ആരാകണം മറുനാട്ടിലെ മലയാളി വിദ്യാര്‍ത്ഥി?

ഏതു കോഴ്സിനു പഠിക്കുകയാണെങ്കിലും അതില്‍ ‘മാസ്റര്‍’ ആവണം. ആ വിഷയവുമായി ബന്ധപ്പെട്ട് അറിയാത്തതൊന്നും ഉണ്ടാവരുത് എന്ന വാശി വേണം. ആ വാശി സ്വന്തം ഉള്ളില്‍ നിന്ന് വരുമ്പോള്‍ നന്നായി വായിക്കാനുള്ള പ്രേരണയുണ്ടാവും.

യാസര്‍ അറഫാത്ത് ചേളന്നൂര്‍

അലിഗഢ് മുസ്ലിം യൂണിവേഴ്സിറ്റിയില്‍ എം എ ഇക്കണോമിക്സിന് പഠിക്കുന്ന സുഹൈല്‍ മലപ്പുറം ജില്ലക്കാരനാണ്. ഫാറൂഖ് കോളേജിലെ ബിരുദ പഠനത്തിനു ശേഷം ഒരുപാട് സ്വപ്നങ്ങളുമായാണ് സുഹൈല്‍ അലിഗഢിലെത്തിയത്. എം എ ഒന്നാം സെമസ്റര്‍ കഴിഞ്ഞപ്പോള്‍ സുഹൈലിന് വല്ലാത്ത ഒരു നൊസ്റാള്‍ജിക് ഫീലിംഗ് തുടങ്ങി. വീട്ടിലെത്തണം. കുടുംബത്തോടൊപ്പം താമസിക്കണം. ഇങ്ങനെ വീടുവിട്ട് യൂണിവേഴ്സിറ്റി ഹോസ്റലില്‍ പഠിക്കുമ്പോള്‍ വീടും നാടും തരുന്ന എന്തൊക്കെയോ നഷ്ടപ്പെടുമെന്ന തോന്നല്‍. ഈയൊരു ചിന്ത പരീക്ഷയെ വരെ ബാധിക്കുമെന്നായപ്പോള്‍ മാത്രമാണ് അവന്‍ പഠന ജീവിതത്തിലെ വെല്ലുവിളികളെക്കുറിച്ചും അവ മറികടക്കേണ്ടതിനെക്കുറിച്ചുമൊക്കെ ബോധവാനായത്. അങ്ങനെ സുഹൈല്‍ പഠനജീവിതത്തിലേക്ക് തിരിച്ചെത്തി. ഇപ്പോള്‍ അവന്‍ അലിഗഢില്‍ അവസാന വര്‍ഷ എം എ വിദ്യാര്‍ത്ഥിയാണ്.
ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ സ്ഥിതി ചെയ്യുന്ന വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഉപരി പഠനം നടത്തുന്ന പതിനായിരക്കണക്കിന് മലയാളി വിദ്യാര്‍ത്ഥികള്‍ യൂണിവേഴ്സിറ്റി/കോളജ് ഹോസ്റലുകളിലും ചിലയിടങ്ങളില്‍ ജമ്യലറ ഏൌലകെേളുമായി താമസിക്കുന്നുണ്ട്.
സുഹൈലിന്റെ ഈ അനുഭവം മറുനാട്ടിലെ മലയാളി വിദ്യാര്‍ത്ഥികളുടെ ജീവിതത്തില്‍ പലപ്പോഴായി ഉണ്ടാവാറുണ്ട്. പഠനമൊക്കെ ഉപേക്ഷിക്കാനുള്ള ഒരു ചിന്ത. തന്റെ പ്രിയപ്പെട്ടവരില്‍ നിന്ന് ദൂരെ വന്ന് താമസിച്ച് പഠിക്കുന്നതെന്തിനാണെന്ന, ലക്ഷ്യം മറക്കുന്ന അവസ്ഥ. പ്രവാസികള്‍ക്ക് ഈ മാനസികാവസ്ഥ നന്നായി തിരിച്ചറിയാന്‍ കഴിയും. നാടിന്റെയും വീടിന്റെയും ഓര്‍മകള്‍ നിരന്തരം വരുമ്പോള്‍ ജോലിയിലും ജീവിതത്തിലുമുണ്ടാവുന്ന ഒരു തരം മടുപ്പ് പ്രവാസ ജീവിതത്തിലെ നോവുന്ന അനുഭവമാണ്. ഒരര്‍ത്ഥത്തില്‍ മറുനാട്ടിലെ മലയാളി വിദ്യാര്‍ത്ഥികളും പ്രവാസികളാണ്. പ്രവാസികളുടെ നൊമ്പരങ്ങളുടെ ചെറിയ അനുഭവങ്ങള്‍ അവരുടെ വിദ്യാര്‍ത്ഥി ജീവിതത്തിലുണ്ടാവുക പതിവാണ്. ഇവിടെ മാനസികമായ പക്വത കൈവരിക്കുക മാത്രമാണ് പോംവഴി. പഠനത്തില്‍ നിന്ന് പിന്തിരിപ്പിക്കുന്ന എല്ലാ ചിന്തകളെയും നിയന്ത്രിക്കാനുള്ള കരുത്ത് സ്വയം ആര്‍ജിച്ചെടുക്കണം. മറ്റാരേക്കാളും തന്നെ പ്രോത്സാഹിപ്പിക്കാന്‍ കഴിവുള്ള ആള്‍ താന്‍ തന്നെയെന്ന് വിശ്വസിക്കുക. പ്രിയപ്പെട്ട വീട്ടുകാരെയും കൂട്ടുകാരെയും വിട്ട് ഇവിടെ പഠിക്കാനെത്തിയത് വലിയ കുറെ ലക്ഷ്യങ്ങള്‍ ഉള്ളത് കൊണ്ടാണെന്ന ബോധം ഉണ്ടാവുമ്പോള്‍ ഇത്തരം ചെറിയ മാനസികാവസ്ഥകളെ മറികടക്കാന്‍ എളുപ്പമായിരിക്കും.
മറുനാട്ടില്‍ താമസിക്കുന്ന മലയാളി വിദ്യാര്‍ത്ഥികള്‍ ശ്രദ്ധിക്കേണ്ട പ്രധാന കാര്യം തങ്ങള്‍ സമ്പാദിക്കുന്ന സൌഹൃദ വലയമാണ്. കാമ്പസിനകത്തും പുറത്തുമായി വളര്‍ന്നു വരുന്ന സൌഹൃദങ്ങള്‍ ജീവിതഗതിയെ പലപ്പോഴും സ്വാധീനിക്കാറുണ്ട്. നഗരങ്ങളിലെ യൂണിവേഴ്സിറ്റി/കോളജ് ആകുമ്പോള്‍ ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കൂട്ടുകാരുണ്ടാവും. ചിലപ്പോള്‍ വിദേശികളും. പഠനകാലയളവില്‍ വിവിധ തരം ബന്ധങ്ങള്‍ ഉണ്ടാവാനുള്ള നല്ലൊരു അവസരം കൂടിയായിരിക്കും അത്. പക്ഷെ ഏറ്റവും അടുത്ത സുഹൃത്തുക്കള്‍ നല്ലവരായിരിക്കണം. ഈ നിബന്ധന പാലിക്കാത്ത വിദ്യാര്‍ത്ഥികള്‍ ഏതെങ്കിലും തരത്തില്‍ പഠനം കൊണ്ട് പ്രത്യേകിച്ചൊന്നും നേടാതെ നാട്ടിലേക്ക് തിരിക്കേണ്ട അവസ്ഥയാണ് അനുഭവസാക്ഷ്യം. ഏതു കോഴ്സിനു പഠിക്കുകയാണെങ്കിലും അതില്‍ ‘മാസ്റര്‍’ ആവണം. ആ വിഷയവുമായി ബന്ധപ്പെട്ട് അറിയാത്തതൊന്നും ഉണ്ടാവരുത് എന്ന വാശി വേണം. ആ വാശി സ്വന്തം ഉള്ളില്‍ നിന്ന് വരുമ്പോള്‍ നന്നായി വായിക്കാനുള്ള പ്രേരണയുണ്ടാവും. പഠിക്കുന്ന കോഴ്സുമായി ബന്ധപ്പെട്ട് നല്ലൊരു വായന നടക്കണം. സിലബസ് കവര്‍ ചെയ്തതിനു ശേഷം വിഷയവുമായി ബന്ധപ്പെട്ട പുസ്തകങ്ങളും മാഗസിനുകളും സംഘടിപ്പിച്ചു വായിക്കണം. വീട്ടുകാര്യങ്ങള്‍ ഒന്നും ചെയ്യേണ്ടതില്ലാത്തതിനാല്‍ മറുനാട്ടിലെ മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് സമയം ധാരാളമുണ്ടാകും. ഒഴിവ് സമയത്തൊക്കെയും ആദ്യ പരിഗണന കൊടുക്കേണ്ടത് ഈ വിശദ വായനക്കായിരിക്കണം. അധ്യാപകര്‍ തരുന്ന അസൈന്‍മെന്റുകള്‍ മാറ്റി വെച്ച് മറ്റു പല കാര്യങ്ങളിലും സമയം ചെലവഴിക്കുന്നതില്‍ വലിയ കാര്യമൊന്നുമില്ല. ചെയ്യാനുള്ളവ പൂര്‍ത്തിയാക്കിയതിനു ശേഷമാണ് താത്പര്യമുള്ള വേറെ വിഷയങ്ങളില്‍ സമയം ചെലവഴിക്കേണ്ടത്.
കാമ്പസിലെ നമ്മുടെ വ്യക്തിത്വം വളരെ പ്രധാനമാണ്. നമ്മുടെ വസ്ത്രധാരണവും പെരുമാറ്റവും സംസാരവുമെല്ലാം ഏറ്റവും നന്നായിരിക്കാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്. അപ്പോഴാണ് വിദ്യാഭ്യാസം എന്നത് കേവലം ചില കോഴ്സുകള്‍ പഠിച്ചു തീര്‍ക്കല്‍ മാത്രമല്ല എന്ന ബോധം നമുക്കുണ്ടാവുന്നത്. കൂട്ടുകാരോടും അധ്യാപകരോടും നന്നായി പെരുമാറുമ്പോള്‍ അവിടെ നല്ലൊരു വ്യക്തിത്വം രൂപപ്പെടുന്നു. പുതിയകാലത്തെ കാമ്പസുകളില്‍ കപടവേഷം കെട്ടി സ്വയം വിഡ്ഢിയാവേണ്ട കാര്യമില്ല. സ്വന്തം ഐഡന്റിറ്റി മറച്ചുവെച്ച് മറ്റൊരാളാവാന്‍ ശ്രമിക്കുന്നത് ദോഷം ചെയ്യുകയേ ഉള്ളൂ. യൂണിവേഴ്സിറ്റികളിലെ/കോളജുകളിലെ പുതു രീതി സ്വന്തം വ്യക്തിത്വം തുറന്നു പറയുക എന്നതാണ്. നമ്മള്‍ എത്രത്തോളം സ്വന്തം ഐഡന്റിറ്റി മറച്ചുവെക്കുന്നുവോ അത്രത്തോളം അസ്വാതന്ത്യ്രം അനുഭവിക്കപ്പെടുകയാണുണ്ടാവുക. ഉദാഹരണത്തിന് ഒരു വിദ്യാര്‍ത്ഥി ഏതെങ്കിവും ഒരു സംഘടനയുടെ പ്രവര്‍ത്തകനാണെങ്കില്‍ അത് വ്യക്തമായി തുറന്നു പറയുന്നതാണ് ഇന്ത്യയിലെ എല്ലാ കാമ്പസുകളിലെയും ഇപ്പോഴത്തെ സാമൂഹിക രീതി. അത് മറച്ചുവെച്ചിട്ട് ജീവിതത്തില്‍ പ്രത്യേകിച്ച് ഒരു നേട്ടവും ഉണ്ടാവുന്നില്ല. അതേസമയം ഞാനിതാണ് എന്ന പ്രഖ്യാപനം സ്വന്തം വ്യക്തിത്വം തുറന്നുപറയാന്‍ ധീരതയുള്ള ഒരാളായി നമ്മെ മാറ്റുകയും ചെയ്യും. അതുവഴി ആത്മവിശ്വാസം, സാമൂഹിക സ്വാതന്ത്യ്രം, സ്വന്തമായ ഒരു ജീവിതരീതി തുടങ്ങിയ കാര്യങ്ങള്‍ കാമ്പസ് ജീവിതത്തില്‍ കൊണ്ടുവരാനാവുകയും ചെയ്യും.
പൊതുവെ കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളെക്കുറിച്ച് കേരളത്തിനു പുറത്തെ കാമ്പസുകളിലെ അധ്യാപകര്‍ക്ക് വലിയ മതിപ്പാണ്. കേരളത്തില്‍ നിന്നാണെങ്കില്‍ ആ വിദ്യാര്‍ത്ഥി/നി വളരെ ഉഷാറായിരിക്കും എന്ന മനോഭാവം അധ്യാപകര്‍ക്കിടയില്‍ വളര്‍ന്നു വന്നിട്ടുണ്ട്. മുമ്പ് പഠനം കഴിഞ്ഞുപോയ മലയാളികളുടെ പഠനരംഗത്തെ മിടുക്ക്, കേരളത്തിലെ സാക്ഷരതാ നിരക്ക്, മലയാളികളുടെ സാമൂഹികാവബോധം, മാധ്യമങ്ങള്‍ ഉണ്ടാക്കിയ ക്ളീന്‍ ഇമേജ് തുടങ്ങിയവ ഈയൊരു മനോഭാവം സൃഷ്ടിച്ചതിന് കാരണമായിട്ടുണ്ടാകാം. ഈയൊരു അനുകൂല സാഹചര്യം മുതലെടുത്ത് അധ്യാപകര്‍ക്കിടയില്‍ ഒരു വ്യക്തിത്വം രൂപപ്പെടുത്തിയെടുക്കാന്‍ ഓരോ വിദ്യാര്‍ത്ഥി/നിയും ശ്രദ്ധിക്കേണ്ടതുണ്ട്. പലപ്പോഴും ക്ളാസില്‍ ചര്‍ച്ചകളും സംവാദങ്ങളുമുണ്ടാകും. അവിടെയെല്ലാം സജീവമായി ഇടപെട്ടാല്‍ മാത്രമേ മറുനാട്ടിലെ പഠനജീവിതത്തിന് കൂടുതല്‍ അര്‍ത്ഥങ്ങളുണ്ടാവൂ. വിയോജിപ്പുകള്‍ പ്രകടിപ്പിക്കാന്‍ ഒട്ടും മടിക്കേണ്ടതില്ല. തന്റെ ആശയം ന്യായീകരിക്കാന്‍ കഴിഞ്ഞാല്‍ മതി. ഏതു സദസ്സിലും സംസാരിക്കാന്‍ പ്രയാസമുണ്ടാവില്ല. ആനുകാലിക വിഷയങ്ങളെക്കുറിച്ച് വിവിധ ഡിപ്പാര്‍ട്ടുമെന്റുകള്‍ നടത്തുന്ന ചര്‍ച്ച, സെമിനാര്‍, സിമ്പോസിയം, ക്യാമ്പ് തുടങ്ങിയവയിലെല്ലാം പങ്കെടുക്കണം. അപ്പോള്‍ മാത്രമാണ് നമ്മളിനിയും ശ്രദ്ധിക്കേണ്ട നിരവധി വിഷയങ്ങള്‍ നമുക്കു ചുറ്റും നടക്കുന്നുണ്ടെന്ന ബോധമുണ്ടാവുക. നമ്മള്‍ വായിച്ചുവെച്ച കാര്യങ്ങള്‍ അവതരിപ്പിക്കാനുള്ള വേദികള്‍ കൂടിയാണ് ഇത്തരം സെമിനാറുകള്‍.
മറുനാട്ടിലെ മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് ഭാഷയിലുള്ള കഴിവ് വളര്‍ത്തിയെടുക്കാന്‍ എളുപ്പം സാധിക്കും. തങ്ങള്‍ ജീവിക്കുന്ന സ്ഥലത്തെ സംസാര ഭാഷ(അത് ഹിന്ദിയോ ഇംഗ്ളീഷോ ഉറുദുവോ ഏതുമാവട്ടെ) പഠിച്ചെടുക്കേണ്ടതുണ്ട്. പുതിയൊരു ഭാഷ സംസാരിക്കാന്‍ പഠിക്കുന്നത് പുസ്തകം വായിച്ചല്ല. മറിച്ച് ആ ഭാഷ നന്നായി സംസാരിക്കുന്നവരോട് സംസാരിച്ചു തന്നെയാണ് പഠിക്കേണ്ടത്. ഭാഷ പഠിക്കാന്‍ വേണ്ടി ഒരു വിദ്യാര്‍ത്ഥി എത്രത്തോളം സംസാരിക്കുന്നുവോ അത്രത്തോളം അവന്‍ ഭാഷയില്‍ അവഗാഹം നേടിയിരിക്കും. ഉദാഹരണത്തിന്, ഡല്‍ഹിയിലെ യൂണിവേഴ്സിറ്റി കാമ്പസുകളില്‍ വിദ്യാര്‍ത്ഥികള്‍ ഏറ്റവും കൂടുതല്‍ സംസാരിക്കുന്നത് ഹിന്ദിയാണ്. അപ്പോള്‍ ഹിന്ദി നല്ല വശമുള്ളയാള്‍ക്ക് അവിടെ തിളങ്ങാന്‍ കഴിയും. അല്ലെങ്കില്‍ ഇംഗ്ളീഷ് നന്നായി കൈകാര്യം ചെയ്യാനറിയണം.
കേരളം വിട്ടാല്‍ പല വിദ്യാര്‍ത്ഥികളും കയ്യൊഴിയുന്ന ഒരു ഗുണമാണ് ആത്മീയത. നഗരത്തിന്റെ സങ്കീര്‍ണതകള്‍ക്കിടയില്‍ അറിയാതെ നഷ്ടപ്പെടാറുള്ള ഒരു വലിയ സമ്പത്താണ് ആത്മീയ ജീവിതം. അല്ലാഹുവിനെ ഭയപ്പെടാനും അതുവഴി ആരാധനകള്‍ക്ക് സമയം കണ്ടെത്താനുമുള്ള മനസ്സ് മറുനാട്ടിലെ ജീവിതത്തിനിടയില്‍ നഷ്ടപ്പെടുന്നുണ്ടെങ്കില്‍ അതൊരു വലിയ പരാജയമാണ്. ഈയൊരു തിരിച്ചറിവില്ലെങ്കില്‍ അനാവശ്യ കാര്യങ്ങളിലേക്ക് ശ്രദ്ധ തിരിയാനും വൃത്തികേടുകളില്‍ ജീവിതം ഹോമിക്കാനും എളുപ്പമായിരിക്കും. നാട്ടിലായിരിക്കുമ്പോള്‍ കൃത്യമായി നിസ്കരിക്കുകയും നോമ്പനുഷ്ഠിക്കുകയും ചെയ്തിരുന്ന വിദ്യാര്‍ത്ഥി മറുനാട്ടിലെത്തുമ്പോള്‍ അവ ഉപേക്ഷിക്കുന്നത് തീര്‍ത്തും അപകടമാണ്. ഇരുലോകത്തും പരാജയം ഏറ്റുവാങ്ങാനുള്ള വഴിയാണത്. നാട്ടിലാവുമ്പോള്‍ നമ്മെ ശാസിക്കാനും ഉപദേശിക്കാനും മാതാപിതാക്കള്‍, പള്ളിയിലെ ഉസ്താദുമാര്‍, മുതിര്‍ന്നവര്‍ എല്ലാം ഉണ്ടാവും. അതിനാല്‍ തെറ്റുകളില്‍ നിന്ന് രക്ഷ നേടി ന• ചെയ്യാനുള്ള സാഹചര്യവും ഉണ്ടാവും. എന്നാല്‍ മറുനാട്ടിലെ ജീവിതം തീര്‍ത്തും വ്യത്യസ്തമായിരിക്കും. നിയന്ത്രിക്കാനും ശാസിക്കാനും പലപ്പോഴും ആരുമുണ്ടാവില്ല. അതുകൊണ്ടു തന്നെ ഏതു വൃത്തികേടു ചെയ്താലും ആരും അറിയാന്‍ പോവുന്നില്ല. എങ്ങനെയും ജീവിക്കാം. അങ്ങനെയാണ് പല വിദ്യാര്‍ത്ഥികളും ചീത്ത കൂട്ടുകെട്ടിലേക്കും തെറ്റായ വഴിയിലേക്കും എത്തിപ്പെടുന്നത്. അതേ സമയം എല്ലാം കാണുന്ന ഒരാള്‍-സ്രഷ്ടാവായ അല്ലാഹു- ഉണ്ട് എന്ന ബോധമുള്ള വിദ്യാര്‍ത്ഥി ലോകത്തെവിടെ ജീവിക്കുകയാണെങ്കിലും നല്ല കാര്യങ്ങള്‍ ചെയ്യാന്‍ സ്വയം പ്രേരിതനായിരിക്കും. അതിനാല്‍ നല്ലൊരു ആത്മീയ ജീവിതം കെട്ടിപ്പടുക്കാനും ആരാധനകള്‍ കൃത്യമായി നിര്‍വഹിക്കാനും സമയം കണ്ടെത്തിയേ പറ്റൂ. നല്ല പഠനവും നല്ല വ്യക്തിത്വവും നല്ല ആത്മീയതയുമുള്ള വിദ്യാര്‍ത്ഥിയെ പരാജയപ്പെടുത്താന്‍ ആര്‍ക്കുമാവില്ല.
മറുനാട്ടിലെ ജീവിതം നമ്മുടെ മനോഭാവത്തില്‍ ഏറെ മാറ്റങ്ങള്‍ക്ക് കാരണമാവും. നാമേറെ പുരോഗതി കൈവരിച്ചിട്ടുണ്ട് എന്ന ബോധം നാട്ടിലെത്തുമ്പോള്‍ മറ്റുള്ളവരെ പുച്ഛിക്കുന്ന രീതിയിലേക്ക് തരം താഴാന്‍ പാടില്ല. നാട്ടിലെ പള്ളിയിലെ ഉസ്താദ് എന്നും നമ്മുടെ ഉസ്താദാണ്. നമ്മുടെ കൂട്ടുകാരെയും ബന്ധുക്കളെയുമൊക്കെ വില കുറച്ചു കാണാനുള്ള പ്രവണത മറുനാട്ടില്‍ പഠിച്ച് നാട്ടിലെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്കുണ്ടാവരുത്. അത് വ്യക്തിപരമായ ഉയര്‍ച്ചയെ പ്രതികൂലമായി ബാധിക്കും. നാം എത്ര വളര്‍ന്നാലും അഹങ്കാരം നമ്മുടെ ശത്രുവാണെന്ന് മറക്കാതിരിക്കുക. ഒരു അണുവിന്റെയത്ര അഹങ്കാരമുള്ളയാള്‍ സ്വര്‍ഗത്തില്‍ കടക്കില്ലെന്ന മതപാഠം എത്ര മഹത്തരം!

You must be logged in to post a comment Login