സംസ്‌കാരം

സംസ്‌കാരം

culture/ˈkʌltʃə/
noun
The arts and other manifestations of human intellectual achievement regarded collectively. or The ideas, customs, and social behaviour of a particular people or society(Oxford Dictionary)

ബുദ്ധിപരമായ അഭിവൃദ്ധിയുടെ ഫലമായ മാനസിക വികാസം, ഒരു പ്രത്യേക സംസ്‌കാര മാതൃക(രാമലിംഗംപിള്ള ഇംഗ്ലീഷ് മലയാളം നിഘണ്ടു).

സംസ്‌കാരം എന്ന വാക്കിനെക്കുറിച്ചുള്ള ഭാരതീയ സങ്കല്‍പം എല്ലാ വിധത്തിലുമുള്ള ആശയങ്ങളെയും യാഥാര്‍ത്ഥ്യങ്ങളെയും സ്വീകരിക്കുകയും പരിശോധിക്കുകയും അതിനെ സംശോധിച്ച് വിമലീകരിക്കുകയും ചെയ്യുക എന്നാണ്. ഈ അര്‍ത്ഥത്തില്‍ കറ കളയുക, കാന്തി വര്‍ധിപ്പിക്കുക, ഉപയോഗത്തിനൊരുക്കുക തുടങ്ങിയവയെല്ലാം സംസ്‌കാരം തന്നെ. എന്നാല്‍ ഇംഗ്ലീഷ് ഭാഷയിലെ കള്‍ച്ചര്‍ എന്ന വാക്കിന്റെ തര്‍ജമയായാണ് പല സാഹചര്യങ്ങളിലും സംസ്‌കാരം എന്ന ശബ്ദം ഉപയോഗിക്കാറ്. ലാറ്റിന്‍ വാക്കായ ‘Cultura’യില്‍നിന്നാണ് ‘Culture’ എന്ന ഇംഗ്ലീഷ് വാക്ക് രൂപപ്പെട്ടത്. ലാറ്റിനില്‍ ‘സംരക്ഷണം(Care), നിലമുഴുതല്‍(Trilling Land)’ എന്നൊക്കെ ഈ വാക്കിന് അര്‍ത്ഥമുണ്ട്. Agriculture,cultivation തുടങ്ങി മനുഷ്യപരിണാമത്തിലെ സുപ്രധാനമായ ഇടപെടലുകള്‍ നടത്തിയ കാര്‍ഷിക വൃത്തിയുമായി ഈ പദത്തിന് ബന്ധമുണ്ട്.

രണ്ടു രീതിയില്‍ ‘സംസ്‌കാരം’ എന്ന വാക്കിനെ നമുക്ക് സമീപിക്കാവുന്നതാണ്. ഒന്ന് കലയുമായി ബന്ധപ്പെടുത്തി സൗന്ദര്യാത്മകമായ രീതിയിലും മറ്റൊന്ന് മനുഷ്യന്റെ ജീവിത രീതിയുമായി ബന്ധപ്പെടുത്തി സാമൂഹികമായും. നരവംശ ശാസ്ത്ര നിഘണ്ടുവില്‍ ഹെന്റി പ്രാറ്റ് ഫെയര്‍ ചൈല്‍ഡ് നല്‍കുന്ന നിര്‍വചനം ഇങ്ങനെയാണ്. ‘സാമൂഹികമായി മനുഷ്യന്‍ ആര്‍ജിച്ചതും, കൈമാറ്റം ചെയ്യപ്പെട്ടതുമായ എല്ലാ പെരുമാറ്റ രീതികളെയും പൊതുവില്‍ സംസ്‌കാരം എന്നു വിളിക്കാം. ഇതില്‍ ഭാഷ, ഉപകരണം, നിര്‍മാണം, വ്യവസായം, കല, ശാസ്ത്രം, നിയമം, ഗവണ്‍മെന്റ്, ധാര്‍മിക സദാചാരങ്ങള്‍, മതം എന്നിവ മാത്രമല്ല, ബുദ്ധിപരമായി മനുഷ്യന്‍ ആര്‍ജിച്ച എല്ലാ നേട്ടങ്ങളെയും ഉള്‍പ്പെടുത്താം.’ റൂത്ത് ബെനെഡിക്ട് എന്ന സാമൂഹിക ശാസ്ത്രജ്ഞന്റെ അഭിപ്രായത്തില്‍, ഒരുകൂട്ടം മനുഷ്യരെ പരസ്പരം ബന്ധിപ്പിക്കുന്നതെന്തോ അതാണ് സംസ്‌കാരം. മനുഷ്യന്റെ മസ്തിഷ്‌കം വളര്‍ന്ന് ബുദ്ധി വികാസം പ്രാപിച്ചതോടുകൂടിയാണ് സംസ്‌കാരം ഉരുത്തിരിഞ്ഞത്. പ്രകൃതിയിലുള്ള എല്ലാവര്‍ക്കും അവരുടേതായ തനത് സംസ്‌കാരമുണ്ട്. വിദ്യാഭ്യാസവുമായി ബന്ധപ്പെടുത്തിയും നമ്മള്‍ സംസ്‌കാരത്തെ നിര്‍വചിക്കാറുണ്ട്. വിദ്യാസമ്പന്നരായ ആളുകളെ പൊതുവെ സംസ്‌കാര സമ്പന്നര്‍ എന്നും പരുക്കനായി പെരുമാറുന്ന, വിദ്യാഭ്യാസ മില്ലാത്ത ആളുകളെ സംസ്‌കാര ശൂന്യര്‍ എന്നും വിളിക്കാറുണ്ട്. പക്ഷേ പുതിയ കാലത്ത് വിദ്യാഭ്യാസവും സംസ്‌കാരവുമായി വലിയ ബന്ധമില്ലെന്ന് തെളിയിക്കുന്ന നിരവധി അനുഭവങ്ങള്‍ നമുക്കുമുന്നിലുണ്ട്.

പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാന ദശകങ്ങളിലും പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യ ഘട്ടങ്ങളിലുമായാണ് സംസ്‌കാരം എന്ന വാക്കിന് നാനാര്‍ത്ഥങ്ങള്‍ കൈവന്നത്. യഥാര്‍ത്ഥത്തില്‍ വ്യാവസായിക വിപ്ലവത്തിന് ശേഷമാണ് സംസ്‌കാരം വ്യത്യസ്ത അര്‍ത്ഥതലങ്ങളിലേക്ക് വികസിക്കുന്നത്. അതിനുമുമ്പ് നൈസര്‍ഗിക വികാസത്തിന് ശ്രദ്ധ നല്‍കുക എന്ന ഒരര്‍ത്ഥമായിരുന്നു ഉണ്ടായിരുന്നത്. ക്രമേണ ഈ വാക്കിന് മനസ്സിന്റെ സാമാന്യമായ ഭാവം, അഥവാ ശീലം എന്നൊരര്‍ത്ഥവും വന്നുചേര്‍ന്നു. പൊതുകാര്യങ്ങളില്‍ വിഭാഗീയതയും മുന്‍ധാരണകളുടെ സ്വാധീനവും കൂടാതെ നിസംഗമമായി സമാലോചന ചെയ്യാനുള്ള ശേഷി എന്നര്‍ത്ഥമാണ് വിഖ്യാത ഇംഗ്ലീഷ് സാഹിത്യകാരന്‍ മാത്യു അര്‍നോള്‍ഡ് നല്‍കുന്നത്.

ബുദ്ധിപരമായ, കലാപരമായ വളര്‍ച്ച നോക്കിയാണ് ചരിത്രകാരന്മാര്‍ സംസ്‌കാരത്തെ നിര്‍ണയിക്കുന്നത്. ഉദാ. ഗ്രീക്ക് സംസ്‌കാരം. ഗ്രീസിലെ സംസ്‌കാരമെന്ന് പൊതുവില്‍ പറയുമ്പോഴും അവിടുത്തെ കലയും സാഹിത്യവുമാണ് ഉദ്ദേശിക്കുന്നത്. ആദിമമനുഷ്യര്‍ ഗുഹാ ഭിത്തികളില്‍ രേഖപ്പെടുത്തിയ ചിത്രങ്ങള്‍ അവരുടെ സംസ്‌കാരത്തിന്റെ സൂചകങ്ങളാണ്.

വ്യത്യസ്തത നിലനിര്‍ത്തുകയെന്നത് സംസ്‌കാരത്തെ സംബന്ധിച്ച് മുഖ്യമാണ്. ആചാരങ്ങളും അനുഷ്ഠാനങ്ങളും ഈ വഴിയില്‍ വലിയ സ്വാധീനം ചെലുത്തുന്നുണ്ട്. പ്രാകൃതം(Ancient), ആധുനികം(Modern), ഉത്തരാധുനികം(Post modern) എന്നിങ്ങനെ സംസ്‌കാരത്തെ തരംതിരിക്കാറുണ്ട്. ഓരോ കാലത്തെയും ജീവിതരീതിയാണ് ഈ ഘട്ടവിഭജനത്തിന്റെ അടിസ്ഥാനം. സാമ്പത്തിക സംസ്‌കാരത്തെ ഇത്തരത്തില്‍ വേട്ടയാടല്‍ ഘട്ടം(Hunting age), കാലിവളര്‍ത്തല്‍ ഘട്ടം(Pastoral Stage), കാര്‍ഷിക ഘട്ടം(Agricultural age), വ്യാവസായിക ഘട്ടം(Industrial age) എന്നിങ്ങനെ തരംതിരിക്കാം. സാങ്കേതിക വിദ്യയുടെ കാര്യത്തില്‍ ശിലായുഗം(Stone age), ഓട്ടുയുഗം(Bronze age), ഇരുമ്പുയുഗം(Iron age) ഏറ്റവും ഒടുവില്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി യുഗം എന്നിങ്ങനെ ക്രമപ്പെടുത്താം. ചരിത്രത്തിന്റെ ഭൗതിക വ്യാഖ്യാനത്തില്‍ കാറല്‍മാര്‍ക്‌സ് പ്രാകൃത കമ്യൂണിസം(Primitive communism), അടിമത്തം(Slavery), നാടുവാഴിത്തം(Fudalism), മുതലാളിത്തം(Capitalism), കമ്മ്യൂണിസം(Communism) എന്നിങ്ങനെ സമൂഹത്തിന്റെ കാലഭേദങ്ങളെ നിര്‍വചിക്കുന്നുണ്ട്. വര്‍ഗരഹിത സമൂഹത്തിന്റെ സംസ്‌കാരത്തില്‍ തുടങ്ങി വര്‍ഗ സമൂഹങ്ങളുടെ സംസ്‌കാരത്തിലേക്ക് സമൂഹം എത്തിച്ചേര്‍ന്നതിന്റെ ആഖ്യാനമാണ് മാര്‍ക്‌സ് നടത്തുന്നത്.

ഉല്‍പാദന രീതിയിലുള്ള മാറ്റങ്ങള്‍ക്ക് വിധേയമാണ് സംസ്‌കാരം. ഉല്‍പാദന രീതികളുടെ സ്വഭാവ വിശേഷങ്ങളുമായി ബന്ധപ്പെടുത്തിയാണ് മാര്‍ക്‌സിസ്റ്റ് പണ്ഡിതന്മാര്‍ സംസ്‌കാരത്തെ പഠിക്കുന്നത്. റെയ്മണ്ട് വില്യംസ്, സ്റ്റുവര്‍ട്ട് ഹാള്‍ എന്നിവര്‍ ഉപഭോഗം, വിനോദോപാധികള്‍ എന്നിവയെയാണ് സംസ്‌കാര പഠനത്തിന്റെ ഉപാധികളായി തിരഞ്ഞെടുത്തത്. ഇതുപറയുമ്പോള്‍ സാംസ്‌കാരിക പഠനം (Cultural Studies) എന്ന ഏറ്റവും പുതിയ പഠനശാഖയെക്കൂടി പരാമര്‍ശിക്കേണ്ടതുണ്ട്. എങ്ങനെയാണ് സംസ്‌കാരം രൂപപ്പെടുകയും വ്യക്തികളുടെ സാമൂഹിക, അധികാര ബന്ധങ്ങളിലും ദൈനംദിന ജീവിതത്തിലും ഇടപെടുകയും ചെയ്യുന്നത് എന്നതിനെ കുറിച്ചുള്ള ആഴത്തിലുള്ള പഠന ഗവേഷണങ്ങള്‍ നടത്തുന്നതിനായി രൂപപ്പെടുത്തിയ പഠനശാഖയാണ് സാംസ്‌കാരിക പഠനം.

ഒരു നിശ്ചിത സംസ്‌കാര ഭൂമികക്കകത്ത് മനുഷ്യര്‍ എന്തുചെയ്യുന്നുവെന്നതാണ് ഈ പഠനങ്ങളുടെ കേന്ദ്രബിന്ദു. റെയ്മണ്ട് വില്യംസിനെപോലുള്ളവര്‍ മുന്നോട്ടുവെച്ച സാംസ്‌കാരിക വ്യാപനം എന്ന ആശയം ഈ ആഗോളീകരണ കാലഘട്ടത്തില്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ട ആശയമാണ്. സംസ്‌കാര സ്വീകരണം(acculturation), വ്യാപനം(Diffusion) എന്നീ ഉപാധികളിലൂടെയാണ് സാംസ്‌കാരിക വ്യാപനം സാധ്യമാകുന്നത്. നേരിട്ടുള്ള കടം വാങ്ങലാണ്(Direct Borrowing) മറ്റൊരു രീതി.
രണ്ടാം ലോക മഹായുദ്ധത്തിനുശേഷമുള്ള ലോകത്തെ ഏറ്റവും ആഴത്തില്‍ സ്വാധീനിച്ച സങ്കല്‍പമാണ് ജനകീയ സംസ്‌കാരം(People Culture). വരേണ്യ സംസ്‌കാരം എന്ന അധീശത്വ സംസ്‌കാരത്തിനെതിരായി സമൂഹത്തിലെ പാര്‍ശ്വവല്‍കരിക്കപ്പെട്ടവരാല്‍ നിര്‍മിതമായ കൂട്ടായ്മയാണ് ജനകീയ സംസ്‌കാരം. പ്രശസ്ത ഇറ്റാലിയന്‍ മാര്‍ക്‌സിസ്റ്റായ അന്റോണിയോ ഗ്രാംഷി ആധിപത്യ സ്വഭാവമുള്ള സംസ്‌കാരത്തിനെതിരായി ജനാധിപത്യ മൂല്യങ്ങളിലൂന്നിയ വിപ്ലവം എന്ന ആശയമായാണ് ജനകീയ സംസ്‌കാരത്തെ അടയാളപ്പെടുത്തുന്നത്. പൊതുസമൂഹത്തില്‍ സുഗമമായ പ്രയാണത്തിന് ഹേതുവായ ഒരുപക്ഷേ ഉപഭോഗ സംസ്‌കാരത്തിന്റെ ഉപോല്‍പന്നമായ സംസ്‌കാരത്തെ ജനപ്രിയ സംസ്‌കാരം(Popular Culture) എന്നുവിളിക്കാം. നൈമിഷികമായ ഒരു ആസ്വാദനമാണ് ജനപ്രിയ സംസ്‌കാരം ഉയര്‍ത്തിപ്പിടിക്കുന്നത്. വിനോദവ്യവസായത്തിലൂടെയാണ് ജനപ്രിയ സംസ്‌കാരത്തിന്റെ മൂല്യങ്ങള്‍ വ്യാപനം ചെയ്യപ്പെടുന്നത് എന്ന് പ്രശസ്ത ഫെമിനിസ്റ്റ് ചിന്തകയായ സൂസന്‍ സോന്‍ടേഗ് അഭിപ്രായപ്പെടുന്നുണ്ട്. ഈ ആശയത്തോട് കൂട്ടിവായിക്കേണ്ട മറ്റൊരാശയമാണ് സാംസ്‌കാരിക വ്യവസായം(Cultural Industry). ഈ ആശയം രൂപപ്പെടുത്തിയത് ജര്‍മന്‍ ചിന്തകരായ തിയോഡോര്‍ അഡോണോയും(Theodor Adorno (1903 – 1969) മാക്‌സ് ഹോക്കൈമറുമാണ്(Max Horkheimer (1895 – 1973). തങ്ങളുടെ പുസ്തകമായ Dialetic of Enlightenment(1944) എന്ന പുസ്തകത്തിലാണ് ഈ ആശയം ആദ്യമായി പ്രതിപാദിച്ചിട്ടുള്ളത്.

ബഹുജന മാധ്യമങ്ങളിലൂടെ തികച്ചും ഉപരിപ്ലവമായ ആസ്വാദനം മാത്രം ലക്ഷ്യമിട്ടുകൊണ്ടുള്ള പരിപാടികള്‍ പ്രക്ഷേപണം ചെയ്യുകയും അതുവഴി യഥാര്‍ത്ഥ പ്രശ്‌നങ്ങളില്‍നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിടുകയും ചെയ്യുന്ന ജനപ്രിയ സംസ്‌കാരം കമ്പോളത്തിന്റെ സൃഷ്ടിയാണ്.
സ്മിത നെരവത്ത

റഫറന്‍സ്
1. സാഹിത്യം, സംസ്‌കാരം, സമൂഹം- പ്രൊഫ: വി അരവിന്ദാക്ഷന്‍(ജനശക്തി ബുക്‌സ്, തൃശൂര്‍)
2. സംസ്‌കാരവും നാഗരികതയും- വത്സന്‍ പിലിക്കോട്(Eye books, calicut).
3. Culture- Reymond williams
4. The Idea of Culture- Terry Eagleton
5. Dialectic of Enlightenment(1944), Theodor Adorno, Max Horkheimer.
6. Cultural Studies, the Basics- Jeff Lewis
7. The Soulogy of culture- Reymond williams
8. Against Interpretation- Susan sontag(Penguin books)
9. കലാവിമര്‍ശം മാര്‍ക്‌സിസ്റ്റ് മാനദണ്ഡം- എഡി: രവീന്ദ്രന്‍, നിള പബ്ലിഷേഴ്‌സ്‌

You must be logged in to post a comment Login