വായനക്കാരുടെ വീക്ഷണം


നാടാകെ നിശാക്ളബ്ബുകള്‍ തുറക്കുന്നതും അവിടെയും ഇവിടെയുമായി ആണ്‍-പെണ്‍ ഭേദം മറന്ന് കൂത്താടുന്നതും നാട് വികസിക്കുന്നതിന്റെ ലക്ഷണമായിട്ടാണ് രാജാക്ക•ാര്‍ കാണുന്നത്. അതിന് കാരണമുണ്ട്; പെണ്ണ് മുതലാളിത്തത്തിന്റെ കച്ചവട വസ്തുവാണ്. അവള്‍ക്ക് മാന്യത ഇനിയും അകലെതന്നെ.
യൂനുസ് മുഹ്യിദ്ദീന്‍, മാനന്തവാടി.

വൈറ്റ് കോളര്‍ രോഗങ്ങളും കടക്കെണികളും

മരുന്ന് വാങ്ങാനായി പട്ടിണി കിടക്കേണ്ട സ്ഥിതിയാണ് ജനങ്ങള്‍ക്കുള്ളതെന്ന് സുപ്രീംകോടതി. ജീവന്‍ രക്ഷാ മരുന്നുകളുടെ വില നിയന്ത്രിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും സാധാരണക്കാരന് താങ്ങാനാകാത്ത നിലയിലാണ് ഔഷധ വില ഉര്‍ത്തുന്നതെന്നുമുള്ള കോടതിയുടെ നിരീക്ഷണങ്ങള്‍ തീര്‍ത്തും ശരിയാണ്. സാധാരണക്കാരന്റെ ജീവിതം ദുസ്സഹമാക്കുന്ന ഒരു ഔഷധ നയവും തുടരാന്‍ അനുവദിക്കില്ലെന്നും, ഔഷധക്കമ്പനികളും സര്‍ക്കാരും തമ്മിലുള്ള വിലനിര്‍ണ്ണയ ഫോര്‍മുലകള്‍ കോടതി കൃത്യമായി വിലയിരുത്തുന്നുവെന്നും കൂടി മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് കോടതി.
ഇന്നത്തെ തലമുറ ജീവിത ശൈലിയിലെന്ന പോലെ ആരോഗ്യ പ്രശ്നങ്ങളിലും ഒരുപാട് മാറിയിരിക്കുന്നു. പ്രമേഹം, രക്താതി സമ്മര്‍ദം, ഹൃദ്രോഗം തുടങ്ങിയ ജീവിത ശൈലി രോഗങ്ങളായ പകര്‍ച്ചവ്യാധികളായിരുന്നു മുമ്പ്. ഇന്നത് ഫാറ്റിലിവര്‍, ഡീ മയലിനേറ്റിങ്ങ്, ഫൈബ്ഹരോമയാള്‍ജിയ തുടങ്ങിയ വെള്ളക്കോളര്‍ രോഗങ്ങളിലെത്തി നില്‍ക്കുന്നു. അനാരോഗ്യകരമായ ഭക്ഷണ രീതിയും വ്യായാമ രഹിതമായ ജീവിത ശൈലിയും സമ്മാനിക്കുന്ന ഇത്തരം ന്യൂജനറേഷന്‍ രോഗങ്ങള്‍ സമൂഹത്തില്‍ വേരുറപ്പിച്ചു നില്‍ക്കുമ്പോള്‍ തന്നെയാണ് ശരാശരി മലയാളിക്ക് താങ്ങാനാകാത്ത ഔഷധ വില നിലനില്‍ക്കുന്നത്. ഭൂരിപക്ഷം ഡോക്ടര്‍മാരും വിലകൂടിയ മരുന്നുകളാണ് നിര്‍ദേശിക്കുന്നത്. വലിയ തുക മുടക്കി മരുന്ന് വാങ്ങിക്കഴിച്ച് രോഗം മാറിയാല്‍ തന്നെ; കടംവീട്ടാനുള്ള ടെന്‍ഷനായിരിക്കും പിന്നെ. രോഗി പിന്നെയും രോഗി! ഔഷധ നിര്‍മാതാക്കളുടെ കാര്യത്തിലെന്നപോലെ സാധാരണക്കാരുടെ കാര്യത്തിലും സര്‍ക്കാര്‍ ഇടപെട്ടുകൊണ്ട് മരുന്ന് വില കൂട്ടാതിരിക്കാന്‍ നടപടിയെടുക്കേണ്ടതാണ്.
ശഫീഖ് മാടവന

ജനജാഗ്രതയാണ് ഫലസിദ്ധിയുള്ള മരുന്ന്

രോഗം കൊണ്ട് പൊറുതി മുട്ടുകയാണ് മനുഷ്യര്‍. വിചിത്രമായ രോഗങ്ങള്‍. നമ്മുടെ നടപ്പു ശീലങ്ങള്‍ക്ക് കിട്ടുന്ന ശമ്പളമാവാം ആ രോഗങ്ങള്‍. അല്ലെങ്കില്‍ അചിന്ത്യമായ നമ്മുടെ നടപടികള്‍ക്ക് കിട്ടുന്ന തിരിച്ചടികള്‍.
ഡ്രെയിനേജ് സിസ്റം എവിടെയും ശരിയായ രീതിയിലല്ല. മലിനജലം ഒഴുകിപ്പോകാനോ സംസ്കരിക്കാനോ നല്ലൊരു മാര്‍ഗം ഇന്നോളം ഉരുത്തിരിച്ചെടുത്തിട്ടില്ല. വാഹനാപകടങ്ങളുടെ ഇരകള്‍, വികസനത്തിന്റെ ഇരകള്‍, കച്ചവടത്തിന്റെ ഇരകള്‍- എന്‍ഡോ സള്‍ഫാന്‍ പോലെ. പിന്നെ റോഡരികില്‍ തള്ളുന്ന മാലിന്യങ്ങള്‍, കോഴി അവശിഷ്ടങ്ങള്‍.. സ്വന്തം അയല്‍പക്കത്തുനിന്ന് ദുര്‍ഗന്ധം ഒഴിവാക്കാനുള്ള വ്യഗ്രതയില്‍ അന്യന്റെ അകം വൃത്തികേടാക്കുകയാണ് പലരും. ഇതിന്റെ തുടര്‍ച്ചയാണ് മാരകരോഗങ്ങള്‍. സര്‍ക്കാറിന്റെ നഷ്ടപരിഹാരങ്ങള്‍ കൊണ്ട് തുടച്ചു നീക്കാവുന്നതല്ല ഇത്തരം ദുരന്തങ്ങള്‍. ജനജാഗ്രത കൊണ്ട്, പ്രകൃതി സ്നേഹം കൊണ്ട് ഇത്തരം ദുരന്തങ്ങളൊഴിവാക്കാം. അതിന് മൂല്യാധിഷ്ഠിത പഠനം നല്‍കണം എല്ലാവര്‍ക്കും. കച്ചവട വിദ്യാഭ്യാസം നമ്മെ നേര്‍വഴിക്ക് നയിക്കില്ല.
റഊഫ് വാവൂര്‍

നിരക്ഷരനായ മലയാളി

രിസാല 1007-ാം ലക്കത്തില്‍ എ കെ അബ്ദുല്‍ മജീദ് എഴുതിയ വിദ്യാഭ്യാസ സംബന്ധിയായ ലേഖനം നന്നായി.
മക്കള്‍ ഉറങ്ങിയുണരുന്നതു തന്നെ ഇപ്പോള്‍ സ്കൂള്‍ ബസിലേക്കാണ്. കുഞ്ഞുടുപ്പും ട്രൌസറുമണിഞ്ഞ് മക്കള്‍ സ്കൂള്‍ ബസ് കയറാന്‍ പോവുന്നത് രക്ഷിതാക്കളുടെ ഏറെക്കാലമായുള്ള സ്വപ്നമാണ്.
രക്ഷിതാക്കളുടെ പ്രതിച്ഛായ, അല്ലെങ്കില്‍ പൊങ്ങച്ചം, സ്കൂളിന്റെ കീര്‍ത്തി ഇത് രണ്ടിനും വേണ്ടി മക്കള്‍ പലപ്പോഴും അവരുടെ മനസ്സാക്ഷി സമ്മതിക്കാത്ത വഴിക്ക് നിര്‍ബാധം , നിര്‍ബന്ധിതമായി തെളിക്കപ്പെടുന്നു. എന്നാല്‍ മക്കളെ ശരിയായ പൌരരാക്കി വളര്‍ത്തിക്കൊണ്ടുവരാനുള്ള ശിക്ഷണം എവിടെ നിന്നും കിട്ടുന്നുമില്ല. പരീക്ഷക്ക് പഠിക്കുന്ന കുട്ടിയുടെ പൊതു വിദ്യാഭ്യാസ നിലവാരവും കാഴ്ചപ്പാടും നന്നേ ശുഷ്കമായിരിക്കും. പഴയ രണ്ടാം ക്ളാസുകാരുടെ എഴുത്തും അവബോധവും പിടിപാടും കണ്ടാല്‍ ഇപ്പോഴത്തെ മക്കള്‍ അന്തം വിടും. അത്രക്ക് വിദ്യാഭ്യാസമുള്ള നിരക്ഷരരാണ് നമ്മുടെ മക്കള്‍.
ജമാല്‍ ടി കെ വായാട്

സാഹിത്യോത്സവ് പ്രതിഭകളെക്കൊണ്ടെന്തു പ്രയോജനം?

സാഹിത്യോത്സവിലെ പാട്ടുകാരെപ്പറ്റിയാണെനിക്ക് ഈ ചോദ്യം ചോദിക്കാനുള്ളത്. അവര്‍ക്കോരോ വര്‍ഷവും സാഹിത്യോത്സവ് വേദികളിലും, മതവേദികളില്‍ മതപ്രസംഗത്തിന് മുമ്പും പാടാമെന്നല്ലാതെ, അല്ലെങ്കില്‍ പെരുന്നാള്‍ ദിനത്തിലോ മറ്റോ എവിടെയെങ്കിലും സംഘടിപ്പിക്കുന്ന പരിപാടികളില്‍ പാടാമെന്നല്ലാതെ അവര്‍ക്കുയരാനുള്ള വേദികളെവിടെയാണ്? അല്ലെങ്കില്‍ അവരെക്കൊണ്ട് പ്രസ്ഥാനത്തിനുയരാനുള്ള വേദി എവിടെയാണ്?
പിന്നെ അവര്‍ കാണുന്നത് റിയാലിറ്റി ഷോകളാണ്. അതല്ലെങ്കില്‍ മാപ്പിളത്തെറികള്‍ പാടി നടക്കുന്ന ഗായക•ാരുടെ പിന്നണിപ്പടയില്‍. ഇതിനപ്പുറം സാഹിത്യോത്സവിലെ പാട്ടുകാര്‍ക്കെന്താണ് ഒരവസരം? അംഗീകാരം? ഒരു ഭാഗധേയത്വം?
ഇതെക്കുറിച്ച് ഓരോ സാഹിത്യോത്സവ് കഴിയുമ്പോഴും രിസാലയില്‍ ഒരു കത്ത് വരുമെന്നല്ലാതെ മറ്റ് നേതൃപരമായ ആലോചനകളൊന്നും ഉണ്ടാവാറില്ല.
ഇതിനപ്പുറം ആദര്‍ശപ്രചാരണത്തില്‍, ഇസ്ലാമിക ദഅ്വതിന്റെ നാനാ മേഖലകളില്‍ ഈ പ്രതിഭകള്‍ക്ക് ഇടം കൊടുത്തുകൂടേ? ആദര്‍ശ കഥാപ്രസംഗങ്ങള്‍, ഡ്യോക്യുമെന്ററികള്‍, ഇസ്ലാമിക് ദഅ്വ ഉദ്ദേശിച്ചുണ്ടാക്കുന്ന ഓഡിയോ/വീഡിയോ പ്രോഗ്രാമുകള്‍; ഇതെക്കുറിച്ചൊക്കെ ആലോചിച്ചുകൂടേ?
കച്ചവടമുദ്ദേശിച്ച് സംരംഭങ്ങള്‍ നടത്തുന്നവര്‍ക്ക് ഇത്തരം കാര്യങ്ങള്‍ വിട്ടുകൊടുക്കുന്നതിനു പകരം പ്രസ്ഥാനത്തിന് ഇത്തരം സംരംഭങ്ങള്‍ നല്ല ഭംഗിയിലും വൃത്തിയിലും തുടങ്ങിക്കൂടേ? ഒട്ടേറെ കലാസ്നേഹികള്‍ക്ക് ഇസ്ലാമിനെ അറിയാനും പഠിക്കാനുമായി അവരുടെ മനസ്സിന്റെ വാതിലുകള്‍ തുറന്നിടാന്‍ ഈ പാട്ടുകാര്‍ക്കാവും എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്.


സയ്യിദ് ഫള്ല്‍ തുറാബ് പി കെ.

 

You must be logged in to post a comment Login