പോകാന്‍ വരട്ടെ, മരിച്ച കുഞ്ഞുങ്ങള്‍ വരുന്നുണ്ട്

പോകാന്‍ വരട്ടെ, മരിച്ച കുഞ്ഞുങ്ങള്‍ വരുന്നുണ്ട്

മരിച്ച കുഞ്ഞുങ്ങള്‍ വരുന്നുണ്ട്…
മഹാനഗരത്തിന്‍ നടുക്കു നിന്നു ഞാന്‍
അവരുടെ മിണ്ടാവരവു കാണുന്നു…
മരിച്ച കുഞ്ഞുങ്ങള്‍വരുന്നുണ്ട്, നമ്മെ
ത്തിരക്കിക്കൈനീട്ടിയിതാ വരുന്നുണ്ട്.
മരിക്കും മുമ്പെത്ര വിളിച്ചിരിക്കണം!
വിറച്ചുപേടിച്ചു വിറച്ചുപേടിച്ചു
തളര്‍ന്നുനൊന്തുനൊന്തതിലും നൊന്തുനൊ
ന്തിവര്‍ പിടഞ്ഞെത്ര വിളിച്ചിരിക്കണം
മരിക്കും മുമ്പെത്ര വിളിച്ചിരിക്കണം!
ഏരിയാ മക്കളേ, കളി തിമിര്‍ത്തോരേ,
ചിരിയാല്‍ വീടെങ്ങും വിളക്കുവെച്ചോരെ,
കഴുത്തില്‍ കുഞ്ഞിക്കൈ പിണച്ചു ഞങ്ങള്‍ക്കു
കുളുര്‍ത്തൊരുമ്മകള്‍ തരുന്നോരേ, ഞങ്ങള്‍
ക്കുയര്‍കളേ, കൃഷ്ണമണികളേ, നിങ്ങ
ളറിഞ്ഞീലാ, ഞങ്ങള്‍ വെറും പിശാചുക്കള്‍.

മരിച്ച കുഞ്ഞുങ്ങള്‍ വരുന്നുണ്ട്, കൊച്ചു
ചവിട്ടടികളാല്‍ വിറയ്ക്കുന്നു ഭൂമി
മരിച്ച കുഞ്ഞുങ്ങള്‍ വരുന്നുണ്ട്, സൂര്യന്‍
കറുക്കുന്നു, മഴ ഭയന്നൊളിക്കുന്നൂ
ഇലകള്‍ വീഴുന്നൂ മഴ പൊഴിയുംപോല്‍
കിളികള്‍ തൂവല്‍പോയ് കുഴഞ്ഞുവീഴുന്നു
മരിച്ച കുഞ്ഞുങ്ങള്‍ വരുന്നുണ്ട്, വിണ്ണി
ന്നലര്‍ച്ച പൊങ്ങുന്നൂ, കടലു പിന്‍വാങ്ങി
ക്കുതിക്കുവാന്‍ താണുമുരണ്ടുനില്‍ക്കുന്നു
മരിച്ച കുഞ്ഞുങ്ങള്‍ വരുന്നുണ്ട്, നമ്മെ
ത്തിരക്കിക്കൈനീട്ടിക്കരഞ്ഞെത്തുന്നുണ്ട്.
എവിടെയമ്മമാര്‍? പിതാക്കള്‍? രക്ഷകര്‍?
എവിടെപ്പോയ് വന്ദ്യഗുരുക്കന്മാര്‍? ദൈവ
വചനംഘോഷിക്കും മഹാപുരോഹിതര്‍?
എവിടെ നേതാക്കള്‍? നിയമപാലകര്‍?
എവിടെയന്ധയാം തുലാസ്സിന്‍ ദേവത?
മരിച്ച കുഞ്ഞുങ്ങള്‍ വരുന്നുണ്ട്….
നമുക്കു പാഞ്ഞുപോയൊളിക്കാം മാളത്തില്‍,
തുറിച്ച കണ്‍കളാലവര്‍ കാണും മുമ്പേ
തണുത്ത കൈകളാലവര്‍ തൊടും മുമ്പേ…
സുഗതകുമാരി

കൊല്ലപ്പെട്ട കുഞ്ഞുങ്ങളുടെ സ്ഥലമാണിപ്പോള്‍ ഉത്തര്‍പ്രദേശിലെ ഗോരഖ്പൂര്‍. ഗോരക്ഷാപുരമെന്ന് സംസ്‌കൃതം. പുരാതന ഇന്ത്യാചരിത്രത്തിലെ പതിനാറ് മഹാജനപദങ്ങളില്‍ പരമപ്രധാനമായ കോസലരാജ്യത്തിന്റെ ഭാഗം. കോസലരാജാവാണല്ലോ ശ്രീരാമന്‍. രാജ്യം ഭരിക്കുന്നവരുടെ ഏറ്റവും മൂര്‍ച്ചയുള്ള രാഷ്ട്രീയ ആയുധം. മൗര്യ-കുശാന-ഗുപ്ത-ഹര്‍ഷ സാമ്രാജ്യങ്ങളാലും കുത്ബുദീന്‍ ഐബക് മുതല്‍ ബഹദൂര്‍ഷാ വരെയുള്ള ചക്രവര്‍ത്തിമാരാലും ഭരിക്കപ്പെട്ട നാട്. അവധിലെ നവാബില്‍ നിന്ന് 1801-ല്‍ ഈസ്റ്റ് ഇന്ത്യാ കമ്പനി ഏറ്റെടുത്തു. അന്നുമുതല്‍ ഗോരഖ്പൂര്‍ ജില്ലയാണ്.
ഹിന്ദുത്വയുടെ വിത്തും വിളയും പുറപ്പെട്ടിരുന്ന ദേശം കൂടിയാണ് ആധുനിക ഗോരഖ്പൂര്‍. പന്ത്രണ്ടാം നൂറ്റാണ്ടില്‍ ഗോരക്‌നാഥ് എന്ന പ്രഘോഷകന്റെ പ്രഭാവത്തിലായിരുന്നു ആ നാട്. നാഥ് മഠം സ്ഥാപിച്ചു. ഇന്ത്യയിലെ ഏറ്റവും വലിയ സന്ന്യാസി മഠങ്ങളിലൊന്നായി അത് വേഗം തഴച്ചു. തീവ്രഹിന്ദു ആശയങ്ങളുടെ വിളനിലമായി മഠം അതിവേഗം മാറി. തൊണ്ണൂറുകളുടെ തുടക്കത്തില്‍ ഇന്ത്യയില്‍ സംഘടിപ്പിക്കപ്പെട്ട ഹിന്ദുത്വയുടെ അതിവേഗപ്രചാരത്തിന് മഠം ചെറുതല്ലാത്ത പങ്ക് വഹിച്ചു. രാജ്യമാകെ ഹിന്ദുവല്‍കരണത്തിന് ൈസദ്ധാന്തിക വേരോട്ടമുണ്ടാക്കിയ ഗീതാ പ്രസിന്റെ ആസ്ഥാനം ഗോരഖ്പൂരിലാണ്. 2014 സെപ്തംബര്‍ വരെ യോഗി അവൈദ്യനാഥായിരുന്നു ഗോരക്‌നാഥ് മഠത്തിന്റെ അധിപതി. അദ്ദേഹത്തിന്റെ മരണാനന്തരം ഹിന്ദുയുവവാഹിനി എന്ന തീവ്രനിലപാടുള്ള ഹിന്ദുയുവാക്കളുടെ സംഘടനയുടെ സ്ഥാപകനും ബി.ജെ.പിയുടെ പാര്‍ലമെന്റ് അംഗവുമായ ശിഷ്യന്‍ മഠാധിപതിയായി. യോഗി ആദിത്യനാഥ് എന്ന് ദീക്ഷാനാമമുള്ള അജയ്‌മോഹന്‍ ബിഷ്ട്. 1998-ല്‍ ഗോരഖ്പൂരില്‍നിന്ന് പാര്‍ലമെന്റംഗമാവുമ്പോള്‍ ആദിത്യനാഥിന് പ്രായം 26. പന്ത്രണ്ടാം ലോക്‌സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗം. ഹിന്ദുത്വ രാഷ്ട്രീയത്തില്‍ വെള്ളം ചേര്‍ക്കുന്നു എന്നുപറഞ്ഞ് ബി.ജെ.പിയുമായി പരസ്യയുദ്ധത്തിലായിരുന്നു തുടക്കം മുതല്‍ ആദിത്യനാഥ്. വാജ്‌പേയിയുടെ മിതവാദത്തോടും ലാല്‍കൃഷ്ണ അദ്വാനിയുടെ മൃദുവാദത്തോടും ഇടഞ്ഞു. അമിത്ഷാ യുഗത്തില്‍ യോഗിയുടെ യോഗം തെളിഞ്ഞു. ബി.ജെ.പി ഉത്തരപ്രദേശം തൂത്തുവാരിയപ്പോള്‍ ചുക്കാന്‍ പിടിക്കാന്‍ ഈ പാര്‍ലമെന്റംഗം വന്നു. ഗോരഖ്പൂര്‍ എം.പി ഉത്തര്‍പ്രദേശിന്റെ മുഖ്യമന്ത്രിയായി. അതെ. ഗോരഖ്പൂരിന്റെ എം.പി. അതെ, കുഞ്ഞുങ്ങള്‍ കൊല്ലപ്പെട്ട ഗോരഖ്പുരിന്റെ പ്രതിനിധി.

കുഞ്ഞുങ്ങള്‍ മരിച്ച് കിടക്കുന്നിടത്ത് വന്ന് നിസംഗമായി ചരിത്രം പറയുന്നോ? എന്തൊരു അനൗചിത്യമാണിത്? മുഖം ചുളിച്ചുള്ള നിങ്ങളുടെ ചോദ്യം കേള്‍ക്കുന്നുണ്ട്. ചങ്കുപൊട്ടുന്ന സങ്കടങ്ങളുടെ പെരുംകടലില്‍ മുങ്ങിനില്‍പാണ് നമ്മളില്‍ മനുഷ്യരില്‍പെട്ടവരെല്ലാം. കുഞ്ഞുങ്ങള്‍ മരിച്ചുവീഴുന്നിടത്ത് ന്യായം പറയുന്നവര്‍ നമ്മളില്‍, മനുഷ്യരില്‍ പെട്ടവരല്ല എന്നും നമുക്കറിയാം. പക്ഷേ, ഈ ചരിത്രം ഇപ്പോള്‍ പറയണം. പറയാതിരിക്കരുത്. കാരണം ഈ മരണങ്ങള്‍ നമ്മുടെ കുഞ്ഞുങ്ങളെ കശക്കിയെറിയാന്‍ വന്നത് കേവലം ഇന്നലെയില്‍ നിന്നല്ല. ചരിത്രത്തില്‍നിന്നാണ്. ആ അരുംകൊലകളുടെ ആയുധപ്പുര ആ നാടിന്റെ ചരിത്രത്തിലാണ് രൂപം കൊണ്ടത്. അതെ. ഒരു പ്രകൃതി പ്രതിഭാസം പോലെ മനുഷ്യര്‍ നിസ്സഹായരാവുന്ന ആകസ്മികതകളിലല്ല കുഞ്ഞുങ്ങള്‍ മരിച്ചത്. അതുകൊണ്ടാണ് കുഞ്ഞുങ്ങള്‍ക്കിടയില്‍ ജീവിക്കുന്ന കൈലാഷ് സത്യാര്‍ഥി ഇത് കൂട്ടക്കൊലയാണ് എന്ന്, ഭരണകൂടത്തിന്റെ കൊലപാതകമാണ് എന്ന് തുറന്നടിച്ചത്. കൈലാസ് കള്ളം പറഞ്ഞതല്ല.

മസ്തിഷ്‌ക ജ്വരബാധയില്‍ ഉത്തര്‍പ്രദേശ് പൊള്ളിപ്പിടയുന്നത് ഇത് ആദ്യമല്ല. ഇപ്പോഴത്തെ മുഖ്യമന്ത്രി കുറ്റക്കാരനല്ലെന്ന പ്രചാരണത്തിന് ബലം പകരാന്‍ പ്രമുഖ ദേശീയ പത്രങ്ങള്‍ പ്രസിദ്ധീകരിച്ച വാര്‍ത്ത തന്നെ തെളിവ്. ഗോരഖ്പൂരിലെ എം.പി എന്ന നിലയില്‍ സാക്ഷാല്‍ യോഗി ആദിത്യനാഥ് ഈ വിഷയം കുറഞ്ഞത് പത്ത് തവണയെങ്കിലും പാര്‍ലമെന്റില്‍ ഉന്നയിച്ചിരുന്നുവത്രേ. ലോക്‌സഭാ രേഖകള്‍ പരിശോധിച്ചാണ് ഇന്ത്യന്‍ എക്‌സ്പ്രസ് ഉള്‍പ്പടെയുള്ള ദിനപത്രങ്ങള്‍ ഈ വിവരം പുറത്തുവിട്ടത്. വേജസ് ഓഫ് നെഗ്‌ലക്ട് എന്ന തലക്കെട്ടില്‍ യു.പി സര്‍ക്കാരിനെ അതിരൂക്ഷമായി വിമര്‍ശിക്കുന്ന ആഗസ്ത് പതിനാലിലെ മുഖപ്രസംഗത്തില്‍ ദ ഹിന്ദു യു.പിയുടെ, പ്രത്യേകിച്ച് ഗോരക്ഷാപുരത്തെ ജപ്പാന്‍ ജ്വര ചരിത്രത്തിന്റെ പഴക്കത്തിന് അടിവരയിടുന്നുണ്ട്. 1975 മുതല്‍ പതിനായിര ത്തിലേറെ പേരുടെ ജീവനാണ് ജ്വരം അപഹരിച്ചതെന്ന്. അതിന്?

അതിന് എന്ന ചോദ്യം വലുതാണ് സുഹൃത്തുക്കളേ. ചരിത്രത്തെ ആരുദ്ധരിച്ചാലും നിങ്ങള്‍ ‘അതിന്’ എന്ന ആ മാരകമായ ചോദ്യം ഉയര്‍ത്തണം. അപ്പോഴാണ് ഉത്തരം ചരിത്രത്തില്‍ പൊതിഞ്ഞു കിടക്കുന്ന വിവരം തെളിഞ്ഞ് കിട്ടു. പതിറ്റാണ്ടിലേറെയായി ജപ്പാന്‍ ജ്വരം അല്ലെങ്കില്‍ മസ്തിഷ്‌ക ജ്വരം ഗോരക്ഷാപുരത്തിന്റെ ചുറ്റിലുമുണ്ട്. സമയവും സന്ദര്‍ഭവും ഒത്തുവരുമ്പോഴെല്ലാം അത് പുറത്തുചാടും. കുഞ്ഞുങ്ങളെ കൊന്നൊടുക്കിയിട്ട് ഒളിച്ചിരിക്കും. ഈ സമയങ്ങളിലെല്ലാം ആ പ്രദേശത്ത് നിന്നുള്ള ലോക്‌സഭാംഗമായിരുന്നു ആദിത്യനാഥ്. അതിനാല്‍ ആദിത്യനാഥ് സംസ്ഥാനത്തിന്റെ സര്‍വാധികാരിയായിരിക്കുമ്പോള്‍ ബാബാ രാഘവ് ദാസ് മെഡിക്കല്‍ കോളേജില്‍ നൂറ് കണക്കിന് കുഞ്ഞുങ്ങള്‍ രോഗബാധിതരായി എത്തി എന്നറിഞ്ഞാല്‍ യോഗി എന്ന് പേരിന് മുന്നില്‍ വാലുള്ള ആദിത്യനാഥ് എന്തുചെയ്യണമായിരുന്നു? സാഹചര്യങ്ങളിലെ അടിയന്തിരാവസ്ഥ അദ്ദേഹത്തിന് മനസിലാവണമായിരുന്നു. റെഡ് അലര്‍ട്ട് പ്രഖ്യാപിക്കണമായിരുന്നു. ആശുപത്രിയുടെ ദൈനംദിന കാര്യങ്ങള്‍ക്കായി പ്രത്യേക മെഡിക്കല്‍ സംഘത്തെ നിയമിക്കണമായിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ സഹായം തേടണമായിരുന്നു. മികച്ച മെഡിക്കല്‍ ബാക്ക്ഗ്രൗണ്ടുള്ള കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളില്‍ നിന്ന് യുദ്ധകാലാടിസ്ഥാനത്തില്‍ സഹായം തേടണമായിരുന്നു. കുഞ്ഞുങ്ങള്‍ മരിച്ച് തുടങ്ങുമ്പോള്‍ ഭയപ്പെടണമായിരുന്നു. മരണം തുടരുമെന്ന് പോയകാലത്തെ മുന്‍നിര്‍ത്തി ദീര്‍ഘദര്‍ശനം ചെയ്യണമായിരുന്നു. ഗോരഖ്പൂരില്‍ സര്‍വപ്രതാപമുള്ള തന്റെ ഗോരഖ്‌നാഥ് മഠം എന്ന സ്വന്തം മഠത്തെയും ഇനിയും പിരിച്ചുവിട്ടിട്ടില്ലാത്ത തന്റെ ഹിന്ദുയുവസേനയെയും രംഗത്തിറക്കണമായിരുന്നു. ആരോഗ്യമന്ത്രിയും മുഖ്യമന്ത്രിയും പാഞ്ഞെത്തണമായിരുന്നു. ബി.ആര്‍.ഡി മെഡിക്കല്‍ കോളജിലെ അടിയന്തിര സാഹചര്യങ്ങള്‍ മെഡിക്കല്‍ ടീമിനെ കൊണ്ട് വിലയിരുത്തണമായിരുന്നു. ജീവന്‍ രക്ഷാ ഉപകരണങ്ങളുടെയും ജീവന്‍ രക്ഷാ മരുന്നുകളുടെയും വിതരണവും അവയുടെ കാര്യക്ഷമതയും ഉറപ്പ് വരുത്തണമായിരുന്നു. വേദനിക്കുന്നു എന്ന് വിളിച്ചുപറയാന്‍ കഴിയാത്ത കുഞ്ഞുങ്ങളാണല്ലോ മരിച്ചു കൊണ്ടിരിക്കുന്നത്. സര്‍വസന്നാഹങ്ങളും അവര്‍ക്കൊപ്പം ഉണ്ട് എന്ന് ബോധ്യപ്പെടുത്തണമായിരുന്നു.
അണികളെ അക്രമാസക്തരാക്കാന്‍ നിരന്തരം ഉരുക്കഴിക്കുന്ന പുരാണങ്ങളിലുണ്ട് ശിശു സംരക്ഷണത്തിന്റെ മഹാഗാഥകള്‍ എന്ന് മനസിലാക്കണമായിരുന്നു. ഭാഗവതത്തിലെ സന്താന ഗോപാലം ഓര്‍ക്കാമായിരുന്നു. സാധു ബ്രാഹ്മണന്റെ പത്താമത്തെ കുഞ്ഞിനെയും മരണം കൊണ്ടുപോകാതിരിക്കാന്‍ അസ്ത്രങ്ങള്‍കൊണ്ട് പേറ്റുമുറി സൃഷ്ടിച്ച അര്‍ജുനന്റെ കഥ ഓര്‍ക്കാമായിരുന്നു. ഈരേഴുലോകങ്ങളിലും ഇരുട്ടിലും അലഞ്ഞുമരിച്ച കുഞ്ഞുങ്ങളെ തിരിച്ചുകൊണ്ടുവന്ന് ഉഗ്രശാപത്തില്‍ നിന്ന് രക്ഷ നേടിയ കൃഷ്ണനെ ഓര്‍ക്കാമായിരുന്നു. അത്തരം കഥകള്‍ കേട്ടാല്‍ മാത്രം ഉണരുന്ന നിങ്ങളുടെ സൈന്യങ്ങളെ ഭാഗവതം പറഞ്ഞെങ്കിലും ഗോരഖ്പൂരിലെ ആ മെഡിക്കല്‍ കോളേജില്‍ എത്തിക്കാമായിരുന്നു.
അതൊന്നും സംഭവിച്ചില്ല. ഗോരഖ്പൂരില്‍ നിന്ന് മൂവായിരത്തി ഇരുന്നൂര്‍ കിലോമീറ്റര്‍ അകലെ കൊല്ലം എന്ന സ്ഥലത്ത് ജാതി മത ശക്തികള്‍ നടത്തിയ നിയമലംഘനം മൂലം വെടിക്കെട്ടപകടം നടന്നപ്പോള്‍ ട്വീറ്റും സന്നാഹങ്ങളുമായി കളം പിടിക്കാനിറങ്ങിയ പ്രധാനമന്ത്രി നരേന്ദ്രമോഡി ഗോരഖ്പൂര്‍ എന്ന് ഉരിയാടിയതേയില്ല. ആ കളം പിടുത്തക്കളികളുടെ മാസ്റ്റര്‍ ബ്രെയിന്‍ അമിത് ഷാ ഒരു പടികൂടി കടന്ന് വിശാല ഇന്ത്യയില്‍ ഇത്തരം സംഭവങ്ങള്‍ പുത്തരിയല്ല എന്ന് കണ്‍ക്ലൂഷപ്പെട്ടു. സര്‍ക്കാര്‍ സംവിധാനത്തിന്റെ കാര്യക്ഷമതയില്ലായ്മ എന്ന ഒറ്റവരിയില്‍ യോഗി ആദിത്യനാഥ് സംതൃപ്തപ്പെട്ടു. ദേശീയ ഭരണകക്ഷിയായ ബി.ജെ.പി കുഞ്ഞുങ്ങള്‍ കൊല്ലപ്പെട്ടതില്‍ ആശങ്കാകുലരായില്ല. എന്തുകൊണ്ടാണിത്?

അതിന്റെ ഉത്തരമാണ് ചരിത്രത്തിലുണ്ടെന്ന് തുടക്കത്തിലേ പറഞ്ഞത്. ചരിത്രത്തില്‍ എന്താ ഉള്ളത് എന്നല്ലെ? ലോകമാകെയുള്ള സര്‍വാധിപത്യ സര്‍ക്കാരുകളുടെ, ഏകാധിപത്യ ഭരണകൂടങ്ങളുടെ, ഫാഷിസ്റ്റുകളുടെ ചരിത്രം വായിക്കു. ഏകാധിപതികള്‍ ആരുമാകട്ടെ, കമ്യൂണിസ്റ്റുകള്‍ പോലുമാകട്ടെ അവരുടെ ചരിത്രവും വായിക്കൂ. ഇസ്‌ലാമിന്റെ പേരില്‍ ആയുധമെടുക്കുന്നു എന്ന് അവകാശപ്പെടുന്ന സാമ്രാജ്യത്വത്തിന്റെ പാവകള്‍ തോക്കുകൊണ്ട് നിയന്ത്രിക്കുന്ന രാജ്യങ്ങളെ എടുക്കൂ. അവരുടെ ചരിത്രം വായിക്കൂ. കുഞ്ഞുങ്ങള്‍ മരിച്ചു കിടക്കുന്നതിനാലാണ് ദീര്‍ഘിപ്പിക്കാത്തത്. ഒറ്റ വാക്കില്‍ പറയാം, അത്തരം അധികാരങ്ങള്‍ കുഞ്ഞുങ്ങളോട് നീതി പുലര്‍ത്തിയിട്ടില്ല. വിയറ്റ്‌നാമിലെ കരഞ്ഞുവിളിച്ചോടുന്ന ആ പെണ്‍കുഞ്ഞിനെ ഓര്‍ക്കുന്നില്ലേ.? ചരിത്രത്തില്‍ മുഴുവന്‍ അങ്ങനെയാണ്. സമഗ്രാധിപത്യക്കാരും ഏകാധിപതികളും കുഞ്ഞുങ്ങളെ കൊന്നിട്ടേയുള്ളൂ.

എന്താണ് അതിന്റെ കാരണം?. കാരണം തേടി എളുപ്പത്തില്‍ പോകാവുന്നത് പൊളിറ്റിക്കല്‍ സയന്‍സിലേക്കാണ്. ജനാധിപത്യവും സമഗ്രാധിപത്യവും അല്ലെങ്കില്‍ ജനാധിപത്യവും ഫാഷിസവും തമ്മിലെ അടിസ്ഥാന വ്യത്യാസങ്ങള്‍ മനസിലാക്കിയാല്‍ മതി. ജനാധിപത്യം നിങ്ങള്‍ക്കറിയാം ഒരു തുടര്‍ പ്രക്രിയ ആണ്. നിരന്തരം നവീകരിച്ച് വളരുന്നതാണ്. അതിന്റെ വേരുകള്‍ ഗാന്ധിജി പറഞ്ഞ അന്ത്യോദയത്തിലാണ്. ഗാന്ധിയെക്കൊന്നവര്‍ക്ക് അത് മനസിലാവില്ല. അന്ത്യോദയം എന്നുപറഞ്ഞാല്‍ അണ്‍ ടു ദ ലാസ്റ്റ് ആണ്. അവസാനത്തെ മനുഷ്യന്റെയും ഉദയം. അത് മനുഷ്യരെ എല്ലാവരെയും കണക്കിലെടുക്കുന്നു. അതുകൊണ്ടാണ് ഒരു യുദ്ധം തോറ്റപ്പോള്‍ നെഹ്‌റു തളര്‍ന്നുപോയതും രണ്ട് കൊല്ലം തികയും മുന്‍പേ മരിച്ചുപോയതും. തന്റെ ജനത വീണുപോകുന്നതും തോറ്റുപോകുന്നതും ഒരു ജനാധിപത്യ വാദിക്ക് സഹിക്കില്ല. ചൈനാ യുദ്ധത്തിന്റെ ചരിത്രവും നിങ്ങള്‍ വായിക്കുക. മറ്റൊരവസരത്തില്‍, ഈ മരണങ്ങളുടെ സങ്കടം ശമിക്കുമ്പോള്‍ നമുക്കതെല്ലാം ഇവിടെ വിശദമായി സംസാരിക്കാം. സങ്കടങ്ങള്‍ക്ക് ശമിക്കാതിരിക്കാന്‍ കഴിയില്ലല്ലോ?

ഗോരഖ്പൂരിലേക്ക് വരാം. പറഞ്ഞല്ലോ, ഗോരഖ്പൂര്‍ ഇന്ത്യന്‍ ഫാഷിസത്തിന്റെ അടുക്കളയാണ്. ഗീതാപ്രസ് അവിടെയാണ്. രാമരാജ്യം അതായിരുന്നു. അവിടെയാണ് ഇന്ത്യന്‍ ഫാഷിസത്തിന്റെ അവതാരങ്ങളിലൊന്നായ യോഗി വാണരുളുന്നത്. യോഗിയുടെ, അദ്ദേഹത്തിന്റെ രാഷ്ട്രീയ ദര്‍ശനത്തിന്റെ ചുറ്റുവട്ടങ്ങളില്‍ തല്‍ക്കാലം എല്ലാ മനുഷ്യരുമില്ല. മനുഷ്യകുലത്തെ പിളര്‍ത്തി പിളര്‍പ്പുകളില്‍ ഒന്നിനെ വയലന്റായി ശക്തിപ്പെടുത്തിയാണ് ഫാഷിസം വളരുക. ജര്‍മനിയിലായാലും ഇറ്റലിയിലായാലും അങ്ങനെ ആയിരുന്നു. ആ പിളര്‍പ്പുകേളികളില്‍ ആണ് ആ കൂട്ടത്തിന്റെ മുഴുവന്‍ ശ്രദ്ധയും. സര്‍ക്കാര്‍ നയങ്ങളും സാമ്പത്തിക പരിഷ്‌കാരവുമെല്ലാം ആ പിളര്‍പ്പിനെ ശക്തമാക്കാനുള്ള ഉപകരണങ്ങളാണ്. ഡീമെണിറ്റൈസേഷന്‍ മുതല്‍ ബീഫ് നിരോധനം വരെ ഓര്‍ക്കുക. അവരുടെ പ്രാഥമിക പരിഗണനയില്‍ പൊതുജനാരോഗ്യമോ ഒന്നുമേ ഇല്ല. അതുകൊണ്ടാണ് മരണമുഖത്ത് നിന്ന് അവര്‍ക്ക് ശ്രീകൃഷ്ണ ജയന്തിയെക്കുറിച്ച് പറയാന്‍ കഴിയുന്നത്. അതുകൊണ്ടാണവര്‍ക്ക് കഫീല്‍ ഖാന്‍ എന്ന ഡോക്ടറെ മരണമുഖത്തെ അഹോരാത്ര പരിശ്രമങ്ങള്‍ക്കിടയില്‍ നിന്ന് ഓടിക്കാന്‍ കഴിയുന്നത്.

കഫീല്‍ ഖാന്‍? അതെ. കഫീല്‍ ഖാന്‍ ഒരു സ്‌പെസിമനാണ്. ഗോരഖ്പൂരിലെ കുഞ്ഞുങ്ങളുടെ മരണത്തെ യോഗി ഭരണകൂടവും അവരുടെ രാഷ്ട്രീയ ദര്‍ശനവും എങ്ങനെ കാണുന്നു എന്നതിന്റെ സ്‌പെസിമന്‍. ദുരന്തം ഒഴിവാക്കാന്‍, കാഠിന്യം കുറക്കാന്‍ അയാള്‍ ഓടിനടന്നു. സ്വന്തം പണം ചിലവഴിച്ചു. പൊടുന്നനെ അദ്ദേഹം നായക പരിവേഷം നേടി. ഭരണകൂടത്തിന് എതിരെ ഒരു നായകന്‍? അതും കഫീല്‍ഖാന്‍ എന്ന് പേരുള്ളയാള്‍? അചിന്ത്യം. എന്തുചെയ്തു സര്‍ക്കാര്‍? തുരത്തി. എങ്ങനെ? ആരോപണങ്ങള്‍ ഉയര്‍ത്തി. ഒന്ന് ഓക്‌സിജന്‍ കട്ടു എന്നായിരുന്നു. ഹാ ഹാ എന്ന് ചിരിക്കാമായിരുന്നു മറ്റൊരു സന്ദര്‍ഭത്തില്‍ ആയിരുന്നെങ്കില്‍. ആശുപത്രികളില്‍ ഒഴുകുന്ന ഓക്‌സിജന്‍ കുപ്പിയിലാക്കി കൊണ്ടുപോയോ? പിന്നെ ൈപ്രവറ്റ് പ്രാക്ടീസ് എന്ന്. കൊള്ളാം. രാജ്യത്ത് സ്വകാര്യ പ്രാക്ടീസുള്ള ഏക ഡോക്ടറാണല്ലോ കഫീല്‍. പിന്നെ ബലാല്‍സംഗം. അതില്‍ എഫ്.ഐ.ആര്‍ നിലവിലില്ല കേട്ടോ. ഇതാണ് കാര്യം. അതായത് ജനതയെ പിളര്‍ക്കുന്നവര്‍ക്ക് കഫീല്‍ ഖാനെ സഹിക്കില്ല. കാര്യം തിരിഞ്ഞല്ലോ? വിശദീകരിക്കാമായിരുന്നു. ചെയ്യുന്നില്ല.
അതുകൊണ്ടാണ് പറഞ്ഞത്, കുഞ്ഞുങ്ങളെ കൊന്നൊടുക്കിയ ആയുധം ചരിത്രത്തിന്റെ ആലയിലാണ് പിറവിയെടുത്തതെന്ന്. ആ മരണങ്ങള്‍ പൊതുജനാരോഗ്യ തകര്‍ച്ചയുടെ മാത്രം ഫലമല്ല എന്ന്. ആ മരണങ്ങള്‍ രാഷ്ട്രീയ മരണങ്ങളാണെന്ന്. ഫാഷിസത്തിന്റെ, അസഹിഷ്ണുതയുടെ രക്തസാക്ഷികളാണ് ആ കുഞ്ഞുങ്ങളെന്ന്. അതുകൊണ്ടാണ് പറയുന്നത്. പോകാന്‍ വരട്ടെ എന്ന്. മരിച്ച കുഞ്ഞുങ്ങള്‍ വരുന്നുണ്ടെന്ന്.

കെ കെ ജോഷി

You must be logged in to post a comment Login