മൂസിലിന്റെ തകര്‍ച്ച ഓര്‍മിപ്പിക്കുന്നത്

മൂസിലിന്റെ തകര്‍ച്ച ഓര്‍മിപ്പിക്കുന്നത്

മാര്‍ഷല്‍ ലിയോട്ടി എന്ന ചരിത്രകാരന്‍ മുസ്‌ലിം ലോകത്തെ ഉപമിച്ചത് വലിയൊരു തകരച്ചെണ്ടയോടാണ്. അതിന്റെ ഏതെങ്കിലുമൊരു ഭാഗത്ത് മുട്ടിയാല്‍ എല്ലാഭാഗത്തും അനുരണനങ്ങള്‍ അനുഭവപ്പെടും. മുസ്‌ലിം ലോകത്ത് എവിടെയെങ്കിലും വല്ല സംഭവവും ഉണ്ടായാല്‍ ലോകത്തിന്റെ ഏത് കോണിലുള്ള മുസ്‌ലിം സമൂഹത്തിലും അതിന്റെ അലയൊലി കേള്‍ക്കാമെന്ന് സാരം. കാരണം, മറ്റൊരു മതസമൂഹത്തിലും കാണാന്‍ സാധിക്കാത്ത ഏകരൂപമായ മനോഘടനയും ഐക്യവും മുസ്‌ലിം സമൂഹത്തിന്റെ ജൈവിക സവിശേഷതയാണത്രെ. ഈ നിരീക്ഷണത്തിലെ വാസ്തവികത പരിശോധിക്കുന്നതിനു ഭൂതവും വര്‍ത്തമാനവും നിവര്‍ത്തിപ്പിടിക്കാന്‍ തുനിയുന്നതിനു പകരം, കണ്‍മുമ്പിലെ അനുഭവസാക്ഷ്യങ്ങളെ തിരിച്ചറിവിന്റെ പാഠങ്ങളായി അവതരിപ്പിക്കാനാണ് ശാഹിദ് ശ്രമിക്കുന്നത്. ഇസ്‌ലാമിക് സ്‌റ്റേറ്റ് (അറബികളുടെ ‘ദാഇശ്’) തീവ്രവാദികള്‍ 2004ല്‍ ഖലീഫയായി അവരോധിച്ച അബൂബക്കര്‍ ബഗ്ദാദി എന്നോ കൊല്ലപ്പെട്ടിരിക്കയാണെന്ന വിവിധ സ്രോതസ്സുകളില്‍നിന്നുള്ള വാര്‍ത്ത മുസ്‌ലിം ലോകത്ത് ഒരുതരത്തിലുമുള്ള അനുരണനങ്ങള്‍ സൃഷ്ടിക്കാതിരുന്നതും സൂക്ഷ്മതലത്തിലുള്ള ചര്‍ച്ചക്ക് വിഷയമാവാതിരുന്നതും എന്തുകൊണ്ടാണെന്ന് അക്കാദമിക തലത്തില്‍ പോലും സംവാദമാകുന്നില്ല. ഇങ്ങനെയൊരു ഖലീഫയെ ഇറാഖിലെ മൂസില്‍ ആസ്ഥാനമാക്കി അവരോധിച്ചിട്ടുണ്ട്, അല്ലെങ്കില്‍ സ്വയം അവരോധിതനായിട്ടുണ്ട് എന്ന വാര്‍ത്തപോലും നൂറുശതമാനം സത്യമാണെന്ന് വിശ്വസിച്ച് അണ്ണാക്ക് തൊടാതെ മുസ്‌ലിം ലോകം വിഴുങ്ങിയിരുന്നില്ല എന്നതാണ് സത്യം. അതുകൊണ്ടുതന്നെ അബൂബക്കര്‍ ബഗ്ദാദി മരിച്ചാലും ജീവിച്ചാലും നമുക്കെന്ത് ചേതം എന്ന നിസംഗമനോഭാവമാണ് മുസ്‌ലിം ലോകത്ത് പൊതുവെ ദൃശ്യമായത്. 1924ല്‍ ഉസ്മാനിയ്യ ഖിലാഫത്ത് (ഓട്ടോമന്‍ തുര്‍ക്കി)വിപാടനം ചെയ്യപ്പെട്ട ശേഷം ഒരു ഖലീഫയെ കുറിച്ച് നാം കേള്‍ക്കാന്‍ തുടങ്ങിയത് ഇസ്‌ലാമിക് സ്‌റ്റേറ്റ് ഓഫ് ഇറാഖ് ആന്റ് ലവാന്റ് (ഐ.എസ്.ഐ.എല്‍) എന്ന തീവ്രവാദഗ്രൂപ്പ് 2011തൊട്ട് ആഗോളതലത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടതോടെയാണ്. അതിനു മുമ്പ് ഇസ്‌ലാമിക ലോകത്തിന്റെ നിലനില്‍പിനായി ഒരു ഖലീഫ അനിവാര്യമാണെന്ന ചിന്ത ഏതെങ്കിലും വിശ്വാസധാര വെച്ചുപുലര്‍ത്തിയതായി ചൂണ്ടിക്കാട്ടാന്‍ കഴിയില്ല. അതേസമയം, തങ്ങള്‍ ചരിത്രത്തിന്റെ ചവറ്റുകൊട്ടയില്‍ തള്ളിയ ഖിലാഫത്തിന്റെ പുനഃസ്ഥാപനത്തിനായി ഇസ്‌ലാമിക മനസ്സ് കേഴുന്നുണ്ട് എന്ന തരത്തിലുള്ള ബൗദ്ധികചര്‍ച്ചകള്‍ ക്രിസ്ത്യന്‍ ലോകത്ത് പലതലങ്ങളിലും സജീവമായി തുടരുന്നുണ്ടായിരുന്നു. മുസ്‌ലിം ഭീകരവാദത്തെ കുറിച്ചുള്ള വര്‍ത്തമാനകാല രാഷ്ട്രീയ വ്യവഹാരങ്ങളില്‍ 2017 ജൂലൈ ഇടം നേടുന്നത് അബൂബക്കര്‍ ബഗ്ദാദിയുടെ തിരോഭവനം ബന്ധപ്പെട്ടവര്‍ പരസ്യമായി പ്രഖ്യാപിച്ചതും മൂസില്‍ ഐ.എസില്‍ നിന്ന് മോചിപ്പിച്ചതായി ഇറാഖ് പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദി ജൂലൈ ഒമ്പതിന് സൈനിക ക്യാമ്പില്‍ ചെന്ന് വിളംബരം ചെയ്തതുകൊണ്ടുമാണ്. 2016 ഒക്‌ടോബറില്‍ തുടങ്ങിയ പോരാട്ടത്തിലൂടെ മൂസില്‍ എന്ന 20ലക്ഷം മനുഷ്യര്‍ ജീവിക്കുന്ന വന്‍നഗരത്തിന്റെ സര്‍വനാശം ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ അതിലടങ്ങിയ രാഷ്ട്രീയം ആരും ചര്‍ച്ച ചെയ്തതായി കണ്ടില്ല. ചരിത്രത്തിന്റെ പ്രതികാരത്തെ കുറിച്ചും വിശകലനങ്ങള്‍ നടന്നില്ല. മൂസില്‍ പട്ടണത്തിന്റെ മുഖചിഹ്‌നമായ അല്‍നൂരി മസ്ജിദിന്റെ മിനാരങ്ങള്‍ തകര്‍ക്കപ്പെട്ടത് ഐ.എസിന്റെ പതനം ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടതിനു സമാനമാണെന്ന് ഇറാഖ് പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദി പറഞ്ഞത് അര്‍ധസത്യമായിരുന്നു. പൂര്‍ണസത്യം, എണ്ണൂറ് വര്‍ഷം മുമ്പ് കുരിശുയുദ്ധത്തില്‍ ക്രിസ്ത്യാനികളെ പരാജയപ്പെടുത്തിയതിനുള്ള പകരം വീട്ടലാണ് ഇത് എന്നതായിരുന്നു. അല്‍നൂരി മസ്ജിദിന്റെ ചരിത്രത്തിലേക്ക് ഒന്ന് എത്തിനോക്കിയാല്‍, അല്ലെങ്കില്‍ കുരിശുയുദ്ധത്തിന്റെ നാള്‍വഴികള്‍ പരിശോധിച്ചാല്‍ മൂസിലിനുള്ള പ്രാധാന്യവും ഈ പള്ളിയുടെ സവിശേഷതയും ബോധ്യമാവും. ഈ പള്ളിയുടെ മിമ്പറില്‍ വെച്ചാണത്രെ നാല് വര്‍ഷം മുമ്പ് അബൂബക്കര്‍ ബഗ്ദാദി ഖലീഫയായി സ്വയം പ്രഖ്യാപിക്കുന്നത്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, ഐ.എസ് അല്‍ ഖാഇദ പോലെയല്ല, പ്രത്യക്ഷമായ രാഷ്ട്രീയ ശക്തിയാണെന്ന് ലോകത്തെ ബോധ്യപ്പെടുത്താന്‍ ബഗ്ദാദിയെ ഖലീഫയായി ഏതൊക്കെയോ ശക്തികള്‍ എഴുന്നെള്ളിക്കുന്നത്. കുരിശുയുദ്ധ നായകന്‍ നൂറുദ്ദീന്‍ മഹ്മൂദ് സെങ്കിയുടെ ഓര്‍മക്കായി 1171 ല്‍ സ്ഥാപിക്കപ്പെട്ട ഈ ആരാധനാലയം സുന്നി ഇസ്‌ലാമിന്റെ പ്രഭാവചിഹ്‌നമായിരുന്നു എക്കാലവും. പള്ളി ബോംബിട്ട് തകര്‍ത്തത് അമേരിക്കയാണെന്ന് തദ്ദേശവാസികളും ഐ.എസും പറയുമ്പോള്‍ ഐ.എസാണ് നാശത്തിനു പിന്നിലെന്ന് ബഗ്ദാദ് ഭരണകൂടം കുറ്റപ്പെടുത്തുന്നു. ചരിത്രപ്രാമുഖ്യം ഉള്‍കൊള്ളാതെ, എത്രയോ പള്ളികളും മഖ്ബറകളും ഐ.എസ് ഇതിനകം തകര്‍ത്തിട്ടുണ്ട് എന്ന പടിഞ്ഞാറന്‍ പ്രചാരണത്തില്‍നിന്ന് തന്നെ പലതും വായിച്ചെടുക്കാനുണ്ട്. ഇസ്‌ലാമിക നാഗരികതയുടെ അവസാനത്തെ മുദ്രകളും തുടച്ചുമാറ്റി പശ്ചിമേഷ്യയുടെ ചരിത്രം തിരുത്തിയെഴുതുക എന്നത് ക്രൈസ്തവജൂത മൗലികവാദികളുടെ മുഖ്യഅജണ്ടയെന്ന് ഐ.എസ് ഭീകരവാദത്തെ കുറിച്ചുള്ള കോലാഹലങ്ങള്‍ക്കിടയില്‍ ലോകം മനസ്സിലാക്കാതെ പോയി.

മൂസിലും കുരിശുയുദ്ധവും
ഇസ്‌ലാമിക് സ്‌റ്റേറ്റ് ഭീകരവാദികള്‍ക്കെതിരായ യു.എസിന്റെ നേതൃത്വത്തിലുള്ള ആക്രമണങ്ങള്‍ക്ക് തുടക്കമിട്ടത് മുതല്‍ കേള്‍ക്കുന്ന പേരുകളാണ് മൂസിലിന്റെയും അലപ്പോയുടെയും. ഇസ്‌ലാമിന്റെ ഇതഃപര്യന്ത ചരിത്രത്തില്‍ ഈ രണ്ടുപട്ടണങ്ങള്‍ക്കുള്ള സ്ഥാനം വേണ്ടവിധം ഗ്രഹിക്കാത്തത് കൊണ്ടാണ് അല്‍നൂരി മസ്ജിദ് ധൂമപടലങ്ങളായി തകര്‍ത്തെറിഞ്ഞപ്പോഴും മൂസില്‍ പട്ടണം പ്രേതഭൂമിയായി മാറ്റിയപ്പോഴും മുസ്‌ലിം ലോകത്ത് കാര്യമായ പ്രതികരണമൊന്നും കാണാതെ പോയത്. മുസ്‌ലിം ലോകം എന്ന ആശയം രൂപപ്പെട്ടത് എന്നുതൊട്ടാണ് എന്ന അന്വേഷണത്തിന്റെ പ്രസക്തി ഇവിടെയാണ്. വിശ്വാസി സമൂഹം ഒരു ‘ഉമ്മത്ത്’ എന്ന നിലയില്‍ പ്രവാചകര്‍(സ) യുടെ കാലഘട്ടത്തില്‍ തന്നെ കൂട്ടായ്മ രൂപപ്പെട്ടുവെങ്കിലും ആധുനിക ലോകത്തെ രാഷ്ട്രീയ വ്യവഹാരഭാഷയില്‍ ‘മുസ്‌ലിം ലോകം’ (Muslim World) എന്ന പ്രയോഗം പ്രചാരത്തില്‍ വരുന്നത് 19ാം നൂറ്റാണ്ടിലാണെന്നാണ് സെമീല്‍ ഐദീന്‍ (The Idea of Muslim World, A Global intellectual History) നിരീക്ഷിക്കുന്നത്.

കോളനിശക്തികളുടെ കടന്നുകയറ്റത്തിനു മുമ്പ് വിവിധ രാജ്യങ്ങളിലെ മുസ്‌ലിം സമൂഹത്തെ ഏകോപിപ്പിക്കുന്ന രാഷ്ട്രീയശക്തി വളര്‍ന്നുവന്നിട്ടില്ല എന്ന തെറ്റായ ഒരനുമാനം ഈ വാദത്തില്‍ അന്തര്‍ഭവിച്ചിട്ടില്ലേ എന്ന് സംശയിച്ചേക്കാം. യഥാര്‍ത്ഥത്തില്‍ ഇസ്‌ലാമിക ലോകം ക്രിസ്ത്യന്‍ ലോകത്തില്‍നിന്നും ഭിന്നമായ ഒരു സ്വത്വം രൂപപ്പെടുത്തുന്നത് കുരിശുയുദ്ധത്തോടെയാണ്. യൂറോപ്പ് എന്ന ആശയത്തിന്റെ പിറവി പോലും ഈ കാലഘട്ടത്തിന്റെ ഉല്‍പന്നമാണെന്ന് മുഹമ്മദ് അസദ് നിരീക്ഷിക്കുന്നുണ്ട്; ‘മക്കയിലേക്കുളള പാത’യില്‍. പോപ്പ് അര്‍ബന്‍ രണ്ടാമന്റെ ആഹ്വാനപ്രകാരം 1099ല്‍ ക്രൈസ്തവ സൈനിക സഖ്യം ജറൂസലം മുസ്‌ലിംകളില്‍ നിന്ന് പിടിച്ചെടുക്കുന്നതോടെയാണ് കുരിശുയുദ്ധത്തിന് തുടക്കമിടുന്നത്. 1095ല്‍ ഫ്രഞ്ച് പട്ടണമായ ക്ലമൗണ്ടില്‍ ചേര്‍ന്ന കാതലിക് ചര്‍ച്ച് കൗണ്‍സിലില്‍ വെച്ചാണ് മുസ്‌ലിം ലോകത്തിനു എതിരായ പോരാട്ടത്തിനു ആഹ്വാനം ഉയരുന്നത്. ക്രിസ്ത്യാനികളെ ആത്മീയമായ ഉന്മാദത്തിലേക്ക് എടുത്തെറിയുന്ന പ്രസംഗമാണ് പോപ്പ് അവിടെ നടത്തിയത്. ”പോരാടുക എന്നത് നിങ്ങളുടെ കടമയാണ്. നമ്മുടെ ഭൂമിയും നമ്മുടെ സ്വത്തും കാത്തുസൂക്ഷിക്കാന്‍ നിങ്ങള്‍ പോരാട്ടം തുടരേണ്ടതുണ്ട്. നമ്മുടെ സ്വത്തുക്കള്‍ എന്ന് പറയുന്നത് നിങ്ങളുടേതാണ്. ഈ അവിശ്വാസികളെ നേരിട്ട് നമ്മുടെ പുണ്യഭൂമി തിരിച്ചുപിടിക്കേണ്ടതുണ്ട്. അത് ദൈവത്തിന്റെ വിധിയാണ്” പീറ്റര്‍ ദി ഹെര്‍മിറ്റ് എന്ന കിളവന്‍ ഭിക്ഷുവിന്റെ നേതൃത്വത്തില്‍ സൈന്യം കിഴക്കോട്ടേക്ക് യാത്രയായി. ജറൂസലം ആയിരുന്നു ലക്ഷ്യം. പക്ഷേ ഏഷ്യാ മൈനറില്‍ സെല്‍ജൂക്ക് വംശജര്‍ അവിശ്വാസികളെ വേണ്ടവിധം നേരിട്ടപ്പോള്‍ സൈന്യം ഛിന്നഭിന്നമായി. ഓരോ ഭടനും ചവിട്ടിമെതിക്കപ്പെട്ടു. നാണംകെട്ട ഈ തിരിച്ചടിക്ക് പകരം വീട്ടാനാണ് ഉന്നതകുലജാതരുടെ നേതൃത്വത്തില്‍ ഒന്നാം കുരിശുയുദ്ധ സേന സര്‍വായുധവിഭൂഷിതരായി പുറപ്പെടുന്നത്. 1999 ജൂലൈയില്‍ ഒരു വര്‍ഷത്തെ രക്തപങ്കില പോരാട്ടങ്ങള്‍ക്കും പ്ലേഗ് ബാധക്കും കടുത്ത ക്ഷാമത്തിനും ശേഷം ജറൂസലമില്‍ കാലുകുത്തി. 1099 ജൂലൈ 15ന് ‘ഖലീഫ’യുടെ സ്വാധീനത്തില്‍നിന്ന് ഇപ്പോള്‍ മൂസിലിനെ മോചിപ്പിച്ചത് 2017 ജൂലൈ 15നും. കൂട്ടക്കൊലയോടെയായിരുന്നു തുടക്കം. തെരുവുകളിലും വീടുകളിലും പള്ളികളിലും പതിനായിരങ്ങളുടെ തലയെടുത്തു. മസ്ജിദുല്‍ അഖ്‌സക്കകത്ത് മുട്ടോളം ചോരയായിരുന്നു. ഫലസ്തീനിലെ മുസ്‌ലിംകളും ക്രിസ്ത്യാനികളും യഹൂദരും കാഴ്ചയില്‍ ഒരുപോലെയായിരുന്നത് കൊണ്ട് കണ്ണില്‍ കണ്ടവരെയെല്ലാം കൊന്നൊടുക്കി. ലക്ഷ്യം മുസ്‌ലിംകളും ജൂതരുമായിരുന്നു. ഇന്ന് അവിശ്വസനീയമായി തോന്നാം, മുസ്‌ലിംകളോടുള്ള അതേ വിദ്വേഷവും വൈരാഗ്യവും നെഞ്ചിലേറ്റിയാണ് ക്രൈസ്തവ യൂറോപ്യന്‍ ആഢ്യന്മാര്‍ യഹൂദരെ കുട്ടമായി വകവരുത്തിയത്. റൈന്‍ നദിയുടെ തീരത്തുള്ള നഗരങ്ങളും പട്ടണങ്ങളും ആക്രമിച്ച ക്രൂസൈഡുകള്‍ ജൂതരെ അരിഞ്ഞുവീഴ്ത്തി ഉന്മൂലനം ചെയ്യുകയായിരുന്നു.
21ാം നൂറ്റാണ്ടിന്റെ പുലരിയിലും മുസ്‌ലിം ലോകത്തോട് പ്രതികാരവാഞ്ചയോടെ പെരുമാറാനും പശ്ചിമേഷ്യന്‍ മണ്ണ് മുസ്‌ലിം രക്തം കൊണ്ട് നനച്ചൊഴുക്കാനും സര്‍വനാശങ്ങള്‍ വിതച്ച് നരകതുല്യമാക്കാനും ക്രൈസ്തവലോകത്തിനു പ്രചോദനം പകരുന്ന സംഭവങ്ങളാണ് 11871192 കാലഘട്ടത്തില്‍ അരങ്ങേറിയത്. മൂസിലിലെ സെങ്കിഭരണാധികാരികളുടെ നേതൃത്വത്തില്‍ നടന്ന ഈ മതയുദ്ധത്തിലാണ് ലോകം ഇന്നുവാഴ്ത്തുന്ന സ്വലാഹൂദ്ദീന്‍ അയ്യുബി എന്ന ധീരസേനാനായകന്‍ കടന്നുവരുന്നത്. പടിഞ്ഞാറന്‍ ലോകത്തിനു ഒരിക്കലും മറക്കാന്‍ സാധിക്കാത്ത പരാജയത്തിന്റെ കഥ നെയ്ത ആ സംഭവപരമ്പര ഇന്നും ക്രൈസ്തവവിശ്വാസിലോകത്തിന്റെ മനസ്സില്‍ പച്ചയായി ശേഷിപ്പുണ്ട് എന്നതിന്റെ തെളിവാണ് മുസ്‌ലിംകള്‍ക്ക് വേണ്ടാത്ത ഒരു ഖലീഫയായി, അവരുടെ പേരില്‍ കുരിശിന്റെ വക്താക്കളോട് പോരാടാന്‍ അങ്കം കുറിച്ച ഒരു നാട്ടില്‍ പ്രതിഷ്ഠിച്ച് പ്രതികാരം പുറത്തെടുത്തത്. അബൂബക്കര്‍ ബഗ്ദാദി ഇസ്രായേല്‍ ചാരസംഘടനയായ മൊസാദിന്റെ സൃഷ്ടിയാണെന്ന രഹസ്യം പുറത്തുവിട്ടിരിക്കുന്നത് എണ്ണമറ്റ രഹസ്യാത്മക റിപ്പോര്‍ട്ടുകള്‍ കൊണ്ട് പുറംലോകത്തെ ഞെട്ടിച്ച എഡ്വേര്‍ഡ് സ്‌നോഡന്‍ ആണ്. മൊസാദ് പരിശീലനം കൊടുത്തുവളര്‍ത്തിയ ജൂതനാണത്രെ ബഗ്ദാദി. യഹൂദ ദമ്പതികള്‍ക്ക് തെല്‍അവീവില്‍ ജനിച്ച ഇയാളുടെ യഥാര്‍ത്ഥ പേര് സിമോണ്‍ ഇലിയറ്റ് എന്നാണുപോലും. ഇസ്‌ലാമിക അറബ് സമൂഹത്തിനെതിരെ ചാരവൃത്തി നടത്താനും അവരുമായി മനഃശാസ്ത്ര യുദ്ധത്തിലേര്‍പ്പെടാനുമാണ് മൊസാദ് പരിശീലനം നല്‍കിയത്. പടിഞ്ഞാറന്‍ വന്‍ശക്തികളുമായി യോജിച്ച് മുസ്‌ലിം ലോകത്തെ തീവ്രചിന്താഗതിക്കാരെ ഒരു കുടക്കീഴില്‍ കൊണ്ടുവരുകയാണത്രെ ഇയാളുടെ ലക്ഷ്യം. ഇസ്‌ലാമിക് സ്‌റ്റേറ്റ് ഓഫ് ഇറാഖ് ആന്റ് ലവാന്റ് (ഐ.എസ്.ഐ.എല്‍) എന്ന ബാനറില്‍ , മധ്യകാല മുസ്‌ലിം പദാവലികള്‍ വിപുലമായി ഉപയോഗിച്ച് , ആക്രമണത്തിന് ഇറങ്ങിയ ഐ.എസ് യഥാര്‍ത്ഥത്തില്‍ ഉന്നം വെച്ചത് ഇസ്‌ലാമിന്റെ ശത്രുക്കളായ രാജ്യങ്ങളെയോ ജനവിഭാഗങ്ങളെയോ ആയിരുന്നില്ല. ഐ.എസ് കൊന്നൊടുക്കിയ മനുഷ്യരില്‍ 99ശതമാനവും മുസ്‌ലിംകളാണ്. നശിപ്പിച്ച ചരിത്രാവശിഷ്ടങ്ങളില്‍ ഭൂരിഭാഗവും മൂസ്‌ലിം നാഗരികതയുമായി ബന്ധപ്പെട്ടതാണ്. ഫലസ്തീനികളെ ജന്മനാട്ടില്‍ നിന്ന് ആട്ടിപ്പായിക്കുകയും ദശലക്ഷക്കണക്കിന് അഭയാര്‍ഥികളെ ജീവിതകെടുതികളിലേക്ക് വലിച്ചെറിയുകയും അറ്റമില്ലാത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ കൊണ്ട് വേട്ടയാടുകയും ചെയ്യുന്ന നിഷ്ഠൂര ശക്തികളായ ഇസ്രയേലിനു എതിരെ അബൂബക്കര്‍ ബഗ്ദാദിയോ ഐ.എസോ ഇന്നേ വരെ ചെറുവിരല്‍ അനക്കുകയോ ഒരു വെടിപൊട്ടിക്കുകയോ ചെയ്തിട്ടില്ല എന്നതില്‍നിന്ന് തന്നെ ചില സുചിന്തിത അനുമാനത്തിലേക്ക് എത്താവുന്നതാണ്. വളര്‍ത്തുനായ ഒരിക്കലും അതിന്റെ യജമാനനെ കടിക്കാറില്ല എന്ന ന്യായീകരണമാണ് ഇതിനു ഉപോദ്ബലകമായി പലരും ചൂണ്ടിക്കാട്ടുന്നത്.

സ്വലാഹൂദ്ദീന്റെ മുന്നില്‍ മുട്ടുമടക്കുന്നു
സ്വലാഹുദ്ദീന്‍ അയ്യൂബി എന്ന മധ്യകാല മുസ്‌ലിം യോദ്ധാവിനെ കുറിച്ചുള്ള ഓര്‍മകള്‍ ക്രൈസ്തവജൂത മതമനസ്സ് ഇപ്പോഴും ഞെട്ടലോടെയാണ് കൊണ്ടുനടക്കുന്നത്. കുരിശുയുദ്ധക്കാരില്‍നിന്ന് 88 വര്‍ഷത്തിനു ശേഷം ഖുദ്‌സിനെ മോചിപ്പിച്ചത് സ്വലാഹൂദ്ദീനാണ്. ആ മോചനകഥ മൂസിലുമായി എങ്ങനെ ബന്ധപ്പെട്ടുകിടക്കുന്നുവെന്ന് പരിശോധിക്കുമ്പോഴാണ് ഐ.എസിന്റെ മറവില്‍ പൂര്‍ത്തിയാക്കിയ ആധുനിക ‘ക്രൂസേഡി’ന്റെ കഥ അനാവൃതമാകുന്നത്. മൊസൂള്‍ ആസ്ഥാനമായി വടക്കന്‍ ലെവാന്റ് ഭരിച്ച തുര്‍ക്കി വംശജരായ സെങ്കികളായിരുന്നു 11, 12 നൂറ്റാണ്ടുകളില്‍ ഇസ്‌ലാമിനെ പ്രതിരോധിക്കാന്‍ മുന്നോട്ടുവന്നത്. നൂറുദ്ദീന്‍ സെങ്കിയുടെ കുര്‍ദ് വംശജനായ സൈനിക മേധാവി ശിര്‍ക്കു നൈല്‍ താഴ്‌വര പിടിച്ചെടുക്കുന്നതില്‍ വിജയിച്ചു. ഈജിപ്ത് കരവലയത്തില്‍ വന്നതോടെ ജറൂസലം കീഴടക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷക്ക് ചിറകുമുളച്ചു. ആ ദൗത്യം ഏല്‍പിച്ചത് ഈജിപ്തിലെ ഡെപ്യൂട്ടിയായ സ്വലാഹുദ്ദീനെയാണ്. ശിര്‍ക്കുവിന്റെ അനന്തരവനാണ് ഈ കുര്‍ദ് വംശജന്‍. മുസ്‌ലിം ലോകത്തിന്റെ ഐക്യമാണ് എല്ലാറ്റിനും മുന്‍ ഉപാധിയായി വേണ്ടത് എന്ന ചിന്തയില്‍ സലാഹൂദ്ദീന്‍ ആദ്യമായി ചെയ്തത് ബഗ്ദാദിലെ അബ്ബാസിയ ഖലീഫയോട് കൂറ് പ്രഖ്യാപിക്കുകയായിരുന്നു. അതോടെ ഒത്തൊരുമിച്ചുള്ള നീക്കത്തോടെ കുരിശുയുദ്ധക്കാരെ പുറത്താക്കാനാവുമെന്ന് അദ്ദേഹത്തിനു ആത്മവിശ്വാസം കൈവന്നു. 1174ല്‍ നൂറുദ്ദീന്റെ വിയോഗത്തോടെ സെങ്കി ഭരണകൂടം സ്വലാഹുദ്ദീന്റെ നിയന്ത്രണത്തില്‍ വന്നു. 1187ല്‍ ഹാത്തിന്‍ യുദ്ധത്തില്‍ ക്രൂസേഡുകളെ അമ്പേ പരാജയപ്പെടുത്തിയതോടെ ജറൂസലം വീണ്ടും ഇസ്‌ലാമിന്റെ നിയന്ത്രണത്തിലേക്ക് തിരിച്ചുപിടിച്ചു, 1187 സെപ്റ്റംബറില്‍. പക്ഷേ ക്രൈസ്തവ സൈന്യം പുറത്തെടുത്ത ക്രൂരതകളും രക്തച്ചൊരിച്ചിലും ആവര്‍ത്തിച്ചില്ല. ഫ്രാന്‍സില്‍നിന്നും ജര്‍മനിയില്‍നിന്നും എത്തിയ കുടുംബങ്ങളെ ആദരപൂര്‍വം തിരിച്ചയച്ചു; അതിനു മുമ്പ് ഒരു ഭരണാധികാരിയും പ്രദര്‍ശിപ്പിക്കാത്ത മാന്യതയോടെ.

ജറൂസലമിന്റെ തകര്‍ച്ച ക്രൈസ്തവ യൂറോപ്പിന് സഹിക്കാവുന്നതിലും അപ്പുറത്തായിരുന്നു. ആ വാര്‍ത്ത കേട്ടനിമിഷം പോപ്പ് ഹൃദയാഘാതം മൂലം മരിച്ചുവത്രെ. സ്വലാഹുദ്ദീനെ ക്രുരനായ മുസ്‌ലിം ഭരണാധികാരിയായി പിന്നീട് അവതരിപ്പിക്കാന്‍ മുഖ്യകാരണം ഈ പരാജയത്തിന്റെ ഓര്‍മകളായിരുന്നു. ഒന്നാം ലോകയുദ്ധം കഴിഞ്ഞപ്പോള്‍ ഫലസ്തീന്‍ വിഭജിക്കാനും ജറൂസലമിന്റെ നിയന്ത്രണം പിടിച്ചെടുക്കാനും ബ്രിട്ടനും ഫ്രാന്‍സും റഷ്യയും ചേര്‍ന്നു നടത്തിയ ഗൂഢാലോചനക്ക് പിന്നില്‍ പഴയ തിരിച്ചടിയുടെ കയ്‌പേറിയ സ്മൃതികളുണ്ടായിരുന്നു. കൃത്യം ഒരു നൂറ്റാണ്ടിനു ശേഷമാണ് ഐ.എസിന് ബീജാവാപം നല്‍കുന്നതും മൂസില്‍ തകര്‍ത്തെറിയുന്നതും. ചരിത്രം ക്രൂരമായി ആവര്‍ത്തിക്കപ്പെടുന്നുവെന്ന് മനസ്സിലാക്കാനുള്ള ബൗദ്ധികശേഷി ഇരകള്‍ക്ക് നഷ്ടപ്പെട്ടതാണ് മുസ്‌ലിം ലോകം നേരിടുന്ന ഏറ്റവും വലിയ ദുരന്തം.

ശാഹിദ്‌

You must be logged in to post a comment Login