അഭയാര്‍ത്ഥി പ്രവാഹത്തിന്റെ മതവും രാഷ്ട്രീയവും

അഭയാര്‍ത്ഥി പ്രവാഹത്തിന്റെ മതവും രാഷ്ട്രീയവും

no one leaves home unless
home is the mouth of a shark
you only run for the border
when you see the whole city running as well

Warsan shire
(kenyan born samali poet)

എന്താണ് കുടിയേറ്റം (Migration)? എന്താണ് അഭയാര്‍ത്ഥിത്വം (Refugee)? ഈ രണ്ട് പദങ്ങളും പര്യായങ്ങളാണോ? അതോ വ്യത്യസ്തമായ അര്‍ത്ഥങ്ങളുള്ളവയോ? രണ്ടും പുറപ്പെട്ട് പോകലാണെങ്കിലും ഇവ വ്യത്യസ്ത അവസ്ഥകളാണ്. കുടിയേറ്റം സ്വാഭാവികമായ പ്രക്രിയയാകുന്നു. മെച്ചപ്പെട്ട ജീവിതം തേടി മനുഷ്യന്‍ സ്വമേധയാ നടത്തുന്ന പുറപ്പാടുകളാണ് അവ. സാഹചര്യത്തിന്റെ സമ്മര്‍ദങ്ങളുണ്ടാകാം. തൊഴില്‍പരമോ സാമ്പത്തികമോ ആയ പ്രതിസന്ധികള്‍ അനുഭവിക്കുന്നുണ്ടാകാം. പ്രകൃതി ക്ഷോഭങ്ങളും കാരണമാകാം. അതുകൊണ്ട് അനുകൂല സാഹചര്യം തേടി മനുഷ്യന്‍ അലയുന്നു. സ്വയം തിരഞ്ഞെടുത്ത വഴിയാണ് കുടിയേറ്റത്തിന്റേത്. ദേശാടന പക്ഷികളെപ്പോലെ. മാനവചരിത്രം തന്നെ കുടിയേറ്റത്തിന്റേതാണ്.
അഭയാര്‍ത്ഥിയായിത്തീരുന്നത് ആഴത്തിലുള്ള വേദനയാണ്. സ്വന്തം മണ്ണില്‍ കാലൂന്നി നില്‍ക്കാനാകാതെ തകര്‍ന്നടിയുന്ന അവസ്ഥയാണ് അത്. യുദ്ധം, ആഭ്യന്തര സംഘര്‍ഷം തുടങ്ങിയവ ജീവിതം അസാധ്യമാക്കി ത്തീര്‍ത്ത ഇടങ്ങളില്‍ നിന്നാണ് അവര്‍ വരുന്നത്. വംശം, മതം, സംസ്‌കാരം തുടങ്ങിയ സ്വത്വബോധങ്ങള്‍ ക്രൂരമായി ആക്രമിക്കപ്പെടുമ്പോഴാണ് അവര്‍ അഭയം തേടിയിറങ്ങുന്നത്. മരിക്കാന്‍ പേടിയുള്ളത് കൊണ്ട് മാത്രമാണ് അവര്‍ നാടുവിടുന്നത്. ജീവന്‍ നിലനിര്‍ത്തണമെന്നേ അഭയാര്‍ത്ഥിക്കുള്ളൂ. നിയമവിരുദ്ധമായ അഭയാര്‍ത്ഥി എന്നൊന്ന് ലോകത്തില്ലെന്നാണ് ഇതുസംബന്ധിച്ച യു എന്‍ കണ്‍വെന്‍ഷന്‍ പറയുന്നത്. അഭയാര്‍ത്ഥിയെ സൃഷ്ടിക്കുന്നത് ശാക്തിക ബലാബലത്തില്‍ മേല്‍ക്കൈ നേടിയവരാണ്. അവരുടെ ഇടപെടലുകളാണ് ജനപഥങ്ങളെ പാഴ്ഭൂമിയാക്കുന്നത്. മനുഷ്യനിര്‍മിതമായ പ്രതിസന്ധിയാണ് അത്. 21 ദശലക്ഷത്തിലധികം പേരാണ് അഭയാര്‍ത്ഥികളായി വിവിധ രാജ്യങ്ങളില്‍ കഴിയുന്നതെന്ന് യു എന്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. സ്വന്തം രാജ്യത്തെ ക്യാമ്പുകളില്‍ കഴിയുകയെന്ന ആഭ്യന്തര അഭയാര്‍ത്ഥിത്വം വേറെയും.

അഭയാര്‍ത്ഥി പ്രവാഹവും കുടിയേറ്റവും പാശ്ചാത്യ ലോകത്തെ ഏറ്റവും ചൂടേറിയ രാഷ്ട്രീയ വിഷയമായി പരിണമിച്ചിരിക്കുന്നു. കുടിയേറ്റത്തിന് വിധേയമാകാത്ത ഒരു രാഷ്ട്രവും ഭൂമുഖത്തില്ല. അമേരിക്കയെപ്പോലെയുള്ള രാജ്യങ്ങളെ സൃഷ്ടിച്ചത് തന്നെ കുടിയേറ്റമാണ്. ആര്‍ക്കും തടയാനാകാത്ത മഹാപ്രവാഹമായി മനുഷ്യരുടെ പലായനങ്ങള്‍ സംഭവിച്ചു കൊണ്ടേയിരിക്കുന്നു. ഈ വസ്തുത അംഗീകരിച്ചു കൊണ്ട് മാത്രമേ ഇനി ദേശ രാഷ്ട്രങ്ങള്‍ക്ക് നിലനില്‍ക്കാനാകൂ. തീവ്രദേശീയ വികാരം കത്തിക്കുന്നവര്‍ പോലും ഈ യാഥാര്‍ത്ഥ്യം തിരിച്ചറിയുന്നുണ്ട്. മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ കൂറ്റന്‍ മതില്‍ കെട്ടുമെന്ന് പ്രഖ്യാപിച്ച് അധികാരത്തിലേറിയ ഡൊണാള്‍ഡ് ട്രംപിന് ഇപ്പോള്‍ മനസ്സിലാകുന്നുണ്ട് അതത്ര എളുപ്പമല്ലെന്ന്. മുസ്‌ലിം രാജ്യങ്ങളില്‍ നിന്ന് ഒരാളും ഇങ്ങോട്ട് വരേണ്ടെന്ന് ആക്രോശിച്ച ട്രംപിനെ അമേരിക്കന്‍ നീതിന്യായ സംവിധാനവും സ്റ്റേറ്റ് ഭരണകൂടങ്ങളും തിരുത്തിക്കൊണ്ടിരിക്കുന്നു. അപ്പോഴും മനുഷ്യരുടെ അടിസ്ഥാന പ്രശ്‌നങ്ങളെ മഴുവന്‍ വിസ്മൃതിയിലാക്കാന്‍ പാകത്തില്‍ കുടിയേറ്റത്തെയും അഭയാര്‍ത്ഥി പ്രവാഹത്തെയും വലിയ പ്രതിസന്ധിയായി അവതരിപ്പിക്കുന്നതില്‍ ലോകത്താകെയുള്ള തീവ്രവലതുപക്ഷ കക്ഷികള്‍ക്ക് സാധിക്കുന്നുണ്ട്. ബ്രിട്ടനില്‍ 2016ല്‍ നടന്ന ബ്രെക്‌സിറ്റ് ഹിതപരിശോധനയില്‍ യെസ് പക്ഷം വിജയിച്ചത് അങ്ങനെയാണ്. യൂറോപ്യന്‍ യൂനിയനില്‍ നിന്ന് ബ്രിട്ടനെ പുറത്തെത്തിക്കുന്നതിന് തെരേസാ മെയുടെ നേതൃത്വത്തിലുള്ള സംഘം മുന്നോട്ട് വെച്ച പല കാരണങ്ങളില്‍ ഏറ്റവും പ്രഹര ശേഷിയുള്ളത് അഭയാര്‍ത്ഥി പ്രവാഹം തന്നെയായിരുന്നു. അപകടകരമായ കുടിയേറ്റവിരുദ്ധതയും വംശീയതയും തീവ്രവലതുപക്ഷ അവബോധവുമാണ് ബ്രെക്സ്റ്റിലൂടെ വെന്നിക്കൊടി പാറിച്ചത്. ഏറ്റവും വിശാലമായ സാമ്രാജ്യത്വ ശക്തിയെന്ന നിലയില്‍ ബ്രിട്ടന്‍, കോളനിയാക്കി വെച്ച പ്രദേശങ്ങളില്‍ നിന്നെല്ലാം ആര്‍ജിച്ച സമ്പത്തിന്റെ ആത്മവിശ്വാസത്തിലാണ് ലോകത്തെ അഞ്ചാമത്തെ വലിയ സാമ്പത്തിക ശക്തിയായത്. അതുകൊണ്ട് തന്നെ ആ രാജ്യത്തിന്റെ അതിരുകള്‍ക്കകത്തേക്ക് മനുഷ്യര്‍ വന്നു കൊണ്ടിരിക്കുന്നത് അവകാശപ്പെട്ട പങ്കു ചോദിക്കലാണ്. ബ്രിട്ടന്റെ തൊഴില്‍ ഘടനയും സാമൂഹിക പരിരക്ഷാ സംവിധാനങ്ങളും ഇതര യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും കലാപ കലുഷിതമായ രാജ്യങ്ങളില്‍ നിന്നും മനുഷ്യരെ അങ്ങോട്ട് ആകര്‍ഷിക്കുന്നുവെങ്കില്‍ അത് ചരിത്രപരമായി ബ്രിട്ടന്‍ കൊടുത്തു തീര്‍ക്കേണ്ട കടം വീട്ടല്‍ മാത്രമാണ്. ഒരര്‍ത്ഥത്തില്‍ ബ്രിട്ടനെപ്പോലെയുള്ള രാജ്യങ്ങളെ ചലനാത്മകമാക്കിയിരുന്നത് ഈ മനുഷ്യപ്രവാഹങ്ങളായിരുന്നു. പക്ഷേ നവദേശീയവാദം അതിനെ അങ്ങനെയല്ല കണ്ടതും പ്രചരിപ്പിച്ചതും.

യൂറോപ്യന്‍ യൂനിയനില്‍ അംഗമായതുകൊണ്ടാണ് ഈ കുടിയേറ്റ പ്രവാഹം നടക്കുന്നതെന്നും ഇങ്ങനെ വരുന്നവര്‍ തങ്ങളുടെ സമ്പത്തിന്റെ നല്ല പങ്ക് ഒരു സംഭാവനയും തിരിച്ച് നല്‍കാതെ അടിച്ചു മാറ്റുകയാണെന്നും ബ്രെക്‌സിറ്റ് പക്ഷം വാദിച്ചു. മുതലാളിത്ത പ്രതിസന്ധിയുടെ ഭാഗമായി ബ്രിട്ടനിലും സംഭവിച്ച സാമ്പത്തിക പ്രതിസന്ധിയുടെ കാരണം കുടിയേറ്റമാണെന്ന് വരുത്തിത്തീര്‍ക്കാനാണ് ശ്രമിച്ചത്. അതുകൊണ്ട് കുടിയേറ്റ വിരുദ്ധതയും തീവ്രദേശീയതയും പെട്ടെന്ന് കത്തിപ്പടര്‍ന്നു. തങ്ങളുടെ ആപേക്ഷിക ദാരിദ്ര്യത്തിന്റെ കാരണം കുടിയേറ്റമാണെന്ന് സാധാരണക്കാരായ മനുഷ്യര്‍ തെറ്റുധരിക്കാന്‍ നിജല്‍ ഫറാഷിനെപ്പോലുള്ള നേതാക്കളുടെ പ്രചാരണം കാരണമായി. യൂറോപ്യന്‍ യൂനിയനില്‍ തുടര്‍ന്നാല്‍ കൂടുതല്‍ അഭയാര്‍ത്ഥികളെ സ്വീകരിക്കേണ്ടി വരുമെന്നും ഇത് രാജ്യത്ത് തീവ്രവാദ പ്രവണത വര്‍ധിക്കുന്നതിന് കാരണമാകുമെന്നും ലീവ് (യൂറോപ്യന്‍ യൂനിയന്‍ വിടണമെന്ന് വാദിക്കുന്ന) പക്ഷം വാദിച്ചു. ലണ്ടന്‍ മുന്‍ മേയര്‍ ബോറിസ് ജോണ്‍സന്റെ മിക്ക പ്രഭാഷണങ്ങളിലും ഈ വാദമാണ് നിറഞ്ഞുനിന്നിരുന്നത്. ഇത് സാധാരണക്കാരെ വലിയ തോതില്‍ സ്വാധീനിച്ചു. പ്രത്യേകിച്ച് ഇസില്‍ തീവ്രവാദികള്‍ ഉയര്‍ത്തിയ ഭീതിയുടെ പശ്ചാത്തലത്തില്‍ അഭയാര്‍ത്ഥികളെ മുഴുവന്‍ അപകീര്‍ത്തിപ്പെടുത്തുന്ന വിദ്വേഷ പ്രചാരണത്തിന് മേല്‍ക്കൈ ലഭിച്ചു. ഏതെങ്കിലും ഒരു ഇ യു അംഗരാജ്യത്ത് കര പറ്റുന്ന അഭയാര്‍ത്ഥികള്‍ക്ക് വലിയ നിയന്ത്രണങ്ങളില്ലാതെ മറ്റു രാജ്യങ്ങളിലേക്ക് പോകാമെന്ന സാധ്യതയാണ് യൂനിയന്‍ മുന്നോട്ടുവെച്ചിരുന്നത്. ബ്രിട്ടന്‍ യൂനിയനില്‍ നിന്ന് പുറത്ത് പോകുന്നതോടെ അവിടേക്കുള്ള ഈ സാധ്യത നിലയ്ക്കുന്നു.
ജര്‍മനിയില്‍ ഈയിടെ നടന്ന തിരഞ്ഞെടുപ്പില്‍ ചാന്‍സിലര്‍ ആഞ്ചലാ മെര്‍ക്കലിന്റെ പാര്‍ട്ടി തത്കാലം വലിയ പരുക്കില്ലാതെ രക്ഷപ്പെട്ടെങ്കിലും അവിടെ ആള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മനി എന്ന നാസി സ്വഭാവമുള്ള പാര്‍ട്ടി നേടിയ സീറ്റുകള്‍ ആശങ്ക പടര്‍ത്തുന്നതാണ്. ആള്‍ട്ടര്‍നേറ്റീവ് 12 ശതമാനം വോട്ട് നേടി ഇതാദ്യമായി പാര്‍ലമെന്റായ ബുന്‍ഡസ്റ്റാഗില്‍ ഇടം പിടിച്ചു. അഞ്ച് ശതമാനത്തിലധികം വോട്ട് നേടിയാല്‍ മാത്രമേ ഒരു പാര്‍ട്ടിക്ക് പാര്‍ലമെന്റില്‍ അംഗത്വം ലഭിക്കുകയുള്ളൂ എന്നതാണ് ജര്‍മന്‍ ചട്ടം. സമീപകാലത്ത് അഭയാര്‍ത്ഥി വിഷയത്തില്‍ ഏറ്റവും മനുഷ്യത്വപരമായ സമീപനം കൈകൊണ്ട നേതാവാണ് ആഞ്ചലാ മെര്‍ക്കല്‍. അയ്‌ലന്‍ കുര്‍ദിയുടെ കണ്ണീര്‍ ചിത്രം ലോകത്തിന്റെ കണ്ണുതുറപ്പിക്കുന്നതിന് മുമ്പ് തന്നെ പരമാവധി അഭയാര്‍ത്ഥികളെ സ്വീകരിക്കുകയെന്ന വിശാല നിലപാടില്‍ അവര്‍ എത്തിച്ചേര്‍ന്നിരുന്നു. രാഷ്ട്രീയമായി ഈ നിലപാട് അവര്‍ക്ക് തിരിച്ചടി സമ്മാനിച്ചുവെന്നതാണ് വസ്തുത. ആള്‍ട്ടര്‍നേറ്റീവിനെ പോലുള്ള നവ നാസി പാര്‍ട്ടികള്‍ അഭയാര്‍ത്ഥികള്‍ക്കെതിരെ പ്രചണ്ഡ പ്രചാരണമാണ് അഴിച്ചു വിട്ടത്. ഈ പ്രചാരണം സാമാന്യ ജനങ്ങളെ സ്വാധീനിച്ചുവെന്ന് തന്നെയാണ് തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്. ഇക്കഴിഞ്ഞ പുതുവത്സരാഘോഷത്തിനിടെ പലയിടങ്ങളിലായി നടന്ന ലൈംഗികാതിക്രമങ്ങളെ അഭയാര്‍ത്ഥി സാന്നിധ്യവുമായി കൂട്ടിക്കെട്ടുന്നതില്‍ നവനാസികള്‍ വിജയിച്ചിരുന്നു. മുതലാളിത്ത സാമൂഹിക ക്രമത്തിന്റെ കൂടെപ്പിറപ്പായ അഴിഞ്ഞാട്ടങ്ങളെ രാഷ്ട്രീയമായി ഉപയോഗിക്കുകയെന്ന അതിബുദ്ധിയാണ് ജര്‍മനിയില്‍ അരങ്ങേറിത്. ഡിസംബര്‍ 31ന്റെ അവസാന മണിക്കൂറുകളില്‍ മിക്ക രാജ്യങ്ങളിലെയും നഗരങ്ങള്‍ ലക്കു കെടുമെന്നത് ഒരു സാമാന്യ സത്യമാണ്. പാശ്ചാത്യ നഗരങ്ങളിലാകുമ്പോള്‍ അതിന്റെ തീവ്രത കൂടും. അവിടെ ലൈംഗികമായ അഴിഞ്ഞാട്ടം കൂടി നടക്കും. അല്‍പ വസ്ത്രധാരിണികളായ സ്ത്രീകള്‍ മദ്യലഹരിയില്‍ ഒഴുകും. ഇങ്ങനെ ഉന്‍മത്ത ആഘോഷത്തിനിടെ ചില സ്ത്രീകളെ ഒരു സംഘം പുരുഷന്മാര്‍ കയറിപ്പിടിച്ചുവെന്നതാണ് കേസ്. കൊളോഗനില്‍ നിന്നാണ് സംഭവം പ്രധാനമായും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. പ്രാദേശിക വാര്‍ത്ത മാത്രമായി ഒതുങ്ങേണ്ട സംഭവം. പക്ഷേ രണ്ട് ദിവസം കഴിഞ്ഞ് പുറത്തുവന്ന വാര്‍ത്ത മറ്റൊന്നായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നൂറ് പേരില്‍ തൊണ്ണൂറ് പേരും വിദേശികള്‍. അഥവാ കുടിയേറ്റക്കാര്‍. ഇവരുടെ നാടും മതവും തിരിച്ചുള്ള കണക്കും വന്നു. സിറിയ, ഇറാഖ്, ആഫ്രിക്കന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് മിക്കവരും. മതത്തിന്റെ കോളത്തില്‍ മുസ്‌ലിമും. തീവ്രവലതുപക്ഷ, കുടിയേറ്റവിരുദ്ധ ഗ്രൂപ്പുകള്‍ക്ക് ഇത് മതിയായിരുന്നു. അവര്‍ വന്‍ വംശീയ പ്രചാരണം അഴിച്ചു വിട്ടു. അഭയാര്‍ത്ഥികള്‍ ജര്‍മനിയുടെ സൈ്വര ജീവിതം തകര്‍ക്കുമെന്നും അവരുടെ ലൈംഗിക അതൃപ്തി രാജ്യത്തെ സ്ത്രീകളെ അരക്ഷിതരാക്കുമെന്നും ആക്രോശിച്ചു. സാധാരണ നടക്കുന്ന മോഷണങ്ങള്‍ പോലും വലിയ വാര്‍ത്തകളായി പരിണമിച്ചു. മൊത്തം കണക്കെടുത്ത് കുടിയേറ്റ പ്രവാഹത്തിന് ശേഷം മോഷണ സംഭവങ്ങള്‍ പെരുകിയെന്ന് വ്യാഖ്യാനം വന്നു. ഓരോ മോഷണത്തിലെയും പ്രതികളുടെ വേരുകള്‍ ചികഞ്ഞു. മതമേത്? പൗരത്വമെന്ത് എന്ന ചോദ്യം പെരുകി. കുടിയേറ്റക്കാര്‍ക്ക് മുന്നില്‍ വാതിലുകള്‍ തുറന്ന് വെച്ച മെര്‍ക്കലിനെ കടന്നാക്രമിക്കാനുള്ള ആയുധമായി നവനാസികള്‍ കൊളോഗനെ ഉപയോഗിച്ചു. അഭയം തേടിയെത്തിയ മുഴുവന്‍ മനുഷ്യരും സംശയത്തിന്റെ നിഴലിലായി. അവരെ ആക്രമിക്കുന്നത് പതിവായി. ആഭ്യന്തര സമ്മര്‍ദം മറികടക്കാനാകാതെ ആംഗെലാ മെര്‍ക്കല്‍ തന്റെ നിലപാട് കര്‍ക്കശമാക്കിയപ്പോള്‍ തീവ്രവലതുപക്ഷ ഗ്രൂപ്പുകളുടെ കുടില തന്ത്രം ഫലം കാണുകയായിരുന്നു.

അഭയാര്‍ത്ഥികള്‍ക്കൊപ്പം തീവ്രവാദികളും നുഴഞ്ഞ് കയറുന്നുണ്ടെന്ന യൂറോപ്യന്‍ പൊതു ബോധത്തിന് പാരീസ് ആക്രമണം പകര്‍ന്ന ഊര്‍ജം വളരെ വലുതായിരുന്നു. മുഴുവന്‍ അഭയാര്‍ത്ഥികളും ബോംബ് വാഹകരാണെന്ന മട്ടിലുള്ള ചാപ്പ കുത്തലുകള്‍ പാരീസിന് ശേഷം ശക്തമായി. വരുന്നത് മുഴുവന്‍ ക്രിമിനലുകളാണെന്ന് തന്നെയാണ് പ്രചരിപ്പിക്കപ്പെടുന്നത്. വംശശുദ്ധി, യൂറോപ്യന്‍ മൂല്യം, ഭാഷാ ഉത്കൃഷ്ടതാവാദം തുടങ്ങിയ ശാഠ്യങ്ങള്‍ വെച്ചു പുലര്‍ത്തുന്നവരാണ് പൊതുവെ യൂറോപ്യര്‍. പുതിയ പ്രൊപ്പഗാന്റ പൊളിറ്റിക്‌സ് ഇത്തരം എല്ലാ അഹങ്കാരങ്ങളെയും ജ്വലിപ്പിച്ചുനിര്‍ത്തുന്നു. ഹിറ്റ്‌ലര്‍ ആട്ടിയോടിച്ച ജൂതന്മാര്‍ക്ക് ഇടം നല്‍കിയ ഉദാര ജനാധിപത്യത്തിന്റെ യൂറോപ്യന്‍ മാതൃക അസ്തമിച്ചു കൊണ്ടിരിക്കുകയാണ്. മനുഷ്യര്‍ അതിര്‍ത്തി കടന്നുവരുമ്പോള്‍ മാനവവിഭവശേഷിയാണ് വന്നുചേരുന്നതെന്ന വസ്തുത മറയ്ക്കപ്പെടുന്നു. മനുഷ്യര്‍ വായും വയറുമായി മാത്രമല്ല വരുന്നത്. കൈകളും തലച്ചോറും കൂടി അവര്‍ കൊണ്ടുവരുന്നുണ്ട്. അയ്‌ലന്‍ കുര്‍ദിയെന്ന മൂന്നുവയസ്സുകാരന്‍ തുര്‍ക്കി തീരത്തെ മണലില്‍ മുഖം പൂഴ്ത്തി ഉറങ്ങും പോലെ മരിച്ചു കിടക്കുന്ന ഒറ്റച്ചിത്രം അഭയാര്‍ത്ഥി പ്രതിസന്ധിയെ ഹൃദയഭേദകമായി പോയ വര്‍ഷത്തിന്റെ ഒടുവില്‍ ലോകത്തിന്റെ ശ്രദ്ധയിലേക്ക് കൊണ്ടു വന്നെങ്കില്‍ ആ കുഞ്ഞുടലിനെപ്പോലും അപഹസിക്കുന്ന പുതിയ കാര്‍ട്ടൂണ്‍ വരക്കുന്ന ഷാര്‍ളി ഹെബ്‌ദോയെയാണ് ഈ വര്‍ഷം തുടക്കത്തില്‍ കണ്ടത്. യൂറോപ്പ് അതിന്റെ എല്ലാ തരം ലിബറല്‍ മൂല്യങ്ങളില്‍ നിന്നും ഉള്‍ക്കൊള്ളല്‍ ശേഷിയില്‍ നിന്നും അതിവേഗം അകന്നുകൊണ്ടിരിക്കുകയാണ്. പകരം അവിടുത്തെ ജനസാമാന്യം രണ്ട് കൈയും നീട്ടി സ്വീകരിക്കുന്നത് വംശീയ വിദ്വേഷത്തില്‍ കെട്ടിപ്പടുത്ത പാര്‍ട്ടികളെയാണ്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ മിക്ക യൂറോപ്യന്‍ രാജ്യങ്ങളിലും തീവ്ര വലതു പക്ഷ പാര്‍ട്ടികള്‍ വിജയം കൊയ്യുന്നു.

അഭയാര്‍ത്ഥി പ്രവാഹവും അതുയര്‍ത്തുന്ന സാമ്പത്തിക, രാഷ്ട്രീയ പ്രശ്‌നങ്ങളും പുതിയ കാര്യമല്ല. അത് സിറിയയില്‍ നിന്ന് മാത്രമുള്ളതുമല്ല. ആഗോള പ്രതിസന്ധി തന്നെയാണ് അത്. രണ്ടാം ലോക മഹായുദ്ധം സൃഷ്ടിച്ച പ്രവാഹത്തെക്കാള്‍ രൂക്ഷമാണ് വര്‍ത്തമാന കാലം അനുഭവിക്കുന്ന പലായനങ്ങള്‍. പലയിടങ്ങളില്‍ നിന്ന് പല കാരണങ്ങള്‍ കൊണ്ട് മനുഷ്യര്‍ അപകടകരമായ പലായനങ്ങള്‍ക്ക് മുതിരുന്നു. മ്യാന്‍മറില്‍ നിന്ന് ബുദ്ധ തീവ്രവാദികളുടെ ക്രൂരമായ അടിച്ചമര്‍ത്തല്‍ ഭയന്ന് വെറും തോണിയില്‍ കടലിലേക്കിറങ്ങുന്ന റോഹിംഗ്യന്‍ മുസ്‌ലിംകളുടെ പലായനം ഇന്നും തുടരുകയാണ്. അമേരിക്കയുടെ ഇറാഖ് അധിനിവേശം 40 ലക്ഷം പേരെ അഭയാര്‍ത്ഥികളാക്കി മാറ്റി. ലിബിയയില്‍ അമേരിക്ക നടത്തിയ സായുധ ഇടപെടല്‍ ആ രാജ്യത്തെ അരാജകമാക്കി. സൊമാലിയ, എരിത്രിയ, നൈജീരിയ, ദക്ഷിണ സുഡാന്‍ എന്നിവിടങ്ങളില്‍ നിന്ന് അഭയാര്‍ത്ഥി പ്രവാഹം ശക്തമാണ്. അഫ്ഗാനിസ്ഥാന്‍, പാകിസ്താന്‍, ബംഗ്ലാദേശ്, മധ്യ അമേരിക്കയിലെ ചില രാജ്യങ്ങള്‍ എന്നിവയില്‍ നിന്നെല്ലാം പുറപ്പാടുകള്‍ നടക്കുന്നു. ദാരിദ്ര്യം, യുദ്ധം, വംശീയത, ആഭ്യന്തര സംഘര്‍ഷം, രാഷ്ട്രീയ അടിച്ചമര്‍ത്തല്‍, മതവിവേചനം എന്നിങ്ങനെയുള്ള തലക്കെട്ടുകളില്‍ കാരണങ്ങളെ നിരത്താവുന്നതാണ്. ഈ കാരണങ്ങള്‍ തികച്ചും വ്യത്യസ്തമായ അളവിവും വ്യാപ്തിയിലുമാണ് ഓരോയിടത്തും അനുഭവപ്പെടുന്നത്. ഒരു സുരക്ഷയില്ലാതെ, ചെറുബോട്ടുകളിലും വള്ളങ്ങളിലും മെഡിറ്ററേനിയന്‍ കടല്‍കടന്ന് മൂന്നുലക്ഷത്തിലേറെപ്പേരാണ് 2016ല്‍ യൂറോപ്പിലെത്തിയത്. ഇവരില്‍ രണ്ടായിരത്തഞ്ഞൂറോളം പേര്‍ ബോട്ടുമുങ്ങിയും കടലില്‍ വീണും മരിച്ചു. 2014 മെയില്‍ കടല്‍ വഴി യൂറോപ്പിലെത്തിയത് 16,630 പേരായിരുന്നു. 2015 മെയില്‍ ഇത് 40,340 പേരാണ്. 2014 ജൂണില്‍ ഇത് 26,220 ആയിരുന്നു. 2016ല്‍ ഇതേ സമയത്ത് 43,460 പേരായി അത് കുതിച്ചുയര്‍ന്നു. യു എന്‍ അഭയര്‍ത്ഥി വിഭാഗം പുറത്തു വിട്ട കണക്കുകളാണ് ഇവ.
പുതിയ പ്രവാഹത്തിന്റെ 35 ശതമാനവും സിറിയയില്‍ നിന്നാണെന്നും യു എന്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. സിറിയയിലെ സ്ഥിതിഗതികള്‍ അങ്ങേയറ്റം സങ്കീര്‍ണമാണെന്ന് തെളിയിക്കുന്നതാണ് ഈ പ്രവാഹം. 2011ലെ മുല്ലപ്പൂ വിപ്ലവമെന്ന് വിളിക്കപ്പെട്ട ഭരണമാറ്റ പരമ്പരകള്‍ക്കും പ്രക്ഷോഭങ്ങള്‍ക്കുമിടയിലാണ് സിറിയയിലും ലിബിയയിലും അവിടങ്ങളിലെ ഭരണകൂടങ്ങള്‍ക്കെതിരെ സായുധ കലാപം തുടങ്ങിയത്. ടുണീഷ്യയിലും ഈജിപ്തിലും പ്രക്ഷോഭം ജനാധിപത്യപരമായിരുന്നുവെങ്കില്‍ സിറിയയിലും ലിബിയയിലും തീവ്രവാദ ഗ്രൂപ്പുകള്‍ തന്നെയാണ് തുടക്കത്തിലേ രംഗത്തുണ്ടായിരുന്നത്. ബ്രദര്‍ഹുഡ് പോലുള്ള അക്രമാസക്ത ഗ്രൂപ്പുകള്‍ തിരശ്ശീലക്ക് പിറകിലായിരുന്നു ടുണീഷ്യയിലും ഈജിപ്തിലും. ശിയാ അല്‍വൈറ്റ് വിഭാഗത്തില്‍ പെട്ട സിറിയന്‍ ഭരണാധികാരി ബശര്‍ അല്‍ അസദ് ഇറാനോടും ലബനാനിലെ ഹിസ്ബുല്ലയോടും റഷ്യ, ചൈന തുടങ്ങിയ യു എസ് വിരുദ്ധ ചേരിയോടും കൃത്യമായ അനുഭാവം പുലര്‍ത്തി. ഈ ചായ്‌വ് അമേരിക്കയുടെ നേതൃത്വത്തിലുള്ള സാമ്രാജ്യത്വ ചേരിയെ വലിയതോതില്‍ പ്രകോപിപ്പിച്ചു. സിറിയയില്‍ തുടങ്ങിയ അസദ് വിരുദ്ധ സായുധ മുന്നേറ്റത്തിന് അമേരിക്കയും കൂട്ടാളികളും പിന്തുണ പ്രഖ്യാപിച്ചത് ഈ അമര്‍ഷത്തിന്റെ തുടര്‍ച്ചയായാണ്. അന്നുസ്‌റ ഫ്രണ്ട്, അല്‍ഖാഇദ, ബ്രദര്‍ഹുഡ് തുടങ്ങി സര്‍വഗ്രൂപ്പുകള്‍ക്കും അവര്‍ ആയുധവും പണവും നല്‍കി. ഒരുഘട്ടത്തില്‍ നേരിട്ട് സൈനിക ഇടപെടലിന് തയാറാവുകയും ചെയ്തു. റഷ്യയാണെങ്കില്‍ അസദിനെ കൈയയച്ച് സഹായിച്ചു കൊണ്ടിരുന്നു. വന്‍ശക്തികള്‍ തമ്മിലുള്ള കിടമത്സരമാണ് സത്യത്തില്‍ സിറിയയെ ഇന്നത്തെ നിലയില്‍ എത്തിച്ചത്. ബശര്‍ അല്‍അസദ് ഭരണകൂടത്തിന്റെ പിടിവാശിയും അക്രമാസക്തതയും സിവിലിയന്‍മാര്‍ക്ക് നേരെ നടക്കുന്ന ക്രൂരതകളും കൂടിയാകുമ്പോള്‍ സിറിയ വാസയോഗ്യമല്ലാത്ത ഇടമായി മാറുകയായിരുന്നു. ഏറ്റവും ഒടുവില്‍ ഇസില്‍ സംഘം നരനായാട്ട് തുടങ്ങിയതോടെ സ്ഥിതിഗതികള്‍ വീണ്ടും സങ്കീര്‍ണമായി.
ജനസാന്ദ്രതക്കുറവും ജോലി ചെയ്ത് ജീവിക്കാനുള്ള സാഹചര്യവുമാണ് യൂറോപ്യന്‍ രാജ്യങ്ങളെ അഭയാര്‍ത്ഥികള്‍ക്ക് ആകര്‍ഷകമാക്കുന്നത്. സ്വന്തം രാജ്യത്തെയും അയല്‍ രാജ്യങ്ങളിലെയും അഭയാര്‍ഥി ക്യാമ്പുകളില്‍ നിന്നാണ് ഇവരില്‍ പലരും പലായനം ചെയ്യുന്നത്. സിറിയക്കാരുടെ കാര്യമെടുത്താല്‍ ലബനാനിലും തുര്‍ക്കിയിലുമൊക്കെ അവര്‍ക്ക് വിശാലമായ അഭയാര്‍ഥി ക്യാമ്പുകള്‍ ഉണ്ട്. ഈ ക്യാമ്പുകളില്‍ കഴിയുകയെന്നത് ജയിലില്‍ കഴിയുന്നതിന് സമാനമാണ്. പരിമിതമായ ഭക്ഷണം. സ്വകാര്യത എന്നൊന്നില്ല. വിദ്യാഭ്യാസ സൗകര്യമില്ല. ജോലിയില്ല. കൂലിയില്ല. ആഭ്യന്തരമായ പലായനങ്ങള്‍ക്കൊടുവിലാണ് ഇവര്‍ ഇത്തരം ക്യാമ്പുകളില്‍ എത്താറുള്ളത്. ഇവിടെ നിന്ന് പരിചയപ്പെടുന്ന മനുഷ്യക്കടത്തുകാര്‍ക്ക് സമ്പാദ്യത്തിന്റെ നല്ലൊരു പങ്ക് നല്‍കിയാണ് ദേശാന്തര പലായനത്തിന്റെ ദുരിതത്തിലേക്ക് ഇവര്‍ ഇറങ്ങിത്തിരിക്കുന്നത്.
ഒരു കാലത്ത് ഇങ്ങനെ വന്നെത്തുന്ന അഭയാര്‍ത്ഥികളെ സമ്പന്ന രാജ്യങ്ങള്‍ സ്വീകരിച്ചിരുന്നത് അവരുടെ സമ്പദ്‌വ്യവസ്ഥയെ ചലനാത്മകമാക്കുന്നതിനായിരുന്നു. ആളില്ലായ്മ അനുഭവിച്ചിരുന്ന ഈ രാജ്യങ്ങളിലെ തൊഴില്‍ ഘടനയിലേക്ക് ഈ അഭയാര്‍ത്ഥികള്‍ സ്വാഭാവികമായി തുന്നിച്ചേര്‍ക്കപ്പെട്ടു. അന്ന് ക്രിസ്ത്യന്‍ മതനേതൃത്വം അതിനെ സ്വാഗതം ചെയ്തത് മതപരിവര്‍ത്തനത്തിന്റെ സാധ്യത മുന്നില്‍കണ്ടായിരുന്നു. ഓരോ അഭയാര്‍ത്ഥിയും ഓരോ ഉപഭോക്താവാണെന്ന സാമ്പത്തിക പാഠവും ഈ രാജ്യങ്ങള്‍ ഉള്‍ക്കൊണ്ടു. ഹിറ്റ്‌ലറുടെ വംശ ശുദ്ധീകരണ ഘട്ടത്തില്‍ ജൂതന്‍മാരെ യൂറോപ്പ് സ്വീകരിച്ചതും ഈ നിലയിലായിരുന്നു. എന്നാല്‍ ഇന്ന് സ്ഥിതി വ്യത്യസ്തമാണ്. അഭയാര്‍ത്ഥികളെ അവര്‍ സംശയത്തോടെയാണ് കാണുന്നത്. തീവ്രവാദികള്‍ നുഴഞ്ഞുകയറുന്നുവെന്ന് യൂറോപ്പ് ഭയക്കുന്നു. അല്ലെങ്കില്‍ അത്തരമൊരു ഭയം സൃഷ്ടിക്കപ്പെടുന്നു. അഭയാര്‍ത്ഥി പ്രവാഹത്തെ രാഷ്ട്രീയമായി ഉപയോഗിക്കുക മാത്രമല്ല തീവ്രവാദി ആരോപണത്തിന്റെ ലക്ഷ്യം. മറിച്ച് അവര്‍ക്ക് മുന്നില്‍ അതിര്‍ത്തികള്‍ അടയ്ക്കുന്നതിനുള്ള ഒഴിവുകഴിവായി അത് മാറ്റിയെടുക്കുന്നു. എന്നാല്‍ ഇസില്‍ പോലുള്ള തീവ്രവാദി സംഘങ്ങള്‍ അഭയാര്‍ത്ഥികള്‍ക്കിടയില്‍ നുഴഞ്ഞുകയറിയതിനോ അഭയാര്‍ത്ഥികള്‍ക്കിടയില്‍ ഇത്തരം പ്രവണതകള്‍ ഉണ്ടെന്നതിനോ ഒരു തെളിവുമില്ലെന്ന് യു എന്‍ മനുഷ്യാവകാശ വിഭാഗം പ്രതിനിധി ബെന്‍ എമേഴ്‌സണ്‍ വ്യക്തമാക്കുന്നു.

ഇവിടെയാണ് അഭയാര്‍ത്ഥി പ്രവാഹത്തെ മുന്‍നിര്‍ത്തി തീവ്രവാദികളുടെ മതം ഒരിക്കല്‍ കൂടി ചര്‍ച്ചക്കെടുക്കേണ്ടത്. മുസ്‌ലിം ചിഹ്നങ്ങള്‍ ഉപയോഗിച്ച് രംഗപ്രവേശം ചെയ്യുന്ന മിക്ക തീവ്രവാദി സംഘങ്ങളുടെയും ആശ്രയ സ്രോതസ്സ് 18ാം നൂറ്റാണ്ടില്‍ രംഗപ്രവേശം ചെയ്ത വഹാബിസമാണ്. അതല്ലെങ്കില്‍ ഇഖ്‌വാനിസമോ മൗദൂദിസമോ ആണ്. തന്റെ ആശയ ആശ്രയം മുഹമ്മദ് ഇബ്‌നു അബ്ദുല്‍ വഹാബാണെന്ന് ഇസില്‍ മേധാവി അബൂബക്കര്‍ അല്‍ബഗ്ദാദി പല വട്ടം പറഞ്ഞിട്ടുണ്ട്. ലക്ഷക്കണക്കായ മനുഷ്യരെ കൊന്നു തള്ളിയും പാരമ്പര്യ ശേഷിപ്പുകളെ തകര്‍ത്തെറിഞ്ഞും ഭരണകൂടത്തെ ഉപയോഗിച്ചുമാണ് വഹാബിസം അതിന്റെ കുടില മതം സ്ഥാപിക്കാന്‍ ശ്രമിച്ചത്. മുഹമ്മദ് അസദും ഹാമിദ് അല്‍ഗാറുമടക്കമുള്ള നിരവധി എഴുത്തുകാര്‍ ഇക്കാര്യം പ്രതിപാദിച്ചിട്ടുണ്ട്. അന്ന് തുര്‍ക്കി ഖിലാഫത്ത് തകര്‍ക്കാന്‍ ബ്രിട്ടീഷ് സാമ്രാജ്യത്വം ഉപയോഗിച്ചത് വഹാബി സേനയെയായിരുന്നു. ഇന്ന് ഖിലാഫത്ത് സംജ്ഞ തന്നെ ഉപയോഗിച്ച് ഇസില്‍ രംഗപ്രവേശം ചെയ്യുന്നു. പാരമ്പര്യ വിശ്വാസത്തിന്റെ സൂചകങ്ങള്‍ തകര്‍ത്തെറിയുന്നു. മതമൂല്യങ്ങളെ വളച്ചൊടിക്കുന്നു. ഇസ്‌ലാമിക പാരമ്പര്യത്തിന് വിരുദ്ധമായ മതരാഷ്ട്ര വാദം മുന്നോട്ടുവെക്കുന്നു. ലോകത്തിനുമുന്നില്‍ കൃത്യമായ ബദല്‍ മുന്നോട്ടുവെക്കുന്ന യഥാര്‍ത്ഥ ഇസ്‌ലാമിന് പകരം ആര്‍ക്കും വ്യാഖ്യാനിച്ച് രസിക്കാവുന്ന പുതിയ മതത്തെയാണ് ഈ സംഘങ്ങളെല്ലാം ആധാരമാക്കുന്നത്. അതുകൊണ്ട് തന്നെ സാമ്രാജ്യത്വത്തിന് വഹാബിസം പ്രിയങ്കരമായത് പോലെ ഈ തീവ്രവാദി സംഘങ്ങളും അനുചരന്‍മാര്‍ ആകുന്നു. സിറിയ, ഇറാഖ്, ലിബിയ. ശിഥിലമാക്കപ്പെട്ട മുസ്‌ലിം ഭൂരിപക്ഷ രാഷ്ട്രങ്ങളുടെ നിര നീളുകയാണ്. അവിടെ നിന്നെല്ലാം മനുഷ്യര്‍ പലായനത്തിനിറങ്ങുന്നു. അവരാരും മെച്ചപ്പെട്ട ജീവിതം തേടിയിറങ്ങിയവരല്ല. അവര്‍ കുടിയേറ്റക്കാരല്ല (മൈഗ്രന്റ്‌സ്). അവര്‍ അഭയാര്‍ത്ഥികളാണ് (റഫ്യൂജീസ്). എല്ലാ സമ്പന്നരാജ്യങ്ങളും അവരവരുടെ ശേഷിക്കനുസരിച്ച് അഭയാര്‍ത്ഥികളെ സ്വീകരിക്കുകയും അറബ്/ ഗള്‍ഫ് രാജ്യങ്ങള്‍ അഭയാര്‍ത്ഥി ഫണ്ടിലേക്ക് കൂടുതല്‍ തുക നല്‍കുകയും ചെയ്യുകയെന്നത് പ്രശ്‌നത്തിന്റെ പാര്‍ശ്വപരിഹാരം മാത്രമേ ആകുന്നുള്ളൂ. യഥാര്‍ഥ പരിഹാരം ഈ മനുഷ്യരുടെ മാതൃഭൂമിയില്‍ സമാധാനവും നിയമവാഴ്ചയും സാധ്യമാക്കുകയെന്നത് മാത്രമാണ്. വിഭവക്കൊള്ളയുടെയും ആയുധക്കച്ചവടത്തിന്റെയും ബഹുമുഖങ്ങളുള്ള സാമ്രാജ്യത്വത്തെയും മതമൂല്യങ്ങളെ വക്രീകരിച്ച് ആളെക്കൊല്ലാനിറങ്ങുന്ന മതപരിഷ്‌കരണ നാട്യക്കാരെയും ഒരു പോലെ തുറന്നുകാണിച്ചു കൊണ്ടു മാത്രമേ ഈ മനുഷ്യര്‍ക്കായുള്ള പോരാട്ടത്തിന് മുന്നോട്ട് പോകാനാകൂ.

മുസ്തഫ പി എറയ്ക്കല്‍

You must be logged in to post a comment Login