‘ഇരുണ്ട കാലത്തെ കുറിച്ചുള്ള പാട്ടുകള്‍’

‘ഇരുണ്ട കാലത്തെ കുറിച്ചുള്ള പാട്ടുകള്‍’

പ്രിയപ്പെട്ടവരെ,
ഭീതിയുടെ അന്തരീക്ഷത്തിലാണ് നമ്മളിപ്പോള്‍ ജീവിക്കുന്നത്. അത് വളരെ കൃത്യമായി, മനപൂര്‍വം ഉണ്ടാക്കിയ ഭീതിയാണ്. കാരണം ആ ഭീതി ഉണ്ടാക്കുന്നവര്‍ക്ക് അത് അത്യാവശ്യമാണ്. ഭീതിയില്ലാത്ത ലോകത്തില്‍ അവര്‍ക്ക് പ്രസക്തിയില്ല. ഫാഷിസത്തിന്റെ ഒരു പ്രത്യേകത അത് ഭീതിയില്‍ കൂടെ വളരും എന്നതാണ്. ഭീതിയില്‍ കൂടി അതിന്റെ സ്വരൂപം നമ്മെ കാണിക്കും. ഹിറ്റ്‌ലറെ പറ്റി പറയാറുണ്ട് ‘ഇന്‍ നോര്‍മല്‍സി എ നത്തിങ്, ഇന്‍ കയോസ് എ ടൈറ്റില്‍’ എന്ന്. അതായത് സാധാരണ സ്ഥിതിയില്‍ ഒന്നുമല്ല, പക്ഷേ കുഴപ്പങ്ങളുടെ കാലത്ത് അവരിങ്ങനെ ഉയര്‍ന്നുനില്‍ക്കും. അതുകൊണ്ട് നമ്മള്‍ എല്ലാദിവസവും ഭീതി നേരിടുന്നുണ്ടെങ്കിലും അത് അതിശയപ്പെടേണ്ടൊരു കാര്യമാണെന്ന് എനിക്ക് തോന്നുന്നില്ല. എന്ന് പറഞ്ഞതുകൊണ്ട് കാര്യമായില്ലല്ലോ. എല്ലാ ദിവസവും നമുക്ക് പേടിയോടെ കഴിയേണ്ടിവരികയാണ്. ഇതല്ല സ്വതന്ത്ര പൗരത്വം.

നമ്മുടെ ഭരണഘടന ചില മൗലിക അവകാശങ്ങള്‍ സമ്മാനിക്കുന്നുണ്ട്. ഭരണഘടനയുടെ 19 (1) എ അനുച്ഛേദം സംസാരിക്കാനും ആശയവിനിമയം നടത്തുന്നതിനുമുള്ള അവകാശം നമുക്ക് നല്‍കുന്നു. അതേ ഭരണഘടനയുടെ 21ാം അനുച്ഛേദം പറയുന്നത് ജീവിക്കാനുള്ള അവകാശത്തെക്കുറിച്ചാണ്. ഒരു ഭരണഘടനയില്‍ ജീവിക്കാനുള്ള അവകാശം എഴുതിച്ചേര്‍ത്തിട്ടുണ്ടെന്ന് പറയുന്നത് തന്നെ കൗതുകകരമായ കാര്യം. നമ്മള്‍ പിറന്നുവീഴുമ്പോഴേ ലഭിക്കുന്ന സംഗതിയാണ് ജീവിക്കാനുള്ള അവകാശം. ഇത്തരത്തിലുള്ള സ്വാഭാവികമായ ഒരു കാര്യം ഭരണഘടനയില്‍ ഉള്‍പ്പെടുത്തേണ്ട കാര്യമെന്താണ്? ഒരുപക്ഷേ നമ്മുടെ ഭരണഘടനാശില്പികള്‍ ഇന്നത്തെ സ്ഥിതിഗതികള്‍ മുന്‍കൂട്ടി കണ്ടിരിക്കാം. എന്നെങ്കിലുമൊരു കാലത്ത് ജീവിക്കാനുളള അവകാശം പോലും ഹനിക്കപ്പെടും എന്നവര്‍ ഭയന്നിരിക്കാം. അതുകൊണ്ടായിരിക്കും ജീവിക്കാനും ആശയ വിനിമയം നടത്താനുമൊക്കെയുള്ള അവകാശങ്ങള്‍ ഡോ. ബി.ആര്‍. അംബേദ്കറും സഹപ്രവര്‍ത്തകരും ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയത്.
ഇന്നത്തെ സാഹചര്യത്തില്‍ നമ്മളെല്ലാവരും അഭിമുഖീകരിക്കുന്ന വലിയൊരു വെല്ലുവിളി ഇത് തന്നെ. ഭരണഘടനയില്‍ പറഞ്ഞിരിക്കുന്ന അടിസ്ഥാന അവകാശങ്ങള്‍ പോലും നിഷേധിക്കപ്പെടുന്ന അവസ്ഥ. ജീവിക്കാനും സ്വതന്ത്രമായി ആശയവിനിമയം നടത്താനുമുള്ള അവകാശം നമുക്ക് നഷ്ടമായിത്തുടങ്ങിയിരിക്കുന്നു. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ബംഗളൂരുവില്‍ കൊല്ലപ്പെട്ട ഗൗരി എന്ന സ്ത്രീ ഭരണഘടന തനിക്ക് നല്‍കിയ ആവിഷ്‌കാരസ്വാതന്ത്ര്യത്തിനുള്ള അവകാശം ഉപയോഗിച്ചു എന്ന തെറ്റ് മാത്രമേ ചെയ്തുള്ളൂ. അതിന് പകരം അവര്‍ക്ക് ജീവിക്കാനുള്ള അവകാശം നഷ്ടമായി. ഭരണഘടന വാഗ്ദാനം ചെയ്യുന്ന അവകാശങ്ങള്‍ അനുഭവിക്കാന്‍ ശ്രമിച്ചൊരാള്‍ക്ക് നേരിടേണ്ടി വന്ന വൈരുദ്ധ്യമാണിത്.
ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് സുപ്രീം കോടതി ഐതിഹാസികമായൊരു വിധി പുറപ്പെടുവിച്ചു. സ്വകാര്യത മൗലികാവകാശമാണ് എന്നതായിരുന്നു ആ വിധി. ചരിത്രപരമായ വിധിന്യായം എന്നാണ് അത് വിശേഷിപ്പിക്കപ്പെട്ടത്. നാടന്‍ തോക്കുമായി മോട്ടോര്‍ സൈക്കിളില്‍ പറന്നെത്തുന്ന ഹെല്‍മറ്റ്ധാരികള്‍ക്ക് ഇതൊക്കെ അവസാനിപ്പിക്കാനാകുമെങ്കില്‍ ഭരണഘടനയും സുപ്രീം കോടതിയും ഉണ്ടായിട്ടെന്താണ് കാര്യം? ഒരിക്കലല്ല, രണ്ടു വട്ടമല്ല, പലവട്ടം ഇങ്ങനെ സംഭവിച്ചു. ഒരു തവണ മാത്രമേ ഇങ്ങനെ ഉണ്ടായിട്ടുള്ളുവെങ്കില്‍ നമുക്കതിനെ മൂല്യച്യുതി എന്ന് വിശേഷിപ്പിച്ച് അവഗണിക്കാം. പക്ഷേ, ഇത് വീണ്ടും വീണ്ടും ആവര്‍ത്തിക്കുന്ന കാഴ്ചയാണിപ്പോള്‍. നാടന്‍തോക്കുകളുമായി മോട്ടോര്‍ ബൈക്കില്‍ കറങ്ങിനടക്കുന്ന ഹെല്‍മറ്റ് ധാരികള്‍ ഭരണഘടനയെയും ഇന്ത്യന്‍ നിയമവ്യവസ്ഥയയെും ഇവിടുത്തെ ഭരണാധികാരികളെയും പരിഹസിക്കുന്ന നാടകമാണിന്ന് നടക്കുന്നത്. ഈ മോട്ടോര്‍ ബൈക്ക് ഗുണ്ടാസംഘം ഇത്രയും ശക്തരായതുകൊണ്ടാണോ ഇങ്ങനെ സംഭവിക്കുന്നത്? അല്ല. അന്തരീക്ഷം അവര്‍ക്ക് അനുകൂലമായി മാറിയതുകൊണ്ട് മാത്രമാണ് ഇത് സാധ്യമാകുന്നത്. ഇത്തരം ശക്തികളെ ആരൊക്കെയോ സംരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നത് കൊണ്ടാണ് ആരെയും പേടിക്കാതെ നടക്കാന്‍ ഇവര്‍ക്ക് കഴിയുന്നത്. ഗൗരിയെയും കല്‍ബുര്‍ഗിയെയും പെന്‍സരെയെയും വെടിവച്ചു വീഴ്ത്തിയ ഏതോ ഒരാളുണ്ട്. പക്ഷേ, അയാളല്ല ശരിക്കുള്ള കൊലപാതകി. അയാളെ പറഞ്ഞുവിട്ട മറ്റാരോ ആണ് യഥാര്‍ത്ഥ കൊലപാതകി. മതത്തിന്റെ മൂല്യങ്ങള്‍ സംരക്ഷിക്കാനെന്ന പേരില്‍ കൊലപാതകം നടത്തുന്നവരെയാണ് കണ്ടെത്തേണ്ടത്.
കേള്‍ക്കുമ്പോള്‍ നിങ്ങളില്‍ ചിലര്‍ക്കെങ്കിലും അലോസരം സൃഷ്ടിക്കുന്ന കാര്യം പറയാം. ഞാനൊരു ദൈവത്തിലും വിശ്വസിക്കുന്നില്ല. സാങ്കേതികമായി ഒരു ഹിന്ദുവാണെങ്കില്‍ പോലും ആ മതത്തിന്റെ രീതികള്‍ പിന്തുടരാത്തൊരു വ്യക്തിയാണ് ഞാന്‍. പക്ഷേ, ഹിന്ദുമതത്തെ സംരക്ഷിക്കാനെന്ന പേരില്‍ അവര്‍ കാട്ടിക്കൂട്ടുന്നതൊന്നും ശരിയല്ലെന്ന് എനിക്ക് വ്യക്തമായ ബോധ്യമുണ്ട്. ഇതാണ് ഹിന്ദു മതമെന്ന് പറയാന്‍ ആരാണവര്‍ക്ക് അധികാരം നല്‍കിയത്? നൂറ്റാണ്ടുകള്‍ പഴക്കമുളള വിശാലമാനങ്ങളുളള തത്വസംഹിതയാണ് ഹിന്ദുമതം. അതിനെ തികച്ചും സങ്കുചിതവും ദയാരഹിതവും ഭയാനകവുമായൊരു പദ്ധതിയാക്കി മാറ്റുകയാണവര്‍. അവര്‍ പറയുന്ന ‘ഹിന്ദുത്വം’ അല്ല ഹിന്ദുമതം. ഹിന്ദുത്വം തന്നെയാണ് ഹിന്ദുമതം എന്ന് പറയുന്നവര്‍ നാണമില്ലാത്തവരാണ്. ഹിന്ദുത്വ രാജ്യത്തിന് ഒരിക്കലുമൊരു ഹിന്ദുരാഷ്ട്രമാകാന്‍ സാധിക്കില്ല. ഇസ്‌ലാമിക് സ്‌റ്റേറ്റ് ഭരിക്കുന്ന രാജ്യങ്ങളെ ഇസ്‌ലാമിക രാഷ്ട്രം എന്ന് വിളിക്കാന്‍ സാധിക്കാത്തത് പോലെയാണിത്. മതത്തിന്റെ പേരില്‍ പ്രചരിപ്പിക്കുന്ന അസഹിഷ്ണുതയാണിത്. മതത്തിന്റെ പേരില്‍ നടക്കുന്ന കുറ്റകൃത്യമാണിത്. ഹിന്ദുമതത്തില്‍ വിശ്വസിക്കുന്ന ഈ രാജ്യത്തെ ബഹുഭൂരിപക്ഷം പേരെയും കബളിപ്പിച്ചുകൊണ്ട് നടക്കുന്ന കുത്സിത പ്രവൃത്തിയാണിത്. ന്യൂനപക്ഷങ്ങളോട് അവര്‍ ചെയ്യുന്നത് ഇതിലും വലിയ ദ്രോഹമാണ്.
ഇന്ത്യ പരമാധികാര, സ്ഥിതിസമത്വ, മതനിരപേക്ഷ ജനാധിപത്യ റിപ്പബ്ലിക്കാണെന്ന് നമ്മുടെ ഭരണഘടനയുടെ ആമുഖത്തില്‍ പറയുന്നു. ഒരു സുപ്രഭാതത്തില്‍ നിങ്ങള്‍ക്കത് മാറ്റാനാവില്ല. ഒരു വ്യക്തിക്കും ഭരണഘടനയെ മറികടക്കാനാവില്ല. സര്‍ക്കാരുകള്‍ക്ക് പോലും അസാധ്യമാണത്. നിയമവാഴ്ചയെന്നത് സര്‍ക്കാരുകളെക്കാള്‍ മുകളിലുള്ള കാര്യമാണ്. സര്‍ക്കാറുകള്‍ ഓരോ അഞ്ചുവര്‍ഷം കൂടുമ്പോഴും മാറും. പക്ഷേ നിയമവാഴ്ച മാറില്ല. നിയമവാഴ്ച തകിടം മറയുന്നതോടെ ഭരണസംവിധാനത്തില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം നഷ്ടപ്പെടും. സ്വാതന്ത്ര്യലബ്ധിക്ക് ഇരുപത്തഞ്ച് വര്‍ഷം മുമ്പ് നോബല്‍ ജേതാവായ ഭാരതത്തിന്റെ പ്രിയ കവി രബീന്ദ്രനാഥ് ടാഗോര്‍ ഇങ്ങനെയെഴുതി:
”എവിടെ മനസ്സ് നിര്‍മ്മലവും,
ശിരസ്സ് ഉന്നതവുമാണോ
എവിടെ അറിവ് സ്വതന്ത്രമാണോ
എവിടെ ഇടുങ്ങിയ ഭിത്തികളില്‍
ലോകം കൊച്ചുകഷ്ണങ്ങളായി
വിഭജിക്കപ്പെടാതിരിക്കുന്നുവോ
എവിടെ സത്യത്തിന്റെ
അഗാധതലങ്ങളില്‍ നിന്ന്
വാക്കുകള്‍ ഉദ്ഗമിക്കുന്നുവോ
ആ സ്വാതന്ത്ര്യത്തിന്റെ സ്വര്‍ഗത്തിലേക്ക്
എന്റെ ദൈവമേ, എന്റെ രാജ്യം ഉണരേണമേ”
പക്ഷേ, ഇന്ന് നമ്മള്‍ എവിടെയാണ് ചെന്നെത്തിനില്‍ക്കുന്നത്? നമ്മള്‍ നിര്‍ഭയരായിട്ടാണോ ജീവിക്കുന്നത്? നമ്മുടെ രാജ്യത്ത് ഇപ്പോള്‍ ഏറ്റവും പ്രകടമായിട്ടുള്ള വികാരം ഭീതിയാണ്. നമുക്കിപ്പോള്‍ തല ഉയര്‍ത്തിപ്പിടിക്കാന്‍ സാധിക്കുന്നുണ്ടോ? നാണം കൊണ്ട് നമ്മുടെയെല്ലാവരുടെയും തല താഴ്ന്നിരിക്കുന്നു. ഓരോ ദിവസം കഴിയുന്തോറുമുണ്ടാകുന്ന പുതിയ സംഭവങ്ങള്‍ കാരണം ആ നാണക്കേട് കൂടിവരുന്നു. നമുക്ക് വേണ്ടിയും നമ്മുടെ മതത്തിനും വേണ്ടിയും സംസാരിക്കുന്നവരാണ് നമ്മളെ നാണം കെടുത്തുന്നത്. സത്യത്തില്‍ നിന്നാണോ വാക്കുകള്‍ പുറത്തുവരുന്നത്? അല്ല. നമ്മളെ നയിക്കുന്ന നേതാക്കളില്‍ നിന്നും മീഡിയകളില്‍ നിന്നുമൊക്കെ പുറത്തേക്കുവരുന്ന വാക്കുകളില്‍ സത്യത്തിന്റെ അംശം പോലുമില്ല. മുഖ്യധാരാമീഡിയകളില്‍ നല്ലൊരു വിഭാഗവും ആസൂത്രിതമായ കള്ളപ്രചാരണങ്ങള്‍ക്ക് ചൂട്ട് പിടിക്കുന്നു. അവര്‍ ജനങ്ങളെ മോശക്കാരാക്കുന്നു, കറുത്ത ചായം പൂശുന്നു. ഒരു സമുദായത്തെ മുഴുവനായും കളങ്കിതരാക്കാന്‍ വഴിയൊരുക്കുന്നു. അതിന്റെയൊക്കെ ഫലമായി എല്ലാവരും കൂടുതല്‍ സങ്കുചിത മനോഭവക്കാരായി മാറി. കൂടുതല്‍ അസഹിഷ്ണുക്കളായി. ആരാണിതിന് ഉത്തരവാദികള്‍? ഇന്ത്യന്‍ ജനത പണ്ടുതൊട്ടേ അത്തരക്കാരായിരുന്നു എന്നെനിക്ക് തോന്നുന്നില്ല. ഒരു പ്രത്യേകതരം ആശയത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് ഇന്ത്യയെ അങ്ങനെയാക്കണമെന്ന് ആഗ്രഹമുണ്ട്. അവര്‍ക്ക് ഇതരസമുദായത്തെ ഭയപ്പെടുത്തി നിര്‍ത്തേണ്ടതുണ്ട്. ഇതൊരു മതാധിഷ്ഠിത രാജ്യമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ അവര്‍ പാടുപെടുകയാണ്. ഈ രാജ്യത്തിന്റെ മതേതര നിലപാടുകളെക്കുറിച്ചോര്‍ത്ത് എനിക്കെന്നും മതിപ്പ് തോന്നിയിരുന്നു. എനിക്ക് മാത്രമല്ല, നമ്മള്‍ക്കെല്ലാവര്‍ക്കും ആ മതിപ്പുണ്ടായിരുന്നു. പാകിസ്താനെ പോലുള്ള ഒരു മതാധിഷ്ഠിത രാജ്യത്തെക്കുറിച്ചോര്‍ത്ത് നമ്മളാരും ആഹ്‌ളാദം കൊണ്ടിരുന്നുമില്ല. പക്ഷേ, ഇപ്പോള്‍ രണ്ട് രാജ്യങ്ങളും തമ്മിലുളള വ്യത്യാസം നേര്‍ത്തുവരികയാണ്. ആരൊക്കെയോ ചേര്‍ന്ന് ഇന്ത്യയെ പാകിസ്താനാക്കാന്‍ ശ്രമിക്കുന്നു. മതം ഉപയോഗിച്ചു നടക്കുന്ന ഏറ്റവും വലിയ കുറ്റകൃത്യമായാണ് ഞാനിതിനെ കാണുന്നത്.
ഇത്തരം നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നവരൊന്നും വലിയ മതവിശ്വാസികളാണെന്ന് കരുതരുത്. ആര്‍.എസ്.എസിന്റെ മാര്‍ഗദര്‍ശികളിലൊരാളായ വി.ഡി. സവര്‍ക്കര്‍ മതവിശ്വാസിയായിരുന്നില്ല. അദ്ദേഹമൊരു അവിശ്വാസിയായിരുന്നു എന്നാണെന്റെ അറിവ്. ഗോള്‍വാക്കറും മതവിശ്വാസിയായിരുന്നില്ല. മതത്തിന്റെ പേരില്‍ ആള്‍ക്കൂട്ടത്തെ ഇളക്കിവിടാനും കൂടെക്കൂട്ടാനുമുള്ള ആസൂത്രിതമായ പ്രവര്‍ത്തനങ്ങളാണ് ഇവരൊക്കെ നടത്തിയത്. വംശീയമായൊരു സ്വത്വരാഷ്ട്രീയമാണ് ഇവരൊക്കെ മുന്നോട്ടുവെച്ചത്.

ഇൗ രാജ്യത്തെ പൗരന്മാരെന്ന നിലയ്ക്ക് നമ്മള്‍ ഏറ്റവും ജാഗ്രതയോടെ നിലകൊള്ളേണ്ട നാളുകളാണിവ. അല്ലെങ്കില്‍ ജീവിക്കാന്‍ പറ്റാത്തൊരു രാജ്യമായിരിക്കും ഭാവി തലമുറയ്ക്ക് ലഭിക്കുക. എന്തിനാണ് ഞങ്ങളെയീ വൃത്തികെട്ട രാജ്യത്ത് ജീവിക്കാന്‍ ക്ഷണിച്ചതെന്ന് അവര്‍ നമ്മളോട് ചോദിക്കും. ഇത്തരമൊരു രാജ്യത്തിന് വേണ്ടിയല്ല സ്വാത്രന്ത്യസമരസേനാനികള്‍ വിയര്‍പ്പും രക്തവുമൊഴുക്കിയത്. മതത്തിന്റെയോ ജാതിയുടെയോ നിറത്തിന്റെയോ വേര്‍തിരിവില്ലാതെ തോളോടുതോള്‍ ചേര്‍ന്നുനിന്ന് അവര്‍ പൊരുതിയത് ഈയൊരു ഇന്ത്യയ്ക്ക് വേണ്ടിയല്ല. ഈ ഇന്ത്യയെക്കുറിച്ചല്ല 1947ല്‍ നമുക്ക് സ്വാതന്ത്ര്യം ലഭിച്ച രാത്രി ജവഹര്‍ലാല്‍ നെഹ്‌റു ആവേശപൂര്‍വം സംസാരിച്ചത്. ”വര്‍ഷങ്ങള്‍ക്ക് മുമ്പ് വിധിയുമായി നാമൊരു കരാറില്‍ ഏര്‍പ്പെട്ടിരുന്നു. ആ കരാര്‍ നിറവേറ്റാനുള്ള സമയമായിരിക്കുന്നു. നാമത് നിറവേറ്റും. പൂര്‍ണമായല്ലെങ്കിലും, വലിയൊരളവ് വരെ” എന്നായിരുന്നു നെഹ്‌റുവിന്റെ പ്രസംഗത്തിന്റെ തുടക്കം. സ്വാതന്ത്യസമരം എന്നത് ഇന്ത്യന്‍ ചരിത്രത്തിലെ ബൃഹത്തായൊരു അധ്യായമാണ്. ആ അധ്യായത്തില്‍ എവിടെയും കാണാന്‍ സാധിക്കാത്തൊരു കൂട്ടരാണ് ഇപ്പോള്‍ നമ്മളോട് ദേശീയതയെക്കുറിച്ച് സംസാരിക്കുന്നത്. സ്വാതന്ത്ര്യസമരകാലത്ത് ഒന്നും ചെയ്യാതെ ഒളിച്ചുകഴിഞ്ഞവര്‍, ബ്രിട്ടീഷ് സര്‍ക്കാറിന് നാണം കെട്ട രീതിയില്‍ മാ പ്പെഴുതിക്കൊടുത്ത് സ്വന്തം തടി രക്ഷപ്പെടുത്തിയവര്‍ എന്നിവരുടെ പിന്‍തലമുറയാണ് ഇപ്പോള്‍ ദേശീയതയുടെ അപ്പോസ്തലന്‍മാരായി അവതരിച്ചിട്ടുള്ളത്. ഞാനാരുടെയും പേരെടുത്ത് പറയുന്നില്ല. പക്ഷേ, നിങ്ങള്‍ക്കെല്ലാവര്‍ക്കും അറിയാവുന്നത് പോലെ എനിക്കും ആ പേരറിയാം.
അടിയന്തരാവസ്ഥക്കാലത്ത് പ്രത്യക്ഷസമരങ്ങള്‍ക്കൊന്നും മുതിരാതെ ജയപ്രകാശ് നാരായണന്റെ പിന്നിലൊളിച്ചവര്‍. പിന്നെയവര്‍ അടിയന്തരാവസ്ഥയുടെ രക്തസാക്ഷികളായി സ്വയം അവരോധിച്ചു. അവരാണിപ്പോള്‍ നമ്മളെ ആവിഷ്‌കാര സ്വാതന്ത്ര്യത്തെക്കുറിച്ച് പഠിപ്പിക്കുന്നത്. അവരുടെ നിര്‍വചനപ്രകാരം ദേശീയത എന്നത് ആജ്ഞപ്രകാരം ചെയ്യേണ്ട കാര്യമാണ്. ദേശീയഗാനം കേള്‍ക്കുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കണം എന്നൊക്കെ പറയുന്നത് ഇതുകൊണ്ടാണ്. ഇങ്ങനെയൊന്നും ഒരാളുടെ മനസില്‍ ദേശീയബോധം ഉണര്‍ത്താനാവില്ല. ദേശീയബോധവും രാജ്യസ്‌നേഹവും തമ്മിലുളള വ്യത്യാസത്തെക്കുറിച്ച് അവര്‍ക്കൊന്നുമറിയില്ല. ഇവിടെ ജനിച്ച ഓരോരുത്തരും, അവര്‍ ഏത് ജാതി-മത വിഭാഗത്തില്‍ പെടുന്ന ആണോ പെണ്ണോ കുട്ടികളോ ആകട്ടെ- അവരെല്ലാം ഈ രാജ്യത്തെ സ്‌നേഹിക്കുന്നുണ്ട്. ഇവരെല്ലാവരും തങ്ങളുടെ ദേശീയബോധം വീണ്ടും തെളിയിക്കണമെന്ന് ഒരു കൂട്ടര്‍ ആവശ്യപ്പെടുന്നു. സിനിമ തുടങ്ങുന്നതിന് മുമ്പ് തിയേറ്ററില്‍ അറ്റന്‍ഷനായി നിന്ന് ദേശീയബോധം പ്രകടിപ്പിക്കണമെന്നാണ് അവരുടെ ആവശ്യം. അങ്ങനെ ഒരുപാട് ചടങ്ങുകളുണ്ട്. നമ്മുടെ ദേശീയബോധം പരിശോധിക്കാന്‍ ആരാണവര്‍ക്ക് അധികാരം നല്‍കിയിട്ടുളളത്? സ്വാതന്ത്ര്യസമര വേളയില്‍ ആയിരങ്ങള്‍ ലാത്തിയടിയേറ്റും ജയിലില്‍ കിടന്നും വെടിയേറ്റ് മരിച്ചുവീണും തങ്ങളുടെ പങ്ക് നിര്‍വഹിക്കുമ്പോള്‍ ഒന്നിനും മുതിരാതെ ഭീരുക്കളായി ഒളിച്ചവരാണവര്‍. അബദ്ധവശാല്‍ ജയിലായി പോയ ഒരാളാകട്ടെ ബ്രിട്ടീഷ് സര്‍ക്കാരിന് മാപ്പെഴുതിക്കൊടുത്ത് ആന്‍ഡമാന്‍ ജയിലില്‍ നിന്ന് തടിയൂരുകയും ചെയ്തു. രാജ്യസ്‌നേഹം എന്നത് ജനിക്കുമ്പോള്‍ തന്നെ എനിക്ക് കിട്ടുന്ന അവകാശമാണ്. ഞാനൊരു രാജ്യസ്‌നേഹിയാണ്. ഇക്കാര്യം തെളിയിക്കാന്‍ നിങ്ങള്‍ ആവശ്യപ്പെടുമ്പോള്‍ അതെന്നെ അപമാനിക്കലായി മാറുന്നു. കാരണം രാജ്യസ്‌നേഹിയെന്ന് അവകാശപ്പെടാന്‍ യാതൊരു യോഗ്യതയും നിങ്ങള്‍ക്കില്ലാത്തതുകൊണ്ടാണത്.
ഇതുപോെല തന്നെയാണ് ആവിഷ്‌കാരസ്വാതന്ത്ര്യത്തിന്റെ കാര്യവും. അടിയന്തരാവസ്ഥക്കാലത്ത് ആവിഷ്‌കാരസ്വാതന്ത്ര്യത്തിന് വേണ്ടി പട പൊരുതിയവരാണ് ഞങ്ങളെന്നാണ് ഇവര്‍ വാദിക്കുന്നത്. എന്നാല്‍ ഇന്ന് നമുക്ക് ലഭിക്കുന്ന ആവിഷ്‌കാരസ്വാതന്ത്ര്യം എത്തരത്തിലുള്ളതാണ്? ഭരിക്കുന്ന പാര്‍ട്ടിയുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ടെലിവിഷന്‍ ചാനലുകളും പത്രങ്ങളും നിര്‍ബന്ധിതമാകുകയാണിപ്പോള്‍. ആ പാര്‍ട്ടിയോടുള്ള സ്‌നേഹമോ ബഹുമാനമോ കൊണ്ടല്ല, പേടി കാരണമാണ് മീഡിയകള്‍ അവരെ പിന്തുണയ്ക്കുന്നത്. ഭരിക്കുന്ന പാര്‍ട്ടി പറയുന്നത് കേട്ടില്ലെങ്കില്‍ ആദായനികുതി വകുപ്പും എന്‍ഫോഴ്‌സുമെന്റുമൊക്കെ പിറ്റേ ദിവസം തൊട്ട് നിങ്ങളുടെ സ്ഥാപനങ്ങളില്‍ പരിശോധനയ്ക്കായി കയറിയിറങ്ങും. നിങ്ങള്‍ പലതരത്തില്‍ അപമാനിക്കപ്പെടും. നിങ്ങളവരെ ചോദ്യം ചെയ്യാന്‍ ധൈര്യം കാട്ടിയാല്‍ ‘ദേശവിരുദ്ധ’നെന്ന് മുദ്ര കുത്തപ്പെടും. വീണ്ടും നിങ്ങള്‍ ചോദ്യം ചോദിക്കല്‍ തുടര്‍ന്നാല്‍ ‘പാകിസ്താനിലേക്ക് പോ’ എന്ന തിട്ടൂരമിറങ്ങും. സ്വാതന്ത്ര്യം ലഭിച്ച് 70 വര്‍ഷത്തിന് ശേഷവും ഒരു ജനത അര്‍ഹിക്കുന്നത് ഇത്തരത്തിലുളള അപമാനമാണോ? ലേബര്‍ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് ലഭിക്കുന്ന പരിഗണന പോലും കിട്ടാന്‍ നമുക്ക് അര്‍ഹതയില്ലേ?

ഇന്ത്യന്‍ ജനാധിപത്യത്തെയും ഈ രാജ്യത്തിന്റെ പരമാധികാരത്തെയും പൗരബോധത്തെയുമൊക്കെ അവര്‍ എവിടെയാണ് കൊണ്ടെത്തിച്ചതെന്ന് വിശദീകരിക്കുകയായിരുന്നു ഇതുവരെ ഞാന്‍. ഇതെല്ലാം കണ്ട് മനംമടുത്ത് ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുകയല്ല വേണ്ടത്. ഇതിലൊക്കെ നാം ഇടപെടുക തന്നെ വേണം. പറയുന്നത് പോലെ എളുപ്പമല്ല അത് എന്ന കാര്യമറിയാം. അതൊരു വലിയ പോരാട്ടമാണ്. പക്ഷേ സാമാന്യബോധമുള്ള ഈ രാജ്യത്തെ പൗരന്മാര്‍ ഇപ്പോഴുളള മൂല്യച്യുതിക്കെതിരെ പടയൊരുക്കം തുടങ്ങുമെന്ന് എന്റെ മനസ് പറയുന്നു. ഇതിന് മുമ്പും നമ്മുടെ രാജ്യം അപകടത്തിലായപ്പോള്‍ സാധാരണക്കാരുടെ ഭാഗത്ത് നിന്ന സമാനമായ മുന്നേറ്റങ്ങളുണ്ടായിട്ടുണ്ട്. അടിയന്തരാവസ്ഥ തന്നെ ഏറ്റവും വലിയ ഉദാഹരണം. ഇന്ത്യന്‍ ജനാധിപത്യത്തിലെ ഈ കറുത്ത അധ്യായം മാറി വീണ്ടും പ്രകാശം വരുമെന്ന കാര്യത്തിലും എനിക്കുറപ്പുണ്ട്. പക്ഷേ എത്രകാലം ഈ അന്ധകാരം തുടരും? ജര്‍മന്‍ കവി ബെര്‍ടോള്‍ഡ് ബ്രെഹ്തിന്റെ വിഖ്യാതമായ വരികളുണ്ട്: ”ഇരുണ്ട കാലത്തും പാട്ടുകളുണ്ടാകുമോ?, ഉണ്ടാകും- ഇരുണ്ട കാലത്തെക്കുറിച്ചുള്ള പാട്ടുകള്‍” എന്നാണാ വരികള്‍. ഓരോ ദിവസവും നേരിട്ടും അല്ലാതെയും നമുക്ക് നേര്‍ക്കുണ്ടാകുന്ന ഭീഷണികള്‍ക്ക് മുന്നില്‍ മുട്ടുമടക്കരുത്. രാജ്യത്തിന്റെ ബഹുസ്വരതകള്‍ ആഘോഷിക്കുന്നത് നമ്മള്‍ തുടര്‍ന്നേ പറ്റൂ. നമ്മുടെ സ്വാതന്ത്യം, നമ്മുടെ സാംസ്‌കാരിക വൈവിധ്യങ്ങള്‍, ഒരു രാഷ്ട്രം എന്ന നിലയിലുളള സ്‌നേഹബന്ധം, നമ്മുടെ ആഘോഷവേളകള്‍, നമ്മുടെ ആഹ്‌ളാദങ്ങള്‍ എന്നിവയെല്ലാം തുടര്‍ന്നും ആസ്വദിക്കണം. ഇവിടെ നല്ല പൗരനും മോശം പൗരനുമുണ്ടെന്ന ആസൂത്രിത പ്രചാരണങ്ങള്‍ക്ക് ഒരുകാരണവശാലും ചെവികൊടുക്കരുത്. എല്ലാ മനുഷ്യരും തുല്യരാണ്. മനുഷ്യാവകാശത്തെക്കുറിച്ചുളള ഐക്യരാഷ്ട്രസഭാപ്രഖ്യാപനത്തിലും അമേരിക്കയടക്കമുള്ള മഹാരാഷ്ട്രങ്ങളുടെ ഭരണഘടനയിലും ഇക്കാര്യം അടിവരയിട്ട് പറയുന്നുണ്ട്. സമാനമായ വാക്കുകള്‍ എല്ലാ രാജ്യങ്ങളുടെ ഭരണഘടനയിലുമുണ്ട്.

ഒരു കൂട്ടം ആളുകളുടെ മുഖത്തേക്ക് വിരല്‍ ചൂണ്ടി ‘നിങ്ങളല്ലേ ഗാന്ധിയുടെ ഘാതകര്‍’ എന്നുറക്കെ ചോദിച്ചാല്‍ അവരാകെ പരിഭ്രാന്തരാകും. നിങ്ങള്‍ക്കിങ്ങനെ പറയാന്‍ എങ്ങനെ ധൈര്യം വന്നു എന്ന് ചോദിച്ച് അവര്‍ വഴക്കിന് വരും. ഗാന്ധിയെ അവര്‍ക്ക് വേണം എന്നതുകൊണ്ടാണിത്. ഇഷ്ടമില്ലാത്ത ഒരാളുടെ പോലും സഹായം ചിലപ്പോള്‍ നിങ്ങള്‍ക്ക് വേണ്ടിവരും. ഇന്ത്യക്കാരുടെ മനസുകളില്‍ ആഴത്തില്‍ പ്രതിഷ്ഠിക്കപ്പെട്ട വ്യക്തിയാണ് ഗാന്ധി എന്നതുകൊണ്ടാണിത്. ഗാന്ധിയുടെ മൂല്യങ്ങള്‍ പിന്തുടരുന്നു എന്ന് നടിക്കുമ്പോള്‍ തന്നെ അവര്‍ രഹസ്യമായി ഗോഡ്‌സെയെ ആരാധിക്കുകയും ചെയ്യും. ഗോഡ്‌സെ ആര്‍ക്ക് വേണ്ടിയാണ് ഗാന്ധിയെ കൊന്നത് എന്ന കാര്യം ആര്‍ക്കും ഊഹിക്കാവുന്നതേയുള്ളൂ. ഇതിനെയാണ് ഇരട്ടത്താപ്പെന്നും കപടനാടകമെന്നും വിളിക്കേണ്ടത്.

ഗൗരി ലങ്കേഷിന് സംഭിച്ചത് വെറുമൊരു കൊലപാതകക്കേസായി തള്ളിക്കളയാന്‍ പറ്റില്ല. നമ്മള്‍ നേരിടാന്‍ പോകുന്ന ഭീതിയുടെയും കുഴപ്പങ്ങളുടെയും പ്രതിസന്ധികളുടെയും പുതിയൊരു ഘട്ടമാണിത്. ഗൗരി ലങ്കേഷിന്റെ കൊലപാതകം തന്നെ ഭയാനകമാണ്. പക്ഷേ ആ കൊലപാതകത്തെ ചൊല്ലി സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന ആഘോഷങ്ങള്‍ അതിലും ഭയാനകമായി എനിക്ക് തോന്നി. ഗൗരിയുടെ മരണത്തില്‍ ആഹ്‌ളാദിച്ചുകൊണ്ട് ഒരുവിഭാഗം ജനങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നടത്തുന്ന അഭിപ്രായപ്രകടനങ്ങള്‍ കൊലപാതകത്തെക്കാള്‍ നിന്ദ്യമാണ്. അവര്‍ ഒരു തവണ ഗൗരിയെ കൊന്നു. അതിന് ശേഷം ഓരോദിവസവും അവര്‍ അവളെ പിന്നെയും കൊന്നുകൊണ്ടേയിരിക്കുന്നു. പക്ഷേ അവര്‍ മരിക്കാന്‍ വിസമ്മതിച്ചാല്‍ നിങ്ങളെന്തുചെയ്യും? മതേതരത്വത്തിനും സാഹോദര്യത്തിനും വേണ്ടി, ദളിതര്‍ക്കും പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്കും വേണ്ടി നില കൊണ്ട ഗൗരി ലങ്കേഷിന്റെ ചിന്തകള്‍ക്കും നിലപാടുകള്‍ക്കും മരണമില്ല. ഇതേ ആശയങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചതിനാണ് ഗാന്ധിയും കൊല്ലപ്പെട്ടത് എന്നോര്‍ക്കുക. ഇതാണ് കൊലപാതകികളെ ആശയക്കുഴപ്പത്തിലാക്കുന്നത്. അവര്‍ക്ക് ആളുകളെ കൊല്ലാനേ അറിയൂ. അവര്‍ കൊന്നുകൊന്ന് മുന്നോട്ടുപോവുകയും ചെയ്യും. പക്ഷേ നിങ്ങള്‍ കൊന്നിട്ടും ആളുകള്‍ മരിക്കുന്നില്ലെങ്കില്‍ എന്ത് ചെയ്യാനാവും? ഗൗരി ലങ്കേഷ് മുന്നോട്ടുവെച്ച ആശയങ്ങളെ കൊല്ലാനാവില്ല. അത് വീണ്ടും ജീവിക്കുകയും ജനങ്ങളതിനെ ഏറ്റെടുക്കുകയും ചെയ്യുന്നു. ഇവിടെയാണ് കൊലപാതകികള്‍ പരാജയപ്പെടുന്നത്.

ചരിത്രത്തിന്റെ സവിശേഷമായൊരു വഴിത്തിരിവിലാണ് നാമിപ്പോള്‍. വര്‍ഷങ്ങള്‍ക്ക് മുമ്പ് മറ്റൊരു സാഹചര്യത്തില്‍ ജവഹര്‍ലാല്‍ നെഹ്‌റു നടത്തിയ പ്രസംഗത്തിലേക്ക് വീണ്ടും പോവേണ്ടതുണ്ട്. ”വര്‍ഷങ്ങള്‍ക്ക് മുമ്പ് വിധിയുമായി നാമൊരു കരാറില്‍ ഏര്‍പ്പെട്ടിരുന്നു. ആ കരാര്‍ നിറവേറ്റാനുള്ള സമയം ആയിരിക്കുന്നു. നാമത് നിറവേറ്റും. പൂര്‍ണമായല്ലെങ്കിലും, വലിയൊരളവ് വരെ” എന്ന വാചകം വീണ്ടുമോര്‍ക്കുക.

ഇന്ത്യക്ക് വേണ്ടിയൂം മനുഷ്യരാശിക്ക് വേണ്ടിയും നമ്മളൊരു പ്രതിഞ്ജയെടുക്കേണ്ടതുണ്ട്. നമ്മുടെ കാലത്ത് ജീവിച്ചിരുന്ന ഏറ്റവും വലിയ മനുഷ്യനൊരു സ്വപ്‌നമുണ്ടായിരുന്നു എന്ന് ആ പ്രസംഗത്തില്‍ നെഹ്‌റു ഓര്‍മിപ്പിച്ചിരുന്നു. ഓരോരുത്തരുടെയും കണ്ണുകളിലെ കണ്ണുനീര്‍ തുടച്ചു കളയുക എന്നതായിരുന്നു ആ സ്വപ്‌നം. ഒരാളുടെയെങ്കിലും കണ്ണുനീര്‍ അവശേഷിക്കുന്നുണ്ടെങ്കില്‍ നമ്മുടെ ജോലി തീര്‍ന്നിട്ടില്ലെന്നാണ് മനസിലാക്കേണ്ടത്. ഇപ്പോഴും നമ്മളത് തന്നെയാണ് ചെയ്യേണ്ടത്. നമ്മുടെ സഹോദരങ്ങളില്‍ ആരെങ്കിലും ദുരിതം കൊണ്ട് കണ്ണീരണിയുന്നുണ്ടെങ്കില്‍, അവര്‍ ദളിതരോ ക്രിസ്ത്യാനികളോ പാര്‍സികളോ മുസ്ലിങ്ങളോ ഹിന്ദുക്കളോ ആരുമാകട്ടെ അവരുടെ കണ്ണീര്‍ തുടച്ചുകൊണ്ടായിരിക്കണം ദേശസ്‌നേഹം പ്രകടിപ്പിക്കേണ്ടത്. അതായിരിക്കണം നിങ്ങളുടെ ദേശീയത. അല്ലാതെ ആര്‍ക്കെങ്കിലും മുന്നില്‍ തെളിയിച്ചുകൊടുക്കേണ്ട ഒന്നല്ല ദേശസ്‌നേഹം. പോക്കറ്റില്‍ നിന്ന് ഡ്രൈവിംഗ് ലൈസന്‍സോ ആധാര്‍ കാര്‍ഡോ എടുത്ത് കൊടുക്കുന്നത് പോലെ ദേശസ്‌നേഹമെടുത്ത് കാട്ടിക്കൊടുക്കാനാവില്ല.

എന്റെ മനസിലെ ആധികളും ആശങ്കകളും നിങ്ങളുമായി പങ്ക് വെക്കാന്‍ അവസരം നല്‍കിയ സംഘാടകര്‍ക്ക് നന്ദി. ഇവിടെ കൂടിയിരിക്കുന്ന ഓരോരുത്തരുടെയും മനസില്‍ ഇതുപോലുള്ള ആശങ്കകള്‍ നിറയുന്നുണ്ടാകുമെന്ന് എനിക്കറിയാം. നിങ്ങളൊക്കെ സ്വകാര്യസംഭാഷണങ്ങളില്‍ ഇത്തരം കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നുമുണ്ടാകാം. നമുക്ക് ചുറ്റും സന്തോഷം നിറഞ്ഞൊരു ലോകം കാണാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്. നിരാശാഭരിതരായും വിഷാദമൂകരായും ദിവസങ്ങള്‍ തള്ളിനീക്കാന്‍ നമ്മളാരും ഇഷ്ടപ്പെടുന്നില്ല. എനിക്കുറപ്പുണ്ട്, രാജ്യത്തെ സാധാരണക്കാരുടെ സാമാന്യബുദ്ധിക്ക് ഈ മൂല്യശോഷണം കണ്ടില്ലെന്ന് നടിക്കാനാവില്ല. നൂറ്റാണ്ടുകള്‍ പഴക്കമുളള നമ്മുടെ മൂല്യങ്ങളെ അട്ടിമറിക്കാനുള്ള നീക്കത്തെ തെരുവില്‍ കഴിയുന്ന സാധാരണക്കാര്‍ ചെറുത്തുതോല്‍പ്പിക്കുക തന്നെ ചെയ്യും.
ശശികുമാര്‍

(എസ് എസ് എഫ് സംസ്ഥാന സാഹിത്യോത്സവ് ഉദ്ഘാടനം ചെയ്തുകൊണ്ട് നടത്തിയ പ്രഭാഷണം).

You must be logged in to post a comment Login