അവര്‍ കൊന്നു തീര്‍ത്ത ആള്‍ക്കാരും ചാമ്പലാക്കിയ നഗരവും നമ്മുടെ മുന്നിലുണ്ട്

അവര്‍ കൊന്നു തീര്‍ത്ത ആള്‍ക്കാരും ചാമ്പലാക്കിയ നഗരവും നമ്മുടെ മുന്നിലുണ്ട്

ഓഡിറ്റിംഗ് എന്നത് സോഷ്യല്‍ മീഡിയയിലെങ്കിലും ഒട്ടും അപരിചിതമായ പദമല്ല. ഹിസ്റ്റോറിക്കല്‍ ഓഡിറ്റിംഗ് എന്നതൊരുപക്ഷേ കഴിഞ്ഞ രണ്ടു വര്‍ഷക്കാലയളവിലെങ്കിലും സോഷ്യല്‍ മീഡിയ ആക്ടിവിസ്റ്റുകള്‍ ഒരിക്കല്‍ പോലുമെങ്കിലും ഉപയോഗിച്ച പദവുമാകണം. നിസംശയവും സ്വാഭാവികമായും സിപിഎം എന്ന രാഷ്ടീയപാര്‍ട്ടി തന്നെയാണ് ഓഡിറ്റിംഗ് ടേബിളിലെ സ്ഥിര വിഭവവും. തീര്‍ച്ചയായും രാഷ്ട്രീയപാര്‍ട്ടികളുടെ പ്രത്യയശാസ്ത്രപരവും പ്രായോഗികപരവുമായ പ്രവര്‍ത്തനങ്ങളുടെ മെച്ചപ്പെടലുകള്‍ക്ക് ഓഡിറ്റിംഗ് സഹായിക്കുകയും അതിനെ സ്വാഗതം ചെയ്യുകയും ചെയ്യുന്നു. പക്ഷേ അഭിപ്രായവ്യത്യാസം കിടക്കുന്നത് ഈ ഓഡിറ്റിംഗ് കേവലം ഏകപക്ഷീയമായി മാറുന്നു എന്നിടത്താണ്.

രാഷ്ട്രീയാക്രമണങ്ങളും കൊലപാതകങ്ങളും അതിനെ തുടര്‍ന്നുള്ള ഹര്‍ത്താലുകളും കേരള പൊതുസമൂഹത്തിന് ഒട്ടും അന്യമായ കാര്യമല്ല. ഇവക്ക് രണ്ടിനും ഇന്ത്യന്‍ പൊതുസമൂഹം എന്നും പ്രതിസ്ഥാനത്ത് നിര്‍ത്തിയതും സിപിഎം എന്ന രാഷ്ട്രീയ പാര്‍ട്ടിയെ തന്നെയാണ്. ആ പൊതുബോധത്തിന്റെ ഉള്ളറകളെ അന്വേഷിച്ചു പോകാന്‍ മുതിരുന്നില്ല. മറിച്ച് ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തിലേറി ഇന്നേവരെയുള്ള ഒരുവര്‍ഷ കാലയളവില്‍ രാഷ്ട്രീയാക്രമണങ്ങളിലും കൊലപാതകങ്ങളിലും ഹര്‍ത്താലുകളിലും ഒന്നാം സ്ഥാനത്ത് നില്‍ക്കുകയും എന്നാല്‍ പൊതുബോധ ഓഡിറ്റിംഗിനു കാര്യമായി വിധേയമാകാതെ അപകടകരമായ വിധ്വംസക രാഷ്ട്രീയം പൊതുസമൂഹത്തിലേക്ക് ഒളിച്ചു കടത്തുകയും ചെയ്യുന്ന ആര്‍എസ്എസ്/ ബിജെപിക്ക് പൊതുസ്വീകാര്യത നേടിക്കൊടുക്കുന്ന പത്ര ദൃശ്യ നവ മാധ്യമങ്ങളുടെ അപകടകരമായ നിഷ്‌കളങ്കതയെ കുറിച്ചുമാണ് പറയാനുള്ളത്.

ഒരു എണ്‍പത് വര്‍ഷങ്ങള്‍ക്ക് മുന്നേയുള്ളൊരു ചരിത്രമുണ്ട് നമ്മുടെ മുന്നില്‍. രാജ്യത്തെ ഭരണാധികാരിയായി അധികാരത്തിലേറി ആഴ്ച്ചകള്‍ക്കിപ്പുറം 1933 ഫെബ്രുവരി 27ന് ജര്‍മനിയുടെ പാര്‍ലമെന്റ് മന്ദിരമായ ബെര്‍ലിനിലെ റീഷ്ടാഗ് സൗധത്തിന് തീയിടുകയും അത് കമ്യൂണിസ്റ്റുകാരുടെ മേല്‍ കെട്ടിവെക്കുകയും അതൊരു കമ്യൂണിസ്റ്റ് ഗൂഢാലോചനയാണെന്ന് ആരോപിച്ച് രാജ്യത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്ത ഹിറ്റ്‌ലറിന്റെ ചരിത്രം. പൗരസ്വാതന്ത്ര്യവും മാധ്യമ സ്വാതന്ത്ര്യവും പൊതുയോഗങ്ങളുമൊക്കെ നിരോധിക്കുകയും കമ്യൂണിസ്റ്റുകാരെ രാജ്യദ്രോഹികളായി പ്രഖ്യാപിച്ച് വേട്ടയാടുകയും ജയിലലടയ്ക്കുകയും തുടര്‍ന്ന് വന്ന തിരഞ്ഞെടുപ്പില്‍ തങ്ങളുടെ പാര്‍ലിമെന്റ് പ്രാതിനിധ്യം മുപ്പത്തി രണ്ടു ശതമാനത്തില്‍ നിന്ന് അമ്പത്തിരണ്ടു ശതമാനമായി ഉയര്‍ത്തിയ നാസികളുടെ ചരിത്രം. ആമുഖമായി ഈ ചരിത്രം പറയാന്‍ കാരണം നാസികളും സംഘ്പരിവാറും തമ്മില്‍ ആശയതലത്തിലും ആ ആശയത്തിന്റെ പ്രായോഗികവത്ക്കരണത്തിലും നിലനില്‍ക്കുന്ന നാഭീനാള ബന്ധമാണ്. ഈ നാസി ചരിത്രത്തോട് ഏറെ കിടപിടിക്കുന്ന വര്‍ത്തമാന യാഥാര്‍ത്ഥ്യങ്ങളാണ് ഇന്ത്യയില്‍ നടന്നു കൊണ്ടിരിക്കുന്നത്. ജോസഫ് ഗീബല്‍സിലൂടെ ഹിറ്റ്‌ലര്‍ മെനഞ്ഞെടുത്ത ഫാള്‍സ് ഫ്‌ലാഗ് തന്ത്രം തന്നെയാണ് ഇന്ത്യയില്‍ സംഘ് പരിവാറും കയ്യാളുന്നത്.

സംസ്ഥാന ബിജെപി കഴിഞ്ഞ രണ്ടാഴ്ച രാഷ്ട്രീയപരമായി വലിയ നാണക്കേടിലൂടെയും പ്രതിരോധത്തിലൂടെയും കടന്നു പോകുന്ന സമയമായിരുന്നു. പാര്‍ട്ടിക്കുള്ളില്‍ നിന്ന് ഗ്രൂപ്പ് തര്‍ക്കത്തെ തുടര്‍ന്ന് തന്നെ പുകഞ്ഞു പുറത്തു ചാടിയ, സംസ്ഥാന നേതാക്കളടക്കം ഉള്‍പ്പെട്ട മെഡിക്കല്‍ കോളേജ് കോഴയും നടപടികളും, തുടര്‍ന്ന് ദിനംപ്രതിയെന്നോണം മഴവെള്ള പാച്ചിലുപോലെ പുറത്തു വന്ന നിലക്കാത്ത അഴിമതി കഥകളും കേരള പൊതു സമൂഹത്തിലെയും ദൃശ്യ മാധ്യമങ്ങളുടേയും പ്രൈം ടൈമുകളില്‍ നിറഞ്ഞു നില്‍ക്കുന്ന സമയത്താണ് തിരുവനന്തപുരത്ത് അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു തുടങ്ങുന്നത്. സിപിഎം കൗണ്‍സിലറുടെ വീടാക്രമിക്കുകയും തുടര്‍ന്ന് ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിനു നേരെ പ്രത്യാക്രമണം ഉണ്ടാകുകയും അത് മറ്റു സ്ഥലങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്തു. അധികാര കസേരയിലേക്ക് അടുക്കാന്‍ കലാപങ്ങളും കുതിരക്കച്ചവടങ്ങളുമടക്കം പല വിധമായ നീചവഴികള്‍ പ്രയോഗിക്കുന്ന ആ സംഘടന തങ്ങളെ പ്രതിരോധത്തിലാക്കിയ അഴിമതി ചര്‍ച്ചകളുടെ ഗതി തിരിച്ചു വിടാന്‍ കണ്ടെത്തിയ പ്രൈം ടൈം ഗ്ലാമറുള്ള ഒരു വിഷയം മനപ്പൂര്‍വം ഉണ്ടാക്കിയതാണെന്ന് സംശയിക്കാവുന്നതേയുള്ളൂ. ഈ സംഘര്‍ഷം നിലനില്‍ക്കെ തന്നെയാണ് കഴിഞ്ഞ ദിവസം പ്രാദേശിക ആര്‍എസ്എസ് നേതാവ് കൊല്ലപ്പെടുകയും ഏറ്റവും പെട്ടെന്ന് തന്നെ അത് സിപിഎമ്മിന്റെ ആലയില്‍ കൊണ്ടുപോയി കെട്ടിയതും.

നോക്കൂ ഇത് ഇന്നലെ മാത്രം കണ്ട സംഭവങ്ങളില്‍ ഒതുങ്ങുന്നതല്ല. രാജ്യത്തെ തന്നെ ഏറ്റവും വലിയ നിയോ ഫാഷിസ്റ്റ് മാസ് മിലിറ്റന്റ് മെറ്റല്‍ ബോക്‌സായ സംഘ്പരിവാര്‍ സംഘടനകള്‍ ക്ഷമയോടെയും കൃത്യതയോടെയും ഒരു നൂറ്റാണ്ടായി സമൂഹത്തിന്റെ സകലമാന മേഖലകളിലും നിര്‍മിച്ചെടുത്ത മേല്‍ക്കോയ്മയിലൂടെ ആര്‍ജ്ജിച്ച സാംസ്‌കാരിക സാമൂഹിക അധികാര ഘടനയും 2025ലേക്ക് ലക്ഷ്യം വച്ച് നടക്കുന്ന ഹിന്ദു രാഷ്ട്ര നിര്‍മിതിയും അതിലേക്ക് വളമാകാന്‍ കൃത്യമായി പ്ലാന്‍ ചെയ്തു നടപ്പിലാക്കുന്ന പ്രവര്‍ത്തനങ്ങളുമാണ്. പക്ഷേ അത്രമേല്‍ പ്രതിരോധപരമായ കാലത്ത് പോലും ഹിന്ദുത്വ രാഷ്ട്രീയത്തെ പ്രതിരോധിച്ചു നിര്‍ത്തുന്നതില്‍ വിജയിച്ചു കാട്ടിയ ഒരേയൊരു തുരുത്തില്‍ പോലും പൊതുബോധ നിര്‍മിതിയില്‍ ലയിച്ച് അവര്‍ മേല്‍ക്കോയ്മയാര്‍ജ്ജിക്കുന്നു.

ഈയൊരു വര്‍ഷം ചെറുതും വലുതുമായ 68 ഹര്‍ത്താലുകളാണത്രേ കേരളത്തില്‍ നടന്നത്. അതില്‍ 28 എണ്ണം സംഘടിപ്പിച്ച് സംഘ്പരിവാര്‍ സംഘടനകളാണ് ഏറ്റവും മുന്നില്‍. പക്ഷേ നോക്കൂ, അവരിന്നും ഹര്‍ത്താല്‍ വിരുദ്ധ നഷ്ടക്കണക്കുകളുടെ ബാലന്‍സ് ഷീറ്റുമായി ചാനലുകളില്‍ നിറയുമ്പോള്‍ ആരും തന്നെ ചോദ്യം ചെയ്യില്ല എന്നതാണ് അവര്‍ക്ക് ലഭിക്കുന്ന സൗജന്യം. ഇതേ യുക്തി തന്നെയാണ് രാഷ്ട്രീയ കൊലപാതകങ്ങളുടെ കാര്യത്തിലും. പതിനേഴു കൊലപാതകങ്ങളാണ് ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനു ശേഷം നടന്നതെന്നാണ് ഔദ്യോഗിക കണക്ക്. അതില്‍ പതിമൂന്നു കൊലകളിലും പ്രതിസ്ഥാനത്ത് ആര്‍എസ്എസാണ്. പക്ഷേ ഉത്തരേന്ത്യയിലും എന്തിന് കേരളത്തിലടക്കം ഇരവാദവുമായി എക്‌സിബിഷനും നട്ടാല്‍ കുരുക്കാത്ത നുണകളുടെ കൂമ്പാരവുമായി അവര്‍ മുതലക്കണ്ണീര്‍ ഒഴുക്കുകയും മെല്ലെയാണെങ്കിലും അത് പൊതുബോധ സ്വീകാര്യത നേടുകയും ചെയ്യുന്നു.

ഇതില്‍ ഏറെ ഗൗരവതരമായ കാര്യമെന്തെന്നാല്‍ അതില്‍ രണ്ടു കൊലപാതകങ്ങള്‍ ആര്‍എസ്എസുകാരന്‍ ആര്‍എസ്എസുകാരനെ തന്നെ കൊല്ലുകയും ആ കുറ്റം സിപിഎമ്മില്‍ ആരോപിക്കുകയും എന്നാല്‍ യാഥാര്‍ത്ഥ്യം പുറത്തു വരികയും ചെയ്തു എന്നതാണ്. കൊല്ലപ്പെട്ടതില്‍ 17 വയസുകാരനായ ബാലനും ഉള്‍പ്പെടുന്നു എന്നിടത്താണ് സംഘപരിവാര്‍ ദംഷ്ട്രകളുടെ മൂര്‍ച്ച മനസിലാക്കേണ്ടത്. പക്ഷേ നിര്‍ഭാഗ്യകരമെന്നോ അപകടകരമെന്നോ പറയട്ടെ, കേരളത്തിലെ മാധ്യമങ്ങളോ പൊതുസമൂഹമോ ഈ വിഷയത്തിന് എന്തെങ്കിലും പ്രാധാന്യം കൊടുത്തോ? അതിലും ഭീകരമാണ് ഉത്തരേന്ത്യയില്‍ പരീക്ഷിച്ചു വിജയിച്ച കലാപതന്ത്രവുമായി അവര്‍ കേരളത്തിലിറങ്ങിയത്. ജനാധിപത്യ രീതിയിലുള്ള തിരഞ്ഞെടുപ്പിലൂടെ ഈ സംസ്ഥാനത്തിന്റെ അധികാര രംഗത്തേക്ക് അടുത്ത കാലത്തൊന്നും കാലെടുത്തു വയ്ക്കാന്‍ കഴിയില്ലെന്ന തിരിച്ചറിവ് അവര്‍ക്ക് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം നന്നായി മനസിലായിട്ടുണ്ട്. ഗുജറാത്തിലും യുപിയിലും അധികാര കസേരയുറപ്പിച്ച വര്‍ഗീയ കലാപങ്ങളും ധ്രുവീകരണങ്ങളും വേണ്ട വിധത്തില്‍ പ്രവര്‍ത്തിച്ചാല്‍ കേരളത്തിലും നേട്ടം കൊയ്യാന്‍ കഴിയുമെന്ന സംഘ്പരിവാര്‍ ബുദ്ധിയുടെ ബാക്കിപത്രം തന്നെയാണ് കാസര്‍ക്കോട്ടും മലപ്പുറത്തും കണ്ടത്. ഈ രണ്ടു സ്ഥലങ്ങള്‍ക്കും തമ്മില്‍ വിശേഷമായ ബന്ധമുണ്ട്. കേരളത്തില്‍ മുസ്‌ലിം ജനസംഖ്യ സാമാന്യം നല്ല രീതിയിലുള്ള പ്രദേശങ്ങളാണ് ഈ രണ്ടു ജില്ലകളും. മാത്രമല്ല കാസര്‍ക്കോട്ട് ആകട്ടെ ഒരു തീപ്പൊരി വീണാല്‍ പടരാന്‍ തയാറാക്കി വച്ച, ഹിന്ദുത്വ വര്‍ഗീയ ശക്തികള്‍ ശക്തിയാര്‍ജ്ജിച്ചു നില്‍ക്കുന്നയിടവുമാണ്.

ഇക്കഴിഞ്ഞ മാര്‍ച്ച് 21ന് രാത്രിയാണ് റിയാസ് മൗലവി കൊല്ലപ്പെടുന്നത്. കാസര്‍ക്കോട് പഴയ ചൂരിയിലെ ജുമുഅത്ത് പള്ളിയിലെ മുക്രി ആയ റിയാസ് മൗലവിയെ കൊന്നത് അത്യന്തം മൃഗീയമായ രീതിയിലാണ്. പിന്നില്‍ നിന്ന് പിടികൂടി കഴുത്ത് അറുത്ത് കൊല്ലുകയായിരുന്നു. മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായ പഴയ ചൂരിക്ക് ചുറ്റുമുള്ള പ്രദേശങ്ങളില്‍ ബിജെപി ശക്തമാണ്. രണ്ടു ദിവസങ്ങള്‍ക്കുള്ളില്‍ പോലീസ് പ്രതികളായ മൂന്നു ആര്‍എസ്എസുകാരെ പിടികൂടുകയും ചെയ്തു. യാതൊരുവിധ രാഷ്ട്രീയമോ രാഷ്ട്രീയേതരമോ ആയ സംഘര്‍ഷങ്ങളുടെയും ഭാഗമാകാത്ത വ്യക്തിയായിരുന്നു കൊല്ലപ്പെട്ട റിയാസ് മൗലവി.

കൊടിഞ്ഞി ഫൈസല്‍ വധവും സമാനസ്വഭാവമുള്ളതാണ്. ഇസ്‌ലാം മതത്തിലേക്ക് മതം മാറുകയും കുടുംബത്തെ തന്നോടൊപ്പം മതം മാറ്റുകയും ചെയ്തതിന്റെ പേരില്‍ വര്‍ഗീയമായ വൈരാഗ്യവും ദുരഭിമാനവുമാണ് കൊലപാതകത്തിനു കാരണമായി വിശേഷ ബുദ്ധ്യാ പറയപ്പെടുന്നത്. അത് വിശേഷ്യാര്‍ത്ഥത്തില്‍ ശരിയായിരിക്കുമ്പോള്‍ തന്നെ പിടിക്കപ്പെട്ട പ്രതികള്‍ ആരെന്നറിയുമ്പോഴാണ് ഉള്ളുകളികളുടെ അജണ്ട മനസിലാകുന്നത്. ആര്‍എസ്എസ് താലൂക്ക് സഹകാര്യവാഹകായ നാരായണനാണ് കൊലപാതകത്തിന്റെ മുഖ്യ സൂത്രധാരനായി പോലീസ് കണ്ടെത്തിയത്. കൊലപാതകവുമായി ബന്ധപ്പെട്ട് 16 ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തിരുന്നു.

ഈ രണ്ടു കൊലപാതകം മാത്രമെടുത്താല്‍ സുവ്യക്തമായി നമ്മുടെ മുന്നിലുള്ളത് കൃത്യമായ പ്ലാനിങ്ങുകളോടെ വര്‍ഗീയ കലാപം ലക്ഷ്യം വച്ച് നടപ്പിലാക്കിയ കൊലപാതകങ്ങളാണ്. സമൂഹത്തില്‍ അത്യധികം അപകടം വിതയ്ക്കുന്ന ഇത്രയും നീചമായ കലാപാസൂത്രണത്തെ എത്രമാത്രം പ്രാധാന്യത്തോടെ കേരള പൊതുസമൂഹം ചര്‍ച്ചയ്‌ക്കെടുത്തിരുന്നു എന്നു കൂടി ആലോചിക്കണം. ഒട്ടും തന്നെയില്ലെന്നു പറയേണ്ടി വരും. സ്വാഭാവികമായൊരു കൊലപാതകത്തിന്റെ ഫോളോഅപ്പുകളൊഴിച്ച്.

കൊലപാതകത്തിലൊന്നും കലാശിച്ചില്ലെങ്കിലും വര്‍ഗീയ ധ്രുവീകരണം ലക്ഷ്യമിട്ട് നടപ്പിലാക്കാന്‍ ശ്രമിച്ച മറ്റൊരു കൃത്യമായിരുന്നു മലപ്പുറത്ത് നിലമ്പൂര്‍ പൂക്കോട്ടുപാടത്ത് നോമ്പ് തുടങ്ങുന്നതിനു തൊട്ടു തലേ ദിവസം ശ്രീവില്ല്യത്ത് മഹാദേവക്ഷേത്രത്തിന്റെ ശ്രീകോവിലിനുള്ളില്‍ കടന്ന ഒരു ‘അജ്ഞാതന്‍’ വിഗ്രഹങ്ങള്‍ തകര്‍ക്കുകയും ശ്രീകോവിലിനകം വൃത്തികേടാക്കുകയും ചെയ്തത്. മണിക്കൂറുകള്‍ക്കകം ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ പ്രദേശത്ത് ഹര്‍ത്താലിനാഹ്വാനം ചെയ്തു. സംഭവസ്ഥലം സന്ദര്‍ശിക്കാനെത്തിയ മുന്‍മന്ത്രി ആര്യാടന്‍ മുഹമ്മദിനെ വഴിയില്‍തടയുകയും ചെയ്തു. പ്രസ്തുത സംഭവം മുസ്‌ലിംകള്‍ക്ക് നേരെ ആരോപിച്ച് വ്യാപക പ്രചരണം നടത്തുകയും ഫേസ്ബുക്കും വാട്‌സാപ്പുമടക്കമുള്ള സമൂഹമാധ്യമങ്ങളില്‍ സംഘ്പരിവാര്‍ അനുകൂലികള്‍ മുസ്‌ലിംകള്‍ക്കെതിരെ കലാപത്തിനാഹ്വാനം ചെയ്യുകയുമുണ്ടായി. അന്ന് വൈകുന്നേരത്തിനുള്ളില്‍ തന്നെ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. പ്രതിയുടെ പേര് രാജാറാം മോഹന്‍ പോറ്റി. ആള്‍ തിരുവനന്തപുരം സ്വദേശിയാണ്. ഹിന്ദു മതത്തിലെ അനാചാരങ്ങള്‍ക്കെതിരെ പ്രതികരിക്കാനാണ് താന്‍ ഇത് ചെയ്തതെന്ന അദ്ദേഹത്തിന്റെ ഭാഷ്യം മാധ്യമങ്ങള്‍ നിഷ്‌കളങ്കമായി റിപ്പോര്‍ട്ട് ചെയ്ത് പോയി.

നോക്കൂ, ഇത്തരം കൃത്യങ്ങള്‍ക്കായി അവര്‍ തിരഞ്ഞെടുക്കുന്ന പ്രദേശങ്ങള്‍ ഏതാണെന്ന്. മലപ്പുറം, കാസര്‍ക്കോട്. തിരുവനന്തപുരത്തുകാരന് തകര്‍ക്കാന്‍ തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെ അമ്പലങ്ങള്‍ കണ്ടില്ല. എത്തിയത് മലപ്പുറത്താണ്. കാരണം ഏതൊരാള്‍ക്കും മനസിലാകുന്ന മലപ്പുറത്തിന്റെ സാമൂഹിക ഘടകം തന്നെ. അന്നാട്ടിലെ ജനങ്ങളുടെ ഐക്യവും സഹിഷ്ണുതയും കൊണ്ട് വലിയ കലാപങ്ങളിലേക്ക് വഴുതിമാറാതിരുന്ന സംഭവങ്ങളാണിതൊക്കെ. ഒരൊറ്റ ഫേസ്ബുക്ക് പോസ്റ്റും വ്യാജ വീഡിയോയും ചാമ്പലാക്കിയ നഗരവും കൊന്നു തീര്‍ത്ത ആള്‍ക്കാരും നമ്മുടെ മുന്നിലുണ്ട്.

തീവ്ര വലതുപക്ഷ ശക്തികള്‍ക്ക് കേരളം കിട്ടാക്കനിയാണെന്നാണ് നമ്മുടെയൊക്കെ ശുഭാപ്തി വിശ്വാസം. വെറുതെയാണത്. തങ്ങളുടെ ലക്ഷ്യപ്രാപ്തിക്കായി അധികാര സ്ഥാനങ്ങളില്‍ എങ്ങനെ കടന്നു ചെല്ലാമെന്നും ജനാധിപത്യഫെഡറല്‍ സംവിധാനങ്ങളെ എങ്ങനെയൊക്കെ നോക്കുകുത്തിയാക്കാമെന്നും അവര്‍ ദിനേന തെളിയിച്ചു കൊണ്ടിരിക്കുകയാണ്. ഏറ്റവും ഒടുവിലുത്തെ ഉദാഹരണമാണ് ബീഹാറില്‍ കണ്ടത്. പ്രവര്‍ത്തനങ്ങള്‍ റിവേഴ്‌സ് ഓര്‍ഡറിലാണ് പോകുന്നത്. ലക്ഷ്യം ഹിന്ദു രാഷ്ട്രമാണ്. അതിനു തിരുത്തേണ്ടത് ഭരണഘടനയാണ്. അതിനായി വേണ്ടത് രാജ്യസഭ കൂടിയാണ്. അവിടേക്ക് വേണ്ടത് സംസ്ഥാന ഭരണങ്ങളും. അതിനായി അവരുടെ മെഷിനറി ദിനേനയെന്നോണം പൂര്‍ത്തിയാക്കുന്ന ടൈംടേബിളുകളാണ് ഓരോ സംഭവവും.
ആമുഖമായി സൂചിപ്പിച്ച ബെര്‍ലിനിലെ റീഷ്ടാഗ് സൗധത്തിന് തീയിട്ട അതേ സത്ത തന്നെയാണ് ഇവിടെയും. നാസികളുടെ ഒന്നാമത്തെ ശത്രു ജൂതന്മാരായിരുന്നുവെങ്കില്‍ സംഘപരിവാറിന്റെത് മുസ്‌ലിംകളാണെന്നാണ് ഗോള്‍വാല്‍ക്കര്‍ എഴുതി വച്ചത്. രണ്ടു പേരും ആദ്യം നേരിട്ടത് കമ്യൂണിസ്റ്റുകാരെയും.

ദി ഹിന്ദുവില്‍ ജോലി ചെയ്യുന്ന മലയാളിയായ പ്രവീണ്‍ കുറച്ചു കാലം മുന്നേ ഒരു ഫേസ്ബുക്ക് പോസ്റ്റ് എഴുതിയിരുന്നു. റിപ്പബ്ലിക് ടിവിയിലേക്ക് പ്രവീണിനെ ക്ഷണിച്ചുകൊണ്ട് ആ മാധ്യമത്തിലെ ഒരു ജീവനക്കാരി അദ്ദേഹമവുമായി നടത്തിയ ഫോണ്‍ സംഭാഷണമായിരുന്നു പോസ്റ്റിലെ വിഷയം. കേരളത്തില്‍ വളരെ കാര്യമായി ശ്രദ്ധ കേന്ദ്രീകരിക്കാന്‍ അവരുടെ ചാനലിന് പ്രത്യേക ഉദ്ദേശ്യമുണ്ടെന്നും ശബരിമലയിലടക്കമുള്ള വിഷയങ്ങളില്‍ തങ്ങള്‍ പ്രത്യേക താത്പര്യത്തോടെ ചര്‍ച്ച ചെയ്യുമെന്നും അവര്‍ അറിയിച്ചത്രേ.

വളരെയധികം ഭയത്തോടെ ശ്രദ്ധിക്കേണ്ട കാര്യമാണിത്. അപകടകരമായ അജണ്ടയോടു കൂടി വിലക്കെടുത്ത, രാജ്യത്തെ ഒന്നാംനിര ദേശീയ മാധ്യമങ്ങള്‍ തന്നെ കേരളത്തെ ടാര്‍ഗറ്റ് ചെയ്ത് രംഗത്തിറങ്ങുമ്പോഴാണ് കേരള മാധ്യമങ്ങള്‍ വളരെ ലളിതമായ സാമാന്യയുക്തി പോലുമില്ലാത്ത പൊതുസ്വീകാര്യത അവര്‍ക്ക് നേടിക്കൊടുക്കുന്നത്. ശരിയാണ്, സംഘ്പരിവാറിന്റെ രാഷ്ട്രീയ മുഖമായ, രാജ്യം ഭരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയാണ് ബിജെപി. പക്ഷേ ഒരു രാഷ്ട്രീയപാര്‍ട്ടി അര്‍ഹിക്കുന്ന മിനിമം ഓഡിറ്റിംഗിന് എങ്കിലും വിധേയമായാല്‍ ഒരു പരിധി വരെയെങ്കിലും പുറത്തു കാണാവുന്ന ദംഷ്ട്രകളെ ഇന്ന് കേരളത്തിലെ സംഘ്പരിവാരത്തിനുള്ളൂ.
അവര്‍ക്ക് വേണ്ടത് സംസ്ഥാനത്തിന്റെ ക്രമസമാധാനനില തകരുകയാണ്. അതുവഴി രാഷ്ട്രപതി ഭരണത്തിനുള്ള മുറവിളിയും ഭരണം നടപ്പിലാക്കുകയും വേണം. ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി ഇതിനകം സംസ്ഥാന സര്‍ക്കാറിനെ പിരിച്ചു വിടണമെന്ന ആവശ്യവുമായി രംഗത്തെത്തിക്കഴിഞ്ഞു. ഗവര്‍ണര്‍ അസാധാരണമായ നടപടികളാണ് ഇന്നലെ കൈക്കൊണ്ടത്. മുഖ്യമന്ത്രിയെയും പോലീസ് മേധാവിയും വിളിച്ചു വരുത്തി ക്രമസമാധാന നിലയിലെ ആശങ്ക അറിയിച്ചത് കേട്ടുകേള്‍വി ഇല്ലാത്തതാണ്. കാര്യങ്ങള്‍ അവര്‍ വിചാരിച്ച വഴി നടക്കുന്നുണ്ട്. ജനാധിപത്യ രീതിയില്‍ ഈ തുരുത്തില്‍ ഭരണത്തില്‍ വരാന്‍ അവര്‍ക്ക് കഴിയില്ല. കഴിയുന്ന പത്തൊന്‍പതും ഇരുപതും അടവുകള്‍ പയറ്റുകയാണ്. കോണ്‍ഗ്രസുകാരെ കുറിച്ച് സങ്കടമുണ്ട്. ഈയൊരു ബേസിക് രാഷ്ട്രീയം പോലും തിരിച്ചറിവില്ലാത്തവരായി അവര്‍ അധഃപതിച്ചിരിക്കുന്നു. ഇപ്പോഴും ഇരു പാര്‍ട്ടികളും തമ്മിലുള്ള അഭ്യന്തര സംഘര്‍ഷത്തിലപ്പുറമൊന്നും അവര്‍ക്ക് കാണാന്‍ കഴിയുന്നില്ല. മാധ്യമങ്ങളും ഒട്ടും പുറകിലല്ല. വാര്‍ത്തകളുടെ ഗ്ലാമര്‍ സൃഷ്ടിക്കുക എന്നതിനപ്പുറം വരാന്‍ പോകുന്ന വലിയ വിപത്തിന്റെ രാഷ്ട്രീയ മാനം മനസിലാക്കിയവര്‍ തന്നെ അതിന് സ്വീകാര്യതയുണ്ടാക്കി കൊടുക്കുന്നു. ആയിരം വട്ടം ആവര്‍ത്തിക്കുന്ന കളവുകള്‍ വീണ്ടും വീണ്ടും പൊതുമധ്യത്തിലേക്ക് അവതരിപ്പിച്ചു കൊടുക്കുന്നു. ഓഡിറ്റിംഗില്‍നിന്ന് അവര്‍ എളുപ്പം ഊരി പോകുന്നു.

നിഷ്‌കളങ്കതയും നിഷ്പക്ഷതയും അപകടകരമാണ്. പ്രിയ മാധ്യമങ്ങളെ, നിങ്ങളുടെ നിഷ്‌കളങ്കത കുടമൊരുക്കുന്നത് കാളകൂട വിഷത്തിനാണ്. ഓഡിറ്റിംഗ് വാറോല വേണമെന്നില്ല. പക്ഷേ നവയുഗ ഗീബല്‍സുമാര്‍ക്കുള്ള ഇരിപ്പിടം നിങ്ങളായി നല്‍കാതിരിക്കുക.

ശ്രീകാന്ത് പി കെ

You must be logged in to post a comment Login