സുഹൃത്തേ, ഭയം കൊണ്ട്  ഒരു പട്ടിയും കുരക്കാതിരിക്കുന്നില്ല

സുഹൃത്തേ, ഭയം കൊണ്ട്  ഒരു പട്ടിയും കുരക്കാതിരിക്കുന്നില്ല

”ആരും ഒരിക്കലും മടങ്ങിവരാത്ത മറുതീരത്തേക്ക് നാടുമാറ്റം കൊണ്ടെത്തിച്ച സ്ത്രീപുരുഷന്‍മാരുടെ, കുട്ടികളുടെ കഥകള്‍ ആരുകേള്‍ക്കും? നമ്മുടെ മരിച്ചവര്‍ ഓരോ നാടുകളിലും ചിതറിക്കിടക്കുന്നു. ചിലപ്പോള്‍ അവരുടെ മൃതശരീരങ്ങളുമായി എങ്ങോട്ടുപോകണമെന്നറിയാതെ നാം നിന്നു; ജീവനോടെയെന്നപോലെ തന്നെ മൃതശരീരങ്ങളായും ലോകരാജ്യങ്ങള്‍ നമ്മെ സ്വീകരിക്കാന്‍ വിസമ്മതിക്കുന്നു. നാടുമാറ്റത്താല്‍ മരിച്ചവര്‍, കാമനകളാല്‍ മരിച്ചവര്‍, വെറും മരണത്താല്‍ മരിച്ചവര്‍-അവരെല്ലാം രക്തസാക്ഷികളെങ്കില്‍, കവിതകള്‍ പറയുന്നത് സത്യമെങ്കില്‍-ഓരോ രക്തസാക്ഷിയും ഓരോ പനിനീര്‍പ്പൂവെങ്കില്‍, ഈ ലോകം ഒരു പൂങ്കാവനമാക്കിത്തീര്‍ത്തുവെന്ന് നമുക്കവകാശപ്പെടാന്‍ കഴിയും.”
– മുരീദ് ബര്‍ഗൂതി-രാമല്ല ഞാന്‍ കണ്ടു. വിവര്‍ത്തനം അനിതാ തമ്പി.

പലസ്തീനിയന്‍ കവിയാണ് ബര്‍ഗൂതി. രാമല്ലയാണ് ദേശം. പലസ്തീനിലെ പട്ടണം. ആറ് വര്‍ഷം നീണ്ട യുദ്ധം പലസ്തീനെയെന്നവണ്ണം ബര്‍ഗൂതിയെയും തകര്‍ത്തു. ജന്മനാട്ടില്‍ പ്രവേശിക്കാനാവാതെ മൂന്ന് പതിറ്റാണ്ട് അഭയാര്‍ത്ഥി ജീവിതം. രാമല്ലയിലേക്കുള്ള ബര്‍ഗൂതിയുടെ മടങ്ങിവരവാണ് രാമല്ല ഞാന്‍ കണ്ടു എന്ന പുസ്തകം. ‘one of the finest existential accounts of Palestinian displacement that we now have” ‘ എന്ന് എഡ്വേഡ് സെയ്ദ് വിശേഷിപ്പിച്ച പുസ്തകം. അഭയാര്‍ത്ഥിത്വത്തിന്റെയും പലായനങ്ങളുടെയും ഗ്രന്ഥപരമ്പരകളിലെ ക്ലാസിക്. എങ്ങോട്ട് പോകണമെന്നറിയാതെ, മരിച്ചവരും ജീവിക്കുന്നവരും മരിച്ചുകൊണ്ടിരിക്കുന്നവരും നില്‍ക്കുന്ന ആ നില്‍പുണ്ടല്ലോ, ബര്‍ഗൂതി എഴുതിയ, മനുഷ്യ ചരിത്രത്തില്‍ ഉടനീളം ആവര്‍ത്തിക്കുന്ന ദയാരഹിതമായ ആ നില്‍പ്, മനുഷ്യരാശി നാളിതുവരെ നേടിയ മുഴുവന്‍ സാമൂഹിക പുരോഗതിയുടെയും ബോധത്തിന്റെയും മുഖമടച്ചുള്ള പ്രഹരമാണത്. മനുഷ്യാ ആത്യന്തികമായി നീയെന്താണ്? അതിരുകളോ ആത്മാവോ എന്ന ചോദ്യമാണത്.

ബര്‍ഗൂതി തുടരുന്നു:
”ലളിതമായ ഭാഷാ കൗശലം കൊണ്ട് സത്യത്തെ മറയ്ക്കാന്‍ എളുപ്പമാണ്.നിങ്ങള്‍ രണ്ടാമത് സംഭവിച്ചത് പറഞ്ഞ് തുടങ്ങുക. അതുതന്നെയാണ് റാബീന്‍(ഇത്ഷാക് റാബീന്‍) ചെയ്തത്. ആദ്യം എന്തുസംഭവിച്ചു എന്ന് പറയാന്‍ അദ്ദേഹം കൂട്ടാക്കിയില്ല. ‘രണ്ടാമതായി’ എന്ന് കഥ തുടങ്ങുക. ലോകം കീഴ്‌മേല്‍ മറിയും. ‘രണ്ടാമതായി’ എന്ന് കഥ തുടങ്ങുക: റെഡ് ഇന്ത്യക്കാരുടെ അമ്പുകളാവും ആദ്യത്തെ കുറ്റവാളികള്‍. വെള്ളക്കാരുടെ തോക്കുകള്‍ മുഴുവന്‍ ഇരകളായി മാറും. ‘രണ്ടാമതായി’ എന്ന് തുടങ്ങേണ്ട കാര്യമേ ഉള്ളൂ. വെള്ളക്കാരോടുള്ള കറുത്ത വര്‍ഗക്കാരന്റെ ക്രോധം കിരാതമായി മാറാന്‍. ‘രണ്ടാമത്’ എന്ന് തുടങ്ങിയാല്‍, ബ്രിട്ടീഷുകാരന്റെ ദുരന്തങ്ങള്‍ക്ക് കാരണക്കാരന്‍ ഗാന്ധിയായിത്തീരും. ‘രണ്ടാമത്’ എന്ന് തുടങ്ങേണ്ട കാര്യമേയുള്ളൂ, കരിഞ്ഞുപോയ വിയറ്റ്‌നാംകാര്‍ നാപാം ബോംബ് കൊണ്ട് മനുഷ്യരാശിയെ മുറിവേല്‍പ്പിക്കുകയായി. സാന്റിയാഗോ സ്‌റ്റേഡിയത്തിലെ ആയിരങ്ങളെ കൊന്നൊടുക്കിയ പിനോഷെയുടെ വെടിയുണ്ടകളല്ല, ബിക്‌തോര്‍ സാരായുടെ പാട്ടുകളായിരിക്കും ലജ്ജാകരമായി ഭവിക്കുക. കഥ രണ്ടാമതായി എന്ന് തുടങ്ങിയാല്‍ മാത്രം മതി എന്റെ ഉമ്മുമ്മ ഉമ്മു അതാ കുറ്റവാളിയാകാനും ഏരിയല്‍ ഷാരോണ്‍ അവരുടെ ഇരയാകാനും”

അഭയാര്‍ത്ഥികള്‍ കുറ്റവാളികളാകുന്ന വിധം മനസ്സിലായല്ലോ? ഇതൊരു മൂന്നാംകണ്ണിന്റെ കാഴ്ചയല്ല. ലോകത്തെ ഏറ്റവും നിഷ്ഠൂരമായ കയ്യേറ്റങ്ങളില്‍ ഒന്നിന്റെ നേരിട്ടുള്ള ഇരയുടെ വാക്കുകളാണ്. ചരിത്രത്തെ കീഴ്‌മേല്‍ മറിച്ച് അഭയാര്‍ത്ഥികളെ കുറ്റവാളികളാക്കുന്നത് നിസ്സാരമായാണെന്ന്! രണ്ടാമതായി എന്ന് തുടങ്ങിക്കൊണ്ടാണ് എന്ന്. അപ്പോള്‍ പൗരത്വമില്ലാത്ത തെറ്റിന് പൊടുന്നനെ മ്യാന്‍മറിലെ റോഹിംഗ്യകള്‍ കുറ്റവാളികളായി മാറുന്നത് കണ്ടോ?. അവരെ കണക്കില്‍ പെടുത്താത്ത കള്ളക്കള്ളികള്‍ വിസ്മരിക്കപ്പെടുന്നത് കണ്ടോ? അഭയാര്‍ത്ഥികള്‍ ചരിത്രനിര്‍മിതിയുടെയും ഇരകളാണ്.

ബര്‍ഗൂതിയെ വായിച്ചല്ലോ? നിങ്ങളില്‍ സമയമുള്ളവര്‍ ഞാന്‍ രാമല്ല കണ്ടു എന്ന മഹത്തായ പുസ്തകം ബാക്കികൂടി വായിക്കണം. നമുക്ക് അഭയാര്‍ത്ഥികളിലേക്ക് പോകാം. ഒന്നാമതായി എന്ന് പറഞ്ഞുകൊണ്ട് തന്നെ.

നമുക്ക് ചരിത്രത്തോട് സ്ഥാപിതമായ ഒരു താല്‍പര്യവുമില്ല. കാരണം സ്ഥാപിതമായ താല്‍പര്യത്തോടെ ചരിത്രത്തിലേക്ക് നോക്കുന്ന ഓരോ നോട്ടവും ഒരുപാട് മനുഷ്യരുടെ ചോരവീഴ്ത്തും. അത് മനുഷ്യരെ വര്‍ണപരമായും വര്‍ഗപരമായും വംശപരമായും പിളര്‍ത്തും. അതിനാല്‍ ഇന്ത്യാവിഭജനത്തിന്റെ മുറിവുകള്‍ എന്ന് പറയുമ്പോള്‍ നാം വിഭജനത്തിന് മുമ്പുണ്ടായിരുന്ന മുറിവുകളെ കൂടി വായിക്കണം. കൂടി വായിക്കണം എന്നതിനര്‍ഥം കൂട്ടി വായിക്കണം എന്നാണ്. ഇപ്പോള്‍ നാം എന്തിനാണ് അഭയാര്‍ത്ഥി എന്ന പ്രമേയത്തെ ഓര്‍ക്കുന്നത്? അത് റോഹിംഗ്യകളുടെ നിലക്കാത്ത നിലവിളികള്‍ നമ്മളില്‍ മനുഷ്യരായവരുടെ, നമ്മളില്‍ മനുഷ്യരെ അപരരായി കാണാത്തവരുടെ, നമ്മളില്‍ സ്ഥാപിത താല്‍പര്യമില്ലാത്തവരുടെ കാതുകളില്‍ അലയടിക്കുന്നതിനാലാണ്. എണ്ണമെടുത്താല്‍ വെറും നാല്‍പതിനായിരം തികയാത്ത, റോഹിംഗ്യന്‍സിനെ സുരക്ഷാ ഭീഷണിയെന്ന കഥ ചമച്ച് ഇന്ത്യാ ഗവണ്‍മെന്റ് ആട്ടിയകറ്റുന്നത് എന്തിന് എന്ന ചോദ്യം തികട്ടി വരുന്നതുകൊണ്ടാണ്. പലായനം ചെയ്തുവന്ന മനുഷ്യരെ നമ്മില്‍ പെട്ടവരാക്കി സ്വീകരിച്ചിരുന്ന ജനാധിപത്യത്തിന്റെ മഹത്തായ ഭൂതകാലമുണ്ടല്ലോ നമ്മുടെ രാജ്യത്തിന്? ആ ഭൂതകാലത്തെ റോഹിംഗ്യകളുടെ കാര്യത്തില്‍ മാത്രം റദ്ദാക്കുന്ന രാഷ്ട്രീയം നമ്മെ നടുക്കുന്നതുകൊണ്ടാണ്. അതുകൊണ്ടാണ് സുപ്രീം കോടതിയില്‍ റോഹിംഗ്യകള്‍ക്ക് വേണ്ടി ഹാജരായ, ഇന്ത്യകണ്ട എക്കാലത്തെയും വലിയ അഭിഭാഷകരില്‍ ഒരാളായ ഫാലി എസ്. നരിമാന്‍ ഞാനും ഒരഭയാര്‍ത്ഥിയായിരുന്നു എന്ന് കോടതിയോട് പറഞ്ഞത്. റംഗൂണില്‍ നിന്നാണല്ലോ നരിമാന്റെ കുടുംബം ഇന്ത്യയിലേക്ക് വരുന്നത്. ഫാലി എസ് നരിമാന്റെ പ്രപിതാമഹന്‍ കോഴിക്കോട്ടുകാരനായിരുന്നു. ഇവിടെ നിന്നാണ് അവര്‍ പഴയ ബര്‍മയിലേക്ക് അഭയമന്വേഷിച്ച് പോയത്. ലോകമഹായുദ്ധത്താല്‍ ബര്‍മ തകര്‍ന്നപ്പോള്‍ അവിടെ നിന്ന് അവര്‍ തിരിച്ച് പലായനം ചെയ്തത് ഇന്ത്യയിലേക്കാണ്. ബിഫോര്‍ മെമ്മറി ഫെയ്ഡ്‌സ് എന്ന നരിമാന്റെ ആത്മകഥ വിപണിയിലുണ്ട്. ഹേ ഹൗസ് ആണ് പ്രസാധകര്‍. അതും സമയമുള്ളവര്‍ മുഴുവനായി വായിക്കണം. ആര്‍ട്ടിക്കിള്‍ 21 ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാന ശിലയാണ്. ബേസിക് സ്ട്രക്ചര്‍. ആര്‍ക്കും ഒരിക്കലും അത് മാറ്റാന്‍ കഴിയില്ല. ജീവിക്കാനുള്ള അവകാശമാണത്. ഇന്ത്യയിെല മുഴുവന്‍ വ്യക്തികള്‍ക്കും അത് ബാധകമാണ് എന്നായിരുന്നു നരിമാന്റെ വാദം. പൗരന്മാര്‍ക്ക് മാത്രമല്ലെന്ന്. അതവിടെ നില്‍ക്കട്ടെ.

ചരിത്രത്തിലേക്ക് മുന്‍വിധികളില്ലാതെ പോകാം. പഴയകാലത്തേക്ക് പോകണമെങ്കില്‍ നമുക്കുമുന്നില്‍ സൊരാസ്ട്രിയന്‍ അഭയാര്‍ഥികളുണ്ട്. പതിനാറാം നൂറ്റാണ്ടിലാണ് ആലംബമറ്റ ആ ജനത ഇന്ത്യയിലേക്ക് വന്നത്. അവര്‍ ഗുജറാത്തിലുണ്ട്. അവരുടെ പരമ്പരകള്‍ ഇവിടെയുണ്ട്. നിങ്ങള്‍ക്കറിയാം 1947-ലെ അഭയാര്‍ത്ഥി പ്രവാഹത്തെക്കുറിച്ച്. ലോകചരിത്രത്തിലെ ഏറ്റവും വലിയ അഭയാര്‍ത്ഥി പ്രവാഹം. വിഭജനനാന്തരമുള്ള ചോരവീണ ഒഴുക്ക്. അതിന്റെ ചരിത്രം നമുക്കറിയാം. കൊന്നവരും കൊല്ലപ്പെട്ടവരും വെറും ഇരകളായിരുന്നു. ചരിത്രത്തിന്റെ ഇരകള്‍. ചരിത്രത്തില്‍ അതുണ്ട്. ബ്രിട്ടന്റെ പ്രതികാരമെന്നും വ്യാഖ്യാനമുണ്ട്. ആ അഭയാര്‍ത്ഥി പ്രവാഹത്തെ ഇന്ത്യ അതിജീവിച്ചു. അവരെ സംരക്ഷിച്ചു. അവരും ഇന്ത്യയായി. കഴിഞ്ഞ അരനൂറ്റാണ്ടിനിടയില്‍ ഒന്നരലക്ഷത്തിലേറെ ടിബറ്റന്‍ അഭയാര്‍ത്ഥികളാണ് ഇന്ത്യയിലേക്ക് വന്നത്. ദലൈലാമക്കൊപ്പമുള്ള പലായനം. 1959-ലെ ടിബറ്റന്‍ കലാപം ഓര്‍മിക്കുക. അന്ന് ഒറ്റ വര്‍ഷം എണ്‍പതിനായിരം ടിബറ്റുകാരാണ് ലാമക്കൊപ്പം ഇന്ത്യയിലേക്ക് വന്നത്. ജവഹര്‍ലാല്‍ നെഹ്‌റു എന്ന സോഷ്യലിസ്റ്റായിരുന്നു അന്ന് ഇന്ത്യയുടെ പ്രധാനമന്ത്രി. ഇരു ൈകയും നീട്ടി നെഹ്‌റുവും ഈ രാജ്യവും അവരെ സ്വീകരിച്ചു. അവരുടെ തനത് സ്വത്വം നിലനിര്‍ത്തി അവരിവിടെ പാര്‍ക്കാന്‍ തുടങ്ങി. ഇപ്പോഴും പാര്‍ക്കുന്നു. 1960-ല്‍ അന്നത്തെ കര്‍ണാടക സംസ്ഥാനം മൈസൂര്‍ ജില്ലയിലെ ബൈലക്കുപ്പയില്‍ മൂവായിരം ഏക്കര്‍ ഭൂമിയാണ് ടിബറ്റന്‍ സെറ്റില്‍മെന്റിന് വിട്ടുകൊടുത്തത്. അത് മനുഷ്യരാശിയോടുള്ള ആദരമായിരുന്നു. കര്‍ണാടകയില്‍ തന്നെ ഇത്തരം നാല് സെറ്റില്‍മെന്റുകളുണ്ട്. സോവിയറ്റ് -അഫ്ഗാന്‍ യുദ്ധകാലത്ത് അഫ്ഗാനില്‍ നിന്ന് അറുപതിനായിരത്തിലേറെ മനുഷ്യര്‍ ഇന്ത്യയിലെത്തിയല്ലോ? 1979 മുതല്‍ 1989 വരെയുള്ള കാലത്തായിരുന്നു ഈ പലായനം. കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലമാണത്.
ശ്രീലങ്കന്‍ ആഭ്യന്തര യുദ്ധകാലം മറന്നിട്ടില്ലല്ലോ? ഒരു ലക്ഷം മനുഷ്യരാണ് ജീവനും വാരിപ്പിടിച്ച് കടല്‍ കടന്ന് ഇവിടേക്ക് വന്നത്. അവരെ ഇരുൈകകളും നീട്ടി സ്വീകരിച്ചു നമ്മള്‍. ഒരുലക്ഷത്തോളം വരുന്ന ചക്മകള്‍ക്കും ഹാജോംഗുകള്‍ക്കും പൗരത്വം കൊടുക്കാന്‍ ഇപ്പോഴത്തെ കേന്ദ്രസര്‍ക്കാര്‍ നടപടിയെടുത്തത് അറിയാമല്ലോ? ബംഗ്ലാദേശിലെ ചിറ്റഗോംഗ് മലനിരകളിലെ ആദിമ ജനതയാണിവര്‍. ചക്മകളില്‍ ബഹുഭൂരിപക്ഷവും ബുദ്ധിസ്റ്റുകളാണ്. ഹാജോംഗുകളാവട്ടെ ഹിന്ദുക്കളും. വടക്കുകിഴക്കേ ഇന്ത്യയിലും പശ്ചിമ ബംഗാളിലും ബംഗ്ലാദേശിലും മ്യാന്‍മറിലുമായി വേരുറപ്പിച്ച വംശം. ഇവരെയെല്ലാം ഇന്ത്യക്കാരായി പരിഗണിക്കാനും അഭയമരുളാനും കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത് അടുത്തിടെയാണ്. 1964-69 കാലത്ത് ബംഗ്ലാദേശില്‍ നിന്ന് പലായനം ചെയ്ത് എത്തിയ ചക്മകള്‍ക്കും ഹാജോംഗുകള്‍ക്കും പൗരത്വം നല്‍കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടത് 2015 -ലാണ്. 1955-ലെ ഇന്ത്യന്‍ പൗരത്വ നിയമം ഭേദഗതി ചെയ്യാനുള്ള നടപടി സര്‍ക്കാര്‍ കൈക്കൊള്ളുകയും ചെയ്തു. പുതിയ ബി.ജെ.പി സര്‍ക്കാര്‍ ഇക്കഴിഞ്ഞ നാളുകളില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു. റോഹിംഗ്യന്‍ വിലാപങ്ങള്‍ അന്തരീക്ഷത്തില്‍ നിറഞ്ഞിരുന്ന അതേ നാളുകളിലാണ് ഇതെന്ന് നമുക്കോര്‍ക്കാം. റോഹിംഗ്യകളുടെ പൗരത്വ പ്രശ്‌നം സുപ്രീം കോടതിയില്‍ എത്തിയപ്പോള്‍, ചക്മകളോടും ഹാജോംഗുകളോടും മനുഷ്യത്വപരമായ അനുഭാവം കാട്ടിയ അതേ കേന്ദ്ര ആഭ്യന്തര വകുപ്പ്, ആ നാല്‍പതിനായിരം റോഹിംഗ്യകള്‍ രാജ്യസുരക്ഷക്ക് ഭീഷണിയാണ് എന്ന നിലപാടാണെടുത്തത്.

റോഹിംഗ്യകളിലേക്ക് വരാം. അവരുടെ ചരിത്രത്തിലേക്ക് വരാം. ധാരാളമായി നിങ്ങള്‍ കേട്ടുകഴിഞ്ഞതായിരിക്കാം. പക്ഷേ, ചരിത്രമല്ലേ നിരന്തരം കേള്‍ക്കണം. ഒരു തരി ചലനം പോലും നമ്മള്‍ വിസ്മരിച്ചുകൂട. അത്തരം വിസ്മരിക്കലുകള്‍ അനീതിയെ ഗര്‍ഭം ധരിക്കും.
ലോകത്തെ ഏറ്റവും പീഡിതമായ ന്യൂനപക്ഷം എന്നാണ് റോഹിംഗ്യകളെ ഐക്യരാഷ്ട്ര സഭ വിശേഷിപ്പിച്ചത്. അങ്ങനെ വിശേഷിപ്പിച്ചിട്ടില്ലെന്ന് മ്യാന്‍മര്‍ മാധ്യമങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും ആ പരാമര്‍ശം നിഷേധിക്കാന്‍ ഐക്യരാഷ്ട്ര സഭയോ അതിന്റെ ഇപ്പോഴത്തെ സെക്രട്ടറി ജനറല്‍ അന്‍േറാണിയോ ഗട്ടെറസോ തയാറായിട്ടില്ല. ഇന്‍ഡോ ആര്യന്‍ വംശജരാണ് റോഹിംഗ്യകള്‍. ഏകദേശം 20 ലക്ഷത്തോളമാണ് ജനസംഖ്യ. അറബിയാണ് ലിപി. റോഹിംഗ്യനാണ് ഭാഷ. രാഷ്ട്രമില്ലാത്ത ജനതയാണ്. എവിടെയും മണ്ണില്ല. ജീവിക്കുന്നിടത്തെല്ലാം അവര്‍ കുടിയേറ്റക്കാരാണ്. അവരില്‍ ഏകദേശം 12 ലക്ഷം പേരാണ് മ്യാന്‍മറിലുള്ളത്. എല്ലാം ഏകദേശക്കണക്കാണ്. കാരണം അവരെ ആരും കണക്കില്‍പ്പെടുത്താറില്ല. ഏഴുലക്ഷം പേരോളം ബംഗ്ലാദേശിലെ അഭയാര്‍ത്ഥി ക്യാമ്പുകളിലുണ്ട്. സൗദി അറേബ്യ, ഇന്ത്യ, പാകിസ്ഥാന്‍, മലേഷ്യ, ലാവോസ്, തായ്‌ലന്റ്, ഇന്തോനേഷ്യ എന്നിവിടങ്ങളില്‍ ബാക്കിയുള്ളവര്‍. മ്യാന്‍മറിന്റെ ബംഗ്ലാദേശ് അതിര്‍ത്തിയിലുള്ള റാഖിന സംസ്ഥാനത്തുനിന്നാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങളുടെ തുടക്കം. അരാകന്‍ പര്‍വതനിരകളാല്‍ ചുറ്റപ്പെട്ട, ആയിരക്കണക്കിന് വര്‍ഷങ്ങളുടെ ചരിത്രമുള്ള പ്രദേശം. റാഖിനയില്‍ മുഴുവന്‍ റോഹിംഗ്യകളല്ല. അങ്ങനെ വരുന്ന റിപ്പോര്‍ട്ടുകള്‍ ക്രൂരമായ തെറ്റാണ്. മുന്തിയ ഒരു വിഭാഗം മാത്രമാണ് റോഹിംഗ്യകള്‍. റോഹിംഗ്യകളില്‍ ഭൂരിപക്ഷവും മുസ്‌ലിം മതവിശ്വാസികളാണ് എന്നത് മാ്രതമാണ് ആ റിപ്പോര്‍ട്ടുകളിലെ സത്യഭാഗം. ന്യൂനപക്ഷം ഹിന്ദുക്കളുമുണ്ട് റോഹിംഗ്യകളില്‍.

ലഭ്യമായ ചരിത്ര വസ്തുതകള്‍ പരിശോധിച്ചാല്‍ ഒമ്പതാം നൂറ്റാണ്ട് മുതല്‍ മ്യാന്‍മറില്‍ മുസ്‌ലിംകളുണ്ട്. അവരുടെ കുടിയേറ്റ ചരിത്രം ഇന്ന് ലോകത്തിന് മുന്നിലുണ്ട്. പതിനേഴാം നൂറ്റാണ്ടിലാണ് റോഹിംഗ്യകള്‍ മ്യാന്‍മറിലേക്ക് കുടിയേറുന്നത്. ബ്രിട്ടീഷ് ഇന്ത്യയിലെ ബംഗ്ലാദേശില്‍ നിന്നായിരുന്നു അത്. കുടിയേറ്റ തൊഴിലാളികളായാണ് അവര്‍ കൂട്ടമായി എത്തിയത്. 1891-ലെ ബ്രിട്ടീഷ് സെന്‍സസ് നമുക്കറിയാം. 1865 മുതല്‍ ബ്രിട്ടന്‍ നടത്തിയ സെന്‍സസുകളില്‍ ഏറെക്കുറെ സമഗ്രമായ സെന്‍സസ് അതായിരുന്നു. (സെന്‍സസുകളുടെ ചരിത്രവും രാഷ്ട്രീയവും നല്ല പഠനമേഖലയാണ് കേട്ടോ. ചരിത്രം നിര്‍മിക്കുന്നത് എങ്ങനെ എന്ന് അത് വെളിവാക്കിത്തരും.)1891-ലെ സെന്‍സസില്‍ റോഹിംഗ്യകള്‍ ഉള്‍പ്പെട്ടില്ല. കാരണം എന്താ? അവര്‍ കുടിയേറ്റ തൊഴിലാളികളായിരുന്നു. ആ സെന്‍സസാണ് ഇന്ന് കാണുന്ന വിനാശങ്ങളുടെ തുടക്കം. പിന്നീട് ഓരോ ദശവര്‍ഷത്തിലും നടന്ന സെന്‍സസുകളില്‍, 1947-വരെ,ഇവര്‍ പെട്ടില്ല. പഴയ കാരണം തന്നെ. കണക്കെടുപ്പുകള്‍ എപ്പോഴും പഴയതിന്റെ തുടര്‍ച്ചയാണല്ലോ? ബ്രിട്ടന്‍ പ്രവിശ്യകള്‍ക്ക് സ്വാതന്ത്ര്യം കൊടുക്കാന്‍ തുടങ്ങിയപ്പോള്‍ മ്യാന്‍മറും സ്വതന്ത്രമായി. 1948-ല്‍. അപ്പോഴും റോഹിംഗ്യകള്‍ കണക്കിലില്ല. അവര്‍ കുടിയേറ്റ തൊഴിലാളികളാണല്ലോ? അതിനാല്‍, അതിനാല്‍ മാത്രമല്ല എന്ന് പിന്നീട് മനസിലാവും, അവരെ സ്വതന്ത്ര ബര്‍മയും പൗരരായി അംഗീകരിച്ചില്ല. വര്‍ഷങ്ങള്‍ അങ്ങനെ പോയി. വേരുകള്‍ ഇല്ലാത്ത ജനതയായി അവര്‍ തുടര്‍ന്നു. സ്വന്തം സ്വത്വവും സ്വന്തം ഭാഷയും എല്ലാമുള്ള മനുഷ്യര്‍.

1948-ജനുവരി നാലിനാണ് ബര്‍മ സ്വതന്ത്രമാവുന്നത്. സാവോ ഷു തായ്കായിരുന്നു പ്രഥമ രാഷ്ട്രത്തലവന്‍. 1962-ല്‍ പട്ടാളം ഭരണം പിടിച്ചെടുത്തു. അക്കാലത്ത് പിന്നീട് മ്യാന്‍മര്‍ പ്രതീകമായി വാഴ്ത്തപ്പെട്ട ആംഗ്‌സന്‍ സുകി ഡല്‍ഹിയിലെ ലേഡി ശ്രീറാം കോളേജില്‍ പഠിക്കുകയാണ്. പട്ടാളം ഭരണം മുറുക്കിയതോടെ ദേശീയ പൗരത്വ നിയമം വന്നു. 1982-ല്‍ പട്ടാള ഭരണകൂടം കൊണ്ടുവന്ന ദേശീയ പൗരത്വ നിയമത്തിന് കീഴിലും റോഹിംഗ്യകള്‍ ഉള്‍പ്പെട്ടില്ല. ആ നിയമപ്രകാരം മൂന്ന് തരം പൗരന്‍മാരേ മ്യാന്‍മറിലുള്ളൂ. ഒന്ന് പൂര്‍ണ പൗരന്‍മാരാണ്. 1823 ന് മുന്‍പ് ബര്‍മയില്‍ ഉണ്ടായിരുന്ന ബര്‍മന്‍ പിന്തുടര്‍ച്ച ഉള്ളവര്‍. റോഹിംഗ്യകള്‍ അതില്‍ പെട്ടില്ല. കാരണമെന്താ? ആദ്യത്തെ സെന്‍സസ് അവരെ കണക്കില്‍ പെടുത്തിയില്ല എന്നതുതന്നെ. ഇനിയും രണ്ടുവിഭാഗമുണ്ട്. അസോയിറ്റ് പൗരന്‍മാരും നാചുറലൈസ്ഡ് പൗരന്‍മാരും. അപേക്ഷിക്കലും അനുവദിക്കലും പട്ടാളം വഴിയാണ്. അതും റോഹിംഗ്യകള്‍ക്ക് നിഷേധിക്കപ്പെട്ടു. അതോടെ മ്യാന്‍മറില്‍ അവര്‍ ബഹിഷ്‌കൃതരായി. തിരിച്ചയക്കേണ്ട അനധികൃത കുടിയേറ്റക്കാരായി പരിഗണിക്കപ്പെട്ടു. മ്യാന്‍മര്‍ ദേശീയതക്ക് ഭീഷണിയാണ് ആ മനുഷ്യര്‍ എന്ന പ്രചാരണം വേരുപിടിച്ചു.

സ്വന്തം രാജ്യത്ത് ഒരു വിഭാഗത്തെ ഭരണകൂടവും ഭൂരിപക്ഷവും ചേര്‍ന്ന് ബഹിഷ്‌കൃതരും അപരരുമാക്കാന്‍ ്രശമിച്ചാല്‍ എന്താണുണ്ടാവുക? സ്വന്തം മണ്ണില്‍ നിന്ന് പറിച്ചെറിയാന്‍ ശ്രമിച്ചാല്‍ എന്താണ് ഉണ്ടാവുക? സ്വാഭാവികമായും പ്രതിഷേധം ഉയരും. ആ പ്രതിഷേധത്തെ തന്ത്രപരമായി അക്രമത്തിലേക്ക് നീക്കാന്‍ മ്യാന്‍മര്‍ ഭരണകൂടത്തിന് കഴിയുകയും ചെയ്തു. അതിന്റെ നാള്‍വഴികള്‍ സമകാലിക വാര്‍ത്തകളില്‍ കാണാം.

ഒരു ജനത ആര്‍ക്കും വേണ്ടാത്തവരായി അലയാന്‍ തുടങ്ങി. 1978, 1992, 2013, 2015, 2016, 2017 വര്‍ഷങ്ങളില്‍ റോഹിംഗ്യര്‍ക്ക് നേരെ അതിക്രൂരമായ അടിച്ചമര്‍ത്തലുണ്ടായി. 1992-ല്‍ മാത്രം രണ്ടരലക്ഷം പേര്‍ ബംഗ്ലാദേശിലേക്ക് ജീവനുംകൊണ്ടോടി. മ്യാന്‍മറും ബംഗ്ലാദേശും തമ്മില്‍ രൂക്ഷമായ നയതന്ത്ര പ്രശ്‌നത്തിലേക്കും യുദ്ധത്തിന്റെ വക്കിലേക്കും വരെ എത്തിച്ച പലായനമായിരുന്നു അത്. 2015 മേയ് നിങ്ങള്‍ മറന്നിട്ടുണ്ടാവില്ല. മറക്കരുത്. 8000 ത്തോളം റോഹിംഗ്യകള്‍ കടലില്‍ അലഞ്ഞത് മറക്കരുത്. ലോകം കണ്ട ഏറ്റവും ദയനീയമായ വിധികളില്‍ ഒന്നായിരുന്നു അത്. തീരങ്ങളില്‍ നിന്ന് അഭയാര്‍ത്ഥികളായ ആ മനുഷ്യര്‍ ആട്ടിയോടിക്കപ്പെട്ടു. ദൈവമേ എന്ന വിളികളാല്‍ കടല്‍ കലങ്ങിയ കാലം. ആ അലച്ചിലുകള്‍, വിലാപങ്ങള്‍, കൂട്ടമരണങ്ങള്‍ ഇപ്പോഴും തുടരുകയാണ്. കൊച്ചു പെണ്‍കുട്ടികള്‍ കൂട്ടമായി ബലാല്‍സംഗം ചെയ്യപ്പെടുന്നു. കൊല്ലപ്പെടുന്നു. ലോകം പക്ഷേ, നിശ്ചലമാണ്. ലോകം മൗനത്തിലും നിസംഗതയിലുമാണ്. റോഹിംഗ്യകള്‍ എന്നല്ല ലോകമാധ്യമങ്ങള്‍ ആവര്‍ത്തിക്കുന്നത്. പകരമെന്താണെന്നോ? റോഹിംഗ്യന്‍ മുസ്‌ലിംകള്‍ എന്ന്. പറയുന്നതെന്താണെന്നോ? അപകടകാരികളെന്ന്.

ഒട്ടും യാദൃച്ഛികമല്ല ഈ പറച്ചില്‍. ചരിത്രം കേട്ടല്ലോ. ഇനി ഈ ചരിത്രം വെച്ച് നമുക്ക് രാഷ്ട്രതന്ത്രം പറയാം. ആ തന്ത്രമാണല്ലോ നമ്മുടെ വിധി നിര്‍ണയിക്കുന്നത്. മനുഷ്യരാശിയുടെ നാളിതുവരെയുള്ള ചരിത്രം പലായനങ്ങളുടെതുമാണ്. പലായനത്തിന്റെയും അതിജീവനത്തിന്റെയും ചരിത്രം. ”ആയിരമായിരമാണ്ടുകളായി, ഒരു കൂട്ടരുടെ അല്ലെങ്കില്‍ വേറൊരു കൂട്ടരുടെ മര്‍ദനത്തിനോ, ചൂഷണത്തിനോ, വഞ്ചനക്കോ ഭംഗിവാക്കിനോ ഇരയായി, എല്ലാം പൊറുത്തും, എല്ലാവരോടും പൊരുത്തപ്പെട്ടും, ജീവിച്ചുപോന്ന മൂകരും നിശ്ചലരുമായ ആ മനുഷ്യരും അഭയാര്‍ത്ഥികള്‍ തന്നെ. ഒരിടത്തുനിന്ന് വേറൊരിടത്തേക്കല്ലെങ്കില്‍, ഒരു കാലത്തില്‍ നിന്ന് വേറൊരു കാലത്തിലേക്ക് അവര്‍ എന്നും അഭയം തേടി നീങ്ങിക്കൊണ്ടേയിരുന്നു. ഒരിക്കലും അഭയം കിട്ടാത്ത, ശപിക്കപ്പെട്ട അഭയാര്‍ത്ഥിയായിരുന്ന മനുഷ്യന്‍. ചരിത്രമെന്നത് മനുഷ്യന്റെ നിത്യമായ അഭയാര്‍ത്ഥി പ്രവാഹത്തിന്റെ കഥയാണെന്ന്” അഭയാര്‍ത്ഥികളില്‍ ആനന്ദ്.

ലോകയുദ്ധങ്ങള്‍, ഫാഷിസ്റ്റ് അടിച്ചമര്‍ത്തലുകള്‍ അങ്ങനെ നിരവധിയായ കാരണങ്ങളാല്‍ പലായനം ചെയ്യേണ്ടി വന്ന മനുഷ്യര്‍. പുരാതന ഈജിപ്തിലും നാസി ജര്‍മനിയിലും സ്റ്റാലിനിസ്റ്റ് റഷ്യയിലും ഫ്രാങ്കോയുടെ സ്‌പെയിനിലും ചെക്കോസ്‌ലോവാക്യയിലും തുര്‍ക്കിയിലും അമേരിക്കയിലും മാത്രം ഒതുങ്ങുന്നതല്ല അതിന്റെ കഥകള്‍.

ലോകം പലകാലങ്ങളില്‍ അഭയാര്‍ത്ഥികളായി. പല രാജ്യങ്ങള്‍ അവരെ സ്വീകരിച്ചു. പഥിതരോടുള്ള പരമകാരുണ്യം എന്നതിനെക്കാള്‍ ലോകത്തോട് ചെയ്യേണ്ട നീതിയായിരുന്നു അത്. രാഷ്ട്രീയ ബാധ്യതയും. മനുഷ്യര്‍ സൃഷ്ടിച്ചതാണല്ലോ അതിര്‍ത്തികള്‍. അതിനാല്‍ വഴിയില്‍ വീണുപോയവരോട് സഹതപിച്ചും അതിജീവിച്ചെത്തിയവരെ ഹസ്തദാനം ചെയ്തും പല സന്ദര്‍ഭത്തിലും ലോകം കരുണയുള്ളതായി. ശ്രീലങ്കരോടും ചക്മകളോടും ഇന്ത്യയെന്നപോലെ. യൂറോപ്പിലായിരുന്നു ഈ പ്രവാഹത്തിന്റെ ഇടവേളകള്‍ തീരെ കുറവായിരുന്നത്. ഇടക്കിടെ ഉണ്ടാകുന്ന അഭയാര്‍ത്ഥി പ്രവാഹങ്ങള്‍ യൂറോപ്പിന് ശീലമായിരുന്നു. അങ്ങനെയാണ് അന്താരാഷ്ട്ര റെഫ്യൂജി കണ്‍വെന്‍ഷന്‍ ഉണ്ടാകുന്നത്. 1951-ല്‍. ഐക്യരാഷ്ട്ര സഭയുടെ ബഹുതല ഉടമ്പടി. അഭയമന്വേഷിക്കുന്നവരുടെ അവകാശവും അഭയമരുളുന്നവരുടെ ബാധ്യതയും ആ ഉടമ്പടി പങ്കുവെച്ചു. Refugees should receive at least the same rights and basic help as any other foreigner who is a legal resident, including freedom of thought, of movement, and freedom from torture and degrading treatment  എന്ന് വ്യവസ്ഥ ചെയ്തു. പലയാനം ചെയ്ത നാട്ടിലേക്ക് മടക്കിയയക്കരുതെന്ന കര്‍ശന വ്യവസ്ഥയുമുണ്ടായി.a refugee should not be returned to a country where they face serious threats to their life or freedom. This is now considered a rule of customary international law എന്നാണ് വ്യവസ്ഥ.

എന്നിട്ടോ? ആ വ്യവസ്ഥകളും മനുഷ്യനീതിയുടെ തുരുത്തുകളും യൂറോപ്പില്‍ അതിവേഗം റദ്ദാക്കപ്പെടുകയായിരുന്നു. 2013-ല്‍ യൂറോപ്പില്‍ അഭയാര്‍ത്ഥി പ്രതിസന്ധി രൂക്ഷമാണെന്ന ആഗോള വലതുമാധ്യമങ്ങളുടെ പ്രചാരണം കൊടുമ്പിരികൊണ്ട സമയങ്ങളില്‍ ആസ്ട്രിയന്‍ വൈസ് ചാന്‍സലര്‍ മിഷേല്‍ സ്പിന്‍ഡ്‌ലെഗറുടെ പ്രസ്താവന വരുന്നു. അതേ, സംശയിക്കേണ്ട ആസ്ട്രിയ തന്നെ; അഡോള്‍ഫ് ഹിറ്റ്‌ലറുടെ ജന്മനാട്. സിറിയയില്‍ നിന്നുള്ള 500 അഭയാര്‍ത്ഥികളെ സ്വീകരിക്കാം എന്നായിരുന്നു ആ പ്രഖ്യാപനം. അപകടകരമായ ഒരു കൂട്ടിച്ചേര്‍ക്കല്‍ ആ പ്രഖ്യാപനത്തില്‍ ഉണ്ടായിരുന്നു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ക്രിസ്ത്യാനികള്‍ക്കും മുന്‍ഗണന എന്ന്. ലോകം നടുങ്ങിയില്ല. യൂറോപ്പിനെയും അമേരിക്കയെയും ഏഷ്യന്‍ രാജ്യങ്ങളില്‍ പലതിനെയും ഭൂതം പോലെ ബാധിച്ച ഇസ്‌ലാമോഫോബിയുടെ ക്രൂരമായ വെളിപ്പെടലായിരുന്നു അത്. മൂന്ന് പതിറ്റാണ്ടുകൊണ്ട് ഹണ്ടിംഗ്ടണ്‍ ഫിലോസഫിയുടെ മറപിടിച്ച്, ഊതി വീര്‍പ്പിച്ച വാര്‍ത്തകളില്‍ തുഴഞ്ഞ് കടല്‍ കടന്ന് വ്യാപിച്ച ഇസ്‌ലാം പേടി. തികച്ചും ആഗോള നിര്‍മിതമെന്ന് ഇപ്പോള്‍ തെളിഞ്ഞുകഴിഞ്ഞ ആ ഭയം. അതേ ശക്തികള്‍ നിര്‍മിച്ച ചില ക്ഷുദ്ര ശക്തികള്‍ ഇസ്‌ലാമിന് വേണ്ടി എന്ന വ്യാജേന ചെയ്യുന്നതും ചെയ്യുന്നതുമായ പ്രവൃത്തികള്‍ ആ നിര്‍മാണത്തിന് വേഗം കൂട്ടിയിരുന്നല്ലോ.

ഇസ്‌ലാമോഫോബിയുടെ നിര്‍മിതിക്കൊപ്പം മറുഭാഗത്ത് യൂറോപ്പിനെ വലതുപക്ഷം തിരിച്ചുപിടിച്ചിരുന്നു. എന്താണ് വലതുപക്ഷം? ഒറ്റ ടെസ്റ്റ് മതി അതിന്. ഇസ്രയേലിനോടുള്ള സമീപനം. ആ സമീപനം പറഞ്ഞുതരും വലത് എന്താണെന്ന്. നാസികളും ഫാഷിസ്റ്റുകളും തീവ്രദേശീയ വാദികളും പുതുരൂപത്തില്‍ യൂറോപ്പില്‍ നിലയുറപ്പിച്ചു. രണ്ടാം ലോകമഹായുദ്ധത്തോടെ ചാമ്പലായിരുന്ന ദര്‍ശനങ്ങള്‍ തിരിച്ചെത്തി. തീവ്രദേശീയത ലോകനടപ്പായി. ഫാഷിസം പുതുരൂപത്തില്‍ പുറപ്പാട് തുടങ്ങി. കോര്‍പറേറ്റുകളുടെ പ്രത്യക്ഷരഥത്തിലായിരുന്നു ആ പുറപ്പാട്. ഫാഷിസത്തിന് എപ്പോഴും അപരനെ വേണം. അതാണല്ലോ ആദ്യ ലക്ഷണം. നാസികള്‍ക്ക് ജൂതരെന്നപോലെ. പുതിയ നാസികള്‍ കോര്‍പറേറ്റ് നിര്‍മിതികൂടിയാണല്ലോ? അമേരിക്കയാണല്ലോ ആ നിര്‍മിതികളുടെ ഒരു ഫാക്ടറി? അപ്പോള്‍ അപരന്‍ കൃത്യമായി വ്യക്തമായി. മുസ്‌ലിം! സിറിയന്‍ അഭയാര്‍ത്ഥി പ്രവാഹം സൃഷ്ടിച്ചവര്‍ അതിനെ ഇസ്‌ലാമിന്റെ ചിലവിലെഴുതി. ആ എഴുത്ത് ്രപചരിക്കുകയും ചെയ്തു. പ്രതിരോധിക്കാനാവാതെ ലോകം സന്ദേഹത്തിലായി. അതേ. ആ അപരനോടുള്ള പക അന്താരാഷ്ട്ര അഭയാര്‍ത്ഥി മര്യാദകളെ ലംഘിക്കാന്‍ തുടങ്ങി. ഒരു ജനത വംശത്തിന്റെ പേരില്‍ വേരില്ലാത്തവരായി.

തിരിച്ചു വരാം. ഇന്ത്യയിലേക്ക്. ഫാഷിസം വന്നോ എന്ന് ഇടതുപക്ഷം തര്‍ക്കം തുടരുന്ന ഇന്ത്യയിലേക്ക്. എന്തുകൊണ്ടാണ് ചക്മകളോടും ഹാജോംഗുകളോടും ശ്രീലങ്കരോടും കാട്ടിയ നീതി അവരെക്കാള്‍ ന്യൂനപക്ഷമായ റോഹിംഗ്യകളോട് കാണിക്കാത്തത്? അവര്‍ക്കെതിരില്‍ ഉയരാതിരുന്ന സുരക്ഷാ ഭീതി ഇവര്‍ക്കെതിരില്‍ ഉയരുന്നത്? ലളിതമാണ് ഉത്തരം. മുസ്‌ലിം ഭീതി. ആഗോളതലത്തില്‍ സമര്‍ഥമായി വിപണനം ചെയ്യപ്പെട്ട ആ ഭീതിതന്നെയാണ് കാരണം. തീവ്രവലതുലോകത്തിന്റെ രാഷ്ട്രീയശാലയാണ് നമ്മുടെ രാഷ്ട്രമിപ്പോള്‍. ചരിത്രം നമ്മള്‍ ഓര്‍ക്കുന്നേയില്ല. അല്ലെങ്കില്‍ ബര്‍ഗൂതി പറഞ്ഞപോലെ രണ്ടാമതായി എന്ന് പറഞ്ഞുകഴിഞ്ഞിരിക്കുന്നു. നമ്മള്‍ ഇത് തെറ്റാണ് എന്ന് ഉറക്കെ പറയേണ്ടവര്‍ മുസ്‌ലിം എന്ന പേരില്‍തട്ടി ഭയന്ന് മാറുകയാണ്. ഇരുള്‍ പരക്കുകയാണ്. റോഹിംഗ്യകള്‍ വിലപിക്കുകയുമാണ്. നമ്മള്‍ പറയേണ്ടിയിരിക്കുന്നു ഇതാണ് ചരിത്രമെന്ന്. ഇതാണ് സംഭവിക്കുന്നതെന്ന്. ഭയം കൊണ്ട് ഒരു പട്ടിയും കുരക്കാതിരിക്കുന്നില്ല എന്ന് നമ്മെ ഓര്‍മിപ്പിച്ചത് കെ.ജി ശങ്കരപ്പിള്ളയാണല്ലോ?

കെ.കെ ജോഷി

You must be logged in to post a comment Login