വിചാരണ നാളിന്റെ അധിപന്‍

വിചാരണ നാളിന്റെ അധിപന്‍

ഫാതിഹയിലെ മൂന്നാം സൂക്തത്തിന്റെ പ്രമേയം അല്ലാഹുവിന്റെ അനുഗ്രഹമാണ്. അവന്‍ സര്‍വ സ്തുതിക്കും അര്‍ഹനാണ് എന്ന രണ്ടാം വചനത്തിന്റെ കാരണം കൂടി ഈ സൂക്തത്തിലുണ്ട്. അവനാണ് കരുണാവാരിധിയായവന്‍. എണ്ണി നിശ്ചയിക്കാന്‍ കഴിയാത്തത്ര അനുഗ്രഹങ്ങള്‍ അവന്‍ കോരിച്ചൊരിയുന്നു.

ഇങ്ങനെ തലോടി ഉണര്‍വേകുമ്പോള്‍ വിശ്വാസി, അവിശ്വാസി ഭേദമില്ല. പ്രപഞ്ചത്തിന്റെ നിലനില്‍പാണ് ആ ഉണര്‍വും തുടിപ്പുമൊക്കെ. എന്നാല്‍ മനുഷ്യന്‍ ആ തലോടലേറ്റ് അതുപോലെ തന്റെ കീഴെയുള്ളവയെ തഴുകുന്നില്ല. ആകാശം, സമുദ്രം, മല തുടങ്ങിയ പ്രപഞ്ചഗാത്രത്തിലെ ഓരോന്നും ഇക്കാര്യമുന്നയിച്ച് പരാതിപ്പെട്ടിട്ടുണ്ട്.

പരാതിപ്പെടാനുള്ള വിനിമയ ശേഷി അവക്കുണ്ടോ? ഖുര്‍ആനില്‍ ഇത് പറയുന്നുണ്ട്.
ഉറുമ്പിന്റെയും പറവയുടെയും ഭാഷ സുലൈമാന്‍ നബി(അ)ക്ക് അറിയാമായിരുന്നു. ദാവൂദ് നബിയുടെ കൂടെ പര്‍വതം തസ്ബീഹ് ചൊല്ലിയിരുന്നു. ഫറോവയുടെ അനുയായികളെ വിവരിക്കുന്നിടത്ത് അവര്‍ക്കുവേണ്ടി ആകാശഭൂമികള്‍ കരഞ്ഞില്ലെന്ന് സൂറഃ ദുഖാന്‍ പരാമര്‍ശിക്കുന്നുണ്ട്. വിശ്വാസിയുടെ മരണത്തില്‍ ആകാശ ഭൂമികളിലെ രണ്ട് സ്ഥലങ്ങള്‍ വിലപിക്കുമത്രെ. ഭൂമിയില്‍ അവന്‍ നിസ്‌കാരങ്ങള്‍ നിര്‍വഹിച്ച സ്ഥലവും ആകാശത്ത് അവന്റെ നന്മകള്‍ എത്തിച്ചേരുന്ന ഇടവും. അലി(റ)വാണ് ഇക്കാര്യം പറയുന്നത്. ഈ സചേതന- അചേതനങ്ങള്‍ക്കൊക്കെ വികാരങ്ങളുണ്ട്. അവയെ പടച്ചവന്ന് അതറിയും.

വിചാരണനാളിന്റെ അധിപന്‍ അല്ലാഹുവാണ്. അതാണ് മാലികി യൗമിദ്ദീന്‍. അല്ലാഹുവിനെ ഏറെ സ്തുത്യര്‍ഹനാക്കുന്നതാണ് ഈ ഗുണവിശേഷം. വിചാരണയുള്ളതിനാലാണ് മനുഷ്യരില്‍ ധര്‍മബോധം നിലനില്‍ക്കുന്നത്. ശക്തന്‍ ദുര്‍ബലനെ മലര്‍ത്തിയടിക്കാതിരിക്കുന്നതും വിചാരണ നാള്‍ ആലോചിച്ചിട്ടാണ്. അതിനാല്‍ വിചാരണ നാളിന്റെ/ അന്ത്യനാളിന്റെ അവകാശിയെന്നത് ഏറെ നന്ദിയര്‍ഹിക്കുന്ന അനുഗ്രഹമാണ്.

മലികി, മാലികി എന്നിങ്ങനെ രണ്ടുരീതിയില്‍ പാരായണമുണ്ട്. ഉടമസ്ഥന്‍, രാജാവ് എന്നാണ് യഥാക്രമം അര്‍ത്ഥങ്ങള്‍. പരമമായ അധികാരമാണ് അവന്റേത്. നിരാശ്രയത്വമുള്ള അധികാരം. ഭൗതിക പ്രപഞ്ചത്തില്‍ അവന്‍ ചിലര്‍ക്ക് അധികാരം നല്‍കി. അല്ലാഹുവിനെ അംഗീകരിക്കാത്തവര്‍ക്കുവരെ കിട്ടി. അധികാരം പരീക്ഷണമാണല്ലോ. സര്‍വജ്ഞനായ അല്ലാഹു അടിമകള്‍ക്ക് തിരിച്ചറിവും പാഠവും നല്‍കുകയെന്നതാണ് ഈ പരീക്ഷണത്തിന്റെ താല്‍പര്യം. അക്രമികളായ ഭരണകര്‍ത്താക്കള്‍ക്ക് ശിക്ഷ വിധിച്ചിരിക്കുന്നു. പരലോകത്ത് അല്ലാഹുവിനാണ് സര്‍വാധികാരവും. കാര്യകാരണങ്ങളുടെ ലോകമല്ല അത്. ഏകനാഥന്റെ അധികാരത്തിന് കീഴിലാണ് എല്ലാവരും. എല്ലാ കാര്യങ്ങളും.

ഭാഷാ സാഹിത്യ പ്രകാരം മാലികി എന്ന ശബ്ദത്തിന് മലികിയെക്കാള്‍ അര്‍ത്ഥ വ്യാപ്തിയുണ്ട്. ഉടമസ്ഥനും രാജാവും തമ്മിലുള്ള അര്‍ത്ഥവ്യത്യാസം പോലെ. തന്റെ ഉടമസ്ഥാവകാശത്തിലുള്ളതില്‍ മാത്രമേ ഉടമസ്ഥന് ക്രയവിക്രയാധികാരമുള്ളൂ. എന്നാല്‍ രാജാവിന്റെ അധികാര പരിധി അതിലും മേലെയാണ്.

വിചാരണ നാളുകള്‍ക്ക് ഇവിടുത്തെ ഒരു ദിനത്തിന്റെ ദൈര്‍ഘ്യമല്ല. ആയിരം മുതല്‍ അമ്പതിനായിരം വരെ ദിവസങ്ങളുടെ ദൈര്‍ഘ്യം ഉണ്ടാകുമെന്ന് ഹജ്ജ്, മആരിജ് തുടങ്ങിയ സൂറകളില്‍ കാണാം. നീണ്ടോ കുറഞ്ഞോ എങ്ങനെ വേണമെന്ന് ഉടമസ്ഥന് നിര്‍ണയിക്കാമല്ലോ. സ്ഥലകാലങ്ങളുടെ അധിപന്‍ അവനല്ലേ. ഭൂമിയുടെ കാര്യം തന്നെ നോക്കൂ. ഇവിടെ രാവും പകലും നമുക്ക് ചുറ്റും മാത്രമല്ലേ. ഒരിടത്ത് ഇരുട്ടിയാല്‍ മറ്റൊരിടത്ത് വെളിച്ചം. ഇവിടെ വെളുത്താല്‍ അവിടെ ഇരുട്ട്.

വിശ്വാസത്തിന്റെ ബലം ഉറപ്പുവരുത്തുകയാണ് ഈ സൂക്തം. കര്‍മങ്ങള്‍ക്ക് മുന്നോടിയായി വിശ്വാസം ബലപ്പെടുത്തുകയാണ് വേണ്ടത്. അല്ലെങ്കില്‍ നിസ്‌കാരവും നോമ്പും ദാനവും ഹജ്ജും വൃഥാ ഒരേര്‍പാടാണെന്നതില്‍ കവിഞ്ഞൊന്നുമാവില്ല.

വിശ്വാസബലമാണ് കര്‍മത്തിലേക്ക് നയിക്കേണ്ടത്. അതിനാല്‍ വിശ്വാസബോധം പ്രധാനവും വിശ്വാസവഞ്ചന മഹാഅപരാധവുമാണ്. എല്ലാത്തിന്റെയും ഒടുക്കം അല്ലാഹുവിലേക്കാണ് എന്നല്ലേ ഈ സൂക്തത്തിന്റെ ഉള്ളര്‍ത്ഥം. വിശ്വാസിയുടെ ഓരോ കര്‍മത്തിനു മുന്നിലും വിചാരണാബോധം വന്നുനില്‍ക്കുന്നു. അതാണ് അവന്റെ ദിശ നിര്‍ണയിക്കുന്നത്.
ഒരാള്‍ക്ക് ഒരു സംശയം. അയാള്‍ ഭൗതിക മോഹിയോ, പരലോക വിചാരമുള്ളയാളോ? ഒരു മഹാത്മാവിനെ സമീപിച്ച് തീരുമാനിക്കാമെന്ന് വെച്ച് ചെന്നു. മഹാനുഭാവന്റെ മറുപടി ഇങ്ങനെയായിരുന്നു: നിന്റെയടുത്തുനിന്ന് സമ്പത്ത് വാങ്ങാന്‍ വരുന്ന ഒരാളും നിനക്ക് സമ്പത്ത് തരാന്‍ വരുന്ന ഒരാളുമുണ്ട്. ആര് വരുന്നതാണിഷ്ടം. തരാന്‍ വരുന്ന ആളാണെങ്കില്‍ നീ ഭൗതികാര്‍ത്ഥിയും വാങ്ങാന്‍ വരുന്ന ആളാണെങ്കില്‍ നീ ദൃഢവിശ്വാസിയുമാണ്. ആവശ്യക്കാരെ സ്വാഗതം ചെയ്ത് മനസ്താപം തീര്‍ത്തുകൊടുക്കുന്ന എത്ര എത്ര ശുദ്ധാത്മാക്കള്‍.
നിനക്ക് ഞങ്ങള്‍ ഇബാദത്ത് ചെയ്യുന്നു എന്നാണ് തുടര്‍ന്നുവരുന്ന സൂക്തത്തിന്റെ സാരം. ഈ പ്രഖ്യാപനത്തിന് മുന്നേ വിശ്വാസം ഊട്ടിയുറപ്പിക്കണമല്ലോ. മാലികിയൗമിദ്ദീന്‍ ചെയ്യുന്നതതാണ്. നോക്കൂ, അകക്കണ്ണിന്റെയും മുഖക്കണ്ണിന്റെയും കാഴ്ചശക്തിയുള്ളവരാണ് നാം. ഉപരിപ്രതലത്തെ മാത്രമാണ് മുഖക്കണ്ണ് കാണുന്നത്. അകക്കണ്ണിനാണ് ശക്തിയുള്ളത്. വിശ്വാസത്തിന്റെ ബലമാണതിന്. ഇബാദത്തുകളെ സ്ഫുടം ചെയ്‌തെടുക്കുന്നത് അകക്കണ്ണില്‍ കാണുന്ന കാര്യങ്ങളാണ്. സ്വര്‍ഗം, നരകം, ഹിസാബ്… എല്ലാം അവിടെയാണല്ലോ തെളിയുന്നത്. ൂ

അവലംബം: തഫ്‌സീറുശഅ്‌റാവി
ശൈഖ് മുതവല്ലി ശഅ്‌റാവി
പുനരാവിഷ്‌കാരം: മുഹമ്മദ് ഫാറൂഖ് നഈമി അല്‍ബുഖാരി

You must be logged in to post a comment Login