മറു ശബ്ദങ്ങള്‍ക്കിപ്പോള്‍ മുഴക്കമുണ്ട്

മറു ശബ്ദങ്ങള്‍ക്കിപ്പോള്‍ മുഴക്കമുണ്ട്

അമേരിക്കയുമായി സൈനികേതര ആണവ സഹകരണ കരാറില്‍ ഒപ്പുവെക്കാന്‍ യു പി എ സര്‍ക്കാര്‍ ശ്രമിക്കുന്ന കാലം. കരാര്‍ ഇന്ത്യയുടെ പരമാധികാരത്തെ പരിമിതപ്പെടുത്തുമെന്നും അണ്വായുധം പരീക്ഷിക്കാനുള്ള സ്വാതന്ത്ര്യം ഇല്ലാതാക്കുമെന്നും സര്‍ക്കാരിനെ പിന്തുണക്കുന്ന ഇടതുപക്ഷവും പ്രതിപക്ഷത്തുള്ള ബി ജെ പിയും കുറ്റപ്പെടുത്തിക്കൊണ്ടിരുന്നു. കരാറിനെക്കുറിച്ച് പാര്‍ലമെന്റില്‍ നടന്ന ഗൗരവമേറിയ ചര്‍ച്ചക്കിടെ, അന്ന് കോണ്‍ഗ്രസിന്റെ ജനറല്‍ സെക്രട്ടറിയും എം പിയുമായ രാഹുല്‍ ഗാന്ധി സംസാരിച്ചു. കര്‍ഷക ആത്മഹത്യകള്‍ കൊണ്ട് കുപ്രസിദ്ധമായ മഹാരാഷ്ട്രയിലെ വിദര്‍ഭയിലെ കലാവതി എന്ന ഗ്രാമീണ വീട്ടമ്മയുടെ പ്രയാസം വിവരിച്ചാണ് രാഹുല്‍ തുടങ്ങിയത്. വീട്ടാവശ്യത്തിനുള്ള വിറക് സംഭരിക്കാന്‍ മണിക്കൂറുകള്‍ യാത്ര ചെയ്യേണ്ടിവരുന്ന കലാവതിയെപോലുള്ള ലക്ഷക്കണക്കിന് കുടുംബിനികള്‍ക്ക് ആശ്വാസമേകാന്‍ പാകത്തിലുള്ള ഊര്‍ജോത്പാദനം സാധ്യമാക്കും അമേരിക്കയുമായുണ്ടാക്കുന്ന കരാര്‍ എന്നായിരുന്നു രാഹുലിന്റെ വാദം. അവതരണത്തിലെ മികവില്ലായ്മ കൊണ്ടാണ് അന്ന് ആ പ്രസംഗം ശ്രദ്ധിക്കപ്പെട്ടത്. ഉദ്ദിഷ്ട ഫലസിദ്ധിയുണ്ടായതുമില്ല.

കോണ്‍ഗ്രസിനെ നയിക്കാന്‍ രാഹുല്‍ ഗാന്ധിക്ക് ത്രാണിയുണ്ടോ എന്ന ചോദ്യം പിന്നീട് പലകുറി രാജ്യത്തുയര്‍ന്നു. കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിക്കട്ടെ എന്ന് തീരുമാനിച്ച് ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വലിയ പരാജയം ഏറ്റുവാങ്ങിയപ്പോള്‍, നിയമസഭാ തെരഞ്ഞെടുപ്പുകൡ തുടര്‍ച്ചയായ തിരിച്ചടികളുണ്ടായപ്പോള്‍, ചരിത്രത്തിലെ ഏറ്റവും ദയനീയമായ അവസ്ഥയിലേക്ക് ലോക്‌സഭയില്‍ കോണ്‍ഗ്രസ് പാര്‍ട്ടി ചുരുങ്ങിയപ്പോള്‍ ഒക്കെ. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ രീതികള്‍ നിശ്ചയിക്കാനും അത് നടപ്പാക്കാനും പ്രൊഫഷണല്‍ ഏജന്‍സികളെ നിയോഗിച്ച്, നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ ബി ജെ പിയും സംഘ് പരിവാരവും പ്രചണ്ഡമായി രംഗത്തുവന്നപ്പോള്‍, തികഞ്ഞ ദുര്‍ബല ശബ്ദമായിരുന്നു രാഹുല്‍ ഗാന്ധി. വികസനത്തിന്റെ ഗുജറാത്ത് മാതൃക എന്ന വ്യാജത്തെ വസ്തുതയായി രാജ്യത്തിന് മുന്നില്‍ അവതരിപ്പിച്ചപ്പോഴും ഗുജറാത്ത് വംശഹത്യാ ശ്രമത്തിലും അവിടെ അരങ്ങേറിയ വ്യാജ ഏറ്റുമുട്ടലുകളിലും തന്റെ പങ്കിനെക്കുറിച്ചുള്ള ആരോപണങ്ങളെ നെഗറ്റീവ് പബ്ലിസിറ്റിയായി നരേന്ദ്ര മോഡി ഉപയോഗപ്പെടുത്തിയപ്പോഴും അതിനെ ചെറുക്കാന്‍ രാഹുലിനോ കോണ്‍ഗ്രസിലെ ഇതര നേതാക്കള്‍ക്കോ സാധിച്ചില്ല. യു പി എ സര്‍ക്കാറിന്റെ കണക്കില്‍പ്പെടുത്തപ്പെട്ട സഹസ്ര കോടികളുടെ അഴിമതി ആരോപണത്തില്‍ ഉലഞ്ഞു നിന്ന പാര്‍ട്ടിക്ക്, പ്രതിരോധം തീര്‍ക്കുക തികച്ചും ദുഷ്‌കരവുമായിരുന്നു.

ലോക്‌സഭയില്‍ ബി ജെ പി കേവല ഭൂരിപക്ഷം നേടുകയും ഏതാണ്ടെല്ലാ അധികാരങ്ങളും തന്നില്‍ തന്നെ കേന്ദ്രീകരിച്ച്, നരേന്ദ്ര മോഡി പ്രധാനമന്ത്രിയാകുകയും ചെയ്തതോടെ, ന്യൂന പ്രതിപക്ഷമായി മാറിയ കോണ്‍ഗ്രസിന്റെയും പ്രതിപക്ഷത്തെ ഇതര പാര്‍ട്ടികളുടെയും പ്രസക്തി ചോദ്യംചെയ്യപ്പെട്ടു. തുടര്‍ന്നുവന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ഡല്‍ഹിയിലും ബീഹാറിലും പഞ്ചാബിലുമൊഴികെ എല്ലായിടത്തും ബി ജെ പി അധികാരത്തിലെത്തിയതോടെ കോണ്‍ഗ്രസ് മുക്ത ഭാരതമെന്ന ബി ജെ പിയുടെ പ്രഖ്യാപനം ഏതാണ്ട് വാസ്തവമാകുമെന്ന തോന്നലാണ് സൃഷ്ടിക്കപ്പെട്ടത്. കോണ്‍ഗ്രസ് അധികാരം തിരിച്ചുപിടിച്ച പഞ്ചാബിലാകട്ടെ, അത് ക്യാപ്റ്റന്‍ അമരീന്ദറെന്ന നേതാവിന്റെ സംഘാടന മികവിന്റെ പട്ടികയില്‍ ചേര്‍ക്കപ്പെടുകയും ചെയ്തു. രാഹുല്‍ അടക്കം ദേശീയ നേതാക്കളെ അകറ്റി നിര്‍ത്തിയതും വിജയഹേതുവായി ചിത്രീകരിക്കപ്പെട്ടു. ഗോവയിലും മണിപ്പൂരിലും ഏറ്റവും വലിയ ഒറ്റക്കക്ഷിയായിട്ടും അധികാരം പിടിക്കാന്‍ സാധിക്കാതെ പോയത് കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ പിടിപ്പുകേടുമായി.
നരേന്ദ്ര മോഡിയുടെ ശബ്ദഘോഷവും വികാരതീവ്രതയോടെ അദ്ദേഹം നടത്തുന്ന പ്രഖ്യാപനങ്ങളും ജനശ്രദ്ധ പിടിച്ചുപറ്റിയതോടെ, ദേശത്ത് മറ്റൊരു നേതാവില്ലെന്ന പ്രതീതിയായി. യു പി എ സര്‍ക്കാരിന്റെ കാലത്ത് ആരംഭിച്ച പദ്ധതികള്‍ പേരുമാറ്റി അവതരിപ്പിക്കുക മാത്രമാണ് മോഡി ചെയ്യുന്നത് എന്ന കേവല വസ്തുത ജനത്തോട് പറയാന്‍ പോലും സാധിക്കാത്ത അവസ്ഥയിലേക്ക് കോണ്‍ഗ്രസ് മാറി. തിരിച്ചുവരവിന് സാധ്യതയില്ലാത്ത, ദിശാബോധം നല്‍കാന്‍ നേതൃത്വമില്ലാത്ത ആള്‍ക്കൂട്ടമെന്ന അവസ്ഥയിലേക്ക് കോണ്‍ഗ്രസ് എത്തുമെന്നും മോദി സംഘത്തെ എതിര്‍ക്കാന്‍ ശേഷിയുള്ള പ്രതിപക്ഷനിരയുണ്ടാകില്ലെന്നുമുള്ള വിലയിരുത്തലിന് മേല്‍ക്കൈ ലഭിക്കുന്നതായിരുന്നു ഏതാനും മാസം മുമ്പ് വരെയുള്ള അന്തരീക്ഷം. ബീഹാറില്‍ മഹാസഖ്യം തകര്‍ത്ത്, ബി ജെ പി പാളയത്തിലേക്ക് മടങ്ങാന്‍ നിതീഷ് തീരുമാനിച്ചത് ഈ വിലയിരുത്തലിന് കുറേക്കൂടി ബലം നല്‍കുകയും ചെയ്തു. രാജ്യത്തെ മാധ്യമങ്ങളില്‍ മഹാഭൂരിപക്ഷവും മോഡിസ്തുതിപാഠകരായി മാറിയത്, ഈ അന്തരീക്ഷ സൃഷ്ടിയില്‍ വലിയ പങ്ക് വഹിച്ചിരുന്നു.
നരേന്ദ്ര മോഡി അധികാരത്തിലേറി മൂന്നര വര്‍ഷം പിന്നിടുമ്പോള്‍ കാര്യങ്ങള്‍ മാറിമറിയാന്‍ തുടങ്ങുകയാണ്. രാജ്യം വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുന്നുവെന്ന്, സര്‍ക്കാര്‍ കണക്കുകള്‍ തന്നെ സാക്ഷ്യം പറഞ്ഞപ്പോള്‍ പ്രഖ്യാപനഘോഷങ്ങളും വീരവാദങ്ങളും കൊണ്ട് വീര്‍പ്പിച്ച കുമിള പൊട്ടുകയാണ്. ഈ പ്രതിസന്ധിക്ക് മുന്‍ സര്‍ക്കാരുകളെ കുറ്റം പറയേണ്ടതില്ലെന്ന് ബി ജെ പിയിലെ തന്നെ മുതിര്‍ന്ന നേതാക്കള്‍ തുറന്നുപറയുക കൂടി ചെയ്യുമ്പോള്‍ കോണ്‍ഗ്രസിന് പുതിയ അവസരം കൈവന്നിരിക്കുന്നു. അതു മുതലെടുക്കാന്‍ പാകത്തിലേക്ക് കരുത്താര്‍ജിക്കുകയാണെന്ന പ്രതീതി ആ പാര്‍ട്ടിയും അതിന്റെ നേതാവും പ്രകടിപ്പിക്കുകയും ചെയ്യുന്നു.

ഐ ഐ സി സി ജനറല്‍ സെക്രട്ടറിയായിരുന്ന രാഹുല്‍ ഗാന്ധി വൈസ് പ്രസിഡന്റായ ശേഷം ഉള്‍പ്പാര്‍ട്ടി ജനാധിപത്യം കര്‍ശനമാക്കാന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടിരുന്നില്ല. സംഘടനയെ ശക്തിപ്പെടുത്താന്‍ നടത്തിയ ശ്രമങ്ങള്‍ ഫലം കാണാതിരുന്നത്, പാര്‍ട്ടി പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുന്നതില്‍ നിന്ന് രാഹുലിനെ തടയുകയും ചെയ്തു. രാഹുലിന് പാര്‍ട്ടിയെ നയിക്കാന്‍ സാധിക്കുമോ എന്ന ശങ്ക പ്രവര്‍ത്തകരിലും നേതാക്കളിലും വളര്‍ത്താന്‍ ഇത് കാരണമായി. എന്നാല്‍ മോഡിയുടെ പൊള്ളത്തരങ്ങള്‍ ഒരിടത്ത്, തകരാന്‍ തുടങ്ങിയത് പാര്‍ട്ടി അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാന്‍ താന്‍ സന്നദ്ധനാണെന്ന പ്രഖ്യാപനം നടത്താന്‍ രാഹുലിന് ശക്തി നല്‍കിയിട്ടുണ്ട്. ഇത് കോണ്‍ഗ്രസിന് നല്‍കുന്ന ഊര്‍ജം ചെറുതല്ല. അതിന് ഏറ്റവും നല്ല ഉദാഹരണം ഗുജറാത്ത് തന്നെയാണ്.

രണ്ട് ദശകമായി ബി ജെ പി ഭരിക്കുന്ന സംസ്ഥാനമാണ് ഗുജറാത്ത്. വംശഹത്യാ ശ്രമവും വ്യാജ ഏറ്റുമുട്ടലുകളും സൃഷ്ടിച്ച ഭീതിയുടെ അന്തരീക്ഷം മുതലെടുത്ത്, അവര്‍ അധികാരത്തുടര്‍ച്ച സൃഷ്ടിച്ച ഇടം. അടുത്ത് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഗുജറാത്തില്‍ രാഹുല്‍ ഗാന്ധി നടത്തിയ പര്യടനം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. വികസനത്തിന്റെ ഗുജറാത്ത് മാതൃകയെ അപഹസിച്ച്, വലിയ പ്രചാരണം ഇതിനകം തന്നെ അവിടെ ആരംഭിച്ചിട്ടുണ്ട്. ഏതെങ്കിലും രാഷ്ട്രീയപാര്‍ട്ടിയുടെ മുന്‍കൈയിലല്ല ഇതെന്നതാണ് പ്രത്യേകം ശ്രദ്ധേയം. രണ്ട് ദശകത്തിലധികം നീണ്ട ഗുജറാത്തിലെ ബി ജെ പി ഭരണത്തിനെതിരായ വികാരം, ഭയത്തിന്റെ തടവറ ഭേദിച്ച് പുറത്തെത്തിച്ചത് അവിടുത്തെ യുവാക്കളാണ്. അതിനെ അഭിസംബോധന ചെയ്യാന്‍ കഴിവുള്ള നേതാവായി താന്‍ മാറിയിരിക്കുന്നുവെന്ന് രാഹുല്‍ തെളിയിക്കുന്ന കാഴ്ചയാണ് ഗുജറാത്തിലെ തെരുവുകളില്‍ കണ്ടത്. ബി ജെ പിയില്‍ നിന്ന് അകന്ന പട്ടേല്‍ സമുദായത്തെ സവിശേഷമായി അഭിമുഖീകരിക്കാനും രാഹുല്‍ തയാറായി. രാജ്യസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പിളര്‍ത്തി, തളര്‍ത്താന്‍ അമിത് ഷായുടെ നേതൃത്വത്തില്‍ വലിയ ശ്രമമുണ്ടായി അധികം വൈകാതെയാണ് ഇതെന്നത് പ്രത്യേകം ശ്രദ്ധിക്കണം. ഗുജറാത്ത് കോണ്‍ഗ്രസിനോട് കാട്ടുന്ന ആഭിമുഖ്യം, തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചാല്‍ രാജസ്ഥാന്‍, മധ്യപ്രദേശ് എന്നിവിടങ്ങളിലേക്ക് പടരാന്‍ അധികസമയം വേണ്ടിവരില്ല. അതിന് പാകത്തിലുള്ള സാമൂഹിക അന്തരീക്ഷം അവിടെയുണ്ട്. കര്‍ഷകരുടെ അതൃപ്തിയാണ് അതില്‍ പ്രധാനം. സാമ്പത്തിക മുരടിപ്പ്, കച്ചവടക്കാരിലും ചെറുകിട – ഇടത്തരം വ്യവസായികളിലും സൃഷ്ടിക്കാനിടയുള്ള അതൃപ്തിയും കോണ്‍ഗ്രസിന് മുതലെടുക്കാന്‍ സാധിക്കും. വലിയ മാന്ദ്യത്തെ മറികടക്കാന്‍ പാകത്തില്‍ നയങ്ങള്‍ ആവിഷ്‌കരിച്ച് നടപ്പാക്കിയ പാര്‍ട്ടിയും സര്‍ക്കാറുമെന്ന ഖ്യാതി, ഇത്തരക്കാരെ വേഗത്തില്‍ കോണ്‍ഗ്രസിലേക്ക് ആകര്‍ഷിക്കാന്‍ സാധ്യതയുമുണ്ട്.

ജനപിന്തുണ തിരികെപ്പിടിക്കാനുള്ള വജ്രായുധം രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി തന്നെയാണെന്ന് തിരിച്ചറിയുന്നുവെന്നതാണ്, പാര്‍ലമെന്റിലും പുറത്തും പരാജയം മാത്രം രുചിച്ചിരുന്ന രാഹുലിനെ ഇപ്പോള്‍ വ്യത്യസ്തനാക്കുന്നത്. അടുത്തിടെ നടത്തിയ അമേരിക്കന്‍ സന്ദര്‍ശനത്തില്‍ കാലിഫോര്‍ണിയ, പ്രിന്‍സ്റ്റണ്‍ സര്‍വകലാശാലകളിലും ന്യൂയോര്‍ക്കിലെ പ്രവാസികളുടെ സമ്മേളനത്തിലും സംസാരിക്കവെ, രാഹുല്‍ മുഖ്യമായും ഊന്നിയത് സാമ്പത്തിക പ്രശ്‌നങ്ങളിലായിരുന്നു, അതുണ്ടാക്കുന്ന ആഘാതത്തിന്റെ വ്യാപ്തിയിലായിരുന്നു. നരേന്ദ്ര മോഡിയെപ്പോലെ ആശയ വിനിമയം നടത്താന്‍ ശേഷിയുള്ള ആളല്ല താനെന്ന ആമുഖത്തോടെ തുടങ്ങിയ രാഹുല്‍, സാമ്പത്തിക പ്രതിസന്ധിയുടെ ആഴവും അതുമൂലമുണ്ടാകുന്ന തൊഴിലില്ലായ്മയെക്കുറിച്ചും വിശദമായി സംസാരിച്ചു. ഈ വാക്കുകള്‍, പതിവില്‍ കവിഞ്ഞ പ്രാധാന്യത്തോടെ ഇന്ത്യയില്‍ വ്യവഹരിക്കപ്പെടുകയും ചെയ്തു. മോഡിയുടെ ഭാഷണത്തിന് വലിയ പ്രാധാന്യം ലഭിച്ചിരുന്ന സാഹചര്യത്തില്‍ നിന്നുള്ള മാറ്റമാണ് ഇത്. മൂന്നര വര്‍ഷത്തിനിടെ എതിര്‍ ശബ്ദത്തിന് പ്രാധാന്യം ലഭിക്കുന്നു, ആ ശബ്ദത്തെ കേള്‍ക്കേണ്ടതുണ്ടെന്ന തോന്നല്‍ സൃഷ്ടിക്കപ്പെടുന്നു.

പ്രിന്‍സ്റ്റണ്‍ സര്‍വകലാശാലയില്‍ സംസാരിക്കവെ നരേന്ദ്ര മോഡിയുടെ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയെ പ്രകീര്‍ത്തിക്കാന്‍ രാഹുല്‍ ഗാന്ധി മടി കാട്ടിയില്ല. ഈ പദ്ധതിയില്‍ ഊന്നല്‍ നല്‍കേണ്ടത്, ചെറുകിട – ഇടത്തരം വ്യവസായങ്ങളെയാണെന്ന് രാഹുല്‍ പറയുമ്പോള്‍, താനും പാര്‍ട്ടിയും അഭിമുഖീകരിക്കേണ്ട മണ്ഡലം ഏതെന്ന് മനസ്സിലാക്കിയ നേതാവിനെയാണ് പ്രിന്‍സ്റ്റണില്‍ കണ്ടത്. കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ സംസാരിക്കവെ ഇപ്പോഴത്തെ അവസ്ഥയിലേക്ക് കോണ്‍ഗ്രസിനെ എത്തിച്ചത്, ജനങ്ങളുമായുള്ള ബന്ധം നഷ്ടമായതാണെന്ന് രാഹുല്‍ പറഞ്ഞുവെച്ചു. രണ്ടാം യു പി എ സര്‍ക്കാറിന്റെ അവസാനത്തോടെ ധാര്‍ഷ്ട്യം കോണ്‍ഗ്രസിനെ പിടികൂടിയെന്ന് തുറന്ന് പറയാന്‍ അദ്ദേഹം മടിച്ചില്ല. ഗൗരവമേറിയ അഴിമതി ആരോപണങ്ങള്‍ നേരിടുമ്പോഴും പ്രായോഗിക രാഷ്ട്രീയത്തിലെ കണക്കുകൂട്ടലുകളില്‍ അഭിരമിച്ച്, തുടര്‍ന്നും അധികാരത്തിലെത്തുമെന്ന മിഥ്യാധാരണ നേതാക്കളിലും പ്രവര്‍ത്തകരിലും വളര്‍ന്നുവെന്ന തിരിച്ചറിവ് രാഹുലിന് ഉണ്ടായിട്ടുണ്ടെന്ന് ചുരുക്കം. ഈ തിരിച്ചറിവാണ് ഗുജറാത്തിലെ തെരുവുകളിലെ ജനക്കൂട്ടത്തെ സൃഷ്ടിച്ചതിന് ഒരു കാരണം.

രാജ്യത്ത് ഉണ്ടായിരിക്കുന്ന അധികാരകേന്ദ്രീകരണവും അതുണ്ടാക്കിയ ദോഷവും മനസ്സിലാക്കുന്നുവെന്നതും രാഹുലിന്റെ ദുര്‍ബല ശബ്ദത്തെ (മോഡിയുടേതുമായുള്ള താരതമ്യത്തില്‍ മാത്രം) ശ്രദ്ധേയമാക്കുന്നുണ്ട്. കോണ്‍ഗ്രസിന് അവസരമുണ്ടായാല്‍ അതൊരു റിമോട്ട് കണ്‍ട്രോള്‍ ഭരണമാകില്ലെന്ന് ഗുജറാത്തിലെ ജനങ്ങള്‍ക്ക് വാക്കുനല്‍കുന്നത് അതുകൊണ്ടാണ്. കര്‍ഷകരുടെ, പാവപ്പെട്ടവരുടെ, യുവാക്കളുടെ, വ്യവസായികളുടെ ഒക്കെ അഭിപ്രായം തേടിയുള്ള ഭരണമായിരിക്കുമെന്നത്, വാഗ്ദാനമെന്ന നിലയ്ക്ക് പോലും ജനങ്ങളില്‍ വിശ്വാസമുളവാക്കാന്‍ പോന്നതാണ്. നിലവിലെ സാഹചര്യത്തില്‍ സാമ്പത്തിക പ്രതിസന്ധി മറികടക്കുക എന്നത് നരേന്ദ്ര മോഡി സര്‍ക്കാറിനെ സംബന്ധിച്ച് അത്ര എളുപ്പമല്ല. കാര്യങ്ങള്‍ കൂടുതല്‍ പ്രതിസന്ധിയിലേക്ക് നീങ്ങുമെന്നാണ് എല്ലാ സൂചികകളും നല്‍കുന്ന മുന്നറിയിപ്പ്. കോണ്‍ഗ്രസിന് കുറേക്കൂടി ആത്മവിശ്വാസത്തോടെ ജനത്തെ സമീപിക്കാന്‍ പാകത്തിലുള്ള അന്തരീക്ഷം സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. തീവ്ര ഹിന്ദുത്വ അജണ്ടകള്‍ നടപ്പാക്കാന്‍ നരേന്ദ്ര മോഡി സര്‍ക്കാറും വര്‍ഗീയ വിദ്വേഷം വളര്‍ത്തിയെടുക്കാന്‍ സംഘ്പരിവാര സംഘടനകളും നടത്തുന്ന ശ്രമങ്ങളില്‍ അതൃപ്തിയുള്ള വലിയൊരു വിഭാഗത്തിന്റെ മുന്‍ഗണനയായി കോണ്‍ഗ്രസും രാഹുലും എത്തുക കൂടി ചെയ്താല്‍, ജനാധിപത്യത്തിനും ബഹുസ്വര സമൂഹത്തിനും ആശക്ക് വകയുണ്ട്.
വമിപ്പിക്കപ്പെടുന്ന വര്‍ഗീയ വിഷത്തിനും അതിനെ സാധൂകരിക്കാന്‍ ഉപയോഗിക്കുന്ന വ്യാജ ദേശീയതക്കും കപട രാജ്യ സ്‌നേഹത്തിനും മുകളിലാണ് ജീവിക്കാനുള്ള അവകാശമെന്ന് ജനം തിരിച്ചറിയാന്‍ തുടങ്ങിയിരിക്കുന്നു. അത് കോണ്‍ഗ്രസും അതിന്റെ അധ്യക്ഷസ്ഥാനത്തേക്ക് വൈകാതെ എത്തുമെന്ന് പ്രതീക്ഷിക്കുന്ന നേതാവും മനസ്സിലാക്കുന്നുണ്ട്. സംഘ്പരിവാരത്തെയോ ഏകാധിപത്യസ്വഭാവം പുലര്‍ത്തുന്ന മോഡിയെയോ വെല്ലുവിളിക്കാന്‍ പാകത്തിലേക്ക് അതെത്തി എന്ന് അര്‍ത്ഥമില്ല. തുറന്ന് കിട്ടിയ സാധ്യത ഉപയോഗപ്പെടുത്താന്‍ പാകത്തിലേക്ക് കോണ്‍ഗ്രസ് ഉണരുന്നുണ്ട് എന്നു മാത്രം. എതിര്‍ ശബ്ദങ്ങള്‍ക്ക് പ്രസക്തിയില്ലാത്ത കാലം അവസാനിക്കുകയാണ്.
രാജീവ് ശങ്കരന്‍

You must be logged in to post a comment Login