എന്നെ ഞാനാക്കിയ വര്‍ഷങ്ങള്‍

എന്നെ ഞാനാക്കിയ വര്‍ഷങ്ങള്‍

മജ്മഇല്‍ ആറു വര്‍ഷവും മര്‍കസില്‍ മൂന്നു വര്‍ഷവും പഠിച്ച കാമ്പസ് അനുഭവുമായാണ് ഡല്‍ഹി ജാമിഅ മില്ലിയ മാനേജ്മന്റ് സ്റ്റഡീസ് ഡിപ്പാര്‍ട്‌മെന്റില്‍ ഇന്റര്‍വ്യൂവിനു ഹാജരാകുന്നത്. കയ്യില്‍ ജെ. ആര്‍. എഫ് ഉണ്ടെന്ന അഹങ്കാരവും മത ബിരുദ ധാരിയാണെന്ന ആത്മവിശ്വാസവുമുണ്ട്. ഇന്റര്‍വ്യൂവിനു മുന്‍വിധി ഒഴിവാക്കാന്‍ പാന്റും ഷര്‍ട്ടും ധരിക്കലാണ് ഉത്തമമെന്നു സുഹൃത്തുക്കള്‍ ബോധ്യപ്പെടുത്തിയത് നിമിത്തം പുതിയ കൂട്ട് തന്നെ വാങ്ങി അണിഞ്ഞൊരുങ്ങിയിരുന്നു. ഇടയ്ക്കിടെ ഇന്‍ ചെയ്ത് ഭാഗവും ടൈ കെട്ടിയതും കോട്ടിട്ടതും ശരിയാണോ എന്ന് സ്വയം ഞാന്‍ സൂക്ഷ്മപരിശോധന നടത്തി കൊണ്ടേയിരുന്നു. ഡിപ്പാര്‍ട്‌മെന്റില്‍ എത്തിയതും എല്ലാ അഹങ്കാരവും പാന്റും കോട്ടും ആത്മവിശ്വാസവും അഴിഞ്ഞു വീണു. മുന്നൂറിലധികം പേരെ ഇന്റര്‍വ്യൂ ചെയ്യുന്നുണ്ടത്രെ. ഇരുപത്തിയാറു പേര്‍ക്ക് ജെ ആര്‍ എഫും ഉണ്ട്. ഒരാഴ്ച നീണ്ടു നില്‍ക്കുന്ന ഇന്റര്‍വ്യൂവാണ്. ആകെ സീറ്റുള്ളതാവട്ടെ മൂന്നും! പോപ്പുലര്‍ വിഷയങ്ങളില്‍ പി എച് ഡിയുടെ അവസ്ഥ ഇങ്ങനെ തന്നെയാണ് ഒട്ടുമിക്ക പ്രശസ്ത കലാലയങ്ങളിലും.

നോര്‍ത്തിന്ത്യന്‍ കലാലയങ്ങളുടെ സംസ്‌കാരം വേറെ തന്നെയാണ്. പക്ഷെ അത്തരം സംസ്‌കാരം ഒരളവു വരെ കേരളത്തിലെ സാമാന്യ ദീനി ബോധമുള്ള വിദ്യാര്‍ഥിക്കു അഡ്ജസ്റ്റ് ചെയ്യാന്‍ കഴിയുന്ന ഒരിടമാണ് ജാമിയ മില്ലിയ. അനേകം പള്ളികളും അല്പം ഇസ്‌ലാമിക സംസ്‌കാരത്തിന്റെ ശേഷിപ്പുകളുമുണ്ടവിടെ. ഇത് ജാമിഅ മില്ലിയയുടെ പൊതു സ്വഭാവമാണെങ്കില്‍ ഞങ്ങളുടെ ഡിപ്പാര്‍ട്‌മെന്റിനു അല്പം ആധുനിക ജാഡ പിടികൂടിയിരുന്നു. ആണും പെണ്ണും ഷേക്ക്ഹാന്‍ഡ് ചെയ്യുന്നതും വേണ്ടി വന്നാല്‍ ആലിംഗനം ചെയ്യുന്നതുമെല്ലാം മാനേജ്‌മെന്റ് എത്തിക്‌സ് അനുസരിച്ച് ന്യായീകരിക്കപ്പെടേണ്ടതാണ് എന്നവര്‍ മനസ്സിലാക്കി . ഇന്ത്യയിലെയും വിദേശത്തെയും പ്രീമിയര്‍ സ്ഥാപങ്ങളില്‍നിന്നും ഡിഗ്രി പൂര്‍ത്തിയാക്കി എംബിഎ ക്കും, എം ബിഎ പൂര്‍ത്തിയാക്കി പിഎച്ഡിക്കും വന്ന കുട്ടികള്‍ക്ക് ലിംഗ വ്യത്യാസമെന്തെന്നു അറിയുക പോലുമില്ലെന്നേ തോന്നിയുള്ളൂ. കാമ്പസ്സിലെ ആദ്യ ദിനങ്ങള്‍ പഠിക്കാനല്ല കൂടുതലും കഷ്ടപ്പെട്ടത്. ഞാനൊരു ആണാണ്; എന്റെ കൈ പിടിക്കാനോ തോളില്‍ കയ്യിടാനോ പെണ്‍കുട്ടികള്‍ക്ക് അധികാരമില്ലെന്ന് ഉണര്‍ത്താന്‍ വേണ്ടിയായിരുന്നു. പക്ഷെ അങ്ങോട്ട് കൊടുത്തില്ലെങ്കിലും ഇങ്ങോട്ടു തരുന്നതിനെ തട്ടി മാറ്റാന്‍ പല അഭിനയങ്ങളും നടത്തി. അതില്‍ ഏറ്റവും കൂടുതല്‍ വിജയിച്ച ഐഡിയയായിരുന്നു തോളില്‍ ലാപ്‌ടോപ്പ് ബാഗും രണ്ടു കൈകളില്‍ കട്ടിയുള്ളോരോ ഫയലും നെഞ്ചോടു ചേര്‍ത്ത് മുറുക്കിപ്പിടിക്കുന്നത്. നീളുന്ന കൈകള്‍ക്ക് പിന്നെ തല കൊണ്ട് ആക്ഷനായി. കോഴ്‌സ് വര്‍ക്ക് അധികമൊന്നുമില്ലാത്തതിനാല്‍ കൂടുതല്‍ ഡിപ്പാര്‍ട്‌മെന്റില്‍ ചിലവഴിക്കാതെ സെന്‍ട്രല്‍ ലൈബ്രറി ശരണം പ്രാപിക്കലായിരുന്നു പതിവ്. അവിടെ ഒരു സൂചി വീണാലറിയുന്ന നിശ്ശബ്ദതയായിരുന്നു. കേരളത്തില്‍നിന്നും പോകുന്ന ഏതൊരു വിദ്യാര്‍ത്ഥിയെയും അമ്പരപ്പിക്കുന്ന ലൈബ്രറി വലിയൊരാശ്വാസമാണ്.

ഇങ്ങനെയൊക്കെയാണെങ്കിലും ഉച്ചയൂണിന്റെയും മറ്റും ഇന്റര്‍വെല്‍ ഒരു പാരയായി നിന്നു. നല്ല ചെയറിലും മറ്റും മാത്രമിരുന്നു ഭക്ഷണം കഴിച്ചു ശീലിച്ച എന്നെ അത്ഭുതപ്പെടുത്തി അവര്‍ നിലത്തിരുന്നും പൊടിയിലും പുല്ലിലും ചിലപ്പോള്‍ നായ്ക്കളെ കൂട്ടിനു കൂട്ടിയും ഭക്ഷണം കഴിക്കുകയും റിഫ്രഷ്‌മെന്റ് എടുക്കുകയും ചെയ്തു. ആദ്യ ദിവസങ്ങളില്‍ ഓക്കാനിക്കാന്‍ വന്നെങ്കിലും ഞാനവര്‍ക്കിടയില്‍ കേരള കള്‍ച്ചര്‍ പറഞ്ഞ് കേരളക്കാര്‍ ഇങ്ങനെയൊന്നും ഭക്ഷണം കഴിക്കില്ലെന്ന് അവരെ ബോധ്യപ്പെടുത്തി. ഡിപ്പാര്‍ട്‌മെന്റിലെ ഏക കേരളക്കാരനെന്ന നിലയില്‍ അധികം ക്ലാസ്സെടുക്കേണ്ടി വന്നതുമില്ല. പിഎച്ച്ഡിക്കാരില്‍ മഹാഭൂരിഭാഗവും പെണ്‍കുട്ടികളായിരുന്നു. പകുതിയോളം പേര്‍ മുസ്‌ലിംകളും; ബാങ്ക് കൊടുത്താല്‍ പള്ളിയില്‍ പോകുന്ന പതിവ് ഉള്ളവരില്ലെന്നു തന്നെ പറയാം. വെള്ളിയാഴ്ച വരെ ഇതാണാവസ്ഥ എന്ന് മനസ്സിലാക്കിയപ്പോള്‍ എന്റെ മനസ്സില്‍ ഇസ്‌ലാമിക ബോധനത്തിന്റെ സാധ്യതകള്‍ മിന്നി മറഞ്ഞു. ദിവസങ്ങള്‍ അല്പം മുന്നോട്ടു പോയതിനാല്‍ പഴയ മടിയും പേടിയുമെല്ലാം നീങ്ങുകയും ചെയ്തിരുന്നു. ബാങ്കിന്റെ സമയമായാല്‍ ഞാന്‍ പിടിച്ചു വലിച്ചും കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയും ഒരുവിധം കാര്യം നേടി. പക്ഷെ ഒരിക്കലും നന്നാകില്ലെന്നുറപ്പിച്ച ഒരുവനുണ്ടായിരുന്നു; ഇടയ്ക്കു വെച്ച് അവന്‍ നിര്‍ത്തി പോയതിനാല്‍ അല്‍പം ആശ്വാസമായി. ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍ അവര്‍ എന്റെ എത്തിക്‌സ് മനസ്സിലാക്കുകയും മുറുകെ പിടിക്കുകയും ചെയ്തു. പിന്നീട് എംബിഎയിലെയും മറ്റും കുട്ടികളെ കൂടുതല്‍ ബന്ധപ്പെട്ടപ്പോഴാണ് വളരെ നല്ല ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും പരിചയപ്പെടാനാവുന്നത്. ഡിപ്പാര്‍ട്‌മെന്റിന്റെ ഇത്തരം ഒഴുക്കുകളില്‍ നിന്ന് വ്യത്യസ്തരായി സ്വന്തമായും കൂട്ടമായും ജീവിക്കുന്ന ധാരാളം സുഹൃത്തുക്കളെ പിന്നീട് ലഭിച്ചു.

രാജ്യത്ത് ആദ്യ പത്തുറാങ്കുള്ള യൂണിവേഴ്‌സിറ്റികളില്‍ ഇടം പിടിച്ച ജാമിയ മില്ലിയയില്‍ മുസ്‌ലിം റിസര്‍വേഷനുണ്ട്. ഒരുപക്ഷെ കേരളത്തില്‍ നിന്നും മുസ്‌ലിം കുട്ടികള്‍ ഏറ്റവും കൂടുതല്‍ പഠിക്കുന്ന കേരളത്തിന് പുറത്തുള്ള യൂണിവേഴ്‌സിറ്റി ജാമിയ മില്ലിയ്യയായിരിക്കും. എല്ലാ സംഘടനാ വിഭാഗങ്ങളും വളരെ ആവേശപൂര്‍വം പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ഏറ്റവും കൂടുതല്‍ കുട്ടികളും ചിട്ടയായ ഹോസ്റ്റല്‍ സൗകര്യങ്ങളും റെഗുലര്‍ സ്റ്റഡി ക്ലാസ്സുകളും എസ് എസ് എഫിനു മാത്രം കുത്തകയാണെന്നു പറയാം. ഞാന്‍ അഡ്മിഷനെടുത്ത ആദ്യ വര്‍ഷങ്ങളില്‍ എസ് എസ് എഫ് പ്രവര്‍ത്തകര്‍ തുലോം വിരളമായിരുന്നുവെങ്കിലും കേരളത്തിലെ നമ്മുടെ നേതാക്കളുടെ കാലോചിത ഇടപെടലിലൂടെയാണ് ഇത്തരമൊരവസ്ഥ സംജാതമായതെന്നു കുറിക്കട്ടെ. ജാമിയ മില്ലിയ്യയുടെ നെഹ്‌റു ഗസ്റ്റ് ഹാളില്‍ നടന്ന വര്‍ണാഭമായ ഏകദിന ക്യാമ്പ് ഇന്നും മനസ്സിലുണ്ട്. നൂറുകണക്കിന് മലയാളി കുട്ടികള്‍ വന്ന ക്യാമ്പില്‍ അന്നത്തെ എസ് എസ് എഫ് സ്റ്റേറ്റ് പ്രസിഡന്റ് ജലീല്‍ സഖാഫിയും സെക്രട്ടറി അബ്ദുല്‍കലാമും ക്ലാസെടുത്തു. ജാമിയ മില്ലിയ ടീച്ചേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് പ്രൊഫ. ഭട്ട് തുടങ്ങിയ ധാരാളം പ്രൊഫസര്‍മാര്‍ അണിനിരന്ന പ്രോഗ്രാം വേറിട്ടതായിരുന്നു. സംഘടന വലിയൊരു സാംസ്‌കാരിക വലയമാണെന്ന യാഥാര്‍ഥ്യം ബോധ്യപ്പെട്ട ദിനങ്ങളായിരുന്നു ജാമിയ ദിവസങ്ങള്‍. ആര്‍ക്കും എന്തും ആകാന്‍ പറ്റിയ ക്യാമ്പസ് സാഹചര്യങ്ങളില്‍ നമ്മെ ശക്തമായി പിടിച്ച് നിര്‍ത്തുന്നത് സംഘടന തന്നെയാണ്. ഇപ്പോള്‍ ഡല്‍ഹിയിലെ വ്യത്യസ്ത യൂണിവേഴ്‌സിറ്റികളില്‍ പഠിക്കുന്ന നൂറിലധികം വരുന്ന എസ് എസ് എഫ് പ്രവര്‍ത്തകരുടെ ഏറ്റവും വലിയ രക്ഷിതാവും ഈ സംഘടന തന്നെയാണെന്നു പറയാം. എസ് എസ് എഫിനെ എന്റെ മസ്തിഷ്‌കത്തില്‍ തേച്ചു കളയാന്‍ പറ്റാത്ത ഒരറയായി സന്നിവേശിപ്പിച്ചതു ഈ നേര്‍കാഴ്ച തന്നെയായിരുന്നു.

ജെ ആര്‍ എഫ് കിട്ടിയപ്പോള്‍ പിഎച്ഡി തമിഴ്‌നാട്ടില്‍ നിന്നോ മറ്റോ ഒപ്പിച്ചെടുക്കാന്‍ നിര്‍ദ്ദേശിച്ച പലരോടും പുച്ച്ചം തോന്നിയ ദിനങ്ങളായിരുന്നു അവസാന വര്‍ഷങ്ങള്‍. കേരളത്തിലെ യൂണിവേഴ്‌സിറ്റികളില്‍ നിന്ന് മര്യാദക്കു ചെയ്യുന്ന തീസിസുകള്‍ വരെ നിലവാരത്തില്‍ വളരെ പിന്നിലാണെന്നും ബോധ്യപ്പെട്ടു. അന്താരാഷ്ട്ര കോണ്‍ഫറന്‍സുകളും ജേര്‍ണലുകളും ബഹുഭൂരിഭാഗവും കുട്ടികള്‍ക്കും അന്യം നില്‍ക്കുന്നത് ഗവേഷണ പഠനത്തിലും അതിനു താഴെയുള്ള കോഴ്‌സുകളിലും ഉന്നത കലാലയങ്ങള്‍ തേടിപ്പോകാനുള്ള വിമ്മിഷ്ടമാണെന്നു ഉറപ്പിച്ചു പറയാം. നാടുവിട്ട് ഉന്നത കലാലയവും പഠന സൗകര്യങ്ങളും അധ്യാപകരെയും തേടിപോകുന്നവര്‍ക്ക് ഒരിക്കലും ചെറുതാകാനാവില്ല. നമ്മെ നാമായി സൃഷ്ടിച്ചെടുക്കുന്നത് നമുക്ക് മേലെ രൂപപ്പെടുത്തുന്ന നിയമക്കുരുക്കുകള്‍ കൂടിയാണെന്നു ജാമിഅയിലെ അധ്യാപകര്‍ ബോധ്യപ്പെടുത്തി തന്നു. ആറു മാസം കൂടുമ്പോള്‍ പെര്‍ഫോമന്‍സ് അസ്സെസ്സ്‌മെന്റ് വൈവ, ജെ ആര്‍ എഫില്‍ നിന്നും എസ് ആര്‍ എഫിലേക്ക് കയറാനുള്ള വൈവ, പ്രീ സബ്മിഷന്‍ വൈവ ഇങ്ങനെ പല ജാതി വൈവകളും വന്നിട്ടും ഞാന്‍ തളര്‍ന്നില്ല. ഊര്‍ജം പകര്‍ന്നത് അധ്യാപകര്‍ നേടിത്തന്ന ആത്മ ധൈര്യം തന്നെയായിരുന്നു. കൂടാതെ എന്റെ വിഷയമായി ഞാന്‍ തിരഞ്ഞെടുത്ത ഇസ്ലാമിക് ഫൈനാന്‍സ് എന്ന മേഖലയോടുള്ള താല്‍പര്യവും.

സംസ്‌കാരത്തില്‍നിന്ന് വ്യതിചലിക്കാതെ എല്ലാവരെയും ഉള്‍കൊള്ളാനായി. എന്റെ നയവും അതിന്റെ ചാതുരിയും എനിക്കും എന്റെ കൂടെയുള്ളവര്‍ക്കും അറിയാം. എനിക്കും കൂടെയുണ്ടായിരുന്ന വഹാബിക്കും രണ്ടു ലക്ഷത്തോളം രൂപയുടെ ഫെല്ലോഷിപ്പ് മുടങ്ങി. അവന്‍ ഒരാഴ്ച കട്ടിലില്‍ കമിഴ്ന്നു കിടന്നു കരയുകയായിരുന്നു. ഞാന്‍ നേരെ അജ്മീറിലേക്ക് ട്രെയിന്‍ കയറി. ഖാജാ തങ്ങളോട് സങ്കടം പറഞ്ഞു തിരിച്ചു വന്നപ്പോഴേക്കും അത് ശരിയായിട്ടുണ്ട്. അവന്റേതു പൂര്‍ണമായും നഷ്ടപ്പെട്ടു. ഖാജ ഒരഭയമാണെന്ന് പലപ്പോഴും ഡല്‍ഹി ജീവിതം മനസ്സിലാക്കിത്തന്നു.

ഡോ.ഉമറുല്‍ ഫാറൂഖ് സഖാഫി കോട്ടുമല

You must be logged in to post a comment Login