കാമ്പസുകളില്‍ തീയുണ്ട്

കാമ്പസുകളില്‍ തീയുണ്ട്

സര്‍സയ്യിദ് അഹമ്മദ് ഖാന്‍ 1875ല്‍ സ്ഥാപിച്ച മുഹമ്മദന്‍ ആംഗ്ലോ ഓറിയന്റല്‍ കോളജ് ഒരു സര്‍വകലാശാലയായി വികസിക്കുന്നത് 1920ല്‍ ആണ്. അതിനു മൂന്ന് വര്‍ഷം മുമ്പേ സ്ഥാപിക്കപ്പെട്ട സര്‍വകലാശാലയാണ് ബനാറസ് ഹിന്ദു യൂനിവേഴ്‌സിറ്റി. കോണ്‍ഗ്രസ് നേതാവും ഹൈന്ദവ യാഥാസ്ഥിതികനുമായ മദന്‍ മോഹന്‍ മാളവ്യയായിരുന്നു അതിനു പിന്നില്‍. അലീഗര്‍ യൂനിവേഴ്‌സറ്റി മുസ്‌ലിംകളുടെ വിദ്യാഭ്യാസപരമായ ഉന്നതിയാണ് ലക്ഷ്യമിട്ടതെങ്കില്‍ ബനാറസിന്റെ ഊന്നല്‍ ഹൈന്ദവ പുനരുത്ഥാനമായിരുന്നു. സര്‍സയ്യിദിനെ ഏതൊക്കെയോ തരത്തില്‍ അനുകരിക്കാനാണത്രെ മാളവ്യ ശ്രമിച്ചത്. 1925ല്‍ ആര്‍.എസ്.എസ് രൂപീകൃതമായപ്പോള്‍ ബനാറസ് ഹിന്ദു യൂനിവേഴ്‌സിറ്റി അതിന്റെ ഈറ്റില്ലമായി മാറിയത് മാളവ്യയടക്കമുള്ള വലതുപക്ഷ നേതാക്കളുടെ സാമീപ്യം കൊണ്ടായിരുന്നു. കാമ്പസില്‍ ആര്‍.എസ്. എസ് ശാഖകള്‍ സജീവമായി പ്രവര്‍ത്തിച്ചു. രണ്ടാം സര്‍സംഘ്ചാലക് ഗുരുജി ഗോള്‍വാള്‍ക്കര്‍ ഈ സര്‍വകലാശാലയില്‍ ജന്തുശാസ്ത്ര അധ്യാപകനായിരുന്നു. ഭരണകൂടത്തിന്റെയും ആര്‍.എസ്.എസിന്റെയും പരിലാളനലഭിച്ചിരുന്ന ഈ സര്‍വകലാശാല കിഴക്കിന്റെ ഓക്‌സ്ഫഡായി ഒരുവേള പ്രകീര്‍ത്തിക്കപ്പെട്ടു. മഹാകവി രബീന്ദ്രനാഥ് ടാഗൂര്‍ 1920കളില്‍ കാമ്പസിലെ കലാപുരാവസ്തു സ്ഥാപനമായ ‘ഭാരത് കലാഭവന്റെ’ അധ്യക്ഷനായിരുന്നു.
ഉത്തര്‍പ്രദേശിലെ തീര്‍ത്ഥാടന നഗരമായ കാശിയില്‍ തലയുയര്‍ത്തി നില്‍ക്കുന്ന ബനാറസ് ഹിന്ദു യൂനിവേഴ്‌സിറ്റി ഇപ്പോള്‍ വാര്‍ത്തകളിലേക്ക് കടന്നുവന്നിരിക്കുന്നത് ഒരുനൂറ്റാണ്ട് നീണ്ടുനില്‍ക്കുന്ന അതിന്റെ വിദ്യാഭ്യാസ പാരമ്പര്യത്തിന്റെ പേരിലല്ല. ഒരു നൂറ്റാണ്ടിനു ശേഷമെങ്കിലും സര്‍വകലാശാല അതിന്റെ തോട് പൊട്ടിച്ച് പുറത്തേക്ക് വന്നിരിക്കുകയാണിപ്പോള്‍. അലീഗര്‍ യൂനിവേഴ്‌സിറ്റി എന്നും സംഘര്‍ഷഭരിതമായി തുടര്‍ന്നപ്പോള്‍ ബനാറസ് സമാധാനത്തിന്റെ തുരുത്തായി കാത്തുസൂക്ഷിക്കാനാണ് ഡല്‍ഹിവാഴുന്നവര്‍ പോലും ശുഷ്‌ക്കാന്തി കാട്ടിയിരുന്നത്. കാമ്പസില്‍ കഴിഞ്ഞാഴ്ചയുണ്ടായ ഒരനിഷ്ടസംഭവം വിദ്യാര്‍ത്ഥിപ്രക്ഷോഭത്തിലൂടെ പൊട്ടിത്തെറിയായി മാറിയത്, ഹിന്ദുത്വഫാഷിസത്തിന് എതിരെ രാജ്യത്തെ മറ്റു കാമ്പസുകളില്‍ അരങ്ങേറുന്ന തരത്തിലുള്ള ഒരു മുന്നേറ്റത്തിന് ഒടുവില്‍ ബനാറസ് ഹിന്ദുസര്‍വകലാശാലയും വേദിയൊരുക്കുകയാണെന്ന സൂചനകളാണ് നല്‍കുന്നത്. ഹൈന്ദവ സാംസ്‌കാരിക സ്വത്വം കാത്തുസൂക്ഷിക്കാനുള്ള ബദ്ധപ്പാടിനിടയില്‍ സ്ത്രീപീഡനങ്ങളുടെ കെട്ടഴിച്ചുവിടുന്ന ക്രൂരമായ അനുഭവങ്ങള്‍ക്കാണ് കാശിയിലെ കലാലയമുറ്റം സാക്ഷിയായത്. സ്ത്രീകളുടെ കാര്യം വന്നപ്പോള്‍ അങ്ങേയറ്റം പിന്തരിപ്പന്‍ സങ്കല്‍പങ്ങളുമായാണ് സര്‍വകലാശാല മേധാവികളും ഉത്തര്‍പ്രദേശ് ഭരണകൂടവും മുന്നോട്ടുപോകുന്നതെന്ന് തെളിഞ്ഞതോടെ മുത്തലാഖില്‍ പെട്ട് ‘വഴിയാധാരമായ’ മുസ്‌ലിം മങ്കമാരുടെ പേരില്‍ ഗാലണ്‍കണക്കിന് കണ്ണീരൊഴുക്കിയവരുടെ തനിനിറം പുറത്തുവന്നു. സെപ്റ്റംബര്‍ 19ന് വ്യാഴാഴ്ച വൈകീട്ട് കാമ്പസിനകത്ത് വെച്ച് ബൈക്കിലെത്തിയ മൂന്ന് യുവാക്കള്‍ ഒരു പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചതാണ് കുഴപ്പങ്ങള്‍ക്ക് ആധാരം. തന്നെ രക്ഷിക്കണേ എന്ന് പെണ്‍കുട്ടി കേണപേക്ഷിച്ചിട്ടും കാവല്‍ക്കാരന്‍ പോലും തിരിഞ്ഞുനോക്കിയില്ലത്രെ. ഹോസ്റ്റലില്‍ ചെന്ന് വാര്‍ഡനോട് പരാതിപ്പെട്ടപ്പോള്‍ വൈകീട്ട് എന്തിനാണ് കാമ്പസില്‍ ചെന്നതെന്ന ചോദ്യമുയര്‍ത്തി അവളുടെ സ്വഭാവത്തില്‍ സംശയം പ്രകടിപ്പിച്ചു. അക്രമികള്‍ക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് ഒരു കൂട്ടം വിദ്യാര്‍ത്ഥിനികള്‍ വിസിയെ സമീപിച്ചിട്ട് കാര്യമുണ്ടായില്ല. കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ സമരരംഗത്ത് ഇറങ്ങിയതോടെ കുപ്രസിദ്ധമായ പ്രോവിഷ്യന്‍ഷല്‍ ആംഡ് കോണ്‍സ്റ്റാബുലറി (പി.എ.സി ) അടക്കം പൊലിസ് സേനയെ കാമ്പസില്‍ കയറൂരിവിട്ടു. പ്രക്ഷോഭകരായ വിദ്യാര്‍ത്ഥിനികളെ അവര്‍ നന്നായി പെരുമാറി. ലാത്തികൊണ്ട് തലക്ക് അടി കിട്ടി. എന്നല്ല, ആയിരത്തോളം വിദ്യാര്‍ത്ഥികള്‍ക്കെതിരെ ഗുരുതരമായ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്തിരിക്കുകയുമാണ്. പൊലിസിന്റെ നരനായാട്ട് കഴിഞ്ഞതോടെ സര്‍വകലാശാല അടച്ചിട്ടു. അതില്‍പിന്നെ പുറത്തുവന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ കാവി ഭീകരതക്കെതിരെ പുതിയ പോര്‍മുഖം തുറക്കുന്നത് ‘ഗുരുജി’യുടെ കര്‍മഭൂമിയായ ഈ സര്‍വകലാശാലയുടെ ‘തിരുമുറ്റത്താ’ണെന്ന മുന്നറിയിപ്പായി. മറ്റു സര്‍വകലാശാലകള്‍ മാറ്റത്തിന്റെ കാഹളവുമായി ഫാഷിസ്റ്റ് വിരുദ്ധ കാമ്പയിന് തുടക്കമിട്ടപ്പോള്‍ പൂര്‍ണമായി മാറിനിന്ന കാമ്പസാണ് ബനാറസിലേത്. വൈസ് ചാന്‍സ്‌ലര്‍ ഗിരീഷ് ചന്ദ്ര ത്രിപാഠി അറിയപ്പെടുന്ന ആര്‍.എസ്.എസുകാരനാണ്. ഇദ്ദേഹം കാണാന്‍ വിസമ്മതിച്ചപ്പോഴാണ് പെണ്‍കുട്ടികള്‍ കവാടത്തിനു മുന്നില്‍ ധര്‍ണ ഇരുന്നതും പൊലിസ് അടിച്ചോടിച്ചതും. സംഭവ ദിവസം സ്ഥലം എം.പിയായ പ്രധാനമന്ത്രി നരേന്ദ്രമോഡി കാശിയിലുണ്ടായിരുന്നു. വിദ്യാര്‍ത്ഥിപ്രക്ഷോഭം ഭയന്ന് മോഡിക്ക് വഴിമാറി സഞ്ചരിക്കേണ്ടിവന്നു. കാമ്പസ് പ്രക്ഷുബ്ധമായതോടെ പുറമെനിന്നുള്ള സാമൂഹ്യ ദ്രോഹികളാണ് കുഴപ്പത്തിന് പിന്നിലെന്ന് കുറ്റപ്പെടുത്തി അധികൃതര്‍ മുഖം രക്ഷിക്കാന്‍ ശ്രമങ്ങളുണ്ടായി. എന്നാല്‍, ബാഹ്യഇടപെടലുകള്‍ ഉണ്ടായിട്ടേ ഇല്ലെന്നും സര്‍വകലാശാലയില്‍ കുറെ കാലമായി പെണ്‍കുട്ടികളോട് തുടരുന്ന കടുത്ത വിവേചത്തിന് എതിരായ രോഷമാണ് അണപൊട്ടിയൊഴുകിയതെന്നും വെളിപ്പെട്ടു. മൂന്നുദിവസം കൊണ്ട് കലാലയ ചുമരുകളില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്റ റുകള്‍ കാവിവ്യവസ്ഥിതിയുടെ ചൊല്ലും ചെയ്തിയും തമ്മിലുള്ള അന്തരം തുറന്നുകാട്ടുന്നതാണ്. സര്‍വകലാശാലയുടെ മുഖ്യകവാടത്തിനു പുറത്ത് ‘ലങ്ക’ എന്നറിയപ്പെടുന്ന വിദ്യാര്‍ത്ഥിസംഗമ സ്ഥാനത്ത് അധികൃതരെ തുറിച്ചുനോക്കുന്ന പോസ്റ്റര്‍ ചോദിക്കുന്നത് ഇതാണ്: ”അഗള്‍ ബേഠി കോ പഠ്‌നാ ഹേയ്, തൊ ഉസ്സെ ബച്ചാനോ ഹോഗാ’പെണ്‍കുട്ടിയെ പഠിപ്പിക്കണമെങ്കില്‍ അവരെ ആദ്യം രക്ഷിച്ചെടുക്കേണ്ടതില്ലേ? പ്രധാനമന്ത്രിയുടെ പുതിയ മുദ്യാവാക്യം കേള്‍ക്കാന്‍ ഇമ്പമുള്ളതാണ്: ‘ ബേഠി ബച്ചാവോ, ബേഠി പഠാവോ’ ‘പെണ്‍കുട്ടികളെ രക്ഷിക്കുക, പെണ്‍കുട്ടികളെ പഠിപ്പിക്കുക.’ പഠിക്കാന്‍ ഇറങ്ങിയ പെണ്‍കുട്ടികളെ ഗുണ്ടകളില്‍നിന്ന് രക്ഷിക്കാന്‍ സാധിക്കാത്ത ഭരണകൂടത്തിന് എതിരെയാണ് വരാനിരിക്കുന്ന ദിവസങ്ങളില്‍ സമരജ്വാല ഉയരാന്‍ പോകുന്നത്. ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ സസ്യേതര ഭക്ഷണം വിളമ്പുമ്പോള്‍ പെണ്‍കുട്ടികള്‍ക്ക് അത് നിഷേധിക്കുകയാണത്രെ. രാത്രി സമയങ്ങളില്‍ ‘നെറ്റ് കര്‍ഫ്യു’ ലേഡീസ് ഹോസ്റ്റലില്‍ മാത്രം. പുറത്ത് പുരോഗമനം പറയുന്ന ‘നവോത്ഥാനപ്രസ്ഥാനക്കാര്‍’ നടപ്പാക്കുന്നതാവട്ടെ കാലഹരണപ്പെട്ട അച്ചടക്കസംഹിതകളും സ്ത്രീവിരുദ്ധ ആശയങ്ങളും.

ഹിന്ദുത്വയെ തള്ളുന്ന കാമ്പസുകള്‍
കാമ്പസുകളിലെ പുതിയ ചലനങ്ങളെ നോക്കിക്കാണേണ്ടത് ‘ന്യൂജനററേഷന്‍’ ഉല്‍പാദിപ്പിക്കുന്ന ഫാഷിസ്റ്റ് വിരുദ്ധ ആശയത്തിന്റെ ജൈവസത്തയെയാണ്. തലനരച്ച തലമുറ, മൂല്യങ്ങളോട് വിട ചൊല്ലി സ്ഥാനമാനങ്ങളില്‍ അഭിരമിച്ച് കൊണ്ട് രാഷ്ട്രീയ പൈതൃകങ്ങളെ തള്ളിപ്പറയാന്‍ ഉദ്യുക്തരാവുമ്പോള്‍ കാമ്പസുകളില്‍ നാളെയുടെ വാഗ്ദാനങ്ങള്‍ വിപരീത ദിശയിലൂടെ ചിന്തിക്കുന്നു എന്നതാണ് പ്രധാനം. 2019ലെ തിരഞ്ഞെടുപ്പില്‍ വിജയമുറപ്പിച്ച്, 2024ലെ ജനഹിതപരിശോധനക്കായി ഒരുങ്ങുന്ന ബി.ജെ.പി ഇന്ത്യന്‍ മണ്ണ് എന്നും കാല്‍കീഴിലാണെന്ന് അഹങ്കരിച്ചിരിക്കാന്‍ വരട്ടെ. അമിത്ഷായുടെ ചാണക്യബുദ്ധി, ബുദ്ധി ചാണകമായി മാറിയ ജീര്‍ണ രാഷ്ട്രീയത്തിന്റെ കുടിയ ദല്ലാള്‍മാരുടെ ഇടയില്‍ മാത്രമേ വിറ്റഴിയൂ എന്ന് തെളിയിക്കപ്പെടുമ്പോഴാണ് ഇന്ത്യാമഹാരാജ്യം ഫാഷിസത്തില്‍നിന്ന് രക്ഷപ്പെടാന്‍ പോകുന്നത്. ഇന്നത്തെ അവസ്ഥ, സംശയമില്ല, ഞെട്ടിപ്പിക്കുന്നതാണ്. ബി.ജെ.പിയുടെ പാര്‍ലമെന്റ് അംഗങ്ങളില്‍ അമ്പത് ശതമാനത്തിലേറെ മുന്‍ കോണ്‍ഗ്രസുകാരാണത്രെ. കോണ്‍ഗ്രസ്‌കാരനായി മുഖ്യമന്ത്രിപദത്തില്‍ ഇരുന്ന വ്യക്തിത്വങ്ങളാണ്, സ്ഥാനമാനങ്ങളില്‍ കണ്ണു നട്ട് നിര്‍ലജ്ജം കാവിരാഷ്ട്രീയത്തെ ആശ്ലേഷിക്കുന്നത്. കര്‍ണാടക മുന്‍ മുഖ്യമന്ത്രി എസ്.എം കൃഷ്ണയുടെയും മഹാരാഷ്ട്രയിലെ പ്രമുഖനേതാവ് നാരായണ്‍ റാണെയുടെയും കാലുമാറ്റം കോണ്‍ഗ്രസ് നേതാക്കളുടെ ഉള്ളിലിരിപ്പും മതേതര പ്രതിബദ്ധതയും എത്രത്തോളമുണ്ടെന്ന് തുറന്നുകാട്ടുന്നു. അടുത്തവര്‍ഷം തിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന കര്‍ണാടകത്തിലെ പതിനാറ് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ബി.ജെ.പിയിലേക്ക് ചേക്കേറാന്‍ ശുഭമുഹൂര്‍ത്തം കാത്തിരിക്കുകയാണത്രെ. മഹാരാഷ്ട്രയില്‍ ജയിച്ച 282 എം.എല്‍.എമാരില്‍ നൂറിലേറെ പേര്‍ കോണ്‍ഗ്രസുകാരാണത്രെ. സി.പി.എമ്മിന്റെ ആധിപത്യത്തിലുള്ള രണ്ട് സംസ്ഥാനങ്ങള്‍ പിടിച്ചെടുക്കാന്‍ അമിത്ഷായുടെ നേതൃത്വത്തില്‍ ബി.ജെ.പി നടത്തുന്ന ആസൂത്രിത പദ്ധതികള്‍ എങ്ങനെയാണ് നടപ്പാക്കുന്നതെന്ന് ത്രിപുരയിലെയും കേരളത്തിന്റെയും പുതിയ സംഭവവികാസങ്ങള്‍ അനാവൃതമാക്കുന്നു. ത്രിപുരയില്‍ പെട്ടെന്നൊരു പുലരിയില്‍ ബി.ജെ.പി മുഖ്യപ്രതിപക്ഷമായി മാറിയിരിക്കുന്നു. എങ്ങനെയന്നല്ലേ? 2013ലെ തിരഞ്ഞെടുപ്പില്‍ വിജയിച്ച പത്ത് കോണ്‍ഗ്രസ് എം.എല്‍.എമാരെയും ഒന്നാകെ ബി.ജെ.പിയിലേക്ക് ചാടിച്ചു. അതിന് സ്വീകരിച്ച മാര്‍ഗം സി.പി.എം നേതാവ് വൃന്ദാകാരാട്ടിന്റെ വിശേഷണത്തില്‍ ‘എന്‍കൗണ്ടര്‍ പൊളിറ്റിക്‌സ്’ ആണ്. അമിത് ഷാ ഇവിടെ ഏറ്റുമുട്ടുന്നത് രാഷ്ട്രീയ ധാര്‍മികതയോടും സത്യസന്ധതയോടും തത്വാധിഷ്ഠിത നിലപാടിനോടുമാണ്. ത്രിപുരയിലെ കൂട്ട കൂറുമാറ്റത്തിന്റെ പിന്നിലെ കച്ചവടത്തെ കുറിച്ചും ഭീകരവാദ സംഘടനകളുടെ ഭാഗിഭാഗിത്വത്തെ കുറിച്ചും നിരന്തരം ജനങ്ങളെ അറിയിച്ചുകൊണ്ടിരുന്ന ‘ദിന്‍രാത്’ ചാനലിലെ ജേര്‍ണലിസ്റ്റ് സന്‍താനു ഭൗമിക് ഇതിനിടയിലാണ് കൊല്ലപ്പെടുന്നത്. ത്രിപുര കഴിഞ്ഞാല്‍ പശ്ചിമബംഗാളും കേരളവുമാണ് കാവിരാഷ്ട്രീയത്തെ സംബന്ധിച്ചിടത്തോളം ബാലികേറാമലയായി അവശേഷിക്കുന്നത്. ബംഗാളില്‍ മമത ബാനര്‍ജിയുടെ അടിവേരറുക്കാന്‍ തൃണമുല്‍ കോണ്‍ഗ്രസിന്റെ സ്ഥാപകനേതാവായ മുകുല്‍ റോയിയെ പാര്‍ട്ടിയിലേക്ക് മാര്‍ഗം കൂട്ടാനുള്ള തിരക്കിലാണ് താമരപാര്‍ട്ടി. ശാരദ, നാരദ കുംഭകോണത്തില്‍പ്പെട്ട് മുഖം വികൃതമായ മുകുള്‍ റോയിയെ പാര്‍ട്ടിയുടെ അമരത്തുനിന്ന് മമത ഇതുവരെ മാറ്റിനിറുത്തിയിരുന്നു. ആ അവസരം മുതലെടുത്താണ് കളങ്കിതനായ ഒരു നേതാവിനെ പിടിച്ച് സംസ്ഥാനത്ത് പിടിച്ചുകയറാന്‍ അമിത് ഷാ ശ്രമിക്കുന്നത്. ഇത്തരം സംഭവവികാസങ്ങള്‍ മാന്യമായ രാഷ്ട്രീയത്തെ കുറിച്ചുള്ള നമ്മുടെ സങ്കല്‍പങ്ങളെ മുഴുവന്‍ തകര്‍ക്കുന്നു.
ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ കടന്നു കയറ്റത്തിനിടയില്‍, മതേതര രാഷ്ട്രീയത്തെ കുറിച്ചുള്ള സകല പ്രതീക്ഷകളും തകര്‍ന്നുകൊണ്ടിരിക്കുന്നതിനിടയില്‍ നമ്മുടെ കാമ്പസുകളില്‍ നാമ്പിടുന്ന പ്രത്യാശകള്‍ മുഴുവന്‍ മനുഷ്യരെയും ആവേശഭരിതമാക്കുമെന്നതില്‍ തര്‍ക്കമില്ല. കഴിഞ്ഞ രണ്ടുവര്‍ഷത്തെ ദേശീയരാഷ്ട്രീയത്തിന്റെ അന്തഃസത്ത കാമ്പസുകളില്‍നിന്ന്, പ്രാന്തവത്കൃത സമൂഹത്തില്‍നിന്നുള്ള വിദ്യാര്‍ത്ഥികളുടെ ഉയര്‍ത്തെഴുന്നേല്‍പ്പാണ്. ഉയരും നാം നാടാകെ എന്ന പരോക്ഷമുന്നറിയിപ്പോടെ ഹൈദരബാദ് യൂനിവേഴ്‌സിറ്റിയില്‍നിന്ന് രോഹിത് വെമുല എന്ന ദലിത് വിദ്യാര്‍ത്ഥി തുടങ്ങിവെച്ച പോരാട്ടം ഒരു രക്തസാക്ഷ്യത്തില്‍ ഒതുങ്ങാതെ തീജ്വാലയായി കത്തിപ്പടര്‍ന്നത് ഹിന്ദുത്വയുടെ അധികാരകോട്ടകളെ ഞെട്ടിച്ചു. അന്ന് വിതച്ചത് കാമ്പസുകള്‍ ഇപ്പോള്‍ കൊയ്യുകയാണ്. ഡല്‍ഹി വാഴ്‌സിറ്റിയില്‍ ആര്‍.എസ്.എസിന്റെ വിദ്യാര്‍ത്ഥി വിഭാഗമായ എ ബി വി പിയെ തറപറ്റിച്ച് കോണ്‍ഗ്രസിന്റെ പോഷക ഘടകമായ എന്‍ എസ് യു നേടിയ വിജയം സോണിയരാഹുല്‍ പ്രഭൃതികള്‍ക്ക് ആത്മവിശ്വാസം പകരാന്‍ പോന്നതാണ്. ദലിത്മുസ്‌ലിം വിദ്യാര്‍ത്ഥി കൂട്ടായ്മകള്‍ ഇടത് വിദ്യാര്‍ത്ഥി സംഘടനകളുമായി മനസ്സറിഞ്ഞ് ഒന്നിച്ചുനീങ്ങാന്‍ ശ്രമിച്ചപ്പോഴാണ് ഈ മാറ്റം സാധ്യമായത്. ‘സാമൂഹിക നീതിക്ക് വേണ്ടിയുള്ള സഖ്യം’ എന്ന ബാനറിലാണ് ഹൈദരാബാദ് കേന്ദ്രസര്‍വകലാശാലയിലെ വിവിധ വിദ്യാര്‍ത്ഥി സംഘടനകള്‍ എ ബി വി പിയെ ഒറ്റപ്പെടുത്തിയത്. ഇത്രയും കാലം പരസ്പരം പോരാടിയ അംബേദ്കര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷനും ഡമോക്രാറ്റിക് സ്റ്റുഡന്‍സ് യൂണിയനും ട്രൈബല്‍ സ്റ്റുഡന്‍സ് ഫോറവും എസ്.എഫ്.ഐയും കൈകോര്‍ത്തത് പുതിയ സമവാക്യങ്ങള്‍ രൂപപ്പെടുത്തി. ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു യൂനിവേഴ്‌സിറ്റിയിലും എ.ബി.വി.പിക്ക് കനത്ത തിരിച്ചടി നേരിട്ടു. ജയ്പൂരിലെ രാജസ്ഥാന്‍ സര്‍വകലാശാലയിലും കാവിരാഷ്ട്രീയത്തിന് ഏറ്റ മങ്ങല്‍ അങ്ങ് വടക്കു കിഴക്കന്‍ മേഖലയിലും അനുഭവവേദ്യമാണ്.

ശാഹിദ്‌

You must be logged in to post a comment Login