സോഷ്യലിസ്റ്റുകളും സംഘികളും തമ്മിലെന്ത്?

സോഷ്യലിസ്റ്റുകളും സംഘികളും തമ്മിലെന്ത്?

സോഷ്യലിസ്റ്റുകള്‍ക്കും സംഘ്പരിവാറിനുമിടയില്‍ എപ്പോഴും വിചിത്രമായ ഒരാകര്‍ഷണം നിലനില്‍ക്കുന്നുണ്ട്. നിതീഷ്‌കുമാറും അതില്‍ നിന്ന് വ്യത്യസ്തനല്ല. ബീഹാറിലെ മുഖ്യമന്ത്രിപദത്തില്‍ നിന്നുള്ള നിതീഷ്‌കുമാറിന്റെ രാജിയും ഉടനടി ബി ജെ പിയോട് ചേര്‍ന്ന് രൂപം കൊടുത്ത കൂട്ടുമുന്നണി സര്‍ക്കാരും ഇന്ത്യയിലെ സോഷ്യലിസ്റ്റ് രാഷ്ട്രീയം ദശകങ്ങളായി നിരീക്ഷിക്കുന്ന ഒരാളെ സംബന്ധിച്ചിടത്തോളം അത്ഭുതമേയല്ല. ഇന്ത്യയിലെ സോഷ്യലിസ്റ്റുകളുടെ പ്രധാനപ്പെട്ട സ്വഭാവസവിശേഷതകളാണ് നിതീഷിന്റെ പുത്തന്‍ നീക്കങ്ങള്‍ വ്യക്തമായി വരച്ചിടുന്നത്-സുസ്ഥിരമായ ഒരു രാഷ്ട്രീയബന്ധത്തില്‍ (പ്രത്യേകിച്ചും മറ്റ് സോഷ്യലിസ്റ്റുകളുമായി) അധികകാലം നിലനില്‍ക്കാന്‍ അവര്‍ക്കാകില്ല.

പ്രത്യയശാസ്ത്രപരമായി ഇടതുപക്ഷത്തോട് ചേര്‍ന്നുനില്‍ക്കുന്ന, ചേര്‍ന്നുനില്‍ക്കേണ്ട, സോഷ്യലിസ്റ്റുകള്‍ വലതുപക്ഷമായ ബി ജെ പിയോട് എതിര്‍പ്പു കാണിക്കുമെന്നാണ് സ്വാഭാവികമായും ഒരാള്‍ കരുതുന്നത്. കോണ്‍ഗ്രസ് വിരുദ്ധ വാദങ്ങളില്‍ മാത്രം അവര്‍ക്കുമിടയില്‍ പൊതുവായ അഭിപ്രായം കണ്ടേക്കാമെങ്കിലും ശേഷിച്ച എല്ലാ സാമൂഹിക സാമ്പത്തിക കാര്യങ്ങളിലും അവര്‍ എതിര്‍ചേരിയിലാണ്. എന്നാല്‍ ഇന്ത്യയിലെ രാഷ്ട്രീയ ചരിത്രം ഈ രണ്ട് ‘ശത്രുക്കള്‍’ക്കുമിടയിലെ തന്ത്രപരമായ നീക്കുപോക്കുകള്‍ക്കു മാത്രമല്ല, സമ്പൂര്‍ണമായ പ്രണയബന്ധങ്ങള്‍ക്ക് കൂടി സാക്ഷിയാണ്. ബി ജെ പി നേതൃത്വം കൊടുക്കുന്ന സര്‍ക്കാരുകളില്‍ സോഷ്യലിസ്റ്റുകള്‍ സന്തോഷത്തോടു കൂടി കൂട്ടുചേരുകയും പ്രതിസന്ധികളില്‍ സംഘ്പരിവാറിന് താങ്ങും തുണയുമായി നില്‍ക്കുകയും ചെയ്തിട്ടുണ്ട്. ജോര്‍ജ്ജ് ഫെര്‍ണാണ്ടസ് ഉദാഹരണമാണ്.
നിതീഷ് ഈ ചരിത്രത്തെ പുത്തന്‍ തലങ്ങളിലേക്ക് കൊണ്ടുപോയിരിക്കുന്നു. അദ്ദേഹം വാജ്‌പേയ് മന്ത്രിസഭയുടെ ഭാഗം മാത്രമായിരുന്നില്ല. ബീഹാറിലെ ബി ജെ പി ഉള്‍പ്പെട്ട കൂട്ടുമന്ത്രിസഭയ്ക്ക് അദ്ദേഹം നേതൃത്വം നല്‍കി. 2002 ല്‍ ഗുജറാത്ത് കത്തിയെരിഞ്ഞപ്പോള്‍ നരേന്ദ്രമോഡിക്കെതിരെ ബി ജെ പിക്ക് ഉള്ളില്‍ നിന്നു പോലും പ്രതിഷേധങ്ങളുയര്‍ന്നു. എന്നാല്‍ കേന്ദ്രറെയില്‍വേ മന്ത്രിയായിരുന്ന നിതീഷ്‌കുമാര്‍ നിശബ്ദത പാലിക്കുകയും തത്സ്ഥാനത്ത് തുടരുകയും ചെയ്തു. ബി ജെ പിയും നിതീഷ്‌കുമാറും തമ്മിലുളള ചങ്ങാത്തം വളരെ ശക്തമായിരുന്നു എന്നതിന്റെ തെളിവാണ് മൂന്ന് വര്‍ഷത്തിന് ശേഷം അദ്ദേഹം ബീഹാറില്‍ കെട്ടിപ്പടുത്ത കൂട്ടുമുന്നണി ഭരണം. എട്ടുവര്‍ഷം നീണ്ടുനിന്ന ആ ഭരണം തകര്‍ന്നത് പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് എന്‍ ഡി എ നരേന്ദ്രമോഡിയെ തെരഞ്ഞെടുത്തതു കൊണ്ടു മാത്രമാണ്. ഇപ്പോഴെന്ത് മാറ്റമാണ് ഉണ്ടായിട്ടുള്ളത്? മോഡി പഴയ മോഡി തന്നെയാണ്.

നിതീഷ് അന്ന് രാഷ്ട്രീയ സ്ഥിതിഗതികള്‍ വളരെ നന്നായി വായിച്ചെടുത്തിരുന്നു; മോഡിക്ക് പൊതു തിരഞ്ഞെടുപ്പില്‍ പിന്തുണ ലഭിച്ചേക്കാം, എന്നാല്‍ പതിനേഴ് ശതമാനം വരുന്ന ബീഹാറിലെ മുസ്‌ലിങ്ങള്‍ക്ക് ഗുജറാത്തിലെ മുന്‍മുഖ്യമന്ത്രി പ്രധാനമന്ത്രിയാകുന്നതില്‍ പരിഭ്രമം തോന്നാം.
2015ല്‍ എന്‍ ഡി എയില്‍ നിന്ന് പിണങ്ങിപ്പിരിഞ്ഞതിന് ശേഷവും നിതീഷ് വീണ്ടും വിജയിക്കുകയും ബീഹാറിന്റെ മുഖ്യമന്ത്രിയാകുകയും ചെയ്തു. അന്ന് കോണ്‍ഗ്രസും ലാലുപ്രസാദ് യാദവുമായിട്ടാണ് അദ്ദേഹം ‘മഹാഗത്ബന്ധന്‍’ രൂപീകരിച്ചത്. ലാലുവിന്റെ മകന്‍ തേജസ്വി യാദവ് ഉപമുഖ്യമന്ത്രിയുമായി. അപ്പോഴാണ് സി ബി ഐ ലാലുപ്രസാദ് യാദവിന്റെയും ബന്ധുക്കളുടെയും അനധികൃത സ്വത്ത് റെയ്ഡ് ചെയ്യുന്നത്. അപ്പോള്‍ തേജസ്വി യാദവ് രാജിവയ്ക്കണമെന്ന് നിതീഷ് ആവശ്യപ്പെട്ടു. അതോടെ ‘മഹാഗത്ബന്ധന്‍’ സര്‍ക്കാര്‍ തകര്‍ന്നടിയുന്ന സാഹചര്യമുണ്ടാകുകയും ബി ജെ പി പിന്തുണ വാഗ്ദാനം ചെയ്യുകയും ചെയ്തു. വര്‍ഷങ്ങള്‍ക്ക് മുമ്പ് ലാലുവില്‍ നിന്നു പിരിഞ്ഞ് സ്വന്തം സമതാപാര്‍ട്ടി രൂപീകരിച്ച നിതീഷിന് ഒരു മികച്ച അവസരം ലഭിക്കുകയും ചെയ്തു. അദ്ദേഹം ‘മഹാഗത്ബന്ധനി’ല്‍ നിന്ന് വിട്ടുപോരുകയും ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ആരും വായിച്ചെടുക്കുന്നതിന് മുമ്പേ ബി ജെ പിയുമായി ചേര്‍ന്ന് പുതിയ സര്‍ക്കാര്‍ രൂപീകരിക്കുകയും ചെയ്തു.

ഇപ്പോള്‍ നടക്കുന്ന രാഷ്ട്രീയ നാടകങ്ങളും കുതന്ത്രങ്ങളും വളരെ വ്യക്തമാണ്. ഇന്ത്യയിലെ രാഷ്ട്രീയം എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്നറിയാത്ത മരമണ്ടന്മാര്‍ക്കൊഴിച്ച് എല്ലാവര്‍ക്കും നിതീഷ് പുതിയ ബാന്ധവങ്ങളുടെ എല്ലാ വിശദാംശങ്ങളും ബി ജെ പി നേതൃത്വത്തിന്റെ സഹായത്തോടെ ആസൂത്രണം ചെയ്തിട്ടുണ്ട് എന്ന് മനസിലാക്കാന്‍ കഴിയും. രാംനാഥ് കോവിന്ദിന് രാഷ്ട്രപതി പദത്തിലേക്ക് അദ്ദേഹം നല്‍കിയ പിന്തുണ ബി ജെ പിയോട് അടുക്കുന്നതിന്റെ സൂചനയായിരുന്നു. അതെല്ലാം കോണ്‍ഗ്രസിന്റെ കുറ്റമാണെന്ന് വാര്‍ത്ത പ്രചരിപ്പിക്കുകയാണ് മാധ്യമലോകത്തെ നിതീഷിന്റെ കൂട്ടാളികള്‍ അന്നു ചെയ്തത്. അത്രമേല്‍ ദുര്‍ബലമായിക്കഴിഞ്ഞ കോണ്‍ഗ്രസിന് മാധ്യമങ്ങളോടുള്ള ആശയസംവേദനം പോലും ദുഷ്‌കരമായിരിക്കുന്നു. അവരുടെ വക്താക്കള്‍ സംസാരിക്കാന്‍ തുടങ്ങുമ്പോഴേയ്ക്കും അഭ്യൂഹങ്ങളും കിംവദന്തികളും നാടുമുഴുവന്‍ പരന്നിരിക്കും.

തന്റെ ധാര്‍മികമായ ഉത്തരവാദിത്വമാണ് ചെയ്തുകൂട്ടുന്നതെല്ലാം എന്ന നിതീഷ്‌കുമാറിന്റെ നാട്യം ജനങ്ങള്‍ തൊണ്ടതൊടാതെ വിഴുങ്ങുമോ? ഇത് നേരായും അഴിമതിയെ ചൊല്ലിയുള്ള തര്‍ക്കമാണെന്നും തേജസ്വി യാദവ് ഉപമുഖ്യമന്ത്രി പദം ഉപേക്ഷിച്ചിരുന്നുവെങ്കില്‍ നിതീഷ് രാജിവെക്കില്ലായിരുന്നെന്നും ശുദ്ധാത്മാക്കള്‍ മാത്രമേ വിശ്വസിക്കൂ! വര്‍ഗീയവാദത്തെക്കാളും വര്‍ധിച്ചു വരുന്ന വര്‍ഗീയ കൊലപാതകങ്ങളെക്കാളും അഴിമതിയാണ് അദ്ദേഹം ഗുരുതരമായ പ്രശ്‌നമായി കാണുന്നതെന്നാണോ ഇതിന് അര്‍ത്ഥം? ഇത്തരം കുറ്റങ്ങള്‍ സംഭവിക്കുന്നത് എന്തുകൊണ്ടാണെന്നും അതിന് ഉത്തരവാദികള്‍ ആരാണെന്നും അദ്ദേഹം തീര്‍ച്ചയായും അറിയേണ്ടതുണ്ട്. ഇത്തരം ചോദ്യങ്ങളില്‍ നിന്ന് അദ്ദേഹത്തിന്റെ വക്താവും മുന്‍ നയതന്ത്രജ്ഞനുമായ പവന്‍ വര്‍മ്മ ഒഴിഞ്ഞുമാറുകയാണുണ്ടായത്. എന്നാല്‍ ഒരു സമ്പൂര്‍ണ അവസരവാദിയായി മാറിയിരിക്കുന്നു നിതീഷ് എന്ന കാര്യം മറച്ചുവയ്ക്കാന്‍ വാചകക്കസര്‍ത്തുകള്‍ക്കാകില്ല.

എന്തുകൊണ്ടാണ് സോഷ്യലിസ്റ്റുകള്‍ സംഘിലേയ്ക്ക് ആകര്‍ഷിക്കപ്പെടുന്നത് എന്നുള്ളതാണ് യഥാര്‍ത്ഥ ചോദ്യം. 1960കളില്‍ രാംമനോഹര്‍ ലോഹ്യ ജനസംഘവുമായി കൈകോര്‍ക്കാന്‍ തയാറായിരുന്നു. എന്നാല്‍ സോഷ്യലിസ്റ്റുകള്‍ അമീബയെപോലെ പിളരുകയും വീണ്ടും നൂറായി പിളരുകയും ചെയ്തു.

കോണ്‍ഗ്രസിലെ സോഷ്യലിസ്റ്റ് വിഭാഗത്തിന്റെ നേതാവായിരുന്ന ജയപ്രകാശ് നാരായണന്റെ ഇന്ദിരാഗാന്ധിക്ക് എതിരെയുള്ള പ്രക്ഷോഭത്തില്‍ ആര്‍ എസ് എസിന്റെ സമ്പൂര്‍ണമായ പിന്തുണ ഉണ്ടായിരുന്നു. അദ്ദേഹം ജനസംഘിന്റെ ഒരു യോഗത്തില്‍ വച്ച്, ‘നിങ്ങള്‍ ഫാസിസ്റ്റ് ആണെങ്കില്‍ ഞാനും ഫാസിസ്റ്റ് ആണ്’ എന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ആര്‍ എസ് എസിനോടുള്ള ജയപ്രകാശ് നാരായണന്റെ അനുഭാവം അദ്ദേഹത്തെ പിന്തുണയ്ക്കുന്ന പലര്‍ക്കും ഇഷ്ടമായിരുന്നില്ല. ജനതാപാര്‍ട്ടിയിലെ ജനസംഘ് അംഗങ്ങള്‍ ആര്‍ എസ് എസില്‍ നിന്നും രാജിവയ്ക്കണമെന്ന് ശഠിച്ചത് സോഷ്യലിസ്റ്റ് ആയ മധു ലിമായെ ആണ്. അങ്ങനെയാണ് ജനതാപാര്‍ട്ടി പിളര്‍ന്നത്. (1980ല്‍ ബി ജെ പി രൂപീകരിക്കപ്പെട്ടപ്പോള്‍ അതിന്റെ ആശയം ഗാന്ധിയന്‍ സോഷ്യലിസമായിരുന്നു. ചിലപ്പോള്‍ രണ്ടിന്റെയും തരം ഒന്നുതന്നെയാകാം)

വര്‍ഗീയതക്ക് എതിരെ ശക്തമായി പോരാടിയ, ‘ജയപ്രകാശ് നാരായണന്‍ ധാര’യിലെ സോഷ്യലിസ്റ്റുകളില്‍ ഒരാളാണ് ലാലുപ്രസാദ് യാദവ്. ശേഷിച്ചവരെല്ലാം ബി ജെ പിയുമായോ ആര്‍ എസ് എസുമായോ ഒരിക്കലല്ലെങ്കില്‍ മറ്റൊരിക്കല്‍ സഹകരിച്ചിട്ടുള്ളവരാണ്. മുലായം സിംഗ് യാദവ് പോലും നിര്‍ണായകഘട്ടങ്ങളില്‍ ബി ജെ പിയെ പിന്തുണച്ചിട്ടുണ്ട്.
ആ അര്‍ത്ഥത്തില്‍ നിതീഷ് ‘ഘര്‍വാപസി’ മാത്രമാണ് ചെയ്തിരിക്കുന്നത്. അദ്ദേഹം എല്ലായ്‌പോഴും ലാലുപ്രസാദ് യാദവിന്റെ സാന്നിധ്യത്തില്‍ അസ്വസ്ഥനായിരുന്നു. ആത്മസുഹൃത്തുക്കളോട് ചേര്‍ന്നാല്‍ മാത്രമാണ് അദ്ദേഹത്തിന് സൗഖ്യം ലഭിക്കുന്നത്. അങ്ങനെ അവസാനം അദ്ദേഹം വീട്ടില്‍ തന്നെ തിരിച്ചെത്തിയിരിക്കുന്നു!

വിവ. കബനി സി
സിദ്ധാര്‍ത്ഥ് ഭാട്യ

You must be logged in to post a comment Login