നിറഞ്ഞു നിന്ന പ്രതിഭ

നിറഞ്ഞു നിന്ന പ്രതിഭ

തൊള്ളായിരത്തി എഴുപത്തി നാലില്‍ തിരൂരങ്ങാടി കോളജില്‍ പ്രീഡിഗ്രിക്ക് പഠിക്കുമ്പോഴാണ് പോക്കര്‍ സാഹിബിനെ കാണുന്നത്. അന്ന് ഞാനടങ്ങുന്ന ഏതാനും എം.എസ്.എഫുകാര്‍ ചന്ദ്രിക കാണാന്‍ പോയി. ചന്ദ്രികയുടെ മുറ്റത്ത് ബീഡി വലിച്ച് ഇളം ചിരിയുമായി നില്‍ക്കുന്ന മനുഷ്യനെയാണ് ആദ്യം അവിടെ കണ്ടത്. ‘ഞാന്‍ പോക്കര്‍ കടലുണ്ടി’ എന്ന് പറഞ്ഞപ്പോള്‍ ചന്ദ്രിക അരിച്ചു പെറുക്കി വായിക്കാറുള്ള എനിക്ക് ആളെ മനസ്സിലായി. അപ്പോള്‍ സി.എച്ച് മുഹമ്മദ് കോയാ സാഹിബ് ചന്ദ്രികയിലുണ്ടായിരുന്നു. അന്ന് ലീഗില്‍ പൊട്ടിത്തെറി നടക്കുന്ന സമയമാണ്. കോയാ സാഹിബിനെ കാണാനുള്ള ഞങ്ങളുടെ ആഗ്രഹം പോക്കര്‍ സാഹിബ് അറിയിച്ചപ്പോള്‍ തിരക്കിനിടയിലും ഞങ്ങള്‍ക്ക് സമയം തന്നു. ‘നന്നായി പഠിക്കണം.. വിദ്യാഭ്യാസമുള്ളവര്‍ നമ്മുടെ സമുദായത്തില്‍ കുറവാണല്ലോ’ എന്ന് സാഹിബ് ഞങ്ങളെ ഓര്‍മിപ്പിച്ചു.
അങ്ങനെ തുടങ്ങിയതാണ് പോക്കര്‍ സാഹിബുമായുള്ള ബന്ധം. ചന്ദ്രികയില്‍ ലേഖനമെഴുതണമെന്ന് ആഗ്രഹമുദിച്ചതും അതിന് സഹായിച്ചതും പോക്കര്‍ സാഹിബ് തന്നെയാണ്. മാതൃഭൂമിയിലെ ബാലപംക്തിയില്‍ ഓണത്തെ കുറിച്ച് ഞാനെഴുതിയ കൊച്ചു കവിത പോക്കര്‍ക്കയെ കാണിക്കാന്‍ തൊട്ടടുത്ത ശനിയാഴ്ച തന്നെ ഒറ്റക്ക് ഞാന്‍ ചന്ദ്രികയിലെത്തി. എന്നോട് ലേഖനമെഴുതാന്‍ പറഞ്ഞു. രണ്ട് ദിവസം കൊണ്ട് ഇന്ത്യന്‍ എക്‌സ്പ്രസില്‍ ഇസ്രയേലിനെകുറിച്ച് വന്ന ലേഖനം മലയാളത്തിലാക്കി പോക്കര്‍ക്കയുടെ പേരില്‍ അയച്ചു കൊടുത്തു. ഒരാഴ്ചക്കുള്ളില്‍ തന്നെ ലേഖനം വന്നു. സന്തോഷം പറയണോ. പിന്നെ വിദേശ പ്രശ്‌നങ്ങളെകുറിച്ച് പലപ്പോഴും എഴുതിക്കൊണ്ടിരുന്നു. അപ്പോഴേക്ക് പാര്‍ട്ടി രണ്ടായി കഴിഞ്ഞിരുന്നു. ലീഗ് ടൈംസ് എന്ന പത്രം വരുന്നു. പോക്കര്‍ക്കയും കുഞ്ഞിമ്മൂസ സാഹിബും മാനു ഹാജിയും തുടങ്ങി ചന്ദ്രികയിലുള്ള പലരും പന്നിയങ്കരയിലെ ലീഗ് ടൈംസിലെത്തുന്നു. ഞാനപ്പോഴേക്ക് ഡിഗ്രിക്ക് ഫാറൂഖ് കോളജിലെത്തിയിരുന്നു. കോളജില്‍ നിന്ന് ഇടക്കിടെ ലീഗ് ടൈംസിലെത്തും. എന്തെങ്കിലും റിപ്പോര്‍ട്ട് എഴുതിയിട്ടാണ് പോവുന്നത്. ഫാറൂഖിലെ എം.എ ഷുക്കൂര്‍ സാഹിബിനെ നാട്ടിലെ മദ്രസയുടെ വാര്‍ഷികത്തില്‍ കൊണ്ടു പോയി പ്രസംഗിപ്പിച്ചത് ഞാന്‍ വാര്‍ത്തയാക്കി. ലീഗ് ടൈംസ് വാര്‍ത്ത ഒന്നാം പേജില്‍ കൊടുത്തു. അങ്ങനെയാണ് പത്രം എന്റെ നാട്ടില്‍ പ്രചരിപ്പിക്കുന്നത്. ലീഗ് ടൈംസില്‍ ചെന്നാല്‍ പോക്കര്‍ക്കയുടെ കൂടെ ചായ കുടിക്കും. ഡസ്‌കിലെ തമാശകള്‍ക്ക് പോക്കര്‍ക്ക തന്നെയാണ് നേതൃത്വം കൊടുക്കാറുള്ളത്. ലീഗ് ടൈംസ് ബന്ധം എന്നെ വിമതലീഗ് എന്ന് വിമര്‍ശകര്‍ വിളിച്ചു പോന്ന അഖിലേന്ത്യാ ലീഗിലെത്തിച്ചു. ശംസുല്‍ ഉലമാ, എ.പി എന്നിവരോടൊക്കെ അടുക്കാനും ലീഗ് ടൈംസ് തന്നെയായിരുന്നു കാരണം. അന്ന് കോഴിക്കോടും മറ്റുമുള്ള വാര്‍ത്തകള്‍ ശേഖരിക്കാന്‍ പോവുമായിരുന്നു. പണ്ഡിതന്‍മാരുടെ വാര്‍ത്തകളൊന്നും അന്ന് ചന്ദ്രികയില്‍ വരാറില്ല. അവര്‍ പൊതുവേ മുജാഹിദ് താല്‍പര്യക്കാരായിരുന്നു. ലീഗ് ടൈംസ് മറിച്ചായി. സുന്നികളുടെ വാര്‍ത്തകള്‍ക്കും പ്രാധാന്യം നല്‍കി. ചന്ദ്രികയുടെ മേധാവി പൂക്കോയ തങ്ങളും ലീഗ് ടൈംസിന്റേത് എം.കെ ഹാജിയുമാണെന്നോര്‍ക്കണം. പോക്കര്‍ക്ക നാട്ടില്‍ പുതിയ പാര്‍ട്ടിയുടെ നേതാവായി കഴിഞ്ഞിരുന്നു. ഞാന്‍ അഖിലേന്ത്യാ എം.എസ്.എഫിന്റെ തലപ്പെത്തെത്തിയിട്ടുണ്ട്. പ്രസംഗിക്കാന്‍ വേണ്ടി കടലുണ്ടിയിലേക്ക് പോക്കര്‍ക്ക ക്ഷണിച്ചു. ഒരു പീടികത്തിണ്ണയിലായിരുന്നു പ്രസംഗം. പോക്കര്‍ക്ക ഉള്ളതും ഇല്ലാത്തതും പറഞ്ഞ് എന്നെ പരിചയപ്പെടുത്തി. അറബ് ലോകത്തെ പ്രശ്‌നങ്ങളെകുറിച്ചാണ് ഞാന്‍ സംസാരിച്ചത്. രാഷ്ട്രീയമൊന്നും പറഞ്ഞില്ല. തങ്ങന്‍മാരെയൊന്നും വിമര്‍ശിക്കാന്‍ തോന്നിയില്ല. രണ്ടു ചേരിയിലും തങ്ങന്‍മാരുണ്ടല്ലോ. പിന്നെ പലയിടത്തേക്കും ക്ഷണിച്ചു. ഫാറൂഖ് കോളജിലായപ്പോള്‍ ഇടക്കിടെ പത്രമോഫീസില്‍ പോവും. ലേഖനങ്ങളഴുതി ഏല്പിക്കും. എനിക്ക് ഹുസൈന്‍ രണ്ടത്താണി എന്ന തൂലികാ നാമം തീരുമാനിച്ചത് കുഞ്ഞിമ്മൂസയും പോക്കര്‍ക്കയും കൂടിയാണ്.

ഒരു പഞ്ചായത്തും കുറേ നായ്ക്കളും എന്ന പോക്കര്‍ക്കയുടെ നോവല്‍ ചിരിക്ക് വക നല്‍കുന്നതാണ്. ഇതാദ്യം പ്രസിദ്ധീകരിച്ചത് ചന്ദ്രികയിലാണ്. തന്റെ പഞ്ചായത്തിലെ ഭരണ സമിതിയുടെ നേറികേടുകളാണ് നോവലിന്റെ ഇതിവൃത്തം. പഞ്ചായത്ത് അംഗങ്ങളെ പുതിയ പേരിട്ട് കൊണ്ടാണ് നോവല്‍ എഴുതിയതെങ്കിലും വായിക്കുന്ന മെമ്പര്‍മാര്‍ക്ക് തങ്ങളെയാണ് ഉദ്ദേശിക്കുന്നതെന്ന് ശരിക്കും അറിയാം. നോവല്‍ നിറുത്തിക്കിട്ടുന്നതിന് വേണ്ടി നോവലിലെ കഥാപാത്രങ്ങള്‍ ചന്ദ്രികയുടെ ചീഫ് എഡിറ്റര്‍ സി എച്ചിന്റെ പക്കല്‍ പരാതിയുമായി വന്നിരിക്കുന്നു. എഴുതിയത് നിങ്ങളെപ്പറ്റിയാണെന്നതിന് തെളിവെന്താണെന്ന് ചോദിച്ചപ്പോള്‍ ഓരോരുത്തരും പേരുകള്‍ പറഞ്ഞ് കൊണ്ട് അത് താനാണെന്ന് പറയാന്‍ തുടങ്ങി. സി.എച്ചിന് ചിരിയടക്കാന്‍ കഴിഞ്ഞില്ല. നിങ്ങളാണോ ഈ നെറികേടുകളൊക്കെ ചെയ്തത് എന്നായി കോയാ സാഹിബ്. എല്ലാവരും പറഞ്ഞു ഹേയ് ഞങ്ങളല്ലാന്ന്. പിന്നെങ്ങനെ ആ കഥാ പാത്രങ്ങള്‍ നിങ്ങളാണെന്ന് പറയുന്നു? ഏതായാലും സി.എച്ച,് പോക്കര്‍ സാഹിബിനെ വിളിച്ചു ഒത്തുതീര്‍പ്പുണ്ടാക്കി. തല്‍ക്കാലം നോവല്‍ നിറുത്തി. പക്ഷേ ലീഗ് ടൈംസില്‍ നോവല്‍ വീണ്ടും പ്രസിദ്ധീകരിച്ചു.

തമിഴ് നാട്ടില്‍ പഠിച്ച പോക്കര്‍ക്കയുടെ പക്കല്‍ അണ്ണന്‍ തമാശകളും വേണ്ടത്രയാണ്. രാഷ്ട്രീയ രംഗത്ത് വന്നതിന് ശേഷം അദ്ദേഹം സരസമായി പ്രസംഗിച്ചിരുന്നു. തമിഴ് സാഹിത്യങ്ങളായിരുന്നു മുഖ്യമായും തന്റെ പഠനത്തിന് ഉപയോഗിച്ചിരുന്നത്. അതിനാല്‍ തന്റെ കൃതികള്‍ മലയാളികള്‍ക്ക് പുതുമ പകര്‍ന്നു. തമിഴില്‍ സയ്യിദ് ഇബ്രാഹീം എഴുതിയ മുഹമ്മദ് (സ) പോക്കര്‍ക്ക മലയാളത്തിലാക്കി. ഈ കൃതിക്ക് നല്ല വായനക്കാരുണ്ടായി. ലീഗ് ടൈംസില്‍ നിന്ന് സിറാജിലെത്തിയ ശേഷം പത്ര പ്രവര്‍ത്തനരംഗത്ത് പോക്കര്‍ക്ക വലിയ സംഭാവനകളൊന്നും നല്‍കിയില്ല. പ്രധാനമായും തന്റെ ലീഗ് ടൈംസ് കൂട്ടുകാരായ കെ.കെയും, പി കെയും, കുഞ്ഞിമ്മൂസയും, പാണ്ടികശാലയും, പാലത്തോളും, ചെറൂപ്പയും, ജമാല്‍ക്കയും ഒക്കെ വിവിധ മേഖലകളിലായി. പലരും ചന്ദ്രികയിലേക്ക് തന്നെ ചേക്കേറി. സിറാജില്‍ നിന്ന് പൂങ്കാവനം പ്രസിദ്ധീകരിക്കുന്ന ഇസ്‌ലാമിക വിജ്ഞാന കോശത്തിന്റെ എക്‌സിക്യൂട്ടീവ് എഡിറ്ററായി വന്നു. ഇവിടെയും അദ്ദേഹം സുഹൃദ് വലയം സൃഷടിച്ചു. ശിഹാബുദ്ദീന്‍ പൊയ്തുംകടവ്, ഒ,എം.തരുവണ, ഉനൈസ് കല്‍പകഞ്ചേരി, ഉസ്മാന്‍ ചെറൂപ്പ, ഷാഹുല്‍ പി കോഴിക്കോട്, ഇഖ്ബാല്‍ എന്നിങ്ങനെയുള്ള പുതിയ തലമുറ. അവര്‍ക്കും പോക്കര്‍ക്ക പ്രിയപ്പെട്ടവനായി.
പോക്കര്‍ക്ക എപ്പോഴും സ്വാഭിപ്രായക്കാരനായിരുന്നു. എല്ലാവരെയും വിമര്‍ശിക്കും. അഭിനന്ദിക്കുകയും ചെയ്യും. മക്കളെ നല്ല നിലയില്‍ വളര്‍ത്തി. അവര്‍ക്കൊക്കെ വിവിധ സ്ഥലങ്ങളില്‍ ജോലിയുമായി. പിന്നെ പലപ്പോഴും അസുഖങ്ങളായി. എന്നിട്ടും തന്റെ എഴുത്ത് നിറുത്തിയില്ല. സഅദിയുടെ ഗുലിസ്താനും ശീറാസിലെ പൂങ്കുയിലും പ്രസിദ്ധീകരിച്ചു. അടിയാറിന്റെ ഇസ്‌ലാമിനെ കുറിച്ച ഗ്രന്ഥവും പ്രചാരപ്പെട്ടു. പിന്നീടദ്ദേഹം സൂഫീ പഠനങ്ങളില്‍ സജീവമായിരുന്നു. താടി വളര്‍ത്തി സൂഫിയെപ്പോലെയാണ് പോക്കര്‍ക്കയെ പലപ്പോഴും കണ്ടിരുന്നത്. എത് ഫിലോസഫിയും സരസമായി അവതരിപ്പിച്ച് തരും. പൂങ്കാവനത്തില്‍ ഇടക്കിടെ എഴുതണമെന്നപേക്ഷിച്ചപ്പോള്‍ പഴയ കാല അനുഭവങ്ങള്‍ ഏതാനും ലക്കങ്ങളില്‍ എഴുതിയിരുന്നു. തമിഴിലുള്ള ചില കൃതികള്‍ കൂടി പരിഭാഷപ്പെടുത്തണമെന്ന് ഉദ്ദേശിച്ചിരുന്നു. അസുഖങ്ങള്‍ കാരണം അതിനൊന്നും മിനക്കെട്ടില്ലെന്ന് തോന്നുന്നു. കോഴിക്കോട്ടേക്ക് വരുന്നത് അപൂര്‍വമായി തുടങ്ങിയതോടെ ബന്ധപ്പെടാനുള്ള അവസരം കുറഞ്ഞു. ഇടക്കിടെ മലപ്പുറത്തെ സ്വലാത് നഗറില്‍ കണ്ടിരുന്നു. പ്രാര്‍ഥനാ സമ്മേളനം തനിക്ക് വലിയൊരനുഭവമാണെന്ന് പറഞ്ഞിരുന്നു. അതേ കുറിച്ച് ഒരു പുസ്തകമെഴുതണമെന്ന ആഗ്രവും പ്രകടിപ്പിച്ചിരുന്നു.
ചന്ദ്രികയില്‍ വച്ച് ആദ്യമായി കണ്ട പോക്കര്‍ക്കയാണ് ഇപ്പോഴും മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്നത്. ജീവിതം മുഴുവന്‍ തൂലികയേന്തിയ ആ മഹാ പ്രതിഭയെ നമുക്ക് മറക്കാതിരിക്കാം.

ഹുസൈന്‍ രണ്ടത്താണി

You must be logged in to post a comment Login