തവക്കുല്‍, പരമാധികാരത്തിനുമുന്നില്‍ വിനയാന്വിതം

തവക്കുല്‍, പരമാധികാരത്തിനുമുന്നില്‍ വിനയാന്വിതം

ഉറൂബിന്റെ സുന്ദരികളും സുന്ദരന്മാരും എന്ന നോവലിലെ സുലൈമാനെ മറ്റു കഥാപാത്രങ്ങളില്‍നിന്ന് വേറിട്ടു നിര്‍ത്തുന്ന പ്രധാന ഘടകം അദ്ദേഹത്തിന്റെ അചഞ്ചലമായ ദൈവവിശ്വാസമാണ്. വിപദ്കരമായ സന്ദര്‍ഭങ്ങളെ അഭിമുഖീകരിക്കുമ്പോഴാണ് ഒരാളിലെ ഔജ്ജല്യം പ്രകടമാവുക എന്ന അറബി പഴഞ്ചൊല്ലിന് സമാനമായാണ് നോവലില്‍ സുലൈമാന്‍ പെരുമാറുന്നത്. ദൈവത്തെ സംരക്ഷകനായി മുന്നില്‍കണ്ട് സുലൈമാന്‍ മറ്റു കഥാപാത്രങ്ങളുടെ പ്രതിസന്ധികള്‍ക്ക് സാധൂകരണം കണ്ടെത്തുന്നു. അവര്‍ക്ക് ആശ്വാസ വാക്കുകള്‍ നല്‍കുന്നു. ഉറൂബ് ജീവിച്ചു വളര്‍ന്ന പൊന്നാനിയിലെ മുസ്‌ലിം പരിസരമായിരിക്കാം ഒരുപക്ഷേ അദ്ദേഹത്തെ സുലൈമാന്‍ എന്ന മുസ്‌ലിം കഥാപാത്രത്തെ ഈ രൂപത്തില്‍ അവതരിപ്പിക്കാന്‍ പ്രേരിപ്പിച്ചിട്ടുണ്ടാവുക.

നോവലില്‍ യഥാര്‍ത്ഥ മുസ്‌ലിമിന്റെ പ്രതീകമാവുകയാണ് സുലൈമാന്‍. ജഗന്നിയന്താവിന് മുന്നില്‍ താനാരുമല്ലെന്ന ബോധത്തിലൂടെ സൃഷ്ടിയില്‍ ഉളവാകുന്ന തവക്കുലിനെ(കൈകാര്യകര്‍തൃത്വം ഏല്‍പിച്ചുകൊടുക്കല്‍) ജീവിതത്തിലേക്ക് ചാലിക്കുകയായിരുന്നു സുലൈമാന്‍.
തവക്കുല്‍ എന്ന അറബി പദത്തിന് സാമാന്യേന നല്‍കുന്ന അര്‍ത്ഥം ഭരമേല്‍പിക്കല്‍ എന്നാണ്. എന്നുവെച്ചാല്‍ സൃഷ്ടിയെ ഭരിക്കാനുള്ള സമ്പൂര്‍ണാധികാരം സ്രഷ്ടാവിന് സ്വയമറിഞ്ഞ് വകവെച്ചുനല്‍കല്‍. ഈ പദം എല്ലാ നിലക്കും ദൈവികസംബന്ധിയാണ്. ദൈവികത(Divinity)യുമായി ചേര്‍ന്നു നില്‍ക്കുന്നതിനാല്‍ തന്നെ തവക്കുലിന് അതിന്റെ സത്തയില്‍ തന്നെ പരിശുദ്ധി(Sanctity)യുണ്ടെന്ന് പറയാം. അതേ സമയം ദൈവിക ഇടപാടുകളോട് നേരിട്ട് ബന്ധപ്പെടാത്ത, പൊതുവായ സാമൂഹിക ജീവിതത്തില്‍ കാണുന്ന ചുമതല ഏല്‍പിക്കുന്നതിന്ന് അറബിയില്‍ വകാലത്ത് എന്നാണ് പറയുന്നത്. വക്കാലത്ത് ധര്‍മശാസ്ത്ര ചര്‍ച്ചകളിലാണ് കാണുന്നതെങ്കില്‍ തവക്കുല്‍ ആത്മസംസ്‌കരണ ചര്‍ച്ചകളിലാണ് കൂടുതലും കടന്നുവരുക. ഇതു മാത്രമല്ല, വകാലത്തില്‍ ഒരാളെ പ്രതിനിധിയാക്കലാണ്. എന്നാല്‍ തവക്കുലിലേക്ക് വരുമ്പോള്‍ പ്രതിനിധി എന്ന ആശയ സ്വരൂപത്തിനപ്പുറം സമ്പൂര്‍ണാധികാരം തന്നെയാണ് ജഗന്നിയന്താവിന് അറിഞ്ഞംഗീകരിച്ചുകൊടുക്കുന്നത്. ഒരാളെ പ്രതിനിധിയാക്കുമ്പോള്‍ അവിടെ സമ്പൂര്‍ണാധികാരം സാധ്യമാകണമെന്നില്ല. ചുരുക്കത്തില്‍ പാരമ്പര്യ ഉലമാ സമൂഹം നല്‍കിപ്പോരുന്ന ഭരമേല്‍പിക്കല്‍ എന്ന അര്‍ത്ഥമാണ് തവക്കുലിന്റെ പൂര്‍ണാര്‍ത്ഥത്തെ ഉള്‍വഹിക്കുന്നത്.

തവക്കുലും വിശ്വാസവും
ദൈവവിശ്വാസമാണ് തവക്കുലിന്റെ അടിത്തറ. തവക്കുലിന്റെ പാരമ്യതയില്‍ വിശ്വാസം പ്രോജ്വലിക്കുന്നു. ഇതിലൂടെ അടിമ അല്ലാഹുവിന്റെ ഏകത്വം മാത്രമല്ല അംഗീകരിക്കുന്നത്. സൃഷ്ടികളുടെ ഗുണവിശേഷങ്ങള്‍ക്ക് വിരുദ്ധമായതോ/ അതിര്‍ലംഘിക്കുന്നതോ ആയ അല്ലാഹുവിന്റെ സര്‍വ ഗുണങ്ങളെയും(സ്വിഫാത്) അവന്‍ സര്‍വാത്മനാ അംഗീകരിക്കുന്നു. നാഥന്റെ സവിശേഷ വിവരണങ്ങളറിയുമ്പോഴല്ലേ വിശ്വാസവും അത് മുഖേന തവക്കുലും വിശ്വാസിയില്‍ രൂഢമൂലമാവുക. മുഅ്മിനിനെ അല്ലാഹുവില്‍ ഭയമുള്ളവനും പ്രതീക്ഷയുള്ളവനുമാക്കിത്തീര്‍ക്കുന്നതും ഈ തിരിച്ചറിവാണ്. ഭയത്തിന്റെയും പ്രതീക്ഷയുടെയും നടുവിലാണ് ഒരു വിശ്വാസിയുടെ ജീവിതം എന്ന നബിവചനം തവക്കുലിന്റെ അനിവാര്യതയെ അടയാളപ്പെടുത്തുന്നുണ്ട്. സംരക്ഷിക്കുന്ന നാഥനോട് നന്ദികേടില്ലാതെ ജീവിക്കാനുള്ള നിതാന്ത ജാഗ്രതയും അവന്‍ തന്നെ കൈവെടിയില്ലെന്ന പ്രതീക്ഷയും ചേരുമ്പോള്‍ തവക്കുല്‍ സമ്പൂര്‍ണമാകുന്നു.

ശിഷ്യന്‍ അബൂദരില്‍ ഗിഫാരിയോട് പ്രവാചകന്‍(സ) നല്‍കിയ ഉപദേശത്തില്‍ ഇങ്ങനെയൊരു വാചകമുണ്ട്: ‘അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ഒരാളുടെയും ആക്ഷേപത്തെ പേടിക്കരുത്.’ ദൈവിക സാമീപ്യവും തൃപ്തിയും കാംക്ഷിക്കുന്ന വിശ്വാസിയുടെ ലക്ഷണം പറയുകയാണ് തിരുനബി. ഭയരഹിതമായ മനസ് വളര്‍ന്ന് വരുന്നതും മേല്‍പറഞ്ഞ തവക്കുലിന്റെ കരുത്തിലാണ്. അല്ലാഹുവിലുള്ള അചഞ്ചല വിശ്വാസം നിര്‍മിക്കുകയും നിര്‍ണയിക്കുകയും ചെയ്യുന്ന തവക്കുലിന്റെ പ്രകടനമാണിത്. ശാരീരികമായി അശക്തനും സാമ്പത്തികമായി ദുര്‍ബലനും സാമൂഹികമായി അപരവല്‍കരിക്കപ്പെട്ടവനുമായാല്‍ പോലും ദൈവവിശ്വാസിക്ക് തന്റെ ആത്മ വീര്യത്താല്‍ ജീവിക്കാനാവും. ഇസ്‌ലാമിന്റെ ചരിത്രപരമായ വളര്‍ച്ച ഈ അഭിപ്രായത്തെ പിന്തുണക്കുന്നു. ഉദാഹരണത്തിന് ബദര്‍ വിജയം. ‘ശത്രുപക്ഷം നിങ്ങള്‍ക്കെതിരില്‍ നിലയുറപ്പിച്ചിട്ടുണ്ട്. പേടിക്കണം.’ എന്ന് ചിലയാളുകള്‍ പറഞ്ഞപ്പോള്‍ വിശ്വാസം വര്‍ധിക്കുകയാണുണ്ടായത്. ഉടന്‍ അവര്‍ പ്രതികരിച്ചു. ‘നമുക്ക് അല്ലാഹു തന്നെ മതി. ഉത്കൃഷ്ടനായ കൈകാര്യകര്‍ത്താവാണവന്‍'(ആലുഇംറാന്‍/173).

നംറൂദിന്റെ അഗ്നികുണ്ഡാരത്തിലേക്ക് എറിയപ്പെട്ട ഇബ്‌റാഹീം നബിയുടെ വാക്കും തവക്കുലിന്റെ കരുത്തറിയിച്ചു. പുറമേക്ക് ആളിക്കത്തുന്ന തീ പക്ഷേ പ്രവാചകന്ന് കുളിരായി അനുഭവപ്പെടുകയാണുണ്ടായത്. തവക്കുലുള്ള മനസ്സിന് ദൈവദാനമായിക്കിട്ടിയ പ്രശാന്തിയാണത്.
കരുത്ത്, സ്വപ്രത്യയ സ്ഥൈര്യം, പ്രതീക്ഷ, പ്രതിരോധം, അചഞ്ചലത തുടങ്ങിയ സ്വഭാവ സവിശേഷതകള്‍ രൂപകല്‍പന ചെയ്യുന്നതില്‍ തവക്കുല്‍ ആന്തരിക ശക്തിയായി വര്‍ത്തിക്കുന്നുണ്ട്. തവക്കുലിന്റെ നേട്ടങ്ങളില്‍ സുപ്രധാനമായ രണ്ട് കാര്യങ്ങള്‍ ഇങ്ങനെ സംഗ്രഹിക്കാം. ഒന്ന്, അല്ലാഹുവിനെയല്ലാതെ മറ്റാരെയും ആശ്രയിക്കേണ്ടതില്ലെന്ന ഉറപ്പ് കൈവരുന്നു. രണ്ട്, സങ്കീര്‍ണങ്ങളായ പ്രശ്‌നങ്ങള്‍ വരുമ്പോള്‍ ആത്മ നിയന്ത്രണം നഷ്ടപ്പെടാതെ സ്വയം പ്രതിരോധിക്കാനാവുന്നു.

ചരിത്രത്തില്‍ മുസ്‌ലിംകള്‍ അനുഭവിച്ചതും ഇപ്പോള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നതുമായ പല പ്രശ്‌നങ്ങളുടെയും പശ്ചാതലത്തില്‍ തവക്കുലിന്റെ സ്ഥാനം വലുതാണ്. ഒറ്റപ്പെടുത്തലിന്ന് വിധേയമാകുമ്പോഴും മുസ്‌ലിംകള്‍ വിധിയെ പഴിക്കുകയില്ല. റോഹിംഗ്യന്‍ അഭയാര്‍ത്ഥികളുടെ നിസ്സഹായത കാണുമ്പോള്‍ ഉത്തമ വിശ്വാസി വീണ്ടും വീണ്ടും ദൈവത്തിലേക്ക് മടങ്ങുന്നു. എല്ലാം ആ സവിധത്തില്‍ സമര്‍പ്പിക്കുന്നു. വൈകാരിക ഇടപെടലുകളിലേക്ക് ചാടി വീഴാതെ, വിവേകം കൈകൊള്ളുന്നു. ഇതൊക്കെ കണ്ട് ദൈവം നോക്കിയിരിക്കുകയാണോ? എന്നിങ്ങനെയുള്ള ചോദ്യങ്ങളുണ്ടാവില്ല. കാരണം എപ്പോഴുമെപ്പോഴുമുള്ളത് ദൈവം മാത്രമാണ്. ചിലര്‍ സുഖമുള്ളപ്പോള്‍ അടുത്തുകൂടുന്നു. ചിലര്‍ ദുഃഖ സന്ദര്‍ഭങ്ങളില്‍ ദൈവത്തെ കുറിച്ച് ആശയക്കുഴപ്പങ്ങള്‍ വിതറുന്നു. എന്നാല്‍ എല്ലായ്‌പ്പോഴും ദൈവം അടുത്ത് നില്‍ക്കുന്നുവെന്നത് ഒരനുഭവമായി മാറുന്നത് തവക്കുലിലൂടെയാണ്. ഇന്‍ശാ അല്ലാഹ് എന്ന വാക്കില്‍ അന്തര്‍ഭവിച്ച ദൈവിക പാശം ഭാവിയുടെ അനിശ്ചിതാവസ്ഥയെ കീഴടക്കാന്‍ മുസ്‌ലിമിനെ പ്രാപ്യനാക്കുന്നു. സര്‍വകാലജ്ഞാനിയായ പടച്ചതമ്പുരാനിലുള്ള അര്‍പണവും വിലയനവും അയാളെ ഉത്തേജിപ്പിക്കുന്നു; ബുദ്ധിമുട്ടുകളെ നേരിടാനുള്ള ശക്തി പകരുന്നു. ഒരിക്കല്‍ തിരുദൂതര്‍ പറഞ്ഞു: വിശ്വാസിയുടെ ഉപമ തടിയുറപ്പില്ലാത്ത തൈ പോലെയാണ്. കാറ്റടിക്കുമ്പോള്‍ അത് ആടിയുലയും. എന്നാല്‍ കപടവിശ്വാസി ദേവദാരു വൃക്ഷത്തെപ്പോലെയാണ്. ചെറു കാറ്റടിച്ചാല്‍ അനങ്ങില്ല. വലിയ കാറ്റുവന്നാല്‍ ആടിയുലയാതെ ഒറ്റയടിക്ക് കടപുഴകി വീഴും(ബുഖാരി, മുസ്‌ലിം).
ഈയര്‍ത്ഥത്തില്‍, രാഹുല്‍ ഈശ്വര്‍ അവതരിപ്പിച്ച ആത്മഹത്യാ കണക്ക് വിലയിരുത്തേണ്ടിയിരിക്കുന്നു. 85 ശതമാനം വരുന്ന കേരളത്തിലെ ഹൈന്ദവ സമുദായത്തിനിടയില്‍ 25 ശതമാനത്തിലും അധികമാണ് ആത്മഹത്യാ നിരക്ക്. അതേ സമയം ന്യൂനപക്ഷമായ മുസ്‌ലിം വിഭാഗങ്ങള്‍ക്കിടയില്‍ ന്യൂനാല്‍ ന്യൂനപക്ഷം മാത്രമാണ് ആത്മഹത്യ ചെയ്യുന്നത്. തവക്കുലിന്റെ പ്രശാന്തതയില്‍, മനസ്സിലെ നീറിപ്പുകയുന്ന അസ്വാരസ്യങ്ങളെ കുഴിച്ചുമൂടാന്‍ മുസ്‌ലിം സമുദായം പരിശീലനം നേടിക്കഴിഞ്ഞിരിക്കുന്നു എന്ന വസ്തുതയാണിവിടെ കാണുന്നത്. വിധിയെ ഇരുകരവും നീട്ടി ആലിംഗനം ചെയ്ത് ആശ്ലേഷിക്കുന്നവരാണ് വാസ്തവത്തില്‍ തവക്കുലിനെ ജീവസുറ്റതായ അനുഭവമാക്കി തീര്‍ക്കുന്നവര്‍. ജോണ്‍ മില്‍ട്ടണ്‍ ഓണ്‍ ഹിസ് ബ്ലൈന്‍ഡ്‌നെസ് എന്ന കവിതയില്‍ കുറിച്ചിട്ടതുപോലെ They also serve who only stand and wait )വിധിയില്‍ ക്ഷമിച്ച് തൃപ്തിപ്പെടുന്നവരും നാഥനെ സേവിക്കുന്നവരാണ്).

തവക്കുല്‍; വിഭിന്ന ആഖ്യാനങ്ങള്‍
തവക്കുല്‍ സംബന്ധിച്ച് ഇഹ്‌യാ ഉലൂമിദ്ദീനില്‍ ഇമാം ഗസ്സാലി(റ) പ്രതിപാദിക്കുന്നു: തവക്കുലിനെ വിശദീകരിച്ച അഗാധജ്ഞാനികളുടെ എണ്ണം വര്‍ധിച്ചിരിക്കുകയാണ്. ഓരോരുത്തരുടെയും വിവരണങ്ങള്‍ വ്യത്യസ്തമാണ്. തസവ്വുഫിന്റെ അനുയായികളുടെ പൊതുസമ്പ്രദായത്തെ പോലെ ഇവരോരോരുത്തരും തങ്ങളുടെ ആത്മീയ തലത്തെ ആസ്പദിച്ചാണ് തവക്കുലിനെ പരിചയപ്പെടുത്തുന്നത്.

അബ്ദുല്‍ഖാദിര്‍ ജീലാനി(റ)യുടെ സംബോധനയും ഇവിടെ പ്രസക്തമാണ്. അല്ലാഹുവിനെ ചുമതലയേല്‍പിക്കുകയും സ്വയം ഭരണത്തിന്റെയും ഇഷ്ടത്തിന്റെയും കാര്യം മാറ്റിവെച്ച് ദൈവത്തിന്റെ അസന്ദിഗ്ധ തീരുമാനത്തിന് വിധേയമാവുകയും ചെയ്യുന്ന പ്രക്രിയയാണ് തവക്കുല്‍. അങ്ങനെ വരുമ്പോള്‍ തന്റെ വിഹിതത്തിന് മാറ്റത്തിരുത്തലുകളില്ലെന്ന് അടിമ ദൃഢമായി സ്ഥിരപ്പെടുത്തുകയും ചെയ്യും(ഫത്ഹുര്‍റബ്ബാനി).

ഹൃദയത്തില്‍ ഊര്‍ന്ന് കിടക്കുന്ന തവക്കുലിന്റെ ശക്തിവൈജാത്യത്തെ അടിസ്ഥാനപ്പെടുത്തി ഗസ്സാലി ഇമാം തവക്കുലിനെ വര്‍ഗീകരിച്ച് വിശദീകരിക്കുന്നത് കാണാം.
ഒന്ന്, ഒരു പ്രവൃത്തി ചെയ്യാന്‍ വക്കീലിനെ ഏല്‍പിച്ചതിന് സമാനമായി അല്ലാഹുവിന്റെ പരിഗണനയിലും സംരക്ഷണത്തിലും വിശ്വസിക്കുന്നവര്‍.

രണ്ട്, ഒരു ചെറിയ കുട്ടി തന്റെ ഉമ്മയെ എപ്രകാരം കാണുന്നുവോ ആ നിലയില്‍ അല്ലാഹുവിനെ സമീപിക്കുന്നവര്‍. കുട്ടി ഉമ്മയെ മാത്രമേ അഭയകേന്ദ്രമാക്കൂ. മറ്റൊരാളെയും ആശ്രയിക്കില്ല. അവന്റെ നാവിലും ഹൃദയത്തിലും ആദ്യമേ തെളിഞ്ഞുവരുന്നത് ഉമ്മാ എന്നായിരിക്കും. കുട്ടി ചോദിച്ചില്ലെങ്കിലും ഉമ്മ മുലപ്പാല്‍ നല്‍കും.

മൂന്ന്, കുളിപ്പിക്കുന്നവന്റെ മുമ്പില്‍ മയ്യിത്ത് കിടക്കുന്നതു പ്രകാരം, ചലന നിശ്ചലനങ്ങളില്‍ പോലും അല്ലാഹുവിനോട് സാത്മ്യം പ്രാപിക്കുന്ന വിഭാഗം. കുളിപ്പിക്കുന്നവന്റെ കൈ യഥേഷ്ടം ചലിക്കുന്നപോലെ അല്ലാഹുവിന്റെ അനാദിയായ തീരുമാനങ്ങള്‍ക്ക് അനുസൃതമായി അടിമയുടെ ജീവിതം ചലനാത്മകമായിത്തീരും. രണ്ടാമത്തെ അവസ്ഥയില്‍ അടിമ തേടുന്നതും അന്വേഷിക്കാതെ ലഭിക്കുന്നതും ഉള്‍പ്പെടും. എന്നാല്‍ മൂന്നാമത്തെ അവസ്ഥ ഒന്നും ചോദിക്കാതെ/ അന്വേഷിക്കാതെ കിട്ടുന്ന അവസ്ഥാ വിശേഷമാണ്. മൂന്നാമത്തെ വിഭാഗക്കാരാണ് ഉന്നത ശ്രേണിയിലുള്ളവര്‍.
അബൂസഈദില്‍ ഖിറാസ്(റ) നിരീക്ഷിക്കുന്നു: അടക്കമില്ലാതെ പരിഭ്രാന്തമാവലും പരിഭ്രാന്തിയില്ലാതെ അടക്കമാവലുമാണ് തവക്കുല്‍. ഈ വാക്യത്തിന്റെ സാരാംശമിങ്ങനെയാണ്: വക്കീലിലേക്ക് പൂര്‍ണമായും കീഴടങ്ങാനും അഭയം തേടാനുമുള്ള പരിഭ്രാന്തിയുണ്ടാവണം. അതേസമയം തന്നെ വക്കീലിനെപ്പറ്റി സംശയങ്ങളില്ലാതെ ഉറച്ച വിശ്വാസവുമായി അടങ്ങിയിരിക്കുകയും വേണം(ഇഹ്‌യാ). ധര്‍മശാസ്ത്ര ഗ്രന്ഥത്തില്‍ വിവരിച്ച വക്കീലിന്റെ നിയമ സാധുതയുടെ അടിസ്ഥാനത്തില്‍ തവക്കുലിന്റെ ആശയ വിശാലതയും ഗരിമയും അടുത്തറിയാനാവും. വിശ്വസിച്ചേല്‍പ്പിച്ച വ്യക്തിയാണ് വക്കീല്‍. അവന്റെ പക്ഷം ഇതുമുഖേന ‘യദു അമാനത്ത്’ അഥവാ വിശ്വസ്തതാധികാരമാണ്. മനപൂര്‍വം വീഴ്ച ഉണ്ടാക്കിയാലല്ലാതെ വക്കീല്‍ നഷ്ടപരിഹാരം നല്‍കേണ്ടതില്ല. പ്രശ്‌നമുണ്ടാവുമ്പോള്‍ വക്കീലിനെയാണ് ഖാളി അംഗീകരിക്കേണ്ടത്. (ഫത്ഹുല്‍മുഈന്‍- 271). സംശയങ്ങള്‍ക്കതീതമായ വിശ്വാസത്തിന്റെ മേലാണ് വക്കാലത്ത് പടുത്തുയര്‍ത്തപ്പെട്ടിട്ടുള്ളത്.

അധ്വാനവും അര്‍പണവും
അല്ലാഹുവിനെ ഭരമേല്‍ക്കുന്നത് അധ്വാനത്തെ നിരുത്സാഹപ്പെടുത്തലല്ല. അത്തരം ഐഹിക പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതമാവുന്നത് തവക്കുലിന് വിരുദ്ധവുമല്ല. ഈ വസ്തുതയെ അംഗീകരിക്കുന്നുണ്ട് ഹദീസുകള്‍. ഉമര്‍(റ)വില്‍നിന്ന് നിവേദനം: തിരുദൂതര്‍ പറയുന്നതായി ഞാന്‍ കേട്ടിട്ടുണ്ട്: അല്ലാഹുവിന്റെമേല്‍ നിങ്ങള്‍ യഥാവിധി വക്കാലത്താക്കിയാല്‍ പക്ഷിയെ ഊട്ടുന്നത് പോലെ നിങ്ങളെ അവന്‍ ഊട്ടും. പക്ഷികള്‍ പ്രഭാതത്തില്‍ ഒട്ടിയ വയറുമായി കൂട്ടില്‍നിന്നിറങ്ങിപ്പോവും. പ്രദോഷമാവുമ്പോഴേക്കും വയര്‍ നിറഞ്ഞ് അവ കൂട്ടിലേക്ക് മടങ്ങിയെത്തും(തുര്‍മുദി). ഈ ഹദീസിനെ ഇമാം ബൈഹഖി വ്യാഖ്യാനിക്കുന്നത് ഇപ്രകാരം: അധ്വാനിക്കാതിരിക്കണമെന്നല്ല ഈ ഹദീസിന്റെ ആശയം. ഭക്ഷണം അന്വേഷിക്കണം. പക്ഷി ഭക്ഷണമന്വേഷിച്ചാണല്ലോ പുറപ്പെട്ടുപോവുന്നത്. സര്‍വനന്മയും അല്ലാഹുവിന്റെ അടുക്കലാണെന്ന് ധരിച്ചുവെച്ചവനെ അല്ലാഹു പക്ഷിയെ ഭക്ഷിപ്പിക്കുന്നതുപോലെ സംരക്ഷിച്ചുനിര്‍ത്തും(ശുഅ്ബുല്‍ഈമാന്‍). ഉമര്‍(റ)വിന്റെ ചിന്തയും ഏറെ സ്മരണീയമാണ്: ഭൂമിയില്‍ വിത്തിട്ടതിന് ശേഷം ഭരമേല്‍പ്പിക്കുന്നവനാണ് സത്യത്തില്‍ മുതവക്കില്‍(സലാലിമുല്‍ ഫുളലാഅ്).

ആശ്രിതരെ സംരക്ഷിക്കാത്തവന് കുറ്റമുണ്ട് എന്ന ഹദീസ് ഇതോട് ചേര്‍ത്തുകാണണം. ഒന്നാം ഖലീഫ അബൂബക്കര്‍(റ) ഖിലാഫത് ഏറ്റെടുത്തയുടനെ, അങ്ങാടിയിലേക്ക് വസ്ത്ര വിപണനാവശ്യാര്‍ത്ഥം പുറപ്പെട്ടപ്പോള്‍ സ്വഹാബിമാര്‍ വിളിച്ചുപറഞ്ഞു: നിങ്ങള്‍ ഖലീഫയല്ലേ, പിന്നെങ്ങനെ കച്ചവടം ചെയ്യാന്‍ സാധിക്കുന്നു? അബൂബക്കര്‍(റ) പ്രതികരിച്ചു: എന്റെ കുടുംബത്തെയോര്‍ത്ത് ഇങ്ങനെ ചെയ്യണ്ടേ. തവക്കുലിന്റെ പ്രതീകമായിട്ടുപോലും ഖലീഫ അധ്വാനിക്കുകയായിരുന്നു!
ആശ്രിതരുടെ ആവശ്യങ്ങളെ ഗൗനിക്കാതെ വീട്ടിലിരിക്കുന്നത് ഹറാമാണെന്ന് പറഞ്ഞ പണ്ഡിതന്മാരുണ്ട്. വിശപ്പ് സഹിക്കാനും ക്ഷമയോടെ ജീവിക്കാന്‍ അവരോട് കല്‍പിക്കുന്നതുപോലും അനുവദനീയമല്ല.

വിശ്രുത മക്കാ പണ്ഡിതന്‍ സയ്യിദുല്‍ ബകരി വിശദീകരിക്കുന്നു: കാരണങ്ങളില്‍നിന്നും മുക്തമാവലാണോ പൂര്‍ണമായും തവക്കുലിനെ അവലംബിക്കലാണോ ശ്രേഷ്ഠം എന്ന ചര്‍ച്ചയില്‍ പ്രധാനമായും മൂന്ന് അഭിപ്രായമുണ്ട്. ഒന്ന്, തവക്കുലാണ് മഹോന്നതം. ഇതായിരുന്നു പ്രവാചകന്റെയും അഹ്‌ലുസ്സുഫ്ഫയുടെയും അവസ്ഥ. രണ്ട്, അധ്വാനിക്കലാണ് ശ്രേഷ്ഠം. മൂന്ന്, (ഗസ്സാലി ഇമാം പറഞ്ഞ പ്രകാരം) ജോലി ഒഴിവാക്കുകയാണെങ്കില്‍ ആരാധനാ കര്‍മങ്ങളില്‍ കൂടുതല്‍ സമയം ചെലവഴിക്കാനും ജോലി അതിന്റെമേല്‍ കളങ്കമുണ്ടാക്കുവാനും ഇടയാക്കുന്നുണ്ടെങ്കില്‍ തവക്കുലാണ് ശ്രേഷ്ഠം. കൂടാതെ, ഈ സന്ദര്‍ഭത്തില്‍ ഭക്ഷണം കിട്ടാതായാല്‍ അവന്‍ അസ്വസ്ഥനാവാനോ പരിഭ്രാന്തനാവാനോ പാടില്ല. ഈ വിധമല്ലെങ്കില്‍ അധ്വാനത്തില്‍ ഏര്‍പ്പെടലാണ് നല്ലത്(കിഫായതുല്‍ അത്ഖിയാഅ്/ 34).

അബ്ദുല്ലാഹില്‍ ഹദ്ദാദ്(റ) ചര്‍ച്ച ചെയ്യുന്നത് ഇങ്ങനെയാണ്: തവക്കുല്‍ യാഥാര്‍ത്ഥ്യമായവന്‍ സ്വാഭാവികമായും ഐഹിക ഉപാധികളില്‍നിന്ന് വിട്ടുനില്‍ക്കും. എന്നാല്‍ പൂര്‍ണമായ ഭൗതിക വിച്ഛേദനം, അല്ലാഹുവല്ലാത്തവരെ അഭയമാക്കുന്നതില്‍ നിസംഗത പ്രകടിപ്പിക്കുന്നവര്‍ക്കും നാഥനില്‍ നിത്യമായി ആശ്രിതത്വം അംഗീകരിക്കുന്നവനുമല്ലാതെ അനുയോജ്യമല്ല(രിസാലത്തുശൈഖ്- 178).

അധ്വാനത്തെപ്പോലെത്തന്നെയാണ് ഭക്ഷണം സൂക്ഷിച്ചുവെക്കുന്നതും. നാളെയെക്കുറിച്ചുള്ള ആശങ്കയുടെ ഫലമായി ഉരുവംകൊള്ളുന്നതല്ല ഈ സൂക്ഷിച്ചുവെപ്പ്. യാത്രക്കുവേണ്ട പാഥേയം ഒരുക്കുന്നത് പോലെ, തീന്‍മേശയില്‍ വെച്ച തളികയിലേക്ക് കൈ നീട്ടുന്നതുപോലുള്ള കാരണ ബന്ധിതമായ ഒരു പ്രവര്‍ത്തനമാണിത്. തവക്കുലിന് ഇത് അഭംഗിയാവുകയുമില്ല. തിരുദൂതര്‍ പോലും ഭക്ഷണം കരുതി വെച്ചിരുന്നു. ചികിത്സ നടത്തുന്നതും തവക്കുലിനെതിരല്ല. രോഗം നല്‍കുന്നതും മാറ്റുന്നതും അല്ലാഹു മാത്രമാണ് എന്ന ബോധമാണ് തവക്കുലിന്റെ കാതല്‍. ഭൗതിക ലോകത്തോട് ഒട്ടിനില്‍ക്കുമ്പോഴും ഹൃദയത്തില്‍ വിളങ്ങി നില്‍ക്കേണ്ട നിരന്തര സ്മരണയാണ് അല്ലാഹു. കൂടാതെ തവക്കുലിന്റെ ശക്തി ദുര്‍ബലതകള്‍ ബോധ്യപ്പെടുന്നത് പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെടുമ്പോഴാണ്. കേവലം അവകാശവാദമായി തവക്കുലിനെ സമീപിക്കുന്നത് ഏറെ മൗഢ്യം തന്നെ.

മുഹമ്മദ് ഇ കെ നെല്ലിക്കുത്ത്‌

You must be logged in to post a comment Login