‍ കേട്ടപ്പോഴും ആ ഭാഗങ്ങള്‍ ‘ഓടിച്ചുവിട്ട്’ ഞങ്ങളുടെ ഔപചാരിക സംഭാഷണത്തിലേക്ക് വേഗം പോവുകയാണു ചെയ്തത്. അങ്ങനെയാണ് ചെയ്തതെന്ന് പ്രത്യേകം എടുത്തു പറയേണ്ടതുപോലുമില്ല. എന്തുകൊണ്ടെന്നാല്‍ അടിസ്ഥാന ധാര്‍മിക മൂല്യങ്ങളുടെ ഭാഗമാണത്, മാധ്യമ ധാര്‍മികതയ്ക്കും മുമ്പേ രൂപംകൊണ്ട പെരുമാറ്റ ധാര്‍മികതയുടെ ഭാഗമാണത്. പക്ഷേ, ഫോണ്‍ സംഭാഷണങ്ങളിലും സ്വകാര്യ സംഭാഷണത്തിലും വന്ന കാര്യങ്ങള്‍ അഭിമുഖത്തിന്റെ ഭാഗമായിട്ടുണ്ടാകാം എന്ന സംശയം കൊച്ചിയില്‍ മാധ്യമങ്ങളോട് സംസാരിച്ചപ്പോള്‍ അദ്ദേഹം പ്രകടിപ്പിച്ചു കണ്ടു. അതുകൊണ്ടാണ് ഈ വിശദീകരണം. അഭിമുഖം വിവാദമായപ്പോള്‍ ഓഡിയോ പ്രസിദ്ധീകരിച്ചുകൂടേ എന്ന് വ്യാപകമായുണ്ടായ ചോദ്യങ്ങള്‍ക്ക് മറുപടികൂടിയാണ് ഇത്. ഫോണ്‍ സംഭാഷണങ്ങളും അഭിമുഖത്തിന്റെ ഭാഗമല്ലാത്ത വര്‍ത്തമാനങ്ങളും ഉള്‍പ്പെട്ട എഡിറ്റു ചെയ്യാത്ത ടേപ് അതേവിധം പുറത്തുവിട്ടുകൊണ്ടല്ല വിശ്വാസ്യത തെളിയിക്കേണ്ടത് എന്ന് ഞങ്ങള്‍ക്ക് ഉറച്ച ബോധ്യമുണ്ട്. പിന്നെയും പിന്നെയും ഒരേതരം വാസ്തവവിരുദ്ധമായ കുറ്റാരോപണങ്ങള്‍ ആവര്‍ത്തിച്ച് തെറ്റിദ്ധരിപ്പിക്കല്‍ തുടര്‍ന്നാല്‍ മാത്രം ആലോചിക്കേണ്ട കാര്യമാണ് എഡിറ്റ് ചെയ്യാത്ത ഓഡിയോ ടേപ് അങ്ങനെതന്നെ കേരളീയ സമൂഹത്തിനു മുന്നില്‍ വയ്ക്കുക എന്നത്. പഴഞ്ചൊല്ലില്‍ പറയുന്ന മുറുമുറുപ്പ് പോലെയൊരു വക്കീല്‍ നോട്ടീസ് അന്തരീക്ഷത്തിലുണ്ട്. യഥാര്‍ത്ഥത്തില്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ വിശ്വസിച്ച് ഉത്തമ ബോധ്യത്തോടെ പ്രസിദ്ധീകരിച്ചതിന്റെ പേരില്‍ തെറ്റിദ്ധരിപ്പക്കലിനു വിധേയനായ മാധ്യമ പ്രവര്‍ത്തകനും മാധ്യമ സ്ഥാപനവുമാണ് അപകീര്‍ത്തിക്ക് ഇരയായത്. ഞങ്ങള്‍ അദ്ദേഹത്തിനാണ് നോട്ടീസ് അയയ്‌ക്കേണ്ടത് .

നടിയെ അപമാനിച്ച കേസിന്റെ അന്വേഷണത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞതിന്റെ ഒരു ഭാഗം മാത്രമേ പ്രസിദ്ധീകരിച്ചുള്ളു എന്നത് ശരിയേ അല്ല. ആ സംഭവത്തില്‍ ദിലീപിന്റെ പങ്കിനെക്കുറിച്ച് തെളിവുകളുള്ളതായി തനിക്ക് ഇന്‍ഫര്‍മേഷനൊന്നുമില്ല എന്ന് അദ്ദേഹം പറഞ്ഞു. ആ സാഹചര്യത്തില്‍ തെളിവുണ്ടായിരുന്നില്ല എന്നാണ് പറഞ്ഞതെന്ന് പിന്നീട് വിശദീകരിക്കുകയും ചെയ്തു. അദ്ദേഹം ഡിജിപിയായിരുന്ന കാലത്തെ കാര്യം തന്നെയാണ് എന്റെ ചോദ്യത്തിനുത്തരമായും പറഞ്ഞത്. അതിന് വേറെ ഭാഗമൊന്നുമില്ല.

മതതീവ്രവാദത്തെയും ഇടതുപക്ഷ തീവ്രവാദത്തെയും അഭിമുഖീകരിക്കുന്നതിന് കാര്യമായ ഇടപെടല്‍ നടത്തിയ പൊലീസ് ഉദ്യോഗസ്ഥന്മാരുടെ മുന്‍ നിരയിലുള്ള ആളെന്ന നിലയില്‍ സര്‍ക്കാര്‍ ആ കാര്യങ്ങളില്‍ ഇനി എന്തു ചെയ്യണം എന്നാണ് താങ്കളുടെ നിര്‍ദേശം എന്നായിരുന്നു അതുമായി ബന്ധപ്പെട്ട ചോദ്യം. മത തീവ്രവാദവുമയി ബന്ധപ്പെട്ട മറുപടി പറഞ്ഞുകൊണ്ടിരിക്കുന്നതിനിടെയും ആരുടെയോ ഫോണ്‍ വിളി വന്നു. ഇസ്രയേലുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ പറഞ്ഞുതീര്‍ന്ന ഉടനെയായിരുന്നു അത്. ആ ഫോണ്‍ സംഭാഷണം അദ്ദേഹം അവസാനിപ്പിച്ചയുടന്‍ ഞാന്‍ ആ ചോദ്യത്തിന്റെ അടുത്ത ഭാഗത്തെക്കു പോകാന്‍ ഇടതുപക്ഷ തീവ്രവാദത്തേക്കുറിച്ച് ചോദിക്കാന്‍ തുടങ്ങി. എന്നാല്‍, അല്ല, ഞാന്‍ പറഞ്ഞുവന്നത് എന്ന് പറഞ്ഞുകൊണ്ട് അദ്ദേഹം നേരത്തെ പറഞ്ഞുവന്നതിന്റെ തുടര്‍ച്ചയിലേക്കാണ് പോയത്. അതുമായി ബന്ധപ്പെട്ട വിവാദ പരാമര്‍ശങ്ങളെല്ലാം പിന്നീടാണുണ്ടായത്. പറഞ്ഞതൊന്നും പിന്നീട് തിരുവനന്തപുരത്ത് ജന്മഭൂമിയുടെ പ്രതിഭാ സംഗമത്തിനു ശേഷം മാധ്യമങ്ങളോടു സംസാരിച്ചപ്പോഴും അദ്ദേഹം നിഷേധിച്ചുമില്ല. മുസ്‌ലിം വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയെന്ന ആരോപണം പല തലങ്ങളില്‍ നിന്ന് ഉയര്‍ന്നതിനെയാണ് അദ്ദേഹം നിഷേധിച്ചത്, അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങളല്ല. അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ അതേവിധം പ്രസിദ്ധീകരിച്ചതിന്റെ തുടര്‍ച്ചയായി ഉണ്ടായ വ്യാഖ്യാനങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വിശദീകരണം നല്‍കേണ്ട ബാധ്യത സമകാലിക മലയാളത്തിന് ഇല്ല.

നേരത്തേ തമാശയായി പറഞ്ഞ, തനിക്കൊന്ന് ഉറങ്ങണമെന്ന കാര്യം വീണ്ടും അദ്ദേഹം പറഞ്ഞത് കാര്യമായാണ്. അഭിമുഖം അവസാനിപ്പിച്ച മാന്യമായ സൂചന നല്‍കലായി ഞാനതിനെ മനസ്സിലാക്കി. താങ്കളുടെ വായന, സാമൂഹിക പ്രശ്‌നങ്ങളോടുള്ള നിലപാടുകള്‍ തുടങ്ങിയ തൊക്കെക്കൂടി ഉള്‍പ്പെടുന്ന അഭിമുഖമാണ് ഉദ്ദേശിച്ചതെന്നു ഞാന്‍ പറഞ്ഞു. സമയം കുറേയായതുകൊണ്ട് ഇനിയിപ്പോ അത് നടക്കാത്തതിലെ നിരാശയും അറിയിച്ചു. ‘അങ്ങനെയാണെങ്കില്‍ നിങ്ങള്‍ എന്നെക്കുറിച്ച് ഒരു പുസ്തകം തന്നെ എഴുതുന്നതായിരിക്കും നന്നാവുക’ എന്ന് അദ്ദേഹം ചിരിച്ചുകൊണ്ടു പറഞ്ഞു. ഞാന്‍ തയാറാണെന്നും സര്‍ സമ്മതിച്ചാല്‍ മതിയെന്നും പറഞ്ഞപ്പോള്‍ അദ്ദേഹം ചിരിക്കുക മാത്രം ചെയ്തു. ടിജെഎസ് ജോര്‍ജ് സര്‍ വി കെ കൃഷ്ണ മേനോന്റെ ജീവചരിത്രം എഴുതിയത് അദ്ദേഹം അനുവാദം കൊടുത്തിട്ടല്ല, പിന്നാലെ നടന്നിട്ടാണ് എന്ന് പറഞ്ഞപ്പോള്‍ അദ്ദേഹം ശ്രദ്ധിച്ചു.

ഇന്നിത്രയുമൊക്കെ പോരേ എന്ന് അദ്ദേഹം ചോദിച്ചപ്പോള്‍ റ്റു ബി കണ്ടിന്യൂഡ് എന്നൊരു തമാശ ഞാനും പറഞ്ഞു. എന്നിട്ടെണീറ്റു. അദ്ദേഹം എണീറ്റ് എനിക്ക് കൈതന്നു യാത്രയാക്കി.
ഇതെല്ലാം കഴിഞ്ഞ്, പറഞ്ഞതൊക്കെ അതിവേഗം കത്തിപ്പിടിച്ചപ്പോള്‍ അദ്ദേഹം പതറിപ്പോയിരിക്കുന്നു എന്നാണ് മനസിലാകുന്നത്. എന്നിട്ടും സെന്‍കുമാര്‍ സര്‍, താങ്കള്‍ അടിസ്ഥാനമില്ലാത്ത കാര്യങ്ങള്‍ പറഞ്ഞ് ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന പരിപാടി നിര്‍ത്തിയില്ലല്ലോ. താങ്കള്‍ക്കു വേണ്ടി സുപ്രീംകോടതിയില്‍ സൗജന്യമായി വാദിച്ച് വിജയം നേടിത്തന്ന പ്രമുഖ അഭിഭാഷകന്‍ ദുഷ്യന്ത് ദവെ അതില്‍ പശ്ചാത്തപിച്ച് മാധ്യമങ്ങളോടു സംസാരിച്ചതിന് താങ്കള്‍ അദ്ദേഹത്തിനു നല്‍കിയ മറുപടിയിലെ ഒരു വാചകം പത്രത്തില്‍ വന്നിരുന്നു. ‘മുന്‍ തീവ്രവാദി രഹസ്യമായി റെക്കോര്‍ഡ് ചെയ്ത് പ്രസിദ്ധീകരിച്ചതാണ്’ എന്നതാണ് അത്.

കഷ്ടംതന്നെ, താങ്കളുടെ ചിന്തകളും വ്യക്തിഹത്യാ പ്രവണതയും പോകുന്ന വഴികള്‍. സംസ്ഥാന പൊലീസ് മേധാവിയായി വിരമിച്ച, ഇന്റലിജന്‍സ് മേധാവിയായിരുന്ന മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥന് ആരെക്കുറിച്ച് എന്തു വിവരമാണ് ലഭിക്കാത്തത്? ഇരുപത്തിമൂന്ന് വര്‍ഷമായി മാധ്യമ പ്രവര്‍ത്തനം നടത്തുന്ന, 2001 മുതല്‍ തിരുവനന്തപുരത്ത് വിവിധ മാധ്യമങ്ങളില്‍ ബ്യൂറോ ചീഫിന്റേതുള്‍പ്പെടെ ചുമതലകള്‍ വഹിച്ചയാളെക്കുറിച്ച് സംശയകരമായ എന്തെങ്കിലും വിവരങ്ങളുടെ കണികയെങ്കിലുമുണ്ടെങ്കില്‍ ആ മാധ്യമ പ്രവര്‍ത്തകനെ ഏഴയലയത്ത് അടുപ്പിക്കുമോ, ഫോണ്‍ വിളികളോടും മെസ്സേജുകളോടും പ്രതികരിക്കുമോ, ഒന്നേമുക്കാല്‍ മണിക്കൂര്‍ ‘സ്വകാര്യ സംഭാഷണം’ നടത്തുമോ?

എനിക്ക് പക്ഷേ, അത്ഭുതമില്ല. എന്തുകൊണ്ടെന്നാല്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോ, മുന്‍ ചീഫ് സെക്രട്ടറി എം വിജയനുണ്ണി, മുന്‍ ഡിജിപി അലക്‌സാണ്ടര്‍ ജേക്കബ്, ഡിജിപി ജേക്കബ് തോമസ്, എഡിജിപി ടോമിന്‍ ജെ തച്ചങ്കരി എന്നിവരെക്കുറിച്ച് പറഞ്ഞ മോശം വാക്കുകള്‍ ഞാന്‍ കേട്ടതാണല്ലോ.

പി എസ് റംഷാദ്‌

You must be logged in to post a comment Login