ഇന്ത്യയുടെ നല്ലദിവസങ്ങള്‍ നശിപ്പിക്കുന്നതാര്?

ഇന്ത്യയുടെ നല്ലദിവസങ്ങള്‍ നശിപ്പിക്കുന്നതാര്?

ഏറെ വാഗ്ദാനങ്ങള്‍ നല്‍കിക്കൊണ്ട് നടപ്പാക്കിയ നോട്ടു പിന്‍വലിക്കല്‍ അടക്കമുള്ള നടപടികള്‍ ഇന്ത്യയെ അഗാധമായ സാമ്പത്തിക സാമൂഹ്യ കുഴപ്പങ്ങളിലേക്കു എത്തിച്ചിരിക്കുന്നു എന്ന് കേന്ദ്രസര്‍ക്കാരിന് തന്നെ സമ്മതിക്കേണ്ടി വന്ന കാലമാണ് ഇത്. നോട്ട് പിന്‍വലിക്കല്‍ നടത്തിയപ്പോള്‍ തന്നെ അതിന്റെ ലക്ഷ്യത്തെകുറിച്ചും അതുണ്ടാക്കാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചും വിവിധ കോണുകളില്‍ നിന്നും ആശങ്കകളും മുന്നറിയിപ്പുകളും വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. ഇടതു വലതു വ്യത്യാസമില്ലാതെ ഇത്തരം ചോദ്യങ്ങള്‍ അന്ന് പലരും ഉന്നയിച്ചിരുന്നത് ഓര്‍ക്കാം. പക്ഷേ അതിനെയൊക്കെ സര്‍ക്കാര്‍ നേരിട്ടത് ആത്മവിശ്വാസത്തോടെ നടത്തിയ ചില പ്രസ്താവനകളിലൂടെയാണ്. കള്ളപ്പണം കണ്ടെത്താനും തടയാനും ഇത് വഴി സാധ്യമാകുമെന്ന പ്രഖ്യാപനം പൊളിഞ്ഞു പാളീസായി എന്ന് റിസര്‍വ് ബാങ്കിന്റെ കണക്കുകള്‍ തന്നെ കാണിക്കുന്നു. ഇവിടെ ഉണ്ടായിരുന്ന എല്ലാ കള്ളപ്പണവും വെള്ളയായി മാറിക്കിട്ടി എന്നതാണ് ഇതിന്റെ ഫലം. തിരിച്ചു വന്ന നോട്ടിന്റെ കണക്കു കാണുമ്പോള്‍ അതില്‍ കുറെ കള്ളനോട്ടുകളും പെട്ടിട്ടുണ്ടെന്ന് ആരെങ്കിലും ആരോപിച്ചാല്‍ അവരെ കുറ്റം പറയാന്‍ കഴിയില്ല. ഏറെ സുരക്ഷിതമെന്ന് കൊട്ടിഘോഷിക്കപ്പെട്ട് ഇറക്കിയ പുതിയ നോട്ടിന്റെ പോലും കള്ളനോട്ടുകള്‍ ഇപ്പോള്‍ വ്യാപകമായിട്ടുണ്ടെന്നും കേള്‍ക്കുന്നു. ഭീകരവാദികള്‍ കള്ളനോട്ടുകൊണ്ട് പ്രവര്‍ത്തിക്കുന്നു എന്നും അത് തടയാന്‍ ഈ നടപടി സഹായകമായേക്കുമെന്ന വാദവും ഇന്ന് നിലനില്‍ക്കുന്നില്ല. ഭീകരവാദത്തില്‍ ഒരു കുറവും വന്നിട്ടില്ല. സമ്പദ്‌വ്യവസ്ഥയുടെ ഡിജിറ്റല്‍വല്‍ക്കരണമാണ് ലക്ഷ്യമെന്ന ഏറ്റവും പുതിയ വ്യാഖ്യാനവും ഇന്നാരും അപ്പടി സ്വീകരിക്കുന്നില്ല. 25 കോടിയില്‍പരം പുതിയ അക്കൗണ്ടുകള്‍ തുറന്നു എന്നാണ് ഒരു സമയത്ത് വലിയ നേട്ടമായി പറഞ്ഞിരുന്നത്. ബാങ്കിങ് ഇടപാടുകളെല്ലാം ഏറെ ചിലവേറിയതാക്കിക്കൊണ്ടുള്ള മാറ്റങ്ങള്‍ വന്നതോടെ സാധാരണ മനുഷ്യര്‍ക്ക് ബാങ്കെന്നാല്‍ പേടിസ്വപ്‌നമായിരിക്കുന്നു. സര്‍വീസ് ചാര്‍ജുകള്‍ വഴി അവര്‍ നടത്തുന്ന കൊള്ളക്ക് എല്ലാവരും ഇരയാക്കപ്പെടുന്നു. എ ടി എം യന്ത്രത്തിന് മുന്നില്‍ ഏറെ നേരം നിന്ന് തളര്‍ന്നു മരിച്ചത് നൂറിലധികം പേരാണ്. ചികിത്സയും വിദ്യാഭ്യാസവും വിവാഹവും വീടുനിര്‍മാണവും മുടങ്ങിയത് ലക്ഷക്കണക്കിന് മനുഷ്യര്‍ക്ക്.

‘ഇതിലൂടെ സര്‍ക്കാര്‍ ജനങ്ങളുടെ സമ്പത്തും സ്വത്തുക്കളും വന്‍തോതിലുള്ള കവര്‍ച്ച നടത്തിയിരിക്കുന്നു’ എന്നാണ് നോട്ട് പിന്‍വലിക്കലിനെക്കുറിച്ചു ഫോബ്‌സ് മാസിക പത്രാധിപര്‍ സ്റ്റീവ് ജോബ്‌സ് പറയുന്നത്. ”പണത്തെ രോഗാതുരവും ദുര്‍ബലവുമാക്കുകയാണ് ചെയ്തിരിക്കുന്നത്. ഇന്ത്യന്‍ സമ്പദ്ഘടനയില്‍ പണത്തിനു ക്ഷാമം വരുത്തുക വഴി ജനജീവിതങ്ങള്‍ക്കു മേല്‍ സര്‍ക്കാരിന്റെ പിടി മുറുക്കുകയാണ് ചെയ്തിരിക്കുന്നത്. അഴിമതിക്കും കെടുകാര്യസ്ഥതക്കും പേര് കേട്ട ഇന്ത്യയിലെ ഉദ്യോഗസ്ഥസംവിധാനത്തിനു ജനങ്ങളെ വിട്ടുകൊടുത്തിരിക്കുന്നു ധാര്‍മികമായ നടപടി” എന്നാണു കടുത്തഭാഷയില്‍ ഫോബ്‌സ് വിമര്‍ശിക്കുന്നത്. ഫോബ്‌സ് മാസിക ലോകത്തിലെ സാമ്പത്തിക വികസനത്തിന്റെയും സമ്പന്നതയുടെയും സൂചിക അളക്കുന്ന ഒന്നാണ്. നീണ്ട എ ടി എം ക്യുവിനെ അദ്ദേഹം കാണുന്നത് ജനങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കിയ ശിക്ഷ എന്നാണ്. കയ്യില്‍ പണം ഇല്ലാതെ വലയുന്ന ജനതയെ സര്‍ക്കാര്‍ വെല്ലുവിളിക്കുകയാണ്.

1970 കളില്‍, അടിയന്തരാവസ്ഥക്കാലത്ത്, ജനസംഖ്യാനിയന്ത്രണത്തിനെന്ന പേരില്‍ ഇന്ദിരാഗാന്ധി സര്‍ക്കാരും നാസി ഭരണകാലത്ത് ജര്‍മന്‍ ഭരണാകര്‍ത്താക്കളും എടുത്ത അധാര്‍മിക വന്ധ്യംകരണത്തിന് സമാനമാണിത്. ഈ നടപടിക്കു ന്യായീകരണമായി സര്‍ക്കാര്‍ നിരത്തുന്ന എല്ലാ വാദങ്ങളെയും ഫോബ്‌സ് നിശിതമായി വിമര്‍ശിക്കുന്നു, തള്ളിക്കളയുന്നു. അടച്ചുപൂട്ടുന്ന വ്യവസായങ്ങളിലെ തൊഴിലാളികള്‍ക്ക് കൂലി കൊടുക്കാന്‍ പോലും കഴിയാത്ത അവസ്ഥ ദുഃഖകരമാണ്. ജി എസ് ടി എന്ന പേരില്‍ ജനങ്ങള്‍ക്കും വ്യാപാരത്തിനും മേല്‍ അടിച്ചേല്‍പ്പിക്കുന്ന നടപടിയെയും അദ്ദേഹം എതിര്‍ക്കുന്നു. ഭീകരവാദത്തെ തടയുക എന്ന ലക്ഷ്യത്തിനു കേവലം നാണയത്തിലെ മാറ്റം പ്രയോജനപ്പെടും എന്ന വാദം പൊള്ളയാണെന്ന് അദ്ദേഹം ഉറപ്പിച്ചു പറയുന്നു. സമ്പദ്‌വ്യവസ്ഥയുടെ ഡിജിറ്റല്‍വല്‍ക്കരണം എന്നത് നടക്കുന്നത് ഇത്തരം സര്‍ക്കാര്‍ ഇടപെടല്‍ വഴിയല്ല, സമൂഹത്തിലെ മാറ്റങ്ങളിലൂടെയാണ്. നികുതിഘടന സങ്കീര്‍ണമാക്കുക വഴി നികുതിവെട്ടിപ്പിന് കൂടുതല്‍ സഹായകമാണ് എന്നും അനുഭവമുണ്ട്. ഇന്ത്യന്‍ രൂപയെ സ്വിസ്സ് ഫ്രാങ്കിനൊപ്പം ശക്തിപ്പെടുത്താനാണ് ശ്രമിക്കേണ്ടത് എന്ന ഉപദേശവും ഫോബ്‌സ് നല്‍കുന്നു. നോട്ട് പിന്‍വലിക്കാന്‍ ഇത്തരത്തിലുള്ള ന്യായങ്ങള്‍ പറയുന്ന എല്ലാ സര്‍ക്കാരുകളെയും ഫോബ്‌സ് വിമര്‍ശിക്കുന്നു. ഒരിടത്തും ഇത്തരം നടപടി കൊണ്ട് നേട്ടമുണ്ടായതായി അറിവില്ല. മറിച്ചു നാശം വലിയ തോതില്‍ ഉണ്ടായിട്ടുമുണ്ട്. ജനങ്ങളുടെ വ്യക്തി ജീവിതം സര്‍ക്കാര്‍ നിയന്ത്രണത്തിലാക്കുന്നതിനെ ഏറ്റവും ക്രൂരമായ ഉദാഹരണമാണ് ഇന്ത്യയിലേതെന്നും അദ്ദേഹം പറയുന്നു.

ഇതൊക്കെ കേവലം ചില താല്‍ക്കാലിക ബുദ്ധിമുട്ടുകള്‍ മാത്രമാണെന്നും ദീര്‍ഘകാല നേട്ടങ്ങള്‍ വളരെ വലുതാണെന്നും യാതൊരുവിധ ഉളുപ്പുമില്ലാതെ ഇപ്പോഴും ആവര്‍ത്തിക്കുന്ന പ്രധാനമന്ത്രിയെയും കാവിനേതാക്കളെയും തുറന്നു കാട്ടുന്നതാണ് പുറത്തുവന്നുകൊണ്ടിരിക്കുന്ന പല പഠനങ്ങളും. സാമ്പത്തിക മാന്ദ്യം കേവലം സാങ്കേതികമായി കണക്കാക്കപ്പെടുന്നതല്ല, മറിച്ച് ഭൗതിക യാഥാര്‍ത്ഥ്യമാണെന്നു നിരവധി പഠനങ്ങളും ജനങ്ങളുടെ ജീവിതാനുഭവങ്ങളും കാണിക്കുന്നു. ഇന്ത്യയെ മഹാശക്തിയാക്കും എന്ന പ്രഖ്യാപനത്തോടെ മൂന്നേകാല്‍ വര്‍ഷം മുന്‍പ് അധികാരത്തിലെത്തിയ ഒരു സര്‍ക്കാര്‍ ഇന്ന് ഇന്ത്യയുടെ സാമ്പത്തിക ഘടന ‘കാള കയറിയ അലുമിനിയപാത്രക്കട’ എന്ന നാടന്‍ പ്രയോഗത്തെ സാധൂകരിക്കുന്നു. ഏറ്റവും ഒടുവില്‍ എസ്ബിഐ റിസര്‍ച്ച് എന്ന സ്ഥാപനത്തിന്റെ വിശദമായ പഠനറിപ്പോര്‍ട്ടാണ് പുറത്ത് വന്നിട്ടുള്ളത്. വലിയ തോതില്‍ സര്‍ക്കാര്‍ പണം മുടക്കി രംഗത്തിറങ്ങിയില്ലെങ്കില്‍ 2016 സെപ്റ്റംബര്‍ മുതല്‍, താഴോട്ടു പോരുന്ന സമ്പദ്ഘടന അഗാധഗര്‍ത്തങ്ങളിലേക്കു കൂപ്പുകുത്തുമെന്നു അവര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇതൊരു ഇടക്കാല തകര്‍ച്ചയൊന്നുമല്ല. താല്‍ക്കാലിക പ്രതിഭാസവുമല്ല. കഴിഞ്ഞ ആറു പാദങ്ങളിലും തുടര്‍ച്ചയായി വളര്‍ച്ചാനിരക്കിലുണ്ടായ ഇടിവും മൂന്നു വര്‍ഷത്തിലെ ഏറ്റവും കുറഞ്ഞ വളര്‍ച്ചാനിരക്കായ് 5.7 ശതമാനത്തിലെത്തിയതും കേവലം സാങ്കേതികമാണെന്നു ബി ജെ പി അധ്യക്ഷന്‍ അമിത് ഷാ പ്രസ്താവിച്ചതിനു തൊട്ടു പിന്നാലെയാണ് ഈ റിപ്പോര്‍ട്ട് പുറത്തുവന്നത് എന്നതും ശ്രദ്ധേയമാണ്. അമിത് ഷായുടെ പ്രസ്താവന യുക്തിസഹമായി ഉണ്ടായതല്ല. യുപിഎ ഭരണകാലത്തും ഒരു പാദത്തില്‍ വളര്‍ച്ചാനിരക്ക് 7.1 ല്‍ നിന്നും 4.7 ശതമാനത്തിലേക്ക് താഴ്ന്നു എന്നാണു അമിത് ഷാ നല്‍കിയ ന്യായീകരണം. അത് കേവലം ഒരു പാദം കൊണ്ട് തിരിച്ചു വന്നു. എന്നാല്‍ ഇവിടെ തുടര്‍ച്ചയായി ആറു പാദങ്ങളിലായി ഇത് തുടരുന്നു എന്നതില്‍ നിന്നും ഇതൊരു താല്‍ക്കാലിക അവസ്ഥയല്ലെന്നു വ്യക്തം. സര്‍ക്കാര്‍ അടിയന്തരമായി പണം ഇറക്കണം.

സര്‍ക്കാര്‍ എല്ലാ മേഖലകളില്‍ നിന്നും പിന്‍വാങ്ങണമെന്നും സര്‍ക്കാരിന്റെ ഇടപെടലും അത് വഴി ധനക്കമ്മിയും കുറയ്ക്കുന്നതാണ് സമ്പദ്ഘടനയുടെ മേന്മയെന്നും പറയുന്ന റേറ്റിംഗ് ഏജന്‍സികളുടെ വ്യാഖ്യാനം നിരാകരിക്കണം എന്നാണ് എസ്ബിഐ റിസര്‍ച്ച് വാദിക്കുന്നത്. സേവന പശ്ചാത്തല മേഖലകളില്‍ മുടക്കുന്ന പണം സര്‍ക്കാരിന്റെ പാഴ്‌ചെലവാണ് എന്നാണ് ഏജന്‍സികള്‍ എന്നും വാദിച്ചിരുന്നത്. ആ നയം തുടര്‍ന്നാല്‍ രാജ്യത്ത് സാമ്പത്തിക അരക്ഷിതാവസ്ഥയുണ്ടാകും എന്നാണ് റിസര്‍ച്ച് പറയുന്നത്. 2008 ലെ ആഗോള മാന്ദ്യം നേരിടാന്‍ അന്നത്തെ സര്‍ക്കാര്‍ ചെയ്തതും അതാണ്. അന്ന് റേറ്റിംഗ് സ്ഥാപനങ്ങള്‍ ഉന്നയിച്ച വിമര്‍ശനങ്ങളെ സര്‍ക്കാര്‍ അവഗണിക്കാന്‍ ധൈര്യം കാട്ടിയതാണ് രക്ഷയായത്. ഇന്നും സമാനമായ അവസ്ഥയാണുള്ളത്. കമ്മി നിയന്ത്രിക്കാനായി ഉണ്ടാക്കിയിട്ടുള്ള എഫ് ആര്‍ ബി എം നിയമത്തിനകത്ത് തന്നെ നല്‍കുന്ന 0.5 ശതമാനം ഇളവ് മാത്രം ഉപയോഗിക്കാന്‍ സര്‍ക്കാര്‍ തയാറായാല്‍ മതി.

ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ തകര്‍ച്ച തടയാന്‍ അടിയന്തര നടപടികള്‍ ആവശ്യമാണെന്ന് അവസാനം ധനകാര്യമന്ത്രിക്കു തന്നെ തുറന്നു സമ്മതിക്കേണ്ടി വന്നിരിക്കുന്നു. ഒരുപക്ഷേ കണക്കുകളില്‍ നിന്നും ഇട്ടു ബോധ്യപ്പെടാനാ സമയം കൊടുത്താല്‍ വേണ്ടി വന്നതാകാം കാരണം. പക്ഷെ സാധാരണ മനുഷ്യര്‍ ഇതിന്റെ ദുരന്തം നിരന്തരം അനുഭവിച്ചുകൊണ്ടിരിക്കുന്നു. കാര്‍ഷിക ഗ്രാമീണ മേഖലകളാണ് ഈ നയങ്ങളുടെ ആദ്യഇരകള്‍. മാധ്യമങ്ങള്‍ക്ക് ആ മേഖലയിലെ ദുരിതങ്ങള്‍ അത്ര പ്രധാനമല്ലല്ലോ. ‘അഞ്ചു ലക്ഷത്തിലധികം കര്‍ഷകര്‍ ഇന്ത്യയില്‍ ആത്മഹത്യ ചെയ്ത വാര്‍ത്തയെക്കാള്‍ പ്രധാനമായിരുന്നു അംബാനി കുടുംബത്തിലെ സഹോദരപ്പോര്’ എന്ന, പ്രമുഖ പത്രപ്രവര്‍ത്തകന്‍ പി. സായിനാഥിന്റെ വാചകം നാം മറന്നിട്ടില്ലല്ലോ. പക്ഷേ ഇപ്പോള്‍ അരുണ്‍ ജെയ്റ്റ്‌ലിയും പറയുന്നു കാര്യങ്ങള്‍ അത്ര പന്തിയല്ലെന്ന്. ലോകം മുഴുവന്‍ അസംസ്‌കൃത എണ്ണയുടെ വില കുറയുമ്പോഴും ഇന്ത്യയിലെ ഇന്ധനവില കുതിച്ചുയരുന്നതെന്തുകൊണ്ടെന്ന ചോദ്യത്തിന് ഈയിടെ പദവി കിട്ടിയ ഒരു കേന്ദ്രമന്ത്രി പറഞ്ഞ മറുപടി ട്രോള്‍ രചയിതാക്കള്‍ക്ക് ഉത്സവത്തിന് വഴിയൊരുക്കിയല്ലോ. വ്യവസായമേഖലയും വന്‍ തകര്‍ച്ചയിലാണ്. കുത്തകകളുടെ കടബാധ്യത എഴുതി തള്ളുന്നതിനു വേണ്ടി മാത്രമാണ് ജനങ്ങളെ കൊള്ളയടിക്കുന്ന നടപടികള്‍ സ്വീകരിക്കുന്നതെന്ന് ആദ്യം പറഞ്ഞപ്പോള്‍ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ഭ്രാന്തന്‍ എന്ന് വരെ വിശേഷിപ്പിച്ചവര്‍ ഇപ്പോള്‍ കാര്യങ്ങള്‍ തിരിച്ചറിയുന്നുണ്ടാകണം. ലക്ഷക്കണക്കിന് കോടിയുടെ വായ്പ എഴുതിത്തള്ളാന്‍ ബാങ്കുകള്‍ക്ക് അവസരം നല്‍കാന്‍ മാത്രമാണ് ഈ നടപടി ഉപകരിച്ചതെന്നും സമൂഹത്തിലെ ബഹുഭൂരിപക്ഷത്തിനുമിത് ദ്രോഹകരമാണെന്നും മനസ്സിലാക്കാന്‍ ഇനി പ്രധാനമന്ത്രിയും കൂട്ടരും മാത്രമേ കാണൂ. തൊഴിലവസരങ്ങള്‍ കോടിക്കണക്കിനാണ് നഷ്ടപ്പെട്ടത്. ഇത് ഔപചാരിക മേഖലയില്‍ രേഖപ്പെടുത്തപ്പെട്ട കണക്കാണ്. ഗ്രാമീണ അനൗപചാരിക മേഖലയിലെ നഷ്ടം ഇതിന്റെ എത്രയോ മടങ്ങായിരിക്കും.
ധനമന്ത്രി തന്നെ ആശയക്കുഴപ്പത്തിലാണ്. 2016 മാര്‍ച്ചില്‍ 9.1 ശതമാനമുണ്ടായിരുന്ന വളര്‍ച്ചാനിരക്കു ഈ വര്‍ഷത്തെ ആദ്യപാദത്തില്‍ കേവലം 5.7 ശതമാനം മാത്രമായതും അത് തുടര്‍ച്ചയായി കീഴ്‌പോട്ടാണ് വരുന്നത് എന്നത് ഗൗരവതരമായ വിഷയമാണെന്നും ഇത് തടയാന്‍ അടിയന്തര നടപടി ആവശ്യമാണെന്നും അദ്ദേഹം തന്നെ കഴിഞ്ഞ ആഴ്ച സമ്മതിക്കുകയുണ്ടായി. നോട്ടുപിന്‍വലിക്കലും അനിശ്ചിതമായരീതിയില്‍ ഇക്കഴിഞ്ഞ ജൂലൈ ഒന്ന് മുതല്‍ നടപ്പിലാക്കിയ ജിഎസ്ടി സംവിധാനവും സാമ്പത്തിക മാന്ദ്യത്തിന് കാരണമായെന്ന് പരോക്ഷമായെങ്കിലും അദ്ദേഹം സമ്മതിച്ചു. ജിഎസ്ടി അനിശ്ചിതത്വം മൂലം വ്യാപാരത്തിലുണ്ടായ ഇടിവ് അടുത്ത പാദത്തില്‍ നികത്തപ്പെട്ടേക്കാം. കാരണം അനിശ്ചിതത്വം കുറെയെങ്കിലും മാറിയേക്കാം. പക്ഷേ അതുകൊണ്ടൊന്നും വ്യാവസായിക ഉത്പാദനത്തിലെ ഇടിവ് കുറയുമെന്ന് കരുതാനാകില്ല എന്നാണ് റിസര്‍വ് ബാങ്ക് തന്നെ പറയുന്നത്. കാരണം കമ്പോളത്തിലെ ആവശ്യങ്ങളിലും വ്യവസായങ്ങളുടെ ഉല്‍പ്പാദനശേഷി കൂടുതല്‍ ഉപയോഗപ്പെടുത്തുന്നതിലും ലാഭം വര്‍ധിപ്പിക്കുന്നതിലും തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുന്നതിലും കാര്യമായ വ്യത്യാസം ഉണ്ടാകുമെന്നു കരുതാന്‍ കഴിയില്ലെന്നും റിസര്‍വ് ബാങ്ക് പറയുന്നു.

വ്യാവസായിക മേഖലയുടെ വളര്‍ച്ചയുടെ സൂചകമാണ് ജി വി എ അഥവാ മൊത്ത മൂല്യ വര്‍ദ്ധനവ് എന്നത്. ഈ സാമ്പത്തിക വര്‍ഷം ആദ്യപാദത്തില്‍ അത് കേവലം 1.2 ശതമാനം മാത്രം. കഴിഞ്ഞ വര്‍ഷം ഇത് 5 .4 ശതമാനവും അതിനു മുന്നിലെ വര്ഷം 10.7 ശതമാനവും ആയിരുന്നു എന്ന് പറയുമ്പോള്‍ തകര്‍ച്ച വ്യക്തമാണ്. ഇക്കഴിഞ്ഞ ആഗസ്ത് മുതല്‍ ഉപഭോഗരംഗത്ത് കാര്യമായ തകര്‍ച്ചയാണ് കാണുന്നത്. കമ്പോളത്തിലെ ആവശ്യനിരക്കു ഭീതിജനകമാം വിധം താഴേക്കാണെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

സമ്പദ്‌വ്യവസ്ഥ ചടുലമാക്കാന്‍ സര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍ അനിവാര്യമാണെന്ന് സമ്മതിക്കുന്നു ധനമന്ത്രിയും. കമ്മിപ്പേടി ഒഴിവാക്കി സര്‍ക്കാര്‍ സാമ്പത്തിക മേഖലയില്‍ മുതല്‍ മുടക്കുക എന്നതാണ് ഒരു മാര്‍ഗം. ശക്തമായ കാര്‍ഷികപ്രതിരോധങ്ങളുടെ ഫലമായി പല സംസ്ഥാന സര്‍ക്കാരുകളും കാര്‍ഷികവായ്പകള്‍ എഴുതിത്തള്ളാന്‍ തീരുമാനിക്കുകയോ പലരും ആ നടപടി ആരംഭിക്കുകയോ ചെയ്ത സാഹചര്യത്തില്‍ കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നും അയഞ്ഞ സമീപനം സ്വീകരിക്കുന്നത് പണപ്പെരുപ്പത്തിന് വഴിവെക്കും എന്ന ഭയമാണ് മന്ത്രിക്കുള്ളത്.

സാമ്പത്തിക മേഖലയുടെ ശേഷി വര്‍ധിപ്പിക്കാനെന്ന പേരില്‍ ബജറ്റിലൂടെ മന്ത്രി പ്രഖ്യാപിച്ച നടപടികളൊന്നും ഫലം കണ്ടില്ല എന്ന് വ്യക്തം. എച് ഡി എഫ് സി ബാങ്കിന്റെ പ്രധാന സാമ്പത്തിക ഉപദേഷ്ടാവായ അഭീക് ബറുവ പ്രശ്‌നത്തെ കൂടുതല്‍ ഗൗരവമായി കാണുന്നു. വ്യാവസായിക ഉല്‍പാദനത്തിന്റെ താഴോട്ടുള്ള ഗതി അപകടകരമാണ്. ലോകത്ത് അതിവേഗം വളര്‍ച്ച നേടുന്ന ഒരു സമ്പദ്‌വ്യവസ്ഥ എന്ന സ്ഥാനം ഇന്ത്യക്കു നഷ്ടമായിരിക്കുന്നു. ഇക്കഴിഞ്ഞ പാദത്തിലും ചൈനയുടെ വളര്‍ച്ചാ നിരക്ക് 6.9 ശതമാനമായി തുടരുന്നു. ആറു ശതമാനത്തില്‍ താഴെയുള്ള വളര്‍ച്ചാനിരക്ക് എന്നത് ദുരന്തമാണെന്നു മുന്‍ ധനമന്ത്രി പി ചിദംബരം പറയുന്നു. കുറഞ്ഞ വളര്‍ച്ചാ നിരക്ക്, താഴ്ന്ന മുതല്‍മുടക്ക്, തൊഴിലില്ലായ്മ… സ്‌ഫോടനാത്മകമായ ഒരു കോക് ടെയില്‍ ആണിത് എന്നും അദ്ദേഹം പറയുന്നു.

ഒരു അനുഭവകഥകൂടി പറഞ്ഞുകൊണ്ട് ഇത് അവസാനിപ്പിക്കാം.
ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ പ്ലൈവുഡ് വ്യാവസായിക മേഖലയാണ് കൊച്ചിക്കടുത്ത പെരുമ്പാവൂര്‍. മൂന്ന് ലക്ഷത്തോളം വരുന്ന ആ പ്രദേശത്തെ ജനസംഖ്യയില്‍ ഒരു ലക്ഷത്തിലധികം പേര് സംസ്ഥാനത്തിന് പുറത്ത് നിന്നുള്ളവരാണ്. മരം അടിസ്ഥാനമാക്കിയ 1500 ലധികം ചെറുതും വലുതുമായ യൂനിറ്റുനുകള്‍ അവിടെ പ്രവര്‍ത്തിക്കുന്നു. നോട്ടുപിന്‍വലിക്കലിനെ തുടര്‍ന്ന് ഇതില്‍ മുന്നൂറിലധികം യൂണിറ്റുകള്‍ അടച്ചു പൂട്ടി. കറുത്ത പണം, വെളുത്തപണം തുടങ്ങിയവയെ പറ്റി നാം ചൂടൂള്ള ചര്‍ച്ച ചെയ്യുമ്പോള്‍ മറന്നു പോയ ഒരു വസ്തുതയുണ്ട്. ഇന്നും ഗ്രാമീണ ചെറുകിട അസംഘടിത മേഖലകള്‍ പ്രവര്‍ത്തിക്കുന്നത് പണത്തെ ആശ്രയിച്ചാണ്. ക്യാഷ്‌ലെസ്സ് എന്ന പാശ്ചാത്യ സങ്കല്‍പം ഇവിടെ കണ്ണടച്ചു നടപ്പില്‍ വരുത്തുക എളുപ്പമല്ല. ഇതോടൊപ്പം ജിഎസ്ടി കൂടി വന്നതോടെ അരലക്ഷത്തോളം തൊഴിലാളികള്‍ക്ക് പണി ഇല്ലാതായി. ആസാം, ഒറീസ, ബംഗാള്‍, ബീഹാര്‍, യു പി തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ തൊഴില്‍ നഷ്ടപ്പെട്ടു തിരിച്ചുപോയി. ഇത് ഒരു പ്രദേശത്തിന്റെ ചിത്രം മാത്രം. ഇന്ത്യയില്‍ എവിടെയും നടക്കുന്നതിന്റെ ഒരു സൂചന.

സി ആര്‍ നീലകണ്ഠന്‍

You must be logged in to post a comment Login