സാഹിത്യ പ്രവര്‍ത്തനം ഓട്ടമത്സരമല്ല

സാഹിത്യ പ്രവര്‍ത്തനം ഓട്ടമത്സരമല്ല

മതസംഘടനകളുടെ മുന്‍കൈയില്‍ നടക്കുന്ന സാഹിത്യോത്സവ് പോലുള്ള കലാ, സാഹിത്യ പരിശ്രമങ്ങളെ എങ്ങനെയാണ് വിലയിരുത്തുന്നത്?

കെ പി രാമനുണ്ണി: കേരളത്തിലെ മുസ്‌ലിംകളുടെ സര്‍വതോന്മുഖ വികസനത്തിനും യശസിനും അന്തസ്സിനും നിദാനമായിട്ടുള്ളത് മലയാള ഭാഷ കൂടിയാണ്. മറ്റു ചില സംസ്ഥാനങ്ങളില്‍ മുസ്‌ലിംകള്‍, ചരിത്രപരമായ കാരണങ്ങളാല്‍ മുഖ്യധാരയിലുള്ള ഭാഷയല്ല സംസാരിക്കുന്നത്. അങ്ങനെയുള്ള പ്രദേശങ്ങളില്‍ മുഖ്യധാരയില്‍ നിന്ന് മുസ്‌ലിംകള്‍ പുറന്തള്ളപ്പെട്ടതായി കാണാം. പിന്നെപ്പിന്നെ അവര്‍ പാര്‍ശ്വവല്‍കൃതരായി അന്തസ്സ് ലഭിക്കാത്തവരായി മാറുകയും ചെയ്യുന്നു. കേരളത്തില്‍ ഈ ദുര്യോഗമില്ല. ഇവിടുത്തെ മത ന്യൂനപക്ഷങ്ങളും ജാതി ന്യൂനപക്ഷങ്ങളും മലയാള ഭാഷ ഉപയോഗിക്കുന്നവരാണ്. എത്രയോ കാലമായി മലയാള സാഹിത്യത്തിലും അവര്‍ക്ക് ഇടമുണ്ട്.

മുസ്‌ലിം ന്യൂനപക്ഷം മതാഭിമുഖ്യത്തോടെ വിശുദ്ധഗ്രന്ഥത്തിന്റെ ഭാഷ എന്ന നിലക്ക് അറബി പഠിക്കുന്നു. അറബിയും മലയാളവും ചേര്‍ത്തുവെച്ച് അറബി മലയാളം എന്ന പുതിയ ഭാഷ തന്നെ അവര്‍ രൂപപ്പെടുത്തിയിട്ടുണ്ട്.ഇതെല്ലാം ന്യൂനപക്ഷങ്ങളുടെ പ്രാധാന്യം കേരളത്തില്‍ വര്‍ധിപ്പിച്ച ഘടകമാണ്. സി വി രാമന്‍പിള്ള മുതല്‍ എഴുത്തുകാര്‍ അവരുടെ സാഹിത്യകൃതികളില്‍ മുസ്‌ലിംകളെ അന്തസ്സ് കുറഞ്ഞവരായല്ല ചിത്രീകരിച്ചിട്ടുള്ളത്; സ്വഭാവ വൈശിഷ്ട്യമുള്ളവരും സന്മാര്‍ഗികളും ധര്‍മ്മനിഷ്ഠയുള്ളവരുമായാണ്. എങ്കിലും മുഖ്യധാരാസാഹിത്യത്തില്‍ അത്ര സജീവമായി ഇടപെടാന്‍ മുസ്‌ലിംകള്‍ക്കു അക്കാലത്തു കഴിഞ്ഞിരുന്നില്ല. പിന്നീട് ബഷീറൊക്കെ വരുമ്പോഴാണ് മുഖ്യധാരയില്‍ മുസ്‌ലിം ജീവിതം കടന്നുവരുന്നത്. ബഷീറിന് പിറകെയും ഒരുപാട് എഴുത്തുകാര്‍ മുസ്‌ലിം ജീവിതം ആവിഷ്‌കരിച്ചു.

മുസ്‌ലിംകള്‍ക്കിടയില്‍ നിന്ന് ധാരാളം പ്രസിദ്ധീകരണങ്ങളുണ്ടായി, മികച്ച രചനകളുണ്ടായി. ഇതിന്റെയൊക്കെ തുടര്‍ച്ചയായാണ് സാഹിത്യോത്സവിനെ കാണേണ്ടത്. 24 വര്‍ഷമായി എസ് എസ് എഫ് നടത്തുന്ന സാഹിത്യോത്സവ് വലിയൊരു കുതിച്ചുചാട്ടമാണ്. ഇതിന്റെ പ്രധാന പ്രത്യേകത ഇത് വരേണ്യ വിഭാഗത്തിന് വേണ്ടിയുള്ള ഒരേര്‍പ്പാടല്ല എന്നതാണ്. പണത്തിന്റെ പളപളപ്പ് പ്രകടിപ്പിക്കുന്ന വേദിയുമല്ല. ഗ്രാമങ്ങളില്‍ നിന്ന് താഴെ തട്ടിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി മത്സരം സംഘടിപ്പിച്ച് അവരില്‍നിന്ന് കഴിവുള്ളവരെ ഉയര്‍ത്തിക്കൊണ്ടുവരുന്ന പരിശ്രമം എന്ന നിലക്ക് കൂടി സാഹിത്യോത്സവ് വേറിട്ടുനില്‍ക്കുന്നു. നമ്മുടെ സാംസ്‌കാരികധാരകളോട് വളരെയധികം ചേര്‍ന്നുനില്‍ക്കുന്ന സുന്നിപ്രസ്ഥാനത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന എസ് എസ് എഫ് സാഹിത്യോത്സവിലൂടെ ആ പാരമ്പര്യത്തെ കൂടുതല്‍ തിളക്കമുള്ളതാക്കുകയാണ്.

പൊതുബോധത്തിന്റെ മുന്‍വിധികള്‍

മുസ്‌ലിം സമുദായവും മുഖ്യധാരാ സാഹിത്യവും തമ്മിലുള്ള കൊടുക്കല്‍ വാങ്ങലുകളെ കുറിച്ച് പറഞ്ഞു. പക്ഷെ, ഇപ്പോഴും ചില എഴുത്തുകാര്‍ മുസ്‌ലിംകളെ മുന്‍വിധിയോടെ സമീപിക്കുന്നു എന്നതാണ് ബിരിയാണിയിലെ കലന്തന്‍ ഹാജിയെയും സിറാജുന്നിസയിലെ ബഷീര്‍ അഹമ്മദ് ഫൈസിയെയും വായിക്കുമ്പോള്‍ മനസിലാകുന്നത്. ബഹുഭാര്യത്വം അത്യപൂര്‍വമായ കാലത്തും എഴുത്തുകാര്‍ നാലാം കെട്ടുകാരായ മുസ്‌ലിം കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു?

രാമനുണ്ണി: മുസ്‌ലിംകളെ കുറിച്ച് മുന്‍വിധികള്‍ സൃഷ്ടിക്കാന്‍ ലോകവ്യാപകമായി തന്നെ ശ്രമങ്ങള്‍ നടക്കുന്നുണ്ട്. അത്തരം പ്രചാരണങ്ങള്‍ അറിയാതെയെങ്കിലും നമ്മുടെ അബോധമനസ്സില്‍ കടന്നു പ്രവര്‍ത്തിക്കാറുണ്ട്. അതേസമയം, ഏച്ചിക്കാനം അത്തരമൊരു കലന്തന്‍ ഹാജിയെ എപ്പോഴെങ്കിലും കണ്ടുമുട്ടുന്നുണ്ടാകാം. അദ്ദേഹത്തെ കഥയിലേക്ക് കൊണ്ടുവന്നതാകാം.

പി കെ പാറക്കടവ്: മുസ്‌ലിം സമുദായം ആദ്യകാലങ്ങളില്‍ എഴുത്തു മേഖലയില്‍ നിന്ന് മാറി നിന്നിരുന്നു എന്നത് സത്യമാണ്. അതിനു ചരിത്രപരമായ കാരണങ്ങളുണ്ട്. പക്ഷേ, അന്നും മുസ്‌ലിംകള്‍ നിരക്ഷരരല്ല. അവര്‍ക്ക് അറബിമലയാളം ഉണ്ടായിരുന്നു. മോയിന്‍കുട്ടി വൈദ്യരുടെയടക്കം കൃതികളുണ്ടായിരുന്നു. ബഷീര്‍ വരുന്നതോടെ ആ മേഖലയില്‍ കൂടുതല്‍ ഉണര്‍വുണ്ടായിട്ടുണ്ട്. മുസ്‌ലിംകളെ കുറിച്ചുള്ള മുന്‍വിധികള്‍ ഇപ്പോഴും തുടരുന്നതിന്റെ കാരണം ചികയേണ്ടത് നമ്മുടെ പൊതുബോധത്തിലാണ്. കേരളത്തിന്റെ പൊതുബോധം പൊതുവില്‍ മുസ്‌ലിംകള്‍ക്കും ദളിതര്‍ക്കും സ്ത്രീകള്‍ക്കും എതിരാണ്. പൊതുബോധം സൃഷ്ടിച്ചു വെച്ച വാര്‍പ്പുമാതൃകകളും തീര്‍പ്പുകളും മറികടക്കുന്നതിന് ചില എഴുത്തുകാര്‍ക്കെങ്കിലും കഴിയാതെ പോകുന്നെങ്കില്‍ അതിന്റെ ഉത്തരവാദികള്‍ അവര്‍ മാത്രമല്ല. അവര്‍ വായിക്കുന്ന പത്രങ്ങള്‍, പുസ്തകങ്ങള്‍, അവര്‍ കാണുന്ന ചാനലുകള്‍..എല്ലാം കൂടി രൂപപ്പെടുത്തുന്നതാണ് അവരുടെ മുന്‍വിധികള്‍. അതിനെ മറി കടക്കണമെങ്കില്‍, ചിന്താപരവും അതേസമയം ധീരവുമായ ഇടപെടലുകള്‍ ഉണ്ടാകണം. രാമനുണ്ണിയുടെ മതേതര സംസാരങ്ങള്‍ അത്തരമൊരു ഇടപെടലായി കാണണം. അങ്ങനെ എഴുതാനും ഇടപെടാനും കഴിയണമെങ്കില്‍ എഴുത്തുകാര്‍ക്ക് മൂന്നാംകണ്ണ് വേണം. എഴുത്തിലും പ്രസാധന രംഗത്തും സാഹിത്യമേഖലയിലുമൊക്കെ മുസ്‌ലിംകള്‍ ഉണ്ടാക്കിയെടുത്ത വലിയ മുന്നേറ്റങ്ങള്‍ നമ്മുടെ മുമ്പിലുണ്ട്. എന്നിട്ടും അവരെ കുറിച്ചുള്ള മുന്‍വിധികളാണ് ഇപ്പോഴും ചില രചനകളില്‍ കാണുന്നതെങ്കില്‍ പൊതുബോധം കാര്യമായ ചികിത്സ അര്‍ഹിക്കുന്നു എന്നാണ് അതിനര്‍ത്ഥം.

രാമനുണ്ണി: ഈ ആധുനിക കാലത്തും പൊതുബോധം വലിയ അളവില്‍ പലരെയും സ്വാധീനിക്കുന്നു എന്നതാണ് പ്രധാനമായ കാര്യം. സീരിയലുകളിലൊക്കെ ഇതടങ്ങിയിട്ടുണ്ട്. പൊതുബോധത്തെ ചോദ്യം ചെയ്യുന്ന കഥകളും നോവല്‍ ഭാഗങ്ങളും സ്പര്‍ശിക്കാതെ കടന്നുപോകുന്ന നിരൂപകരുമുണ്ട്.

കഥാ ജീവിതവും മുസ്‌ലിം സ്വത്വവും

നിങ്ങളുടെ കഥാലോകത്തെ കുറിച്ചു സംസാരിക്കുകയാണെങ്കില്‍, രണ്ടു പേരുടെയും ആദ്യകഥയുടെ പ്രമേയം മരണമാണ്. ഒരു വ്യക്തിയുടെ കഥ അവസാനിക്കുന്നത് മരണത്തോടെയാണ്. എന്നാല്‍ നിങ്ങളുടെ കഥാജീവിതം ആരംഭിക്കുകയാണ് രണ്ടു മരണങ്ങളിലൂടെ.

രാമനുണ്ണി: ജീവിതവീക്ഷണപരമായി ഞാനും പാറക്കടവും പലകാര്യങ്ങളിലും സമാനതയുള്ളവരാണ്. ജീവിതത്തിലെ നെറികേടുകള്‍, അനീതികള്‍, അധര്‍മങ്ങള്‍.. ഇവയോടെല്ലാം രോഷത്തോടെ പ്രതികരിക്കുകയും അതിനെ എതിര്‍ക്കുകയും ചെയ്യുന്ന രീതിയാണ് ഞങ്ങളുടെ കഥകളില്‍ ഉള്ളത്. ചരിത്രത്തില്‍ ഞങ്ങള്‍ വന്ന ഒരു കാലത്തിന്റെ മുദ്രയും കൂടിയാണത്. അധര്‍മ്മങ്ങളെയും അനീതികളെയുമൊക്കെ നിരാശാഭരിതമായ ജീവിതാവസ്ഥയായി സമീപിക്കുന്നതിന് പകരം ജീവിതത്തെ അയോഗ്യമാക്കുന്ന അവസ്ഥകളുടെ പിറകിലുള്ള രാഷ്ടീയവും സാമൂഹികവുമായ ശക്തികളെ കണ്ടെത്തി അതിനെ എതിര്‍ക്കുന്ന ഒരു സ്വഭാവമാണ് ഞങ്ങളുടെ തലമുറയുടേത്. അടിച്ചമര്‍ത്തപ്പെടുന്ന സ്ത്രീയോട്, സാമ്രാജ്യത്വത്തോട്, പുരുഷാധിപത്യത്തോട്, പണാധിപത്യത്തോട് രൂക്ഷമായി പ്രതികരിക്കുന്നവയാണ് പാറക്കടവിന്റെ കഥകള്‍. എന്റെ നോവലുകളിലാകട്ടെ, അത്തരം കാര്യങ്ങളോട് പ്രതികരിക്കുമ്പോള്‍ തന്നെ നന്മയുടേതായ ഒരു ബദല്‍ ജീവിതം മുന്നോട്ടു വെക്കുകയും ചെയ്യുന്നു. മരണത്തെ പോലും, സാമൂഹ്യാവസ്ഥയെ ചൂണ്ടിക്കാട്ടാനും ജീവിതത്തെ പ്രതീക്ഷാഭരിതമാക്കാനുമുള്ള പ്രമേയമായി കാണുകയാണ്. അതേസമയം കഥയുടെ ക്രാഫ്റ്റില്‍ ഞങ്ങള്‍ രണ്ടു ധ്രുവങ്ങളിലാണ്. എന്റെ കഥകള്‍ വലിപ്പം കൂടിയവയാണ്, പാറക്കടവിന്റെത് വളരെ ചെറിയ കഥകളാണ്.

മുസ്‌ലിം സ്വത്വം എപ്പോഴെങ്കിലും പ്രശ്‌നമായി തോന്നിയിട്ടുണ്ടോ?

പി.കെ: ഉണ്ടെങ്കില്‍ തന്നെ അത് പൊതുബോധത്തിന്റെ തകരാറായി മാത്രമേ ഞാന്‍ കരുതുന്നുള്ളൂ. അതിനെ മറികടക്കാനുള്ള ആത്മവിശ്വാസം എനിക്കുണ്ട്.സച്ചിദാനന്ദനോ രാമനുണ്ണിയോ പറയുന്ന ഒരു കാര്യം എനിക്ക് പറയാന്‍ കഴിയാത്ത സ്തിഥിവിശേഷം നിലവിലുണ്ടെങ്കില്‍ അത് എന്റെ കുഴപ്പമല്ല. ഈ പൊതുബോധത്തിന്റെയും കപട മതേതരത്വത്തിന്റെയും പ്രശ്‌നമാണ്. ബഷീര്‍ മലയാളത്തിലെ ഏറ്റവും വലിയ എഴുത്തുകാരനാണ് എന്ന് ഞാന്‍ പറയുമ്പോള്‍ ബഷീറിന്റെ എഴുത്തിനാണ് ഞാന്‍ മാര്‍ക്കിടുന്നത് എന്ന് മനസിലാക്കാതെ ആരെങ്കിലും വിമര്‍ശിക്കുന്നെങ്കില്‍ ഞാനതില്‍ വേവലാതിപ്പെടുന്നില്ല.

ഇതിനൊരു മറുവശവുമുണ്ട്. ബഷീറിനെ എന്‍ എസ് മാധവന്‍ വിമര്‍ശിച്ചപ്പോള്‍ അത് വര്‍ഗീയമായി വ്യാഖ്യാനിച്ചവരുണ്ട്. അവിടെ ബഷീറിന്റെയും മാധവന്റെയും മതം പ്രശ്‌നവത്കരിക്കപ്പെട്ടു?

രാമനുണ്ണി: എന്‍ എസ് മാധവനോട് ആ പ്രതികരണം ഒട്ടും നന്നായില്ല. മുസ്‌ലിം വിഹ്വലതകളെ ഗൗരവതരമായി ആവിഷ്‌കരിച്ചവരാണ് മാധവനും സച്ചിദാനന്ദനുമൊക്കെ. അവരെയെല്ലാം മതത്തിന്റെ കണ്ണാടിയിലൂടെ കാണുന്നത് ശരിയല്ല. മുസ്‌ലിംകളുടെ അരക്ഷിതബോധത്തില്‍ നിന്ന് കൂടിയാണ് മാധവനെതിരായ ആ വിമര്‍ശമുണ്ടായത് എന്നും ഞാന്‍ വിചാരിക്കുന്നു. തങ്ങള്‍ ഒതുക്കപ്പെടുകയാണ് എന്ന തോന്നല്‍ ശക്തിപ്പെടുന്ന ഒരു സമയത്ത്, ബഷീര്‍ മുസ്‌ലിമായത് കൊണ്ടാണോ അദ്ദേഹത്തെ മോശമാക്കുന്നത് എന്ന് അവരില്‍ ചിലര്‍ ചിന്തിച്ചിരിക്കാം. അന്യവത്കരണത്തിന്റേതായ മാനസികാവസ്ഥ മുസ്‌ലിംകളില്‍ സൃഷ്ടിക്കുന്നതും അത്തരം മാനസികാവസ്ഥക്ക് അവര്‍ അടിമപ്പെടുന്നതും ആരോഗ്യകരമല്ല.

ദൈവത്തിന്റെ പുസ്തകം
മലയാളത്തില്‍ സമീപകാലത്ത് നന്നായി വായിക്കപ്പെട്ട നോവലാണ് രാമനുണ്ണിയുടെ ദൈവത്തിന്റെ പുസ്തകം. പ്രവാചകന്‍ കഥാപാത്രമായി വരുന്ന നോവല്‍ എന്ന സവിശേഷതയും അതിനുണ്ട്. അത് പ്രസിദ്ധീകരിക്കാന്‍ ധൈര്യം കാണിച്ച പത്രാധിപര്‍ എന്ന നിലയിലും വായനക്കാരന്‍ എന്ന നിലയിലും നോവലിനെ കുറിച്ച് എന്തുപറയുന്നു?
പി കെ: വളരെ കാലം മുമ്പ് എന്‍ പി മുഹമ്മദ് പ്രവാചക പത്‌നി ആഇശയെ കഥാപാത്രമാക്കി ഒരു നോവല്‍ എഴുതാന്‍ ഉദ്ദേശിക്കുന്നുവെന്നും കേരളത്തില്‍ അത് സാധിക്കില്ലെന്നും പറഞ്ഞൊഴിഞ്ഞതാണ്. ആ ഒരവസ്ഥയിലാണ് നബിയെ തന്നെ കഥാപാത്രമാക്കി രാമനുണ്ണി ഒരു നോവലെഴുതുന്നത്. നബിയെ ഏതെങ്കിലും നിലക്ക് കഥയിലേക്കോ നോവലിലേക്കോ കൊണ്ടുവന്നാല്‍ വലിയ പ്രശ്‌നമാണ് എന്ന് പലരും പറഞ്ഞിരുന്നു. പക്ഷേ, നോവല്‍ വായിച്ച ഇസ്‌ലാം മതവിശ്വാസികളും വായനക്കാരും നല്ല രീതിയിലാണ് പ്രതികരിച്ചത്. സദുദ്ദേശ്യത്തോടെയും മത സൗഹാര്‍ദത്തിനും വേണ്ടിയുള്ള രചനയായി വായനക്കാര്‍ ഇതിനെ കണ്ടു.

രാമനുണ്ണി: പി കെ പാറക്കടവ് സ്വന്തം ഉത്തരവാദിത്വത്തില്‍ ഇത് പ്രസിദ്ധീകരിക്കാന്‍ ധൈര്യം കാണിച്ചു എന്നത് വളരെ പ്രധാനമാണ്. മാത്രമല്ല, അങ്ങേയറ്റത്തെ സൂക്ഷ്മത ഈ കാര്യത്തില്‍ പി കെ പുലര്‍ത്തുകയും ചെയ്തു. ദൈവത്തിന്റെ പുസ്തകം വിജയിപ്പിക്കുന്നതില്‍ എഡിറ്ററെന്ന നിലക്ക് പാറക്കടവ് നിര്‍വഹിച്ച പങ്ക് നിസ്തുലമാണ്. നബിയെ പ്രസംഗത്തില്‍ പോലും പരാമര്‍ശിക്കാന്‍ പേടിയാണ് എന്ന് പലരും എന്നോട് പറഞ്ഞിട്ടുണ്ട്. പൊന്നാനിക്കാര്‍ക്ക് മാപ്പിളമാരെ പേടിയില്ല എന്ന് ഞാനവരോട് മറുപടി പറഞ്ഞു. നമ്മള്‍ അന്യരാണ് എന്ന് തോന്നുമ്പോഴാണ് പേടിയുണ്ടാകുന്നത്.സ്വന്തം ആള്‍ക്കാരെ ഭയക്കേണ്ടതില്ലല്ലോ. നബിയോടുള്ള സ്‌നേഹത്തെ ഉല്പാദിപ്പിക്കുന്ന ഒരു രചനയായി നോവല്‍ മാറി എന്നത് ഒരു സൗഭാഗ്യമായി ഞാന്‍ കരുതുന്നു.

പി കെ: നബിയുടെ വിവാഹം മോശമായാണ് പലരും ചിത്രീകരിച്ചതും ചര്‍ച്ച ചെയ്തതും. പക്ഷേ, രാമനുണ്ണി വളരെ പോസിറ്റീവായും മാനുഷികമായുമാണ് നോവലില്‍ നബിവിവാഹങ്ങള്‍ അവതരിപ്പിക്കുന്നത്. ചരിത്രത്തോടുള്ള ഈ സത്യസന്ധതയും നോവലിന്റെ സ്വീകാര്യതക്ക് കാരണമായിട്ടുണ്ട്. ആ നിലക്ക്, പൊതുബോധത്തെ മറികടന്ന് സത്യത്തെ കണ്ടെത്താനുള്ള ശ്രമവും കൂടിയാണ് ദൈവത്തിന്റെ പുസ്തകം.

രാമനുണ്ണി: കൃഷ്ണനെ എന്നപോലെ തന്നെ ബഹുമാനിക്കപ്പെടേണ്ടയാളാണ് നബിയെന്ന് എന്നെ പഠിപ്പിച്ചത് അമ്മയാണ്. ചെറുപ്പത്തിലേ നമ്മുടെ ഉള്ളിലേക്ക് ആ ബോധം കടത്തിവിടുകയാണ്. അതുകൊണ്ട് തന്നെ എവിടെയെങ്കിലും നബി നിന്ദിക്കപ്പെടുമ്പോള്‍ സ്വന്തക്കാരാരോ അപമാനിക്കപ്പെടുന്നതായാണ് എനിക്ക് തോന്നാറുള്ളത്. അതിനെതിരെ ശക്തമായി പ്രതികരിക്കാറുമുണ്ട്. അപ്പോഴൊക്കെയും രാമനുണ്ണി മതതീവ്രവാദികളെ സപ്പോര്‍ട് ചെയ്യുകയാണ് എന്ന് ചിലര്‍ ആക്ഷേപിച്ചിട്ടുണ്ട്. നബിനിന്ദക്ക് പിറകില്‍ വ്യക്തമായ രാഷ്ട്രീയമുണ്ട്, അത് തിരിച്ചറിയണമെന്നാണ് ഞാന്‍ അവരോട് പറയാറുള്ളത്. നോവലിന് വേണ്ടി നബിയെ വായിച്ചപ്പോഴാണ് എനിക്കൊരു കാര്യം മനസ്സിലായത്; നബി ഒരു മഹാത്ഭുതമാണ്. നബിയെ നിന്ദിക്കുക എന്ന് പറഞ്ഞാല്‍ മനുഷ്യരാശിയെ മുഴുവന്‍ നിന്ദിക്കുന്നതിന് തുല്യമാണത്.ഒരുവിധപ്പെട്ടവരൊന്നും നബിയെ നിന്ദിക്കാന്‍ ധൈര്യപ്പെട്ടിരുന്നില്ല. നബി ഭഗവാന്‍ എന്നാണ് പഴയ ആര്‍ എസ് എസുകാര്‍ പോലും പറഞ്ഞിരുന്നത്. ഇപ്പോഴത്തെ വര്‍ഗീയവാദികള്‍ക്ക് ആ ബഹുമാനവും ഇല്ലാതായിരിക്കുന്നു.

നബിയെ കഥാപാത്രമാക്കിയുള്ള നോവല്‍ എഴുതി എന്ന അഹങ്കാരമല്ല, മലയാളത്തില്‍ തന്നെയാണ് അത് വരേണ്ടത് എന്ന ചിന്തയാണ് എന്റേതെന്ന് ഒരഭിമുഖത്തില്‍ താങ്കള്‍ പറയുന്നുണ്ട്. വിശദീകരിക്കാമോ?

രാമനുണ്ണി: പൗരസ്ത്യര്‍ക്ക് ആത്മീയതയെ ശരിയായി മനസ്സിലാക്കാനുള്ള പ്രാപ്തിയുണ്ട്. എല്ലാ ദൈവദൂതന്മാരും പൗരസ്ത്യരാണല്ലോ. അതൊരു ഘടകമാണ്. മറ്റൊന്ന്, കേരളീയ സംസ്‌കാരത്തില്‍ ആത്മീയത നന്നായി ഉള്‍ച്ചേര്‍ന്നിട്ടുണ്ട്. എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നതാണ് നമ്മുടെ സംസ്‌കാരം. മതപ്രവാചകന്മാരെ നിന്ദിക്കാറില്ല നമ്മള്‍. അവരെ ബഹുമാനിച്ചിട്ടേയുള്ളൂ. അതുകൊണ്ട്, ആ പാരമ്പര്യത്തിനകത്തു തന്നെയാണ് ഇങ്ങനെയൊരു നോവല്‍ ഉണ്ടാകേണ്ടത് എന്ന് ഞാന്‍ വിശ്വസിക്കുന്നു.

മുസ്‌ലിം സൗഹൃദം

മുസ്‌ലിംകളുമായി നല്ല സൗഹൃദം പുലര്‍ത്തുന്ന എഴുത്തുകാരനാണ് രാമനുണ്ണി. പൊതുസമൂഹം ഈ സൗഹൃദത്തെ എങ്ങനെയാണു കാണുന്നത്?

രാമനുണ്ണി: ഉറൂബും ഇടശ്ശേരിയുമൊക്കെ മുസ്‌ലിംകളുമായി നല്ല ബന്ധം സൂക്ഷിച്ചവരാണ്. ആ സ്‌നേഹം അവരുടെ മനസിന്റെ നന്മയായാണ് എല്ലാവരും കണ്ടിരുന്നത്. പക്ഷെ, കാലത്തില്‍ പെട്ടെന്നൊരു മാറ്റമുണ്ടാവുകയാണ്. എന്തോ കാര്യസാധ്യത്തിനു വേണ്ടിയാണോ ഈ സൗഹൃദ നിലപാടെന്നുള്ള, വൃത്തികെട്ട ഒരു ചിന്ത പലരുടെയും മനസ്സില്‍ ഉണ്ടാവുകയാണ്. നിങ്ങളെന്തിനാണ് വല്ലാതെ മുസ്‌ലിംകളെ സപ്പോര്‍ട് ചെയ്യുന്നത് എന്ന, വളരെ അസ്വസ്ഥതയുണ്ടാക്കുന്ന ചോദ്യങ്ങള്‍ ചില സെക്യൂലറിസ്റ്റുകളില്‍ നിന്ന് പോലും ഉണ്ടായിട്ടുണ്ട്. ആ വക ചോദ്യങ്ങള്‍ക്കനുസരിച്ച് നിലപാട് മാറ്റാന്‍ നിന്നാല്‍, നമ്മള്‍ എഴുത്തുകാരല്ലാതായി മാറും.

പി.കെ: ഇതേ പ്രശ്‌നം മുമ്പുമുണ്ടായിട്ടുണ്ട്. ബാല്യകാലസഖിയില്‍ ബഷീര്‍ മാര്‍ക്കകല്യാണം കൊണ്ടുവന്നപ്പോള്‍ പരിഹസിച്ചവരുണ്ട്. അന്ന് ഇവിടെ ഒരു എം പി പോള്‍ ഉള്ളതുകൊണ്ട് അതിനെ മറികടക്കാനായി. ഇന്ന് രാമനുണ്ണിയൊക്കെ എഴുതുമ്പോള്‍ വെപ്രാളപ്പെടുന്ന സെക്യൂലറിസ്റ്റ് വിമര്‍ശനങ്ങളുടെ വേറൊരു രൂപം അന്നേ ഇവിടെയുണ്ട്.

എഴുത്തിന്റെ രാഷ്ട്രീയം
എഴുത്തുകാരില്‍ നിന്ന് കൂടുതല്‍ രാഷ്ട്രീയജാഗ്രത ആവശ്യപ്പെടുന്ന കാലമാണല്ലോ ഇത്. സ്വന്തം രചനകള്‍ നിര്‍വഹിക്കുന്ന രാഷ്ട്രീയധര്‍മ്മത്തെ കുറിച്ചു പറയാമോ?

രാമനുണ്ണി: രാഷ്ട്രീയമായി കറക്ട് ആകണമെന്നുദ്ദേശിച്ചല്ല ഒരു കൃതി എഴുതിത്തുടങ്ങുന്നത്. നമ്മുടെ അവബോധം അങ്ങനെയൊരു ശരിയിലേക്ക് നമ്മെ കൊണ്ടെത്തിക്കുകയാണ്. നബിജീവിതം പ്രമേയമാക്കിയുള്ള നോവല്‍ എഴുതിത്തുടങ്ങുമ്പോള്‍ മോഡി അധികാരത്തില്‍ വന്നിട്ടില്ല, അന്തരീക്ഷം ഇത്ര വഷളായിട്ടുമില്ല. നോവലില്‍ അങ്ങേയറ്റം കാരുണ്യവാനായാണ് നബിയെ ചിത്രീകരിക്കുന്നത്. അത് ഹിന്ദു വര്‍ഗീയവാദികള്‍ക്കുള്ള മറുപടിയായി മാറുകയാണ്. അവര്‍ ആഗ്രഹിക്കുന്നത് അതല്ലല്ലോ. ഇസ്‌ലാം മതത്തിന്റെ പേരില്‍ പ്രവര്‍ത്തിക്കുന്ന തീവ്രവാദികള്‍ക്കും അത് സ്വീകാര്യമാകില്ല. കാരുണ്യവും സമാധാനവുമൊന്നും അവരും ആഗ്രഹിക്കുന്നില്ല. നോവലില്‍ ‘ഹിന്ദുവര്‍ഗീയവാദികള്‍’ക്കെതിരായ ശ്രീകൃഷ്ണനും മുസ്‌ലിം ഭീകരവാദികള്‍ക്കെതിരായ നബിയുമാണ് പ്രത്യക്ഷപ്പെടുന്നത്. കൃഷ്ണനെയും നബിയെയും സഹോദരന്മാരായി അവതരിപ്പിച്ചതിലൂടെ നമ്മുടെ കാലത്തെ യാഥാര്‍ത്ഥ്യബോധത്തോടെ സംബോധന ചെയ്യാനും മനുഷ്യപക്ഷ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കാനും ആ നോവലിന് സാധിച്ചിട്ടുണ്ട്. എന്റെ എല്ലാ സാഹിത്യരചനകളും പ്രത്യക്ഷമായോ പരോക്ഷമായോ ഇങ്ങനെയൊരു ശരിയുടെ രാഷ്ട്രീയം മുന്നോട്ടുവെക്കുന്നുണ്ട്.

പി കെ: ഞാനൊരു പൊളിറ്റിക്കല്‍ റൈറ്ററാണ് എന്നുതന്നെ പറയാം. കക്ഷി രാഷ്ട്രീയമല്ല ഉദ്ദേശിച്ചത്. വ്യക്തമായി തന്നെ രാഷ്ട്രീയം സംസാരിക്കുന്നവയാണ് എന്റെ രചനകള്‍. ഗൊരഖ്പൂരിലെ കുരുന്നുകളുടെ കുരുതിയെ ന്യായീകരിച്ച, വളരെ കൊണ്ടാടപ്പെടുന്ന ചില എഴുത്തുകാരെങ്കിലും നമുക്കിടയിലുണ്ട്.എനിക്കത് അംഗീകരിക്കാന്‍ കഴിയില്ല. ഗൊരഖ്പൂരിലെ കാര്യം പറയുമ്പോള്‍ പനി മരണങ്ങളുടെ പേരില്‍ ഇവിടെയെന്താ പിണറായി വിജയന്‍ രാജിവെക്കാത്തത് എന്ന് മുടന്തന്‍ ന്യായം പറയുന്നവരുമുണ്ട്. ഇരയും വേട്ടക്കാരനുമുണ്ടാകുമ്പോള്‍ ഇരയുടെ പക്ഷത്ത് നില്‍ക്കണമെന്ന ഉറച്ചവിശ്വാസത്തെ അടിസ്ഥാനമാക്കിയുള്ള രാഷ്ട്രീയബോധമാണ് എന്റേത്. ഫലസ്തീന്‍ പ്രമേയമായുള്ള എന്റെ ‘ഇടി മിന്നലുകളുടെ പ്രണയം’ എന്ന നോവലിനെ കുറിച്ച് സച്ചിദാനന്ദന്‍ പറഞ്ഞത്, രാഷ്ട്രീയമായി എങ്ങനെ ഒരു കൃതി എഴുതാം എന്നതിന്റെ ഉദാഹരണമാണിത് എന്നാണ്.
കക്ഷി രാഷ്ട്രീയത്തിനപ്പുറത്ത് ഒരെഴുത്തുകാരന്‍ എവിടെ നില്‍ക്കുന്നു എന്നത് പരമപ്രധാനമായ കാര്യമാണ്; പ്രത്യേകിച്ചും ഇക്കാലത്ത്. ശ്വസിച്ച വായുവിന് ബില്ലുമായി വരുന്ന ഒരു കഥാപാത്രത്തെ, ഗൊരഖ്പൂരില്‍ ദുരന്തമുണ്ടാകുന്നതിന്റെ കാല്‍നൂറ്റാണ്ടു മുമ്പ് ഞാനെന്റെ ഒരു കഥയില്‍ കൊണ്ടുവന്നിട്ടുണ്ട്. ഇപ്പോള്‍ ഓക്‌സിജന്‍ പാര്‍ലറുകളൊക്കെ ധാരാളമുണ്ട്. അതൊന്നുമില്ലാത്ത ഒരു കാലത്ത് വായുവിന് പണം നല്‍കേണ്ടി വരുന്ന ഒരവസ്ഥ ആ കഥയില്‍ പ്രവചിക്കപ്പെട്ടു. അതേകുറിച്ച് എനിക്ക് തോന്നിയിട്ടുള്ളത് എഴുത്തുകാര്‍ക്ക് ചിലപ്പോഴെങ്കിലും വെളിപാടിന്റെ ചില നിമിഷങ്ങളുണ്ടാകാറുണ്ട് എന്നതാണ്.

സാംസ്‌കാരിക പാരമ്പര്യം,മാജിക്കല്‍ റിയലിസം

ജീവിതത്തിന്റെ പുസ്തകത്തിലും സൂഫി പറഞ്ഞ കഥയിലുമൊക്കെ ദൈവത്തിന്റെ പുസ്തകത്തിലെന്നത് പോലെ കളങ്കമില്ലാത്ത മനുഷ്യസൗഹൃദം പ്രമേയമാകുന്നുണ്ട്. സമൂഹത്തില്‍ ഇത്രത്തോളം വര്‍ഗീയ പ്രചാരണങ്ങള്‍ ശക്തി പ്രാപിച്ചിട്ടില്ലാത്ത കാലത്താണ് ആ രചനകളൊക്കെ വരുന്നത്. ഇപ്പോള്‍ അത് വായിക്കുമ്പോള്‍ ഈ കാലത്തേക്കാണ് അത് കൂടുതല്‍ യോജിക്കുന്നത് എന്ന് തോന്നിയിട്ടുണ്ട്. കാര്യങ്ങളെ ഉള്‍കണ്ണില്‍ മുന്‍കൂട്ടി കണ്ട ഒരെഴുത്തുകാരനെ ആ രചനകളില്‍ കാണുന്നു.

അത് എന്റെ വ്യക്തിപരമായ കഴിവല്ല. സമൂഹത്തില്‍ നിന്നുണ്ടാകുന്ന ഉല്പാദനമാണത്. എന്റെ എഴുത്തില്‍ എന്തെങ്കിലും ഗുണമുണ്ടെങ്കില്‍ അത് പൊന്നാനിയുടെ സംസ്‌കാരത്തില്‍ നിന്ന് കിട്ടിയതാണ്. സൂഫി പറഞ്ഞ കഥയിലെ കഥാപാത്രം കാര്‍ത്തി വിവാഹം കഴിഞ്ഞിട്ട് മച്ചിലെ ഭഗവതിയെ വെക്കാന്‍ ഒരു കോവില്‍ വേണമെന്ന് പറയുമ്പോള്‍ അവറു മുസ്‌ലിയാര്‍ ചോദിക്കുന്നുണ്ട്,നിനക്ക് ആരാധിക്കാന്‍ സര്‍വ്വശക്തനായ അല്ലാഹുവിനെ പരിചയപ്പെടുത്തി തന്നിട്ടില്ലേ, പിന്നെന്തിനാണ് ഭഗവതി? അതിന് കാര്‍ത്തി പറയുന്ന മറുപടി ആരാധിക്കാനല്ല, ഓര്‍മിക്കാനാണ് എന്നാണ്. കുറെ വര്‍ഷങ്ങള്‍ക്ക് ശേഷം കമല സുരയ്യ മുസ്‌ലിമായപ്പോള്‍ ഞാന്‍ എന്റെ കൃഷ്ണനെയും കൂട്ടിയിട്ടാണ് പോകുന്നത് എന്ന് പറയുന്നുണ്ട്. അത് അവരുടെ സാംസ്‌കാരിക പാരമ്പര്യത്തിന്റെ ഓര്‍മ നിലനിര്‍ത്താനുള്ള ശ്രമത്തിന്റെ കൂടി ഭാഗമാണ്. അത്തരം ഓര്‍മ്മകള്‍ കൂടി ചേര്‍ന്നതാണല്ലോ നമ്മുടെ വൈവിധ്യം. അത്തരം പാരമ്പര്യങ്ങളെ മാനിക്കുന്നതാണ് ഇസ്‌ലാമിന്റെ സവിശേഷതയും. നോവലില്‍ കാര്‍ത്തി പറഞ്ഞ അതേ വാക്കുകളാണ് പിന്നീട് കമല സുരയ്യയില്‍ നിന്ന് നാം കേള്‍ക്കുന്നത്. പാറക്കടവ് പറഞ്ഞത് പോലെ, രചനകളില്‍ കാണുന്ന പ്രവചനാത്മകമായ പരാമര്‍ശങ്ങള്‍ വെളിപാടിന്റെ ചില നേരങ്ങളില്‍ ഉണ്ടായതാകാം.

പി കെ: നമ്മള്‍ കേട്ടുപരിചയിച്ച മിത്തുകളും കഥകളുമൊക്കെ നമ്മെ വലിയ അളവില്‍ സ്വാധീനിക്കുന്നുണ്ട്. മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം, പാടെ അന്ധവിശ്വാസമെന്ന് ചിലര്‍ തള്ളിക്കളയുന്ന പലതിലും അപാരമായ ഭാവനയും കഥകളും കണ്ടെത്താന്‍ സാധിക്കും. ഞാന്‍ പലപ്പോഴും പറഞ്ഞിട്ടുള്ള ഒരു കാര്യമാണ്, ഞാന്‍ മാജിക്കല്‍ റിയലിസം മനസിലാക്കിയത് മാര്‍ക്വേസിന്റെ കൃതികളില്‍ നിന്നല്ല. എന്റെ തറവാട്ടില്‍ നിന്നാണ്, ഞാന്‍ കേട്ട കുട്ടിക്കഥകളില്‍ നിന്നാണ്. എന്റെ ഉപ്പയുടെ ഒരു കാരണവര്‍ ഉണ്ടായിരുന്നു; ഹസ്സന്‍ അധികാരി. നാട്ടിലെ പ്രബലനായിരുന്നു അദ്ദേഹം. പള്ളിയിലെ ഖാളിയാര്‍ നോമ്പുകാലത്ത് അദ്ദേഹത്തിന്റെ വീട്ടില്‍ കിടക്കാന്‍ വരും. ഒരു ദിവസം കിടക്കാന്‍ വന്നപ്പോള്‍ ഹസ്സനധികാരി ഖാളിയാരോട്, ആലി മുസ്‌ലിയാര്‍ നരിപ്പുറത്ത് യാത്ര ചെയ്യാറുണ്ട് എന്നത് ശരിയാണോ, അതെങ്ങനെയാണ് എന്ന് ചോദിച്ചു. ഖാളിയാര്‍ ഒന്ന് ചിരിക്കുക മാത്രം ചെയ്തു. അന്ന് രാത്രി ഉറങ്ങുമ്പോള്‍ ഹസ്സനധികാരിയുടെ കാലിന്റെ ഭാഗത്ത് ഒരു നരി വന്നിട്ട് നഖം കൊണ്ട് കോറുന്നു. ഉണര്‍ന്നു നോക്കുമ്പോള്‍ ഒരു നരി അവിടെ നില്പുണ്ട്. എന്റെ ഉപ്പയൊക്കെ പറഞ്ഞുതന്ന കഥയാണ്. സത്യമായിരുന്നാലും അല്ലെങ്കിലും അത്രയും വലിയ മാജിക്കല്‍ റിയലിസം ഞാനൊരു കൃതിയിലും വായിച്ചിട്ടില്ല. അങ്ങനെയുള്ള കഥകളെ അസംബന്ധം, കെട്ടുകഥ, അന്ധവിശ്വാസം എന്നൊക്കെ പറഞ്ഞു തള്ളിക്കളയുന്നതിനു പകരം അതിലെ സാഹിത്യപരമായ സൗന്ദര്യം കണ്ടെത്താന്‍ ശ്രമിച്ചാല്‍ നമ്മുടെ സാഹിത്യശാഖക്ക് അത് വലിയ മുതല്‍ക്കൂട്ടാകും.

രാമനുണ്ണി: മതങ്ങളിലെ ഇത്തരം കാര്യങ്ങള്‍, ജനാധിപത്യപരവും വിപ്ലവകരവുമായ ആശയങ്ങള്‍ സാഹിത്യകൃതികളിലേക്ക് കൊണ്ടുവരണം. അല്ലെങ്കില്‍ മതങ്ങള്‍ പിന്തിരിപ്പന്മാരുടെയും വര്‍ഗീയ വാദികളുടെയും ഭീകരവാദികളുടെയും കയ്യില്‍ അകപ്പെട്ടുപോകും.യാന്ത്രികമായ യുക്തിബോധത്തിലധിഷ്ഠിതമായ വികലമായ മനോഭാവമാണ് ഈ കടന്നുവരവിനെ തടഞ്ഞുനിര്‍ത്തിയത്. ഇവിടെ വര്‍ഗീയതയും തീവ്രവാദവും ഉല്പാദിപ്പിച്ചതില്‍ ഈ യാന്ത്രിക യുക്തിവാദികള്‍ക്ക് കൂടി പങ്കുണ്ട് എന്ന് പറയുന്നത് അതുകൊണ്ടാണ്.

നിരൂപണത്തിന് സംഭവിച്ചത്
മലയാളത്തില്‍ നിരൂപണശാഖയുടെ ഇപ്പോഴത്തെ സ്ഥിതിയെന്താണ്? ഇവിടെ മികച്ച നിരൂപണങ്ങള്‍ ഉണ്ടാകുന്നില്ല എന്ന് തോന്നിയിട്ടുണ്ട്.

നിരൂപണം അങ്ങനെ തള്ളിക്കളയേണ്ട ഒന്നല്ല. ആഴത്തിലുള്ള വായനയുടെ ഉല്പന്നമാണ് നിരൂപണം. ചിന്താപരമായ ഒരടിത്തറ അതിനുണ്ട്. കൃതികളുടെ ആസ്വാദ്യതക്കപ്പുറമുള്ള അര്‍ത്ഥതലങ്ങളെയും ധൈഷണികഭാവങ്ങളെയും അനാവരണം ചെയ്യുന്നയാളാണ് നിരൂപകന്‍. ഒരെഴുത്തുകാരന് നീ ആരാണ് എന്ന് മനസ്സിലാക്കികൊടുക്കുന്നത് നിരൂപകനാണെന്ന് കെ പി അപ്പന്‍ പറഞ്ഞിട്ടുണ്ട്. ഏറ്റവും വിവേകശാലിയും സൗന്ദര്യ സഹൃദയനും ബുദ്ധിമതിയുമായുള്ള വായനക്കാരനാണ് നിരൂപകന്‍. അങ്ങനെയൊരു വായനക്കാരനുണ്ടാവുകയെന്നത് എഴുത്തുകാരന്റെ സുകൃതമാണ്. അദ്ദേഹത്തെ അവഗണിക്കാനാകില്ല. ആനുകാലികമായ നിരൂപണരംഗം വളരെ പ്രക്ഷീണമാണ് എന്നത് അംഗീകരിക്കുന്നു. ബുദ്ധിപരമായ സത്യസന്ധത ഇപ്പോഴത്തെ ചില നിരൂപകര്‍ക്ക് നഷ്ടപ്പെട്ടിരിക്കുന്നു. പലരെയും സുഖിപ്പിക്കാനും സന്തോഷിപ്പിക്കാനുമുള്ള ഏര്‍പ്പാടായി നിരൂപണം മാറുന്നു എന്ന് സംശയിക്കേണ്ടി വരുന്നു.

പി.കെ : കെ പി അപ്പന് ശേഷം നിരൂപണം മലയാളത്തില്‍ അത്ര സജീവമല്ല. ടി പദ്മനാഭന്റെ ഗൗരി ചര്‍ച്ച ചെയ്യപ്പെട്ടതിനോളം തന്നെ ആ കഥക്ക് അപ്പനെഴുതിയ നിരൂപണവും ചര്‍ച്ച ചെയ്യപ്പെട്ടു.അത് നിരൂപണത്തിന്റെ പ്രാധാന്യമാണ് കാണിക്കുന്നത്. പക്ഷേ, ഞങ്ങളുടെ തലമുറക്ക് നല്ല നിരൂപകരെ കിട്ടിയില്ല എന്നതാണ് സത്യം.

എഴുത്തുകാരുടെ സൗഹൃദം

എഴുത്തുകാര്‍ക്കിടയിലെ ബന്ധം എത്രത്തോളം ഊഷ്മളമാണ്? ജി ശങ്കരക്കുറുപ്പിനെ വിമര്‍ശിക്കുമ്പോഴും അദ്ദേഹത്തോടുള്ള ആദരവ് അഴീക്കോട് മാഷിന് കൈമോശം വന്നിട്ടില്ല. അങ്ങനെയൊരു ആദരവും സ്‌നേഹവും ഇപ്പോള്‍ കുറഞ്ഞുവരുന്നുണ്ടോ? കെ പി.ക്ക് ഈയടുത്തകാലത്തുണ്ടായ ഭീഷണിയെ പോലും സംശയത്തോടെ കാണുന്നവരുണ്ട്.

രാമനുണ്ണി: കരിയറിസം മറ്റെവിടെയുമെന്ന പോലെ സാഹിത്യത്തിലേക്കും കടന്നുവന്നിട്ടുണ്ട്. അതിന്റേതായ ചില ദുഷിപ്പുകള്‍ കാണുന്നുമുണ്ട്. മറ്റുള്ളതെല്ലാം മോശവും തന്റെ രചനകള്‍ മികച്ചതും എന്നൊക്കെ കരുതുന്ന അപൂര്‍വം ചിലര്‍ ഇവിടെയുണ്ട്. അവര്‍ പരനിന്ദയില്‍ സന്തോഷം കണ്ടെത്തുന്നവരാണ്.

വീണുകിടക്കുന്നവന്റെ കൈ പിടിച്ചില്ലെങ്കിലും അയാളെ ചവിട്ടിത്തേക്കാതിരിക്കുകയെന്നത് മാനുഷിക പരിഗണനയാണ്. ഒരു കൃതി മറ്റൊരു കൃതിയുടെ അനുകരണമോ അപഹരണമോ അല്ല. അതുകൊണ്ട് തന്നെ ഒരെഴുത്തുകാരന്‍ മറ്റൊരെഴുത്തുകാരനെ നിന്ദിക്കുകയോ വിലകുറച്ചു കാണുകയോ ചെയ്യേണ്ടതില്ല. സാഹിത്യപ്രവര്‍ത്തനം ഓട്ടമത്സരമല്ല. ആരാണ് ഓടി ജയിക്കുക എന്നത് പരിഗണനീയവുമല്ല. ഓരോരുത്തരുടെയും ഇടം വ്യത്യസ്തമാണ്. അതേസമയം പരസ്പരം ഹൃദ്യമായ ബന്ധം സൂക്ഷിക്കുന്നവരാണ് മിക്ക എഴുത്തുകാരും.

പി കെ: താനെഴുതാത്ത കഥകളെല്ലാം മോശമാണ് എന്ന് കരുതുന്നവര്‍ ഇവിടെയുണ്ട് എന്നത് വസ്തുതയാണ്. എന്നെ സംബന്ധിച്ചിടത്തോളം ഒരു നല്ല കഥ വായിച്ചാല്‍ അതിനെ അഭിനന്ദിക്കാന്‍ ഒരിക്കലും മടിച്ചു നിന്നിട്ടില്ല; അത് എന്റെ തന്നെ തലമുറയില്‍ പെട്ട എഴുത്തുകാരന്റേതാണെങ്കിലും. രാമനുണ്ണിയുടെ ‘മുഖലക്ഷണം’ വായിച്ച ഉടനെ ഇത് മലയാളത്തിലെ മികച്ച രചനയാണ് എന്ന് ഞാന്‍ പറഞ്ഞിട്ടുണ്ട്. അശോകന്‍ ചെരുവിലിന്റെ ‘രണ്ട് നൂല്‍നൂല്‍പ്പുകാര്‍’ എന്ന കഥ മുമ്പ് ഇന്ത്യാടുഡേയില്‍ വന്നപ്പോള്‍ ഞാന്‍ അഭിനന്ദിച്ചുകൊണ്ട് കത്തെഴുതിയിട്ടുണ്ട്. അന്നൊക്കെ കത്തെഴുത്താണ്. അക്ബര്‍ കക്കട്ടില്‍ ഷമീല ഫഹ്മി എഴുതിയപ്പോള്‍ ഗള്‍ഫില്‍ നിന്ന് കത്തെഴുതിയിട്ടുണ്ട്, ഇത് വ്യത്യസ്തമായ കഥയാണ്, ശ്രദ്ധിക്കപ്പെടുമെന്ന് പറഞ്ഞുകൊണ്ട്. എന്‍ എസ് മാധവന്റെ ‘തിരുത്ത്’ പ്രസിദ്ധീകരിക്കപ്പെട്ടപ്പോള്‍ അദ്ദേഹത്തിന് ആദ്യം കത്തെഴുതിയത് ഞാനായിരിക്കും. അന്ന് തിരുത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടൊന്നുമില്ല. കത്തില്‍ സന്തോഷമറിയിച്ച് മാധവനെഴുതിയ മറുപടി ഇപ്പോഴും ഞാന്‍ ഫയലില്‍ സൂക്ഷിച്ചിട്ടുണ്ട്. ഒരു തോട്ടത്തില്‍ വ്യത്യസ്ത മരങ്ങള്‍ക്ക് അവയുടേതായ സ്ഥാനമുണ്ട് എന്നത് പോലെ ഓരോ എഴുത്തുകാരനും സാഹിത്യത്തില്‍ അയാളുടേതായ ഇടമുണ്ട്. ഓരോ മരവും വ്യത്യസ്തമായ രുചിയുള്ള ഫലങ്ങളാണ് നല്‍കാറുള്ളത് എന്ന പോലെയാണ് എഴുത്തുകളും. ഓരോന്നും വായനക്കാര്‍ക്ക് നല്‍കുന്നത് വ്യത്യസ്ത രുചിയും ഹൃദ്യതയുമാണ്.

വീണുകിടക്കുന്നവനെ ചവിട്ടാതിരിക്കുക എന്നത് മാത്രമല്ല, സന്തോഷമുണ്ടാകുമ്പോള്‍ കൂടെ നില്‍ക്കുക എന്നതും പ്രധാനമാണ്. മകന് റാങ്ക് കിട്ടിയ സന്തോഷമറിയിക്കുമ്പോള്‍ നിങ്ങളുടെ കിണറ്റില്‍ പൂച്ച വീണിട്ട് ബുദ്ധിമുട്ടിയോ എന്ന് ചോദിക്കുന്ന മനോഭാവമാണ് പലര്‍ക്കും. നമ്മുടെ സന്തോഷത്തില്‍ മറ്റെയാള്‍ക്ക് സന്തോഷമില്ല എന്ന് മാത്രമല്ല, നമ്മുടെ കിണറില്‍ പൂച്ച വീണതില്‍ അയാള്‍ ഉള്ളാലെ സന്തോഷിക്കുകയും ചെയ്യുന്നു.

സ്വന്തം രചനകളില്‍ ഉള്ളടക്കത്തിന്റെ സവിശേഷതകളുടെയും മുന്നോട്ട് വെക്കുന്ന സന്ദേശത്തിന്റെയും അടിസ്ഥാനത്തില്‍ ഏറ്റം പ്രിയപ്പെട്ട രചന ഏതാണ്?

രാമനുണ്ണി: ഒരെഴുത്തുകാരന് അയാളുടെ എല്ലാ രചനകളും പ്രധാനമാണ്, പ്രിയപ്പെട്ടതാണ്. അതേസമയം ഉള്ളടക്കത്തിന്റെ സന്ദേശവും സവിശേഷതയും നോക്കുമ്പോള്‍ ദൈവത്തിന്റെ പുസ്തകത്തെ ഞാന്‍ വേറിട്ടുകാണുന്നു. നമ്മുടെ കാലത്ത് അന്യമായിക്കൊണ്ടിരിക്കുന്ന സൗഹൃദത്തെ അതുയര്‍ത്തിപ്പിടിക്കുകയും മാനവരാശിക്ക് വേണ്ടി സംസാരിക്കുകയും ചെയ്യുന്നു. ഇന്നത്തെ കാലത്തെ രാഷ്ട്രീയം സംബോധന ചെയ്യുന്നുണ്ട് ആ പുസ്തകം. എന്റെ പൊന്നാനി സംസ്‌കാരത്തിന്റെ ഒരു ദൗത്യപൂര്‍ത്തീകരണം ആ നോവലില്‍ കാണാം.

പി.കെ: എന്റെ എല്ലാ ചെറിയ കഥകളും എനിക്ക് വലിയ കഥകളാണ്. പക്ഷെ, എനിക്കേറ്റവും ഇഷ്ടപെട്ട സ്വന്തം രചന ഒടുവിലെഴുതിയ ഫലസ്തീന്‍ പ്രമേയമായി വരുന്ന ഇടിമിന്നലുകളുടെ പ്രണയമാണ്. അതിനു പല കാരണങ്ങളുണ്ട്. പ്രമേയത്തിലെ വ്യത്യസ്തത കൊണ്ട് അത് ഏറെ ശ്രദ്ധിക്കപ്പെട്ടു, വായിക്കപ്പെട്ടു. ചന്ദ്രമതിയാണ് അത് ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്യുന്നത്. കാലിക്കറ്റ് സര്‍വകലാശാല അത് അറബിയിലേക്ക് ട്രാന്‍സ്‌ലേറ്റ് ചെയ്യാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്.

എഴുത്തുകാരുടെ പക്ഷം
കേരളത്തിലെ എഴുത്തുകാര്‍ ഏറെക്കുറെയും മതേതരപക്ഷത്ത് നിലയുറപ്പിച്ചവരാണ്. ദേശീയതലത്തില്‍ എത്രത്തോളം പ്രതീക്ഷാഭരമാണ് കാര്യങ്ങള്‍?

രാമനുണ്ണി: അന്താരാഷ്ട്രതലത്തില്‍ തന്നെ പ്രശംസിക്കപ്പെടുന്നുണ്ട് ഇന്ത്യയിലെ എഴുത്തുകാരുടെ നിലപാട്. അസഹിഷ്ണുതയുടെ നാളുകളില്‍ അക്കാദമി അംഗത്വം രാജിവെച്ചും അവാര്‍ഡുകള്‍ തിരിച്ചേല്‍പിച്ചും എഴുത്തുകാര്‍ അവരുടെ അന്തസ്സ് ഉയര്‍ത്തിപ്പിടിച്ചു. കൊള്ളാവുന്ന എഴുത്തുകാരില്‍ ബഹുഭൂരിപക്ഷവും ഫാഷിസ്റ്റുശക്തികള്‍ക്കെതിരായാണ് നിലകൊള്ളുന്നത്. നിരന്തരമായ പ്രചാരണങ്ങളിലൂടെയും ഭീഷണിപ്പെടുത്തിയും എഴുത്തുകാരെ നിശബ്ദരാക്കാനും അവരുടെ പക്ഷത്തേക്ക് കൊണ്ടുപോകാനുമുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്.ഇതിനെതിരെ നല്ല ജാഗ്രത പുലര്‍ത്താന്‍ എഴുത്തുകാര്‍ക്ക് സാധിക്കണം.

പി.കെ: അരുന്ധതി റോയ് ഉള്‍പ്പെടെ ഇന്ത്യയിലെ പ്രശസ്തരായ എഴുത്തുകാര്‍ ഫാഷിസത്തിനെതിരെ ധീരമായി നിലപാടെടുക്കുന്നവരാണ്. അതേസമയം എനിക്കുണ്ടായ ഒരനുഭവം പറയാം: കേന്ദ്ര സാഹിത്യ അക്കാദമി അംഗത്വം രാജിവെച്ചപ്പോള്‍ ദേശീയ മാധ്യമങ്ങളിലൊക്കെ അത് വലിയ ചര്‍ച്ചയായിരുന്നു. എഴുത്തുകാരില്‍ നിന്ന് നല്ല അഭിനന്ദനവും കിട്ടി. പക്ഷെ, രണ്ടെഴുത്തുകാര്‍, അതും സെക്കുലര്‍ ധാരയിലുള്ളവരെന്നു കരുതപ്പെടുന്ന, രണ്ടുപേര്‍ മാത്രമാണ് എന്റെ തീരുമാനത്തില്‍ അലോസരം പ്രകടിപ്പിച്ചത്. അങ്ങനെയുള്ള എഴുത്തുകാരും ഇവിടെയുണ്ട്. ഗൊരഖ്പൂരിനെ കുറിച്ച് പറയുമ്പോള്‍ കേരളത്തിലെ പനി മരണത്തെ കുറിച്ച് പറയുന്ന അത്തരം എഴുത്തുകാരെ സൂക്ഷിക്കണം. എഴുത്തുകാര്‍ നിശബ്ദരായിരിക്കാന്‍ പാടില്ലാത്ത കാലമാണിത്.

രാമനുണ്ണി: കയ്യും കാലും കൊത്തിക്കളയുമെന്ന് ഈയിടെയുണ്ടായ ഭീഷണിയെക്കാള്‍ എന്നെ ഞെട്ടിച്ചത് ദേശീയ, അന്തര്‍ദേശീയ മാധ്യമങ്ങള്‍ അതിനു നല്‍കിയ പ്രാധാന്യമാണ്. അതൊരു വലിയ വാര്‍ത്തയൊന്നുമല്ല. പക്ഷേ, കേരളം പാകിസ്താനാണ്, ഇവിടെ വലിയതോതില്‍ തീവ്രവാദം വളരുന്നു എന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണിത്. ആ മനോഭാവം പേടിപ്പെടുത്തുന്നതാണ്. രാഷ്ട്രീയമായ ജാഗ്രത കൂടുതല്‍ ആവശ്യപ്പെടുന്നുണ്ട് ഇത്തരം കാര്യങ്ങള്‍.

ഈ സംഭാഷണം അവസാനിക്കുമ്പോള്‍, രണ്ടുപേര്‍ക്കും പൊതുവായി പറയാനുള്ളത് എന്താണ്?
എഴുത്തുകാര്‍ ശത്രുക്കളല്ല എന്ന തിരിച്ചറിവുണ്ടാകണം. കരിയറിസത്തിനടിമപ്പെട്ടു മത്സരിക്കുകയും ഒരാള്‍ മറ്റൊരാളെ ഒറ്റുകൊടുക്കുകയും ചെയ്യുന്ന പ്രവണത അഭിലഷണീയമല്ല. ചെറിയ ചെറിയ പീറത്തരങ്ങളും സ്വാര്‍ത്ഥതയും മാറ്റി വെച്ച് ഒരുമിച്ചു നില്‍ക്കേണ്ട കാലമാണിത്.

കെ പി രാമനുണ്ണി, പി കെ പാറക്കടവ്
തയാറാക്കിയത്: മുഹമ്മദലി കിനാലൂര്‍

 

You must be logged in to post a comment Login