ചില്ലിട്ടുവെക്കേണ്ട നാല് ചിത്രങ്ങള്‍”

ചില്ലിട്ടുവെക്കേണ്ട നാല് ചിത്രങ്ങള്‍”

ഭൂരിപക്ഷ വര്‍ഗീയത’ എന്ന പദപ്രയോഗം തികച്ചും തെറ്റാണ്; അബദ്ധധാരണയാണത്. ജനാധിപത്യത്തില്‍ ഭൂരിപക്ഷത്തിന്റെ അഭിപ്രായമാണ് ജനങ്ങളുടെ ദൈനംദിന ജീവിതത്തില്‍ സ്വാധീനം ചെലുത്തേണ്ടത്. അതിനാല്‍, ഭൂരിപക്ഷത്തിന്റെ പ്രായോഗിക ജീവിതത്തെ ദേശമെന്ന സത്തയുടെ യഥാര്‍ഥജീവിതമായി പരിഗണിക്കുന്നതാണ് ശരി, ഈ വീക്ഷണ കോണില്‍നിന്നായാലും ഹിന്ദുക്കളുടെ ജീവിതോദ്ധാരണത്തിനായി ശ്രമിക്കുന്നത് ദേശീയമേ ആവുകയുള്ളൂ; വര്‍ഗീയമാവില്ല. അതിനാല്‍ ഭൂരിപക്ഷവര്‍ഗീയത എന്ന് പറയുന്നത് ജനാധിപത്യമൂല്യങ്ങള്‍ക്ക് നിരക്കുന്നതല്ല”രണ്ടാം സര്‍സംഘ്ചാലക് എം.എസ് ഗോള്‍വാള്‍ക്കറുടെ വാക്കുകളാണിത്. മതഭൂരിപക്ഷത്തെ രാഷ്ട്രീയഭൂരിപക്ഷമായി ദുര്‍വ്യാഖ്യാനം ചെയ്ത് വിഭാഗീയവര്‍ഗീയ ചിന്തകളെ ആര്‍.എസ്.എസ് നട്ടുവളര്‍ത്തുന്ന രീതിയാണിത്. ഭൂരിപക്ഷസമൂഹം എന്തപരാധം ചെയ്താലും അത് ദേശീയതാല്‍പര്യമായേ കാണേണ്ടതുള്ളൂവെന്ന അങ്ങേയറ്റം അപകടകരമായ വാദം. ഇക്കാലമത്രയും ഇന്ത്യ തള്ളിക്കളഞ്ഞ ആ വാദം മോഡിയുടെ അധികാരാരോഹണത്തോടെ, ഭരണകൂടത്തിന്റെ അംഗീകൃതനയമായി സ്വീകരിക്കപ്പെട്ടതിന്‍െ ദുരന്തമാണ് രാജ്യമിന്ന് അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നത്. താന്‍ പ്രതിനിധാനം ചെയ്യുന്നത് ഭൂരിപക്ഷത്തെയാണെന്നും അതുകൊണ്ട് തന്നെ ആര്‍.എസ്.എസിന്റെ വീക്ഷണകോണിലൂടെയാണ് രാജ്യം ദിശതേടേണ്ടതെന്നും സര്‍സംഘ്ചാലക് മോഹന്‍ഭാഗവത് ഉറച്ചുവിശ്വസിക്കുന്നു. അതുകൊണ്ട് ആഭ്യന്തരവും വൈദേശികവുമായ നയനിലപാടുകള്‍ പൊളിച്ചെഴുതുന്ന തിരക്കിലാണ് സംഘ്മസ്തിഷ്‌ക്കങ്ങള്‍. അതോടെ ഉടലെടുക്കുന്ന പ്രക്ഷുബ്ധതയാണ് ഇന്ത്യന്‍ രാഷ്ട്രീയസാമൂഹിക മണ്ഡലങ്ങളെ ഇന്ന് ശബ്ദായമാനമാക്കുന്നത്. ദേശീയതയെയും രാജ്യദ്രോഹത്തെയും ഹിംസയെയും ദേശീയ ഔന്നത്യത്തെയുമൊക്കെ സംബന്ധിച്ചുള്ള ‘ഗുരുജി’യുടെ വിനാശകരമായ സിദ്ധാന്തങ്ങളാണ് വര്‍ത്തമാനകാലത്തെ ആസുരമാക്കുന്നതെന്ന് തിരിച്ചറിയാന്‍ ‘വിചാരധാരയി’ലൂടെ ഒന്ന് കണ്ണോടിച്ചാല്‍ മതി. എന്തുകൊണ്ട് ബി.ജെ.പി ഭരിക്കുന്ന കാലത്ത് രാജ്യം അറുകൊലകള്‍ക്ക് സാക്ഷിയാവുന്നുവെന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരമുണ്ട്. ഹിംസയെയും ആക്രമണോല്‍സുകതയെയും ഹിന്ദുത്വ താലോലിച്ചുവളര്‍ത്തുന്നു. ഹിന്ദുത്വ പദ്ധതിക്കെതിരെ നില്‍ക്കുന്ന പ്രസ്ഥാനങ്ങളെയും വ്യക്തികളെയും മാത്രമല്ല, ആ ദിശയിലെ ചിന്തകളെയും തുടച്ചുമാറ്റണമെന്നും എന്നാലേ സ്വപ്‌നത്തിലുള്ള ഹിന്ദുരാഷ്ട്രം സാധ്യമാവുകയുള്ളുവെന്നും തീവ്രവലതുപക്ഷം വിശ്വസിക്കുന്നു. ഗാന്ധിജിയെ മഹാരാഷ്ട്രയിലെ സവര്‍ണര്‍ തുടക്കം തൊട്ട് എതിര്‍ത്തത് അഹിംസ മുറുകെപിടിച്ചുള്ള രാഷ്ട്രീയപരീക്ഷണത്തോടുള്ള കടുത്ത എതിര്‍പ്പുകൊണ്ടാണ്. അഹിംസാചാരികളായിരുന്നു നമ്മുടെ പൂര്‍വീകര്‍ എന്ന ഓര്‍മപ്പെടുത്തലുകളെ പുച്ഛത്തോടെയാണ് ഗോള്‍വാള്‍ക്കറും സവര്‍ക്കറും ആര്‍.എസ്.എസിനെ പിന്നീട് നയിച്ചവരും കണ്ടത്. ശത്രുനിഗ്രഹണത്തിന്റെ മഹാത്മ്യം പറയുമ്പോള്‍ ‘ഗുരുജി’ ആവേശഭരിതനാവുന്നുണ്ട്: ”കൈയുംകെട്ടി നിന്ന് അപമാനത്തിനു വഴങ്ങുന്നതു നിന്ദ്യമായ നപുംസകലക്ഷണമായി കരുതപ്പെട്ടിരുന്നു. …ധര്‍മാധിഷ്ഠിതമായ സമാധാനം സ്ഥാപിക്കാന്‍ വേണ്ടി കഠോരമായി പടവെട്ടുകയും ശത്രുക്കളെ നിര്‍ദയം വധിക്കുകയും ചെയ്തു… തിന്മകളെ തുടച്ചുനീക്കുന്നതിനു നാം അവയുടെ താങ്ങായി നില്‍ക്കുന്ന ആ ദുഷിച്ച മനുഷ്യനെ നശിപ്പിച്ചേ തീരൂ.” ശാഖകളിലൂടെ കൈമാറുന്ന ഹിന്ദുത്വ അധ്യാപനങ്ങളാണ് സമാജത്തിന്റെ ശത്രുക്കളായി മുദ്ര കുത്തപ്പെടുന്നവരെ അറുകൊല ചെയ്യാന്‍ പ്രചോദനമാവുന്നത്. ഹിന്ദുത്വയുടെ മറുപക്ഷത്ത് നിലയുറപ്പിച്ച ഡോ. നരേന്ദ്ര ധാഭോല്‍ക്കറും ഗോവിന്ദ പന്‍സാരെയും എം.എം കല്‍ബുര്‍ഗിയും ഗൗരിലങ്കേഷുമെല്ലാം ആര്‍.എസ്.എസിന്റെ കണ്ണിലെ കരടുകളായി മാറുന്നതും എന്തുകൊണ്ട് എന്ന് അന്വേഷിക്കുമ്പോഴാണ് രാജ്യമിന്ന് അകപ്പെട്ട പ്രതിസന്ധിയുടെ ആഴം അളക്കാന്‍ കഴിയുന്നത്. മതനിരപേക്ഷചേരിയിലുള്ളവരുടെ കഥകഴിക്കുന്നത് ഹിന്ദുരാഷ്ട്ര സംസ്ഥാപന വഴിയിലെ ഉജ്വലകൃത്യമായാണ് ഹിന്ദുത്വവാദികള്‍ കാണുന്നത്. ഹിറ്റ്‌ലറുടെ നേതൃത്വത്തില്‍ ജനാധിപത്യമാര്‍ഗത്തിലൂടെ അധികാരത്തിലേറിയ നാഷനല്‍ സോഷ്യലിസ്റ്റ് ജര്‍മന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടി (നാസി) നേതാക്കള്‍ നടന്നകന്ന വഴിക്ക് തന്നെയാണ് മോഡിയും ശിഷ്യന്മാരും കടന്നുപോവുന്നത്. എട്ടുപതിറ്റാണ്ടിന്റെ ദൂരം ആവിഷ്‌കാരത്തിലും പ്രയോഗത്തിലും ചില അന്തരങ്ങള്‍ വരുത്തുന്നുണ്ട് എന്ന വ്യത്യാസം മാത്രം. സംവാദാത്മക സമൂഹം (അൃഴൗാലിമേശേ്‌ല ീെരശല്യേ)എന്ന ഇന്ത്യയെ കുറിച്ചുള്ള സ്ഥിരലബ്ധമായ കാഴ്ചപ്പാട് തിരുത്തിയെഴുതേണ്ടിവന്നിരിക്കുന്നു. അടല്‍ബിഹാരി വാജ്‌പേയി 19992004വരെ ആറ് വര്‍ഷം ഭരിച്ചപ്പോള്‍ രാജ്യം അനുഭവിക്കേണ്ടിവന്നിട്ടില്ലാത്ത, അടിച്ചമര്‍ത്തലിന്റെ രീതി കണ്ട് ലോകം ഞെട്ടിത്തരിച്ചു. വാജ്‌പേയി ഒരിക്കല്‍ പറഞ്ഞത്രെ; കിതാബ് കാ ജവാബ് കിതാബ് സെ ഹോത്താഹെ’ ആശയങ്ങളെ ആശയം കൊണ്ട് നേരിടണമെന്ന് സാരം. നരേന്ദ്രമോഡിയുടെ കാലഘട്ടത്തോടെ ആശയങ്ങളെ വെടിയുണ്ടകള്‍ കൊണ്ട് നേരിടുന്ന ദുര്‍ഗതി വന്നുപെട്ടു.

ഗോഡ്‌സെ തുടങ്ങിവെച്ചത്
നാഥൂറാം ഗോഡ്‌സെ എന്ന ചിത്പാവന്‍ ബ്രാഹ്മണന്‍ എന്തിന് മഹാത്മജിയെ വെടിവെച്ചുകൊന്നു അതേ ലക്ഷ്യത്തോടെയാണ് ധാ ഭോല്‍ക്കറും കല്‍ബുര്‍ഗിയും പന്‍സാരെയും ഗൗരിലങ്കേഷും വെടിവെച്ചുകൊല്ലപ്പെടുന്നത്. വര്‍ഗീയതയുടെ അധമ ചിന്തകളെയും പദ്ധതികളെയും ഗാന്ധിജി ജീവിതം കൊണ്ട് എതിര്‍ത്തപ്പോള്‍ ശല്യം എന്നെന്നേക്കുമായി തീര്‍ക്കാനാണല്ലോ ഗോദ്‌സെ ആ അപൂര്‍വജന്മത്തെ ബിര്‍ളമന്ദിരത്തിന്റെ പുല്‍ത്തകിടിയില്‍ വെടിവെച്ചിട്ടത്. ഗാന്ധിജി അശരണരായ മുസ്‌ലിംകള്‍ക്ക് വേണ്ടി വാദിച്ചത് സവര്‍ക്കറുടെയും ഗോള്‍വാള്‍ക്കറുടെയും അനുയായികള്‍ക്ക് സഹിക്കാന്‍ കഴിഞ്ഞില്ല. ആര്‍.എസ്.എസ് പ്രസരിപ്പിക്കുന്ന അസത്യങ്ങള്‍ക്കെതിരെ ആയുസ്സും വപുസ്സും ത്യജിക്കാന്‍ സന്നദ്ധമായവരായിരുന്നു ധാഭോല്‍ക്കറും കല്‍ബുര്‍ഗിയും പന്‍സാരെയും ഗൗരിയുമൊക്കെ. ഈ വക കൊലകളിലൂടെ എതിര്‍പക്ഷത്ത് നില്‍ക്കുന്നവര്‍ക്ക് താക്കീത് നല്‍കുകയും ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിച്ചെടുക്കുകയുമാണ് ഹിന്ദുത്വവാദികള്‍ ലക്ഷ്യമിടുന്നത്. മഹാരാഷ്ട്ര ‘അന്ധശ്രദ്ധ നിര്‍മൂലന്‍ സമിതി ‘ എന്ന കൂട്ടായ്മയിലൂടെ അന്ധവിശ്വാസങ്ങള്‍ക്കെതിരെ അടരാടിയ ഡോ. നരേന്ദ്ര ധാഭോല്‍ക്കര്‍ ആ ദിശയില്‍ നിയമനിര്‍മാണം കൊണ്ടുവരുന്നതിന് നടത്തിയ സമാധാനപരമായ പ്രക്ഷോഭമാണ് ഇക്കൂട്ടരെ പ്രകോപിപ്പിച്ചത്. ഡോ. ജയന്ത് ബാലാജി അത്‌വാലയുടെ നേതൃത്വത്തിലുള്ള ‘സനാതന്‍ സന്‍സ്ത’ എന്ന സംഘടന, അതോടെ ധാഭോല്‍ക്കര്‍ക്ക് എതിരെ പരസ്യമായി രംഗത്തുവന്നു. ‘ദുഷ്ടജനങ്ങളെ ‘ ഉന്മൂലനം ചെയ്ത് ഭൂമുഖത്ത് ‘ഈശ്വരരാജ്യം’ സ്ഥാപിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് അത്‌വാല പരസ്യമായി പ്രസംഗിക്കുമായിരുന്നു. ഹിന്ദുത്വവാദികളുടെ സ്വപ്‌നമായ ‘ഹിന്ദുരാഷ്ട്രം തന്നെയാണ് സന്‍സ്തയുടെയും ആത്യന്തിക ലക്ഷ്യം. അതിന്റെ സാഹിത്യം പരിശോധിച്ചാല്‍ മനസ്സിലാക്കാനാവുന്ന ഒരുകാര്യം ‘ദുര്‍ജന്‍'(ദുഷ്ടജനം) കൊണ്ട് അവരുദ്ദേശിക്കുന്നത് യുക്തിവാദികള്‍, മുസ്‌ലിംകള്‍, ക്രിസ്ത്യാനികള്‍ തുടങ്ങി ‘ഹിന്ദുവിരുദ്ധര്‍’ എന്ന് ഈ വിഭാഗം മുദ്ര കുത്തുന്നവര്‍ എല്ലാവരുമാണ്. അനുയായികളില്‍ ഒരു വിഭാഗത്തിന് ആയുധപരിശീലനം നല്‍കാന്‍ സന്‍സ്ത ശുഷ്‌ക്കാന്തി കാട്ടി. അധോലോകം വഴി ആയുധങ്ങള്‍ സംഭരിച്ചു. അന്ധവിശ്വാസവിരുദ്ധ പ്രക്ഷോഭം പാരമ്യതയിലെത്തിയ ഒരു ഘട്ടത്തില്‍, 2013 ആഗസ്റ്റ് 20നാണ് ധഭോല്‍ക്കര്‍ വെടിയേറ്റ് മരിക്കുന്നത്. പ്രഭാതസവാരിക്കിറങ്ങിയ ഡോക്ടറെ പൂനെയിലെ ഓംകാരേശ്വര്‍ ക്ഷേത്രത്തിനു സമീപം പോയന്റ് ബ്ലാങ്കില്‍നിന്ന് മൂന്ന് തവണയായി വെടിവെച്ച് വീഴ്ത്തുകയായിരുന്നു. കൃത്യം നിര്‍വഹിച്ച ശേഷം കൊലയാളികള്‍ ബൈക്കില്‍ കയറി രക്ഷപ്പെട്ടു. തലയിലേറ്റ വെടിയുണ്ടയാണ് ധാഭോല്‍ക്കറുടെ ജീവനെടുത്തത്. തുടര്‍ച്ചയായി വധഭീഷണിയുടെ പശ്ചാത്തലത്തില്‍ പൊലിസ് സുരക്ഷ ഏര്‍പ്പെടുത്താന്‍ നീക്കമുണ്ടായെങ്കിലും അദ്ദേഹം അതിനോട് യോജിച്ചില്ല. ”എന്റെ നാട്ടില്‍ എന്റെ ജനതയില്‍നിന്ന് ഭീഷണി നേരിടുന്നതിന്റെ പേരില്‍ പൊലിസ് സുരക്ഷ തേടുന്നതിനര്‍ഥം എനിക്കെന്തോ കുഴപ്പമുണ്ടെന്നാണ്. രാജ്യത്തിന്റെ ഭരണഘടനയുടെ ചട്ടക്കൂട്ടില്‍നിന്നുകൊണ്ടാണ് ഞാന്‍ പോരാടുന്നത്. അത് ഒരാള്‍ക്കും എതിരല്ല, എന്നാല്‍, എല്ലാവര്‍ക്കും വേണ്ടിയാണ് താനും.” പക്ഷേ, ധാഭോല്‍ക്കര്‍ നമ്മുടെ നാടും സമൂഹവും ആപതിച്ച അധോഗതിയെ കുറിച്ച് വേണ്ടവിധം ഉള്‍ക്കൊള്ളാതെപോയെന്ന് തോന്നാം. ധാഭോല്‍ക്കറുടെ ഘാതകനു വേണ്ടിയുള്ള തിരച്ചില്‍ സന്‍സ്തിലേക്ക് തന്നെയാണ് നയിച്ചത്. പക്ഷേ, അന്വേഷണ സംഘത്തിന് ഖണ്ഡിതമായ തെളിവുകള്‍ ഹാജരാക്കാന്‍ സാധിച്ചില്ല. രണ്ടുവര്‍ഷം കഴിഞ്ഞപ്പോഴേക്കും ധാഭോല്‍ക്കറുടെ അതേ വിധി ഏറ്റുവാങ്ങേണ്ടിവന്നു സി.പി.ഐ നേതാവും പ്രമുഖ യുക്തിവാദി നേതാവുമായ ഗോവിന്ദ പന്‍സാരക്ക്. സന്‍സ്തവുമായി ഏറ്റുമുട്ടലിലായിരുന്നു ഇദ്ദേഹം. പന്‍സാരക്കെതിരെ ഈ വര്‍ഗീയഭ്രാന്തന്മാര്‍ മാനനഷ്ടക്കേസ് പോലും കൊടുത്തിരുന്നു. ധാഭോല്‍ക്കറുടെ വധത്തിന് ശേഷം പന്‍സാരക്ക് ലഭിച്ച ഭീഷണിക്കത്തില്‍ നല്‍കിയ മുന്നറിയിപ്പ് ഇതാണ്: ‘തുംചാ ദാഭോല്‍ക്കര്‍ കറേന്‍’ധാഭോല്‍ക്കറുടെ വിധിയാണ് താങ്കളെയും കാത്തിരിക്കുന്നത്’.പന്‍സാരെ ഹിന്ദുത്വവാദികളുടെ ശത്രുവായത് പിന്തിരിപ്പന്‍ ചിന്താഗതിക്കും വര്‍ഗീയതക്കുമെതിരായ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടത്തിലൂടെയാണ്. ഛത്രപതി ശിവജിയെ കുറിച്ച് ആര്‍.എസ്.എസും മറ്റു വര്‍ഗീയ പ്രസ്ഥാനങ്ങളും കാലാകാലമായി പ്രചരിപ്പിച്ചുപോന്ന കള്ളത്തരങ്ങളെ പൊളിച്ചുകാട്ടാന്‍ അദ്ദേഹം നടത്തിയ ശ്രമം എണ്ണമറ്റ ശത്രുക്കളെ സൃഷ്ടിച്ചു. ബ്രാഹ്മണമേധാവികളും ചരിത്രകാരന്മാരും ശിവജിയെ ഇതുവരെ ചിത്രീകരിച്ചത് കടുത്ത മുസ്‌ലിം വിരുദ്ധനായും ഹിന്ദുക്കളുടെ രക്ഷകനുമായാണ്. എന്നാല്‍, ‘ശിവജി കോന്‍ഥാ’ ( ആരായിരുന്നു ശിവജി?) എന്ന അദ്ദേഹത്തിന്റെ പണ്ഡിതോചിതമായ പുസ്തകം മറാത്തനേതാവിന്റെ യഥാര്‍ഥ ചിത്രം അവതരിപ്പിച്ചപ്പോള്‍ പലര്‍ക്കും നില്‍ക്കക്കള്ളി ഇല്ലാതെയായി. എല്ലാ മതങ്ങളെയും ശിവജി ആദരിച്ചിരുന്നുവെന്നും അദ്ദേഹത്തിന്റെ സൈന്യത്തിലെ മൂന്നിലൊന്നും അംഗരക്ഷകരില്‍ വലിയൊരു ഭാഗവും സേനാനായകരില്‍ ചിലരും മുസ്‌ലിംകളായിരുന്നുവെന്നുമുള്ള ചരിത്രസത്യം അദ്ദേഹം തൊട്ടുകാണിച്ചു. ശിവജിയുടെ സെക്രട്ടറി പോലും മുസ്‌ലിമായിരുന്നു. ജാതിമത ചിന്തകള്‍ക്ക് അതീതമായി ചിന്തിച്ച വിശാല ഹൃദയനായിരുന്ന ശിവജി എന്ന പന്‍സാരയുടെ കണ്ടെത്തല്‍, വര്‍ഗീയ പ്രചാരണങ്ങളെ അട്ടിമറിക്കും എന്ന ഭീതി തീവ്രവലതുപക്ഷത്തെ വിറളിപിടിപ്പിച്ചു. അതോടെ പന്‍സാരക്കെതിരെ ഭീഷണിയും എതിര്‍പ്പും തൊടുത്തുവിട്ടു. ശിവജിയുടെ പേരിലുള്ള കോളജുകളില്‍ ആ ചരിത്രപുരുഷന്റെ സ്വഭാവ, ഭരണസവിശേഷതകള്‍ അക്കമിട്ട് നിരത്തി എണ്ണമറ്റ പ്രഭാഷണങ്ങള്‍ നടത്തി. അന്ധവിശ്വാസങ്ങള്‍ക്കെതിരെ പുസ്തകങ്ങളും ബുക്ക്‌ലെറ്റുകളും അടിച്ചിറക്കി. ഇതൊന്നും തന്നെ മതാന്ധ്യം ബാധിച്ച തിവ്രവാദികള്‍ക്ക് ദഹിച്ചില്ല. അങ്ങനെയാണ്, 2015 ഫെബ്രുവരി 16ന് പത്‌നി ഉമയോടൊപ്പം പ്രഭാതനടത്തത്തിന് ഇറങ്ങിയ പന്‍സാരെയെ വെടിവെച്ചുവീഴ്ത്തുന്നത്. ധാഭോള്‍ക്കറുടെ അതേ ദുര്‍ഗതി. മോട്ടോര്‍ബൈക്കില്‍ വന്ന രണ്ട് അക്രമികള്‍ പന്‍സാരയുടെ നേരെ അഞ്ച്തവണ നിറയൊഴിച്ചു. ഓടി രക്ഷപ്പെടുന്നതിനിടയില്‍ ഉമയെ തട്ടിയിട്ട് കടന്നുപോയപ്പോള്‍ അവര്‍ക്ക് തലക്ക് സാരമായ പരിക്കുപറ്റി. അന്ധവിശ്വാസങ്ങള്‍ക്കും ഹിന്ദുത്വ ആശയങ്ങള്‍ക്കും എതിരെ ശക്തമായ ഭാഷയില്‍ തൂലിക ചലിപ്പിച്ച കര്‍ണാടകയിലെ ഹമ്പി യൂനിവേഴ്‌സിറ്റി മുന്‍ വൈസ്ചാന്‍സ്‌ലറും പ്രമുഖ എഴുത്തുകാരനുമായ എം.എം. കല്‍ബുര്‍ഗി വെടിയേറ്റ് മരിക്കുന്നത് 2015 ആഗസ്റ്റ് 30നാണ്. ധാര്‍വാദയിലെ വസതിയിലേക്ക് അന്ന് രാവിലെ ഓടിക്കയറിയ രണ്ട് അക്രമികള്‍ പോയന്റ് ബ്ലാങ്കില്‍നിന്ന് നിറയൊഴിക്കുകയായിരുന്നു. കൃത്യം നിര്‍വഹിച്ച ശേഷം വന്ന അതേ മോട്ടോര്‍ബൈക്കില്‍ ഓടിമറിഞ്ഞു. ധാര്‍വാദ് ജില്ലാ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും കല്‍ബുര്‍ഗി അന്ത്യശ്വാസം വലിച്ചിരുന്നു. ബ്രാഹ്മണ യാഥാസ്ഥിതികത്വത്തിന് എതിരെ തൂലിക പടവാളാക്കിയ യു.ആര്‍ അനന്തമൂര്‍ത്തിയുടെ ചിന്തയെയും രചനയെയും കല്‍ബുര്‍ഗി ഹൃദയംഗമമായി പിന്തുണച്ചത് തീവ്രവലതുപക്ഷത്തെ ചൊടിപ്പിച്ചത് സ്വാാഭവികം. 2014ല്‍ ബംഗളൂരുവില്‍ സംഘടിപ്പിച്ച അന്ധവിശ്വാസവിരുദ്ധ സെമിനാറില്‍ അദ്ദേഹം ശക്തമായി വാദിച്ചത് വിഗ്രഹാരധനക്ക് എതിരെയായിരുന്നു. ഹിന്ദുത്വയുടെ എതിര്‍പ്പ് രൂക്ഷമായപ്പോള്‍ അദ്ദേഹം പോലിസ് സുരക്ഷ തേടിയിരുന്നു. എന്നാല്‍, കൊല്ലപ്പെടുന്നതിന് രണ്ടുദിവസം മുമ്പാണ് സുരക്ഷ പിന്‍വലിക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടത്.

ഗൗരി ലങ്കേഷിന്റെ വിധി
വര്‍ഗീയതയുടെ വ്യാപനവിഷയത്തില്‍ മഹാരാഷ്ട്രയുടെ തുടര്‍ച്ചയാണ് കര്‍ണാടകയെന്ന് സമര്‍ഥിക്കപ്പെട്ടുകൊണ്ടിരിക്കയാണ്. കാവിരാഷ്ട്രീയത്തിന് വളക്കൂറുള്ള ഈ മണ്ണില്‍ കോണ്‍ഗ്രസില്‍നിന്ന് അധികാരം പിടിച്ചെടുക്കുന്നതിന് ഏത് മാര്‍ഗമുപയോഗിച്ചും വര്‍ഗീയഭ്രാന്ത് വളര്‍ത്തുകയാണ് തീവ്ര വലതുപക്ഷത്തിന്റെ അജണ്ട. തടസ്സം നില്‍ക്കുന്നവരെ എന്നെന്നേക്കുമായി വകവരുത്തുക എന്ന ലക്ഷ്യം വെച്ചാണ് കല്‍ബുര്‍ഗിയെയും ഏറ്റവുമൊടുവില്‍ ഗൗരി ലങ്കേഷിനെയും തോക്കിന്നിരയാക്കിയത്. 2017സെപ്റ്റംബര്‍ അഞ്ചിന് രാത്രി 8.30ന് ഗൗരിയുടെ നേരെ ഉതിര്‍ത്ത വെടിയുണ്ടകള്‍ ധീരതയോടെ പത്രപ്രവര്‍ത്തനം നടത്തുന്നവര്‍ക്കുള്ള താക്കീതും മുന്നറിയിപ്പുമായിരുന്നു. അഭിപ്രായആവിഷ്‌കാര സ്വാതന്ത്ര്യത്തിന് ‘പുതിയ ഇന്ത്യയില്‍’ തങ്ങള്‍ പരിധി നിശ്ചയിച്ചുകഴിഞ്ഞുവെന്ന പരോക്ഷപ്രഖ്യാപനമായിരുന്നു ‘ഗൗരിലങ്കേഷ് പത്രികെ’ എന്ന ടാബ്ലോയ്ഡ് വാരികയിലൂടെ കന്നഡ മാധ്യമരംഗത്ത് വേറിട്ടൊരു വഴി സ്വയം വെട്ടിത്തെളിച്ച ഗൗരിയുടെ കൊല. ആ ഹീനകൃത്യം ഇന്ത്യയെയെന്നല്ല, ലോകത്തെ തന്നെ ഞെട്ടിച്ചു. ഭൂരിപക്ഷവര്‍ഗീയത രാജ്യഗാത്രത്തെ എത്ര വിപദ്കരമാംവിധം പിടികൂടിയിരിക്കുന്നുവെന്ന് ലോകത്തിനു കാട്ടിക്കൊടുക്കുന്നതായിരുന്നു അക്ഷരങ്ങളെ വെടിയുണ്ടകള്‍ കൊണ്ട് നേരിട്ട ആ ദുരന്തം. സുപ്രീംകോടതി അഭിഭാഷകരുടെ കൂട്ടായ്മ ഗൗരിയുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തിയത് ഇപ്രകാരം അടയാളപ്പെടുത്തിയാണ്: സ്വതന്ത്രമായ അഭി പ്രായപ്രകടനത്തിന്റെ പോരാളികളായ ധാഭോല്‍ക്കറുടെയും പന്‍സാരയുടെയും കല്‍ബുര്‍ഗിയുടെയും കൊല യുക്തിചിന്തയുടെ ശബ്ദത്തെ നിശബ്ദമാക്കാനുള്ള വലിയൊരു മാതൃകയുടെ സൂചനയാണെന്നതിനാല്‍ ഗൗരിശങ്കറിന്റെ മരണത്തെ ഒറ്റപ്പെട്ട സംഭവമായി വിലയിരുത്താന്‍ സാധ്യമല്ല. ജനാധിപത്യ ആശയങ്ങളില്‍ ഇന്നും വിശ്വസിക്കുന്ന രാജ്യത്താകമാനമുള്ള ജനം യുക്തിവിചാരത്തിന്റെ ശബ്ദത്തെ എതിര്‍ക്കുന്നതാണി ഈ കൊലകളെന്ന് മനസ്സിലാക്കി പ്രതിഷേധിക്കാന്‍ മുന്നോട്ടുവന്നിരിക്കുകയാണ്. പ്രാദേശിക ഭാഷയിലൂടെ ജനങ്ങളോട് സംവദിച്ച ഒരു സ്ത്രീയെയാണ് ഇത്തവണ തീവ്രവാദികള്‍ ഉന്നംവെച്ചത് എന്നത് ഈ ദുരന്തത്തിന് കൂടുതല്‍ മാനം നല്‍കുന്നു. യാഥാസ്ഥിതികള്‍, വര്‍ഗീയവാദികള്‍, തീവ്രവലതു പക്ഷ പിന്തിരിപ്പന്‍മാര്‍, അവര്‍ക്ക് കുഴലൂതുന്ന മാധ്യമങ്ങള്‍ , പാവങ്ങളെ പിഴിയുന്ന കോര്‍പ്പറേറ്റ് ഭീമന്മാര്‍ എന്നിവരെ മറുപക്ഷത്ത് നിറുത്തി, ന്യൂനപക്ഷങ്ങള്‍, ദലിതര്‍, ഗ്രാമീണര്‍ എന്നിവര്‍ക്ക് വേണ്ടിയാണ് അവര്‍ പേന ചലിപ്പിച്ചതും വാരിക സമര്‍പ്പിച്ചതും. ഹിന്ദുത്വശക്തികള്‍ ദക്ഷിണ കാനറ പ്രദേശങ്ങളിലേക്ക് ഇരച്ചുകയറാന്‍ നടത്തുന്ന കുല്‍സിത ശ്രമങ്ങളെ അവര്‍ തുറന്നുകാട്ടി. രാമസേനയുടെ മറവില്‍ മംഗലാപുരത്തും മറ്റും നടത്തുന്ന തെമ്മാടിത്തങ്ങളെ അവര്‍ പേരെടുത്തു വിമര്‍ശിച്ചു. അഴിമതിക്കാരെ തുറന്നുകാട്ടി. കൊല്ലപ്പെടുന്ന ദിവസം പുറത്തിറങ്ങിയ ലക്കത്തില്‍ മുന്‍ മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പുടെ പേരിലുള്ള അഴിമതിയായിരുന്നു മുഖ്യവിഷയം. അതേ സമയം അംബേദ്ക്കറുടെ ആശയങ്ങളെ ആസ്പദമാക്കി സര്‍ക്കാര്‍ സംഘടിപ്പിച്ച പരിപാടിയില്‍ മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് 111 (കറുത്തവര്‍ഗക്കാര്‍ക്കായി പോരാടിയ മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങിന്റെ പുത്രന്‍) നടത്തിയ പ്രഭാഷണം വിപുലമായി അച്ചടിച്ചുവന്നു. 2008ല്‍ പീഡിപ്പിക്കപ്പെടുന്ന മുസ്‌ലിംകള്‍ക്കായി ഗൗരി ലങ്കേഷ് തയാറാക്കിയ ഒരു ലേഖനം വ്യാപകമായി ചര്‍ച്ച ചെയ്യപ്പെട്ടു. ‘കര്‍ണാടക കാവിയണയുന്നു’ എന്ന ശീര്‍ഷകത്തില്‍ എഴുതിയ ലേഖനം ഇസ്‌ലാമോഫോബിയയുടെ മറവില്‍ മുസ്‌ലിം യുവത്വം എങ്ങനെ ‘ഭീകരതയുടെ ‘ഇരകളായി മാറുന്നുവെന്ന് ഉദാഹരണസഹിതം സമര്‍ഥിക്കുന്നതായിരുന്നു. ഇത്തരം വിഷയങ്ങളില്‍ മീഡിയ എത്ര നിരുത്തരവാദപരവും വിഭാഗീയവുമായാണ് ഇടപെടുന്നതെന്ന് കൂടി അവര്‍ എടുത്തുകാട്ടി. 2008ഫെബ്രുവരി 28ന് ‘ചുരുമുറി’ എന്ന ബ്ലോഗില്‍ അവര്‍ എഴുതിയ കുറിപ്പ് മൂന്ന് മുസ്‌ലിം ചെറുപ്പക്കാര്‍ നേരിടേണ്ടിവന്ന ജീവിതദുരന്തത്തെ കുറിച്ചായിരുന്നു. വാഹനമോഷണത്തിന്റെ പേരിലാണ് ഹുബ്ലി, ഹോനാലി എന്നിവിടങ്ങളില്‍നിന്നായി ഇവരെ അറസ്റ്റ് ചെയ്യുന്നത്. എന്നാല്‍ മാധ്യമങ്ങള്‍ക്ക് പോലിസ് ചോര്‍ത്തിക്കൊടുത്ത ‘രഹസ്യം’ ഭീകരപ്രവര്‍ത്തനത്തിന്റെ പേരിലാണ് ഇവര്‍ പിടിയിലായതെന്നാണ്. അതോടെ ആഴ്ചകളോളം ഈ ഭീകരരെ കുറിച്ചുള്ള നടുക്കുന്ന വാര്‍ത്തകള്‍ വിളമ്പുന്നതില്‍ പത്രങ്ങളും ചാനലുകളും മല്‍സരിച്ചു. ‘വിശ്വസനീയമായ കേന്ദ്ര’ങ്ങളെയും ‘പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത പോലിസ് ഓഫീസര്‍മാരെയും ഉദ്ധരിച്ചായിരുന്നു റിപ്പോര്‍ട്ടുകളെല്ലാം. ഉസാമാ ബിന്‍ ലാദനുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്നും ലശ്കറെ ത്വയ്യിബയുടെ സ്ലീപ്പീംഗ് സെല്ലുകളാണ് ഇവരെന്നും നിരോധിക്കപ്പെട്ട ‘സിമി’യുമായി ബന്ധമുണ്ടെന്നുമൊക്കെ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു. കര്‍ണാടക വിധാന്‍ സഭ, ഇന്‍ഫോസിസിന്റെയും ഐ.ബി.എമ്മിന്റെയും ആസ്ഥാനം എന്നിവ ബോംബിട്ട് നശിപ്പിക്കാന്‍ ഇവര്‍ക്ക് പദ്ധതിയുണ്ടായിരുന്നുവെന്ന് വരെ മീഡിയ കാച്ചിവിട്ടു. ഇവര്‍ ഭീകരവാദികളാണെന്ന് പൊലിസ് ഉദ്യോഗസ്ഥര്‍ എങ്ങനെയാണ് മനസ്സിലാക്കിയതെന്ന് ‘ടൈംസ് ഓഫ് ഇന്ത്യ’ വിവരിക്കുന്നുണ്ട്. റിയാസുദ്ദീന്‍ ഗൗസ്, മുഹമ്മദ് അബൂബക്കര്‍ എന്നിവരുടെ പെരുമാറ്റം ജയില്‍വാര്‍ഡന്റെ ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ പൊലിസ് ഉദ്യോഗസ്ഥരെ അറിയിച്ചത്രെ. ”രണ്ടുപേരും ശബ്ദം കുറച്ച് സംസാരിക്കുന്നു. കൃത്യസമയത്ത് അഞ്ച്‌നേരം നമസ്‌കരിക്കുന്നു. ചിലപ്പോള്‍ ഇംഗ്ലീഷില്‍ സംസാരിക്കുന്നു. ദേശീയ പതാകയോട് ആദരവ് കാട്ടുന്നില്ല.” ഈ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലിസ് അന്വേഷണം നടത്തിയപ്പോഴാണത്രെ ഇവര്‍ കൊടും ഭീകരവാദികളാണെന്ന് കണ്ടെത്തിയത്.

എന്നാല്‍, ഇത്തരം കെട്ടിച്ചമച്ച വാര്‍ത്തകള്‍ നിലക്കാതെ പ്രവചിച്ച ഘട്ടത്തില്‍ അഡീഷനല്‍ ഡയരക്ടര്‍ ജനറല്‍ ഓഫ് പൊലിസ് ശങ്കര്‍ ബദ്‌റി ടെലിവിഷന്‍ ചാനലിനോട് ഒരു കാര്യം തുറന്നുപറഞ്ഞു: യുവാക്കളുടെ ഭീകരപ്രവര്‍ത്തനത്തിന് ഇതുവരെ ഒരു തെളിവും ലഭിച്ചിട്ടില്ല. വ്യാജവാര്‍ത്തകള്‍ കൊണ്ടാണ് മീഡിയ ആഘോഷിക്കുന്നത്. മറ്റൊരു ഡോ. മുഹമ്മദ് ഹനീഫയായി ഇത് മാറിയാലുള്ള അവസ്ഥ ഊഹിക്കാമല്ലോ? (ആസ്‌ത്രേലിയയില്‍ ജോലി ചെയ്യുന്ന മുഹമ്മദ് ഹനീഫ, ഭീകരബന്ധം ആരോപിച്ച് ബ്രിട്ടീഷ് പോലിസ് അറസ്റ്റ് ചെയ്തതും നിരപരാധിയാണെന്ന് കണ്ടപ്പോള്‍ ക്ഷമാപണത്തോടെ് തിരിച്ചയച്ചതും ആഗോള മീഡിയയില്‍ വന്‍ വാര്‍ത്തയായിരുന്നു). ഇവിടെയാണ് ഗൗരി ലങ്കേഷിന്റെ മാധ്യമ ഇടപെടല്‍ പ്രസക്തമാവുന്നതും അവര്‍ തെരഞ്ഞെടുത്ത വഴി വേറിട്ടുനില്‍ക്കുന്നതും. ഭരണകൂടത്തിന്റെ , വിശിഷ്യാ പൊലിസിന്റെ മുന്‍വിധിജഡിലമായ നിലപാട് ദുര്‍ബലവിഭാഗത്തിന്റെ ജീവിതത്തെ എന്തുമാത്രം ദുരിതപൂര്‍ണമാക്കുന്നുവെന്ന് അവര്‍ സമര്‍ഥിക്കുക മാത്രമല്ല, അതിനെതിരെ മൂര്‍ച്ചയുള്ള ഭാഷയില്‍ ആഞ്ഞടിക്കുകയുമായിരുന്നു. ഇത് ആര്‍.എസ്.എസിനെയും മറ്റു തീവ്രഹിന്ദുരാഷ്ട്രവാദികളെയും എരിപൊരി കൊള്ളിച്ചു. ഗൗരിയെ ഉന്മൂലനം ചെയ്യണമെന്ന തീരുമാനം ഉല്‍ഭവിക്കുന്നത് ഇവിടെനിന്നാണ്. അങ്ങനെ ധാഭോല്‍ക്കറും പന്‍സാരയും കല്‍ബര്‍ഗിയും ഗൗരിയുമെല്ലാം നമ്മുടെ കാലഘട്ടത്തിന്റെ ആസുരതകളോട് പ്രതികരിച്ച അപൂര്‍വ ശക്തികളായി മാറി. കെട്ടകാലത്ത് മനുഷ്യത്വത്തിന്റെ പക്ഷത്ത് ഉറച്ചുനിന്ന സുകൃതജന്മങ്ങള്‍. കാലത്തിന്റെ ചുമരില്‍ ആ നാല് മുഖചിത്രങ്ങള്‍ ചില്ലിട്ട് വെക്കാതിരിക്കാനാവില്ല.

ശാഹിദ്‌

You must be logged in to post a comment Login