ഇസ്‌ലാമിക് ബേങ്കിംഗ് എന്തുകൊകൊണ്ട് ആകര്‍ഷിക്കുന്നു?

ഇസ്‌ലാമിക് ബേങ്കിംഗ് എന്തുകൊകൊണ്ട് ആകര്‍ഷിക്കുന്നു?

പ്രൊഫ: തോമസ് പികെട്ടി (Thomas Pikketty) 2013 ല്‍ എഴുതിയ ‘ക്യാപിറ്റല്‍ ഇന്‍ ദി ട്വന്റി ഫസ്റ്റ് സെഞ്ച്വറി’ എന്ന പുസ്തകം സാമ്പത്തിക ശാസ്ത്ര രംഗത്ത് വളരെയേറെ വിള്ളലുകളും തിരുത്തലുകളും സൃഷ്ടിച്ചൊരു രചനയാണ്. ജി ഡി പിയുടെ കണക്കനുസരിച്ചും ആളോഹരി വരുമാനത്തിന്റെ തോതനുസരിച്ചും രാജ്യങ്ങളുടെ വളര്‍ച്ചയും ഉയര്‍ച്ചയും നിശ്ചയിച്ചിരുന്ന സാമ്പ്രദായിക സാമ്പത്തിക ശാസ്ത്രത്തിന്റെ അമളിയുടെ ആഴവും വ്യാപ്തിയും ഈ കൃതി വ്യക്തമാക്കുന്നു. ഭൂമുഖത്തെ മൊത്തം സമ്പത്തിന്റെ പകുതിയും ജനസംഖ്യയുടെ ഒരു ശതമാനത്തിനു താഴെ വരുന്ന വ്യക്തികളുടെ കൈവശമാണുള്ളതെന്നു കണ്ടെത്തുന്ന പുസ്തകം 86 ശതമാനം സമ്പത്തുള്ളതു വെറും പത്ത് ശതമാനത്തിന്റെ താഴെ സമ്പന്നരുടെ കൈയ്യിലാണെന്നും കണ്ടെത്തിയിരിക്കുന്നു. സമ്പന്ന രാഷ്ട്രമായ അമേരിക്കയിലെ 95 ശതമാനം സമ്പത്തും ഒരു ശതമാനം ജനങ്ങളുടെ കീശയിലാണത്രെ. 2009 ലെ സാമ്പത്തിക പ്രതിസന്ധിക്കു ശേഷം തൊണ്ണൂറു ശതമാനം അമേരിക്കന്‍ ജനതയും കൂടുതല്‍ ദാരിദ്ര്യം ബാധിച്ചവരായി മാറിയിട്ടുണ്ടെന്നും പുസ്തകം തെളിയിക്കുന്നു. കഴിഞ്ഞ വര്‍ഷം ലോകബാങ്ക് ഇറക്കിയ ഗ്ലോബല്‍ റിപ്പോര്‍ട്ടിലും ഭീകരമായ ഈ സാമ്പത്തിക അസന്തുലിതാവസ്ഥ ഉദ്ധരിക്കുന്നുണ്ട്. ലോക ബാങ്ക് റിപ്പോര്‍ട്ട് പ്രകാരം (പേജ് 18 ) സമൂഹത്തിനുള്ളിലെ ഒട്ടുമിക്ക പ്രശ്‌നങ്ങള്‍ക്കും പ്രധാന കാരണം ഈ സാമ്പത്തികാസമത്വമാണ്. 2012 ല്‍ യൂറോപ്യന്‍ കമ്മീഷനിറക്കിയ സാമ്പത്തിക സര്‍വ്വേ ഫലമാണ് ഇത്തരമൊരു കണ്ടത്തെലിലേക്ക് ലോകബാങ്കിനെ നയിച്ചത്. യൂറോപ്യന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രകാരം വീടുകളിലെ കുടുംബ വഴക്ക്, മനുഷ്യരുടെ കുറ്റം ചെയ്യാനുള്ള വാസന, അനാരോഗ്യം, വിദ്യാഭ്യാസത്തോടുള്ള വിമുഖത, അരാഷ്ട്രീയ പ്രവണതകള്‍, ലിംഗാസമത്വം , അധ്വാനിക്കാനുള്ള അലസത തുടങ്ങിയ സാമൂഹ്യ പ്രശ്‌നങ്ങളെല്ലാം നല്ലൊരു പരിധി വരെ വളര്‍ത്തിക്കൊണ്ടു വരുന്നതില്‍ സാമ്പത്തിക അസമത്വം വിജയിച്ചിട്ടുണ്ട്. ഒരല്‍പം മുമ്പോട്ട് പോയി, സാമ്പത്തികാസമത്വത്തിന്റെ പടുകുഴികള്‍ കേവല സാമൂഹ്യ ദുരന്തങ്ങളിലൊതുങ്ങുന്നതല്ലെന്നു 2012ല്‍ ഇന്റര്‍നാഷണല്‍ മോനിറ്ററി ഫണ്ട് (ഐ എം എഫ) പുറത്തിറക്കിയ പഠനവും വ്യക്തമാക്കുന്നു. 1920-29 കാലയളവിലും 1983-2008 കാലയളവിലും ശക്തമായ സാമ്പത്തികാസമത്വം നിലനിന്നിരുന്നുവെന്നും അതാണ് 1930 ലെയും 2008 ലെയും സാമ്പത്തിക പ്രതിസന്ധിക്കു നിദാനമായതെന്നും ഐ എം എഫ് ചൂണ്ടിക്കാണിക്കുന്നു. 2012ല്‍ അമേരിക്കയില്‍ പുറത്തിറക്കിയ ഫോള്‍ട് ലൈന്‍സ് (Fault Lines) എന്ന പുസ്തകവും ഇതു കണക്കുകള്‍ നിരത്തി വിശദീകരിക്കുന്നുണ്ട്.

ആഡം സ്മിത്തും റിക്കാര്‍ഡോയും വിഭാവനം ചെയ്ത ആധുനിക സമ്പദ് വ്യവസ്ഥ ലോകത്തിനു നല്‍കിയ ഇത്തരം വിനകളുടെ ആഴം അതി ഭീകരമാണെന്നു സാമ്പത്തിക വിദഗ്ധര്‍ തന്നെ അക്കമിട്ടു നിരത്തുകയാണിപ്പോള്‍. മനുഷ്യോല്പത്തി മുതല്‍ വ്യത്യസ്ത സാമ്പത്തിക വ്യവസ്ഥിതികളെ പരീക്ഷിച്ച മനുഷ്യന്‍ ഇപ്പോള്‍ തീര്‍ച്ചയായും പുതിയൊരു സമ്പദ് വ്യവസ്ഥിതിയെയാണ് ഉറ്റുനോക്കുന്നത്. നൊബേല്‍ പ്രൈസ് ജേതാക്കളായ സാമ്പത്തിക ശാസ്ത്രജ്ഞരുടെ അഭിപ്രായങ്ങളിലെല്ലാം ഈ യാഥാര്‍ത്ഥ്യത്തിന്റെ തിരിതെളിയുന്നുണ്ട്. ലോകബാങ്കിന്റെ മുഖ്യ സാമ്പത്തിക ശാസ്ത്രജ്ഞനും നൊബേല്‍ ജേതാവുമായ ജോസഫ് സ്റ്റിഗ്ലിറ്റി (Joseph Stiglitie) നിലവില്‍ സാമ്പത്തിക മേഖലയില്‍ പിന്തുടരുന്ന നാല്‍പതു നിയമങ്ങള്‍ പൊളിച്ചെഴുതണമെന്നു വാദിച്ചയാളാണ്. ഉളളവര്‍ക്ക് കൂടുതല്‍ സമ്പത്ത് ഉണ്ടാക്കിക്കൊടുക്കുന്ന, തീര്‍ത്തും മുതലാളിമാരെ സംരക്ഷിക്കുന്ന വ്യവസ്ഥിതിയാണ് നിലവിലുള്ളതെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നുണ്ട്. വ്യവസായ വിപ്ലവത്തിലൂടെ വളര്‍ന്നു വന്ന മുതലാളിമാര്‍ നിര്‍മിച്ചെടുക്കുന്ന ഒരു സാമ്പത്തിക ക്രമത്തില്‍നിന്ന് അത്തരമൊരു നയമല്ലാതെ പ്രതീക്ഷിക്കേണ്ടതില്ലെന്നും അദ്ദേഹം അടിവരയിടുന്നു. അമര്‍ത്യസെന്നും മുഹമ്മദ് യൂനുസുമടങ്ങുന്ന ഒരു നീണ്ടനിര തന്നെ ഈ നിരീക്ഷണങ്ങള്‍ പങ്കുവെക്കുന്നുണ്ട്.

ആധുനിക സമ്പദ് വ്യവസ്ഥ അഭിമുഖീകരിക്കുന്നത് മനുഷ്യ സമൂഹത്തെയല്ല, ഒരുകൂട്ടം മുതലാളിമാരെയാണ്. പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞന്‍ ജോണ്‍ പേര്‍ക്കിന്‍സ് അദ്ദേഹത്തിന്റെ ‘കണ്‍ഫെഷന്‍ ഓഫ് ആന്‍ ഇക്കണോമിക് ഹിറ്റ്മാന്‍’ എന്ന പുസ്തകത്തിന്റെ ആമുഖത്തില്‍ തന്നെ ഈ വസ്തുത നിരത്തുന്നുണ്ട്. ‘സാമ്പത്തിക അഭിവൃദ്ധിയും വളര്‍ച്ചയും എല്ലാ മനുഷ്യര്‍ക്കും ഗുണം ചെയ്യുമെന്ന ധാരണ അബദ്ധജഡിലമാണ് . ഉയര്‍ന്ന വളര്‍ച്ച പ്രാപിച്ചുവെന്നത് ഒരിക്കലും വ്യാപക വളര്‍ച്ചയെ കുറിച്ചല്ല. ജനസംഖ്യയുടെ വളരെ ന്യൂനപക്ഷത്തെമാത്രമേ ഇതിനു പ്രതിനിധീകരിക്കാന്‍ കഴിയൂവെന്നതിലപ്പുറം മഹാഭൂരിപക്ഷത്തിനും ഇതൊരു ആപത്തുമായിരിക്കും”(പേജ് 216:222 നോക്കുക). തൊണ്ണൂറ്റിയൊമ്പത് ശതമാനം വരുന്ന പച്ച മനുഷ്യരെ അഭിമുഖീകരിക്കാന്‍ കഴിയാത്ത പ്രത്യയശാസ്ത്ര പരീക്ഷണം മാറ്റി, ഭൂമുഖത്തെ മൊത്തം മനുഷ്യരെയും പ്രകൃതിയെ തന്നെയും ഉള്‍കൊള്ളുന്ന ഒരു സാമ്പത്തിക വ്യവസ്ഥിതിയുടെ ശിലാസ്ഥാപനവും വളര്‍ച്ചയുമാണ് സത്വര വികസനത്തിനു ഏറ്റവും കൂടുതല്‍ ആവശ്യം. ആധുനിക എക്കണോമിക്‌സിന്റെ ഒരു ന്യൂനതയായി നമ്മുടെ യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥികള്‍ ചൊല്ലിപ്പഠിക്കുന്നതും ഇത് ഇക്കാലഘട്ടത്തില്‍ പ്രയോഗികമല്ലെന്നാണല്ലോ. ഇത്തരമൊരു ഘട്ടത്തിലാണ് ഇസ്‌ലാമിക് സമ്പദ് വ്യവസ്ഥിതിക്കു ആഗോള തലത്തില്‍ കൂടുതല്‍ പ്രാധാന്യം കൈവരുന്നത്.

യൂറോപ്പും അമേരിക്കയുമടക്കം ലോകത്തെ എഴുപതിലധികം രാഷ്ട്രങ്ങളില്‍ വളര്‍ന്നു പന്തലിച്ച ഇസ്‌ലാമിക സാമ്പത്തിക ക്രമം ലോകത്ത് സമ്പത്തിന്റെ അനിയന്ത്രിതമായ അസന്തുലിതാവസ്ഥ ഇല്ലായ്മ ചെയ്യുമെന്നും തുല്യ വളര്‍ച്ച സാധ്യമാക്കുമെന്നും ലോക ബാങ്ക് തന്നെ സമ്മതിക്കുന്നു. 2016 ല്‍ ലോക ബാങ്ക് ഇറക്കിയ ഗ്ലോബല്‍ റിപ്പോര്‍ട്ടിന്റെ പേരു തന്നെ islamic finance and shared property എന്നാണ്. പലിശാധിഷ്ഠിതമല്ലാത്ത, കിട്ടുന്ന ലാഭവും നഷ്ടവും വീതിക്കുന്ന ഒരു സമ്പ്രദായത്തിനേ ലോകത്തെ നയിക്കാനാകൂ എന്ന മുറവിളി പണ്ടേയുണ്ടെങ്കിലും 2008 ലെ സാമ്പത്തിക മാന്ദ്യം ഇസ്‌ലാമിക് ബേങ്കിങ് സംവിധാനത്തിന് ശക്തമായ സ്വാധീനമുള്ള സ്ഥലങ്ങളില്‍ ബാധിക്കാത്തതു നിമിത്തം ഈ മുറവിളികള്‍ ഇപ്പോള്‍ കൂടുതല്‍ സജീവമായിരിക്കുകയാണ്.

ബാര്‍ട്ടര്‍ സംവിധാനത്തിന്റെ ന്യുനതകള്‍ പരിഹരിക്കാനാണ് യഥാര്‍ത്ഥത്തില്‍ നാണയ സംവിധാനം നിലവില്‍ വന്നത്. ചരക്കുകള്‍ പരസ്പരം കൈമാറുന്നതിന് പകരം ഒരു ഇടനിലക്കാരനായി നാണയം അഥവാ പണം വന്നു. പണത്തെ കേവല ഇടനിലക്കാരനായി കാണുന്നതിനു പകരം സ്വയമൊരു ചരക്കായി (product) കാണുന്ന വ്യവസ്ഥിതിയാണ് മുതലാളിത്തം സംഭാവന ചെയ്തത്. ഇസ്‌ലാമും ആധുനിക മുതലാളിത്ത സാമ്പത്തിക വ്യവസ്ഥിതിയും അടിസ്ഥാനപരമായി ഭിന്നിക്കുന്നത് ഇവിടെയാണ്. ഇസ്‌ലാം പ്രകാരം പണം ഒരിക്കലും ഒരു കമ്മോഡിറ്റി അഥവാ ചരക്കല്ല. ഇമാം ഗസ്സാലി (റ ) ഇതുവ്യക്തമാകുന്നുണ്ട്. പണത്തിനു സ്വന്തമായൊരു അന്തര്‍ലീന ഉപയുക്തത (ithnrinsic utility ) ഇല്ലെന്നു പറയാം. അഥവാ മറ്റേതു വസ്തുക്കളും മനുഷ്യന് നേരിട്ടുപയോഗിക്കാമെങ്കിലും പണം ആ വസ്തുക്കളെ കൈപ്പറ്റാനുള്ളൊരുപാധി എന്നതിലപ്പുറം ഒരുപയോഗവും അതിനു നല്കപ്പെടാറില്ല. രണ്ടാമത്തെ കാരണം, പണം മറ്റു വസ്തുക്കളില്‍ നിന്നും വിഭിന്നമായി വ്യത്യസ്ത ഗുണങ്ങളെ(നിറം, വര്‍ണം, പഴക്കം, പുതുമ തുടങ്ങിയ) സ്വീകരിക്കുന്നില്ല. പത്ത് രൂപ നോട്ട് എത്ര പഴകിയാലും മുഷിഞ്ഞാലും അതിനു ആ മൂല്യമുണ്ട്. എന്നാല്‍ മറ്റു വസ്തുക്കളില്‍ ഇതിനു മൂല്യ വ്യത്യാസം ഉണ്ടായേക്കാം. മൂന്നാമത്തെ വ്യത്യാസം, പണം ഒരിക്കലും കൃത്യമായി അടയാളപ്പെടുത്തേണ്ടതില്ല. അഥവാ സാധനങ്ങള്‍ (ഉദാഹരണത്തിനു പശു) മാറുന്നതിനനുസരിച്ച് ക്വാളിറ്റി യില്‍ വ്യത്യാസപ്പെടുന്നതുപോലെ (എല്ലാം പശുവാണെങ്കിലും ഒരേ കോലമാണെങ്കിലും മൂല്യത്തില്‍ വ്യത്യാസപ്പെടാം) പണത്തില്‍ വ്യത്യാസം ദൃശ്യമല്ല. പത്തു രൂപ നോട്ടിന് എവിടെയും എങ്ങനെയും അതിനു പത്തിന്റെ മൂല്യമുണ്ടാകും; അതേ ഉണ്ടാകൂ. ആധുനിക ഇസ്‌ലാമിക സാമ്പത്തിക ശാസ്ത്രജ്ഞര്‍ നാലാമതൊരു വ്യത്യാസം കൂടി പറയുന്നുണ്ട്. എക്കണോമിക്‌സ് അനുസരിച്ച് ചരക്കുകള്‍ രണ്ടിനമാണ്. ഉല്‍പാദകം (production goods), ഉപഭോഗം (consumption goods). പണം ഉത്പാദക ചരക്കാണോ അതോ ഉപഭോഗ ചരക്കാണോ? രണ്ടിലും ഉള്‍പ്പെടുത്താനാവാതെ കുഴങ്ങുന്ന മുതലാളിത്ത സമ്പദ് വ്യവസ്ഥിതിയോട് ഒന്നേ പറയാനുള്ളൂ: പണം ചരക്കേയല്ല. കേവലം ഇടനിലക്കാരന്‍ (medium of exchange ) മാത്രമാണ്. പണത്തെ ചരക്കായിക്കണ്ടു പണം കൂടുതല്‍ പണത്തെ പ്രസവിപ്പിക്കുന്ന ജോലിയാണ് പലിശക്ക് ചെയ്യാനുള്ളത്. ലോക സമ്പദ് വ്യവസ്ഥകള്‍ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്‌നവും ഇതു തന്നെയാണ്.

ഉദാഹരണം പറയാം; ഒരു ചെറുകിട വ്യവസായി തന്റെ ബിസിനസിനു പലിശാധിഷ്ഠിത കടം വാങ്ങുന്നു. അയാളുടെ ഉത്പാദന ചെലവ് (cost of production ) നിര്‍ണയിക്കുന്നത് ഉത്പാദിപ്പിക്കാനാവശ്യമായ അസംസ്‌കൃത പദാര്‍ത്ഥങ്ങളുടെ ചിലവ്, വാടകയിനങ്ങള്‍, ജോലിക്കാരുടെ കൂലി തുടങ്ങിയവക്ക് പുറമെ, ഇയാളുടെ ലാഭവും കടത്തിന്റെ പലിശയും കൂടി കൂട്ടിയാണ്. പലിശ കൂടി ഉല്‍പാദക ചിലവുകള്‍ കൂടുന്നതിനാല്‍ സാധനത്തിന്റെ വില കൂടുകയും കമ്പോളത്തില്‍ ഡിമാന്‍ഡ് കുറയുകയും ക്രമേണ ബിസിനസ് തകരുകയും ചെയ്യും. എന്നാല്‍ കുത്തക കമ്പനികള്‍ക്ക് ഈ പ്രശ്‌നം ഉദിക്കുന്നില്ല. അവര്‍ നിശ്ചയിച്ച വിലക്ക് വില്‍ക്കാന്‍ അവര്‍ക്കാകുന്നതു നിമിത്തം ഉല്പാദന ചിലവില്‍ പലിശ കടന്നു വരുന്നത് അവര്‍ക്കൊരു പ്രശ്‌നമേയല്ല. ഒട്ടുമിക്ക കുത്തക കമ്പനികളും തങ്ങളുടെ ക്യാപിറ്റലിന്റെ തൊണ്ണൂറു ശതമാനവും കടമായി (dept capital )സ്വീകരിക്കുകയാണ് പതിവ്. ഉയര്‍ന്ന തോതില്‍ വില നിശ്ചയിച്ച് ഉന്നത ലാഭം വാങ്ങി കുറഞ്ഞ പലിശ തിരിച്ചു നല്‍കി അല്പം പണമിറക്കിയ കുത്തക മുതലാളിമാര്‍ കീശ വീര്‍പ്പിക്കുന്നു. ഇപ്പറഞ്ഞ രണ്ടുദാഹരണങ്ങളും പലിശ സമ്പന്നരെ എങ്ങനെ കൂടുതല്‍ സമ്പന്നമാക്കുന്നുവെന്നും ദരിദ്രരെ കൂടുതല്‍ കടക്കെണിയിലേക്ക് വലിച്ചിഴക്കുന്നുവെന്നും വ്യക്തമാക്കുന്നതാണ്. എല്ലാത്തിലുമുപരി നാമുപയോഗിക്കുന്ന സാധന സാമഗ്രികള്‍ക്ക് വിലകൂടാനുള്ളൊരു പ്രധാന കാരണം പലിശ തന്നെയാണെന്നും വ്യക്തമാക്കുന്നു. എന്നാല്‍ ഉത്പാദക ചിലവില്‍ പലിശ കടന്നുവരാത്ത ഇസ്‌ലാമിക സാമ്പത്തിക വ്യവസ്ഥിതിയില്‍ ഈ പ്രശ്‌നങ്ങളൊന്നും കാണാനാവില്ല. ഇവിടെ കൂട്ടിവായിക്കേണ്ട മറ്റൊരു വസ്തുതയുണ്ട്; ഇന്നത്തെ ലോകത്ത് അനിയന്ത്രിതമായി കൂടിക്കൊണ്ടിരിക്കുന്ന കാര്‍ഡധിഷ്ഠിത ഫൈനാന്‍സിങ് സമ്പ്രദായം. സാധാരണ മുടക്കുമുതലിനു പകരം (equity capital) ബിസിനസുകള്‍ കാര്‍ഡാധിഷ്ഠിത നിക്ഷേപങ്ങള്‍ക്ക് (dept capital) പ്രാധാന്യം കൊടുക്കുന്നു. വേള്‍ഡ് ബാങ്ക് റിപ്പോര്‍ട്ട് പ്രകാരം സാധാരണ ക്യാപിറ്റലിന്റെ മൂന്നിരട്ടിയാണ് ഇന്ന് ഡെബിറ്റ് ക്യാപിറ്റല്‍ മാര്‍ക്കറ്റിലുള്ളത്. അഥവാ 200 ട്രില്ല്യന്‍ ഡോളര്‍. ഇത്രയും വലിയൊരു തുകയ്ക്ക് വേണ്ടിവരുന്ന പലിശയുടെ കണക്ക് ഭീകരമായിരിക്കും. അതിന്റെ ദുരന്തമോ പ്രവചനാതീതവും.

ഇന്ത്യയടക്കമുള്ള ഒട്ടുമിക്ക രാഷ്ട്രങ്ങളുടെയും വികസനത്തെ ബാധിക്കുന്നത് വിദേശ കടവും അതിന്മേലുള്ള പലിശയുമാണെന്നുള്ള വസ്തുത പലിശാധിഷ്ഠിത സമ്പദ്‌വ്യവസ്ഥയുടെ കരാള കരങ്ങളെ കൂടുതല്‍ വ്യക്തമാക്കുന്നു. ഇതെഴുതുമ്പോള്‍ ഇന്ത്യയുടെ മൊത്തം വിദേശ കടം 63,242,215,666,121 രൂപയാണ്. ഒരു വര്‍ഷം ഇന്ത്യ നല്‍കേണ്ട പലിശ മാത്രം 4,003,547,707,497 രൂപയും. ഇന്ത്യയിലെ ഓരോ പൗരനും ജനിക്കുന്നത് 52,922 രൂപയുടെ കടവുമായാണ്. ഇന്ത്യന്‍ കടത്തെ സാമ്പത്തിക വിദഗ്ധര്‍ രസകരമായി അവതരിപ്പിച്ചത് നമ്മെ ഞെട്ടിപ്പിക്കും. മൊത്തം കടത്തെ ഒരു ഡോളര്‍ പേപ്പര്‍ കറന്‍സി കൊണ്ട് ഭൂമി മൊത്തം വിരിച്ചാല്‍ 3,799 തവണ വിരിക്കേണ്ടി വരുമത്രെ. ഒരു രൂപ നോട്ടാണെങ്കിലോ പറയേണ്ടതുമില്ല. ഇതേ കറന്‍സി അട്ടിയട്ടിയായി വെച്ചാല്‍ 106,593 കിലോമീറ്റര്‍ ഭൂമിയില്‍ നിന്നും ഉയര്‍ന്നിരിക്കും. ജി ഡി പിയുടെ 47 ശതമാനവും ഈ കടമാണ്. രസകരമായ മറ്റൊരു വസ്തുത അമേരിക്കയുടെ കടം ഇതിലും ഭീകരമാണെന്നുള്ളതാണ്. 20 ട്രില്യണ്‍ ഡോളറിലപ്പുറം കടം വാങ്ങി ജീവിക്കുന്ന രാഷ്ട്രമാണ് അമേരിക്ക. അതിന്റെ പലിശയും കൂട്ടു പലിശയും ഭീകരമായി തുടരുന്നു. ഇത്തരം രാഷ്ട്രങ്ങള്‍ക്കെല്ലാം സാമ്പത്തിക വ്യവസ്ഥിതിയെ പിടിച്ചുനിര്‍ത്തി സത്വര വികസനം കൊണ്ടുവരാന്‍ കഴിയാത്തത് ഈ പലിശയടക്കാനുള്ളതു കൊണ്ടാണെന്നു പറയേണ്ടതില്ലല്ലോ. ഇന്ത്യ ഇന്നനുഭവിക്കുന്ന അതി കഠിനമായ സാമ്പത്തിക പ്രതിസന്ധിക്കു കാരണമായി പണ നിരോധനവും ജി എസ് ടിയും മാത്രമാണെന്നു പ്രസംഗിച്ചു എണീറ്റ് പോവേണ്ടതില്ല. നമ്മുടെ സാമ്പത്തിക രംഗം സമൂലമായി മാറണം. പലിശ രഹിത സംവിധാനം വരണം. എന്നാല്‍ കാര്‍ഡധിഷ്ഠിത മൂലധനത്തെയാണ് മുതലാളിത്തം പ്രോത്സാഹിപ്പിക്കുന്നത്. കടപ്പത്രങ്ങള്‍ക്ക് നികുതിയിളവും ഒഴിവും നല്‍കിയും സാധാരണ മൂലധങ്ങള്‍ക്ക് വന്‍ നികുതിയും ചുമത്തുന്ന പ്രവണതയാണ് ഇന്ത്യയടക്കം ഒട്ടുമിക്ക രാഷ്ട്രങ്ങളും പിന്തുടരുന്നത്. 2008 ലെ സാമ്പത്തിക പ്രതിസന്ധി ബാധിച്ച രാഷ്ട്രങ്ങളാണിവയൊക്കെയും എന്നതും പ്രധാനമാണ്. ഇസ്‌ലാമിക നയം തീര്‍ത്തും വ്യതിരിക്തമാണ്. സംരംഭകത്വ മൂലധനാഷ്ഠിത രീതിയാണ് ഇസ്‌ലാമിന്റേത്. രണ്ടു പേരും മൂലധനമെടുക്കുന്ന മുഷാറക്ക, ഒരാള്‍ മൂലധനവും മറ്റെയാള്‍ അധ്വാനവുമെടുക്കുന്ന മുദാറബ തുടങ്ങിയ എല്ലായിനം രീതികളിലും ലാഭവും നഷ്ടവും വീതിക്കും. എല്ലാവരും കമ്പനിയുടെ മുതലാളിമാരാണ്. ലോകം മൊത്തം ഈ വഴിക്ക് ചിന്തിക്കുന്നുവെന്നും ഇതിന്റെ മേന്മ എല്ലാവരും അംഗീകരിച്ചുവെന്നുമാണ് ഈ വ്യവസ്ഥിതിയുടെ വളര്‍ച്ച തെളിയിക്കുന്നത്.

(തുടരും)
ഡോ. ഉമറുല്‍ ഫാറൂഖ് സഖാഫി

You must be logged in to post a comment Login