ഹാദിയ: സംഘ്പരിവാറിന്റെ ലക്ഷ്യം കേരളമാണ്

ഹാദിയ: സംഘ്പരിവാറിന്റെ ലക്ഷ്യം കേരളമാണ്

ഇതിഹാസ കൃതിയായി സാഹിത്യാസ്വാദകരും ഹിന്ദു മതത്തിന്റെ ഭാഗമായ ഗ്രന്ഥമെന്ന് ഹിന്ദുത്വവാദികളും കരുതുന്ന മഹാഭാരതത്തിലെ പാഞ്ചാലീ സ്വയംവരം പ്രസിദ്ധമാണ്. സ്വയം വരിക്കാന്‍ തയാറായി നില്‍ക്കുന്ന പാഞ്ചാലിക്ക് മുന്നിലെത്തി, മത്സര അമ്പെയ്ത്ത് നടത്തി പരാജിതരായി മടങ്ങുന്ന രാജാക്കന്‍മാരുടെ നീണ്ടനിരയുണ്ടതില്‍. മത്സരത്തില്‍ വിജയിച്ചാലും പാഞ്ചാലി വരിച്ചുകൊള്ളണമെന്നില്ല. വിജയിക്കുമെന്ന ഉറപ്പോടെ വില്ലുകുലച്ചു നിന്ന കര്‍ണനോട്, സൂതപുത്രനെ താന്‍ വിവാഹം കഴിക്കില്ലെന്ന് പാഞ്ചാലി പറഞ്ഞതാണ് അതിന് തെളിവ്. പാണ്ഡവ – കൗരവരുടെ മുത്തച്ഛനായ വിചിത്രവീര്യന്റെ ഭാര്യമാരാക്കാന്‍, കാശി രാജാവിന്റെ മക്കളായ അംബ, അംബിക, അംബാലിക എന്നിവരെ അവരുടെ സ്വയംവര വേദിയില്‍ നിന്ന് ഭീഷ്മര്‍ തട്ടിക്കൊണ്ടുവരുന്നതും മഹാഭാരതത്തിലുണ്ട്. സാല്വ രാജാവുമായി താന്‍ പ്രണയത്തിലാണെന്നും അദ്ദേഹത്തെ മാത്രമേ വരിക്കുകയുള്ളൂവെന്നും പറഞ്ഞ അംബയെ ഭീഷ്മര്‍ സാല്വ രാജാവിന്റെ അടുത്തേക്ക് പറഞ്ഞയക്കുന്നു. രാജകുമാരിമാരെ തട്ടിക്കൊണ്ടുവരിക എന്ന കുറ്റം നിലനില്‍ക്കെ തന്നെ സ്വയം വരിക്കാനുള്ള സ്ത്രീയുടെ സ്വാതന്ത്ര്യം മാനിക്കപ്പെടേണ്ടതാണെന്ന സന്ദേശം ഇവിടെയുണ്ട്. സ്വയം വരിക്കുക എന്നത് സ്വയം നടത്തുന്ന തെരഞ്ഞെടുപ്പ് കൂടിയാണ്. അതിന് അധികാരമുണ്ടായിരുന്നു സ്ത്രീകള്‍ക്ക് എന്നാണ് മഹാഭാരതം പറഞ്ഞുവെക്കുന്നത്.
നൂറ്റാണ്ടുകള്‍ക്കു ശേഷം ബ്രീട്ടീഷുകാരില്‍ നിന്ന് സ്വാതന്ത്ര്യം നേടി ഇന്ത്യന്‍ യൂണിയനായതിന് ശേഷം സ്വീകരിക്കപ്പെട്ട ജനാധിപത്യ സമ്പ്രദായം സ്വയംവരത്തിന്റെ വിശാലമായ രൂപമാണെന്ന് വേണമെങ്കില്‍ പറയാം. ജനത അവരെ ഭരിക്കേണ്ടവരെ സ്വയം വരിക്കുകയാണ്. വിശ്വാസം, ഭക്ഷണം, വേഷം, ഭാഷ, തൊഴില്‍, അഭിപ്രായം എന്നിവയിലൊക്കെ സ്വയംവരത്തിനുള്ള അവകാശം നല്‍കുന്നുണ്ട് നമ്മുടെ ഭരണഘടന. പ്രായപൂര്‍ത്തിയായവര്‍ക്കാണ് സ്വയംവരാവകാശം. പ്രായപൂര്‍ത്തിക്കുള്ള പരിധി 18 വയസ്സും.

പ്രായപൂര്‍ത്തി വോട്ടവകാശമെന്നാല്‍ തങ്ങളെ ഭരിക്കാനുള്ളവരെ നിര്‍ണയിക്കാനുള്ള അവകാശമാണ്. സാമൂഹിക – സാമ്പത്തിക – രാഷ്ട്രീയ സാഹചര്യങ്ങള്‍ വിലയിരുത്തി തീരുമാനമെടുക്കാനുള്ള പക്വത പൗരന് ഉണ്ടായിക്കഴിഞ്ഞു, 18 വയസ്സാകുമ്പോള്‍ എന്നാണ് സങ്കല്പം. വിവാഹത്തിന്റെ കാര്യത്തിലും ഇതു തന്നെയാണ് സ്ഥിതി. പ്രായപൂര്‍ത്തിയായവര്‍ക്ക് സ്വയംവരാവകാശമുണ്ട് ഭരണഘടന പ്രകാരം. മഹാഭാരതം ഹിന്ദു വിശ്വാസത്തിന്റെ ഭാഗമാണെങ്കില്‍ അതിന്റെ അടിസ്ഥാനത്തിലും. സ്വയംവരാവകാശത്തിന്റെ സാധുത ഉറപ്പിക്കാന്‍ ഭരണഘടനക്കൊപ്പം മഹാഭാരതത്തെക്കൂടി ആശ്രയിക്കേണ്ടി വരുന്നത്, ഹിന്ദുത്വയുടെ അടിസ്ഥാനത്തിലാണ് ഭരണം നടക്കേണ്ടത് എന്ന ആശയം വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നതിനാലും അതിനുള്ള ശ്രമങ്ങള്‍ നടക്കുന്നതിനാലുമാണ്. സാംസ്‌കാരിക വൈവിധ്യം നിലനിര്‍ത്തുന്ന ജനാധിപത്യ സമ്പ്രദായമാണ് നിലനില്‍ക്കേണ്ടത് എന്നും അതിന് ഉതകും വിധത്തിലാണ് രാഷ്ട്രീയ – ഭരണ – നീതിന്യായ സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കേണ്ടത് എന്നതിലും തര്‍ക്കമില്ല. അതിനെ അട്ടിമറിക്കാന്‍ ശ്രമിക്കുന്ന സംഘ്പരിവാരം, ആധാരമാക്കുന്ന ഗ്രന്ഥങ്ങളില്‍ തന്നെ സ്വയം വരിക്കാനുള്ള സ്വാതന്ത്ര്യം പ്രധാനമാണെന്ന് പറയുന്നുണ്ടെന്ന് സൂചിപ്പിക്കുക മാത്രമാണ് ചെയ്യുന്നത്.

ഭൂതവും വര്‍ത്തനമാവും ഇവ്വിധമാണെന്ന് മനസ്സിലാക്കി വേണം വൈക്കം സ്വദേശി അഖില, ഇസ്‌ലാം സ്വീകരിച്ച് ഹാദിയയാകുകയും ഷെഫിന്‍ ജഹാന്‍ എന്ന ചെറുപ്പക്കാരനെ വിവാഹം കഴിക്കുകയും ചെയ്തതിന് ശേഷമുണ്ടായ അസാധാരണമായ നിയമനടപടികളെ വിലയിരുത്താന്‍. മകളെ തട്ടിക്കൊണ്ടുപോകുകയും നിര്‍ബന്ധിച്ച് മതംമാറ്റുകയുമായിരുന്നുവെന്നും ഇസ്‌ലാമിക് സ്റ്റേറ്റില്‍ ചേര്‍ക്കാന്‍ ശ്രമിച്ചെന്നും ആരോപിച്ച് പിതാവ് പൊലീസിനെയും പിന്നീട് കോടതിയെയും സമീപിച്ചു. പിതാവിന്റെ ഹരജി പരിഗണിച്ച കേരള ഹൈക്കോടതി, തികച്ചും വിചിത്രമായ വിധിയാണ് പുറപ്പെടുവിച്ചത്. വിവാഹം അസാധുവാക്കിയ കോടതി, വളര്‍ത്തിവലുതാക്കിയ രക്ഷിതാക്കളുടെ അനുമതിയോടെ മാത്രമേ വിവാഹം സാധ്യമാകൂ എന്ന് വിധിച്ചു. പ്രായപൂര്‍ത്തിയായ സ്ത്രീക്കും പുരുഷനും സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിക്കാനും ജീവിക്കാനും അവകാശം നല്‍കുന്നതാണ് രാജ്യത്ത് നിലനില്‍ക്കുന്ന നിയമവ്യവസ്ഥ. മാതാപിതാക്കളുടെ അനുമതിയോടെ മാത്രമേ വിവാഹം പാടുള്ളൂ എന്ന് ഒരു നിയമവും അനുശാസിക്കുന്നില്ല, നിയമവ്യാഖ്യാനം നടത്തുന്ന ഒരു നീതിന്യായപീഠവും ഇതിന് മുമ്പ് ഇത്തരം അഭിപ്രായം പ്രകടിപ്പിച്ചിട്ടുമില്ല. തട്ടിക്കൊണ്ട് പോകുകയോ നിര്‍ബന്ധിച്ച് മതംമാറ്റുകയോ ഉണ്ടായിട്ടില്ലെന്ന പോലീസ് റിപ്പോര്‍ട്ട് ഹൈക്കോടതി മുഖവിലക്കെടുത്തില്ല. എന്തിന് പെണ്‍കുട്ടിക്ക് എന്തു പറയാനുണ്ടെന്ന് നേരിട്ട് കേള്‍ക്കാന്‍ പോലും കോടതി തയ്യാറായില്ല. വിവാഹം കഴിക്കാതെ തന്നെ ഒരുമിച്ച് ജീവിക്കാന്‍ സ്ത്രീക്കും പുരുഷനും സ്വാതന്ത്ര്യമുള്ള കാലത്താണ്, തികച്ചും ഏകപക്ഷീയമായ തീരുമാനം കേരള ഹൈക്കോടതിയില്‍ നിന്നുണ്ടായത്.

വിവാഹം അസാധുവാക്കുന്നതിന് വിചിത്രമായ മറ്റുകാരണങ്ങളും ഹൈക്കോടതി നിരത്തി. സാമൂഹ്യ മാധ്യമത്തില്‍ സജീവമായ ഷെഫിന്‍ ജഹാന്‍, വിവാഹത്തിന്റെ ഒരു ചിത്രം പോലും സാമൂഹ്യ മാധ്യമത്തില്‍ പ്രസിദ്ധം ചെയ്തില്ല എന്നത് വിവാഹം അസാധുവാക്കുന്നതിന് ന്യായമായി ഹൈക്കോടതി ചൂണ്ടിക്കാട്ടുന്നു. സാമൂഹ്യ മാധ്യമത്തില്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്നത് വിവാഹത്തിന്റെ ആധികാരികത ഉറപ്പിക്കുന്നതാണെന്ന് ഏത് നിയമത്തിലാണ് പറയുന്നത് എന്നറിയില്ല. വിവാഹം റദ്ദാക്കി മാതാപിതാക്കളുടെ അടുത്തേക്ക് പൊലീസ് സംരക്ഷണത്തില്‍ അയക്കപ്പെട്ട ഹാദിയ, ഏതാണ്ട് വീട്ടുതടങ്കലിലായ അവസ്ഥയിലാണ്. വ്യക്തിയുടെ സഞ്ചാര സ്വാതന്ത്ര്യം അകാരണമായി തടയാന്‍ എങ്ങനെയാണ് കോടതിക്കോ ഭരണഘടനാനുസൃതം ഭരണം നടത്തുന്ന സര്‍ക്കാറിനോ സാധിക്കുക എന്ന ചോദ്യവും ഉത്തരം കിട്ടാതെ നില്‍ക്കുന്നു.
വിവാഹം റദ്ദുചെയ്ത് ഹാദിയയെ മാതാപിതാക്കള്‍ക്കൊപ്പം അയച്ചത് ചോദ്യംചെയ്താണ് ഷെഫിന്‍ ജഹാന്‍ സുപ്രീം കോടതിയെ സമീപിച്ചത്. പ്രാഥമികമായി സുപ്രീം കോടതിക്ക് മുന്നിലെത്തിയ ഈ ചോദ്യത്തെ അഭിമുഖീകരിക്കാതെ, നിര്‍ബന്ധിത മതം മാറ്റം നടന്നോ, ഐ എസില്‍ ചേര്‍ക്കാന്‍ ശ്രമമുണ്ടായോ എന്ന് പരിശോധിക്കാനാണ് കോടതി തയാറായത്. ഐ എസില്‍ ചേര്‍ക്കാന്‍ ശ്രമമുണ്ടായെന്ന ആരോപണം രാജ്യദ്രോഹക്കുറ്റം ചുമത്താവുന്ന ഒന്നാകയാല്‍ അന്വേഷണം എന്‍ ഐ എ തന്നെ നടത്തണമെന്ന കേന്ദ്ര സര്‍ക്കാറിന്റെ വാദം കോടതി സ്വീകരിച്ചു. മതം മാറിയത് ആരുടെയെങ്കിലും നിര്‍ബന്ധത്തിന് വഴങ്ങിയാണോ? ഐ എസില്‍ ചേര്‍ക്കാന്‍ ശ്രമമുണ്ടായോ? എന്നീ ചോദ്യങ്ങള്‍ക്ക് ആദ്യം മറുപടി പറയേണ്ടത് ഹാദിയ തന്നെയാണ്. നിര്‍ബന്ധമുണ്ടായി, ഐ എസില്‍ ചേര്‍ക്കാന്‍ ശ്രമമുണ്ടായി എന്ന് ഹാദിയ കോടതിയില്‍ പറഞ്ഞാല്‍ അതേക്കുറിച്ച് എന്‍ ഐ എ അന്വേഷിക്കുന്നതില്‍ യുക്തിയുണ്ട്. അവരുടെ മൊഴി രേഖപ്പെടുത്താന്‍ തയാറാകാതിരുന്ന കോടതി, അതിന് പറഞ്ഞ ന്യായം ഹൈക്കോടതി നിരത്തിയതിനെക്കാള്‍ വിചിത്രമാണ്. മറ്റുള്ളവരുടെയൊക്കെ ഭാഗം കേള്‍ക്കാതെ ഹാദിയയുടെ ഭാഗം കേള്‍ക്കുന്നത് സ്വാഭാവിക നീതിക്ക് എതിരാകുമെന്നായിരുന്നു കോടതിയുടെ നിലപാട്. അന്വേഷണം ഏറ്റെടുത്ത എന്‍ ഐ എ, ഹാദിയയുടെ സുഹൃത്തിന്റെ പിതാവിനെ പ്രതി ചേര്‍ത്ത് ഉടന്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തു. ഹാദിയയുടെ മൊഴി രേഖപ്പെടുത്താതെ എങ്ങനെയാണ് ഒരാളെ പ്രതി ചേര്‍ക്കുക എന്ന ചോദ്യത്തിന് സംഘ്പരിവാര്‍ അജണ്ടകളുടെ കാലത്ത് അര്‍ത്ഥമില്ലെന്ന് വേണം മനസ്സിലാക്കാന്‍.

ഹാദിയയുടെ മതംമാറ്റവും വിവാഹവും അര്‍ഹിക്കുന്നതിനെക്കാള്‍ വലിയ പ്രശ്‌നമായി കോടതികളും ഭരണകൂടങ്ങളും കാണുന്നത് എന്തുകൊണ്ട് എന്നതാണ് പ്രധാനപ്പെട്ട കാര്യം. സമീപകാലത്തായി കേരളത്തെ ലക്ഷ്യമിട്ട് സംഘ്പരിവാരവും അവര്‍ വാടകക്കെടുത്ത നാവായ ദേശീയ മാധ്യമങ്ങളും വലിയ പ്രചാരണം നടത്തിവരുന്നുണ്ട്. വലിയ നുണകളും നിറം പിടിപ്പിച്ച കഥകളും ലജ്ജാലേശമില്ലാതെ പ്രചരിപ്പിക്കുകയാണ് ഇവര്‍ ചെയ്യുന്നത്. ഐ എസില്‍ ചേരാനായി രാജ്യം വിട്ടുവെന്ന് ആരോപിക്കപ്പെടുന്ന (ഇവര്‍ ഐ എസിലാണോ അല്ലയോ എന്നത് സ്ഥിരീകരിക്കാന്‍ എന്‍ ഐ എക്ക് ഇതുവരെ സാധിച്ചിട്ടില്ല) ആളുകള്‍ താമസിച്ചിരുന്ന പടന്നക്ക് സമീപത്ത് ഒരു തെരുവിന് ഫലസ്തീന്‍ സ്ട്രീറ്റ് എന്ന് പേരിട്ടുവെന്നത് ദേശീയ മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായിരുന്നു. കേരളം പാകിസ്ഥാനാണെന്ന് മറ്റൊരു ദേശീയ മാധ്യമം പ്രചരിപ്പിച്ചു. നിര്‍ബന്ധിത മതംമാറ്റം വലിയ തോതില്‍ നടക്കുന്ന ഇടമായും കേരളം ചിത്രീകരിക്കപ്പെട്ടു.
സംഘ്പരിവാരത്തിന് വലിയ സ്വാധീനം നേടാന്‍ കഴിയാത്ത ഇടമായി തുടരുകയാണ് കേരളം. സംഘ്പരിവാറിന്റെ വര്‍ഗീയ ധ്രൂവീകരണ ശ്രമങ്ങളോടും നരേന്ദ്ര മോഡി സര്‍ക്കാറിന്റെ ഹിന്ദുത്വ – ഏകാധിപത്യ അജണ്ടകളോടും ശക്തമായി പ്രതികരിക്കുന്ന ഇടവുമാണ്. സംഘ്പരിവാരവുമായി ബന്ധമുള്ള സംഘടനകളുടെ പ്രവര്‍ത്തകര്‍ ഗോ സംരക്ഷണത്തിന്റെ പേരിലും മാട്ടിറച്ചി സൂക്ഷിച്ചുവെന്ന് ആരോപിച്ചും മുസ്‌ലിംകളെയും ദളിതുകളെയും ആക്രമിക്കുകയും ചിലരെ കൊലപ്പെടുത്തുകയും ചെയ്യുമ്പോള്‍ മറ്റിടങ്ങളിലുണ്ടാകാത്ത വിധത്തിലുള്ള പ്രതിഷേധം ഈ മണ്ണില്‍ നിന്നുണ്ടാകുന്നുണ്ട്. അതുകൊണ്ടൊക്കെയാകണം കേരളത്തെ ലക്ഷ്യമിടാന്‍ സംഘ്പരിവാരം തീരുമാനിച്ചത്, അതിന് ദേശീയ മാധ്യമങ്ങളെ ഉപയോഗപ്പെടുത്തുന്നത്. ഇതിന് പറ്റിയ ആയുധങ്ങളിലൊന്നായി നിര്‍ബന്ധിത മതം മാറ്റം, ഐ എസില്‍ ചേരാന്‍ നിര്‍ബന്ധിക്കല്‍ എന്നീ ആരോപണങ്ങളെ സംഘ്പരിവാരം കാണുന്നുണ്ട്. മുന്‍കാലങ്ങളില്‍ ആരോപിക്കുകയും എന്നാല്‍ കേരള സമൂഹം തള്ളിക്കളയുകയും ചെയ്ത ലവ് ജിഹാദ്, പിന്നീട് ഉത്തര്‍പ്രദേശിലും മറ്റും സംഘ്പരിവാര്‍ ഉന്നയിക്കുകയും, വര്‍ഗീയ സംഘര്‍ഷങ്ങള്‍ സൃഷ്ടിച്ചെടുത്ത്, ഭൂരിപക്ഷ മത വിഭാഗക്കാരുടെ വോട്ടുകള്‍ ഏകീകരിക്കുന്നതില്‍ വിജയം കാണുകയും ചെയ്തിരുന്നു. ഹാദിയ കേസിനെ ലവ് ജിഹാദിന് തെളിവായി ചിത്രീകരിക്കാന്‍ സാധിച്ചാല്‍, കേരളത്തില്‍ ഉത്തര്‍പ്രദേശ് ആവര്‍ത്തിക്കാന്‍ സാധിക്കുമെന്ന് അവര്‍ സ്വപ്‌നം കാണുന്നുണ്ടാകണം. അതിന് കേന്ദ്ര സര്‍ക്കാര്‍ ഒത്താശ ചെയ്യുന്നുവെന്ന് വേണം കരുതാന്‍. അതുകൊണ്ടാണ് എന്‍ ഐ എ അന്വേഷണം ആവശ്യമാണെന്ന് അവര്‍ സുപ്രീം കോടതിയില്‍ വാദിച്ചത്.

വിദ്വേഷം വളര്‍ത്താനും വര്‍ഗീയ ധ്രുവീകരണം സാധ്യമാക്കുന്നതിനും ലക്ഷ്യമിട്ടുള്ള ഈ ശ്രമങ്ങള്‍ക്ക് ഈട് പകരുന്നുണ്ടോ നമ്മുടെ കോടതികളുടെ തീരുമാനങ്ങള്‍ എന്ന സംശയം ഉയരുകയാണ്. പശു സംരക്ഷണത്തിന്റെ കാര്യത്തിലും മറ്റും നീതിന്യായ സംവിധാനത്തിന്റെ ഉയര്‍ന്നതലങ്ങളിലുള്ളവര്‍ പ്രകടിപ്പിച്ച അഭിപ്രായ പ്രകടനങ്ങള്‍, ഹിന്ദുത്വ അജണ്ടകളുമായി എത്രത്തോളം ചേര്‍ന്നു നില്‍ക്കുന്നതാണ് എന്ന് കാണുമ്പോള്‍ ഈ സംശയം അസ്ഥാനത്താണെന്ന് പറയുക വയ്യ. ലോക്‌സഭയില്‍ ബി ജെ പി കേവല ഭൂരിപക്ഷം നേടുകയും നരേന്ദ്ര മോഡി സര്‍ക്കാര്‍ അധികാരത്തിലേറുകയും ചെയ്തതോടെ ഹിന്ദുത്വ അജണ്ടകളെ കൂടുതല്‍ താലോലിക്കുന്ന നിലപാടിലേക്ക് നമ്മുടെ സംവിധാനങ്ങളൊക്കെ മാറിത്തുടങ്ങിയിരുന്നു. അതിന് വേഗം കൂടിക്കൊണ്ടിരിക്കുകയാണ്. ആ അജണ്ടകളെ അംഗീകരിക്കാത്തവരില്‍ വലിയൊരു വിഭാഗം മൗനത്തിലേക്ക് വിടവാങ്ങുകയും ചെയ്തു. അതേ അവസ്ഥയിലേക്ക് നീതിന്യായ സംവിധാനവും മാറുകയാണോ എന്ന ആശങ്കയാണ് ഹാദിയ കേസിലെ കേരള ഹൈക്കോടതിയുടെയും സുപ്രീം കോടതിയുടെയും തീരുമാനങ്ങള്‍ സമ്മാനിക്കുന്നത്.

ഭരണഘടന വ്യക്തികള്‍ക്ക് നല്‍കുന്ന അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ബാധ്യസ്ഥമാണ് നമ്മുടെ ന്യായാസനങ്ങള്‍. ഭരണഘടനാദത്തമായ അവകാശങ്ങളെ ലംഘിക്കുന്ന വിധത്തിലുള്ള തീരുമാനങ്ങളോ നിയമ നിര്‍മാണങ്ങളോ സര്‍ക്കാറുകളുടെ ഭാഗത്തുനിന്നുണ്ടായാല്‍ അത് പരിശോധിച്ച്, തീര്‍പ്പുകല്‍പിക്കേണ്ട വലിയ ഉത്തരവാദിത്വം അവക്കുണ്ട്. രാജ്യത്ത് ജനാധിപത്യ സമ്പ്രദായം ഇപ്പോഴും തുടരുന്നതില്‍ ന്യായാസനങ്ങള്‍ക്കുള്ള ഈ അധികാരം വലിയ പങ്കാണ് വഹിക്കുന്നത്. ആ അധികാരം ഉപയോഗിക്കേണ്ടെന്ന് അവര്‍ തീരുമാനിക്കുകയും പൗരന്റെ അവകാശങ്ങള്‍ റദ്ദുചെയ്യാന്‍ സര്‍ക്കാറിന് അവകാശമുണ്ടെന്ന് വിധിക്കുകയും ചെയ്തപ്പോഴാണ് ഇന്ത്യന്‍ യൂണിയന്‍ ആദ്യമായി അടിയന്തരാവസ്ഥയുടെ കുരുതി പര്‍വത്തിലേക്ക് തള്ളപ്പെട്ടത്. പ്രായപൂര്‍ത്തിയായവര്‍ക്ക് സ്വയംവരത്തിനുള്ള അവകാശം നിഷേധിക്കുകയും സഞ്ചാര സ്വാതന്ത്ര്യം പോലും ഇല്ലാതാക്കുകയും ആരോപണങ്ങളെക്കുറിച്ച് വ്യക്തത നല്‍കാന്‍ പ്രാഥമികമായി ചുമതലപ്പെട്ട വ്യക്തിയുടെ ഭാഗം കേള്‍ക്കാതെ തീരുമാനങ്ങള്‍ എടുക്കുകയും ചെയ്യുമ്പോള്‍, നരേന്ദ്ര മോഡി ഭരണകൂടം നടപ്പാക്കുന്ന ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെടാത്ത അടിയന്തരാവസ്ഥയെ പിന്തുണക്കുന്ന അവസ്ഥയിലേക്ക് ന്യായാസനങ്ങള്‍ എത്തിപ്പെടുകയാണ്. എല്ലാത്തരം സ്വയംവര വേദികളില്‍ നിന്നും തട്ടിക്കൊണ്ടുപോകാന്‍ മടിക്കാത്ത ഭീഷ്മരുടെ ഏകാധിപത്യത്തിനാണ് നീതിന്യായ സംവിധാനത്തിന്റെ പിന്തുണ. ഇന്ന് ഹാദിയയുടെ കാര്യത്തില്‍ നീതിന്യായ പീഠം എടുത്ത തീരുമാനം, അതിലേക്ക് അവരെ പ്രേരിപ്പിച്ച ഭരണകൂടത്തിന്റെ നിലപാട് നാളെ രാജ്യത്തെ ഏത് പൗരനെയും തേടിയെത്താം. അതൊരു മുന്നറിയിപ്പാണ്, ഭീഷണിപ്പെടുത്തലുമാണ്.

രാജീവ് ശങ്കരന്‍

One Response to "ഹാദിയ: സംഘ്പരിവാറിന്റെ ലക്ഷ്യം കേരളമാണ്"

  1. ranees  September 10, 2017 at 2:08 pm

    ഹാദിയക്കെതിരെ കോടതി നടത്തിയ ക്രൂരതയെക്കാൾ വലുതാണ് ഇടതു സർക്കാരും പോലീസും അവൾക്കെതിരെ ഇപ്പോൾ ചെയ്യുന്നത്. കോടതി ഹാദിയക്ക് നൽകാൻ പറഞ്ഞ സംരക്ഷണത്തെ തടങ്കൽ ആക്കി മാറ്റിയത് ഭരണകൂടമാണ്. ഹാദിയക്കെതിരെ ഹൈക്കോടതിയിലും സുപ്രീം കോടതിയിലും മൊഴി നൽകിയതും കേരളം സർക്കാർ തന്നെ. ഹാദിയയെ കാണാൻ പത്രപ്രവർത്തകരെ അനുവദിക്കാതിരുന്ന, മനുഷ്യാവകാശ കമ്മീഷനെയും വനിതാ കമ്മീഷനെയും ചങ്ങലക്ക് ഇട്ടിരിക്കുന്ന, ഹാദിയയെ നിർബന്ധ മതപരിവർത്തനത്തിന് നിരന്തരം ശ്രമിച്ചു കൊണ്ടിരിക്കുന്ന അവളുടെ അച്ഛനെതിരെ കേസ് എടുക്കാതിരിക്കുന്ന, നിസ്കരിക്കാനുള്ള അവളുടെ സ്വാതന്ത്രം ഹനിക്കപ്പെട്ടു എന്ന് വ്യക്തമായിട്ടും അതിനെതിരെ നിയമ നടപടി സ്വീകരിക്കാത്ത പിണറായി സർക്കാരിന് എതിരെ നിങ്ങളെന്തു കൊണ്ട് ഒന്നും പറയുന്നില്ല….? ഇപ്പോൾ അവൾ അനുഭവിക്കുന്ന ഏറ്റവും വലിയ പ്രശ്നം സങ്കിയോ കോടതിയോ അല്ല . ഇടതു സർക്കാർ അവൾക്കെതിരെ നടത്തുന്ന മനുഷ്യാവകാശ ലംഘനമാണ്.

You must be logged in to post a comment Login