കരുതിയിരിക്കൂ!

കരുതിയിരിക്കൂ!

(എം എം കല്‍ബുര്‍ഗിക്ക്)
എന്റെ മൗനത്തെ ഭയപ്പെടുക!
അതു ഭാഷയെക്കാള്‍ രൂക്ഷമാണ്,
ഒരു പുതിയ ഭൂമി തേടുന്ന
അവിരാമമായ ഒരു നദി:
എന്റെ ബസവയുടെ വചനങ്ങള്‍ പോലെ.*

എന്റെ വാക്കുകളെ ഭയപ്പെടുക!
അവയ്ക്ക് കാറ്റിന്റെ ഗതി മാറ്റാന്‍ കഴിയും
കുഴിച്ചു മൂടിയ സത്യങ്ങള്‍ക്കു
പ്രാണന്‍ നല്‍കാന്‍ കഴിയും
ഓരോ കല്ലിനെയും അവ ശിവനാക്കും
ഓരോ തൂപ്പുകാരനെയും പുണ്യവാനാക്കും
ഓടകളെല്ലാം ഗംഗയാക്കും

എന്റെ ഇന്ദ്രജാലത്തെ ഭയപ്പെടുക !
അതു നിങ്ങളുടെ വെടിയുണ്ടകളെ
എന്റെ ഗുരുവിന്നുള്ള മാലയാക്കും,
അവന്‍ നിങ്ങളുടെ തലയോട്ടികളുമായി
ചുടലയില്‍ നൃത്തം ചെയ്യും.

നിങ്ങളുടെ ചരിത്രം മറച്ചു വെച്ചത്
ഞാന്‍ വലിച്ചു പുറത്തിടും
നിങ്ങളുടെ നിഘണ്ടു നിശ്ശബ്ദമാക്കിയ
വാക്കുകള്‍ക്കു ഞാന്‍ ശബ്ദം നല്‍കും
നിങ്ങളുടെ ഭ്രമണപഥത്തിലില്ലാത്ത
ഗ്രഹങ്ങള്‍ക്കു ഞാന്‍ പേരിടും

ആദ്യത്തെ മനുഷ്യന്‍ ജനിക്കാന്‍ പോകുന്ന
ആരും കണ്ടിട്ടില്ലാത്ത ഒരു പുതിയ രാജ്യത്തിന്നു
ഞാന്‍ പുതിയ നിയമങ്ങള്‍ നിര്‍മ്മിക്കും.

എന്റെ വാക്കുകളെ സൂക്ഷിക്കുക!
അവയ്ക്ക് കടല്‍പോലെ എണ്ണമറ്റ നാവുകളുണ്ട്
അവ നാളെയുടെ വിത്തുകള്‍,
ഇനിയുമേറെ ഗൗതമന്മാരെ അവ ബുദ്ധരാക്കും

എന്റെ കണ്ണുകള്‍ ഇപ്പോള്‍ ധ്രുവനക്ഷത്രങ്ങള്‍,
എന്റെ ശ്വാസം അതിരില്ലാത്ത കാറ്റ്.

കരുതിയിരിക്കൂ!
ജീവിച്ചിരുന്നപ്പോഴെന്നതിനേക്കാള്‍
എനിക്കിപ്പോള്‍ ജീവനുണ്ട്
കരുതിയിരിക്കൂ!
കരുതിയിരിക്കൂ!

സച്ചിദാനന്ദന്‍

You must be logged in to post a comment Login