അവ്യക്തമല്ല ഗവര്‍ണറുടെ രാഷ്ട്രീയം

അവ്യക്തമല്ല ഗവര്‍ണറുടെ രാഷ്ട്രീയം

‘കടക്ക് പുറത്ത്’ എന്ന് മാധ്യമപ്രവര്‍ത്തകരോട് കല്പിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ നടപടി വലിയതോതില്‍ ചര്‍ച്ചയായി.

‘കടക്ക് പൂറത്ത്’ എന്ന് കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിനോട് കല്പിക്കാനൊരുങ്ങി നില്‍ക്കുന്നുണ്ടോ കേന്ദ്ര സര്‍ക്കാര്‍ എന്നും, അതിന്റെ ചട്ടുകമായി ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം പ്രവര്‍ത്തിക്കുന്നുണ്ടോ എന്നുമുള്ള ഗൗരവമേറിയ ചിന്തയാണ് മറ്റെന്തിനെക്കാളും പ്രധാനമെന്നാണ് തോന്നുന്നത്. പിണറായി വിജയന്റെ നേതൃത്വത്തില്‍ ഇടതു ജനാധിപത്യ മുന്നണി സര്‍ക്കാര്‍ അധികാരത്തിലേറുമെന്ന് ഉറപ്പായപ്പോള്‍ തന്നെ തെരുവിലെ പ്രതിപക്ഷം തങ്ങളായിരിക്കുമെന്ന് ബി ജെ പി പ്രഖ്യാപിച്ചിരുന്നു. സര്‍ക്കാര്‍ അധികാരത്തിലേറുന്നതിന് മുമ്പ് തന്നെ അക്രമങ്ങള്‍ക്ക് വിത്തിടുന്ന പരിപാടി അവര്‍ ആരംഭിക്കുകയും ചെയ്തു. മുഖ്യമന്ത്രിയുടെ സ്ഥലമായ പിണറായിയില്‍ സി പി ഐ (എം) പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടത് അങ്ങനെയാണ്. അതിന് തിരിച്ചടി നല്‍കാന്‍ സി പി ഐ (എം) തയാറായതോടെ ആളുകളുടെ ജീവനെടുത്തുള്ള മത്സരത്തിന് കണ്ണൂര്‍ വീണ്ടും വേദിയായി. അതങ്ങനെ തുടരുന്നതിനിടെ ബി ജെ പി നേതാക്കള്‍, ഗവര്‍ണറെ കണ്ട് സംസ്ഥാനത്തെ ക്രമസമാധാനനില തകര്‍ന്നതിനെകുറിച്ചും സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ തുടര്‍ച്ചയായി അക്രമിക്കപ്പെടുന്നതിനെകുറിച്ചും പരാതി പറഞ്ഞു. ബി ജെ പി – ആര്‍ എസ് എസ് പ്രവര്‍ത്തകരുടെ അതിക്രമങ്ങളില്‍ നഷ്ടപ്പെട്ട ജീവനുകളെകുറിച്ച് അവര്‍ക്ക് പരാതി ഇല്ലാതിരിക്കുക സ്വാഭാവികം.
സംസ്ഥാനത്ത് ബി ജെ പിക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യം ഇല്ലാതായിരിക്കുന്നുവെന്ന പരാതിയെകുറിച്ചും സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ അക്രമിക്കപ്പെടുന്നതിനെകുറിച്ചും കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ്, മുഖ്യമന്ത്രി പിണറായി വിജയനെ ആശങ്ക അറിയിച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പിന്നീട് ഡല്‍ഹിയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രിയെ മുഖ്യമന്ത്രി സന്ദര്‍ശിച്ചപ്പോള്‍ ഈ വിഷയം ചര്‍ച്ചയായിരുന്നു. ‘നിങ്ങളുടെ ഭാഗത്തു നിന്നുള്ള അതിക്രമങ്ങള്‍ അവസാനിപ്പിച്ചാല്‍ ഇപ്പുറത്തുള്ളതും അവസാനിക്കുമെന്ന്’ മറുപടി നല്‍കിയെന്നാണ് പിന്നീട് വാര്‍ത്താ സമ്മേളനത്തില്‍ പിണറായി വിജയന്‍ പറഞ്ഞത്. ചെറിയ ഇടവേളകളില്‍ അക്രമങ്ങള്‍ ആവര്‍ത്തിക്കപ്പെട്ടപ്പോള്‍ ബി ജെ പി നേതാക്കള്‍ പ്രസിഡന്റ് കുമ്മനം രാജശേഖരന്റെ നേതൃത്വത്തില്‍ വീണ്ടും ഗവര്‍ണറെ കണ്ടു. അവര്‍ നല്‍കിയ പരാതി മുഖ്യമന്ത്രിക്ക് അയച്ചുകൊടുത്തുവെന്ന് ഗവര്‍ണര്‍ വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചു. പോസ്റ്റ് ഓഫീസിന്റെ ജോലിയല്ല, ഗവര്‍ണറുടെ ഓഫീസിനെന്നും മുഖ്യമന്ത്രിക്ക് പരാതി കൊടുക്കാനാണെങ്കില്‍ അത് നേരിട്ട് കൊടുത്തുകൊള്ളാമെന്നും അന്ന് ബി ജെ പി നേതാക്കള്‍ പ്രതികരിച്ചു.

ഈ സാഹചര്യത്തില്‍ വേണം, തിരുവനന്തപുരത്തുണ്ടായ അക്രമങ്ങളുടെയും ആര്‍ എസ് എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തിന്റെയും പശ്ചാത്തലത്തില്‍ ഗവര്‍ണര്‍ പി സദാശിവം സ്വീകരിച്ച അസാധാരണ നടപടിയെ കാണാന്‍. തിരുവനന്തപുരത്തെ അക്രമങ്ങളുടെ പേരില്‍ ബി ജെ പി നേതാക്കളാരും ഗവര്‍ണറെ കണ്ട് പരാതിപ്പെട്ടതായി വിവരമില്ല. എന്നിട്ടും മുഖ്യമന്ത്രിയെയും പൊലീസ് മേധാവിയെയും വിളിച്ചുവരുത്തി വിശദീകരണം തേടാന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസായി വിരമിച്ച പി സദാശിവം തീരുമാനിക്കുമ്പോള്‍ അത്, സ്വയം തോന്നിയതാണെന്ന് കരുതുക വയ്യ. പോസ്റ്റ് ഓഫീസിന്റെ ജോലിയല്ല ഗവര്‍ണറുടെ ഓഫീസിന്റേതെന്ന് കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയുടെ നേതാക്കള്‍ മുമ്പ് പ്രതികരിച്ചത്, അദ്ദേഹത്തിന്റെ ഓര്‍മയിലുണ്ടാകണം. മുഖ്യമന്ത്രിയെ വിളിച്ച് വിവരങ്ങള്‍ ആരാഞ്ഞ കേന്ദ്ര ആഭ്യന്തര മന്ത്രി, ഗവര്‍ണറെ വിളിച്ച് ക്രമസമാധാന നിലയെക്കുറിച്ച് റിപ്പോര്‍ട്ടും തേടിയിട്ടുണ്ടാകണം. ആ സമ്മര്‍ദത്തിന്റെ ഫലമാകണം ഗവര്‍ണറുടെ അസാധാരണ നടപടി. അതായത് കേന്ദ്ര സര്‍ക്കാറിന്റെയും അതിന് നേതൃത്വം നല്‍കുന്ന പാര്‍ട്ടിയുടെയും ആജ്ഞാനുവര്‍ത്തിയായി, ഭരണഘടനാ ഉത്തരവാദിത്വം നിറവേറ്റാന്‍ ബാധ്യതപ്പെട്ട ഗവര്‍ണര്‍ മാറിയെന്ന് ചുരുക്കം. ഇന്ത്യന്‍ യൂണിയനിലെ ഗവര്‍ണര്‍മാരുടെ ചരിത്രമെടുത്താല്‍ അവ്വിധത്തിലല്ലാത്തവര്‍ ചുരുക്കമായിരുന്നുവെന്നും കാണാം. കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെടുന്ന റിപ്പോര്‍ട്ട് എഴുതി നല്‍കി, ജനാധിപത്യത്തെ ഹിംസിക്കാന്‍ അരു നിന്നവര്‍ ധാരാളം.
ആ വഴിക്ക് നീങ്ങാന്‍ തനിക്ക് മടിയുണ്ടാകില്ലെന്ന സന്ദേശമാണ് മുഖ്യമന്ത്രിയെയും പൊലീസ് മേധാവിയെയും വിളിച്ചുവരുത്തിയപ്പോഴും വിളിച്ചുവരുത്തിയെന്ന വിവരം പരസ്യപ്പെടുത്തി വാര്‍ത്താക്കുറിപ്പ് ഇറക്കിയപ്പോഴും സര്‍ക്കാരിന്, അതിന് നേതൃത്വം നല്‍കുന്ന മുന്നണിക്ക്, കേരളത്തിലെ ജനങ്ങള്‍ക്ക് ഗവര്‍ണര്‍ പി സദാശിവം നല്‍കിയത്. ഭരണഘടനാ വ്യവസ്ഥകളനുസരിച്ച് മന്ത്രിസഭയുടെ ശിപാര്‍ശകള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കാന്‍ ബാധ്യസ്ഥനാണ് ഗവര്‍ണര്‍. ആ പദവിക്ക് ചില വിവേചനാധികാരങ്ങള്‍ ഭരണഘടന നല്‍കുന്നുമുണ്ട്. അസാധാരണമായ സാഹചര്യത്തില്‍ സര്‍ക്കാരില്‍ നിന്ന് റിപ്പോര്‍ട്ട് ആവശ്യപ്പെടാന്‍ ഗവര്‍ണര്‍ക്ക് സാധിക്കും. ആ അധികാരത്തെ വിശാലമായി വ്യാഖ്യാനിച്ചാല്‍ സര്‍ക്കാറിന് നേതൃത്വം നല്‍കുന്ന മുഖ്യമന്ത്രിയെ വിളിച്ചു വരുത്തി വിശദീകരണം ആവശ്യപ്പെടാന്‍ സാധിക്കുമെന്ന് നിയമപരമായി വിലയിരുത്താന്‍ സാധിച്ചേക്കും. പക്ഷേ, സംസ്ഥാന പൊലീസ് മേധാവിയെ വിളിച്ചുവരുത്തുക എന്നാല്‍, ഭരണത്തില്‍ ഗവര്‍ണര്‍ ഇടപെടുന്നുവെന്ന് തന്നെയാണ് അര്‍ത്ഥം. മുഖ്യമന്ത്രിയിലും അദ്ദേഹം നേതൃത്വം നല്‍കുന്ന മന്ത്രിസഭയിലും തനിക്ക് വിശ്വാസമില്ലെന്ന് പരസ്യമായി പ്രഖ്യാപിക്കുക കൂടിയാണ് ഈ നടപടിയിലൂടെ. ഇത് ഫെഡറല്‍ ഭരണക്രമത്തിന്റെ അടിസ്ഥാന തത്വങ്ങളെ ലംഘിക്കുന്നതും ജനങ്ങള്‍ തിരഞ്ഞെടുത്ത ഒരു സര്‍ക്കാരിനെ അവഹേളിക്കുന്നതുമാണ്.

സംസ്ഥാനത്തിന്റെ ഭരണത്തില്‍ ഇടപെടാന്‍ ഗവര്‍ണര്‍ എന്ന നിലക്ക് അധികാരമില്ലെന്ന് അറിയാത്തയാളല്ല, സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സ്ഥാനത്തു നിന്ന് വിരമിച്ച പി സദാശിവം. എന്നിട്ടും അതിന് അദ്ദേഹം തുനിയുന്നുവെങ്കില്‍ അത് കൃത്യമായ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ തന്നെയാണ്. ആ നിര്‍ദേശമാണ് അഖിലേന്ത്യാ പൊലീസ് സര്‍വീസിലുള്ള സംസ്ഥാന പൊലീസ് മേധാവിക്ക് ഗവര്‍ണര്‍ നല്‍കിയിട്ടുണ്ടാകുക. സംസ്ഥാന സര്‍ക്കാറിന്റെ നിര്‍ദേശങ്ങളനുസരിച്ച് പ്രവര്‍ത്തിച്ചാല്‍, വിളിച്ചുവരുത്തി ചോദിക്കാന്‍ തനിക്ക് അധികാരം നല്‍കിയിട്ടുണ്ടെന്ന ബോധ്യപ്പെടുത്തല്‍. തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറിന് മുകളിലൊരു അധികാരകേന്ദ്രമായി ഗവര്‍ണറുടെ ഓഫീസുണ്ടെന്ന തോന്നല്‍ ഐ പി എസ്, ഐ എ എസ് ഉദ്യോഗസ്ഥരില്‍ ജനിപ്പിച്ചെടുക്കാനുള്ള ശ്രമം. തന്റേതൊരു പോസ്റ്റ് ഓഫീസല്ലെന്ന് തെളിയിച്ച്, ബി ജെ പിയുടെ പ്രാദേശിക നേതാക്കളുടെ വിശ്വാസം നേടിയെടുക്കുമ്പോള്‍, നിയമസഭയില്‍ ഒരംഗം മാത്രമുള്ള, അഴിമതിയാരോപണങ്ങളില്‍ ചൂഴ്ന്നു നില്‍ക്കുന്ന പാര്‍ട്ടിക്ക് കേന്ദ്ര ഭരണത്തിന്റെ പൂര്‍ണ പിന്തുണയുണ്ടെന്ന് ജനങ്ങളെ അറിയിക്കുക കൂടിയാണ് ഗവര്‍ണര്‍ ചെയ്യുന്നത്. ആ നിലക്ക് ജസ്റ്റിസ് പി സദാശിവം രാഷ്ട്രീയം കളിക്കുകയാണ്.

സി പി എം പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടപ്പോഴോ നാദാപുരത്തോ തിരൂരിലോ വലിയ അക്രമങ്ങള്‍ അരങ്ങേറിയപ്പോഴോ വര്‍ഗീയ സംഘര്‍ഷമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ കാസര്‍ക്കോട്ടൊരു മദ്രസാധ്യാപകനെ ആര്‍ എസ് എസുകാര്‍ വെട്ടിക്കൊന്നപ്പോഴോ ക്രമസമാധാന നിലയെക്കുറിച്ചുള്ള ആശങ്ക ഗവര്‍ണര്‍ക്കുണ്ടായില്ല. മുഖ്യമന്ത്രിയെ വിളിച്ച് ആശങ്കയും അതൃപ്തിയും അറിയിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് തോന്നിയതേയില്ല. ആ രാഷ്ട്രീയമാണ് ചോദ്യംചെയ്യപ്പെടേണ്ടത്. ആ രാഷ്ട്രീയത്തിന് ഗവര്‍ണറുടെ ഓഫീസ് അരുനിന്നു കൊടുക്കുമ്പോഴാണ് അപകടം മണക്കേണ്ടത്. ബി ജെ പിയുടെ സംസ്ഥാന കമ്മിറ്റി ഓഫീസിന് നേര്‍ക്കുണ്ടായ അതിക്രമത്തില്‍, പ്രതികളായവരെ പൊലീസ് പിടികൂടിയിട്ടുണ്ട്. ആര്‍ എസ് എസ് പ്രവര്‍ത്തകനെ കൊലചെയ്ത കേസില്‍ പ്രധാന പ്രതികളെ പന്ത്രണ്ട് മണിക്കൂറിനുള്ളില്‍ പിടികൂടുകയും ചെയ്തു. സംസ്ഥാനത്ത് സമീപകാലത്തുണ്ടായ മറ്റു കേസുകളുമായി താരതമ്യം ചെയ്താല്‍ അസാധാരണ വേഗത്തില്‍ പൊലീസ് പ്രവര്‍ത്തിച്ചുവെന്ന് ചുരുക്കം. ഇതറിഞ്ഞിട്ടും വിളിച്ചുവരുത്തി വിശദീകരണം തേടാന്‍ ഗവര്‍ണര്‍ തീരുമാനിക്കുമ്പോള്‍, അതിനു ശേഷം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ നടന്നത് രാഷ്ട്രീയ കൊലപാതകമാണെന്ന് ഉറപ്പിച്ച് പറയുമ്പോള്‍ അതിന്റെ രാഷ്ട്രീയം കൂടുതല്‍ തെളിയുന്നുണ്ട്.

പശ്ചിമബംഗാളില്‍ അടുത്തിടെയുണ്ടായ വര്‍ഗീയ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ അവിടുത്തെ ഗവര്‍ണര്‍ കേസരി നാഥ് ത്രിപാഠി ഇതുപോലൊരു ഇടപെടലിന് ശ്രമിച്ചിരുന്നു. ബി ജെ പിയുടെ സംസ്ഥാന നേതാക്കള്‍ സന്ദര്‍ശിച്ച്, പരാതി നല്‍കിയതിന് പിറകെ മുഖമടച്ചുള്ള അടി പോലെയായിരുന്നു മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ പ്രതികരണം. ഗവര്‍ണര്‍ തന്നെ അപമാനിക്കുകയാണെന്ന് തോന്നിയെന്ന് പരസ്യമായി പറഞ്ഞ അവര്‍, ഭീഷണിപ്പെടുത്താന്‍ നോക്കേണ്ടെന്ന മുന്നറിയിപ്പും നല്‍കി. ബി ജെ പിയുടെ ബ്ലോക്ക് പ്രസിഡന്റിനെപോലെ ഗവര്‍ണര്‍ പെരുമാറരുതെന്ന് താക്കീത് ചെയ്യാനും മടിച്ചില്ല. മുഖ്യമന്ത്രിയായി തന്നെ ജനങ്ങള്‍ തിരഞ്ഞെടുത്തതാണെന്നും ഗവര്‍ണറുടെ ഔദാര്യമല്ലെന്നും പറയാന്‍ മമതക്ക് മടിയുണ്ടായില്ല.
ഗവര്‍ണര്‍ക്ക് മുമ്പാകെ ഹാജരായി വിശദീകരണം നല്‍കാന്‍ തയാറല്ലെന്നും റിപ്പോര്‍ട്ട് ചീഫ് സെക്രട്ടറി അയച്ചുതരുമെന്നും പറയാന്‍ കേരളത്തിലെ ജനങ്ങള്‍ തെരഞ്ഞെടുത്ത പിണറായി വിജയന് സാധിക്കുമായിരുന്നു. പക്ഷേ, അതിന് അദ്ദേഹം തയാറായില്ല. ഭരണഘടനയനുസരിച്ച് സര്‍ക്കാരിന്റെ തലവനായ ഗവര്‍ണറോട് ഏറ്റുമുട്ടലിന്റെ പാത സ്വീകരിക്കേണ്ടതില്ലെന്ന ജനാധിപത്യ ബോധം അദ്ദേഹം പ്രകടിപ്പിച്ചതാകണം. വിളിച്ചുവരുത്തി നിര്‍ദേശങ്ങള്‍ നല്‍കിയെന്ന് വാര്‍ത്താക്കുറിപ്പിറക്കി, കേന്ദ്ര സര്‍ക്കാറിന്റെയും ബി ജെ പിയുടെയും രാഷ്ട്രീയ ഇംഗിതം സാധിച്ചുകൊടുക്കാന്‍ ഗവര്‍ണര്‍ തയാറാകുമെന്ന് മുഖ്യമന്ത്രി കരുതിയിട്ടുണ്ടാകില്ല. ഭരണഘടനാ പദവി വഹിക്കുന്ന ഒരാള്‍ ഭരണഘടനാ പദവി വഹിക്കുന്ന മറ്റൊരാളോട് കാട്ടേണ്ട സാമാന്യ മര്യാദ കാട്ടുമെന്ന പ്രതീക്ഷ. ആ മര്യാദ പുലരണമെന്നതുകൊണ്ടാകണം, ഗവര്‍ണറുടെ നടപടി പല കോണുകളില്‍ നിന്ന് വിമര്‍ശിക്കപ്പെടുമ്പോഴും മൗനം പാലിക്കാന്‍ പിണറായി വിജയനെന്ന മുഖ്യമന്ത്രി തീരുമാനിച്ചത്.

ബംഗാളില്‍ മമത കാട്ടിയ ധൈര്യം, പിണറായി വിജയനെന്ന കരുത്തന് ഉണ്ടായില്ലെന്ന വിമര്‍ശവും ഉയരുന്നുണ്ട്. മമതക്ക് ഗവര്‍ണറെ വിമര്‍ശിക്കാന്‍ മടി തോന്നേണ്ട കാര്യമില്ല. അതിന്റെ ഫലമായി സര്‍ക്കാര്‍ തന്നെ താഴെപ്പോയാലും അധികാരത്തില്‍ തിരിച്ചെത്താവുന്ന രാഷ്ട്രീയ കാലാവസ്ഥ പശ്ചിമ ബംഗാളിലുണ്ട്. അതിനെ അട്ടിമറിക്കാന്‍ പാകത്തിലേക്ക് ബി ജെ പി വളര്‍ന്നിട്ടില്ല. സി പി എമ്മിനോ കോണ്‍ഗ്രസിനോ അതിനുള്ള ശക്തി തല്‍കാലമില്ല. പക്ഷേ, കേരളത്തിലെ സ്ഥിതി ഭിന്നമാണ്. അധികാരത്തിലെത്താനുള്ള ത്രാണിയില്ലെങ്കിലും വോട്ട് മറിച്ച് ആരെയും തോല്‍പിക്കാനും ജയിപ്പിക്കാനും സാധിക്കും ഇവിടുത്തെ ബി ജെ പിക്കാര്‍ക്ക്. അത്തരം വോട്ടുകച്ചവടത്തിലുള്ള മികവ് അവര്‍ പലകുറി തെളിയിച്ചിട്ടുണ്ട്. പണം വാങ്ങി വോട്ടുമറിച്ചെന്ന് ആ പാര്‍ട്ടി തന്നെ നിയോഗിച്ച കമ്മീഷന്‍ കണ്ടെത്തിയിട്ടുമുണ്ട്. അതുകൊണ്ട് തന്നെ അസാധാരണമായ നടപടിയിലൂടെ സര്‍ക്കാര്‍ പിരിച്ചുവിടപ്പെടുകയും തിരഞ്ഞെടുപ്പിനെ നേരിടേണ്ട അവസ്ഥയുണ്ടാകുകകയും ചെയ്താല്‍ അധികാരത്തില്‍ തിരിച്ചെത്താമെന്ന ഉറപ്പ് പിണറായിക്കോ ഇടതു ജനാധിപത്യ മുന്നണിക്കോ ഉണ്ടാകില്ല. മാത്രവുമല്ല, ഗവര്‍ണറുടെ നിര്‍ദേശത്തെ അവഗണിച്ച്, ജനങ്ങള്‍ തെരഞ്ഞെടുത്ത മുഖ്യമന്ത്രിയെ വിളിച്ചുവരുത്താന്‍ താങ്കള്‍ക്ക് അധികാരമില്ലെന്ന് പിണറായി പറഞ്ഞിരുന്നുവെങ്കില്‍, അത് ധാര്‍ഷ്ട്യവും ധിക്കാരവും ജനാധിപത്യത്തോടുള്ള വെല്ലുവിളിയുമായി ചിത്രീകരിക്കപ്പെടുമായിരുന്നു. അതാണ് നമ്മള്‍ മലയാളികളുടെ ശീലം.
‘കടക്ക് പുറത്ത്’ എന്ന് മാധ്യമപ്രവര്‍ത്തകരോട് കല്പിച്ചതിലെ ഔചത്യമില്ലായ്മ ചൂണ്ടിക്കാണിക്കുമ്പോള്‍ തന്നെ ജനങ്ങള്‍ തിരഞ്ഞെടുത്ത സര്‍ക്കാറിനോട് ‘കടക്ക് പുറത്ത്’ എന്ന് കല്പിക്കാന്‍ തയാറെടുത്തു നില്‍ക്കുന്നവരും അതിന് കളമൊരുക്കാന്‍ തയാറെടുക്കുന്ന ഭരണഘടനാ പദവിയുമുണ്ടോ എന്ന് ന്യായമായും സംശയിക്കണം. അതിന് പാകത്തില്‍ സംഘര്‍ഷങ്ങളുണ്ടാക്കാന്‍ ശ്രമം നടക്കുന്നുണ്ടോ എന്നതും. ആ ശ്രമത്തെ ചെറുക്കാനുള്ള ശ്രമങ്ങളെ ദുര്‍ബലപ്പെടുത്തുന്നുണ്ടോ തന്റെ വാക്കുകള്‍ എന്ന് പിണറായി വിജയനും ആലോചിക്കണം.

രാജീവ് ശങ്കരന്‍

You must be logged in to post a comment Login