ഹാദിയാ, നീ കരയരുത്

ഹാദിയാ, നീ കരയരുത്

കോട്ടയം വൈക്കം സ്വദേശികളായ അശോകന്‍െയും പൊന്നമ്മയുടെയും ഏക മകള്‍ അഖിലയാണ് ദേശീയതലത്തില്‍ കോളിളക്കം സൃഷ്ടിക്കുന്ന ഹാദിയ കേസിലെ വിവാദനായിക. അഖിലയാവട്ടെ ഹാദിയയാവട്ടെ അവളെ കൊച്ചനുജത്തിയായാണ് ശാഹിദ് കാണുന്നത്. വിശ്വാസം എന്നത് മനസ്സിന്റെ തേട്ടമാണ്. അവളും പടച്ചതമ്പുരാനും തമ്മിലുള്ള മാനസിക വിനിമയത്തിന്റെ ആകത്തുകയാണ് വിശ്വാസപരമായ ഹൃദയദാര്‍ഢ്യം. അഖില എന്ന ഹോമിയോ വിദ്യാര്‍ഥി സേലത്ത് പഠിച്ചുകൊണ്ടിരിക്കെ റൂംമേറ്റുകളായ ജസീനഫസീന സഹോദരിമാരുടെ ജീവിതം കണ്ട് മുസ്‌ലിം സംസ്‌കാരത്തിലേക്ക് ആകര്‍ഷിക്കപ്പെടുകയും ഒടുവില്‍ ഇസ്‌ലാം ആശ്ലേഷിക്കുകയും ചെയ്തത് ആകാശം ഇടിഞ്ഞുവീഴുന്ന സംഭവമായി സാമാന്യബുദ്ധിയുള്ളവര്‍ കാണില്ല. കാരണം, എത്രയോ യുവതീയുവാക്കളും ജീവിതസായാഹ്‌നത്തിലേക്ക് കടന്നവരും പണ്ഡിതന്മാരും ബുദ്ധിജീവികളുമൊക്കെ പിറന്നുവീണ മതം വിട്ട് ഇസ്‌ലാമില്‍ അഭയം തേടിയതിന്റെ എണ്ണമറ്റ ഉദാഹരണങ്ങള്‍ നമ്മുടെ മുന്നിലുണ്ട്. ഇസ്‌ലാമില്‍നിന്ന് പല കാരണങ്ങളാല്‍ പുറത്തേക്ക് പോയി ഇതര മതവിശ്വാസങ്ങള്‍ ഉള്‍കൊണ്ടവരെയും കാണുക അസാധ്യമല്ല.

പ്രിയസഹോദരി അടിസ്ഥാനപരമായി മനസ്സിലാക്കേണ്ട ഒരുകാര്യം രണ്ടു മതസമൂഹങ്ങള്‍ തമ്മിലുള്ള പിടിവലിക്കിടയില്‍പ്പെട്ട് ശ്വാസം മുട്ടി ദുരിതപൂര്‍ണമായി ജീവിക്കാന്‍ വിധിക്കപ്പെട്ടവളല്ല താന്‍ എന്നതാണ്. ചരിത്രത്തില്‍ വൈക്കം എന്ന പ്രദേശം ഇടംപിടിക്കുന്നത് ക്ഷേത്രപ്രവേശപ്രക്ഷോഭം നടന്ന ഭൂതലം എന്ന നിലക്കാണ്. ഗാന്ധിജിയും പെരിയാര്‍ രാമസ്വാമി നായ്ക്കരുമൊക്കെ ഇടപെടുകയും രാജ്യം മുഴുവന്‍ ഉറ്റുനോക്കുകയും ചെയ്ത ക്ഷേത്രപ്രവേശന പ്രക്ഷോഭം യഥാര്‍ത്ഥത്തില്‍ ക്ഷേത്രത്തിന് സമീപത്തൂടെ അവര്‍ണര്‍ക്ക് നടന്നുപോകാന്‍ പോലും അനുമതി നിഷേധിക്കപ്പെട്ട ഒരു കാലഘട്ടത്തിന്റെ ആസുരതക്കെതിരായ മനുഷ്യത്വത്തിന്റെ ശബ്ദമായിരുന്നു. അഖില വരുന്നത് അവര്‍ണജാതിയായ ഈഴവകുലത്തില്‍നിന്നാണെന്ന് ഹൈകോടതി സാക്ഷ്യപ്പെടുത്തുന്നുണ്ട്. രണ്ടു ഹിന്ദുപെണ്‍കുട്ടികള്‍ അടക്കം നാല് പേര്‍ ഒരുമിച്ച് താമസിക്കുന്നുണ്ടായിരുന്നിട്ടും പെരിന്തല്‍മണ്ണ സ്വദേശി അബൂബക്കറിന്റെ പുത്രിമാരായ ജസീനയോടും ഫസീനയോടും തോന്നിയ അടുപ്പത്തിന് കാരണം എന്താണെന്ന് ഹാദിയ കോടതിയില്‍ പറഞ്ഞത്, അവരുടെ സ്വഭാവഗുണങ്ങളും നിസ്‌കാരാദി അനുഷ്ഠാനങ്ങളില്‍ കാണിക്കുന്ന നിഷ്‌കര്‍ഷയുമാണെന്നാണ്. ഇസ്‌ലാമിനെ കുറിച്ച് കൂടുതല്‍ പഠിക്കാന്‍ പ്രേരിപ്പിച്ചതും ഇവരുടെ ജീവിതമാണത്രെ. തന്റെ ജീവിത കുടുംബ, സാമൂഹിക പശ്ചാത്തലത്തില്‍ ഒരിക്കലും അനുഭവിക്കാന്‍ സാധിക്കാത്ത സ്‌നേഹ സൗഭ്രാത്രത്തിന്റെ മൃദുസാന്ത്വനം ഇവരില്‍നിന്ന് പകര്‍ന്നുകിട്ടിയപ്പോള്‍ അവരുടെ വീട്ടിലേക്കും മതത്തിനകത്തേക്കും സ്വയം കടന്നുചെന്നതിന്റെ പൊരുള്‍ കണ്ടെടുക്കുക ക്ഷിപ്രസാധ്യമാണ്. എന്തുകൊണ്ട് ഇസ്‌ലാം മതത്തിലേക്ക് കടന്നുചെന്നു എന്ന ചോദ്യത്തിന് ഹൈകോടതിയില്‍ ഹാദിയ നല്‍കിയ സത്യവാങ്മൂലം കേട്ടാല്‍ നിര്‍ബന്ധത്തിന്റെയോ പ്രലോഭനീയതയുടെയോ അംശങ്ങള്‍ കണ്ടെത്താന്‍ സാധിക്കില്ല. ഒരു മതസമൂഹത്തിന്റെ സാംസ്‌കാരിക ചിഹ്‌നങ്ങളായ ആരാധന കണ്ട് മാത്രം വിശ്വാസപരമായ പൂര്‍ണതയിലേക്ക് എത്തിച്ചേരണമെന്നില്ല. ഇസ്‌ലാമിനെ കുറിച്ച് പഠിക്കാന്‍ പുസ്തകങ്ങള്‍ വായിക്കുകയും വീഡിയോകള്‍ കാണുകയും ചെയ്തുവെന്ന് കോടതിയെ ബോധിപ്പിക്കുന്നുണ്ട്. ഹിന്ദുമതത്തില്‍ ഒട്ടനവധി ദൈവങ്ങളുള്ളത് കൊണ്ട് ഏത് ദൈവത്തെയാണ് ആരാധിക്കേണ്ടതെന്ന ആശയക്കുഴപ്പമുണ്ടായി. എന്നാല്‍ ഇസ്‌ലാമിന്റെ ഏകദൈവവിശ്വാസ പദ്ധതി ഹാദിയയുടെ മനസ്സിനെയും യുക്തിയെയും തൃപ്തിപ്പെടുത്തിയിട്ടുണ്ട് പോലും. ഹിന്ദുമതത്തില്‍നിന്ന് ഇസ്‌ലാമിലേക്കുള്ള ചുവടുമാറ്റം ഉള്‍കൊള്ളാന്‍ കുടുംബക്കാരും നാട്ടുകാരും തയാറാവില്ലെന്ന് മനസ്സിലാക്കിയാണല്ലോ ഹൃദയത്തില്‍ പുതിയ ദൈവത്തെ കുറിച്ചുള്ള വിശ്വാസം രഹസ്യമായി കാത്തുവെച്ച് രഹസ്യമായി ആരാധനകളില്‍ ഏര്‍പ്പെട്ടത്. ഒരിക്കല്‍ വീട്ടില്‍വെച്ച് നിസ്‌കരിക്കുമ്പോള്‍ അച്ഛന്‍ കണ്ടതും ഇതാവര്‍ത്തിക്കരുതെന്ന് ഭീഷണിപ്പെടുത്തിയതുമൊക്കെ കോടതിയില്‍ പറഞ്ഞത് കേള്‍ക്കുമ്പോള്‍ ആരിലും അമ്പരപ്പുണ്ടാക്കുന്നില്ല. ഇസ്‌ലാം ഭീകരതയുടെ മതമാണെന്നാണ് അഛന്റെ കാഴ്ചപ്പാടെന്ന് ഹാദിയ തന്നെ പറയുമ്പോള്‍ സി.പി.എം അനുഭാവിയായും എസ്.എന്‍.ഡി.പി പ്രവര്‍ത്തകനായും സഞ്ചരിച്ച ഒരു ശരാശരി മനുഷ്യന്റെ ചിന്താമണ്ഡലത്തെ കുറിച്ച് ശാഹിദിനുള്ള ധാരണയോടൊപ്പം തന്നെയാണ് അത് സഞ്ചരിക്കുന്നത്. അച്ഛന്‍ അവിശ്വാസിയും അമ്മ ദൈവഭക്തയുമാണെന്നാണ് ഹാദിയ പറയുന്നത്. എന്നാല്‍ അവിശ്വാസിയായ അച്ഛന്‍ മുന്‍കൈ എടുത്ത് 2015 നവംബറില്‍ മുത്തച്ഛന്‍ മരിച്ചപ്പോള്‍ വീട്ടില്‍ 40ദിവസത്തെ ചടങ്ങുകള്‍ സംഘടിപ്പിച്ചതും അതില്‍ ഭാഗവാക്കാവാന്‍ മകളെ നിര്‍ബന്ധിച്ചതുമെല്ലാം അദ്ദേഹം നാട്ടാചാരങ്ങള്‍ കൈവെടിഞ്ഞ പുരോഗമന വാദിയല്ല എന്ന് സമര്‍ഥിക്കുന്നുണ്ട്. ആ സംഭവം അതുവരെ രഹസ്യമാക്കിവെച്ച മതംമാറ്റം പരസ്യമാക്കാന്‍ ഹാദിയക്ക് അവസരം നല്‍കി എന്നേ പറയേണ്ടൂ.

മതം കോടതി കയറുമ്പോള്‍
ഇതര മതങ്ങളില്‍നിന്ന് നമ്മുടെ ഓര്‍മവട്ടത്ത് ഇസ്‌ലാമിലേക്ക് കയറി വന്നവരുടെ പട്ടിക സഹോദരി കണ്ടിട്ടുണ്ടോ എന്നറിയില്ല. ആഗോളപ്രശസ്തരും നാനാതുറകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചവരുമായ ഒട്ടനവധി’സെലിബ്രിറ്റികള്‍’ ഇസ്‌ലാമിനെ വാരിപ്പുണര്‍ന്നത് മനഃസാക്ഷിയുടെ തേട്ടം വരുത്തിയ മാനസികപരിവര്‍ത്തനം മൂലമാണ്. ആരും നിര്‍ബന്ധിച്ചോ പ്രലോഭനങ്ങള്‍ ചൊരിഞ്ഞോ അല്ല. ക്രൈസ്തവ മതത്തിലേത് പോലെ വ്യവസ്ഥാപിത മിഷനറി സംഘത്തെ ഇസ്‌ലാം ഒരുകാലത്തും മതത്തിലേക്ക് ആളെ റിക്രുട്ട് ചെയ്യാന്‍ നിയോഗിച്ചിരുന്നില്ല. ജര്‍മന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതാവായ റോജര്‍ ഗരോഡി രജാഗരോഡിയായ തും ബോക്‌സിംഗ് ഇതിഹാസം കേഷ്യസ് ക്ലേ മുഹമ്മദലിയായതും കറുത്ത വര്‍ഗക്കാരുടെ വിമോചന പോരാളി മാല്‍കം എക്‌സ് ഹാജി ഷഹ്ബാസായതും പോപ്പ് സംഗീതജ്ഞന്‍ കാറ്റ് സ്റ്റീവന്‍സ് യൂസുഫുല്‍ ഇസ്‌ലാമായതും മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരി മാധവിക്കുട്ടി കമല സുരയ്യ ആയതുമെല്ലാം ചൈതന്യവത്തായ ഒരു നാഗരികതയുടെ വിശ്വാസപരമായ ജൈവസിദ്ധി തിരിച്ചറിഞ്ഞാണ്. ഹാദിയയുടെ ഉള്ളകത്തേക്ക് പുതിയ ദര്‍ശനത്തിന്റെ വെളിച്ചം കടന്നത് നേരായ മാര്‍ഗത്തിലൂടെ അല്ലെന്നും ഭീകരവാദത്തിന്റെ നാശവഴിയിലേക്ക് ചിലര്‍ തള്ളിവിട്ടതാണെന്നും ആരോപിച്ചാണ് പിതാവ് അശോകന്‍ കോടതിയെ സമീപിക്കുന്നത്. അബൂബക്കറും അദ്ദേഹത്തിന്റെ പുത്രിന്മാരും ചെലുത്തിയ ദുസ്വാധീനമാണ് മകളെ ‘വഴിപിഴപ്പിച്ചതെന്നാണ്’ നീതിപീഠത്തിന് മുന്നില്‍ അദ്ദേഹം ആവര്‍ത്തിച്ചുകൊണ്ടിരുന്നത്. മതംമാറ്റത്തിന് പിന്നില്‍ എസ്.ഡി.പി.ഐ/ പോപ്പുലര്‍ ഫ്രന്റ് ആണെന്നും യുവതിയെ ഇസ്‌ലാമിലേക്ക് മതം മാറ്റിയശേഷം ഭീകരപ്രവത്തനത്തിനായി വിദേശത്തേക്ക് കയറ്റിക്കൊണ്ടുപോവുകയാണ് ഉദ്ദേശ്യമെന്നും പറയുമ്പോള്‍ വര്‍ത്തമാനകാലഘട്ടത്തിന്റെ സകല വിഹ്വലതകളും അവതരിപ്പിക്കപ്പെടുകയാണിവിടെ. ആഗോളതലത്തില്‍ 2001സെപ്റ്റംബര്‍ 11ന് ശേഷം ആഴത്തില്‍ വേരൂന്നിയ ‘ഇസ്‌ലാമോഫോബിയ’യും നമ്മുടെ രാജ്യത്ത് സംഘ്പരിവാര്‍ ശക്തികള്‍ ഇസ്‌ലാമിനെതിരെ നടത്തുന്ന പ്രചണ്ഡമായ കുപ്രചാരണങ്ങളും ഒരുതുരുത്തില്‍ സംഗമിക്കുന്നിടത്തുനിന്ന് സങ്കല്‍പിച്ചെടുക്കുന്ന ‘ലൗജിഹാദ്’ എന്ന പ്രഹേളികക്ക് തെളിവായി ഹാദിയയുടെ അനുഭവം ന്യായാസന സമക്ഷം അവതരിപ്പിച്ചപ്പോള്‍ രണ്ടംഗ ബെഞ്ച് അത് പൂര്‍ണമായും വിശ്വസിച്ചു എന്നിടത്താണ് കുഴപ്പം കുമിഞ്ഞുകൂടിയത്. പെണ്‍കുട്ടിയെ ഇസ്‌ലാമിലേക്ക് ചിലര്‍ പിടിച്ചുവലിച്ചുകൊണ്ടുവന്നതാണോ എന്ന് നീതിപീഠത്തിന് സംശയം ജനിപ്പിക്കുന്നതിലേക്കാണ് വാദപ്രതിവാദങ്ങള്‍ കെട്ടഴിഞ്ഞുവീണത്. മാത്രമല്ല, വീട്ടിലേക്ക് തിരിച്ചുപോകാന്‍ താല്‍പര്യം കാട്ടാതിരുന്ന ഹാദിയ ഹോമിയോ ഹൗസ് സര്‍ജന്‍സി പൂര്‍ത്തിയാക്കുന്നതിന് പകരം മതം പഠിക്കാന്‍ വിവിധ കേന്ദ്രങ്ങളിലൂടെ കയറി ഇറങ്ങിയത് സ്വാഭാവികമായും മാതാപിതാക്കളെ ആശങ്കാകുലരാക്കി. അത്തരമൊരു ഘട്ടത്തിലാണ് മകളെ കാണാനില്ലെന്ന പരാതിയുമായി പിതാവ് ഹേബിയസ് കോര്‍പ്പസ് ഹരജിയുമായി ഹൈകോടതിയെ സമീപിക്കുന്നത്. ഏക മകള്‍ നഷ്ടപ്പെട്ട ഏത് മാതാപിതാക്കളും സ്വീകരിക്കുന്ന നടപടിയാണിതെന്നതില്‍ സംശയമില്ല.

കോടതിയില്‍ പിന്നീട് അരങ്ങേറിയ നാടകങ്ങളാണ് രണ്ടുമതവിഭാഗങ്ങള്‍ തമ്മിലുള്ള പിടിവലിയുടെ പ്രതീതി ഉയര്‍ത്തി നാടകീയരംഗങ്ങള്‍ക്ക് വേദിയൊരുക്കുന്നത്. തന്റെ മകളെ കാണാനില്ലെന്ന പരാതിയില്‍ പെരിന്തല്‍മണ്ണ സ്വദേശി അബൂബക്കറെ പൊലീസ് അറസ്റ്റ് ചെയ്യുന്നു. തനിക്ക് ഒന്നും സംഭവിച്ചിട്ടില്ല എന്ന് ബോധ്യപ്പെടുത്താന്‍ മലപ്പുറം കോട്ടക്കല്‍ പുത്തൂര്‍ സ്വദേശിനി സൈനബയോടൊപ്പം ഹാദിയ സ്വമേധയാ ഹാജരാകുന്നു. മാതാപിതാക്കളോടൊപ്പം പോകാന്‍ വിസമ്മതിക്കുന്നു. മതം പഠിക്കാന്‍ ‘കിമ്മിലും’ ‘തര്‍ബിയത്തുല്‍ ഇസ്‌ലാം സഭ’യിലുമെല്ലാം കയറി ഇറങ്ങുന്നു. ഒടുവില്‍ എത്തിപ്പെടുന്നത് ‘സത്യസരണി’യില്‍. സത്യസരണി ആരുടെ സരണിയാണെന്ന് മലബാറിലെ മുസ്‌ലിംകള്‍ക്ക് നന്നായറിയാം. ഏഴാം പ്രതി സൈനബ പോപ്പുലര്‍ ഫ്രന്റിന്റെ വനിതാ നേതാവാണെന്ന് കോടതിയില്‍ ചൂണ്ടിക്കാട്ടുന്നു. 24വയസ് തികഞ്ഞ തനിക്ക് തന്റെ ഇഷ്ടപ്രകാരം ജീവിക്കാന്‍ അവകാശമുണ്ടെന്നും മാതാപിതാക്കള്‍ അടക്കം ആരും ഇടപെടേണ്ടെന്നും ഹാദിയ ന്യായാധിപരോട് വാദിക്കുന്നു. അവളുടെ ആഗ്രഹപ്രകാരം ജീവിക്കാന്‍ അനുവദിക്കുന്നു. അവളുടെ വേഷവിധാനത്തില്‍ വന്ന മാറ്റങ്ങള്‍ കൂടുതല്‍ പ്രലോഭനങ്ങള്‍ ഉണ്ടാക്കുന്നു. സംഘര്‍ഷം ചാലിട്ടൊഴുകിയ ഇത്തരം ഘട്ടങ്ങളില്‍ ഹാദിയാ, നിന്നെ പോലൊരു യുവതിയുടെ മുന്നിലെ വഴികള്‍ കനല്‍പഥങ്ങളായി മാറുമ്പോള്‍ അതൊരു വ്യക്തിയുടെ മാത്രം കാര്യമായി ഒതുങ്ങിനില്‍ക്കുന്നില്ല. രണ്ടുസമുദായങ്ങള്‍ തമ്മിലുള്ള വടംവലിയുടെ വീറും വാശിയും അന്തരീക്ഷത്തില്‍ പിരിമുറുക്കം ഉണ്ടാക്കുമ്പോള്‍ കേള്‍ക്കാന്‍ തുടങ്ങുന്നത് വിശ്വാസത്തിന്റെ ഹൃദയതാളം മാത്രമായിരിക്കില്ല. അവിടെയാണ് ഇസ്‌ലാമിന്റെ ആവിര്‍ഭാവം മുതല്‍ അങ്ങ് കാബുള്‍ തൊട്ട് ഇങ്ങ് ഡെക്കാന്‍ വരെ നീണ്ടുകിടന്ന മുസ്‌ലിം ഇന്ത്യയില്‍ മഹാരഥന്മാരായ സൂഫിവര്യന്മാരും ആത്മീയനേതാക്കളും പരീക്ഷിച്ചുവിജയിച്ച സ്‌നേഹലേപമായി വര്‍ത്തിച്ച ‘ഇന്‍സാനിയത്തില്‍ ‘ കുതിര്‍ന്ന മതപ്രബോധനരീതിയുടെ ഊഷ്മളത നിനവിലേക്ക് തിരിച്ചെത്തുന്നത്. രണ്ടുമതവിഭാഗങ്ങള്‍ തമ്മില്‍ വിദ്വേഷം വളര്‍ത്തുന്ന ഒരു സാഹചര്യം സൃഷ്ടിക്കാന്‍ ഒരു മതംമാറ്റം നിമിത്തമാകുമെങ്കില്‍, അതിനെ ബുദ്ധിപരമായി തരണം ചെയ്യാനും കാര്യങ്ങള്‍ സുതാര്യമായി സമൂഹമധ്യേ അവതരിപ്പിക്കാനും ബന്ധപ്പെട്ടവര്‍ ശ്രമിക്കുകയാണ് വേണ്ടത്. അതല്ലാതെ, ഒളിച്ചിരുന്ന് ചരടുവലി നടത്തുമ്പോള്‍ കൂടുതല്‍ സംശയങ്ങള്‍ അതുയര്‍ത്തുന്നു എന്ന് മാത്രമല്ല, പൊലീസിനും കോടതിക്കും ഭരണകൂടത്തിന് പൊതുവെയും മുന്‍വിധികള്‍ ബലമാക്കി ഇരകളുടെമേല്‍ പൂര്‍ണ ആധിപത്യം സ്ഥാപിക്കാന്‍ കഴിയുന്നു. ഇവിടെ സംഭവിച്ചത് മറ്റൊന്നല്ല.

ആര്‍.എസ്.എസ് അജണ്ട നടപ്പാക്കുന്ന സമുദായം
കേരളം ഭീകരവാദികളുടെ താവളമാണെന്നും ദേശദ്രോഹികള്‍ അഞ്ചാം പത്തികളായി ഇവിടെ ജീവിക്കുകയുമാണെന്ന ആര്‍.എസ്.എസ് ദുഷ് പ്രചാരണം തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി എന്ന് ഓര്‍ക്കേണ്ട സന്ദര്‍ഭമാണിത്. മറ്റു സംസ്ഥാനങ്ങളുടെ അവസ്ഥയില്‍നിന്ന് വിഭിന്നമായി മുസ്‌ലിം സമൂഹം ഇവിടെ നേടിയ രാഷ്ട്രീയസംഘടിത ശക്തിയും വിദ്യാഭ്യാസസാമ്പത്തിക സാമൂഹിക മേഖലകളില്‍ കൈവരിച്ച അഭിവൃദ്ധിയും നാഗ്പൂരിലെ ഹെഡ്‌ഗേവാര്‍ ഭവനിലെ ബുദ്ധിരാക്ഷസന്മാരുടെ ഉറക്കം കെടുത്തുന്നുണ്ട്. കേരളത്തില്‍ ഒരിക്കലും ബി.ജെ.പിക്ക് വേരാഴ്ത്താന്‍ സാധിക്കാത്തത് 45ശതമാനത്തോളം വരുന്ന ന്യൂനപക്ഷങ്ങളുടെ സചേതനമായ സാന്നിധ്യമാണെന്ന് ഇക്കൂട്ടര്‍ മനസ്സിലാക്കിയിട്ടുണ്ട്. ഒരിക്കലും ഹിന്ദുത്വവര്‍ഗീയതക്ക് മുന്നില്‍ കീഴടങ്ങാന്‍ തയാറാവാത്ത കമ്യൂണിസ്റ്റ് മേല്‍ക്കോയ്മ തകര്‍ക്കാനുള്ള വഴിതേടുമ്പോള്‍ പലപ്പോഴും ക്രിസ്ത്യന്‍, മുസ്‌ലിം വിഭാഗങ്ങളോടുള്ള വെറുപ്പ് ഉല്‍പാദിപ്പിച്ച് ഭൂരിപക്ഷസമുദായത്തിന്റെ ഹൃദയാന്തരങ്ങളെ ചൂടുപിടിപ്പിച്ചുനിറുത്താനും തങ്ങളിലേക്ക് വലിയൊരു വിഭാഗത്തെ അടുപ്പിക്കാനുമുള്ള തന്ത്രമാണ് എടുത്തു പ്രയോഗിക്കാറ്. ഹാദിയ കേസ് ഈ മാര്‍ഗത്തില്‍ വീണുകിട്ടിയ അവസരമായി ആര്‍.എസ്.എസ് കണ്ടത് ‘ലൗജിഹാദി’ന്റെ പോര്‍ക്കളം തീര്‍ത്ത് ഹിന്ദുമുസ്‌ലിം അകല്‍ച്ച വര്‍ധിപ്പിക്കാനുള്ള എളുപ്പവഴിയാണെന്ന ചിന്തയിലാണ്.ഭൂരിപക്ഷ സമൂഹത്തിലെ പെണ്‍കുട്ടികള്‍ക്ക് മുസ്‌ലിം ഭീകരവാദികളുടെ ഉപദ്രവം കൊണ്ട് ജീവിക്കാന്‍ സാധിക്കുന്നില്ല എന്ന് വരുത്തിത്തീര്‍ക്കാനുള്ള ഹീനശ്രമത്തില്‍ ഹാദിയാ , നിന്നെ കുറിച്ചുള്ള കെട്ടുകഥകള്‍ക്ക് സുപ്രീംകോടതി വരെ പച്ചക്കൊടി കാട്ടിയത് കണ്ടില്ലേ? ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ ) കേസ് ഏറ്റെടുക്കുന്നത് ഒരു ഹിന്ദുപെണ്‍കുട്ടിയുടെ മതംമാറ്റത്തിന്റെ രഹസ്യം കണ്ടെത്താനല്ല. പ്രത്യുത, ഹാദിയ കേസിന്റെ മറവില്‍ ഒരു സമൂഹത്തെ മൊത്തം പ്രതിക്കൂട്ടില്‍നിറുത്തി വിചാരണ നടത്താനാണ്. കേരളം ഇസ്‌ലാമിക് സ്‌റ്റേറ്റ് ഭീകരവാദികളുടെ താവളമാണെന്ന് വരുത്തിത്തീര്‍ക്കുന്നതില്‍ ഏതാനും വിവരദോഷികള്‍ കാണിച്ച അവിവേകം എങ്ങനെയാണ് സഹായിച്ചത് എന്ന് പലവട്ടം നാം ചര്‍ച്ച ചെയ്തതാണ്. ഇസ്‌ലാമിന്റെ പാതയില്‍ ആന കുലുക്കിയാലും കുലുങ്ങാത്ത മട്ടില്‍ ഉറച്ചുനില്‍ക്കുന്ന മകള്‍ തങ്ങളോടൊപ്പം വരില്ല എന്ന് ഉറപ്പായപ്പോള്‍ പിതാവ് അശോകന് വക്കീല്‍ പറഞ്ഞുകൊടുത്ത പഴുതാവണം ഐ.എസിലേക്ക് റിക്രൂട്ട് ചെയ്യപ്പെടാന്‍ സാധ്യതയുണ്ട് എന്ന് കോടതിയില്‍ വാദിക്കണമെന്ന്. അത്തരമൊരു വാദത്തിലടങ്ങിയ സാമൂഹിക ദുരന്തം ആ അഭിഭാഷകന്‍ പോലും ഓര്‍ത്തുകാണില്ല. ഐ.എസും ഭീകരവാദവുമൊക്കെ കടന്നുവരുന്നത്, നിരോധിക്കപ്പെട്ട സംഘടനയായ സിമിയുടെ ആള്‍ക്കാര്‍ ബീജാവാപം നല്‍കിയ കൂട്ടായ്മയുടെ തണലിലാണ് അഖില ഹാദിയയായി മതം മാറ്റപ്പെട്ടതെന്നും സത്യസരണി യഥാര്‍ത്ഥത്തില്‍ സത്യത്തിന്റെ സരണി അല്ലെന്നും മതംമാറ്റം പ്രോല്‍സാഹിപ്പിക്കുന്ന കേന്ദ്രമാണെന്നുമൊക്കെ കോടതിയില്‍ വാദിച്ചപ്പോള്‍ ആര്‍.എസ്.എസിന് കാര്യങ്ങള്‍ എളുപ്പമായികിട്ടി.

ഹാദിയാ, പ്രായപൂര്‍ത്തിയായ പെണ്‍കുട്ടി എന്ന നിലയില്‍ നീ അനുഭവിച്ച സ്വാതന്ത്ര്യം പെട്ടെന്ന് എടുത്തു മാറ്റപ്പെട്ട എപ്പിസോഡ് ഏതാണെന്ന് മനസ്സിലാക്കിയിട്ടുണ്ടോ? 2016 ഡിസംബര്‍ 21ന് സഹോദരി പുതുമണവാളന്‍ ഷഫീന്‍ ജഹാനോടൊപ്പം കോടതിയില്‍ ഹാജരായതാണ്. നികാഹിലൂടെ ദാമ്പത്യജീവിതത്തിലേക്ക് പ്രവേശിക്കാന്‍ ഏതൊരു യുവതിയെയും പോലും ഹാദിയക്കും അവകാശമുണ്ട്. പക്ഷേ, തന്റെ ജീവിത നിമിഷങ്ങള്‍ ഓരോന്നും കോടതിയും സമൂഹവും സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് മനസ്സിലാക്കി ഓരോ ചുവടുവെപ്പും ജാഗ്രതയിലാവണമായിരുന്നു. അവിടെയാണ് തെറ്റുപറ്റിയത്. ഷഫീനെ കണ്ടതോടുകൂടി, കോടതിയുടെ മട്ട് മാറി. 19ാം തീയതി ഹാജരായപ്പോള്‍ ഒരുവാക്ക് സൂചിപ്പിക്കാതെ, ധൃതിപിടിച്ച് നടത്തിയ വിവാഹം ന്യായാധിപരെ ചൊടിപ്പിച്ചു. അണിയറയില്‍ ആരുടെയൊക്കെയോ അദൃശ്യാംഗുലികള്‍ ചലിക്കുന്നുണ്ട് എന്ന സംശയം സഹോദരിയുടെ സ്വാതന്ത്ര്യത്തെയാണ് കവര്‍ന്നത്. ഏഴാംപ്രതി സൈനബയുടെ വീട്ടില്‍വെച്ച് നടത്തിയ നികാഹ് മതപരമായി സാധുതയുള്ളതാണ്. പുത്തുര്‍ മഹല്ല് ഖാളിയുടെ കാര്‍മികത്വത്തെ ആര്‍ക്കും ചോദ്യം ചെയ്യാനാവില്ല. പക്ഷേ, അനാവശ്യമായ ധൃതി, അല്ലെങ്കില്‍ വിവാഹത്തിലൂടെ കോടതിയെ തോല്‍പിക്കാമെന്ന് കണക്കുകൂട്ടിയത് വിനയായി മാറിയെന്ന് ഇപ്പോഴെങ്കിലും ബന്ധപ്പെട്ടവര്‍ മനസ്സിലാക്കിയിട്ടുണ്ടാവണം. ജീവിക്കുന്ന കാലഘട്ടത്തിന്റെ രാഗദ്വേഷങ്ങള്‍ തിരിച്ചറിയാതെ പോകുന്നത് ബുദ്ധിശൂന്യതയാണ്. ലൗജിഹാദ് കുപ്രചാരണത്തിന്റെ മറവില്‍ നാട് കുട്ടിച്ചോറാക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടവരുടെ കൈയില്‍ വടി കൊടുക്കുമ്പോള്‍ മൗലികാവകാശങ്ങള്‍ പോലും നിഷേധിക്കപ്പെടുന്ന അവസ്ഥ സംജാതമാകുന്നു. ഹാദിയയെ മാതാപിതാക്കളുടെ ‘തടങ്കലില്‍’ എത്തിച്ച സംഭവവികാസങ്ങള്‍ കോടതിയുടെ സൃഷ്ടിയാണെന്ന് വാദിക്കുന്നവരുണ്ട്. സംസ്ഥാനത്ത് എത്രയോ പ്രേമവിവാഹങ്ങള്‍ നടക്കുന്നുണ്ടെന്നും പെണ്‍കുട്ടിക്ക് 18വയസ്സ് തികഞ്ഞിട്ടുണ്ടെങ്കില്‍ അവളുടെ ഇഷ്ട പ്രകാരം വിടുകയാണ് പതിവെന്നും എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. പക്ഷേ ഹാദിയയുടെ വിഷയത്തില്‍ അസാധാരണമായ നടപടികള്‍ നീതിപീഠത്തില്‍നിന്ന് ഉണ്ടായത്, ആ യുവതിക്ക് തണലേകിയ കൂട്ടായ്മ സംശയങ്ങളുടെ നിഴലിലാണെന്നതുകൊണ്ടാണ്. അത് നിഷേധിച്ചിട്ട് ഫലമില്ല. ഷഫീന്‍ ജഹാന്‍ ആ സംഘടനയുടെ ഭാഗമാണെന്നും നികാഹിന് മുന്‍കൈ എടുത്ത ഏഴാം പ്രതി മഹിളാ നേതാവാണെന്നുമൊക്കെ കോടതി കണ്ടെത്തുമ്പോള്‍ അഡ്വ.പി.കെ ഇബ്രാഹീമിന്റെ ശക്തമായ വാദങ്ങള്‍ പോലും വൃഥാവിലാവുന്നു.

കോടതിയുടെ പുതിയ റോള്‍
ഓരോ കോടതിവിധിയിലും പൊതുബോധത്തിന്റെ നിഴലാട്ടം കാണാമെന്ന ഒരു ആപ്തവാക്യമുണ്ട്. ഹാദിയാ, നിന്നെ കോടതി കാണുന്നത് ഒരു പ്രത്യേക വീക്ഷണകോണിലൂടെയാണ്. വിദ്യാസമ്പന്നനായ ഒരു ഹിന്ദുയുവതി പരസ്യമായി ഇസ്‌ലാമിലേക്ക് കടന്നുവന്നു എന്ന് വിശ്വസിക്കാന്‍ നീതിപീഠത്തിന് സാധിക്കാത്തതിന് ഉത്തരവാദി എന്റെ സഹോദരി അല്ല. നമ്മുടെ രാജ്യത്തിന്റെ പൊതുബോധവും ‘മോഡിയുഗ’ത്തിന്റെ കാലാവസ്ഥയും ആഗോളതലത്തില്‍ പരന്നൊഴുകിയ ‘ഇസ്‌ലാം പേടിയും’ അതിനു പിന്നില്‍ വര്‍ത്തിക്കുന്നുണ്ടാവാം. സിറിയയിലേക്കോ അഫ്ഗാനിലേക്കോ നാട് കടത്തി പോരാട്ടമണ്ണില്‍ കൊന്ന് തള്ളാനാണ് ഈ മതംമാറ്റവും നികാഹും ഒക്കെ എന്ന ഹരജിക്കാരന്റെ വാദം കോടതി സ്വീകരിക്കുന്നുവെന്നത് വിചിത്രമായി തോന്നാം. എന്നാലും, ഗുണകാംക്ഷയോടെ ഒന്ന് ചോദിക്കട്ടെ, പുതിയ മതത്തിലൂടെയുള്ള സഞ്ചാരത്തിനിടയില്‍ എപ്പോഴെങ്കിലും ആടുമേക്കാന്‍ പോകണമെന്ന് മോഹിച്ചിട്ടുണ്ടോ? വാട്‌സ്ആപ്പിലൂടെ പ്രചരിച്ച വോയ്‌സ് മെസേജില്‍, പിതാവുമായി, സത്യസരണയില്‍ കഴിയുന്നവേളയില്‍ സംസാരിക്കുന്ന ഹാദിയയുടെ ശബ്ദം കേട്ടപ്പോള്‍ ശാഹിദ് അമ്പരന്നുപോയി. (ആ വോയ്‌സ്‌ക്ലിപ്പിന്റെ ആധികാരികത ഇതുവരെ സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല). ആടുമേക്കാന്‍ പോകണമെന്ന് ആദ്യം ആഗ്രഹിച്ചതാണെന്നും ഇപ്പോള്‍ ആ ‘കോണ്‍സെപ്റ്റ്’ അല്ലെന്നും ജസീനയാണ് കാല് പിടിച്ച് ആ ഉദ്യമത്തില്‍നിന്ന് പിന്തിരപ്പിച്ചതെന്നും സംഭാഷണ മധ്യേ പറയുന്നുണ്ട്. ആരില്‍നിന്നാണ് ഈ ഒരാശയം സഹോദരിയുടെ മനസ്സിലേക്ക് സന്നിവേശിപ്പിക്കപ്പെട്ടത്? അത് അറിയാനുള്ള ബാധ്യത സമുദായത്തിനുണ്ട്. അവരെ കൈകാര്യം ചെയ്യാനുള്ള ബാധ്യതയും സമുദായത്തിനുണ്ട്. ഹാദിയയും കൂടി ആട് മേക്കാന്‍ ഏതെങ്കിലും വിദൂരതയിലേക്ക് പോയിരുന്നുവെങ്കില്‍ എന്തായിരിക്കും അതിന്റെ പ്രത്യാഘാതമെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഓരോ പടന്നയും കനകമലയും കെട്ടുകഥയാണെന്നും സംഘ്പരിവാര്‍ അജണ്ടയാണെന്നും സമര്‍ത്ഥിക്കാന്‍ ഞങ്ങളെ പോലുള്ളവര്‍ പെടുന്ന പാട് സഹോദരിക്ക് അറിയാമോ? അതുകൊണ്ട്, പുതുവിശ്വാസത്തിന്റെ ആവേശത്തില്‍, എടുത്തുചാടുകയോ തിളച്ചുമറിയുകയോ അല്ല വേണ്ടത്. അഫ്ഗാന്‍ മലനിരകളില്‍ ബന്ദിയാക്കപ്പെട്ട റിഡ്‌ലി എന്ന മദാമ്മ സത്യമാര്‍ഗം കണ്ടെത്തിയ ശേഷം ഏറ്റെടുത്ത ജീവിതനിയോഗത്തെ കുറിച്ച് സാവധാനം പഠിക്കാന്‍ ശ്രമിക്കൂ. കോടതി ഹാദിയയുടെ കാര്യത്തില്‍ ഏറ്റെടുത്ത പുതിയ റോള്‍ നിയമത്തില്‍ അപൂര്‍വമാണെന്ന് കൂടി മനസ്സിലാക്കേണ്ടതുണ്ട്. ഒരുഘട്ടത്തില്‍ രക്ഷകര്‍ത്താവിന്റെ റോളിലേക്ക് (ജമൃലിെേ ജമൃേശമല ഖൗൃശറെശരശേീി) സ്വയം കടന്നുചെന്നേ മതിയാകൂ എന്നാണ് ഡിവിഷന്‍ ബെഞ്ച് പറഞ്ഞിരിക്കുന്നത്. 24വയസ് തികഞ്ഞ ഹാദിയ പക്വത ആര്‍ജിച്ചില്ലത്രെ. ‘്ൗഹിലൃമയഹല മഴല’ എന്നാണ് കോടതിയുടെ പ്രയോഗം. ആര്‍ക്കും വളയ്ക്കാന്‍ പറ്റുന്ന പ്രായം എന്ന് സാരം. എത്രയോ കേസുകളില്‍ 18വയസ് തികഞ്ഞത് കൊണ്ട് മാത്രം എത്രയോ മുസ്‌ലിം പെണ്‍കുട്ടികളെ അവരുടെ ഹിതമനുസരിച്ച് ഹിന്ദുചെറുപ്പക്കാരുടെ ഒപ്പം വിടുമ്പോള്‍ നീതിപീഠത്തിന് ഇത്തരമൊരു ലോല ചിന്ത കടന്നുവരാറില്ല എന്നതാണ് സത്യം. കോടതിയുടെ ഈ കണ്ടെത്തല്‍ ദേശീയതലത്തില്‍ പോലും ചര്‍ച്ചയായിട്ടുണ്ട്. ദി വയര്‍ ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ വിധിയെ അപഗ്രഥിച്ചുകൊണ്ട് എഴുതിയ കുറിപ്പില്‍ ഹിന്ദുത്വ ഗ്രൂപ്പ് പ്രചരിപ്പിക്കുന്ന ലൗജിഹാദ് ആശയത്തിന് ഇതോടെ കോടതി ഔദ്യോഗിക അംഗീകാരം നല്‍കിയിരിക്കുകയാണെന്ന് സമര്‍ത്ഥിക്കുന്നുണ്ട്. സ്ത്രീയുടെ അസ്തിത്വമോ വ്യക്തിയുടെ പ്രാപ്തിയോ ഒന്നും തന്നെ കോടതിക്ക് വിഷയമാകുന്നില്ല ഇവിടെ.
ഹാദിയ, എന്‍.ഐ.എ വരികയാണ് നിന്റെ അടുത്തേക്ക്. നിന്നെ സഹായിച്ചവരുടെയും പിന്നില്‍ നടന്നവരുടെയും വരന്‍ ഷഫീന്‍ ജഹാന്റെയുമൊക്കെ അടുത്തേക്ക്. എന്‍.ഐ.എയുടെ ഇതഃപര്യന്ത കര്‍മശൈലി രാജ്യം കണ്ടതാണ്. ന്യൂനപക്ഷങ്ങളില്‍പെട്ട എത്രയോ ഹതഭാഗ്യര്‍ ഇന്ന് കല്‍തുറുങ്കില്‍ ദുരിതജീവിതം നയിക്കുന്നത് ഈ ദേശീയ അന്വേഷണ ഏജന്‍സിയുടെ ‘നിഷ്പക്ഷത’ കൊണ്ടാണ്. ഇരുള്‍മുറ്റിയ ലോകത്തുനിന്ന് വെളിച്ചത്തിലേക്കാണ് കടന്നുവന്നതെന്ന് ഉറച്ചുവിശ്വസിക്കുന്നുണ്ടാവാമെങ്കിലും പൂര്‍ണവെളിച്ചം അകലെയാണെന്ന് മനസ്സിലാക്കുക. പെരുത്തും ത്യാഗങ്ങള്‍ കാത്തിരിക്കുന്നുണ്ട്. അചഞ്ചലചിത്തയായി എല്ലാം നേരിടാനുള്ള വിശ്വാസദാര്‍ഢ്യം കൈവരിച്ചിട്ടുണ്ടെന്നാണ് ശാഹിദിന്റെ വിശ്വാസം. ഇന്ന് അഭിമുഖീകരിക്കുന്ന പ്രതിസന്ധി സഹോദരീ നിന്റെ സൃഷ്ടിയല്ല. നീ ജീവിക്കുന്ന സമൂഹത്തിന്റെ , രാഷ്ട്രീയത്തിന്റെ, നിനക്ക് അഭയം നല്‍കിയവരുടെ സൃഷ്ടിയാവാം. അതുകൊണ്ട് പതറരുത്. കരയരുത്. ഒരു മനുഷ്യന് ഏറ്റവും വലുത് അയാളുടെ മനഃസാക്ഷിയാണ്. മനഃസാക്ഷിയുടെ ആത്മ ചൈതന്യമാണ് വിശ്വാസം. അവസാനമായി ഒരിക്കല്‍കൂടി ഓര്‍മപ്പെടുത്തുന്നു: ‘ലാ ഇക്‌റാഹ ഫിദ്ദീന്‍’- ഇസ്‌ലാമില്‍ ബലാല്‍കാരമില്ല.

ശാഹിദ്‌

2 Responses to "ഹാദിയാ, നീ കരയരുത്"

  1. Mangalam  September 9, 2017 at 3:27 am

    നല്ലത്

  2. sameer  September 9, 2017 at 8:23 am

    Nice article

You must be logged in to post a comment Login