ഗാന്ധിവധം പുലരിയില്‍ പരന്ന കൂരിരുട്ട്

ഗാന്ധിവധം പുലരിയില്‍ പരന്ന കൂരിരുട്ട്

‘ഇന്ന് വൈകുന്നേരം 5.20ന് ന്യൂഡല്‍ഹിയില്‍ മഹാത്മാഗാന്ധി വധിക്കപ്പെട്ടു. കൊലയാളി ഒരു ഹിന്ദുവാണ്’. 1948 ജനുവരി 30ന് ആറ് മണിക്ക് ആകാശവാണിയുടെ ദേശീയ വാര്‍ത്താബുള്ളറ്റിനിലൂടെ രാജ്യം ആ ദുരന്തവൃത്താന്തം അറിയുന്നതിനു മുമ്പ് തന്നെ തലസ്ഥാന നഗരയിലെ ആബാലവൃദ്ധം ബിര്‍ള മന്ദിരത്തിലേക്ക് ഒഴുകുന്നുണ്ടായിരുന്നു. നാഥുറാം ഗോഡ്‌സെ എന്ന ചിത്പാവന്‍ ബ്രാഹ്മണന്‍ വലുതുകൈ കൊണ്ട് കറുത്ത ബെറെറ്റ പിസ്റ്റളിലൂടെ ഉതിര്‍ത്ത മൂന്നുവെടിയുണ്ടകള്‍ തുളച്ചുകയറിയത് മഹാത്മജിയുടെ നെഞ്ചകത്തേക്കായിരുന്നു.

ആഭ്യന്തര മന്ത്രി സര്‍ദാര്‍ വല്ലഭായി പട്ടേലുമായുള്ള സംഭാഷണം നീണ്ടത് മൂലം സമയം വൈകിയതിനാല്‍ സാധാരണ നടന്നുവരാറുള്ള വഴി ഉപേക്ഷിച്ച് ബിര്‍ള മന്ദിരത്തിലെ പൂന്തോട്ടത്തിന്റെ മധ്യത്തിലൂടെയാണ് പ്രാര്‍ഥനസ്ഥാനം ലക്ഷ്യമിട്ട് മഹാത്മാ നടന്നുനീങ്ങിയത്. സ്ഥിരം സഹായികളായ മനുവിന്റെയും ആഭയുടെയും തോളില്‍ പിടിച്ചായിരുന്നു നടത്തം. പ്രാര്‍ഥന സ്ഥലത്ത് ഗാന്ധിജി ഇരുന്ന ശേഷം കൊല്ലാനായിരുന്നു പൂനെയില്‍ നിന്ന് ഓള്‍ഡ് ഡല്‍ഹി റെയില്‍വേ സ്‌റ്റേഷനില്‍ വന്നിറങ്ങിയ ഗോഡ്‌സെയും ആപ്‌തെയും കര്‍ക്കരെയും പദ്ധതിയിട്ടിരുന്നത്. കീശയിലൊളിപ്പിച്ച പിസ്റ്റള്‍ എടുത്ത് കൈകള്‍ക്കുള്ളില്‍ ഒളിപ്പിച്ച്, നടന്നുവരുന്ന ഗാന്ധിജിയുടെ മുന്നില്‍ ഗോഡ്‌സെ കുനിഞ്ഞപ്പോള്‍ സഹായി മനു വിചാരിച്ചു, മഹാത്മാജിയുടെ പാദങ്ങള്‍ തൊട്ട് വന്ദിക്കാന്‍ ശ്രമിക്കുകയാണെന്നാണ്. ‘സഹോദരാ, ബാപ്പു ഇപ്പോള്‍ തന്നെ വൈകിയിട്ടുണ്ട്’ എന്ന് പറയുമ്പോഴേക്കും അയാള്‍ അവരെ ഒരു ഭാഗത്തേക്ക് തട്ടിവീഴ്ത്തിയിരുന്നു. താമസിച്ചില്ല, തുടരെത്തുടരെ മൂന്നു തവണ പിസ്റ്റള്‍ ചലിപ്പിച്ചു. സഹായി മനുവിന്റെ കൈകളില്‍നിന്നും മുന്നോട്ടേക്ക് കുതിച്ച ആ കൃശഗാത്രം മെല്ലെ മെല്ലെ നിലം പതിച്ചു. അപ്പോഴേക്കും നെഞ്ചകം മൂടിയ ഖദര്‍ മേല്‍മുണ്ടില്‍ ചോര പടര്‍ന്നുകഴിഞ്ഞിരുന്നു.

സ്വാതന്ത്ര്യത്തിന്റെ പുലരിയിലെ ഒരു അസ്തമയം രക്തപങ്കിലമാക്കിയ ആ കൊല എണ്ണമറ്റ കൊലകളുടെ തുടക്കമായിരുന്നു. ലോകത്തിലെ ഏറ്റവും വലിയ സൈനിക ശക്തിയെ ‘അഹിംസ’ ആയുധം കൊണ്ട് കീഴ്‌പ്പെടുത്തിയ ഒരപൂര്‍വജന്മത്തെ ഹിംസകൊണ്ട് നാഥുറാമും സംഘവും തോല്‍പിച്ചപ്പോള്‍ സ്വതന്ത്ര ഇന്ത്യ ഞെട്ടിത്തരിച്ചത് പല കാരണങ്ങളാലാണ്. വിഭജനത്തിന്റെ മുറിപ്പാടുകളില്‍നിന്ന് ചോര കിനിഞ്ഞൊഴുകിയ ചരിത്രസന്ധിയില്‍ 125വര്‍ഷം ബ്രിട്ടീഷ് രാജവംശം വാണരുളിയ ഭൂവിഭാഗത്തിന് എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് ഭയപ്പെട്ട ഗവര്‍ണര്‍ ജനറല്‍ ഗാന്ധി വധത്തിന്റെ വാര്‍ത്ത കേട്ട ഉടന്‍ ചോദിച്ചു; ആരാണ് അത് ചെയ്തത്? അദ്ദേഹത്തിന്റെ പ്രസ് അറ്റാഷെ അലന്‍ കാംപ്ബല്‍ ജോണ്‍സന്റെ പക്കല്‍ ഉത്തരമില്ലായിരുന്നു. ഗവണ്‍മെന്റ് ഹൗസില്‍നിന്ന് ബിര്‍ള മന്ദിരത്തിലേക്ക് കാലെടുത്തുവെച്ചപ്പോള്‍ ജനക്കൂട്ടത്തിനിടയില്‍നിന്ന് രോഷാകുലനായ ഒരാള്‍ പറയുന്നത് കേട്ടു, ഘാതകന്‍ മുസ്‌ലിം ആണെന്ന്. മൗണ്ട്ബാറ്റന്‍ ആ മനുഷ്യന് നേരെ തിരിഞ്ഞു അട്ടഹസിച്ചു: ‘വിഢ്ഡീ, താങ്കള്‍ക്ക് അറിയില്ലേ, അത് ഒരു ഹിന്ദുവാണെന്ന്.’ അകത്തേക്ക് കടന്ന ഗവര്‍ണര്‍ ജനറലിനോട് കാംപ്ബല്‍ ചോദിച്ചു; കൊലയാളി ഹിന്ദുവാണെന്ന് നിങ്ങള്‍ക്ക് എങ്ങനെ ഉറപ്പിച്ചു പറയാന്‍ സാധിച്ചു. മൗണ്ട് ബാറ്റന്റെ മറുപടി ഇതായിരുന്നു: ‘എനിക്കറിയില്ല. ഇനി ഘാതകന്‍ യഥാര്‍ത്ഥത്തില്‍ ഒരു മുസ്‌ലിമാണെങ്കില്‍ ലോകം കണ്ട ഏറ്റവും ഭയാനകമായ കൂട്ടക്കൂരുതിയിലേക്കായിരിക്കും ഇന്ത്യ എടുത്തെറിയപ്പെടാന്‍ പോകുന്നത്.’
അതുകൊണ്ട് തന്നെയാണ് ആകാശവാണിയുടെ പ്രഥമ വാര്‍ത്തയില്‍ തന്നെ ഘാകതന്‍ ഒരു ഹിന്ദുവാണ് എന്ന് ഊന്നിപ്പറഞ്ഞത്.

ബ്രിട്ടീഷ് സാമ്രാജ്യത്തിന് ഇന്ത്യന്‍ മണ്ണില്‍ അന്ത്യം കുറിക്കുന്നതിന് പട നയിച്ച ഗാന്ധിജിയുടെ നിശ്‌ചേതനമായ ശരീരത്തില്‍ പുഷ്പദളങ്ങള്‍ കൊണ്ട് ആദരാഞ്ജലി അര്‍പ്പിക്കാനുള്ള നിയോഗമായിരുന്നു ബ്രിട്ടീഷ് രാജ്ഞിയുടെ പേരക്കിടാവിന്. ‘ചരിത്രത്തില്‍ മഹാത്മാ ഗാന്ധിയുടെ സ്ഥാനം ബുദ്ധന്റെയും യേശുക്രിസ്തുവിന്റെതുമായിരിക്കും’ ഉള്ളകം ചികഞ്ഞ് അനുശോചനവാക്കുകള്‍ തപ്പിയെടുത്ത മൗണ്ട് ബാറ്റന്‍ പ്രഭുവിന്റെ അടുത്ത ദൗത്യം മഹാത്മജിയുടെ വിയോഗമറിഞ്ഞ് മരവിച്ചിരിക്കുന്ന ജവഹര്‍ലാലിനെയും സര്‍ദാര്‍ പട്ടേലിനെയുമൊക്കെ ജീവിക്കുന്ന പുതിയ ഇന്ത്യയിലേക്ക് തട്ടിയുണര്‍ത്തുക എന്നതായിരുന്നു. രാജ്യത്തെ താങ്കള്‍ അഭിസംബോധന ചെയ്യണമെന്നും രാജ്യം താങ്കളെ പ്രതീക്ഷിച്ചിരിക്കയാണെന്നും മൗണ്ട് ബാറ്റന്‍ പറഞ്ഞപ്പോള്‍ നെഹ്‌റു തെന്റ നിസ്സഹായാവസ്ഥ നിരത്തി. ”എനിക്കതിന് സാധ്യമല്ല. ഞാന്‍ അങ്ങേയറ്റം വിഷമാവസ്ഥയിലാണ് . ഞാന്‍ അതിന് തയാറെടുത്തിട്ടില്ല. എന്തു പറയണമെന്ന് എനിക്കറിയില്ല.”

‘വിഷമിക്കേണ്ട. എന്തുപറയണമെന്ന് ദൈവം പറഞ്ഞുതരും’മൗണ്ട്ബാറ്റന്‍ നെഹ്‌റുവിന്റെ തളര്‍ന്ന മനസില്‍ വെള്ളം തളിച്ചു.

അങ്ങനെയാണ് സ്വതന്ത്ര ഇന്ത്യ കേട്ട ഏറ്റവും വികാരഭരിതമായ ആ വാക്കുകള്‍ നാം ശ്രവിക്കുന്നത്. ഓള്‍ ഇന്ത്യ റേഡിയോവിലെ മൈക്രോഫോണിന്റെ മുന്നില്‍ നിന്ന് വിറയാര്‍ന്ന സ്വരത്തില്‍ നെഹ്‌റു തുടങ്ങിയത് ഇങ്ങനെ: ‘സുഹൃത്തുക്കളേ, നമ്മുടെ ജീവിതത്തില്‍നിന്ന് വെളിച്ചം കെട്ടുപോയിരിക്കുന്നു. എല്ലായിടത്തും കൂരിരുട്ടാണ് പരന്നിരിക്കുന്നത്. നിങ്ങളോട് എങ്ങനെ പറയണമെന്ന് എനിക്കറിയില്ല. നാം ബാപ്പു എന്ന് വിളിക്കുന്ന നമ്മുടെ പ്രിയപ്പെട്ട നേതാവ്, രാഷ്ട്രപിതാവ് വിട പറഞ്ഞിരിക്കുന്നു. വെളിച്ചം അണഞ്ഞിരിക്കുന്നു. അതൊരു സാധാരണ വെളിച്ചമായിരുന്നില്ല. ഈ രാജ്യത്തെ സംവല്‍സരങ്ങളോളം പ്രകാശപൂരിതമാക്കിയ, എണ്ണമറ്റ മനുഷ്യരുടെ ഹൃദയങ്ങളെ പ്രകാശമാനമാക്കിയ വെളിച്ചമാണ്. ഒരു ഭ്രാന്തന്‍ അദ്ദേഹത്തിന്റെ ജീവന് അന്ത്യം കുറിച്ചിരിക്കുന്നു. ഭ്രാന്തന്‍ എന്ന് മാത്രമേ അയാളെ കുറിച്ച് എനിക്ക് പറയാനാവൂ. പോയ കുറേ വര്‍ഷങ്ങളിലും മാസങ്ങളിലും മനുഷ്യഹൃദയങ്ങളില്‍ ഇയാള്‍ വിഷം പരത്തുകയായിരുന്നു. ജനമനസുകെള അത് സ്വാധീനിച്ചു. നമുക്ക് ഈ വിഷത്തെ നേരിടേണ്ടതുണ്ട്. ഉന്മൂലനം ചെയ്യേണ്ടതുണ്ട്. ഭ്രാന്തമായോ നികൃഷ്ടരീതിയിലോ ആയിരിക്കരുത്, നമ്മുടെ വന്ദ്യഗുരു പഠിപ്പിച്ച മാര്‍ഗത്തിലൂടെയാവണം.’

ബാപ്പുജിയെ വേട്ടയാടിയ വര്‍ഗീയ ഭ്രാന്ത്
ഗാന്ധിജി എന്ന അപൂര്‍വ ജന്മത്തിന്റെ ജീവനെടുത്ത ഭ്രാന്ത് ലോകം കണ്ട ഏറ്റവും ആപദ്കരമായ മതഭ്രാന്തല്ലാതെ മറ്റൊന്നുമായിരുന്നില്ല. ബിര്‍ളാ മന്ദിരത്തിന്റെ പൂന്തോട്ടത്തില്‍, 77ാം വയസില്‍ മോഹന്‍ദാസ് കരം ചന്ദ് ഗാന്ധി സമര്‍പ്പിച്ച ബലിദാനം ചരിത്രത്തില്‍ തുല്യതയില്ലാത്തതായി അടയാളപ്പെടുത്തുന്നത് 19ാം നൂറ്റാണ്ടിന്റെ രണ്ടാം പാദം തൊട്ട് ഇന്ത്യന്‍ സാമൂഹിക, രാഷ്ട്രീയഗാത്രത്തെ ഗ്രസിച്ച അതിമാരകമായ ഒരു രോഗം അതിന്റെ ഭീകരമുഖം തുറന്നുകാട്ടുമ്പോഴാണ്. മുസ്‌ലിംകളോടുള്ള അടങ്ങാത്ത വിദ്വേഷമാണ് ഗാന്ധി കൊലയാളികളുടെ പ്രത്യയശാസ്ത്രത്തിന് ഉരുവം നല്‍കിയത്. വിനായക് ദാമോദര്‍ സവര്‍ക്കറുടെ കുടില വര്‍ഗീയ സിദ്ധാന്തമാണ് ബഹുസ്വരമായ വൈവിധ്യങ്ങളെ അംഗീകരിച്ചുകൊണ്ടുള്ള കോണ്‍ഗ്രസിന്റെ രാഷ്ട്രീയദര്‍ശനങ്ങള്‍ക്ക് വിരുദ്ധമായി ഹിന്ദുവേതര സ്വത്വങ്ങളെ നിരാകരിക്കുന്ന ക്രൂരമായ ചിന്താഗതി തിരഞ്ഞെടുക്കാന്‍ ഇവരെ പ്രേരിപ്പിച്ചത്.

മഹാത്മജിയെ വെടിവെച്ചു വീഴ്ത്തിയതിന്റെ ശിക്ഷ താന്‍ അനുഭവിക്കുമെന്ന് ഗോഡ്‌സെക്ക് ഉറപ്പുണ്ടായിരുന്നു. യാതൊരു എതിര്‍പ്പുമില്ലാതെയാണ് കൊലക്കു ശേഷം അയാള്‍ പൊലീസിന് കീഴടങ്ങിയത്. എന്നാല്‍, കൊല ആസൂത്രണം ചെയ്യുന്നതിലും ബിര്‍ള മന്ദിരം വരെ ഗോഡ്‌സെയെ അനുധാവനം ചെയ്യുന്നതിലും ആവേശം കാട്ടിയ മറ്റു രണ്ടു പ്രതികള്‍നാരായണ്‍ ആപ്‌തെയും വിഷ്ണു കര്‍ക്കരെയും സംഭവം നടന്ന ഉടന്‍ ഭീരുക്കളെ പോലെ ഓടിരക്ഷപ്പെട്ടു. ഇവരെ 24 മണിക്കൂറിനകം ബോംബെയില്‍നിന്നാണ് പിടികൂടുന്നത്. വന്‍ഗൂഢാലോചനയുടെ ഫലമായാണ് ഗാന്ധി കൊല്ലപ്പെട്ടതെന്നാണ് കുറ്റപത്രം സാക്ഷ്യപ്പെടുത്തുന്നത്. താന്‍ ഒറ്റക്കാണ് കൃത്യം നിര്‍വഹിച്ചതെന്നും മറ്റാര്‍ക്കും ഈ പാതകത്തില്‍ പങ്കില്ലെന്നും വരുത്തിത്തീര്‍ക്കാന്‍ ഗോഡ്‌സെ നടത്തിയ ശ്രമങ്ങളൊന്നും വിജയിച്ചില്ല. 1948 മേയ് 27ന് കേസിന്റെ വിചാരണ തുടങ്ങിയപ്പോഴേക്കും പ്രതിപ്പട്ടികയില്‍ എട്ടുപേരുണ്ടായിരുന്നു. നാഥുറാം, ആപ്‌തെ, ഗോപാല്‍ ഗോഡ്‌സെ, മദന്‍ലാല്‍, കര്‍ക്കരെ, സവര്‍ക്കര്‍, പര്‍ച്ചൂരെ, ദിഗംബര്‍ ബാഡ്ജിന്റെ വേലക്കാരന്‍. ഇതില്‍ നാഥുറാമിനും ആപ്‌തെക്കും വധശിക്ഷ നല്‍കിയ കോടതി അഞ്ചുപേര്‍ക്ക് ജീവപര്യന്തമാണ് വിധിച്ചത്. സവര്‍ക്കറെ പിന്നീട് കുറ്റവിമുക്തനാക്കി.

എന്തിന് ഇവര്‍ ഗാന്ധിജിയൂടെ കഥ കഴിച്ചു? സ്വാതന്ത്ര്യത്തിന്റെ പുലരിയെ ഘനാന്ധകാരമാക്കാന്‍ ഇവരെ പ്രേരിപ്പിച്ച വികാരമെന്താണ്? ആരുടെ മസ്തിഷ്‌കമാണ് ഇവരെ കൊണ്ട് ഈ മഹാപാതകം ചെയ്യിച്ചത്? ഗാന്ധിയുടെ ജീവനെടുക്കുന്നതോടെ തങ്ങളുടെ ആത്യന്തിക ലക്ഷ്യം പൂര്‍ത്തീകരിക്കപ്പെടുമെന്ന് ഇവര്‍ വിശ്വസിച്ചിരുന്നുവോ? നെഹ്‌റു എഴുപത് വര്‍ഷം മുമ്പ് സൂചിപ്പിച്ച ‘ഹൃദയങ്ങളെ വിഷലിപ്തമാക്കിയ’ വിചാരധാരയുടെ ഇന്നത്തെ അവകാശികള്‍ ആരൊക്കെയാണ്? ഈ ദിശയിലുള്ള ഒരന്വേഷണത്തിന് സ്വാതന്ത്യത്തിന്റെ എഴുപതാണ്ട് അവസരമൊരുക്കുമ്പോള്‍ നമുക്ക് ചികഞ്ഞുനോക്കേണ്ടിവരുന്നത് ആ കാലഘട്ടത്തിന്റെ വിഹ്വലതകളും ചരിത്രത്തില്‍ രേഖപ്പെട്ട അനിഷേധ്യസത്യങ്ങളുമാണ്.
മഹാത്മജിയുടെ കൊല വളരെ ആസൂത്രിതമായ രാഷ്ട്രീയ പദ്ധതിയായിരുന്നു. 20ാം നൂറ്റാണ്ടിലുടനീളം സമാന്തരമായി സഞ്ചരിച്ച രണ്ടു വിചാരധാരകള്‍ ഒരു നിര്‍ണായകഘട്ടത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ ആസുരശക്തികള്‍ പ്രതികാരദാഹം തീര്‍ത്തതിന്റെ ഫലമാണ് മഹാത്മജിയുടെ നെഞ്ചകം വെടിയേറ്റ് ചിന്നിച്ചിതറുന്നത്. മരണം പതിറ്റാണ്ടുകള്‍ക്ക് മുമ്പേ ഗാന്ധിജിയെ പിന്തുടരുന്നുണ്ടായിരുന്നു. ഹിന്ദു മുസ്‌ലിം മൈത്രി എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ച് ഗാന്ധിജി തുടങ്ങിവെച്ച ബഹുസ്വരതയിലൂന്നിയ രാഷ്ട്രീയ പരീക്ഷണം ഭൂരിപക്ഷസമുദായത്തിലെ വര്‍ഗീയമായി ചിന്തിക്കുന്നവര്‍ക്ക് സഹിച്ചില്ല. ഖിലാഫത്ത് പ്രസ്ഥാനത്തിലൂടെ രൂപംകൊണ്ട പാരസ്പര്യത്തിന്റെ രാഷ്ട്രീയത്തെ ആദ്യാന്തം വെറുത്ത വി.ഡി. സവര്‍ക്കറും ആര്‍.എസ്.എസും ഹൈന്ദവമേല്‍ക്കോയ്മ എന്ന തങ്ങളുടെ സ്വപ്‌നത്തിനു മുന്നില്‍ ഗാന്ധിജി വലിയൊരു വിലങ്ങുതടിയാണെന്ന് കണ്ടെത്തി. അയിത്തോച്ഛാടനം, ദലിത് സമുദ്ധാരണം പോലുള്ള അദ്ദേഹത്തിന്റെ സാമൂഹിക നവീകരണ പദ്ധതികളെ സവര്‍ണവിഭാഗം സംശയത്തോടെ കണ്ടു . മാറ്റത്തിന്റെ കാറ്റ് ജാതീയ ഉച്ചനീചത്വങ്ങളെ തൂത്തെറിയുമെന്ന പേടി ഗാന്ധിജിയില്‍ ഒരു ശത്രുവിനെ പ്രതിഷ്ഠിക്കാന്‍ ഇവര്‍ക്ക് കാരണമായിത്തീര്‍ന്നു. ഗാന്ധിജി ജീവനോടെ ഭൂമുഖത്ത് ബാക്കിയാവുന്നത് തങ്ങളുടെ സ്വപ്‌നപദ്ധതികള്‍ പ്രയോഗവത്കരിക്കുന്നതില്‍ പ്രതിബന്ധമാകുമെന്ന് ഇക്കൂട്ടര്‍ ഉറച്ചുവിശ്വസിച്ചു. എന്നാല്‍, ഗാന്ധിജിയെ പരസ്യമായി തള്ളിപ്പറയാനോ അദ്ദേഹത്തെ ഇല്ലാതാക്കാനുള്ള മോഹം തുറന്നുപറയാനോ 1925ല്‍ സ്ഥാപിതമായ ആര്‍.എസ്.എസ് ധൈര്യം കാണിച്ചില്ല. അത്രമാത്രം ജനസമ്മതി നേടിയിരുന്നു ഗാന്ധി ചുരുങ്ങിയ കാലത്തിനിടയില്‍.

1934 ജൂണ്‍ 25ന് പൂനെയില്‍വെച്ചാണ് മഹാത്മജിക്ക് നേരെ ആദ്യ വധശ്രമമുണ്ടാകുന്നത്. ദലിത് സമുദായത്തിന് ക്ഷേത്രങ്ങളിലും പൊതുകിണറുകളിലും പ്രവേശം നിഷേധിക്കരുത് എന്ന ആവശ്യവുമായി രാജ്യത്തുടനീളം നടത്തിയ ‘ഹരിജന്‍ യാത്ര’യുടെ ഭാഗമായി പൂനെയിലെത്തിയപ്പോഴായിരുന്നു അത്. ‘മഹാത്മാ, മൈ ബാപ്പു’ എന്ന പുസ്തകത്തില്‍ ശ്രീപദ് ജോഷി സംഭവം ദൃക്‌സാക്ഷി വിവരണത്തിലൂടെ നമുക്ക് കൈമാറുന്നുണ്ട് . ‘മുനിസിപ്പല്‍ ഹാളില്‍ ഗാന്ധിജിയെ സ്വീകരിക്കാന്‍ ബോയ് സ്‌കൗട്ടിലെ കുട്ടികള്‍ ബാന്റ് വാദ്യവുമായി കാത്തുനില്‍ക്കുന്നതിനിടയില്‍ ‘ബാപ്പു’ കയറിയ കാര്‍ എത്തി എന്ന് കേള്‍ക്കേണ്ട താമസം, ആള്‍ക്കൂട്ടത്തില്‍നിന്ന് വന്‍സ്‌ഫോടനശബ്ദം കേള്‍ക്കുകയുണ്ടായി. അക്രമികള്‍ രണ്ടുകാറുകളിലൊന്നിന്റെ നേരെ നാടന്‍ ബോംബെറിയുകയായിരുന്നു. ഗാന്ധിജി കയറിയ കാര്‍ എത്തുമ്പോഴേക്കും സ്‌ഫോടനത്തിന്റെ പുകപടലങ്ങള്‍ പരന്നിരുന്നു. പൊലിസുകാരടക്കം ഏതാനും പേര്‍ക്ക് സംഭവത്തില്‍ പരിക്കേറ്റു. സംഭവത്തെ കുറിച്ച് അറിയിച്ചപ്പോള്‍ ഗാന്ധിജി വളരെ വ്യസനസമേതമാണ് പ്രതികരിച്ചത്. ഇന്ന് വൈകീട്ടുണ്ടായത് പോലുള്ള അനിഷ്ടസംഭവം ഏതെങ്കിലുമൊരു സനാതന ഹിന്ദുവിന് പ്രോത്സാഹിപ്പിക്കാന്‍ കഴിയുമെന്ന് എനിക്കു തോന്നുന്നില്ല. എന്റെയും സംഘത്തിന്റെയുംമേല്‍കൂട്ടത്തില്‍ എന്റെ പത്‌നിയും എന്നെ വിശ്വസിച്ചേല്‍പിച്ച, ഞാന്‍ പുത്രിമാരായി കരുതുന്ന മൂന്ന് പെണ്‍കുട്ടികളും ഉണ്ടായിരുന്നു- ബോംബ് വന്നു പതിച്ചിരുന്നുവെങ്കില്‍ ലോകത്തിന് എന്തായിരിക്കും പറയാനുണ്ടാവുക? ബോംബ് എറിഞ്ഞവരോട് എനിക്ക് സഹതാപമേയുള്ളൂ. ദക്ഷിണാഫ്രിക്കയില്‍ എന്നെ ആക്രമിച്ചവരോടുള്ള ക്ഷമാപണത്തിന്റെ അതേ സമീപനം തന്നെയായിരിക്കും ഞാന്‍ ഈ അക്രമികളോടും സ്വീകരിക്കുക.’

മഹാത്മജിയെ ലക്ഷ്യമിട്ട് രണ്ടാമതായി നടന്ന ആക്രമണം പഞ്ചാഗ്‌നിയില്‍വെച്ചാണ്, 1944 ജൂലൈയില്‍. ആഗാഖാന്‍ പാലസിലെ തടവറ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ ഗാന്ധിജി പൂനെക്കടുത്ത പഞ്ചാഗ്‌നിയിലെ ദില്‍ക്കുഷ് ബംഗ്ലാവില്‍ വിശ്രമിക്കുകയായിരുന്നു. സേവാദള്‍ വളണ്ടിയര്‍മാര്‍ സദാനേരവും ബാപ്പുജിയെ സേവിക്കാന്‍ ഒപ്പമുണ്ടായിരുന്നു. അതിനിടയില്‍ പൂനെയില്‍ നിന്നെത്തിയ ഒരു സംഘം ചെറുപ്പക്കാര്‍ ഗാന്ധിജിയെ തെറി അഭിഷേകം ചെയ്യാനും ഭീഷണിപ്പെടുത്താനും തുടങ്ങി. ഇതറിഞ്ഞ ഗാന്ധിജിയാവട്ടെ അവരോട് അകത്തുവന്ന് സംസാരിക്കാന്‍ ആവശ്യപ്പെട്ടു. പക്ഷേ അവര്‍ വഴങ്ങിയില്ല. പ്രാര്‍ഥന തുടങ്ങേണ്ട താമസം, ഒരു ചെറുപ്പക്കാരന്‍ ഊരിപ്പിടിച്ച വാളുമായി വാതിലിനടുത്തേക്ക് ഇരച്ചുകയറി. പലതും ആക്രോശിക്കുന്നുണ്ടായിരുന്നു അയാള്‍. മഹാരാഷ്ട്രയിലെ സത്താറയില്‍നിന്നുള്ള ഭികുദായി ഭിലാരി എന്ന ഗുസ്തിക്കാരന്‍ ഓടിച്ചെന്ന് അയാളെ ഗാന്ധിജിക്ക് സമീപത്തുനിന്ന് പിടിച്ചുമാറ്റി കീഴ്‌പ്പെടുത്തി. നിരായുധനാക്കപ്പെട്ട യുവാവിനെ വെറുതെ വിടാന്‍ മഹാത്മജി ആജ്ഞാപിച്ചു. ആ യുവാവ് ആരാണെന്നറിയേണ്ടേ, സാക്ഷാല്‍ നാഥുറാം ഗോഡ്‌സെ. ഹിന്ദുരാഷ്ട്ര പത്രത്തിന്റെ എഡിറ്ററായ ഗോഡ്‌സെ പൂനെ വിടുന്നതിന് മുമ്പ് സഹപ്രവര്‍ത്തകരായ പത്രക്കാരെ ഒരു കാര്യമോര്‍മിപ്പിച്ചു; പഞ്ചാഗ്‌നിയില്‍നിന്ന് ഗാന്ധിജിയെ കുറിച്ച് ആശ്ചര്യപ്പെടുത്തുന്ന ചില വാര്‍ത്തകള്‍ താമസിയാതെ കേള്‍ക്കാം എന്ന്. ടൈംസ് ഓഫ് ഇന്ത്യയില്‍ അന്ന് പ്രസിദ്ധീകരിച്ച വാര്‍ത്തയുടെ തലക്കെട്ട് ഇങ്ങനെയായിരുന്നു:Poona Editor Attempts to Assalt Gandhiji in Panchagni’ പഞ്ചാഗ്‌നിയില്‍ പൂനെയിലെ എഡിറ്റര്‍ ഗാന്ധിജിയെ അക്രമിക്കാന്‍ ശ്രമിച്ചുവെന്ന്.

പിന്നെയും തീവ്രവര്‍ഗീയവാദികള്‍ മഹാത്മജിയെ കൊലവിളിയുമായി പിന്തുടര്‍ന്നു. 1944 സെപ്റ്റംബറില്‍ വാര്‍ധയിലെ സേവാഗ്രാമില്‍ വെച്ചായിരുന്നു മൂന്നാമത്തെ സംഭവം. പാകിസ്ഥാന്‍ വാദത്തില്‍നിന്ന് പിന്മാറണമെന്ന ആവശ്യവുമായി മുഹമ്മദലി ജിന്നയുമായി സംഭാഷണം നടത്താന്‍ ഗാന്ധിജിക്ക് ബോംബെക്ക് പോകേണ്ടതുണ്ടായിരുന്നു. പക്ഷേ ആര്‍.എസ്.എസിന്റെയും ഹിന്ദുമഹാസഭയുടെയും പ്രവര്‍ത്തകര്‍ ദിവസങ്ങളോളം സേവാഗ്രാം ഉപരോധിച്ചു. ജിന്നയുമായി ചര്‍ച്ച പാടില്ലെന്ന് ശഠിച്ചു. ദിവസം കഴിയുന്തോറും പ്രക്ഷോഭം ശക്തിപ്പെടുകയാണെന്ന് മനസിലാക്കിയ മഹാത്മജി രണ്ടും കല്‍പിച്ച് ഒരു കാറില്‍ യാത്രയായി. കാറിനു നേരെ കഠാരിയുമായി ചീറിപ്പാഞ്ഞുവന്ന യുവാവിനെ പൊലീസ് തട്ടിമാറ്റിയത് കൊണ്ട് ബാപ്പുജിയുടെ ജീവന്‍ രക്ഷിക്കാനായി. പ്രക്ഷോഭകരെ വാര്‍ധ പൊലിസ് സ്‌റ്റേഷനില്‍ കൊണ്ടുപോയപ്പോള്‍ അവിടെ സ്വീകരണമായിരുന്നുവെന്ന് ഗാന്ധിജിയുടെ സെക്രട്ടറിയും ആധികാരിക ജീവഗ്രന്ഥകാരനുമായ പ്യാരേലാല്‍ നയ്യാര്‍ (ങമവമാേമ ഠവല ഘമേെ ജവമലെ ഢീഹൗാല11) വിവരിക്കുന്നുണ്ട്. പ്രക്ഷോഭകരെ ചായയും ബിസ്‌കറ്റും നല്‍കിയാണ് യാത്രയയച്ചത്. പ്രക്ഷോഭകരുമായുള്ള സംഭാഷണത്തില്‍ അവരുടെ നേതാവ് പറഞ്ഞത്രെ, ഗാന്ധിജിയെ കൈകാര്യം ചെയ്ത് കൈ വൃത്തികേടാക്കാന്‍ ഞങ്ങളുടെ നേതാക്കള്‍ ആഗ്രഹിക്കുന്നില്ല. ഗാന്ധിജിയുടെ നേരെ കഠാരയുമായി ഓടിച്ചെന്ന യുവാവിന് നേരെ വിരല്‍ചൂണ്ടി അദ്ദേഹം പറഞ്ഞതിങ്ങനെ: ‘സമയം വരുമ്പോള്‍ ഈ ധീര ചെറുപ്പക്കാരന്‍ വേണ്ടത് ചെയ്യും’. നാഥുറാം ഗോഡ്‌സെ ആയിരുന്നു ആ ചെറുപ്പക്കാരന്‍. 1946 ജൂണ്‍ 29ന് ഗാന്ധി സഞ്ചരിച്ച പ്രത്യേക തീവണ്ടി അട്ടിമറിക്കാനായിരുന്നു വിഫലശ്രമം നടത്തിയത്. റെയില്‍പാളത്തില്‍ ഉരുളന്‍ കല്ല് വെച്ചത് ഡ്രൈവര്‍ കാണുകയും സഡന്‍ ബ്രേക്കിടുകയും ചെയ്തതുകൊണ്ട് രക്ഷപ്പെട്ടു. കല്ലിനുമുകളിലൂടെയാണ് തീവണ്ടി സഞ്ചരിച്ചിരുന്നതെങ്കില്‍ പാളം തെറ്റി മറിഞ്ഞ് ഗാന്ധിജി അടക്കം കൊല്ലപ്പെട്ടേനെ. മഹാത്മജിയെ വെടിവെച്ചുകൊല്ലുന്നതിനു പത്ത് ദിവസം മുമ്പ് വധശ്രമം നടന്നിരുന്നു. 1948 ജനുവരി 20ന്. ബിര്‍ള മന്ദിരത്തിലെ പ്രാര്‍ഥനാസ്ഥലത്ത് ശിഷ്യന്മാരോടൊപ്പം ഖുര്‍ആന്‍ പാരായണത്തില്‍ ഏര്‍പ്പെട്ട നിമിഷം. ബോംബ് പൊട്ടുന്ന ഉഗ്രന്‍ ശബ്ദം കേട്ടു അവിടെ കൂടിയിരുന്നവര്‍ ചുറ്റുപാടും പരിഭ്രാന്തരായി നോക്കി. കാക്കയെ വെടിവെച്ചിട്ടതാവാമെന്ന് ഗാന്ധിജി സമാധാനിച്ചു. പഞ്ചാബില്‍നിന്നുള്ള മദന്‍ലാല്‍ പഹ്‌വ എന്ന അഭയാര്‍ഥി ഒരു ബോംബിന്റെ ഫ്യൂസ് കത്തിക്കുന്നത് കണ്ടവര്‍ പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്തതോടെ പിടിയിലാവുകയായിരുന്നു. അയാള്‍ ഒറ്റക്കല്ലെന്നും പൂനെയില്‍നിന്ന് വന്ന ഒട്ടേറെ പേര്‍ സംഘത്തിലുണ്ടായിരുന്നുവെന്നും ഗാന്ധിജിയെ ബോംബ് സ്‌ഫോടനത്തിലൂടെ വകവരുത്തുകയായിരുന്നു ലക്ഷ്യമെന്നും ചോദ്യം ചെയ്യലില്‍ കണ്ടെത്തി. പൂനെയിലെ ‘ഹിന്ദുരാഷ്ട്ര’ പത്രത്തിന്റെ എഡിറ്ററും പബ്ലിഷറുമാണ് ഗൂഢാലോചനക്ക് നേതൃത്വം നല്‍കിയതെന്നും ‘താടിക്കാരനായ’ ദിഗംബര്‍ ബാഡ്ജിയെ ചുമതലപ്പെടുത്തിയത് ഗാന്ധിജിയെ വെടിവെച്ചു കൊല്ലാനാണെന്നും അയാള്‍ തുറന്നുപറഞ്ഞു. ചോദ്യം ചെയ്യലിനിടയില്‍ മദന്‍ലാല്‍ ആവര്‍ത്തിച്ച ഒരുവാചകമുണ്ട്: ‘വഹ് ഫിര്‍ ആയേഗ അയാള്‍ വീണ്ടും വരും’. അതെ, അയാള്‍ പിന്നീട് വന്നു. നാഥുറാം ഗോഡ്‌സെ എന്ന മനുഷ്യാധമന്‍ പിന്നീട് വന്നത് ‘ഇങ്ങനെ മജ്ജയും മാംസവുമുള്ള ഒരു മനുഷ്യന്‍ ഭൂമുഖത്ത് ജീവിച്ചിരുന്നുവെന്ന് വരുംതലമുറയോട് പറഞ്ഞാല്‍ അവര്‍ വിശ്വസിക്കാന്‍ സാധ്യതയില്ല’ എന്ന് വിശ്വപ്രശസ്ത ശാസ്ത്രജ്ഞന്‍ ഐന്‍സ്റ്റീന്‍ ആശ്ചര്യം പൂണ്ട ഗാന്ധിജിയെ വെടിവെച്ച് കൊല്ലാന്‍ വേണ്ടിയായിരുന്നു.
ലോകത്തിലെ ഏറ്റവും വലിയ സുരക്ഷാവീഴ്ചയുടെ ഇരയാണ് മഹാത്മാഗാന്ധി. ഏഴുതവണ അദ്ദേഹത്തിന് നേരെ വധശ്രമമുണ്ടായി. എന്നിട്ട് ഒരിക്കലും പോലും അദ്ദേഹത്തിന് മതിയായ സുരക്ഷ ഏര്‍പ്പെടുത്താന്‍ ബന്ധപ്പെട്ടവര്‍ ശുഷ്‌കാന്തി കാട്ടിയില്ല. കോളനിവാഴ്ചക്കാലത്ത് ബ്രിട്ടീഷ് പൊലീസ് കാണിച്ച താല്‍പര്യം പോലും അരുമ ശിഷ്യന്‍ സര്‍ദാര്‍ വല്ലഭ് ഭായി പട്ടേലിന്റെ കൈകളില്‍ ആഭ്യന്തരവകുപ്പ് എത്തിയപ്പോള്‍ കാണാന്‍ കഴിഞ്ഞില്ല. ജനുവരി 20ന് ബോംബാക്രമണത്തിലൂടെ മഹാത്മജിയുടെ കഥ കഴിക്കാന്‍ ശ്രമമുണ്ടായിട്ടുപോലും മതിയായ സുരക്ഷ ഏര്‍പ്പെടുത്താതിരുന്നത് കനത്ത അപരാധമായിപ്പോയെന്ന് മൗലാനാ അബുല്‍ കലാം ആസാദ് വിലപിക്കുന്നുണ്ട്. ഈ സുരക്ഷാപാളിച്ച ഗാന്ധി ഘാതകരെ പോലും ആശ്ചര്യപ്പെടുത്തി എന്ന് കൂട്ടുപ്രതികള്‍ പിന്നീട് അയവിറക്കുകയുണ്ടായി. അധികാരം കൈയില്‍വന്നപ്പോള്‍ കടന്നുവന്ന വഴികള്‍ മറന്ന പട്ടേലിനെ, ഗാന്ധിജി അവസാന നാളില്‍ മതമൈത്രി കാത്തുസൂക്ഷിക്കാനായി നടത്തിയ നിരാഹാരസമരവും പാകിസ്ഥാനികളോട് നീതിപൂര്‍വം പെരുമാറണമെന്ന് ആവശ്യപ്പെട്ട് നടത്തിയ പ്രക്ഷോഭവുമെല്ലാം ക്ഷുഭിതനാക്കിയിട്ടുണ്ടാവണം.

ഗോഡ്‌സെയും ആര്‍.എസ്.എസും
എന്തുകൊണ്ട് നാഥുറാം ഗോഡ്‌സെ കുടിപ്പകയുമായി മഹാത്മജിയെ ജീവിതത്തിലുടനീളം പിന്തുടര്‍ന്നു എന്ന ചോദ്യത്തിന് ഉത്തരം തേടുമ്പോഴാണ് ആ ബ്രാഹ്മണയുവാവിന്റെ തലച്ചോറില്‍ കുത്തിനിറച്ച വിദ്വേഷത്തിന്റെ പ്രത്യയശാസ്ത്രം ഏത് ഉറവിടത്തില്‍നിന്നുള്ളതാണെന്ന അന്വേഷണം പ്രസക്തമാവുന്നത്. ഗോഡ്‌സെയെ വീരപുരുഷനായി ചിത്രീകരിക്കാനും ഗാന്ധിജിയെ കൊല്ലാനുപയോഗിച്ച തോക്ക് ആരാധിക്കാനും ആ ഘാതകന്റെ പേരില്‍ സ്മാരകവും ക്ഷേത്രവും കെട്ടിപ്പൊക്കാനും ഇവിടെ ആളുകളുണ്ട്. ഹിന്ദുമതത്തിന്റെ രക്ഷകനായും ഹിന്ദുരാഷ്ട്രത്തിന്റെ വിധാതാവായുമൊക്കെ ഉയര്‍ത്തിക്കാട്ടാന്‍ വെമ്പല്‍കൊള്ളുന്നവര്‍ ധാരാളമുണ്ടിവിടെ. എന്നാല്‍, മഹാത്മജിയെ കൊന്നുതള്ളിയിടാന്‍ മാത്രം ആ മനസിനെ പാകപ്പെടുത്തിയ പ്രത്യയശാസ്ത്രത്തിന്റെ കാര്യം വരുമ്പോള്‍ ഒഴിഞ്ഞുമാറുന്ന ശീലം വര്‍ത്തമാനകാല ഇന്ത്യയിലെ ഒരു വിരോധാഭാസമാണ്. ഗോഡ്‌സെയെ പോലുള്ള ഒരു നികൃഷ്ടജന്മത്തെ സൃഷ്ടിച്ചെടുക്കാന്‍ ഇന്ത്യനവസ്ഥയില്‍ ഒരു ആശയധാരക്ക് മാത്രമേ സാധിക്കൂ. അത് ആര്‍.എസ്.എസിന്റേതാണ്. പക്ഷേ അത് സമ്മതിക്കാന്‍ ഇന്നേവരെ സംഘ്പരിവാര്‍ നേതൃത്വം സത്യസന്ധത കാണിച്ചിട്ടില്ല. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, ഗാന്ധിവധത്തിന് പിന്നില്‍ ആര്‍.എസ്.എസാണെന്ന് ആരോപിച്ചപ്പോള്‍ നാഗ്പൂര്‍ സംഘം കോടതി കയറി. തന്റെ വാക്കുകളില്‍ ഉറച്ചുനില്‍ക്കാന്‍ നെഹ്‌റുവിന്റെ പ്രപൗത്രന് ധൈഷണിക കെല്‍പോ സത്യസന്ധതയോ ഇല്ലാതെപോയി. അതോടെ, ഗാന്ധിവധത്തില്‍ ആര്‍.എസ്.എസിന്റെ പങ്കിനെ കുറിച്ചുള്ള സൂക്ഷ്മതലത്തിലുള്ള ചര്‍ച്ച തന്നെ വഴിമുട്ടി. ഗാന്ധിവധത്തില്‍ ഉള്‍പെട്ടവരെല്ലാം ആര്‍.എസ്.എസ് ചിന്താഗതിയില്‍ ആകൃഷ്ടരായവരായിരുന്നു. ‘ഞാന്‍ എന്തുകൊണ്ട് മഹാത്മാ ഗാന്ധിയെ വധിച്ചു'(ണവ്യ ക അമൈശൈിമലേറ ങമവമവോമ ഏമിറവശ) എന്ന നാഥുറാമിന്റെ സഹോദരന്‍ ഗോപാല്‍ ഗോഡ്‌സെ എഴുതിയ പുസ്തകം 1993ഡിസംബറിലാണ് പുറത്തിറക്കുന്നത്.
അതിനോടനുബന്ധിച്ച് ‘ദി ഫ്രണ്ട് ലൈന്‍'(1994 ജനുവരി 28) വാരികക്ക് നല്‍കിയ അഭിമുഖത്തില്‍ തങ്ങളുടെ കുടുംബത്തിന്റെ ആര്‍.എസ്.എസ് ബന്ധത്തെ കുറിച്ച് ഗോപാല്‍ ഗോഡ്‌സെ പറയുന്നുണ്ട്: ”ഞങ്ങള്‍ സഹോദരങ്ങളെല്ലാം ആര്‍.എസ്.എസുകാരാണ്. നാഥുറാം, ദത്താത്രേയ്, ഞാന്‍, പിന്നെ ഗോവിന്ദും. ഞങ്ങളുടെ വീട്ടിലല്ല, ആര്‍.എസ്.എസിലാണ് ഞങ്ങള്‍ വളര്‍ന്നതെന്ന് നിങ്ങള്‍ക്ക് വേണമെങ്കില്‍ പറയാം. നാഥുറാം ആര്‍.എസ്.എസിന്റെ ബൗദ്ധിക് കാര്യവാഹക് ആയിരുന്നു. ആര്‍.എസ്.എസ് വിട്ടതായി അദ്ദേഹം പ്രസ്താവന ഇറക്കിയിരുന്നത് നേരാണ്. ഗാന്ധിജിയുടെ വധത്തിനു ശേഷം ഗോള്‍വാള്‍ക്കറും (അന്നത്തെ സര്‍സംഘ്ചാലക്) ആര്‍.എസ്.എസും കടുത്ത പ്രതിസന്ധിയില്‍ പെട്ടത് കൊണ്ടാണ്. അല്ലാതെ അദ്ദേഹം ആര്‍.എസ്.എസ് വിട്ടിരുന്നില്ല.” ഗോഡസെ ആര്‍.എസ്.എസുകാരനാണ് എന്നതിന് ഇതിനപ്പുറം എന്ത് തെളിവാണ് വേണ്ടത്?
ഗാന്ധി വധത്തിനുശേഷം ആര്‍.എസ്.എസിനെ നിരോധിക്കുന്നത് സര്‍ദാര്‍ വല്ലഭ്ഭായി പട്ടേല്‍ അമരത്തിരിക്കുന്ന ആഭ്യന്തരവകുപ്പാണ്. സമൂഹമനസ്സില്‍ ആര്‍.എസ്.എസ് കുത്തിച്ചെലുത്തിയ വര്‍ഗീയ സ്വാധീനത്തെ കുറിച്ച് പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു പട്ടേലിന് വിശദമായി എഴുതുന്നുണ്ട്.

ഹിന്ദുരാഷ്ട്രം എന്ന ആര്‍.എസ്.എസിന്റെ പ്രഖ്യാപിതനയം തന്നെയാണ് ഗോഡ്‌സെയുടേതും. മുസ്‌ലിം വിരുദ്ധതയില്‍ ചാലിച്ചെടുത്ത പാകിസ്ഥാന്‍ വിരോധമാണ് അവസാന തീരുമാനത്തിന് അയാളെയും കൂട്ടാളികളെയും പ്രേരിപ്പിച്ചിട്ടുണ്ടാവുക. നാഗ്പൂരിലെ ആര്‍.എസ്.എസ് ആസ്ഥാനത്തുനിന്നുള്ള കൃപാശിസ്സുകളോടെയല്ലാതെ ഗാന്ധിജിയെ കൊല്ലുക എന്ന കൃത്യം നിര്‍വഹിക്കാന്‍ അവര്‍ക്ക് സാധ്യമല്ല. എന്തുകൊണ്ട് ഗാന്ധിജിയെ താന്‍ കൊന്നുവെന്ന് 1949 മെയ് 5ന് ഷിംലയില്‍ പഞ്ചാബ് ഹൈകോടതിയുടെ ബെഞ്ചിനു മുന്നില്‍ ഗോഡ്‌സെ വിവരിക്കുന്നുണ്ട്. വികാരഭരിതമായ ആ രംഗം ഗാന്ധിജിയുടെ ഉറ്റചങ്ങാതിയായ വെരിയര്‍ എല്‍വിന്‍ രേഖപ്പെടുത്തിയത് ഇങ്ങനെ. ‘സോക്രട്ടീസിന്റെ വിചാരണ പ്രസംഗത്തിനുശേഷം കേള്‍ക്കാന്‍ കഴിഞ്ഞ മികച്ച പ്രസംഗം.’ അതുകേട്ട് കോടതി ഹാളില്‍ നിറഞ്ഞുനിന്ന സ്ത്രീകള്‍ അടക്കമുള്ളവര്‍ കണ്ണ് തുടക്കുന്നുണ്ടായിരുന്നുവത്രെ. മഹാത്മജിയെ കൊല്ലേണ്ടതിന്റെ അനിവാര്യതയാണ് ഗോഡ്‌സെ നിരത്തിയത്. അഹിംസയോടുള്ള തന്റെ വെറുപ്പിനപ്പുറം മുസ്‌ലിംകള്‍ക്ക് വേണ്ടി 32വര്‍ഷമായി സംസാരിച്ചതാണ് ഗാന്ധിജിയെ കൊല്ലുകയല്ലാതെ നിവൃത്തിയില്ല എന്ന നിഗമനത്തില്‍ എത്തിച്ചത്. ഉര്‍ദുഭാഷക്ക് നല്‍കിയ പ്രാധാന്യം പോലും ഗാന്ധിജിയോടുള്ള തന്റെ വെറുപ്പ് വര്‍ധിപ്പിച്ചുവെന്ന് ഗോഡ്‌സെ പറയുന്നുണ്ടായിരുന്നു.
ഒരു ഗാന്ധിജി ജനിച്ചപ്പോള്‍ മറുഭാഗത്ത് ദൈവം ഒരു ഗോഡ്‌സെയെ ജനിപ്പിച്ചു. ഇരുവരും അവരുടെ ജീവിതനിയോഗം യഥാവിധി നിറവേറ്റി. രാജ്യം സ്വാതന്ത്ര്യത്തിന്റെ എഴുപതാം സംവല്‍സരത്തിലേക്ക് കടന്നപ്പോള്‍ ഗാന്ധിജിയെ കാണാനില്ല. ഗോഡ്‌സെയും അയാള്‍ ഉയര്‍ത്തിപ്പിടിച്ച ആശയഗതിയും അയാള്‍ക്ക് പിന്തുണ നല്‍കിയ പ്രസ്ഥാനവും ആശയഗതിയും വിജയിച്ചുനില്‍ക്കുന്നു. ഗോഡ്‌സെ ജയിച്ചു; ഗാന്ധിജി തോറ്റു എന്ന് വിധിപറയേണ്ടിവരുന്നു. ദൈവം കാക്കട്ടെ.

കാസിം ഇരിക്കൂര്‍

One Response to "ഗാന്ധിവധം പുലരിയില്‍ പരന്ന കൂരിരുട്ട്"

  1. അനസ്  September 3, 2017 at 4:34 am

    മാഷാ അല്ലാഹ്. പ്രതീക്ഷിച്ച ലേഖനം. . മൂടിക്കെട്ടി വച്ച ചരിത്ര സത്യങ്ങൾ ലളിതമായ ഭാഷയിൽ വരച്ച് തന്നതിന് .എല്ലാം കൺമുമ്പിൽ കാണുന്നതു പോലെ .പല ആവർത്തി വായിച്ചു. കള്ളം പ്രചരിപ്പിക്കുന്നവർക്ക് അയച്ച് കൊടുക്കണം. സത്യം സമൂഹം അറിയട്ടെ. പാർ ലിമന്റിൽ ഗാന്ധിജിയോടൊപ്പം സവർക്കറുംഇടം നേടി .ഇനി ഗോഡ് സെ അതും വിദൂരമല്ല.

You must be logged in to post a comment Login