ഇന്ത്യ സുരക്ഷിതമല്ലെന്ന് കരുതാന്‍ ന്യായമുണ്ട്

ഇന്ത്യ സുരക്ഷിതമല്ലെന്ന് കരുതാന്‍ ന്യായമുണ്ട്

ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന് എഴുപതാണ്ട് തികയുമ്പോള്‍ ചരിത്ര പണ്ഡിതനും എഴുത്തുകാരനുമായ ഡോ. എം ജി എസ് നാരായണന്‍ ഇന്ത്യയെയും രാഷ്ട്രീയ-സാമൂഹിക-സാമ്പത്തിക മാറ്റങ്ങളെയും വിലയിരുത്തുന്നു. രാജ്യം നേടിയ പുരോഗതികളെയും ലോകത്തിന് മുമ്പില്‍ ഇന്ത്യയുടെ പ്രസക്തിയെയും നിലവിലെ സാഹചര്യങ്ങളെയും സുദീര്‍ഘമായ ഈ സംഭാഷണത്തില്‍ അദ്ദേഹം വിശദീകരിക്കുന്നുണ്ട്. മാധ്യമപ്രവര്‍ത്തകന്‍ ഷിബു ടി ജോസഫുമായി നടത്തിയ സംഭാഷണം.

എഴുപതാണ്ടുകള്‍ക്കിടയില്‍ വിവിധ മേഖലകളില്‍ രാജ്യം കൈവരിച്ച പുരോഗതിയെ ചരിത്രാന്വേഷി എന്ന നിലയില്‍ അങ്ങ് വിലയിരുത്തുന്നതെങ്ങനെയാണ്?

സ്വാതന്ത്ര്യം കിട്ടിയ വര്‍ഷത്തില്‍ 1947ല്‍, ആ വര്‍ഷത്തിലാണ് ഞാന്‍ എസ് എസ് എല്‍ സി പാസായത്. അന്ന് ഇന്ത്യ ദരിദ്ര രാജ്യങ്ങളുടെ കൂട്ടത്തിലായിരുന്നു. രാജ്യം ആ ഘട്ടത്തില്‍ പലതരത്തിലുള്ള പ്രശ്‌നങ്ങള്‍ അഭിമുഖീകരിച്ചുകൊണ്ടിരുന്നു. നമുക്ക് സ്വാതന്ത്ര്യം കിട്ടിയതും ഇന്ത്യ വിഭജിക്കപ്പെട്ടതും ഒരേ സമയത്താണ്. ഒരേ പാക്കേജിന്റെ ഭാഗമെന്ന നിലയിലാണ് ഇന്ത്യയും പാകിസ്ഥാനും രണ്ടായി വിഭജിക്കപ്പെട്ടതും സ്വാതന്ത്ര്യം കിട്ടിയതും. ഇന്ത്യന്‍ സ്വാതന്ത്ര്യമെന്ന് നമ്മള്‍ പറയാറുണ്ടെങ്കിലും അധികം ആലോചിക്കാത്ത ഒരു കാര്യമാണിത്. അതുവരെ ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തിലെ നേതാക്കള്‍ എതിര്‍ത്തിരുന്ന വസ്തുതയായിരുന്നു ദ്വിരാഷ്ട്രവാദം എന്നത്. ദ്വിരാഷ്ട്രവാദത്തെ ദേശീയ പ്രസ്ഥാന നേതാക്കള്‍ എല്ലാവരും എതിര്‍ത്തിരുന്നെങ്കിലും 1947ല്‍ നമുക്ക് അത് അംഗീകരിക്കേണ്ടിവന്നു.

അങ്ങനെ ഈ നാട് രണ്ടായി മാറി; ഇന്ത്യയും പാകിസ്ഥാനും എന്ന്. പാകിസ്ഥാന്‍ ഒരു ഇസ്‌ലാമിക രാഷ്ട്രമായി മാറി. ഭാഗ്യവശാല്‍ ബാക്കിയുള്ള ഭാഗം ഒരു ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കാനുള്ള മനഃസ്ഥിതി നമ്മുടെ നേതാക്കള്‍ക്ക് ഉണ്ടായില്ല. ഇതൊരു മതേതര ജനാധിപത്യ റിപ്പബ്‌ളിക്കായി മാറണമെന്നാണ് നെഹ്‌റുവിനെപ്പോലെയുള്ള നേതാക്കന്മാര്‍ തീരുമാനിച്ചത്. പാകിസ്ഥാന്‍ തെരഞ്ഞെടുത്ത വഴിക്ക് നാം പോയില്ല. അതുകൊണ്ട് പാകിസ്ഥാന്‍ ഇതേവരെ, ഇന്ത്യയുടെ പാര്‍ശ്വഭാഗത്ത് ഒരു നിത്യശല്യമായി നിലകൊള്ളുന്നു. പാകിസ്ഥാന്‍ ജനാധിപത്യവത്ക്കരണത്തിന്റെയും വ്യവസായവത്ക്കരണത്തിന്റെയും പാതയില്‍ ഒരുമിച്ച് മുന്നേറുന്നത് വരെ ഇന്ത്യക്ക് വലിയൊരു ശല്യമായി തുടരുക തന്നെ ചെയ്യും. പേരില്‍, ഒരു ഇസ്‌ലാമിക രാഷ്ട്രമായി നിലനില്‍ക്കുന്നിടത്തോളം കാലം അവര്‍ ഇന്ത്യയുമായുള്ള ശത്രുത അവസാനിപ്പിക്കുകയുമില്ല. ഇന്ത്യയെ മറ്റ് രാജ്യങ്ങള്‍ക്കിടയില്‍ താറടിച്ച് കാണിക്കാനും പരിഹസിക്കാനും ദ്രോഹിക്കാനുമുള്ള ശ്രമങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കും. ഒരുപക്ഷേ അന്നുതന്നെ ബ്രിട്ടീഷ് അധികാരികളുടെ കൂട്ടത്തിലെ സാമ്രാജ്യവാദികള്‍ ഇത് ബോധപൂര്‍വ്വം അങ്ങനെയാക്കി മാറ്റിയതാണോ എന്ന് അറിഞ്ഞുകൂട. യാഥാസ്ഥിതികരായ ആളുകള്‍ അങ്ങനെയും ഉദ്ദേശിച്ചിട്ടുണ്ടായിരിക്കാം.
പാകിസ്ഥാനാണെങ്കില്‍ ഇന്ത്യയെപ്പോലെ പഞ്ചവത്സര പദ്ധതികള്‍ രൂപപ്പെടുത്തുകയോ തികഞ്ഞ ജനാധിപത്യത്തിലേക്ക് മാറുകയോ ചെയ്തില്ല. പട്ടാളത്തിന്റെ സ്വാധീനം ഇന്നും അവിടെ നിലനില്‍ക്കുകയും ചെയ്യുന്നു. ഇതിന്റെയൊക്കെ ദൂഷ്യവശങ്ങള്‍ ഇന്ത്യയുമായുള്ള മത്സരത്തിലൂടെ പരിഹരിക്കാനാണ് അവര്‍ എപ്പോഴും ശ്രമിച്ചിട്ടുള്ളത്.

സ്വാതന്ത്ര്യം കിട്ടിയ ഉടനെ ഒരുതരം അനിശ്ചിതത്വവും വര്‍ഗീയ ലഹളകളും ഒക്കെയാണ് അടുത്ത വര്‍ഷങ്ങളില്‍ നമുക്ക് അഭിമുഖീകരിക്കേണ്ടി വന്നത്. നിര്‍ഭാഗ്യവശാല്‍ ഗാന്ധിജി വധിക്കപ്പെട്ടു. ഹിന്ദുത്വവാദികളുടെ വെടിയേറ്റാണ് അദ്ദേഹം മരിച്ചത്. നമ്മുടെ രാഷ്ട്രപിതാവായി അംഗീകരിക്കപ്പെട്ടിരുന്ന ഗാന്ധിജി നമ്മെ സ്വാതന്ത്ര്യത്തിലേക്കും അഹിംസയുടെ മാര്‍ഗത്തിലേക്കും നയിച്ചു. ലോകത്ത് അന്നുവരെയുണ്ടായിട്ടില്ലാത്ത അഭൂതപൂര്‍വ്വമായ ഒരു ആദര്‍ശസമരത്തിലൂടെ സ്വാതന്ത്ര്യത്തിലേക്ക് എത്തിച്ച ഗാന്ധിജി വധിക്കപ്പെട്ടു എന്നത് വലിയൊരു പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. ഗാന്ധിജിയുടെ സാന്നിദ്ധ്യം നഷ്ടപ്പെട്ടെങ്കിലും അദ്ദേഹത്തിന്റെ അനന്തരാവകാശിയെന്ന് വിളിക്കാവുന്ന, അനന്തരാവകാശിയായി സ്വയം പ്രഖ്യാപിച്ച നെഹ്‌റു, ഗാന്ധിയന്‍ സാമ്പത്തിക നയങ്ങളെയോ ഗാന്ധിയന്‍ സാമൂഹിക നയങ്ങളെയോ പിന്തുടരാന്‍ തയ്യാറായില്ലെങ്കിലും ആധുനിക ആശയങ്ങളുള്ള ഒരു നേതാവായിരുന്നു. അദ്ദേഹത്തിന് സോഷ്യലിസത്തെപ്പറ്റി വളരെ അവ്യക്തമായ രീതിയിലാണെങ്കിലും ചില ബോധങ്ങളൊക്കെയുണ്ടായിരുന്നു. മാത്രമല്ല അദ്ദേഹം ഇന്ത്യയെ സാമുദായിക വര്‍ഗീയ ലഹളകളില്‍ നിന്ന് മോചിപ്പിച്ച് നിര്‍ത്താന്‍ അക്ഷീണം പരിശ്രമിച്ചു. കഴിവുള്ള കുറെ ആളുകളെ സ്വന്തം ക്യാബിനറ്റിലേക്ക് സംഘടിപ്പിക്കുകയും ചെയ്തു. ഇതൊക്കെയുണ്ടായിട്ടും അധികാരത്തിലെത്തിയിട്ട് എല്ലാ സംഘടനകള്‍ക്കും സംഭവിക്കുന്നതുപോലെ കോണ്‍ഗ്രസും അപചയത്തിലേക്ക് പോയി. അധികാരത്തില്‍ പറ്റിപ്പിടിച്ച് നില്‍ക്കാന്‍ വേണ്ടിയുള്ള തള്ളിക്കയറ്റത്തില്‍ അതുവരെ സ്വാതന്ത്ര്യസമരത്തില്‍ സജീവമായി നിലകൊണ്ടിരുന്ന ആളുകളൊക്കെ പിന്തള്ളപ്പെട്ടു. കേരളത്തിലാണെങ്കില്‍ കേരള ഗാന്ധി എന്നറിയപ്പെട്ടിരുന്ന കെ കേളപ്പനെപ്പോലെയുള്ള ആളുകളെ ആര്‍ക്കും വേണ്ടാതായി. ഇന്ത്യയുടെ പൊതു പശ്ചാത്തലത്തില്‍ തന്നെ അതുവരെ സ്വാതന്ത്ര്യസമരത്തിലെ നേതാക്കള്‍ക്കും ജനങ്ങള്‍ ആരാധ്യരായി കണ്ടിരുന്നവര്‍ക്കും പകരം ബ്രിട്ടീഷുകാരുടെ ഭാഗത്തുനിന്ന് സ്വാതന്ത്ര്യസമരത്തിന് എതിരായി പ്രവര്‍ത്തിച്ചവരോ അല്ലെങ്കില്‍ ഒന്നും ചെയ്യാതെ പൊതുജീവിതത്തില്‍ ഭാഗഭാക്കാകാത്തവരോ ആയ കുറെപ്പേര്‍ മുന്നോട്ടുവരികയുണ്ടായി. സ്ഥാനമാനങ്ങള്‍ക്ക് വേണ്ടി, പുതിയൊരു അധികാരി വര്‍ഗം ഇന്ത്യയില്‍ സൃഷ്ടിക്കപ്പെട്ടു. ഇത് സത്യത്തില്‍ നിര്‍ഭാഗ്യം തന്നെയാണ്. പക്ഷേ സ്വാതന്ത്ര്യം നേടിയ എല്ലാ രാഷ്ട്രങ്ങളും അഭിമുഖീകരിക്കേണ്ടിവന്ന ഒരു നിര്‍ഭാഗ്യം കൂടിയാണ്. അതില്‍ നിന്ന് സാവധാനത്തിലാണ് ഇന്ത്യ കരകയറിപ്പോന്നത്.

ഇതൊക്കെയാണെങ്കിലും ജനാധിപത്യശക്തി എന്ന നിലയില്‍ ലോകത്തിന് മുന്നില്‍ ഇന്ത്യക്ക് പ്രസക്തിയുണ്ടായിരുന്നില്ലേ?

ആദ്യവര്‍ഷങ്ങളില്‍ നമുക്ക് ഉണ്ടായ വലിയ നേട്ടം ഒരു ഭരണഘടന സൃഷ്ടിക്കാന്‍ സാധിച്ചു എന്നതാണ്. ഭരണഘടനനിര്‍മ്മാണ സഭ സംഘടിപ്പിച്ചു. സ്വാതന്ത്ര്യത്തിന്റെ ആദ്യവര്‍ഷങ്ങളിലുണ്ടായ വലിയൊരു നേട്ടം ഭരണഘടനയുടെ നിര്‍മ്മാണം തന്നെയാണ്. അതുവരെ സ്വാതന്ത്ര്യസമരത്തിലൊന്നും കാര്യമായി പങ്കെടുക്കാതെ പല കാരണങ്ങള്‍ കൊണ്ടും ഗാന്ധിജിയുമായുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ക്കൊണ്ടും വിട്ടുനിന്നിരുന്ന ഡോ. അംബേദ്കറെ പോലെയുള്ള ആളുകള്‍ അതുമായി സഹകരിച്ചു. ഭരണഘടനാ നിര്‍മ്മാണത്തില്‍ നേതൃപരമായ പങ്ക് വഹിക്കാന്‍ തയാറാവുകയും ചെയ്തു. അങ്ങനെ സ്വാതന്ത്ര്യം കിട്ടി കുറച്ചു കൊല്ലങ്ങള്‍ക്കുള്ളില്‍ ഉണ്ടാക്കിയ ഭരണഘടനയുടെ പ്രത്യേകതകള്‍ സൂചിപ്പിക്കേണ്ടതുണ്ട്. പലതരത്തിലുള്ള ഭരണഘടനകളുമുണ്ട്. ചിലത് ലിഖിതമാണ്, മറ്റ് ചിലത് അലിഖിതമാണ്. ഇംഗ്ലണ്ടിന്റെയൊക്കെ ഭരണഘടന എഴുതപ്പെട്ട ഒന്നല്ല. എഴുതപ്പെട്ട ഭരണഘടനയുണ്ടാക്കാനാണ് നമ്മുടെ ഭരണഘടനാ ശില്‍പികള്‍ ശ്രമിച്ചത്. ഏറ്റവും നീളമുള്ള, സങ്കീര്‍ണമായ ഒന്നാണ്. അതിന് ചില ദൗര്‍ബല്യങ്ങള്‍ ഉണ്ടെന്ന് പറയാറുണ്ടെങ്കില്‍ പോലും അത്തരം ദൗര്‍ബല്യങ്ങള്‍ നമുക്ക് ഒരുതരം ശക്തി തരുന്നുണ്ട്. ഏത് പ്രശ്‌നത്തിലും ഏത് പ്രതിസന്ധിയിലും നമുക്ക് അതിനെ ആശ്രയിക്കാവുന്നതാണ്. എല്ലാ വിടവുകളും അടച്ചുകൊണ്ടുള്ള ഒരു നീണ്ട ഭരണഘടനയാണ് അത്. അതിന്റെ മേന്മയാണ് മൗലികാവകാശങ്ങള്‍. ഇന്ത്യന്‍ പൗരനെന്ന നിലയ്ക്ക് ഈ രാജ്യത്തെ എല്ലാവര്‍ക്കും ആണ്‍പെണ്‍ ഭേദമില്ലാതെ, ജാതിമത ഭേദമില്ലാതെ, ഭാഷാഭേദമില്ലാതെ, പ്രാദേശിക വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും ചില മൗലികാവകാശങ്ങളും മനുഷ്യാവകാശങ്ങളും ഉറപ്പാക്കുന്നുണ്ട്. അഭിപ്രായ സ്വാതന്ത്ര്യം, സംഘടനാ സ്വാതന്ത്ര്യം, നിയമത്തിന്റെ മുമ്പിലുള്ള സമത്വം ഇതൊക്കെയാണ് നമ്മുടെ ഭരണഘടനയുടെ മേന്മ. ചില രാജ്യങ്ങളിലൊന്നും മൗലികാവകാശങ്ങള്‍ക്ക് ഇങ്ങനെ പ്രത്യേക ഭാഗമില്ല. ഇവിടെയതുണ്ട്. മാത്രമല്ല ഈ പ്രത്യേക മൗലികാവകാശങ്ങള്‍ നിലനിര്‍ത്താനും അതിന്റെ ലംഘനമുണ്ടായാല്‍ പരിഹരിക്കാനും സുപ്രീം കോടതിയും നമ്മള്‍ സ്ഥാപിച്ചിട്ടുണ്ട്.
രണ്ട് തരത്തിലാണ് വലിയ രാജ്യങ്ങളുടെ ഭരണഘടയുണ്ടാകാറുള്ളത്. ഫെഡറല്‍ രീതിയും യൂണിറ്ററി രീതിയും. ഫെഡറല്‍ രീതിയിലുള്ള ഭരണഘടനയില്‍ സംസ്ഥാനങ്ങള്‍ക്ക് സ്വയംഭരണാവകാശമുണ്ട്. അവര്‍ക്ക് അവരുടെ അസംബ്ലികളുണ്ടാകും. മറ്റ് അസംബ്ലികളില്‍ നിന്ന് ഭിന്നമായ ഭരണവ്യവസ്ഥ സൃഷ്ടിക്കാന്‍ അവര്‍ക്ക് അവകാശമുണ്ട്. അത് പൂര്‍ണമായിരിക്കില്ല എങ്കിലും വലിയൊരളവോളം അത് സാധിക്കും. രണ്ടാമത്തേത് യൂണിറ്ററി എന്ന് പറയുന്നതാണ്. അതില്‍ സംസ്ഥാന ഘടകങ്ങള്‍ക്ക് അത്രയും സ്വാതന്ത്ര്യമില്ല. കൂടുതല്‍ നിയന്ത്രണം കേന്ദ്രത്തിനാണ്. നമ്മുടേത് ഫെഡറല്‍ ഭരണഘടനയാണ് എന്ന് പറയാറുണ്ടെങ്കിലും ഫലത്തില്‍ ചില കാര്യങ്ങളിലൊക്കെ യൂണിറ്ററി ഭരണഘടനയുടെ സ്വഭാവമുണ്ട്. ഇത് രണ്ടിന്റെയും സവിശേഷതകള്‍ ഉള്‍ക്കൊണ്ടുള്ള സമ്പ്രദായമാണ്. ഉദാഹരണത്തിന് സാമ്പത്തിക കാര്യങ്ങളിലും പദ്ധതി ആസൂത്രണത്തിലും കേന്ദ്രത്തിന്റെ കയ്യിലാണ് വിഭവങ്ങളുടെ നിയന്ത്രണമുള്ളത്.
മറ്റൊന്ന് നിര്‍ദ്ദേശക തത്വങ്ങളാണ്. അതിലാണ് മൗലികാവകാശങ്ങളില്‍ നിന്ന് വിട്ടിട്ടുള്ള പല കാര്യങ്ങളുമുള്ളത്. സോഷ്യലിസം, സമത്വം മുതലായ കാര്യങ്ങളൊക്കെ നിര്‍ദ്ദേശക തത്വങ്ങളാണ്. അത് കോടതി വഴി നടപ്പാക്കാനാവില്ല. നിയമവ്യവസ്ഥക്ക് പുറത്തുള്ളതാണ്. അത് ആദര്‍ശം, മോഹം, ലക്ഷ്യം എന്ന നിലക്ക് നിലനില്‍ക്കുന്നു എന്നല്ലാതെ അതിനെ നിര്‍ബന്ധിതമായി നടപ്പിലാക്കാന്‍ കഴിയുകയില്ല.

ഇന്ത്യന്‍ ജനാധിപത്യത്തില്‍ ഏറ്റവും ആകര്‍ഷകമായി അനുഭവപ്പെട്ടിട്ടുള്ളത് എന്താണ്?

എടുത്തുപറയാനുള്ളത് മറ്റ് പല രാജ്യങ്ങളിലും പ്രായപൂര്‍ത്തി വോട്ടവകാശം വലിയ സമരങ്ങള്‍ക്കും ദീര്‍ഘനാള്‍ നീണ്ടുനിന്ന പ്രക്ഷോഭങ്ങള്‍ക്കും ശേഷമാണ് നേടിയെടുത്തിട്ടുള്ളത് എന്നതാണ്. ഇവിടെ അങ്ങനെയല്ല, സ്വാതന്ത്ര്യം നേടി നമ്മുടെ ഭരണഘടന ഉണ്ടാക്കിയപ്പോള്‍ തന്നെ പ്രായപൂര്‍ത്തി വോട്ടവകാശം അതിന്റെ ഭാഗമായി തന്നെ അംഗീകരിച്ചു. എന്ന് മാത്രമല്ല മറ്റ് പല രാജ്യങ്ങളിലും പ്രായപൂര്‍ത്തി വോട്ടവകാശം എന്ന് പറഞ്ഞാല്‍ അത് പുരുഷന്മാര്‍ക്ക് മാത്രമുള്ളതായിരുന്നു. ബ്രിട്ടനില്‍ പോലും പല പരിഷ്‌കരണങ്ങളുമുണ്ടായതോടെയാണ് ഇത് സാധ്യമായത്. ഒന്നാം റിഫോംസ് ആക്ടില്‍ നിശ്ചിത നികുതിക്ക് മുകളില്‍ അടയ്ക്കുന്നവര്‍ക്കാണ് വോട്ടവകാശം നല്‍കിയത്. രണ്ടാമത്തെ ആക്ടില്‍ അതിന്റെ പരിധിയില്‍ കുറവുണ്ടാക്കി. മൂന്നാമത്തെ പരിഷ്‌കരണത്തില്‍ പരിധി വീണ്ടും താഴ്ത്തി.
ഒന്നാം ലോകമഹായുദ്ധത്തിന്റെ കാലത്ത് 1918 ഓടെ പ്രായപൂര്‍ത്തി വോട്ടവകാശം അംഗീകരിക്കപ്പൈട്ടെങ്കിലും അതില്‍ സ്ത്രീകള്‍ ഉള്‍പ്പെട്ടിരുന്നില്ല. അതിന് വേണ്ടി ബ്രിട്ടനിലൊക്കെ സഫ്രജിറ്റ് മൂവ്‌മെന്റ് എന്നൊക്കെ പറഞ്ഞിട്ട് സ്ത്രീകള്‍ വളരെ അക്രമാസക്തമായ നിലയില്‍ പ്രക്ഷോഭങ്ങളൊക്കെ നടത്തി. ഒന്നാം ലോകമഹായുദ്ധത്തില്‍ സ്ത്രീകളുടെ പങ്ക് വളരെ ശ്രദ്ധിക്കപ്പെടുകയും ഫ്‌ളോറന്‍സ് നൈറ്റിംഗേലിനെപ്പോലെയുള്ളവരുടെ സേവനങ്ങള്‍ പരക്കെ അംഗീകരിക്കപ്പെടുകയും ചെയ്തതോടെ സമൂഹത്തില്‍ സ്ത്രീകളെക്കുറിച്ചുള്ള സങ്കല്‍പ്പങ്ങളൊക്കെ കുറെയൊക്കെ മാറി. എങ്കിലും പിന്നെയും പത്തുകൊല്ലത്തിലേറെക്കാലം സമരം ചെയ്തിട്ടാണ് സ്ത്രീകള്‍ക്ക് അവിടെ വോട്ടവകാശം ലഭിച്ചത്. ഇവിടെ പ്രായപൂര്‍ത്തി വോട്ടവകാശം വന്നതോടുകൂടി തന്നെ സ്ത്രീകള്‍ക്കും അതിനുള്ള അവകാശം ലഭിച്ചു. ലോകത്തിന് മുന്നില്‍ അത് വലിയൊരു വ്യത്യാസമായിരുന്നു. ലോകരാജ്യങ്ങള്‍ക്കിടയില്‍ ഒരു ദരിദ്രരാജ്യമായാണ് ഇന്ത്യ ജനിച്ചത് തന്നെ. എങ്കിലും അവിടുന്നങ്ങോട്ട് വളരാനുള്ള ഒരു പ്രവണത നമ്മള്‍ കാണിക്കുകയുണ്ടായി. സ്വാതന്ത്ര്യസമരത്തില്‍ വലിയ മുന്‍കൈ എടുത്ത് പ്രവര്‍ത്തിച്ചിരുന്ന പാരമ്പര്യമുള്ള ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് തന്നെയാണ് അതിന് അടിത്തറയിട്ടത്. അത് ഒരു കണക്കില്‍ പറഞ്ഞാല്‍ സോവിയറ്റ് യൂണിയനെ അനുകരിച്ചുകൊണ്ടാണെന്ന് പറയാതിരിക്കാനാവില്ല. പഞ്ചവത്സര പദ്ധതികള്‍, അതായത് ആസൂത്രിതമായ രീതിയില്‍ വളര്‍ച്ചയുണ്ടാക്കാനുള്ള ശ്രമങ്ങളുണ്ടായി. ആദ്യത്തെ പഞ്ചവത്സര പദ്ധതിയില്‍ കാര്‍ഷിക രംഗത്ത് നേട്ടങ്ങളുണ്ടാക്കാന്‍ പല പ്രവര്‍ത്തനങ്ങളും ആസൂത്രണം ചെയ്ത് നടപ്പിലാക്കി. രണ്ടാം പഞ്ചവത്സര പദ്ധതിയില്‍ കുറെക്കൂടി വ്യവസായങ്ങള്‍ക്ക് വേണ്ട പ്രോത്സാഹനം നല്‍കി. മൂന്നാമത്തെ പഞ്ചവത്സര പദ്ധതിയുടെ കാലത്ത് വലിയ വ്യവസായ പദ്ധതികള്‍ രാജ്യത്ത് വന്നു.

ലോകം രണ്ടായിപിരിഞ്ഞ് നില്‍ക്കുന്ന കാലത്താണ് ഇന്ത്യ എന്ന രാജ്യം പിച്ചെവച്ചുതുടങ്ങിയത്. നമ്മുടെ പൂര്‍വ്വ നേതാക്കള്‍ സ്വീകരിച്ച നിലപാടുകള്‍ ഇന്ത്യയുടെ വളര്‍ച്ചയെ സഹായിക്കത്തക്കവിധത്തിലായിരുന്നുവെന്ന് അങ്ങ് കരുതുന്നുണ്ടോ?

ലോകം ഏതാണ്ട് രണ്ട് ചേരിയായിട്ടാണ് അന്ന് പിരിഞ്ഞുനിന്നിരുന്നത്. അന്യോന്യം യുദ്ധത്തിന്റെ വക്കുവരെയെത്തുന്ന മത്സരങ്ങള്‍ നിലനിന്നിരുന്നു. ഭാഗ്യവശാല്‍ നെഹ്‌റുവും മറ്റും എടുത്ത നിലപാട് ചേരിചേരാനയത്തിന്റേതാണ്. അമേരിക്കയുടെ നേതൃത്വത്തിലുള്ള ശാക്തിക ചേരിയില്‍നിന്നും സോവിയറ്റ് യൂണിയന്‍ നേതൃത്വം കൊടുത്ത സഖ്യത്തില്‍നിന്നും നമ്മള്‍ വിട്ടുനിന്നു. ഈ രണ്ട് ചേരികളില്‍ നിന്നും സൈനികമായി വിട്ടുനില്‍ക്കുകയും അതേസമയം ഈ രണ്ട് ചേരികളുമായും സൗഹാര്‍ദ്ദപരമായും സമാധാനപരമായും ബന്ധം നിലനിര്‍ത്തുകയും ചെയ്യാം എന്ന നയമാണ് സ്വീകരിച്ചത്. അതില്‍ തന്നെ മറ്റൊരു വ്യത്യാസമുണ്ടായിരുന്നത് ഈ സോവിയറ്റ് ചേരിയിലുള്ള രാജ്യങ്ങള്‍ വ്യവസായവത്ക്കരണത്തിന്റെ കാര്യത്തില്‍ എല്ലാ ഖനവ്യവസായങ്ങളും പൊതുമേഖലയില്‍ പെടണം എന്ന അഭിപ്രായക്കാരായിരുന്നു. അതാണ് അവര്‍ ചെയ്തുവന്നിരുന്നതും. എല്ലാത്തരം വ്യവസായങ്ങളും അവിടെ പൊതുമേഖലയിലായിരുന്നു. സ്റ്റേറ്റ് ക്യാപിറ്റലിസം എന്ന് പറയാവുന്ന അവസ്ഥയിലേക്ക് വരെ അവിടെ പൊതുമേഖലയുടെ കാര്യങ്ങള്‍ മാറിയിരുന്നു. എന്നാല്‍ ഇവിടെ നമ്മള്‍ ചെയ്തത് അടിസ്ഥാന വ്യവസായങ്ങള്‍, ഖനവ്യവസായങ്ങള്‍ മാത്രം പൊതുമേഖലയില്‍ നിര്‍ത്തുകയും ചെറുകിട, ഇടത്തരം, കുടില്‍ വ്യവസായ രംഗങ്ങളില്‍ സ്വകാര്യ മൂലധനത്തിന്റെ മത്സരം അനുവദിക്കുകയും ചെയ്തു. അതിന് പേരുപറയാവുന്നത് മിശ്രസാമ്പത്തിക വ്യവസ്ഥ എന്നാണ്. പൊതുമേഖലയും സ്വകാര്യ മേഖലയും സഹവര്‍ത്തിത്വത്തോടുകൂടിയുളള ഒരു അന്തരീക്ഷമാണ് നമ്മള്‍ അംഗീകരിച്ചതും പ്രോത്സാഹിപ്പിച്ചതും. അത് പലതരത്തില്‍ നമുക്ക് ഉപയോഗപ്രദമായി. സ്വാതന്ത്ര്യം കിട്ടി വളരെ കഴിയുന്നതിന് മുമ്പ് ലോകവ്യാപകമായി വലിയ സാമ്പത്തിക പ്രതിസന്ധി ഉണ്ടായപ്പോള്‍ അത് നമ്മളെ വലിയ തോതില്‍ ബാധിച്ചില്ല. ബാധിക്കാതിരിക്കാനുള്ള കാരണം ഈ രണ്ട് തരത്തിലുള്ള വ്യാവസായിക വികസനം ഇവിടെ സജീവമായിരുന്നു എന്നതിനാലാണ്.
നെഹ്‌റുവിനെപ്പോലെയുള്ള ആളുകളുടെ നേതൃത്വത്തില്‍ ഒരു മൂന്നാം ചേരി ഉണ്ടാക്കാന്‍ സാധിച്ചു. യുഗോസ്ലാവിയയും ഈജിപ്തും പോലെയുള്ള രാജ്യങ്ങള്‍ നമ്മുടെ ഒപ്പം കൂടി. അങ്ങനെ സൈനിക സഖ്യങ്ങളില്‍ നിന്ന് മാറിനില്‍ക്കാനും എല്ലാവരുമായും ഒരേ സമയത്ത് നയതന്ത്രപൂര്‍വ്വം സൗഹൃദവും ബന്ധവും നിലനിര്‍ത്താനും നമുക്ക് സാധിച്ചു. ഇത് അന്താരാഷ്ട്ര മേഖലയില്‍ ഇന്ത്യയുടെ പ്രൗഢിയും പ്രതാപവും അംഗീകരിക്കാന്‍ ഇടയാക്കി. എന്ന് മാത്രമല്ല ഐക്യരാഷ്ട്ര സഭ പോലെയുള്ള, യുനസ്‌കോ പോലെയുള്ള ലോക സംഘടനകളില്‍ ഇന്ത്യയ്ക്ക് ഒരു മുന്‍കൈയും നേതൃസ്ഥാനവും ലഭിക്കുകയുണ്ടായി. ഐക്യരാഷ്ട്ര സഭയില്‍ അഞ്ച് രാജ്യങ്ങളെ വീറ്റോ അധികാരമുള്ള സംഘടനകളായി അംഗീകരിച്ചിരുന്നു. അതില്‍ ഇന്ത്യ പെട്ടിരുന്നില്ല. അതില്‍ ഇന്ത്യയെക്കൂടി ഉള്‍പ്പെടുത്തണമെന്ന് ആവശ്യം ഉയര്‍ന്നുവരികയും അതിനുള്ള ശ്രമങ്ങള്‍ കുറെയൊക്കെ നടക്കുകയും ചെയ്തിരുന്നു. എങ്കിലും ഈ വീറ്റോ ഉളള രാജ്യങ്ങള്‍ അഞ്ചെണ്ണം നിലനില്‍ക്കെ തന്നെ ഇന്ത്യയുടെ അഭിപ്രായത്തിന് മറ്റ് രാജ്യങ്ങള്‍ ചെവികൊടുക്കും എന്ന ഒരവസ്ഥ അന്നത്തെ കാലത്ത് ഉണ്ടായിവന്നു. പഞ്ചവത്സര പദ്ധതികളിലൂടെ സാമ്പത്തിക അടിത്തറ ശക്തിപ്പെട്ടുവന്നു.

ഇന്ത്യ നിര്‍മ്മിക്കപ്പെടുന്ന കാലത്താണ് പാകിസ്ഥാനുമായും ചൈനയുമായുമുള്ള ഉരസലുകളുണ്ടാകുന്നത്. ഇന്നും അത് നിലനില്‍ക്കുകയാണ്?

പാകിസ്ഥാന്‍ ഉണ്ടാക്കിയിരുന്ന ശല്യങ്ങളുടെ ഫലമായിട്ട് ഭാഗികമായി യുദ്ധങ്ങളും സംഘര്‍ഷങ്ങളും ഉണ്ടായെങ്കിലും അവ വ്യാപകമായ രീതിയില്‍ വന്‍കിട യുദ്ധമായി മാറാതിരിക്കാനും നിയന്ത്രിതമായി കാര്യങ്ങളെ ഒരു വഴിക്കെത്തിക്കാനും നമുക്ക് കഴിഞ്ഞിട്ടുണ്ട്. സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷമുള്ള അടുത്ത കാലങ്ങളില്‍ ഒരു യുദ്ധം പാകിസ്ഥാനുമായി ഉണ്ടായിരുന്നുവെങ്കില്‍ അത് രാജ്യത്തിന്റെ മുന്നോട്ടുള്ള പോക്കിന് വലിയൊരു ഭീഷണിയാകുമായിരുന്നു. അത് ഇന്ത്യയെ വലിയൊരു തകര്‍ച്ചയിലേക്ക് നയിക്കുമായിരുന്നു. ഭാഗ്യവശാല്‍ അതുണ്ടായില്ല.

അതുപോലെ തന്നെ ഇന്ത്യയുമായി മത്സര ബുദ്ധിയോടെ നിന്ന മറ്റൊരു അയല്‍ രാജ്യമാണ് ചൈന. ചൈന കമ്മ്യൂണിസ്റ്റ് ആകുകയും ചെയ്തു. കമ്മ്യൂണിസ്റ്റ് രാജ്യം എന്ന നിലയ്ക്ക് സാമ്പത്തിക മേഖലയില്‍ ഇന്ത്യയുമായുള്ള മത്സരം കൊടുമ്പിരിക്കൊള്ളാന്‍ ഇടയുണ്ടാക്കി. അവര്‍ക്ക് നമുക്കില്ലാത്ത ചില ആനുകൂല്യങ്ങളുണ്ടായിരുന്നു. ഒരു കമ്മ്യൂണിസ്റ്റ് രാജ്യത്തിന് ആസൂത്രിതമായ, കേന്ദ്രീകൃതമായ വ്യവസായവത്ക്കരണം സാധ്യമാക്കാന്‍ എളുപ്പമാണ്. നമുക്കതിന് കഴിയില്ല, പരിമിതികള്‍ ഏറെയുണ്ട് താനും. ഇവിടെ ഒട്ടേറെ കാര്യങ്ങള്‍ ശ്രദ്ധിക്കാനുണ്ട്. ഇന്ത്യയും ചൈനയുമായി താരതമ്യപ്പെടുത്തി നോക്കുമ്പോള്‍ ചൈനയില്‍ ഒരേ നരവര്‍ഗമാണുള്ളത്. ഒരേ ഭാഷയാണ്. മാത്രമല്ല ഒരിക്കലും അവര്‍ക്ക് അന്യരാജ്യങ്ങളുടെ കീഴിലാകേണ്ടി വന്നിട്ടില്ല. മാത്രമല്ല, കൂടുതല്‍ വലിപ്പമുണ്ട്, ജനസംഖ്യയുണ്ട്, അന്യസംസൃത വിഭവങ്ങളുണ്ട്. നരവംശപരമായും ഭാഷാപരമായും മതപരമായും വൈജാത്യങ്ങള്‍ ചൈനക്കില്ലെന്ന് തന്നെ പറയാം. അവിടെ കണ്‍ഫ്യൂഷന്‍ മതവിശ്വാസവും ബുദ്ധമതവിശ്വാസവുമാണ് ഉണ്ടായിരുന്നത്. ഇവിടെ അങ്ങനെയല്ല. ഹൈന്ദവമതം പോലെ തന്നെ ഇസ്‌ലാമുണ്ട്, ജൈനമതമുണ്ട്, ബുദ്ധമതക്കാരുണ്ട്, ക്രിസ്ത്യാനികളുണ്ട്. ഇതൊക്കെ തമ്മിലുള്ള സഹവര്‍ത്തിത്വം ഇവിടെ ഒരു പ്രശ്‌നം തന്നെയായിരുന്നു. എങ്കിലും മതേതരത്വം എന്ന ഒരു മുദ്രാവാക്യം സ്വീകരിച്ചുകൊണ്ട് നമുക്ക് ഇതിനെയൊക്കെ അതിജീവിക്കാന്‍ കഴിഞ്ഞു. ഇവയൊക്കെയുണ്ടായിട്ടുപോലും ചൈനയ്ക്ക് ഇന്ത്യയെ തോല്‍പ്പിക്കാന്‍ കഴിഞ്ഞു എന്ന് പറഞ്ഞുകൂട. നമ്മള്‍ സൈനികമായ സംഘര്‍ഷങ്ങളില്‍ നിന്ന് മാറിനില്‍ക്കുകയും സമാധാനപരമായി ആസൂത്രണങ്ങള്‍ നടത്തുകയും ചൈന ചെയ്യാത്തതുപോലെ ജനാധിപത്യവും പ്രായപൂര്‍ത്തി വോട്ടവകാശവും അംഗീകരിക്കുകയും ചെയ്തു.
ഇന്ത്യ ഭയപ്പെട്ടിരുന്ന വലിയൊരു ഭീഷണി വര്‍ഗീയ ലഹളകളുടേതാണ്. അത് ഇടയ്ക്കിടെ പൊട്ടിപ്പുറപ്പെടുകയൊക്കെ ചെയ്തിരുന്നെങ്കിലും മത്സരങ്ങള്‍ ഉള്ളില്‍ നിലനില്‍ക്കുന്നുണ്ടെങ്കില്‍ പോലും അതൊക്കെ നമ്മുടെ സ്വാതന്ത്ര്യത്തെയും വളര്‍ച്ചയെയും ബാധിക്കാത്ത രീതിയില്‍ കഴിഞ്ഞ പത്തെഴുപത് വര്‍ഷങ്ങള്‍ക്കിടയില്‍ വലിയ പ്രതിസന്ധികളൊന്നുമുണ്ടാക്കാതെ പോയിട്ടുണ്ട്.

ദേശീയ പ്രസ്ഥാനവും അതിന്റെ തുടര്‍ച്ചയായ കോണ്‍ഗ്രസും പിന്നീട് അപചയത്തിലേക്ക് പോയി എന്ന് അങ്ങ് പറയുന്നു. ബദല്‍ പ്രസ്ഥാനങ്ങളുടെ സ്ഥിതിയെന്തായിരുന്നു?

സ്വാഭാവികമായും മറ്റ് രാജ്യങ്ങളിലൊക്കെ സംഭവിച്ചതുപോലെ സ്വാതന്ത്ര്യത്തിലേക്ക് കടന്നുവരാനായി വഴിയൊരുക്കിയ കക്ഷികള്‍ അധികാരത്തിലെത്തിയപ്പോള്‍ സ്വഭാവികമായും അഴിമതിയിലും അതിന്റെ ഭാഗമായുള്ള അപചയത്തിലും മുങ്ങിപ്പോയി. ശുദ്ധീകരണത്തിനായി മറ്റൊരു ബദലുണ്ടായതുമില്ല. ബദല്‍ എന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നത് ഇടതുപക്ഷ കക്ഷികളാണ്, സോഷ്യലിസ്റ്റ് കമ്മ്യൂണിസ്റ്റ് കക്ഷികളാണ്. അതില്‍ സോഷ്യലിസ്റ്റ് കക്ഷികള്‍ക്ക് ജയപ്രകാശ് നാരായണന്റെയും രാംമനോഹര്‍ ലോഹ്യയുടെയും അശോക് മേത്തയുടെയും ധാരകളുണ്ടായിട്ടും അഭ്യസ്തവിദ്യരായ ആളുകളുടെ ഇടയിലല്ലാതെ വ്യാപകമായ തോതില്‍ ഒരു സംഘടിതമായ അടിത്തറയുണ്ടാക്കാന്‍ കഴിയാതെ പോയി. പിന്നെ ആകെയുണ്ടായിരുന്ന ഒരു പ്രതിപക്ഷം കമ്മ്യൂണിസ്റ്റുകാരുടേത് ആയിരുന്നു. കമ്മ്യൂണിസ്റ്റുകാരാണെങ്കില്‍ ആദ്യം പി സി ജോഷിയുടെ നേതൃത്വത്തിലാണ് പാര്‍ട്ടിയുണ്ടായിരുന്നത്. പിന്നീട് രണദിവെ ഉടന്‍ വിപ്ലവം എന്ന ആശയം കൊല്‍ക്കത്ത തീസിസിന്റെ അടിസ്ഥാനത്തില്‍ ഉയര്‍ത്തുകയും പി സി ജോഷിയെ പുറത്താക്കുകയും നേതൃത്വത്തിലേക്ക് വരികയും ചെയ്തു. അതോടെ കുറെക്കൂടി തീവ്രമായ നിലപാട് സ്വീകരിക്കുകയും ചൈനയുമായി അനുഭാവം കാണിക്കുകയും ചെയ്യുന്ന പാര്‍ട്ടിയായി. എന്നിട്ടും വലിയ തോതില്‍ ജനസമ്മതി നേടിയെടുക്കാന്‍ അവര്‍ക്കും കഴിഞ്ഞില്ല.

പിന്നെയുള്ളത് സാമുദായിക സംഘടനകളാണ്. മുസ്‌ലിം ലീഗ്, ഹിന്ദുക്കളുടെ കൂട്ടത്തിലുള്ളവര്‍ തുടങ്ങി. ഹിന്ദുക്കളാണ് മഹാഭൂരിപക്ഷം എന്ന് അവകാശപ്പെടാമെങ്കില്‍ പോലും ഹിന്ദു സമൂഹമെന്നത് ഒരൊറ്റ സമുദായമല്ല. ജാതി അനുസരിച്ച് ഉയര്‍ന്ന ജാതിക്കാര്‍, താഴ്ന്ന ജാതിക്കാര്‍, ഓരോ സംസ്ഥാനത്തും പ്രത്യേക ജാതിക്കാര്‍ എന്നിങ്ങനെയുള്ള പ്രത്യേകതകള്‍ നിലനിന്നിരുന്നതിനാല്‍ ഹിന്ദുത്വം അത്ര വലിയ ശക്തിയായില്ല.

പിന്നെ വേറൊന്നുണ്ടായിരുന്നത് ഹിന്ദുസമൂഹത്തിലുണ്ടായിരുന്ന ആളുകള്‍ കുറെക്കൂടി ആധുനികാശയങ്ങളുടെ അടിസ്ഥാനത്തില്‍ ജനനനിയന്ത്രണമൊക്കെ സ്വീകരിച്ചിരുന്നു എന്ന കാര്യമാണ്. മതപരമായ സ്വാധീനം കൊണ്ടായിരിക്കാം മുസ്‌ലിംകളും ക്രിസ്ത്യാനികളും അതില്‍ പങ്കുചേര്‍ന്നില്ല. ഈ നിലപാട് ക്രിസ്ത്യാനികളുടെയും മുസ്‌ലിംകളുടെയും ജനസംഖ്യാവര്‍ദ്ധനവിനും ഹിന്ദുജനസംഖ്യയുടെ വളര്‍ച്ച കുറയ്ക്കാനും ഇടയാക്കി എന്ന ഭയം ഹിന്ദുക്കളുടെ ഇടയില്‍ സാമുദായികതക്ക് അല്ലെങ്കില്‍ വര്‍ഗീയതക്ക് വിത്തിട്ടു. പുതിയ തരത്തില്‍ ഒരു ഹിന്ദുത്വ വാദം തന്നെയുണ്ടായി. ഇതാണ് യാഥാത്ഥിതിക തീവ്ര ഹിന്ദുത്വവാദം എന്ന് പറയാം.

തീവ്ര ഹിന്ദുത്വവാദം ഇന്ന് ഇന്ത്യയെ വലിയ ഭീഷണിയുടെ മുള്‍മുനയില്‍ നിര്‍ത്തിയിരിക്കുന്നു എന്ന് വ്യാപകമായി അഭിപ്രായമുണ്ട്. അങ്ങയുടെ നിരീക്ഷണം എന്താണ്?

ഇന്ന് ഇതാണ് ഏറ്റവും വലിയ ഭീഷണിയായി ഉയര്‍ന്നുവന്നിരിക്കുന്നത്. അതിന് കുറെക്കൂടി ശക്തി കൊടുക്കുന്നതാണ് ഇപ്പോഴത്തെ ഗോമാതാ പ്രചരണവും ഗോമാംസ നിരോധനവുമൊക്കെ. മാംസാഹാരവിരുദ്ധ നിലപാട് ഇന്ത്യയിലെ ഭൂരിപക്ഷം ജനങ്ങളും, ഹിന്ദുക്കള്‍ ഉള്‍പ്പെടെ ഒരു കാലത്തും അംഗീകരിച്ചിരുന്നില്ല. മത്സ്യം കഴിക്കുന്നവരാണ് സമുദ്രതീരത്തുള്ളവരൊക്കെ. ബംഗാളിലുള്ള ഒട്ടുമുക്കാല്‍ പേരും മത്സ്യഭക്ഷണത്തിന് വളരെയേറെ പ്രാധാന്യം കൊടുക്കുന്നവരാണ്. കാശ്മീരിലുള്ളവര്‍ അവരുടെ ഭക്ഷണത്തില്‍ മാംസത്തിന് മുഖ്യസ്ഥാനം കൊടുത്തവരാണ്. അങ്ങനെയൊക്കെയാണെങ്കിലും പുതിയ പശ്ചാത്തലത്തില്‍ ഇതിന് പുതിയൊരു രാഷ്ട്രീയച്ഛായ വരികയും ഗോമാംസനിരോധനം തീവ്രഹിന്ദു സംഘടനകളുടെ അജണ്ടയില്‍ ഉള്‍പ്പെട്ടുവരികയും ചെയ്തു.

സ്വാതന്ത്ര്യത്തിന്റെ ആദ്യ വര്‍ഷങ്ങളില്‍ ഇന്ത്യയുടെ ഐക്യത്തിന് തന്നെ ഭീഷണിയാകുമോ എന്ന് ഭയപ്പെട്ടിരുന്ന ഒന്ന് ദ്രാവിഡ വാദമാണ്. ദ്രാവിഡസ്ഥാന്‍ വേണമെന്ന വാദത്തില്‍ വലിയ മുന്നേറ്റമുണ്ടായി. ഒരു പക്ഷേ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ ഒന്നിച്ചുമാറി വേറൊരു രാഷ്ട്രമായി തീരുമോ എന്നുപോലും ഒരുകാലത്ത് ജനങ്ങള്‍ ഭയപ്പെട്ടിരുന്നു. പക്ഷേ ഭാഗ്യവശാല്‍ പഞ്ചവത്സര പദ്ധതികളുടെയൊക്കെ പുരോഗതിയോടുകൂടി ഈ ദ്രാവിഡവാദത്തിന്റെ ശക്തികുറയുകയും അവരുടെ ബ്രാഹ്മണവിരോധം, ഹിന്ദി വിരോധം, സംസ്‌കൃത വിരോധം മുതലായവക്കൊക്കെ ചിലയിടങ്ങളില്‍ സ്വാധീനമുണ്ടായിരുന്നെങ്കിലും പൊതുവേ സ്വീകാര്യത കുറയുകയും ഇത്തരം വാദങ്ങള്‍ക്ക് ശക്തി കുറയുകയും ചെയ്തു.

രാജ്യം അപകടത്തിലായപ്പോഴൊക്കെ തെരഞ്ഞെടുപ്പിലൂടെ ഇന്ത്യ തിരിച്ചുവരവ് നടത്തിയിട്ടുണ്ട്. ഇനിയും അത്തരത്തില്‍ സാധ്യതകള്‍ തുറന്നുകിടക്കുന്നില്ലേ?

ഇന്ത്യയെപ്പോലെ ഒരു ജനാധിപത്യ രാജ്യത്ത് അഞ്ചുകൊല്ലം കൂടുമ്പോള്‍ തെരഞ്ഞെടുപ്പ് നടത്തുക എന്നത് വലിയൊരു അധ്വാനമാണ്. വലിയ പ്രയത്‌നവും പ്രക്രിയയുമാണ്. ആദ്യകാലത്ത് ഇന്ത്യയിലെ ബഹുഭൂരിപക്ഷം ജനങ്ങളും സാക്ഷരത കുറഞ്ഞവരാണെന്ന വസ്തുതയുടെ അടിസ്ഥാനത്തില്‍ ജനാധിപത്യം ഇവിടെ വിജയിക്കുമോ എന്ന ആശങ്ക എല്ലാഭാഗത്തുനിന്നും ഉയര്‍ന്നിരുന്നു. പക്ഷേ, ഫലം മറിച്ചായിരുന്നു. സ്വാതന്ത്ര്യസമരത്തില്‍ മുന്നില്‍ നിന്ന് ഇന്ത്യയെ നയിച്ച കോണ്‍ഗ്രസ് പിന്നീട് ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചപ്പോള്‍ അതിനെ എതിര്‍ത്തത് നിരക്ഷരര്‍ എന്ന് പറയപ്പെട്ടിരുന്ന ജനങ്ങളും സംസ്ഥാനങ്ങളുമായിരുന്നു. മറിച്ച് സാക്ഷരതയുള്ള ആളുകളും ഭൂവിഭാഗങ്ങളുമായിരുന്നില്ല. സാക്ഷതരയില്‍ മുന്നിട്ട് നില്‍ക്കുന്ന സംസ്ഥാനങ്ങളേക്കാള്‍ മധ്യപ്രദേശും ഉത്തര്‍പ്രദേശും പോലെ പിന്നോക്കാവസ്ഥയിലാണെന്ന് വിചാരിച്ചിരുന്ന ഭാഗങ്ങളാണ് അടിയന്തിരാവസ്ഥയ്‌ക്കെതിരെ സമരം ചെയ്തതും തുടര്‍ന്നുവന്ന തെരഞ്ഞെടുപ്പില്‍ അടിയന്തിരാവസ്ഥ നീക്കാനുള്ള കളമൊരുക്കിയതും.

എനിക്ക് ഈയിടെ തോന്നിയിട്ടുള്ള ഒരു ഭയം കോണ്‍ഗ്രസ് വംശാധിപത്യത്തിലേക്ക നീങ്ങാനുള്ള ഒരു പ്രവണത കാണിച്ചത് തിരിച്ചടിയായി മാറിയെന്നാണ്. ഗാന്ധി, നെഹ്‌റു തുടങ്ങിയ കുടുംബപ്പേരുകള്‍ ഉള്ളവര്‍ക്ക് കോണ്‍ഗ്രസില്‍ സ്ഥാനമുള്ളൂ എന്ന നിലപാട് നേതൃത്വം അംഗീകരിച്ചതിന്റെ ഫലമായി സോണിയാ ഗാന്ധിയുടെ കയ്യില്‍ അധികാരമെത്തി, സോണിയാഗാന്ധി ഭരണഘടനാതീത ശക്തിയായും കിംഗ് മേക്കറായും ഒക്കെ പ്രവര്‍ത്തിച്ചെങ്കില്‍ പോലും പല ഗ്രൂപ്പുകളെ ഒന്നിച്ചുകൊണ്ടുപോകാനുള്ള കഴിവും നയതന്ത്രകാര്യക്ഷമതയും അവര്‍ പ്രകടിപ്പിച്ചു. പക്ഷേ അതേസമയം വലിയൊരു പുഴുക്കുത്തായിട്ട് വന്നത് അവരുടെ മകനെ അധികാരകേന്ദ്രമായും പ്രധാനമന്ത്രി പദത്തിലേക്കും ഉയര്‍ത്തിക്കാട്ടുക എന്നതായിരുന്നു. ഇത് വംശാധിപത്യത്തിന്റെ ഒരു പ്രവണതയാണ്. നെഹ്‌റു തന്റെ മകള്‍ ഇന്ദിരയെ അധികാരത്തിലേക്ക് എത്തിക്കാന്‍ പ്രത്യക്ഷമായും പരോക്ഷമായും ശ്രമിച്ചിരിക്കാം ഇല്ലായിരിക്കാം. എന്നാല്‍ അവര്‍ ഏറ്റെടുത്ത സ്ഥാനങ്ങള്‍ കാര്യക്ഷമതയോടെ കൈകാര്യം ചെയ്യാന്‍ ശ്രമിച്ചിരുന്നു. പക്ഷേ സോണിയാ ഗാന്ധിയുടെ മകന് പ്രകൃതി നല്‍കിയിട്ടുള്ള ഐ ക്യൂ വളരെ കുറഞ്ഞിട്ടുള്ള ഒരാളാണ്. പാര്‍ലമെന്റില്‍ തന്നെ അയാള്‍ ഉണ്ടായിട്ടും ഇതുവരെ ഒന്നും ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. ഏതെങ്കിലും ഒരു നയത്തിന്റെ കാര്യത്തിലോ പ്രസംഗത്തിന്റെ കാര്യത്തിലോ നമുക്ക് ഓര്‍മ്മിക്കത്തക്കതായി അയാളുടെ സംഭാവന ഒന്നുമില്ല. ഗാന്ധിയെന്ന് പേര് പേരിനൊപ്പമുണ്ടെന്ന് മാത്രം. ആ പേരുള്ളതുകൊണ്ട് മാത്രം അയാളെ ഉയര്‍ത്തിക്കാണിക്കാന്‍ ശ്രമിച്ചതിലൂടെ കോണ്‍ഗ്രസ് ആത്മഹത്യ ചെയ്യുകയാണ് ചെയ്തത്. മാത്രമല്ല ബാക്കിയുള്ളവരെയൊക്കെ മാറ്റിനിര്‍ത്തി സോണിയാ ഗാന്ധിയോട് വിശ്വസ്തത പുലര്‍ത്തുന്നവരെ മാത്രമേ നിലനിര്‍ത്തുകയുള്ളൂ എന്ന് പറയുന്നതൊക്കെ ശരിയാണെങ്കിലും അക്കൂട്ടത്തില്‍ ചിലരൊക്കെ, ഉദാഹരണത്തിന് മന്‍മോഹന്‍ സിംഗ്, പ്രണാബ് മുഖര്‍ജി അവരൊക്കെ കഴിവുള്ള ആളുകളാണ്. അതില്‍ പ്രണാബ് മുഖര്‍ജിക്കാണ് നയതന്ത്രജ്ഞതയും ഭരണവൈഭവവുമൊക്കെ കൂടുതല്‍. മന്‍മോഹന്‍സിംഗ് അഴിമതിക്ക് അതീതനായിരുന്നു. രാഷ്ട്രത്തിന്റെ വളര്‍ച്ച മന്‍മോഹന്‍സിംഗിനെ പ്രസിഡന്റ് പദത്തിലേക്ക് ഉയര്‍ത്തുകയും പ്രണാബ് മുഖര്‍ജിയെ പ്രധാനമന്ത്രിപദത്തിലേക്കും കൊണ്ടുവരികയുമായിരുന്നു. അങ്ങനെയായിരുന്നെങ്കില്‍ കോണ്‍ഗ്രസിന് ഇത്ര അപചയം ഉണ്ടാകുമായിരുന്നില്ല എന്നാണ് എനിക്ക് തോന്നുന്നത്. ഇത്തരത്തില്‍ ആത്മഹത്യയിലേക്ക് വഴുതി വീഴാനുള്ള സാഹചര്യം ഉണ്ടാകുമായിരുന്നില്ല. സോണിയാഗാന്ധി ചൂണ്ടിക്കാണിക്കുന്നിടത്ത് പ്രണാബ്മുഖര്‍ജി ഒപ്പുവയ്ക്കാന്‍ തയാറാകില്ല എന്നതുകൊണ്ടായിരിക്കണം അദ്ദേഹത്തെ അങ്ങ് മേലോട്ട് ചവിട്ടിക്കയറ്റി പ്രസിഡണ്ടാക്കി വയ്ക്കുകയും മന്‍മോഹന്‍സിംഗിനെ പ്രധാനമന്ത്രിയാക്കുകയും ചെയ്തത്. അയാള്‍ സാമ്പത്തിക നയങ്ങള്‍ രൂപപ്പെടുത്തുന്നതിലും മറ്റും സമര്‍ത്ഥനാണ്. പക്ഷേ അങ്ങോട്ടുമിങ്ങോട്ടും തിരിഞ്ഞ് രാഷ്ട്രീയ തന്ത്രങ്ങള്‍ പ്രയോഗിക്കാന്‍ അദ്ദേഹം പ്രാപ്തനല്ലായിരുന്നു. ആ തെരഞ്ഞെടുപ്പ് ഒരു തെറ്റായിരുന്നു. ആ ഒരൊറ്റ കാര്യത്തിലൂടെ കോണ്‍ഗ്രസിന് അപചയമുണ്ടാകുകയും തകര്‍ന്നടിയുകയും ആത്മഹത്യയില്‍ എത്തുകയും ചെയ്തു.

അതേ സമയത്ത് കമ്മ്യൂണിസ്റ്റുകാര്‍ തമ്മില്‍ അടികൂടി കമ്മ്യൂണിസ്റ്റും മാര്‍ക്‌സിസ്റ്റുമെന്ന് വേറെയായി. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്കാര്‍ അവര്‍ക്ക് സ്വതേയുണ്ടായിരുന്ന ഏകാധിപത്യ പ്രവണത തുടരുക തന്നെ ചെയ്തു. അവരുടെ മുദ്രാവാക്യം തന്നെ ഡെമോക്രാറ്റിക് സെന്‍ട്രലിസം എന്നതാണ്. എന്നുവച്ചാല്‍ ഡെമോക്രാറ്റിക്കാണ് എന്നാല്‍ അധികാരം കേന്ദ്രീകരിക്കണം. അധികാരവികേന്ദ്രീകരണം അവരുടെ അജണ്ടയിലൊക്കെ പെടുത്തിയെങ്കിലും വസ്തുതാപരമായി നോക്കുകയാണെങ്കില്‍ അത് നടന്നില്ല. ഏറ്റവും കൂടുതല്‍ അധികാര കേന്ദ്രീകരണമുള്ള പാര്‍ട്ടിയാണത്. നേതൃത്വത്തെ ആരെങ്കിലും ചോദ്യം ചെയ്താല്‍ അവര്‍ പിന്നീട് ഉണ്ടാകില്ല. അവരൊക്കെ പുറത്താകും. മാറ്റിനിര്‍ത്തപ്പെടും, അപവാദം പ്രചരിപ്പിക്കപ്പെടും, ഇല്ലാതാക്കപ്പെടും. അവര്‍ ഒരു സ്വേച്ഛാധിപത്യ ശക്തിയായാണ് നിലകൊള്ളുന്നത്. ഞാനീയിടെ ജനാധിപത്യത്തിലൂടെ സ്വച്ഛാധിപത്യത്തിലേക്ക് എന്ന ലേഖമെഴുതിയപ്പോള്‍ ഇതാണ് ചൂണ്ടിക്കാണിച്ചിരുന്നത്.
പലപ്പോഴും സ്വേച്ഛാധിപത്യ-ഫാഷിസ്റ്റ് കക്ഷികളൊക്കെ എല്ലായിടത്തും ഉയര്‍ന്നുവന്നതിന്റെ ചരിത്രം പരിശോധിച്ചാല്‍ അവര്‍ വന്നിട്ടുള്ളത് ജനാധിപത്യത്തിലൂടെയാണ്. ഹിറ്റ്‌ലര്‍ ഒക്കെ ആദ്യം അധികാരത്തില്‍ വന്നത് ജനാധിപത്യത്തിലൂടെയുള്ള തെരഞ്ഞെടുപ്പിലൂടെയാണ്. അതുപോലെ ഇവിടെ ഹിന്ദുത്വശക്തികള്‍ തെരഞ്ഞെടുക്കപ്പെടുകയും അവര്‍ അധികാരത്തിലെത്തുകയും ചെയ്തു. ഇവിടെയും ജനാധിപത്യത്തിലൂടെ സ്വേച്ഛാധിപത്യത്തിലേക്ക് നീങ്ങാനുള്ള ഒരു സാധ്യത അവഗണിക്കാവുന്നതല്ല. എന്തുപറഞ്ഞാലും മോഡി ഒരു സ്വാധീനശക്തിയായി മാറുകയാണ്. അയാളുടെ പാര്‍ട്ടിയില്‍ എതിരാളികളില്ല, പ്രതിരോധിക്കാന്‍ എതിര്‍ കക്ഷികളുമില്ല. ഇത്തരം സാഹചര്യമുണ്ടാകുമ്പോഴാണ് ജനാധിപത്യം സ്വേച്ഛാധിപത്യത്തിലേക്ക് വഴിമാറുന്നത്. അത് ഇന്ത്യയില്‍ സംഭവിക്കുമോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഫാഷിസത്തെ പ്രതിരോധിക്കാന്‍ മുന്നിട്ടിറങ്ങേണ്ടത് രാജ്യത്തെ ഇടതുപക്ഷ കക്ഷികളാണ്. അവര്‍ക്ക് ഇനിയതിന് കഴിയുമോ എന്ന് സംശയമാണ്. പിന്നെ ബാക്കിയുള്ളത് സാമുദായിക കക്ഷികളാണ്. അവര്‍ക്കൊന്നും അഖിലേന്ത്യാ അടിസ്ഥാനത്തില്‍ ശക്തിയില്ല. സാധാരണ നിലയില്‍ സ്വേച്ഛാധിപത്യ പ്രവണത ഇന്ത്യയില്‍ വളര്‍ന്നുവരാന്‍ തന്നെയാണ് സാധ്യത.

രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ ഭീതിയിലാണെന്ന പ്രചരണങ്ങളില്‍ സത്യമുണ്ട്. ഗോമാംസത്തിന്റെ പേരില്‍ നടക്കുന്ന കൊലകള്‍ വലിയ ഭീതിയുണ്ടാക്കിയിട്ടുണ്ട്. ഇതൊക്കെയാണ് രാഷ്ട്രം എന്ന നിലയില്‍ ഇന്ത്യ നേരിടുന്ന വലിയ വെല്ലുവിളികള്‍. ഇന്ത്യ സുരക്ഷിതമല്ല എന്ന ഭയമുണ്ടാക്കുന്ന സംഗതികള്‍ ഇതൊക്കെ തന്നെയാണ്.

എം ജി എസ് നാരായണന്‍/ ഷിബു ടി ജോസഫ് 

You must be logged in to post a comment Login