രക്ഷാ പ്രാര്‍ത്ഥന

രക്ഷാ പ്രാര്‍ത്ഥന

ഖുര്‍ആന്‍ പാരായണത്തിനാമുഖമായി പൈശാചികതയില്‍നിന്ന് അല്ലാഹുവിനോട് രക്ഷതേടണം. സ്രഷ്ടാവിലേക്കുള്ള സൃഷ്ടിയുടെ ഏതു യാത്രകളും പിശാചിനെ അസ്വസ്ഥപ്പെടുത്തുന്നു. അതിനാല്‍ പിശാച് തടസപ്പെടുത്തുന്നു. അല്ലാഹുവോട് കാവലുണ്ടാകുമ്പോള്‍ മനുഷ്യന് പിശാചിനെ ഇരുത്താന്‍ കഴിയുന്നു.

ഉടമക്ക് മുന്നില്‍ അടിമയുടെ വണക്കം കൂടിയാണ് ഈ കാവല്‍ തേട്ടം.
മനുഷ്യന്റെ ന്യൂനതകളാണ് പിശാച് നോക്കുന്നത്. നിസ്‌കാരം ഭക്തിപൂര്‍ണമായി നിര്‍വഹിക്കുമ്പോള്‍ അവിടെ പിശാചടുക്കില്ല. പക്ഷേ, അത്തരം ഭക്തരുടെ ഇതര ഏര്‍പ്പാടുകളില്‍ പിശാച് പഴുതുകള്‍ കണ്ടെത്തുന്നു. ദാനധര്‍മങ്ങളില്‍ അവര്‍ മടികാണിച്ചേക്കും.കുറഞ്ഞുപോവുമോ എന്ന ഭീതിയില്‍ അവര്‍ അകപ്പെടും. ഇത്തരം ദുര്‍ബോധനങ്ങളുടെ ചതിയില്‍ പെടാതിരിക്കാനാണ് അഊദു എന്ന രക്ഷ ദീക്ഷിക്കുന്നത്.
ചിലപ്പോള്‍ വൈകാരിക തലങ്ങളിലൂടെ പിശാച് കടന്നുവരും. ലെംഗിക അച്ചടക്കമില്ലായ്മയിലേക്ക് അവര്‍ വീഴും. ആസ്വാദനങ്ങളിലൂടെയാണ് ചിലര്‍ വലയില്‍ വീഴുന്നത്. മദ്യവും ലഹരിയും തലക്കുപിടിക്കുമ്പോള്‍ ദൈവചിന്ത നേര്‍ത്തു നേര്‍ത്ത് ഇല്ലാതെയാവുന്നു. പരദൂഷണവും അഹങ്കാരവും മറ്റു രണ്ടു കെണിവലകളാണ്. എല്ലാം കരുതി സമ്പൂര്‍ണ രക്ഷ തേടുകയാണ് അഊദുവിലൂടെ.

ഖുര്‍ആന്‍ പാരായണം ചെയ്യണം. ഇങ്ങനെ രക്ഷ തേടണം. ഖുര്‍ആന്റെ നിര്‍ദ്ദേശമാണത്. എന്നാല്‍ പാരായണത്തില്‍ അബദ്ധം പിണയില്ല. അതു മാത്രമല്ല, ഖുര്‍ആന്‍ ജീവിതത്തിലേക്ക് പകരുന്നതിനും പൈശാചിക സാന്നിധ്യം തടസ്സമാണ്. ആദം നബിയും ഹവ്വാബീവിയും സ്വര്‍ഗത്തില്‍ നിന്ന് ഭൂമിയിലേക്ക് എത്തിയ വിവരണം ഖുര്‍ആനിലുണ്ട് പിശാചില്‍ നിന്ന് മനുഷ്യര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്താനാണ് ഖുര്‍ആന്‍ ആവശ്യപ്പെടുന്നത്. അനുസരണക്കേടാണ് പിശാചിനെ അന്യനാക്കിയത്. അല്ലാഹുവിന്റെ ആജ്ഞയില്‍ യുക്തിരാഹിത്യം ഉന്നയിച്ചതാണ് കാരണം. അവന്‍ പുറത്തായി. വിശ്വാസികളെ മാര്‍ഗഭ്രംശം വരുത്തും എന്നതായിരുന്നു അവന്റെ ശപഥം. അതായി പിന്നീട് കര്‍ത്തവ്യം. പിശാചിന്റെ വഴികള്‍ക്ക് ആകര്‍ഷകത്വം കൂടുതലാണ്. ആദം-ഹവ്വാ സംഭവം ഇത് ബോധ്യപ്പെടുത്തുന്നുണ്ട്.

തെറ്റും ശരിയും വേര്‍തിരിച്ച് തന്നു അല്ലാഹു. സ്വേഷ്ടയനുസരിച്ച് തെരഞ്ഞെടുക്കാനുള്ള ശേഷിയും നല്‍കി. ഗുണപക്ഷത്തിന് പ്രതിഫലവും ദോഷപക്ഷത്തിന് ശിക്ഷയും ഉറപ്പാക്കി. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ മുങ്ങിയവരെ പിശാചിന് പിഴപ്പിക്കാനാവില്ല. അനാശാസ്യതകളില്‍ പുരണ്ടുപോയവരെ അവന് സമീപിക്കേണ്ടതുമില്ല. ഇതിനിടയില്‍ ചാഞ്ചാടുന്ന വിഭാഗത്തെയാണ് അവന്‍ കുടുക്കുന്നത്. മനുഷ്യനും പിശാചും ഒരു സ്രഷ്ടാവിന്റെ സന്തതികളാണ്. സൃഷ്ടികളില്‍ കരുത്തനും ബലഹീനനുമുണ്ട്. തന്ത്രവും കുതന്ത്രവുമുള്ളവരുണ്ട്. എല്ലാവരും സ്രഷ്ടാവിലേക്ക് നടക്കുക.സൃഷ്ടിപരിസരത്ത് ഒതുങ്ങാതെ അല്ലാഹുവിലേക്ക് ഇറങ്ങി നടക്കുന്ന രംഗമാണ് അഊദു. പിശാചിന്റെ ദുര്‍ബോധനങ്ങള്‍ക്ക് അടിമപ്പെടുന്നവരെ മാത്രമേ അവന്‍ അധീനപ്പെടുത്തുകയുള്ളൂ. അല്ലാത്തവരെ കാണുമ്പോള്‍ അവന്‍ തിരിഞ്ഞു കളയുന്നു.

നവജാത ശിശുവിന്റെ പരിശുദ്ധിയോടെയാണ് അല്ലാഹു നബിയെ സംരക്ഷിച്ചത്. ഉമ്മിയ്യ് എന്ന വിശേഷണത്തില്‍ ഈ പരിശുദ്ധിയാണ് തെളിയുന്നത്. സാമ്പ്രദായികമായ വിജ്ഞാനം നേടിയിട്ടില്ല നബി. അതിനാല്‍ നബി(സ്വ) എന്തു പറയുന്നോ, ചെയ്യുന്നോ എല്ലാം ദൈവികം മാത്രം. ഉമ്മിയ്യ് എന്ന പരിശുദ്ധി ഇല്ലായിരുന്നെങ്കില്‍ ഇതൊക്കെയും കെട്ടിച്ചമച്ചതാണെന്ന് ആക്ഷേപം ഉയരുമായിരുന്നു. അതുണ്ടായില്ല. ഈയൊരു പരിശുദ്ധിയുടെ പ്രഭ അഊദുവിലൂടെ നമ്മളും ചോദിക്കുന്നു.
അസംബന്ധമായ ഒരു തുലനം ചിലര്‍ ചെയ്യാറുണ്ട്; ഇബ്‌ലീസ് ആദം നബിക്ക് സുജൂദ് നിരസിച്ചതു പോലെ ആദം നബി വിലക്കപ്പെട്ട കനി ഭക്ഷിക്കുകയും ചെയ്തല്ലൊ, രണ്ടും ഒരുപോലെ തെറ്റല്ലേ എന്ന്. ഒന്നല്ല രണ്ടും രണ്ടാണ്. ഇബ്‌ലീസ് ദൈവിക കല്‍പ്പനയെ അവഗണിച്ച് എതിര്‍ ന്യായങ്ങള്‍ നിരത്തുകയായിരുന്നു. ആദം നബിയാവട്ടെ, നിര്‍വ്യാജമായ ഖേദത്തില്‍ മുങ്ങുകയായിരുന്നു. ഐഛികമായ ഒരു കല്‍പ്പനയായിരുന്നില്ല പിശാചിനോട് അല്ലാഹു ചെയ്തത്. മാത്രമല്ല, നിലപാടില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു പിശാച്. അന്നും എന്നും.

അവലംബം: തഫ്‌സീര്‍ ശഅ്‌റാവി
ശൈഖ് മുതവല്ലി ശഅ്‌റാവി
പുനരാവിഷ്‌കാരം: പി എ മുഹമ്മദ് ഫാറൂഖ് നഈമി അല്‍ബുഖാരി

You must be logged in to post a comment Login