നമ്മളും അവരെ പോലായതില്‍ പിന്നെ

നമ്മളും അവരെ പോലായതില്‍ പിന്നെ

അസഹിഷ്ണുതയുടെ അലോസരപ്പെടുത്തുന്ന വര്‍ത്തമാനങ്ങള്‍ ഇന്ത്യയുടെ പൗരജീവിതത്തെ അസ്വസ്ഥപ്പെടുത്തിയ നാളുകളിലാണ് രാജ്യത്തെ നോക്കി പ്രശസ്ത പാകിസ്താനി കവി ഫഹ്മിദ റിയാസ് ആ പരിഹാസശരമെയ്യുന്നത്: ‘ഒടുവില്‍ നിങ്ങളും ഞങ്ങളെപ്പോലെ ആയിക്കൊണ്ടിരിക്കുന്നതില്‍ സന്തോഷം’. സംഘര്‍ഷകലുഷമായ രാഷ്ട്രീയ കാലാവസ്ഥയുടെ വിങ്ങലും വിതുമ്പലുമറിഞ്ഞ ഒരയല്‍ക്കാരി, വേലികെട്ടി വേര്‍തിരിക്കപ്പെട്ടിട്ടില്ലാത്ത സ്‌നേഹത്തിന്റെയും സൗഹൃദത്തിന്റെയും ഭാഷയില്‍ ഇതു പറയുമ്പോള്‍, ഇന്ത്യയുടെ ഭരണസംവിധാനത്തെയും രാഷ്ട്രീയ മണ്ഡലത്തെയും അത് ഗുണപരമായ മാറ്റിപ്പണിയലുകള്‍ക്ക് നിര്‍ബന്ധിക്കേണ്ടതായിരുന്നു. സാഹചര്യവശാല്‍ സംഭവിച്ചത് മറ്റൊന്നാണ്. കലാകാരന്‍മാരും സാംസ്‌കാരിക പ്രവര്‍ത്തകരും വീണ്ടും വീണ്ടും ഭര്‍ത്സിക്കപ്പെട്ടു. എഴുത്തുകാരുടെ വായ് മൂടിക്കെട്ടാന്‍ ശ്രമങ്ങളുണ്ടായി. പ്രതിശബ്ദങ്ങളെ രാജ്യദ്രോഹമായി ചിത്രീകരിച്ചു. കാമ്പസുകളെ കയ്യൂക്കിനാലെതിരിട്ടു. ബഹുസ്വരതയെ കുത്തി വീഴ്ത്തി. ജനാധിപത്യത്തെ കാഴ്ചപ്പണ്ടമാക്കി. പശുവും ബീഫും വാര്‍ത്തകളുടെ തലക്കെട്ടുകളായി. മനുഷ്യര്‍ക്ക് ഏറെ ഉപകാരമുള്ളൊരു മൃഗത്തെ പ്രതികാരപ്രയോഗങ്ങള്‍ക്കായി മുന്നില്‍ നിര്‍ത്തി. പശുവിന്റെ പേരില്‍ മനുഷ്യനെ കൊന്നു. പെഹ്‌ലുഖാനും ജുനൈദും ലോകത്തിന് പരിചിതരായി. ആ പരിചയം സാധ്യമാക്കിയ രാഷ്ട്രീയ സംവിധാനത്തെ വിമര്‍ശനാത്മകമായി വിലയിരുത്തുകയും ജനാധിപത്യ പ്രതിരോധത്തെക്കുറിച്ച് ഓര്‍മിപ്പിക്കുകയും ചെയ്യുന്ന കൃതിയാണ് കെ. സച്ചിദാനന്ദന്‍ എഡിറ്റ് ചെയ്ത് ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച ‘ഇന്ത്യ ഫാസിസത്തിലേക്ക്, പ്രതിരോധത്തിന്റെ വര്‍ത്തമാനം’.

2014ലെ ബി ജെ പിയുടെ തിരഞ്ഞെടുപ്പ് വിജയത്തെ എഴുത്തുകാരി അരുന്ധതി റോയ് വിശേഷിപ്പിച്ചത്, ഇന്ത്യ ജനാധിപത്യമാര്‍ഗത്തിലൂടെ ഏകാധിപത്യത്തെ തിരഞ്ഞെടുത്തുവെന്നാണ്. ആ മുന്നറിയിപ്പിനെ കാലം ശരിവച്ചു. പാര്‍ലമെന്റിലേക്കുള്ള തന്റെ പ്രവേശം മോഡി വാര്‍ത്തയാക്കിയത്, പാര്‍ലമെന്റിന്റെ ചവിട്ടുപടിയില്‍ ചുംബിച്ചു കൊണ്ടാണ്. മാധ്യമങ്ങള്‍ വാഴ്ത്തിപ്പാടിയ ആ ചുംബനം ജനാധിപത്യത്തിന്റെ മുഖത്തേറ്റ ചവിട്ടായിരുന്നു. ആ ചവിട്ടിന്റെ പുളച്ചിലിലാണ് ഇന്ത്യ ഇന്നും ഓരോ പ്രഭാതവുമുണരുന്നത്.
ബഹുത്വത്തിന്റെ നിരാസം, വ്യാജ പ്രസംഗങ്ങള്‍, സംസ്‌കാരിക പ്രവര്‍ത്തനങ്ങളോടും കലാകാരന്‍മാരോടുമുള്ള വിമുഖത, കപട ദേശീയത, രാജ്യത്തിനകത്തു തന്നെ ഏതെങ്കിലും വിഭാഗത്തെ അപരരായി ചിത്രീകരിച്ച് വേട്ടയാടല്‍, ചരിത്രത്തിന്റെ പക്ഷപാതവത്കരണം, വീരാരാധന തുടങ്ങി ഉംബര്‍ട്ടോ എക്കോ എണ്ണിപ്പറഞ്ഞ ലക്ഷണങ്ങളെല്ലാം ഒത്തിണങ്ങിയ ഒന്നാന്തരമൊരു ഫാഷിസ്റ്റ് പ്രസ്ഥാനമായി ഇന്ത്യയില്‍ ആര്‍ എസ് എസ് മാറിയിരിക്കുന്നു. പുസ്തകത്തിന്റെ ആമുഖക്കുറിപ്പിന്റെ ആരംഭത്തില്‍ എഡിറ്റര്‍ ഇക്കാര്യം പറയുന്നുണ്ട്.
സച്ചിദാനന്ദനെ കൂടാതെ ആനന്ദ്, എന്‍ എസ് മാധവന്‍, ഡോ.കേശവന്‍ വെളുത്താട്ട്, എ.ആര്‍ വെങ്കടാചലപതി, എം പി വീരേന്ദ്രകുമാര്‍, ബി.രാജീവന്‍, കെ.വേണു, ജെ.രഘു, സനല്‍ ഇടമുറുക്, ഹമീദ് ചേന്ദമംഗല്ലൂര്‍, ജി.ഉഷാകുമാരി എന്നിവരാണ് പുസ്തകത്തിലെ എഴുത്തുകാര്‍. ഇര്‍ഫാന്‍ ഹബീബ്, നയന്‍താര സെഹ്ഗാള്‍, കെ എസ് ഭഗവാന്‍ എന്നിവരുമായുള്ള അഭിമുഖവും റൊമില ഥാപ്പറിന്റെ പ്രഭാഷണവും പുസ്തകത്തിലുണ്ട്.

മോഡി പ്രധാനമന്ത്രിയാവും എന്ന് ഒരിക്കലും താന്‍ കരുതിയിട്ടില്ലെന്ന് ഇര്‍ഫാന്‍ ഹബീബ് അഭിമുഖത്തില്‍ പറയുന്നുണ്ട്. മോഡിയെപ്പോലെ കറുത്ത രാഷ്ട്രീയത്തിന്റെ പശ്ചാതലമുള്ള ഒരു നേതാവിന് ഇന്ത്യന്‍ ജനാധിപത്യം ദേശീയ നേതൃത്വത്തിലേക്ക് പരവതാനി വിരിക്കില്ലെന്ന ശുഭാപ്തി വിശ്വാസത്തെയാണ് പ്രത്യക്ഷത്തില്‍ ആ വാക്കുകള്‍ ധ്വനിപ്പിക്കുന്നതെങ്കിലും രാജ്യത്തെ മതേതര സാംസ്‌കാരിക ചേരിയുടെ ജാഗ്രതയില്ലായ്മയെ കൂടി വിളംബരപ്പെടുത്തുന്നുണ്ട് ഉപര്യുക്ത പ്രസ്താവന. സംഘ് പരിവാറുകാരനെങ്കിലും പരമാവധിയൊരു വാജ്‌പേയിയെ മാത്രമേ ഇന്ത്യക്ക് വരിക്കാനാവൂ എന്ന ചിന്ത ഗുജറാത്താനന്തര പശ്ചാത്തലത്തിലും തിരുത്താന്‍ ഇന്ത്യയിലെ ഇടതു സാംസ്‌കാരിക മുഖങ്ങളിലൊന്നായ ഇര്‍ഫാന്‍ ഹബീബിന് സാധിച്ചില്ലെന്നത് ആശ്ചര്യമുളവാക്കുന്നു.
ഇറ്റലിയിലും ജര്‍മനിയിലും ദൃശ്യമായ ക്ലാസിക് ഫാഷിസത്തിന്റെ നേര്‍ പകര്‍പ്പാണ് ഇന്ത്യന്‍ ഫാഷിസമെന്ന് പറയുക വയ്യ. ജര്‍മനിയില്‍ നാസികള്‍ തങ്ങള്‍ക്ക് ‘ഹിതകരമല്ലാത്ത’ പുസ്തകങ്ങള്‍ കണ്ടു കെട്ടി പരസ്യമായി കത്തിച്ചു. എഴുത്തുകാരെ പിടിച്ചു കൊണ്ടുപോയി മരണശിക്ഷ നല്‍കി. എഴുത്തുകാരുമായി നിഴല്‍ യുദ്ധത്തിലേര്‍പ്പെടുകയും ഒളിഞ്ഞിരുന്ന് അവരെ വെട്ടിവീഴ്ത്തുകയുമാണ് ഇന്ത്യയിലെ നവനാസികള്‍. സാംസ്‌കാരിക സ്ഥാപനങ്ങളെ വരുതിയിലാക്കി നിശബ്ദമാക്കുന്ന തന്ത്രമാണ് ഇവിടെ പ്രയോഗിക്കുന്നത്. ഭരണം മാറുമ്പോള്‍ ഇത്തരം സ്ഥാപനമേധാവികളില്‍ ചിലര്‍ക്കെല്ലാം സ്ഥാനചലനം സ്വാഭാവികമെങ്കിലും മോഡി സര്‍ക്കാര്‍ ജനാധിപത്യത്തിന് ഇനിയൊരു ഉയിര്‍ത്തെഴുന്നേല്‍പ് സാധ്യമാകാത്ത വിധമുള്ള സമൂലമാറ്റങ്ങള്‍ക്കാണ് തിടുക്കപ്പെട്ടത്. നെഹ്‌റുവിന്റെ സഹോദരി പുത്രിയും എഴുത്തുകാരിയുമായ നയന്‍താര സെഹ്ഗാള്‍ അതുകൊണ്ടാണ് ഇതിനെ ‘ബോംബിങ്ങ് ദ ബേസ്‌മെന്റ്’ എന്ന് വിശേഷിപ്പിച്ചത്. ‘മുകളില്‍’ നിന്നുള്ള ഈ സാംസ്‌കാരികാതിക്രമങ്ങളെ വിശദീകരിക്കാന്‍ ആനന്ദ് ഉപയോഗിക്കുന്നതും വ്യോമാക്രമണം എന്ന വാക്കാണ്.
അക്കാദമി അവാര്‍ഡ് ലഭിച്ചയാളായിരുന്നിട്ടും കല്‍ബുര്‍ഗിയുടെ വധത്തില്‍ കേന്ദ്രസാഹിത്യ അക്കാദമി പ്രതികരിച്ചില്ലെന്ന് രോഷപ്പെടുകയും ചെയ്യുന്നു ആനന്ദ്.

ഇന്ത്യയിലെ ഹിന്ദുത്വ ഫാഷിസത്തിന്റെ പ്രയാണപഥത്തിലുള്ള പ്രധാന തടസ്സം ഭരണഘടനയാണെന്ന വിശകലനങ്ങളില്‍ ആശ്വാസം കണ്ടെത്തുന്നവരാണ് മതേതര പ്രവര്‍ത്തകരില്‍ ഏറിയകൂറും. എന്നാല്‍, ഇന്ത്യന്‍ ഭരണഘടനയെ അക്ഷരാര്‍ത്ഥത്തില്‍ ലംഘിക്കാതെ തന്നെ ആര്‍ എസ് എസിന് ലക്ഷ്യത്തിലേക്കെത്താന്‍ കഴിയുമെന്ന് ബി.രാജീവന്‍ സോദാഹരണം പുസ്തകത്തില്‍ വിശദീകരിക്കുന്നുണ്ട്. ജനാധിപത്യത്തിന് ആശ്വസിക്കാന്‍ നമ്മുടെ കാല്പനികമായ ആത്മവിശ്വാസങ്ങള്‍ മാത്രം പോരായെന്ന് ചുരുക്കം.

മുസ്‌ലിം വിരുദ്ധതയുടെ മുന്‍വിധികളില്‍ നിന്ന് പുറത്തു കടക്കാനാവാത്ത വിധം ബൗദ്ധിക മുരടിപ്പനുഭവിക്കുന്നയാളാണ് ഹമീദ് ചേന്ദമംഗല്ലൂര്‍. അക്കാരണം കൊണ്ടു തന്നെ കേരളത്തിലെ സംഘ് പരിവാറിന് പ്രിയപ്പെട്ടവരിലൊരാള്‍. ഉള്‍ക്കാഴ്ചയുള്ള നിരീക്ഷണങ്ങളോ ബൗദ്ധിക സംഭാവനകളോ ഹമീദില്‍ നിന്ന് പ്രതീക്ഷിക്കാനാവില്ല. സംഘ് പരിവാറിനെ വിമര്‍ശിക്കുമ്പോഴും അവരെ പ്രീതിപ്പെടുത്താനെന്നോണം റുഷ്ദിയെയും തസ്ലീമയെയുമൊക്കെ ചര്‍ച്ചയിലേക്ക് വലിച്ചിഴക്കുന്ന ‘സേഫ് പൊളിറ്റിക്‌സാണ്’ ഹമീദിന്റെ കൈമുതല്‍. ഈ പുസ്തകത്തിലുള്‍പെടുത്തിയ ലേഖനവും പതിവ് തെറ്റിക്കുന്നില്ല.

ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ചരിത്രവും വികാസവും ജനാധിപത്യ പ്രതിരോധവും ചര്‍ച്ച ചെയ്യുന്ന പുസ്തകം ആശങ്കകള്‍ക്കിടയിലും ചില പ്രതീക്ഷകളെയും സ്വപ്‌നങ്ങളെയും മുന്നോട്ടുവെക്കുന്നു. സാംസ്‌കാരിക സ്ഥാപനങ്ങള്‍ക്കു മേല്‍ ഹിന്ദുത്വ നേടിയ മേല്‍ക്കൈ ഇന്ത്യയുടെ സാംസ്‌കാരിക ബോധത്തിനു മേല്‍ അവര്‍ക്കു നേടാനായിട്ടില്ല എന്ന് ബോധ്യപ്പെടുത്തുന്നു ഈ സമാഹാരത്തിലെ എഴുത്തുകള്‍.

ഇന്ത്യ ഫാസിസത്തിലേക്ക്,
പ്രതിരോധത്തിന്റെ വര്‍ത്തമാനം
പ്രസാധനം: ഡി സി ബുക്‌സ്
എഡിറ്റര്‍: കെ സച്ചിദാനന്ദന്‍

You must be logged in to post a comment Login