നാസിസം (ജര്‍മന്‍ ഫാഷിസം)

നാസിസം (ജര്‍മന്‍ ഫാഷിസം)

Nazism[ˈnɑːtsɪz(ə)m/]

The German form of fascism, especially that of the National Socialist (German: Nazionalsozialist) Workers’ party underAdolf Hitler.

ഫാഷിസത്തിന്റെ ഏറ്റവും രക്തരൂക്ഷിതവും, മനുഷ്യത്വ വിരുദ്ധവുമായ പ്രയോഗത്തിന്റെ ഭൂമികയായി മാറിയത് ജര്‍മനിയായിരുന്നു. ദേശീയത എന്ന തുറുപ്പുചീട്ടാണ് അവിടെയും ഫാഷിസ്റ്റ് ശക്തികള്‍ പുറത്തെടുത്തത്. ജര്‍മന്‍ ദേശീയതയെ കൃത്രിമമായ മാര്‍ഗത്തിലൂടെ ജ്വലിപ്പിക്കാന്‍ ശ്രമിച്ച ചിന്തകരില്‍ പ്രധാനിയായിരുന്നു ജോണ്‍ ഗോറ്റ ലീബ ഫിഷെ. ലോകത്തിലെ ഏറ്റവും ശ്രേഷ്ഠ ജനത ജര്‍മന്‍കാരാണ് എന്ന ആശയം തന്റെ തീവ്രപ്രസംഗത്തിലൂടെ ഫിഷെ പ്രചരിപ്പിച്ചു. എല്ലാ ജനവിഭാഗങ്ങളിലും വെച്ച് സങ്കരയിനത്തില്‍ പെടാത്ത, രക്തശുദ്ധിയുള്ളവരും ശക്തരുമായ വംശമാണ് ജര്‍മന്‍കാരെന്നും ലോകത്തിലെ ഏറ്റവും ശ്രേഷ്ഠഭാഷ ജര്‍മനാണെന്നും ഫാഷിസ്റ്റുകള്‍ ശക്തമായി വാദിച്ചു. ഫിഷെയുടെ ആശയങ്ങളെ മറ്റൊരു രീതിയില്‍ അവതരിപ്പിക്കുകയും ഫാഷിസത്തിന് സൈദ്ധാന്തിക അടിത്തറയുണ്ടാക്കാന്‍ പരോക്ഷമായെങ്കിലും സഹായിക്കുകയും ചെയ്ത മറ്റൊരു താത്വികനാണ് ഫ്രെഡറിക് നീഷേ. അതിമാനുഷന്‍(ടൗുലൃ ങമി) എന്ന അദ്ദേഹത്തിന്റെ ആശയം ഫാഷിസത്തിന്റെ പ്രിയപ്പെട്ട ആശയമായി മാറി. ഇച്ഛാശക്തികൊണ്ട് ശക്തന്മാരായിത്തീരുന്ന അതിമാനുഷര്‍ക്കുള്ളതാണ് ലോകം എന്നും ശക്തിക്കുപകരം സന്മാര്‍ഗ ചിന്തകള്‍ ഉപദേശിക്കുന്ന ക്രിസ്ത്യന്‍-ജൂത മൂല്യങ്ങള്‍ ഭീരുക്കളുടെ തത്വശാസ്ത്രമാണെന്നും മനുഷ്യരാശിയല്ല മറിച്ച് അതിമാനുഷനാണ് ലക്ഷ്യം എന്നുമായിരുന്നു നിഷേയുടെ മതം. നീഷേയുടെ ഇത്തരം സങ്കല്‍പങ്ങള്‍ ഫാഷിസത്തിന് ശക്തിപകര്‍ന്നു എന്ന് മാത്രമല്ല, ആദ്ദേഹത്തെ ഫാഷിസ്റ്റുകള്‍ തങ്ങളുടെ ഔദ്യോഗിക താത്വികനായി അവരോധിക്കുകയും ചെയ്തു.

ഫാഷിസത്തെ ശക്തിപ്പെടുത്തിയ മറ്റൊരു വാദമാണ് ആര്യവംശവാദം. ആര്യന്മാര്‍ എന്നൊരു നരവംശവിഭാഗം ഉണ്ടെന്ന സങ്കല്‍പത്തിന്റെ അടിസ്ഥാനത്തിലുള്ള വാദങ്ങളെ പിന്‍പറ്റി ഈ ‘ശ്രേഷ്ഠജനത’യുടെ ജന്മദേശം ജര്‍മനിയാണെന്നും ശുദ്ധ ആര്യരക്തമുള്ളവര്‍ക്കായി മാത്രം ജര്‍മനി മാറണമെന്നും ഫാഷിസ്റ്റുകള്‍ വാദിച്ചു. ലോകത്ത് ശുദ്ധരക്തമില്ലാത്ത ഏറ്റവും മോശപ്പെട്ട സങ്കരജാതിയില്‍ പെട്ടവര്‍ ജൂതന്മാരാണെന്നും ജര്‍മനിയില്‍നിന്നും അവരെ പൂര്‍ണമായും തുടച്ചുനീക്കണമെന്നും ജൂതന്മാര്‍ക്കൊപ്പം അവരെ പിന്തുണക്കുന്ന കമ്യൂണിസ്റ്റുകളെയും തകര്‍ത്തെറിയണമെന്നും ഫാഷിസ്റ്റുകള്‍ തീരുമാനിച്ചു.

ഫാഷിസത്തിന്റെയും അതിനെ പിന്തുണക്കുന്ന നാസി പാര്‍ട്ടിയുടെയും സാമ്പത്തിക നയം സോഷ്യല്‍ ഡാര്‍വിനിസത്തെ അടിസ്ഥാനപ്പെടുത്തിയായിരുന്നു. 1859ല്‍ ചാള്‍സ് ഡാര്‍വിന്‍ പ്രസിദ്ധീകരിച്ച പരിണാമ സിദ്ധാന്തം തെറ്റായി വ്യാഖ്യാനിച്ചുകൊണ്ട് ജര്‍മന്‍ മുതലാളി വര്‍ഗവും നാസികളും അര്‍ഹതയുള്ളവര്‍ക്കേ അതിജീവിക്കാന്‍ പറ്റുകയുള്ളൂ എന്ന ഡാര്‍വിന്റെ വാദത്തെ തങ്ങളുടെ വളര്‍ച്ചക്കുവേണ്ടി ഉപയോഗിച്ചു. ദരിദ്രര്‍ക്കും പാവപ്പെട്ടവര്‍ക്കും പ്രത്യേക സൗജന്യങ്ങളൊന്നും കൊടുക്കേണ്ടതില്ലെന്നും അര്‍ഹതപ്പെട്ടത് താനേ വളര്‍ന്നുകൊള്ളും എന്ന പ്രകൃതി നിയമത്തിന് അത് എതിരാണെന്നും അവര്‍ വാദിച്ചു. ഡാര്‍വിനിസത്തിന് തങ്ങള്‍ കൊടുത്ത വ്യാഖ്യാനത്തിന് അവര്‍ സോഷ്യല്‍ ഡാര്‍വിനിസം എന്ന പേരുവിളിച്ചു.

ഈ തത്വചിന്തകളുടെയും സിദ്ധാന്തങ്ങളുടെയും ചുവടുപിടിച്ച് ജര്‍മനിയില്‍ രൂപംകൊണ്ട പാര്‍ട്ടിയാണ് നാസി പാര്‍ട്ടി. അഡോള്‍ഫ് ഹിറ്റ്‌ലര്‍ അടക്കം ഏഴുപേര്‍ ചേര്‍ന്ന് ആന്‍ഡണ്‍ ഡ്രക്‌സലറുടെ നേതൃത്വത്തില്‍ മ്യൂണിച്ചിലെ ഒരു ബിയര്‍ ഹാളില്‍ വെച്ച് 1919ല്‍ ജര്‍മന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടി(ഡി എ പി) രൂപീകരിച്ചു. പിന്നീട് സോഷ്യലിസം കൂടി ചേര്‍ത്തുകൊണ്ട് വിപുലമാക്കിയ ‘നാഷണല്‍ സോഷ്യലിസ്റ്റിഷ് ഡ്യൂഷെ അര്‍ബീറ്റര്‍ പാര്‍ട്ടി’ എന്നതിന്റെ ചുരുക്കപ്പേരാണ് നാസി. ഇറ്റലിയെപ്പോലെ തൊഴിലാളി വര്‍ഗ പ്രസ്ഥാനങ്ങള്‍ ജര്‍മന്‍ മുതലാളിത്തത്തിന് ഭീഷണിയായി വളരാന്‍ തുടങ്ങിയപ്പോള്‍ വന്‍ വ്യവസായ കുടുംബങ്ങള്‍ വളര്‍ത്തിയെടുത്തതാണ് ‘യഥാര്‍ത്ഥ ദേശീയത’ മുദ്രാവാക്യമുയര്‍ത്തിയ നാസി പാര്‍ട്ടി.
1920ല്‍ ആണ് ഹിറ്റ്‌ലര്‍ നാസി പാര്‍ട്ടിയുടെ ചുമതല ഏറ്റെടുക്കുന്നത്. സോഷ്യലിസത്തിലുള്ള ജനങ്ങളുടെ വിശ്വാസത്തെ മുതലെടുത്തുകൊണ്ട് തങ്ങള്‍ ജര്‍മന്‍ സോഷ്യലിസ്റ്റുകളാണെന്നും മുതലാളിത്ത വിരുദ്ധരാണെന്നും എന്നാല്‍ കമ്മ്യൂണിസ്റ്റുകാരെപ്പോലെ വിദേശ സോഷ്യലിസ്റ്റുകളല്ല എന്നൊക്കെ വാദിച്ചുകൊണ്ട് ഹിറ്റ്‌ലര്‍ ജനങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റി. ഇതോടൊപ്പം തന്നെ ദേശീയ സോഷ്യലിസത്തിന് വളരാന്‍ ജനങ്ങളില്‍ ഭീകരത സൃഷ്ടിക്കേണ്ടത് അനിവാര്യമാണെന്ന് ഹിറ്റ്‌ലര്‍ കണ്ടെത്തി. എതിര്‍പാര്‍ട്ടിക്കാരുടെ യോഗങ്ങള്‍ കയ്യേറാനും രാഷ്ട്രീയ എതിരാളികളെ വധിക്കാനും ലക്ഷ്യമിട്ടുകൊണ്ട് 1921 ഒക്ടോബര്‍ 5ന് കക്ഷിരാഷ്ട്രീയ ഭേദമില്ലാത്ത സ്വയം സേവകരുടെ പട രൂപീകരിച്ചു. സ്റ്റോം ട്രൂപ്പേഴ്‌സ് അഥവ എസ് എ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഇതിന്റെ ചുമതല എമിസ് മോറിസ് എന്ന കുറ്റവാളിക്കായിരുന്നു.

1923ല്‍ ഈ ഡ്രില്ലുകാരെ(എസ് എ) കൂട്ടി അഡോള്‍ഫ് ഹിറ്റ്‌ലര്‍ ഒരു അട്ടിമറി പദ്ധതിയിട്ടു. 1923 നവംബറില്‍ മ്യൂണിച്ചിലെ കൗണ്‍സിലര്‍മാരെ തടവുകാരായി പിടിച്ചു സ്വയം സേവകര്‍ വിപ്ലവമാരംഭിച്ചെങ്കിലും പരാജയപ്പെട്ടു. ഹിറ്റ്‌ലര്‍ പുഷ് എന്നറിയപ്പെടുന്ന ഈ വിപ്ലവ കോമാളിത്തത്തെത്തുടര്‍ന്ന് അയാള്‍ തടവിലാക്കപ്പെടുകയും തടവില്‍വെച്ച് മെയിന്‍കാംഫ് എന്ന തന്റെ അപദാനങ്ങള്‍ വാഴ്ത്തിപ്പാടുന്ന ആത്മകഥ രചിക്കുകയും ചെയ്തു.
1933 ജനുവരി 30നാണ് നാസികള്‍ ജര്‍മനിയില്‍ അധികാരത്തിലേറിയത്. ഗീബല്‍സ് എന്ന നയതന്ത്രജ്ഞന്റെ സഹായത്തോടെ താന്‍ അതിമാനുഷനാണെന്ന് വരുത്തിത്തീര്‍ക്കുന്നതില്‍ ഹിറ്റ്‌ലര്‍ വിജയിച്ചു. അങ്ങനെ ജര്‍മനിയുടെ ചാന്‍സലര്‍ ആയി അഡോള്‍ഫ് ഹിറ്റ്‌ലര്‍ എന്ന രക്തദാഹിയായ മനുഷ്യന്‍ അധികാരമേറ്റു.

തുടര്‍ന്നുള്ള പന്ത്രണ്ട് വര്‍ഷക്കാലം അക്ഷരാര്‍ത്ഥത്തില്‍ ബീഭത്സമായ കൂട്ടക്കുരുതികളുടെയും കൊലപാതകങ്ങളുടെയും പരമ്പരകള്‍ക്കാണ് ജര്‍മനി സാക്ഷ്യം വഹിച്ചത്. ഇനി ഒരായിരം വര്‍ഷം നാസികളായിരിക്കും അധികാരത്തില്‍(ഠവീൗമെി ്യലമൃ ൃശലരവ) എന്നായിരുന്നു ഹിറ്റ്‌ലറുടെ അവകാശവാദം. അധികാരത്തിലേറി ഒരു മാസത്തിനുള്ളില്‍ പാര്‍ലിമെന്റ് മന്ദിരമായ റീഷ്സ്റ്റാഗിന് തീകൊളുത്തി ആ കുറ്റം കമ്യൂണിസ്റ്റുകാരുടെ തലയില്‍ ചുമത്തി 5000 പേരെ കസ്റ്റഡിയിലെടുത്തു. ഇക്കൂട്ടത്തില്‍ ലോക കമ്യൂണിസ്റ്റ് നേതാവായ ദിമിത്രോവും ഉണ്ടായിരുന്നു. മെയ് രണ്ടിന് തൊഴിലാളി യൂണിയനുകളെ നിരോധിച്ചു. അധികാരമേറി പത്താം ദിവസം 34 പ്രസിദ്ധ ചിന്തകരുടെ പുസ്തകങ്ങള്‍ തീയിട്ടു. സമാധാനത്തിന് നോബേല്‍ സമ്മാനം നേടിയ കാള്‍വോണ്‍ ഓസിറ്റ്‌സ്‌കിയെ പീഡനകേന്ദ്രത്തിലടച്ചു മര്‍ദ്ദിച്ചു. അഞ്ചുമാസത്തിനകം നാസി പാര്‍ട്ടിയല്ലാത്ത എല്ലാ പ്രസ്ഥാനങ്ങളെയും നിരോധിച്ചു. ജര്‍മനിയുടെ ജയവും ജൂതന്മാരും ഒന്നിച്ചുപോകില്ല എന്നു പറഞ്ഞ് പതിനായിരക്കണക്കിന് ജൂതന്മാരെ പ്രാരംഭ വര്‍ഷം തന്നെ കൊന്നൊടുക്കി. രണ്ടാം ലോക മഹായുദ്ധം ആരംഭിച്ചതിനു ശേഷം ഈ ക്രൂരത വിവരണാതീതമായി. 1941ല്‍ സ്വയം സേവകരായ എസ് എക്കാര്‍ ജൂതന്മാരെ കൊല്ലുന്നതിനുമാത്രമായി ഒരു സ്‌ക്വാഡുണ്ടാക്കി. ലക്ഷക്കണക്കിന് നിരായുധരായ കുടുംബങ്ങള്‍ ഇതിനെ തുടര്‍ന്ന് കൊല്ലപ്പെട്ടു. ജൂതന്മാരെ കൊല്ലാനായി പുതിയ മരണയന്ത്രങ്ങള്‍ കണ്ടുപിടിക്കാന്‍ ശാസ്ത്രജ്ഞന്മാരോടും എന്‍ജിനീയര്‍മാരോടും ആവശ്യപ്പെട്ടു. അങ്ങനെയാണ് ഗ്യാസ് ചേമ്പര്‍ രൂപപ്പെടുന്നത്. സ്ത്രീകളെയും കുട്ടികളെയുമടക്കമുള്ളവരെ നഗ്നരാക്കി ഒരു മുറിയിലടച്ചുപൂട്ടി മോണോക്‌സൈഡ് ഗ്യാസ്, സൈക്ലോണ്‍ ബി എന്നിവ മുറിയില്‍ നിറക്കും. മൂന്ന് മിനിട്ടുകൊണ്ട് എല്ലാവരും മരിക്കും. ഓഷ്‌വിറ്റ്‌സ് ക്യാമ്പില്‍ മാത്രം 25 ലക്ഷം പേരെ ഇത്തരത്തില്‍ കൊന്നൊടുക്കി. ഏതാണ്ട് 60 ലക്ഷം ജൂതന്മാരെ ഇങ്ങനെ കൊലപ്പെടുത്തി എന്നാണ് കണക്ക്.

1939 സെപ്തംബര്‍ ഒന്നിന് നാസികള്‍ പോളണ്ട് ആക്രമിച്ചതോടെ രണ്ടാം ലോക മഹായുദ്ധം ആരംഭിച്ചു. നാസികള്‍ നടത്തുന്ന ക്രൂരതക്കെതിരെ സോവിയറ്റ് യൂണിയന്‍ മുന്നറിയിപ്പുനല്‍കിയിട്ടും ബ്രിട്ടനടങ്ങുന്ന പാശ്ചാത്യശക്തികള്‍ ആദ്യം അതിനെ അവഗണിച്ചു. പിന്നീടാണ് സഖ്യകക്ഷി രൂപീകരിച്ച് ജര്‍മനിയെ നേരിടാന്‍ ബ്രിട്ടനടക്കമുള്ള രാജ്യങ്ങള്‍ തീരുമാനിച്ചത്. ദുര്‍ബലരായ അയല്‍രാജ്യങ്ങളെ കീഴടക്കാന്‍ ജര്‍മനിക്ക് കഴിഞ്ഞു. എന്നാല്‍ 1941ല്‍ സോവിയറ്റ് യൂണിയനു നേരെ യുദ്ധം പ്രഖ്യാപിച്ചതോടെ ജര്‍മനിയുടെ മരണമണി മുഴങ്ങി. സോവിയറ്റ് യൂണിയന്‍ ജര്‍മനിയെ പൂര്‍ണമായും കീഴടക്കുന്ന ഘട്ടം വന്നു. 1945 ഏപ്രില്‍ 29നാണ് ഇറ്റാലിയന്‍ ഫാഷിസ്റ്റുകളുടെ തലവന്‍ മുസോളിനിയെയും കൂട്ടുകാരി ക്ലാര പെട്രിഷ്യയെയും ജനങ്ങള്‍ പിടികൂടി തല്ലിക്കൊന്നതായി ഹിറ്റ്‌ലര്‍ അറിഞ്ഞത്. മണിക്കൂറുകള്‍ക്കകം തന്റെ ഗതിയും ഇതാകുമെന്ന് ജീവിതത്തിലാദ്യമായി കൃത്യമായി കണക്കുകൂട്ടിയ ഹിറ്റ്‌ലര്‍ പിറ്റേന്ന് 1945 ഏപ്രില്‍ 30 വൈകുന്നേരം 3.30ന് ഈവാ ബ്രൗണുമൊത്ത് ആത്മഹത്യ ചെയ്തു. ഹിറ്റ്‌ലര്‍ സ്വയം വെടിവെച്ചാണ് മരിച്ചത്. എന്നാല്‍ ശത്രുവിന്റെ വെടിയേറ്റ് ധീരോദാത്തമായി പടക്കളത്തില്‍ വെച്ച് ഹിറ്റ്‌ലര്‍ മരിച്ചുവെന്നാണ് നാസി റേഡിയോ റിപ്പോര്‍ട്ട് ചെയ്തത്. 1945 മെയ് ഏഴിന് ജര്‍മനിക്ക് എല്ലാം നഷ്ടപ്പെടുത്തി നാസി സൈന്യം സഖ്യകക്ഷികള്‍ക്ക് കീഴടങ്ങി. ലോകത്തെ നടുക്കിയ മനുഷ്യത്വരഹിതമായ ഒരു ഭരണത്തിന് അന്ന് തിരശീല വീണു. ൂ

റഫറന്‍സ്
The German Dictiatorship- Bracher, Karl, Dietrich.
The peace of fascism in European History- Allardyice, Gilbert(cd)
Main Kampf- Hitler, Adolf- രവീന്ദ്രന്‍
ഇന്ത്യന്‍ ഫാഷിസത്തിന്റെ പ്രത്യയശാസ്ത്രം- ഹരിഹരന്‍ കെ എസ്.

You must be logged in to post a comment Login