ഭരണകൂടമേ, ചോദ്യം അരിയെത്ര എന്നാണ്? അരിയെത്ര ബാക്കിയുണ്ടെന്നാണ്?

ഭരണകൂടമേ, ചോദ്യം അരിയെത്ര എന്നാണ്? അരിയെത്ര ബാക്കിയുണ്ടെന്നാണ്?

അലറുന്ന ഇരുപതുകളില്‍ നിന്ന് അലമുറയിടുന്ന മുപ്പതുകളിലേക്ക് ഒരു മഹാസാമ്രാജ്യം നിലംപൊത്തിയത് ഓര്‍ക്കുന്നുണ്ടോ? ചരിത്രം മഹാമാന്ദ്യമെന്ന് പേരിട്ട സാമ്പത്തിക തകര്‍ച്ച? ഗ്രേറ്റ് ഡിപ്രഷന്‍. ഓര്‍ക്കുന്നത് നല്ലതാണ്. 1920-കളാണ് കാലം. അമേരിക്ക സാമ്പത്തികമായി ജ്വലിച്ചുനില്‍ക്കുന്നു. നയങ്ങളോട് നയങ്ങള്‍. പരിഷ്‌കാരത്തോട് പരിഷ്‌കാരം. 1920-നും 1929-നുമിടയില്‍ അമേരിക്കന്‍ സാമ്പത്തികത അതിന്റെ ഏറ്റവും വലിയ ഉന്നതിയിലെത്തി. വളര്‍ച്ച ഇരട്ടിയായി. ‘റോറിങ് ട്വൊന്റീസ്’ എന്ന് സാമ്പത്തികശാസ്ത്രവിദഗ്ധര്‍ അത്ഭുതപ്പെട്ടു. ബലൂണ്‍പോലെ വീര്‍ത്തുവീര്‍ത്ത് വന്ന അത് 1929-ഒക്‌ടോബര്‍ 24-ന് പൊട്ടി. അതൊരു ചൊവ്വാഴ്ച ആയിരുന്നു. ലോകചരിത്രം ആ ദിവസത്തെ കറുത്ത ചൊവ്വാഴ്ച എന്ന് പേരിട്ടുവിളിച്ചു. സ്‌റ്റോക് എക്‌സ്‌ചേഞ്ചിന്റെ തകര്‍ച്ചയായിരുന്നു ആദ്യപൊട്ടല്‍. പൊടുന്നനെ ആ മാന്ദ്യം പടര്‍ന്നു. വീരനായകത്വങ്ങളാല്‍ സമ്പന്നമായിരുന്നു അന്ന് ലോകരാഷ്ട്രീയം. ഇറ്റലിയും ജര്‍മനിയും സ്‌പെയിനും ഫാഷിസത്തിലേക്ക് ചുവടുെവക്കുന്നു. ഊതി വീര്‍പ്പിച്ച കണക്കുകളിലും സങ്കുചിത ദേശീയതയിലും അഹങ്കരിച്ചിരുന്ന രാഷ്ട്രങ്ങള്‍ ഒന്നൊന്നായി നിലം പൊത്തി. കോളറ പോലെ മാന്ദ്യം പടര്‍ന്നു. പട്ടിണി പടര്‍ന്നു. അതുവരെ പൊലിപ്പിച്ചുകാട്ടിയിരുന്ന ജി.ഡി.പി ചുട്ടാല്‍ അപ്പമാവില്ലെന്ന് മനുഷ്യര്‍ മനസിലാക്കി. അതിഭീകരമായ ഒരു ലോകമഹായുദ്ധം വേണ്ടിവന്നു ആ തകര്‍ച്ചയില്‍ നിന്ന് കരകയറാന്‍.

സമ്പദ്‌വ്യവസ്ഥയെക്കുറിച്ച് തലങ്ങും വിലങ്ങും പഠിക്കുന്നവര്‍ ഇന്നും ഞെട്ടുന്ന അലമുറയാണ് 1929 മുതല്‍ 39 വരെ ഒരു ദശാബ്ദം നീണ്ടുനിന്ന ആ തകര്‍ച്ച. ആയിരക്കണക്കിന് തിസീസുകള്‍ പുറത്തുവന്നു. ആയിരക്കണക്കിന് കാരണങ്ങള്‍ പറയപ്പെട്ടു. കൃത്യമായ ഉത്തരങ്ങള്‍ വന്നില്ല. ഇന്നിപ്പോള്‍ ചില ഉത്തരങ്ങള്‍ കിട്ടുന്നുണ്ട്. നയരൂപീകരണത്തില്‍ ആരെയാണ് ആദ്യം പരിഗണിക്കേണ്ടത് എന്ന ചോദ്യമാണത്. ആ ഉത്തരങ്ങള്‍ ടോര്‍ച്ചടിക്കുന്നത് അേന്ത്യാദയത്തിലാണ്. അന്ത്യോദയമോ.? അതുതന്നെ. സൂര്യനസ്തമിക്കില്ല എന്ന് ചമല്‍ക്കരിക്കപ്പെട്ട ഒരു സാമ്രാജ്യത്തോട് നേര്‍ക്കുനേര്‍ പൊരുതിനിന്ന ഒരു മഹാമനുഷ്യന്റെ രാഷ്ട്രീയദര്‍ശനം ആറ്റിക്കുറുക്കിയാല്‍ കിട്ടുന്ന വാക്കാണ് അന്ത്യോദയം. അവസാനത്തെ മനുഷ്യന്റെ ഉദയം. ഒരു തീരുമാനം എടുക്കുമ്പോള്‍ അതിന് വിധേയപ്പെടാന്‍ പോകുന്നവരില്‍ ഏറ്റവും ദരിദ്രനായവന്റെ മുഖം ഓര്‍മിക്കണം എന്ന് ദര്‍ശനം പറഞ്ഞ മനുഷ്യന്‍. മഹാത്മാഗാന്ധി എന്ന് ലോകം വിളിച്ച മോഹന്‍ദാസ് കരംചന്ദ് ഗാന്ധി. വിശദീകരിക്കാം.

അമേരിക്കയില്‍ നിന്ന് പുറപ്പെടുകയും ലോകരാജ്യങ്ങളില്‍ മുക്കാലിന്റെയും അടിത്തറ തകര്‍ക്കുകയും ചെയ്ത ആ മാന്ദ്യത്തിന് കാരണം ദരിദ്രരെയും ചെറുകിട ഉത്പാദകരെയും ചെറുകിട കര്‍ഷകരെയും കൈത്തൊഴിലുകാരെയും പരിഗണിക്കാതിരുന്ന നയസമീപനമായിരുന്നു. ജി.ഡി.പി ജി.ഡി.പി എന്ന വായ്ത്താരിയില്‍, ആഭ്യന്തര മൊത്തവരുമാനത്തിന്റെ മേളത്തില്‍ സാമ്പത്തികാസൂത്രകരും ഭരണാധികാരികളും താളം ചവിട്ടുകയായിരുന്നു. എന്താണ് ഈ കണക്കുകള്‍? കടലാസില്‍ മാത്രം കാണുന്ന സാധനമാണത്. അംബാനിയും ടാറ്റയും ഒരു ഭിക്ഷാടകനും കൂലിത്തൊഴിലാളിയും അടക്കം നാല് പൗരന്‍മാരുള്ള രാജ്യമാണെന്നിരിക്കട്ടെ. ആകെ നാലുപേരുടെ വരുമാനവും കൂടി കൂട്ടും. നാലുകൊണ്ട് ഹരിക്കും. അപ്പോള്‍ കിട്ടുന്ന ആ വരുമാനമില്ലേ, അതാണ് രാജ്യത്തിന്റെ സാമ്പത്തികത. മനസിലായില്ലേ. ആ നാലില്‍ രണ്ട് പേര്‍ ഹരിക്കപ്പെടാന്‍ മാത്രം വിധിക്കപ്പെട്ട പരമദരിദ്രന്‍മാര്‍. ഈ കണക്കിന്റെ കളിയുടെ വികസിത രൂപത്തെയാണ് നമ്മള്‍ സാമ്പത്തിക വളര്‍ച്ച എന്ന് ധരിച്ച് വശമാകുന്നത്. പറഞ്ഞുവന്നത് ഇതാണ്. മറക്കരുത്, ആ തകര്‍ച്ചയുടെ കാലം. മറക്കരുത്, പതിനായിരങ്ങള്‍ വിശന്നുമരിച്ച ആ മഹാമാന്ദ്യകാലം. മറക്കരുത്, ആ കാലത്തില്‍ നിന്ന് കരകയറാന്‍ നടത്തിയ യുദ്ധങ്ങള്‍. മറക്കരുത്, മനുഷ്യരുടെ നിലവിളികള്‍.
ആമുഖം കഴിഞ്ഞു. കാമ്പിലേക്ക് വരാം. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ അതിന്റെ ചരിത്രത്തിലെ വലിയ ഒരു തകര്‍ച്ചയിലേക്ക് പതിക്കുകയാണ്. മാന്ദ്യമുണ്ടെന്നും മൂന്ന് മാസമായി തുടങ്ങിയിട്ടെന്നും പറഞ്ഞത് ചില്ലറക്കാരനല്ല. ഇന്ന് രാജ്യത്തെ ഭരിക്കുന്ന നരേന്ദ്രമോഡിയാണ്. താനാണ് രാജ്യം എന്ന് ചിന്തിച്ചുകഴിയുന്ന മോഡി. അങ്ങനെ പറഞ്ഞത് മോഡിയുടെ കൂട്ടത്തിലുണ്ടായിരുന്ന അരുണ്‍ ഷൂരിയാണ് കേട്ടോ. ഒരു ഭരണാധികാരി, അതും ഏകനായകത്വം സ്വയം വരിച്ച, നെഞ്ചളവിനെ മികവിന്റെ മാതൃകയായി പരിഗണിക്കുന്ന ഭരണാധികാരി അല്‍പം മാന്ദ്യമുണ്ടെന്ന് സമ്മതിച്ചാല്‍ ഊഹിക്കാമല്ലോ മഞ്ഞുമലയുടെ മുന്നിലാണെന്നും കപ്പിത്താന് അത് മനസിലാകുന്നുണ്ടെന്നും. ടൈറ്റാനിക്കുപോലും തകര്‍ന്ന് മുങ്ങുമെന്നതിന് ചരിത്രത്തില്‍ ഉദാഹരണവുമുണ്ടല്ലോ? മോഡി സമ്മതിക്കുന്നതിന് മുമ്പേ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ നോക്കാന്‍ മോഡി ഏല്‍പിച്ച ജെയ്റ്റ്‌ലി അത് സമ്മതിച്ചതും നമ്മള്‍ കണ്ടതാണ്, കേട്ടതാണ്. വാണിജ്യശാസ്ത്രത്തില്‍ ബിരുദവും നിയമത്തില്‍ പ്രാവീണ്യവുമുള്ള ജെയ്റ്റ്‌ലി പരിണിത പ്രജ്ഞനാണല്ലോ? അപ്പോള്‍ മാന്ദ്യമുണ്ട്.
മാന്ദ്യം എങ്ങനെ ഉണ്ടായി എന്ന് ചോദിക്കണ്ടേ? 2014-ല്‍ രാജ്യത്തെ 33 ശതമാനം ജനങ്ങളുടെ പിന്തുണയോടെ നിങ്ങള്‍ അധികാരമേല്‍ക്കുമ്പോള്‍ അതായിരുന്നില്ലല്ലോ സ്ഥിതി എന്ന് ചോദിക്കണ്ടേ? എങ്ങനെ ചോദിക്കും? സാധിക്കില്ല, റേഡിയോ കേള്‍ക്കാനുള്ളതാണ്. റേഡിയോവിനോട് നിങ്ങള്‍ക്ക് ചോദിക്കാനാവില്ല. റേഡിയോ ഏകപക്ഷീയമാണ്. റേഡിയോ സര്‍വാധിപതിയാണ്. പക്ഷേ, നമുക്ക് പരസ്പരം ചോദിക്കാതെ വയ്യ. കാരണം നമ്മുടെ ജീവിതത്തിന്റെ പ്രശ്‌നമാണ്. ബഹുസ്വരതയിലേക്കും പരസ്പര സഹകരണത്തിലേക്കും വ്യക്തിസ്വാതന്ത്ര്യത്തിലേക്കും ആഹാര സ്വാതന്ത്ര്യത്തിലേക്കും ആവിഷ്‌കാര സ്വാതന്ത്ര്യത്തിലേക്കും നടത്തിയ കയ്യേറ്റങ്ങളാല്‍ മുറിവേറ്റ ജനതയാണ് നമ്മള്‍. പരസ്പരം കൈകോര്‍ത്തും ഒത്തുകൂടിയും പ്രതിരോധിച്ചും നമ്മള്‍ ആ മുറിവുകളെ ഉണക്കുകയാണ്. ഈ മാന്ദ്യം പക്ഷേ, ആ മുറിവുകള്‍ പോലെയല്ല. നമ്മുടെ രാജ്യമാണിത്. ഈ രാജ്യത്തിന്റെ തായ്‌വേര് ആരും തുലച്ചുകൂടാ. അതുകൊണ്ട് നമ്മള്‍ മനസിലാക്കണം എന്തിനാണ്, എന്തുകൊണ്ടാണ് ഈ മാന്ദ്യം എന്ന്.
നമുക്കറിയാം, ആഗോളതലത്തില്‍ ഏറ്റവും വളര്‍ച്ചാ സാധ്യതയുള്ള സമ്പദ്‌വ്യവസ്ഥയായിരുന്നു നമ്മുടേത്. അത് 2014-ന് ശേഷം ഉണ്ടായ വളര്‍ച്ചയല്ല. കയറ്റുമതിയിലെ ക്രമബദ്ധമായ വളര്‍ച്ചയുടെയും സംഘടിത അസംഘടിത മേഖലയിലെ ദുര്‍ബലമെങ്കിലും വ്യാപകമായ ഉത്പാദനത്തിന്റെയും ഫലമായിരുന്നു. നിശ്ചയമായും അസന്തുലിതാവസ്ഥയുണ്ടായിരുന്നു. പക്ഷേ അതിനെ അല്‍പമെങ്കിലും ചെറുക്കുന്ന ആസൂത്രണങ്ങളും പദ്ധതികളും ഉണ്ടായിരുന്നു. പിന്നെ എന്താണ് സംഭവിച്ചത്?

ഒരാളിലേക്ക്, ഒരാളുടെ ഫ്രെയിമിലേക്ക് ഒരു രാജ്യം ചുരുങ്ങുന്നതിന്റെ ദുരന്തങ്ങള്‍ വരവറിയിക്കുകയാണ് എന്ന് പറഞ്ഞാല്‍ അശുഭാപ്തിയെന്ന് പേടിക്കരുത്. അതാണ് സത്യം. അങ്ങനെ ചുരുങ്ങിയ രാജ്യങ്ങളിലെല്ലാം ആദ്യം തകര്‍ന്നത് ആ രാജ്യങ്ങളിലെ സാമ്പത്തിക വ്യവസ്ഥയാണെന്ന് നമ്മളോര്‍ക്കണം. അതറിയാത്തവര്‍ നാസി ജര്‍മനിയുടെയും ഫാഷിസ്റ്റ് ഇറ്റലിയുടെയും സമ്പദ് രംഗത്തിന് ആ കാലയളവുകളില്‍ ഉണ്ടായ വന്‍ പതനങ്ങള്‍ എന്താണെന്ന് പഠിക്കണം. ഫാഷിസ്റ്റ് ഇക്കണോമിക്‌സ് എന്ന അതിവിപുലമായ പഠനശാഖതന്നെയുണ്ട്. വ്യക്തിയിലേക്ക് രാജ്യം ചുരുങ്ങുന്നതോടെ ആ വ്യക്തിയുടെ പ്രഭാവ വര്‍ധനക്കുള്ള പ്രഖ്യാപനങ്ങള്‍ സാമ്പത്തികനയമായി അവതരിപ്പിക്കപ്പെടും എന്നതാണ് പ്രധാന പ്രശ്‌നം. പ്രഭാവ വര്‍ധനയെന്നാല്‍ ഇമേജ് ബില്‍ഡിംഗ് ആണ്. കോട്ടില്‍ പേരുകുത്തുക, പാലമായാലും ഡാം ആയാലും ഉദ്ഘാടനം നടത്തുമ്പോള്‍ തന്റെ ഒറ്റക്കുള്ള ഫ്രെയിം പടമാക്കാന്‍ നോക്കുക അങ്ങനെ നിരവധി പണികള്‍ ഉണ്ട് അതിന്. അങ്ങനെ പ്രഭാവം വര്‍ധിപ്പിക്കാന്‍ വേണ്ടി നയം പ്രഖ്യാപിക്കുമ്പോള്‍ ഒറ്റയടിക്ക് വിഛേദനസ്വഭാവമുള്ള പരിഷ്‌കാരങ്ങള്‍ വരും. വിഛേദന സ്വഭാവമുള്ള പരിഷ്‌കാരം എന്നുപറഞ്ഞാല്‍ കടുംവെട്ട്. അതുവരെ പുലര്‍ന്നു വന്ന ഒരു രീതിയെ ഉടലോടെ മാറ്റുക. അതുവരെ കേട്ടുകേള്‍വി പോലുമില്ലാത്ത ഒരു കാര്യം അവതരിപ്പിക്കുക. അത് ഗുണം ചെയ്യുമോ എന്ന പഠനം വിദഗ്ധരെക്കൊണ്ട് നടത്തണമെന്നില്ല. ഞാന്‍ തന്നെ ഏറ്റവും വിദഗ്ധന്‍ എന്ന തോന്നലാണല്ലോ അത്തരം ഭരണാധികാരിയുടെയും അത്തരം ഭരണാധികാരികളെ സൃഷ്ടിക്കുന്ന രാഷ്ട്രീയത്തിന്റെയും സ്വഭാവം.

എന്തിനുവേണ്ടി എന്ന ചോദ്യം ഉയരില്ല. കാരണം എതിര്‍പ്പുകള്‍ക്ക് ദേശദ്രോഹമെന്ന പര്യായം നിര്‍മിച്ചതിന് ശേഷമാണ് ഇത് നടക്കുക. ഇറ്റലിയില്‍ അതാണ് നടന്നത്. ഇറ്റലിയില്‍ അത് നടത്തിയ ആളുടെ പേര് ബെനീറ്റോ മുസോളിനി. ഫാഷിസത്തെ സൃഷ്ടിക്കുക മാത്രമല്ല ഫാഷിസത്തെ നിര്‍വചിക്കുകയും ചെയ്തയാളാണ് മുസോളിനി.”Fascism should more appropriately be called Corporatism because it is a merger of state and corporate power’-ഫാഷിസം കോര്‍പറേറ്റിസം ആണെന്ന്. രാഷ്ട്രത്തിന്റെയും കോര്‍പറേറ്റ് പവറിന്റെയും സാകല്യമാണ് ഫാഷിസം എന്ന്. ഫാഷിസത്തിനുള്ള മുസോളിനിയുടെ നിര്‍വചനമാണത്. ഡോക്‌ട്രൈയ്ന്‍ ഓഫ് ഫാസിസം എന്ന പുസ്തകത്തില്‍. ആ പുസ്തകത്തില്‍ ഇങ്ങനെയും കാണാം: ‘ ‘The definition of fascism is The marriage of corporation and state ” ‘ കോര്‍പറേറ്റുകളും സ്‌റ്റേറ്റും തമ്മിലെ വിവാഹമാണ് ഫാഷിസം എന്ന്. ഇതിവിടെ പറയാന്‍ കാരണം? കാരണമുണ്ട്.

കേശവ ബലിറാം ഹെഡ്‌ഗേവാറിനെ അറിയാമല്ലോ? ആര്‍.എസ്.എസിന്റെ സ്ഥാപകന്‍. അദ്ദേഹത്തിന് ഒരു ഗുരുവുണ്ട്. ഡോക്ടര്‍ ബി.എസ് മുന്‍ജെ. ചില്ലറക്കാരനല്ല. ഹിന്ദുമഹാസഭയുടെ ദേശീയ അധ്യക്ഷനായിരുന്നു. ബാലകൃഷ്ണ ശിവറാം മുന്‍ജെ. ഡോക്ടറാണ്. ബാലഗംഗാധര തിലകന്റെ വലംകൈ ആയിരുന്നു. അഹിംസയും മതേതരത്വവും തീരെ ഇഷ്ടമല്ലായിരുന്നു. അതുകൊണ്ട് അതിന്റെ രണ്ടിന്‍േറം അപ്പോസ്തലനായ ഗാന്ധിജിയോട് വിയോജിച്ച് ദേശീയപ്രസ്ഥാനം വിട്ടയാളാണ്. അദ്ദേഹമാണ് ഹെഡ്‌ഗേവാറിനെ വൈദ്യശാസ്ത്രം പഠിക്കാന്‍ കൊല്‍ക്കൊത്തക്ക് വിടുന്നത്. മുന്‍ജെ ഇറ്റലിയില്‍ പോയിരുന്നു. മുസോളിനിയെ കണ്ടിരുന്നു. മുസോളിനി കൈക്കരുത്തിന്റെ, കായികാഭ്യാസത്തിന്റെ രാഷ്ട്രീയം ഇഷ്ടമുള്ള ആളായിരുന്നു എന്നറിയാമല്ലോ? അതിന് വേണ്ടി ഇറ്റലിയില്‍ എമ്പാടും അയാള്‍ ഫാഷിസ്റ്റ് അക്കാദമി ഉണ്ടാക്കിയതും അറിയാമല്ലോ? വടി കറക്കി പഠിച്ച ആ കുട്ടികളാണ് വാള്‍ കറക്കുന്ന കറുത്ത കുപ്പായക്കാരായ കൊലപാതകികള്‍ ആയി ഇറ്റലിയെ വിറപ്പിച്ചതും ലക്ഷക്കണക്കിന് മനുഷ്യരെ പച്ചക്ക് കൊന്നതും. ‘കറുത്ത കുപ്പായക്കാര്‍’ എന്നായിരുന്നു മുസോളിനിയുടെ കൊലയാളി സംഘത്തിന്റെ പേര്. അതേ ഫാഷിസ്റ്റ് അക്കാദമിയുടെ മാതൃകയില്‍ നാസിക് കേന്ദ്രമാക്കി മുന്‍ജെ ഒരു സ്ഥാപനം തുടങ്ങി. ഭോണ്‍സാലെ മിലിട്ടറി കോളജ്. 1937-ലാണ് സ്ഥാപിച്ചത്. ആ കാമ്പസിനെ വിളിക്കുന്നത് രാംഭൂമിയെന്നാണ്. ഹൈന്ദവ ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ച് കായിക-ൈസനിക പരിശീലനം വേണം എന്ന് ആവശ്യപ്പെട്ടതും മുന്‍ജെ ആണ്. മതേതരത്വവും അഹിംസയും ആയുധമാക്കി ഗാന്ധിനടത്തുന്ന പോരാട്ടത്തിന് ബദലായി ഹിന്ദു യുവാക്കളോട് സായുധരാവാനുള്ള സന്ദേശം. ഈ മുന്‍ജെ വഴിയാണ് ആര്‍.എസ്.എസിന് മുസോളിനിയോടും ഫാഷിസത്തോടും ചാര്‍ച്ച വന്നത്. അപ്പോള്‍ മുസോളിനിയോട് ഗുരുവഴി ബന്ധമുണ്ട് ആര്‍.എസ്.എസിന്. ആ ആര്‍.എസ്. എസ് പ്രവര്‍ത്തകന്‍ ആയിരുന്നല്ലോ ഇപ്പോള്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയായിരിക്കുന്ന നരേന്ദ്രമോഡി? അതാണ് കാര്യം. പുതിയ സര്‍ക്കാരിന്റെ വ്യക്തിപ്രഭാവ നിര്‍മിതി, കോര്‍പറേറ്റ് സംബന്ധം എന്നീ സംഗതികള്‍ വന്നത് ഇറ്റലിയില്‍ നിന്നാണ്.

ആ പ്രഭാവനിര്‍മിതിയുടെ ആദ്യപടിയായിരുന്നു ദേശീയപ്രസ്ഥാനവും സ്വാതന്ത്ര്യലഭ്യതയും അവശേഷിപ്പിച്ച സകല ചിഹ്‌നങ്ങളെയും ഒഴിവാക്കുക എന്നത്. സാമ്പത്തിക രംഗത്ത് നിന്ന് ഒഴിവാക്കിയ ആദ്യ ചിഹ്‌നം ആസൂത്രണ കമ്മീഷന്‍ ആയിരുന്നു. പകരം നീതി ആയോഗ് വന്നു. ഫലമോ? ആസൂത്രണത്തിലെ ജനാധിപത്യം ഇല്ലാതായി. ആസൂത്രണ കമീഷന് എന്തായിരുന്നു കുഴപ്പം? ഒന്നാമത്തെ കുഴപ്പം അത് ജവഹര്‍ലാല്‍ നെഹ്‌റുവിനെ ഓര്‍മിപ്പിക്കും എന്നതായിരുന്നു. രണ്ടാമത്തെ കുഴപ്പം ആസൂത്രണകമീഷന് ദേശീയപ്രസ്ഥാനത്തിന്റെ പാരമ്പര്യം ഉണ്ടായിരുന്നു എന്നതായിരുന്നു. സുഭാഷ് ചന്ദ്രബോസിലാണ് ആ ആശയത്തിന്റെ വിത്ത് എന്നത് മറന്നുകൂടാ. രാഷ്ട്രത്തിന്റെ സമ്പദ് ചലനങ്ങളെ നിരന്തരമായി നിരീക്ഷിച്ച് സര്‍ക്കാരിനെ ഉപദേശിക്കലായിരുന്നു കമ്മീഷന്റെ ജോലി. സാമ്പത്തിക-വികസന വിശാരദരുടെ ഒരു വലിയ സംഘം. 2017 ഓഗസ്റ്റ് 14-ന് നരേന്ദ്രമോഡി അത് പിരിച്ചുവിട്ടു. പകരം നീതി ആയോഗ് വന്നു. സംസ്ഥാന മുഖ്യമന്ത്രിമാര്‍ പങ്കാളികളായതിനാല്‍ താഴെത്തട്ടില്‍ നിന്ന് മുകളിലേക്ക് ആസൂത്രണം വരും എന്നതായിരുന്നു വാഗ്ദാനം. ഒന്നും സംഭവിച്ചില്ല. റാന്‍ മൂളികളുടെ സംഘമായി അത് മാറി എന്ന ആരോപണം ശക്തമാണ്. അതിലുപരി രാഷ്ട്രത്തിന്റെ ദൈനംദിന സാമ്പത്തിക ചലനങ്ങളെക്കുറിച്ചുള്ള മുന്നറിയിപ്പ് ഏജന്‍സിയായി അത് പ്രവര്‍ത്തിച്ചതുമില്ല. ഫലമോ, ആഭ്യന്തര ഉദ്പാദനത്തിലെ ഗുരുതരമായ ഇടിവിലേക്ക് കാര്യങ്ങളെത്തി. ഞാന്‍ ഞാന്‍ എന്ന സംഘഗാനത്തിന് പക്കമേളം ഒരുക്കുന്ന ഏജന്‍സിയായി നീതി ആയോഗ് മാറി.

പ്രഭാവനിര്‍മിതിയുടെ രണ്ടാം പടി അതിക്രൂരമായിരുന്നു. 2016 നവംബര്‍ എട്ടിനായിരുന്നു അത് സംഭവിച്ചത്. കറന്‍സി നിരോധനം. എന്തിന് വേണ്ടി എന്ന് സാമ്പത്തിക മന്ത്രാലയം ഇപ്പോഴും ഇരുട്ടില്‍തപ്പുന്ന സര്‍ജിക്കല്‍ സ്‌ട്രൈക്ക്. രാജ്യം അക്ഷരാര്‍ത്ഥത്തില്‍ പെരുവഴിയിലായി. ലോകോത്തര ഫൈനാന്‍സ് വിദഗ്ധനും റിസര്‍വ് ബാങ്ക് ഗവര്‍ണറുമായിരുന്ന രഘുറാം രാജന്‍ പോലും തലയില്‍ െൈകവെച്ചുപോയ പരിപാടി. പണം കൈമാറിയിരുന്ന ചെറുകിട ഇടപാടുകള്‍, കൃഷിയും വ്യവസായവും സേവനവും ഉള്‍പെടെ ഒറ്റ രാത്രികൊണ്ട് നിലച്ചു. നിലക്കല്‍ തുടര്‍ന്നു. അഞ്ച് രൂപയുടെ പെന്‍സില്‍ ഒടിഞ്ഞപ്പോള്‍ അമ്പത് രൂപയുടെ പശവാങ്ങി ഒട്ടിച്ച് നന്നാക്കാന്‍ ശ്രമിക്കുന്ന മണ്ടന്‍ പരിഷ്‌കാരമെന്ന് ആക്ഷേപിക്കപ്പെട്ടു. കള്ളപ്പണം ആളുകള്‍ പെട്ടിയിലാക്കി കട്ടിലിനടിയില്‍ സൂക്ഷിക്കുന്നതാണെന്ന പ്രൈമറി ക്ലാസ് ബോധത്തില്‍ നിന്ന് ഉണ്ടായ പരിഷ്‌ക്കാരം. അതിനോടകം വര്‍ഗീയമായി, ദേശീയവാദപരമായി പിളര്‍ക്കപ്പെട്ടിരുന്ന, ചോദ്യം ചെയ്യാന്‍ തലപൊക്കില്ല എന്ന് ഉറപ്പുള്ള ജനതയിലേക്ക് ആ പരിഷ്‌ക്കാരം അടിച്ചേല്‍പ്പിക്കപ്പെട്ടു. ആ നടപടിയുടെ ആഘാതങ്ങള്‍ തലക്ക് വെളിവുള്ള മനുഷ്യര്‍ പലപാട് ചൂണ്ടിക്കാണിച്ചതാണ്. ഒറ്റ രൂപയുടെ കള്ളപ്പണം പിടിച്ചില്ല എന്നും പിന്‍വലിച്ച നോട്ടുകള്‍ മുഴുവന്‍ തന്നെ തിരിച്ചെത്തിയെന്നും റിസര്‍വ് ബാങ്ക്. എന്തൊരു അമിത ഭാരമാണ് ഈ രാജ്യത്തെ റിസര്‍വ് ബേങ്കിനുമേല്‍ സര്‍ക്കാര്‍ കയറ്റിവെച്ചത്?. ബേങ്കുകളുടെ പ്രവര്‍ത്തനം താളം തെറ്റി. സാമ്പത്തിക അടിയന്തിരാവസ്ഥയില്‍ നാട് വട്ടം ചുറ്റി. ചെറുകിട നിര്‍മാണങ്ങള്‍ നിലച്ചു. ബേങ്കുകളെ പിടിച്ചുപറിക്കാരാക്കി എന്നതാണ് ആകെ സംഭവിച്ചത്. നോട്ടു നിരോധനം ഉണ്ടാക്കുന്ന ഹ്രസ്വകാല ദോഷങ്ങള്‍ രാജ്യത്തിന് വിനാശകരമാകുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു എന്നും അത് അവഗണിച്ചു എന്നും രഘുറാം രാജന്‍ പറഞ്ഞത് നമ്മള്‍ കേള്‍ക്കുകയും ചെയ്തു. ഈ വര്‍ഷം ഏപ്രില്‍ മുതല്‍ ജൂണ്‍വരെ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച 5.7 ആയി മാറി. മുന്‍ വര്‍ഷം ഇത് 7.9 ആയിരുന്നു എന്ന് ഓര്‍ക്കണം.

അടുത്തതായിരുന്നു ജി.എസ്.ടി. നീതി ആയോഗിന്റെ പ്രഖ്യാപനം പോലെ, നോട്ട് നിരോധനം പോലെ, ഒരു ബാലെയുടെ സര്‍വ കെട്ടും മട്ടും. ജി.എസ്.ടി എന്താണെന്നല്ല ഒരൊറ്റ രാജ്യം ഒരൊറ്റ നികുതി ദേശപ്രേമ പ്രചോദിതമായ മുദ്രാവാക്യമാണ് ഉയര്‍ത്തപ്പെട്ടത്. വ്യാപാര മേഖലയിലെ തോന്നിയപടി പോക്കിനാണ് അത് ഇടവെച്ചത്. അമിത ഭാരം കൊണ്ട് ഇടത്തരക്കാരും ദരിദ്രരും വലഞ്ഞു. ആത്യന്തികമായി സംഭവിച്ചത് ആളുകളുടെ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ ഏറെക്കുറെ നിശ്ചലമായി എന്നതാണ്. ഏകീകൃത നികുതി നല്ല ആശയമാണ്. പക്ഷേ, നടപ്പാക്കാന്‍ പരസ്യങ്ങള്‍ പോരാ. ഭരണാധികാരിയുടെ ക്ലോസ് റേഞ്ചിലുള്ള മുഖപടങ്ങള്‍ പോരാ. സംവിധാനങ്ങളെ ശക്തമാക്കണം. പരിഷ്‌ക്കാരങ്ങളുടെ ആദ്യകാല കഷ്ടതകള്‍ പോലും പൗരാവകാശ ലംഘനമാണ്. അപ്പോള്‍ ദീര്‍ഘകാല കഷ്ടതകളുടെ കാര്യം പറയണോ? രാജ്യത്തിന് വേണ്ടി സഹിക്കൂ എന്ന ആഹ്വാനം പോലെ ജനാധിപത്യ വിരുദ്ധമായ മറ്റെന്താണുള്ളത്? ഈ രാജ്യം ഒരു സൈനിക രാജ്യമല്ല എന്ന് മനസിലാക്കണം.

ഒരറ്റത്ത് ഇന്ത്യന്‍ സമ്പദ് പ്രവര്‍ത്തനങ്ങളുടെ നടുവൊടിഞ്ഞു വീഴുമ്പോള്‍ മറ്റൊരറ്റത്ത് അദാനിമാരും അംബാനിമാരും കൊഴുക്കുകയായിരുന്നു. കോര്‍പറേറ്റുകള്‍ക്ക് വേണ്ടി ചട്ടങ്ങളും ഇളവുകളും വന്നു. ഇന്ധനവില കുതിച്ചുയര്‍ന്നു. അതിനെതിരെ പറഞ്ഞാല്‍ പോലും ദേശദ്രോഹമായി മാറുന്ന അവസ്ഥവന്നു. ദേശീയത രോഗമാണെന്ന് പറഞ്ഞ രബീന്ദ്രനാഥ ടാഗോര്‍ ഇപ്പോള്‍ ആയിരുന്നു ജീവിച്ചിരുന്നത് എങ്കില്‍ ആ പിസ്റ്റള്‍ ഉണര്‍ന്നേനെ. ഏത് പിസ്റ്റള്‍? ഗാന്ധി മുതല്‍ ഗൗരി ലങ്കേഷ് വരെ ഇല്ലാതായ കഥ ഓര്‍മിക്കണം. കല്‍ബുര്‍ഗിയെ മറക്കരുത്.
അടിച്ചേല്‍പിക്കുന്ന പരിഷ്‌കാരങ്ങള്‍ പരാജയപ്പെട്ടതാണ് ലോകത്തിന്റെ അനുഭവം. റഷ്യന്‍ കമ്യൂണിസത്തെ ഓര്‍ക്കാം. കപടമായ ഒരു ദേശീയ വികാരം ഉണ്ടാക്കുക, ന്യൂനപക്ഷങ്ങളെയും വിയോജിക്കുന്നവരെയും അപരവല്‍കരിക്കുക, അവരെ ആക്രമിച്ച് ഭയപ്പെടുത്തുക, എന്നിട്ട് രാജ്യമാണ് സഹിക്കൂ എന്ന് വിളംബരം ചെയ്യുക. അങ്ങനെ ചെയ്യുന്ന, ചെയ്തിട്ടുള്ള രാജ്യങ്ങള്‍ ഉണ്ട്. അവയെ പക്ഷേ നമ്മള്‍ ജനാധിപത്യരാജ്യം എന്ന് വിളിക്കാറില്ല.

മാന്ദ്യവും കണക്കിലല്ലേ, ജി.ഡി.പി പോലെ, നമ്മളെ അതെങ്ങനെ ബാധിക്കും എന്ന മൂഡ സ്വര്‍ഗത്തിലാണ് മിക്ക മാധ്യമങ്ങളും ഭൂരിപക്ഷ ജനതയും. അവരോടാണ് നമ്മള്‍ മുപ്പതുകളിലെ അലമുറയെക്കുറിച്ച് തുടക്കത്തില്‍ പറഞ്ഞത്. മാന്ദ്യം കോളറപോലെ വിനാശകാരിയാണ്. വിലക്കയറ്റം വരും, ഉത്പാദനം നിലക്കും. രാജ്യം ചലിക്കാതാവുമ്പോള്‍ ജനങ്ങളില്‍ നിന്ന് പിരിവെടുക്കും. നികുതി വര്‍ധനയാണ് ആ പിരിവ്. ഇന്ധന വില കുതിക്കും. അവശ്യവസ്തുക്കള്‍ കിട്ടാതാകും. കൃഷി നിലക്കും. ഭക്ഷ്യക്ഷാമം വരും. പുതിയ തലമുറക്ക് ക്ഷാമം സാമൂഹ്യശാസ്ത്രത്തിലെ ഉപന്യാസ ചോദ്യമാണ്. അന്‍പതുകളിലെ മനുഷ്യര്‍ അത് അനുഭവിച്ചിട്ടുണ്ട്.

എങ്ങനെ കരകയറും എന്ന് ഭരണകൂടം ആലോചിക്കാന്‍ തയാറല്ല. കാരണം അങ്ങിനെ തയാറാണെങ്കില്‍ ആദ്യം അവര്‍ വസ്തുതകള്‍ ധീരമായി ജനങ്ങളോട് പറയണം. അങ്ങനെ പറയുന്നില്ല. പകരം അസത്യം പറയുകയും അമിത ഭാരം അടിച്ചേല്‍പിക്കുകയും ചെയ്യുകയാണ്. നമ്മള്‍ എന്തുചെയ്യണം.

ജാഗ്രത എന്ന വാക്കാണ് ഉത്തരം. ജീവിതം വഴിമുട്ടിയാല്‍ സമരമാണ് വഴി. ബിഹാറിലും രാജസ്ഥാനിലും നടന്ന കൂറ്റന്‍ റാലികള്‍ സമരം തുടങ്ങിയതിന്റെ സൂചനയാണ്. ഇന്ത്യന്‍ കാമ്പസുകള്‍ ചെറിയ അഭിപ്രായ വ്യത്യാസങ്ങള്‍ മറച്ചുവെച്ചുകൊണ്ട് സഖ്യം ഉണ്ടാക്കി സംഘപരിവാറിനെ കെട്ടുകെട്ടിച്ചത് സൂചനയാണ്. പ്രതിഷേധങ്ങളെ അവഗണിക്കാന്‍ എല്ലാ കാലത്തും കഴിയില്ല. 2019-ല്‍ തിരഞ്ഞെടുപ്പാണ്. ഇപ്പോള്‍ കയ്യിലുള്ള 33 ശതമാനത്തിന്റെ പിന്തുണ എല്ലാക്കാലത്തും ഉണ്ടാവില്ല. കോഴിയാണോ മുട്ടയാണോ തുടങ്ങിയ ലളിത സംവാദങ്ങളില്‍ പെട്ട് ഭിന്നിച്ച് നില്‍ക്കുന്നവര്‍ ഒന്നിക്കണം. ചൂണ്ടിക്കാട്ടണം. രാജ്യത്ത് നടക്കുന്ന സംഭവവികാസങ്ങള്‍ ആളുകളോട് നിരന്തരം പറയണം. ഇക്കണ്ടതൊന്നും കണക്കല്ല മന്നവാ എന്ന് ഏറ്റുപാടണം. ജനാധിപത്യമാണ് എന്ന് ഓര്‍മിപ്പിക്കണം. മറവികള്‍ക്കെതിരെ ഓര്‍മകളുടെ സമരമാണല്ലോ രാഷ്ട്രീയം.

കെ കെ ജോഷി

Leave a Reply

Your email address will not be published.