മഹധ്വനികള്‍

മഹധ്വനികള്‍

ഫാതിഹ
ഫാതിഹയെ തിരുനബി വിശേഷിപ്പിച്ചത് ഖുര്‍ആന്റെ മാതാവ് എന്നാണ്. നിസ്‌കാരങ്ങളില്‍ നിര്‍ബന്ധമായും പാരായണം ചെയ്യേണ്ട സൂറത്താണിത്. ഫാതിഹയില്ലെങ്കില്‍ നിസ്‌കാരമില്ല. നിസ്‌കാരം അല്ലാഹുവിന്റെയും അടിമയുടെയും ഇടയിലുള്ള വീതംവെപ്പാണ്. നേര്‍ക്ക്‌നേരുള്ള സംസാരമാണ്. നിസ്‌കാരത്തോട് സമീകരിക്കുന്ന രൂപേണയാണ് ഫാതിഹയുടെ മഹത്വങ്ങള്‍ തിരുവചനങ്ങളിലും പണ്ഡിതവീക്ഷണങ്ങളിലുമുള്ളത്. ഫാതിഹയുടെ ഓരോ സൂക്തവും മുന്‍നിര്‍ത്തി അല്ലാഹു പറയുന്നത് തിരുനബി ഇങ്ങനെ വിശദീകരിക്കുന്നു: അല്‍ഹംദു പാരായണം ചെയ്യുമ്പോള്‍ അല്ലാഹു പറയും അടിമ എന്നെ സ്തുതിച്ചിരിക്കുന്നു. ശേഷമുള്ള സൂക്തം ഓതുമ്പോള്‍ അടിമ എന്നെ മഹത്വവത്കരിച്ചിരിക്കുന്നുവെന്ന് പറയും. മാലികിയെന്ന് തുടങ്ങുന്ന ആയത് തീരുമ്പോള്‍ അല്ലാഹു പറയും ‘എന്റെ അടിമ എന്റെ പ്രതാപത്തെ പ്രകീര്‍ത്തിച്ചിരിക്കുന്നു.’ തുടര്‍ന്നുവരുന്ന വചനങ്ങള്‍ ഉരുവിടുമ്പോള്‍, അടിമയും ഞാനും തമ്മിലുള്ളതാണിതെന്നും ഞാനവന് സര്‍വതും നല്‍കുന്നവനാണെന്നും പറയും.
ഫാതിഹയില്‍, ബിസ്മി-ഹംദുവില്‍, നാഥന്റെ വിശേഷപ്പെട്ട മൂന്ന് നാമങ്ങളുണ്ട്. അല്ലാഹ്, റഹ്മാന്‍, റഹീം. ഈ നാമങ്ങളുടെ ആശയ പ്രപഞ്ചമാണ് ഫാതിഹ മുഴുക്കെ. അല്ലാഹുവിന്റെ അനുഗ്രഹങ്ങളും കാരുണ്യവും ഉടമസ്ഥതയുമാണ് ഫാതിഹ ആദ്യം പറഞ്ഞു വെക്കുന്നത്. ശേഷം അടിമത്വവും നേര്‍മാര്‍ഗവും.
* * *

ബിസ്മി
ബിസ്മി വിശ്വാസിക്ക് ഒരു ശിക്ഷണമാണ്. എല്ലാ പ്രവൃത്തികളും ബിസ്മി കൊണ്ട് ആരംഭിക്കണമെന്ന് നിഷ്‌കര്‍ഷതയുള്ളയാള്‍ക്ക് തെറ്റുകളോടുള്ള മോഹം മുറിഞ്ഞുപോവുന്നു. ബിസ്മി ചൊല്ലി വേണ്ടാവൃത്തികള്‍ക്കെങ്ങനെയാണ് പോവുക. ദുഷ്ചിന്തയില്‍നിന്ന് സുകൃതങ്ങളിലേക്കുള്ള പരിവര്‍ത്തനമായി ബിസ്മി ഇവിടെ മാറുന്നു. ഇരുലോകത്തേക്കുമുള്ള മുതല്‍ കൂട്ടാണ് ബിസ്മി. കര്‍മത്തിലുടനീളം അല്ലാഹുവിന്റെ സഹായം ലഭിക്കുകയും പരലോകത്തേക്ക് ഒരു ശേഷിപ്പായി തീരുകയും ചെയ്യുന്നു. ഊണിലും ഉറക്കിലും പഠിപ്പിലും പണിയിലും ബിസ്മി ചൊല്ലുമ്പോള്‍ പറയാനാവാത്ത നേട്ടങ്ങള്‍ വന്നുചേരുന്നുണ്ട്.
റഹ്മാന്‍, റഹീം എന്നീ രണ്ടുപദങ്ങള്‍ക്ക് നല്ല ആഴവും പരപ്പുമുണ്ട്. അല്ലാഹുവിന്റെ കരുണാവായ്പിന്റെ രണ്ടു രൂപങ്ങളാണിത്. പദനിഷ്പത്തി തന്നെ അവര്‍ണനീയമാണ്. ഗര്‍ഭപാത്രം എന്നര്‍ത്ഥം വരുന്ന ധാതുവില്‍നിന്നത്രെ ഈ രണ്ടു പദങ്ങള്‍ രൂപമെടുത്തത്. ഗര്‍ഭസ്ഥ ശിശുവിനോട് മാതാവിനുള്ള സ്‌നേഹത്തിന്റെയും കരുണയുടെയും അളവിനുമപ്പുറത്താണ് അല്ലാഹുവിന് സൃഷ്ടികളോടുള്ള അടുപ്പം.

അല്ലാഹു അക്രമിയല്ല. ഖുര്‍ആന്‍ ഇക്കാര്യം ഇടക്കിടെ പറയുന്നു. അവന്‍ നീതീമാനാണ്. നീതിമാന്‍ അക്രമകാരിയല്ലല്ലോ. സൃഷ്ടിയുടെ ക്ഷേമൈശ്വര്യമാണ് പടച്ചവന്റെ താല്‍പര്യം. അവന്റെ അനുഗ്രഹങ്ങള്‍ ലഭിക്കാന്‍ വഴിപ്പെടണമെന്ന് നിബന്ധനയുമില്ല. ഈ രൂപത്തില്‍ റഹ്മതിന്റെ അര്‍ത്ഥലോകം അതിവിശാലമാണ്. ഖുര്‍ആനില്‍ 114 തവണ ബിസ്മിയുണ്ട്. ഫാതിഹയില്‍ ഒരു സൂക്തമായിട്ടുതന്നെ വെച്ചു. ഇലാഹീ കാരുണ്യത്തിന്റെ നിരന്തരമായ ആലോചനയാണ് ഓരോ ബിസ്മിയും.

ബിസ്മി ചൊല്ലി നാം കാര്യങ്ങളില്‍ ഏര്‍പ്പെടുന്നു. ഹംദ് ചെയ്ത് അവയില്‍നിന്ന് വിരമിക്കുന്നു. ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ ചെയ്തുതീര്‍ക്കാന്‍ അല്ലാഹുവിന്റെ സര്‍വ നാമങ്ങള്‍കൊണ്ടുള്ള സഹായമാണ് ബിസ്മിയെങ്കില്‍ ചെയ്തുകഴിഞ്ഞല്ലോയെന്നോര്‍ത്തുള്ള സമാശ്വാസമാണ് അല്‍ഹംദുലില്ലാഹ്. മനുഷ്യന്‍ പാപബന്ധിതനാണല്ലോ. പശ്ചാതപിച്ച് തിരികെയെത്തുന്നവരെയാണ് പക്ഷേ അല്ലാഹുവിനിഷ്ടം. ബിസ്മി, ഹംദിലൂടെ ഇത് സാധിക്കുന്നു.

അല്‍ഹംദുലില്ലാഹ്
അല്ലാഹുവിനെ സ്തുതിക്കുന്നതിനുവേണ്ടി അവന്‍തന്നെ പറഞ്ഞുതന്ന വാചകമാണ് അല്‍ഹംദുലില്ലാഹ്. എല്ലാവര്‍ക്കും എപ്പോഴും ഓര്‍ക്കാനും ഉച്ചരിക്കാനും പാകത്തിലുള്ള ലളിതമായ രണ്ടുപദങ്ങള്‍. സ്തുതിക്കുന്നവരില്‍ സാമാന്യമായ ഒരേകീകരണമുണ്ടാക്കുന്നു ഈ വാചകം. പക്ഷേ ഇത് അനിവാര്യമാണ്. അല്ലാഹുവിന്റെ വണ്ണമായ അനുഗ്രഹാധിക്യത്തിനുമുന്നില്‍ എന്തുപറയണമെന്ന് ഉല്‍കണ്ഠപ്പെട്ട് അടിമ നില്‍ക്കരുതല്ലോ. അതിന് ഉടമ തന്നെ സംവിധാനിക്കുന്ന മഹധ്വനിയാണ് അല്‍ഹംദുലില്ലാഹ്. മനുഷ്യരില്‍ ശരാശരി ശേഷിക്ക് മുകളിലുള്ളവരുണ്ട്. താഴെയുള്ളവരുമുണ്ട്. എല്ലാവരും എല്ലായ്‌പ്പോഴും നാഥന്റെ അനുഗ്രഹം കൊണ്ടല്ലാതെ കൂടിയോ കുറഞ്ഞോ ഒന്നും നേടുന്നില്ല. ഏതുതോതില്‍ സ്വന്തമാക്കിയാലും സ്തുതി നാഥന് തന്നെയാണ് എന്നര്‍ത്ഥത്തില്‍ ഓരോരുത്തരും ഹംദ് ചെയ്യുന്നു.
നമ്മള്‍ നമ്മെ അറിയുന്നതിന് മുമ്പുതന്നെ അല്ലാഹു നമുക്ക് അനുഗ്രഹം ചൊരിഞ്ഞുകൊണ്ടേയിരുന്നു. നമ്മെ മാതാവിന്റെ ഗര്‍ഭാശയത്തില്‍ എത്തിച്ചു. ഗര്‍ഭസ്ഥ കാലത്ത് ഉമ്മയെക്കാള്‍ ആഴത്തില്‍ പരിചരണവും പരിരക്ഷയും നല്‍കി. പ്രസവത്തോടെ ഭൂമിയിലെത്തി. ആശയവിനിമയത്തിന്റെ ഓരോ തുറകളും തുറന്നുതന്നു. ഈ വേളകളിലൊന്നും നമ്മള്‍ നാഥനെ സ്തുതിച്ചിട്ടില്ല. പടച്ചവന്റെ ഓരോ അനുഗ്രഹത്തിനും എണ്ണിയെണ്ണി ഹംദ് ചെയ്യാന്‍ നമുക്ക് സാധിക്കുമോ? അതുമില്ല. അനുഗ്രഹത്തിന്റെ വലിപ്പച്ചെറുപ്പങ്ങള്‍ മൂല്യനിര്‍ണയം ചെയ്യാനുള്ള ശേഷിയുണ്ടോ. ഇല്ല. ഈ ആശങ്കകള്‍ക്കെല്ലാം മറുപടിയാണ് അല്‍ഹംദുലില്ലാഹ്. ചെയ്തുകിട്ടിയ ഗുണങ്ങള്‍ക്ക് പുറമെ എങ്ങനെ ഹംദ് ചെയ്യണമെന്ന് പഠിപ്പിച്ചതിനുള്ള സ്തുതികൂടിയാണിത്.
തിരുനബിയാണ് അല്ലാഹുവിനെ കൂടുതല്‍ അറിഞ്ഞത്. അതുകൊണ്ടാണ് അല്ലാഹുവിനുള്ള സ്തുതികളെ നബി(സ്വ) പരിമിതപ്പെടുത്താത്തതും. നിനക്കുള്ള ഹംദുകള്‍ നീ പരിമിതപ്പെടുത്തിയിട്ടില്ലാത്തതുപോലെ റബ്ബേ ഞാനും നിനക്കുള്ള ഹംദിനെ പരിമിതപ്പെടുത്തുന്നില്ല എന്നാണ് നബി(സ്വ) പറഞ്ഞിരുന്നത്.
അല്‍ഹംദുലില്ലാഹ് എന്ന അടിമയുടെ പറച്ചില്‍ അല്ലാഹുവിന്റെ പരമാധികാരത്തെയും പരമമായ ഖുദ്‌റത്തിനെയും അംഗീകരിക്കുന്നുണ്ട്. പ്രപഞ്ചത്തിലെ എല്ലാ ജൈവാജൈവ ചരാചരങ്ങള്‍ക്കും അനുഗ്രഹങ്ങള്‍ ചെയ്യുന്നവന്‍ അല്ലാഹു തന്നെയാണ് എന്നാണ് ഫാതിഹയുടെ ഈ രണ്ടാം സൂക്തത്തിന്റെ പൊരുള്‍.

അവലംബം: തഫ്‌സീറുശഅ്‌റാവി

You must be logged in to post a comment Login