2019 ലേക്കുള്ള മാറ്റങ്ങള്‍

2019 ലേക്കുള്ള മാറ്റങ്ങള്‍

കുംഭകോണങ്ങളുടെ തുടര്‍ക്കഥകളില്‍ മോഹഭംഗം വന്ന യുവജനങ്ങളെ വികസനത്തിന്റെ മോഹന വാഗ്ദാനങ്ങള്‍ നല്‍കി പാട്ടിലാക്കിയാണ് സംഘ്പരിവാര്‍ 2014ല്‍ അധികാരം നേടിയത്. ഇത്തവണ എന്തായാലും ബി.ജെ.പി വരുമെന്ന് ജനങ്ങളെയാകെ വിശ്വസിപ്പിക്കാന്‍ അന്ന് സംഘ്പരിവാറിന്റെ പി.ആര്‍ വര്‍ക്കുകള്‍ക്ക് കഴിഞ്ഞിരുന്നു. 2019ലും അവര്‍ തുടരുമെന്ന് ഈ അടുത്ത കാലം വരെ പ്രതിപക്ഷ പാര്‍ട്ടികള്‍ പോലും വിശ്വസിച്ചിരുന്നു. അതായത്, വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ എത്രയോ മുമ്പ് തന്നെ നമ്മുടെ മനസ്സുകളെ സംഘ്പരിവാര്‍ ജയിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ദേശീയ തലത്തില്‍ പുതിയ പ്രതീക്ഷകളുയരുന്നുണ്ട്.
രാഹുല്‍ ഗാന്ധി എന്ന ‘നിഷ്‌കളങ്കനായ രാഷ്ട്രീയക്കാരന്‍’ ഈ രാജ്യത്തിന്റെ രാഷ്ട്രീയ ഭാവങ്ങളറിഞ്ഞ് കളിക്കാനും കളിപ്പിക്കാനും കഴിവുള്ള തന്ത്രശാലിയായ രാഷ്ട്രീയ നേതാവായി മാറിയിരിക്കുന്നു. വിദേശങ്ങളില്‍ രാഹുലിനുണ്ടായ സ്വീകാര്യത രാജ്യത്തിനകത്തെ മാധ്യമങ്ങളെകൊണ്ട് ഇനിയും അദ്ദേഹത്തെ അവഗണിക്കാനാവില്ലെന്ന പറയിപ്പിച്ചിരിക്കുന്നു. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ രാഹുല്‍ നടത്തിയ സന്ദര്‍ശനങ്ങള്‍ ജനകീയ പിന്തുണയായി മാറുന്ന കാഴ്ചകളും അവിടെയെല്ലാം ഉപതിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് നടത്തുന്ന മുന്നേറ്റങ്ങളുമാണ് മറ്റൊരു നല്ല സൂചന. ബി ജെ പിയുടെ സിറ്റിംഗ് സീറ്റായ ഗുര്‍ദാസ്പൂരില്‍ കോണ്‍ഗ്രസ് ഒരു ലക്ഷത്തി തൊണ്ണൂറായിരത്തിലേറെ വോട്ടുകള്‍ക്ക് ജയിച്ചിരിക്കുന്നു.
രാജസ്ഥാനിലെ സിക്കാറിലുണ്ടായ കൂറ്റന്‍ കര്‍ഷകറാലി, ബീഹാറില്‍ നിതീഷിന്റെ മലക്കം മറിച്ചിലിനൊടുവില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ സംഘടിപ്പിച്ച ഫാഷിസ്റ്റ് വിരുദ്ധ റാലി, ബംഗാള്‍, കര്‍ണാടക, കേരളം തുടങ്ങിയ സംസ്ഥാന സര്‍ക്കാരുകള്‍ കേന്ദ്രത്തിലെ ഫാഷിസ്റ്റു ഏകാധിപത്യത്തോട് നടത്തിക്കൊണ്ടിരിക്കുന്ന ചെറുത്തുനില്‍പ്പുകള്‍- രാജ്യത്തെ മുഴുവന്‍ മതേതരജനാധിപത്യ വിശ്വാസികള്‍ക്കും ഇവ നല്‍കുന്ന ആത്മവിശ്വാസം വളരെ വലുതാണ്.
ഇന്ത്യന്‍ ജനസംഖ്യയുടെ അമ്പത് ശതമാനത്തിലധികം യുവാക്കളാണെന്നിരിക്കെ, 2014ലെ പൊതു തിരഞ്ഞെടുപ്പിനെ യുവജനങ്ങളെങ്ങനെയാണോ സ്വാധീനിച്ചത് അതിനെക്കാള്‍ വലിയ തോതില്‍ 2019ലെ പൊതു തിരഞ്ഞെടുപ്പെത്തുന്നതിനു മുമ്പേ അവര്‍ ഫാഷിസ്റ്റ് വിരുദ്ധമായ നിലപാടുകള്‍ക്കൊപ്പം ഉറച്ചുനില്‍ക്കുന്നു എന്നത് ആശാവഹമാണ്. രാജ്യത്തെ എറ്റവും പ്രധാനപ്പെട്ട കേന്ദ്ര സര്‍വകലാശാലകളില്‍ കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരിലും, സംഘ്പരിവാര്‍ ഭീകരതക്ക് എതിരായും ഉയര്‍ന്ന ശക്തമായ പ്രതിരോധമാണ് 2019ല്‍ ഇന്ത്യന്‍ ജനത തെറ്റ് ആവര്‍ത്തിക്കാന്‍ പോകുന്നില്ലെന്ന ബോധ്യം ഏറ്റവും കൂടുതല്‍ ഉണ്ടാക്കിയിരിക്കുന്നത്.

ജെ.എന്‍.യുവില്‍ ഐസ, എസ്.എഫ്.ഐ, ഡി.എസ്.എഫ് തുടങ്ങിയ ഇടതു വിദ്യാര്‍ത്ഥി സംഘടനകളുടെ സഖ്യം മിന്നുന്ന വിജയമാണ് നേടിയത്. ദളിത് മുസ്‌ലിം സംഘടനകള്‍ ബാപ്‌സക്ക് കീഴില്‍ സഖ്യം ചേര്‍ന്ന് മികച്ച പ്രകടനം കാഴ്ച വെച്ചിരുന്നു. അവരുടെ സാന്നിധ്യം എ.ബി.വി.പിക്ക് ഗുണകരമായേക്കുമെന്ന ആശങ്കയുണ്ടായിരുന്നെങ്കിലും ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടത്തില്‍ ഇടതിന്റെ പ്രസക്തി ഉറപ്പിക്കാന്‍ ഇടതു വിദ്യാര്‍ത്ഥി സഖ്യത്തിന് കഴിഞ്ഞു. ഗുവാഹത്തി സര്‍വകലാശാലയിലും ത്രിപുരയിലും കേരളത്തിലും ഇടത് വിദ്യാര്‍ത്ഥി സംഘടന എസ്.എഫ്.ഐ മികച്ച പ്രകടനം കാഴ്ചവെച്ചു.

ഡല്‍ഹി യൂണിവേഴ്‌സിറ്റി, രാജസ്ഥാന്‍, പഞ്ചാബ് കേന്ദ്രസര്‍വകലാശാലകള്‍ തുടങ്ങിയവ പിടിച്ചെടുത്ത എന്‍.എസ്.യു.ഐയുടെ പ്രകടനം കോണ്‍ഗ്രസ് പാര്‍ട്ടിക്ക് തന്നെ മുതല്‍ക്കൂട്ടായി. ആഢ്യത്വ രാഷ്ട്രീയത്തിന് പേരുകേട്ട ഡി.യുവിലെ എ.ബി.വി.പിയുടെ അപ്രമാദിത്വമാണ് എന്‍.എസ്.യു.ഐ തകര്‍ത്തത്. പ്രസിഡന്റ്, വൈ. പ്രസിഡന്റ് സ്ഥാനങ്ങള്‍ നേടിയ എന്‍.എസ്.യു.ഐ അടിസ്ഥാന തട്ടില്‍ നിന്നു കൊണ്ട് രാഷ്ട്രീയ യാഥാര്‍ത്ഥ്യങ്ങളെ പക്വമായി അഭിമുഖീകരിച്ചതിലൂടെ പുതിയ രാഷ്ട്രീയ സംസ്‌കാരം തന്നെ അവിടെ സാധ്യമാക്കിയിരിക്കുകയാണ്.

രോഹിത് വെമുലാനന്തരമെന്ന് ഇന്ത്യന്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയ ചര്‍ച്ചകളെ പുതിയ മാനത്തിലേക്ക് ക്ഷണിച്ച ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ ഇടത് ദളിത് മുസ്‌ലിം സംഘടനകളുടെ അലയന്‍സ് ഫോര്‍ സോഷ്യല്‍ ജസ്റ്റിസ് യൂണിയന്‍ പിടിച്ചത് എ. ബി. വി. പിയെ അപ്രസക്തമാക്കിക്കൊണ്ടാണ്. അംബേദ്കറേറ്റ് സ്റ്റുഡന്റ്‌സ് അസോസിയേഷന്‍, എം.എസ്.എഫ് തുടങ്ങിയ സംഘടനകള്‍ക്കൊപ്പം നേരത്തേ ഒറ്റയ്ക്ക് യൂണിയന്‍ ഭരിച്ചിരുന്ന എസ്.എഫ്.ഐ ഇത്തവണ സഖ്യത്തിന് മുതിര്‍ന്നത് അഭിനന്ദനാര്‍ഹമാണ്.

ദേശീയതയെ കുറിച്ചുള്ള സംവാദങ്ങളിലൂടെ രാജ്യത്തെ ഒരു ജനവിഭാഗത്തെ അപരവത്കരിക്കാനും, ഗോരക്ഷാ പ്രസ്ഥാനങ്ങളെയും ഏകശിലാത്മക സനാതന സംസ്‌കാരവാദികളെയും കയറൂരി വിട്ട് ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കും കുടപിടിക്കുക വഴി ന്യൂനപക്ഷങ്ങളുടെ ജീവിതം അരക്ഷിതമാക്കുകയും ചെയ്തിരിക്കുകയാണ് ഫാഷിസ്റ്റ് സര്‍ക്കാര്‍. സ്വതന്ത ചിന്താഗതിക്കാരും, പുരോഗമന എഴുത്തുകാരും, എതിരില്‍ ശബ്ദിക്കുന്നവരും ഇവിടെ വാഴില്ല എന്ന് തീര്‍ത്തുപറയാന്‍ മാത്രം സംഘ്പരിവാര്‍ നമ്മുടെ ഭരണസംവിധാനങ്ങളെയും അനുബന്ധ സ്ഥാപനങ്ങളെയും കൈയ്യടക്കിയിരിക്കുന്നു. തീര്‍ത്തും അബദ്ധജഡിലമായ നുണകളെ ഒരു വലിയ ജനസാമാന്യത്തെ കൊണ്ട് വിശ്വസിപ്പിക്കാന്‍ സംഘ്പരിവാര്‍ പ്രൊപഗണ്ടകള്‍ക്ക് കഴിഞ്ഞു എന്ന അത്യന്തം ഭീകരവും സങ്കീര്‍ണവുമായ സത്യത്തെ രാജ്യം മറികടന്നേ തീരൂ. നോട്ടുനിരോധനം, അഴിമതി, സാമ്പത്തിക മാന്ദ്യം, അക്രമം, അസഹിഷ്ണുത, വര്‍ഗീയത, ജാതീയത, കപടദേശീയത, പണാധിപത്യം എന്നിങ്ങനെ ബി.ജെ.പി സര്‍ക്കാരിന്റെ ‘മേന്മകളെ’ ജനങ്ങള്‍ തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുകയാണെന്ന് വിശ്വസിക്കാം. കാമ്പസുകളിലെ ഈ പ്രതിരോധ, പ്രതിഷേധ സ്വരങ്ങള്‍ അങ്ങനെയൊരു പ്രതീക്ഷക്ക് വക തരുന്നുണ്ട്. പക്ഷെ, ഡല്‍ഹി ജാമിഅ മില്ലിയ ഇസ്‌ലാമിയ, അലിഗഡ് മുസ്‌ലിം യൂണിവേഴ്‌സിറ്റി തുടങ്ങിയ മുസ്‌ലിം സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായ കാമ്പസുകള്‍ ഇപ്പോഴും രാഷ്ട്രീയത്തില്‍ ഇടപെടാത്തത് ഒരു വലിയ ജനവിഭാഗത്തിന്റെ ഭാഗധേയത്വം നിര്‍ണ്ണയിക്കുന്നതിന് പ്രാപ്തിയുള്ള നേതാക്കളെ രാജ്യത്തിന് ലഭിക്കാതിരിക്കാന്‍ കാരണമാകും. ദേശീയ രാഷ്ട്രീയത്തിലെ മുസ്‌ലിം പ്രതിനിധാനം ഗൗരവമായ ഒരു സംഗതിയായി എടുക്കേണ്ട സമയം അതിക്രമിച്ചിട്ടുണ്ട്.

രാജ്യത്തെ രാഷ്ട്രീയത്തിന്റെ ബൗദ്ധിക മണ്ഡലങ്ങളെ കൃത്യമായി അളക്കാനും അടയാളപ്പെടുത്താനും നിര്‍വചിക്കാനും കഴിയുന്ന ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല, ഡല്‍ഹി സര്‍വകലാശാല, ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാല എന്നീ മൂന്ന് പ്രധാന സര്‍വകലാശാലാ യൂണിയനുകളുടെ സാരഥികള്‍ പുതിയ രാഷ്ട്രീയ സാഹചര്യങ്ങളെയും കാമ്പസ് മുന്നേറ്റങ്ങളെയും കുറിച്ച് സംസാരിക്കുന്നു.

എന്‍ എസ് അബ്ദുല്‍ഹമീദ്

—————————————————————————————————————————————–

 

 

 

 

 

ഗീതാകുമാരി
(പ്രസിഡന്റ്, ജെ.എന്‍.യു. സ്റ്റുഡന്റ്‌സ് യൂണിയന്‍)

ചുവപ്പും കാവിയും ഒന്നല്ല

തീവ്രവലതു പക്ഷത്തിനെതിരായ ഒരു വിദ്യാര്‍ത്ഥി മുന്നേറ്റം വലിയ പ്രതീക്ഷകള്‍ നല്‍കുന്നു എന്ന് വിലയിരുത്തപ്പെടുന്നു. അടുത്തിടെ ദേശീയ കാമ്പസുകളിലെ വിദ്യാര്‍ത്ഥി യൂണിയന്‍ തിരെഞ്ഞെടുപ്പുകളിലുണ്ടായ ഫാഷിസ്റ്റ് വിരുദ്ധ മുന്നേറ്റം 2019ലെ ലോക്‌സഭാ ജനഹിതത്തിന്റെ സൂചനയാണോ?

തീര്‍ച്ചയായും. ഇത് രാജ്യത്തെ പൊതുജനാഭിപ്രായത്തിന്റെ സൂചകം തന്നെയാണ്. ഇതിനോടകം തന്നെ സുവ്യക്തമായ സംഘ്പരിവാറിന്റെ ഏകാധിപത്യ സ്വഭാവവും അങ്ങനെയൊരു അസംബന്ധത്തിനു മീതെ വാര്‍ത്തു കൊണ്ടിരിക്കുന്ന ഒരു രാഷ്ട്രത്തിന്റെ വര്‍ത്തമാനവും ഇന്ത്യന്‍ ജനതക്ക് മടുത്തു എന്നതിന്റെ അടയാളമാണ് കാമ്പസുകളിലെ വിജയങ്ങള്‍. ഇതുവരെ പറഞ്ഞിരുന്ന വികസന വാഗ്ദാനങ്ങള്‍ പൊള്ളയാണെന്നും, ഇപ്പോള്‍ കേട്ടുകൊണ്ടിരിക്കുന്ന ദേശീയതയെ പറ്റിയുള്ള ചര്‍ച്ചകള്‍, ഗോരക്ഷയെ ചൊല്ലിയുള്ള കോലാഹലങ്ങള്‍, ലവ്ജിഹാദ് അടക്കമുള്ള കുപ്രചാരണങ്ങള്‍ അങ്ങനെ എല്ലാം കടുത്ത നുണകളാണെന്നും എല്ലാവര്‍ക്കും മനസ്സിലാകുന്നുണ്ടാകും. അതിനപ്പുറം നിലവിലെ സാമൂഹിക സാഹചര്യങ്ങളുടെ പരിമിതികള്‍ക്കകത്തു നിന്ന് ഒരു സാധാരണ പൗരന് മനസ്സിലാക്കാന്‍ കഴിയാത്ത, അല്ലെങ്കില്‍ അവനെ വിഡ്ഢിയാക്കിക്കൊണ്ടിരിക്കുന്ന ചില കാര്യങ്ങളെ പറ്റി കാമ്പസുകള്‍ക്കകത്ത് നല്ല ധാരണയുണ്ട്. നമ്മള്‍ വിദ്യാര്‍ത്ഥികള്‍ക്ക്, നിലവിലെ ജി.എസ്.ടി എങ്ങനെ ജനദ്രോഹപരമാകുന്നു എന്ന് തിരിച്ചറിയാനാകും. നോട്ടുനിരോധനത്തിന്റെ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളെ കുറിച്ചും നല്ല ധാരണയുണ്ടാകും. അതുപോലെ ഉന്നത വിദ്യാഭ്യാസ രംഗത്ത് നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന മണ്ടത്തരങ്ങളെ കുറിച്ച്, അത് രാജ്യത്തിന്റെ ഭാവി ശുഷ്‌കമാക്കുന്നതിനെ സംബന്ധിച്ച് കാമ്പസുകള്‍ക്കത്താണ് നല്ല തിരിച്ചറിവുണ്ടാകുന്നത്. നെറ്റ് പരീക്ഷ വര്‍ഷത്തിലൊരു വട്ടം മാത്രമാക്കി. മികച്ച നിലവാരമുള്ള ജെ.എന്‍.യു അടക്കമുള്ള കേന്ദ്ര സര്‍വകലാശാലകള്‍ക്കുള്ള ഫണ്ടുകള്‍ ചുരുക്കി. ഇങ്ങനെ എത്രയോ കാര്യങ്ങള്‍. ഇതെല്ലാം വലിയ അസ്വസ്ഥതയുണ്ടാക്കുന്ന ഫാഷിസ്റ്റ് അജണ്ടകളാണ്. ഇതിനെല്ലാമെതിരെയുള്ള രോഷമാണ് കാമ്പസ് ഇലക്ഷനുകളില്‍ പ്രതിഫലിക്കുന്നത്. ഭാവിയിലെ വലിയ ജനകീയ മുന്നേറ്റത്തിനുള്ള ഊര്‍ജ്ജമാണിത്. ഈ രാജ്യത്തെ യുവാക്കള്‍ അതേറ്റെടുത്ത് കഴിഞ്ഞിരിക്കുന്നു.

യൂണിയന്റെ മുന്നിലുള്ള വെല്ലുവിളികളെന്തൊക്കെയാണ്?
ഫാഷിസം ബാധിച്ച ഒരു ഭരണസമിതിയാണിപ്പോള്‍ യൂണിവേഴ്‌സിറ്റിയുടേത്. അതുകൊണ്ട് തന്നെ യൂണിവേഴ്‌സിറ്റിയെ, അത് രാജ്യത്തിന്റെ യുവതക്ക് നല്‍കി വന്നിരുന്ന തനത് ഇടത്തെ പരിരക്ഷിക്കുക എന്നത് തന്നെയാണ് പ്രഥമ പരിഗണന. വിദ്യാഭ്യാസരംഗം ഇത്രമേല്‍ ദാരുണമായ ഒരു സാഹചര്യത്തിലൂടെ മുമ്പ് കടന്നുപോയിട്ടില്ല. ഫീസ് വര്‍ധന മുതല്‍ സര്‍വകലാശാലാ ഫണ്ട് കുറച്ചതും നെറ്റ് പരിഷ്‌കരിച്ചതും ജി എസ് കാഷ് വെട്ടിമാറ്റിയതടക്കം എന്തൊക്കെയാണുള്ളത്. അതുപോലെ നജീബിന്റെ തിരോധാനം, ധാബകള്‍ നേരത്തെ അടക്കണമെന്ന പുതിയ ഉത്തരവ്. ഫാഷിസത്തിന്റെ വലിയ ഒരു ഭൂതത്തെയാണ് രാജ്യം മുഴുവന്‍ നേരിടുന്നത്. ഇവിടെയുമതേ.

മതമൗലികവാദികള്‍ കാമ്പസുകളിലേക്ക് കടന്നു വരികയാണല്ലോ. എസ് ഐ ഒ പോലുള്ള മുസ്‌ലിം മതമൗലിക വിദ്യാര്‍ത്ഥി സംഘടന ദളിത് അംബേദ്കറേറ്റ് സംഘടനകളോട് സഖ്യം ചേരുന്നു. അംബേദ്കറും മൗദൂദിയും എങ്ങനെ ചേരുമെന്ന് നമ്മള്‍ ആശ്ചര്യപ്പെടുന്നു. ഒരുവേള ഫാഷിസത്തെക്കാള്‍ ഇടതുപക്ഷത്തെ ലക്ഷ്യം വെച്ചുകൊണ്ടുള്ള തിരഞ്ഞെടുപ്പ് കാമ്പയിനുകളായിരുന്നു അവരുടേത്. അത്തരം സാഹചര്യങ്ങളിലൊക്കെ അവരെ പ്രതിരോധിക്കുന്നതില്‍ ഇടതുപക്ഷം മടിച്ചുനില്‍ക്കുകയായിരുന്നല്ലോ.

അടിസ്ഥാനപരമായി മതമൗലികവാദം, അത് ഭൂരിപക്ഷത്തിന്റേതായാലും ന്യൂനപക്ഷത്തിന്റേതായാലും അപകടം തന്നെയാണ്. എന്നാല്‍ എന്റെ അഭിപ്രായത്തില്‍, ഭൂരിപക്ഷ, ന്യൂനപക്ഷ മതമൗലികവാദങ്ങള്‍ ഒരുപോലെയാണെന്ന് പറയരുത്. കാരണം, ഭൂരിപക്ഷം മതത്തെ ഉപയോഗിച്ച് മറ്റുള്ളവരെ കീഴ്‌പ്പെടുത്താനാണ് ശ്രമിക്കുന്നത്. എന്നാല്‍ ന്യൂനപക്ഷങ്ങള്‍ അവരുടെ അവകാശങ്ങള്‍ നേടിയെടുക്കാനുള്ള ശ്രമമാണ്. ഭൂരിപക്ഷ വര്‍ഗീയതയെ ചെറുക്കാന്‍ മതമൗലികവാദം തന്നെയാണ് ശരിയെന്ന് ധരിക്കുന്നത് മൗഢ്യമാണു താനും. മതേതരജനാധിപത്യ മൂല്യങ്ങളെ മാനിച്ചുകൊണ്ടുള്ള അവകാശ സമരങ്ങളാണ് മത സാംസ്‌കാരിക ന്യൂനപക്ഷങ്ങള്‍ നടത്തേണ്ടത്. പ്രഥമമായി രാഷ്ട്രീയവും മതവും വേര്‍തിരിച്ച് കാണാനുള്ളതാണെന്ന ബോധ്യമാണ് എല്ലാവര്‍ക്കും വേണ്ടത്.

ജെ എന്‍ യുവില്‍ ഇടതിനോട് കാണിച്ച തൊട്ടുകൂടായ്മ അവര്‍ക്ക് എച്ച് സി യുവിലുണ്ടായിരുന്നില്ലല്ലോ. അതുപോലെ, ഫാഷിസ്റ്റ് വിരുദ്ധമാണേലും ഇത്തരം അസാധാരണ സഖ്യങ്ങളെ, വൈരുധ്യങ്ങളുടെ സംഗമങ്ങളെ മുന്‍ നിര്‍ത്തി നമുക്കെങ്ങനെ കാമ്പസുകള്‍ക്കു പുറത്ത് ഒരു നല്ല മുന്നേറ്റം പ്രാവര്‍ത്തികമാക്കാനാകും?

മതേതരത്വത്തിന്റെയും ജനാധിപത്യത്തിന്റെയും മൂല്യങ്ങള്‍ സംരക്ഷിക്കാനുള്ള വളരെ ശ്ലാഘനീയമായ ശ്രമങ്ങളാണ് യൂണിവേഴ്‌സിറ്റികളിലുണ്ടായിക്കൊണ്ടിരിക്കുന്നത്. ഫാഷിസ്റ്റുവിരുദ്ധമെന്ന ഒരു ആശയധാര വളരെ ഗൗരവതരമായ ഒന്നാണ്. ജെ.എന്‍.യുവില്‍ ഇടത് വിദ്യാര്‍ത്ഥി ഐക്യം ഉണ്ടാകുന്നതും, ഇവിടെ പരസ്പരം മത്സരിച്ച ഇടത് ദളിത് സംഘടനകള്‍ എച്ച്.സി.യുവില്‍ സഖ്യമുണ്ടാക്കുന്നതും അതുകൊണ്ടാണ്. അതത് യൂണിവേഴ്‌സിറ്റികളുടെ സാഹചര്യങ്ങള്‍ക്കനുസരിച്ച് ഏകോപനം ഉണ്ടാക്കുകയും ഒറ്റക്കെട്ടായി ഫാഷിസ്റ്റുകളെ പ്രതിരോധിക്കുകയും ചെയ്യുന്നു. അതുണ്ടാകണം. ഫാഷിസ്റ്റ് വിരുദ്ധമെന്ന ആശയം തീര്‍ച്ചയായും വലിയ മാറ്റമുണ്ടാക്കാനിരിക്കുകയാണ്.

ഐസ, എസ്എഫ്‌ഐ, എഐഎസ്എഫ് തുടങ്ങിയ ഇടതുസംഘടനകള്‍ ദളിതരെയും മുസ്‌ലിംകളെയും പ്രതിനിധാനം ചെയ്യുന്നതില്‍ പരാജയപ്പെടുകയാണ് എന്ന് വിമര്‍ശനമുണ്ടല്ലോ? ജെ.എന്‍.യുവില്‍ ഇടത് ദളിത് സഖ്യം നടക്കാതെ പോയത് അതുകൊണ്ടായിരിക്കുമല്ലോ?

അതൊക്കെ ക്യാര്യങ്ങള്‍ ഗ്രഹിക്കുന്നതിലെയും അത് സമൂഹത്തില്‍ അവതരിപ്പിക്കുന്നതിലെയും മാനദണ്ഡങ്ങളുടെയും, രീതികളുടെയും വ്യത്യാസമാണ്. ഐസയെ സംബന്ധിച്ചിടത്തോളം അടിച്ചമര്‍ത്തപ്പെടുന്നവരുടെ പ്രതിനിധാനം വലിയ പ്രധാന്യമുള്ള ഒരു കാര്യമാണ്. ഞങ്ങളത് കൃത്യമായി ചെയ്യുന്നുണ്ട്; ശ്രമിക്കുന്നുണ്ട്. എന്നാല്‍ മനസ്സിലാക്കേണ്ട ഒരു കാര്യം, എവിടെയാണ് വിവേചനം അവസാനിപ്പിക്കേണ്ടത്? എങ്ങനെയാണത് സാധ്യമാക്കേണ്ടത്? എന്നൊക്കെയാണ്. സ്ത്രീയെ ഒരു സ്ത്രീക്കു തന്നെയാണല്ലോ ഏറ്റവും പ്രതിനിധാനം ചെയ്യാനാവുക. എന്നു കരുതി സ്ത്രീപക്ഷ മുന്നേറ്റങ്ങളില്‍ ഇനി മുതല്‍ പുരുഷന്മാര്‍ ആരും പങ്കെടുക്കരുതെന്ന് പറഞ്ഞാല്‍, പിന്നെ ആരുടെ ധാരണകള്‍ തിരുത്താനാണ്? ആര്‍ക്കിടയില്‍ മാറ്റമുണ്ടാക്കാനാണിത് എന്ന് ചോദിക്കണ്ടേ? ഇടത് എന്നും അടിച്ചമര്‍ത്തുന്നവരെയും അടിച്ചമര്‍ത്തപ്പെടുന്നവരെയും തിരിച്ചറിഞ്ഞിട്ടുണ്ട്. ഈ കാമ്പസില്‍ ഇടത് ന്യൂനപക്ഷങ്ങള്‍ക്കൊപ്പമാണ്. മര്‍ദ്ദിതരുടെ ശബ്ദത്തിനൊപ്പമാണ്. ഇടതിനെ കാണാതെ, മനസ്സിലാക്കാതെ ചുവപ്പും കാവിയും ഒന്നാണെന്ന് പറയുന്നതെങ്ങനെ ശരിയാകും? ഇടതിനെ ശത്രുപക്ഷത്ത് നിര്‍ത്തിയിട്ട് ഇക്കാലത്ത് ഏത് വിവേചനത്തെയാണ് നിങ്ങള്‍ നേരിടാന്‍ പോകുന്നത്? അതുപോലെ എല്ലാം സവര്‍ണമാണ്, ബ്രാഹ്മണിക്കലാണ് എന്ന് ആക്ഷേപിച്ചിരുന്നാല്‍ ഈ ക്രമം മാറുമോ? അവരോട് സംവദിക്കണ്ടേ? അവര്‍ മാറുമോ എന്ന് നോക്കണ്ടേ? അതല്ലേ പ്രായോഗിക രാഷ്ട്രീയം? കാരണം, സമൂഹത്തെ പരിവര്‍ത്തനം ചെയ്യാനുള്ള ശ്രമമാണ് നമ്മുടേത്. അല്ലാതെ കുറച്ചാളുകളെ ശത്രുവാക്കി മാറ്റിനിര്‍ത്തി വിഭജനങ്ങളുണ്ടാക്കാനല്ല.

എത്ര നല്ല നേതാക്കന്മാരെയാണ് ജെ.എന്‍.യുവിന്റെ രാഷ്ട്രീയാന്തരീക്ഷം ഉദ്പാദിപ്പിക്കുന്നത്. നല്ല രാഷ്ട്രീയ പ്രബുദ്ധതയുള്ള, ബൗദ്ധിക മേന്മയുള്ള, സമൂഹത്തെ കുറിച്ച് തിരിച്ചറിവുള്ള വിദ്യാര്‍ത്ഥിത്വം ഉണ്ടാകുന്നുണ്ടെങ്കിലും ജെ.എന്‍.യുവിന്റെ പുറത്ത് അവരെവിടെ പോകുന്നു?

ശരിക്കും ഇതിനെങ്ങനെ ഉത്തരം പറയണമെന്ന് എനിക്കറിയില്ല. ജെ.എന്‍.യുവില്‍ എല്ലാ കാലത്തും നല്ല നേതാക്കന്മാരുണ്ടായിട്ടുണ്ട്. ഇവിടുത്തെ അന്തരീക്ഷവും രാഷ്ട്രീയ ബോധവുമെല്ലാം ഇനിയും നല്ല നേതാക്കന്മാരെ ഉയര്‍ത്തി കൊണ്ടുവരിക തന്നെ ചെയ്യും. പക്ഷെ, അവരെന്നും നേതാക്കളായി സമൂഹത്തിലുണ്ടാകണമെന്നില്ല. അത്രമേല്‍ സാമൂഹിക സമ്മര്‍ദ്ദങ്ങള്‍ ഇവിടെ ഓരോരുത്തരെയും പിന്തുടരന്നുണ്ട്.

ഓരോ കാമ്പസുകളും അതത് സമൂഹങ്ങളുടെ പ്രതിഫലനമാകേണ്ടതാണ്. ജെ.എന്‍.യു ഇന്ത്യന്‍ സമൂഹത്തെയോ രാഷ്ട്രീയത്തെയോ പ്രതിഫലിപ്പിക്കുന്നില്ല എന്നതല്ലേ സത്യം?

എന്നാരു പറഞ്ഞു? ഈ കാമ്പസ് കൃത്യമായി നമ്മുടെ സമൂഹത്തെ അഭിമുഖീകരിക്കുകയും പ്രതിനിധീകരിക്കുകയും ചെയ്യുന്നുണ്ട്. നിങ്ങള്‍ ജെ.എന്‍.യുവില്‍ നിന്നാല്‍ നിങ്ങള്‍ക്കത് മനസ്സിലാകും. ഇതൊരു തുരുത്തൊന്നുമല്ല. സമൂഹത്തില്‍ സമരം ചെയ്യാന്‍ കൊതിക്കുന്ന കുറേപേര്‍ ഒത്തുകൂടുന്ന ഒരിടവുമല്ല. മറിച്ച്, സമൂഹത്തിന്റെ, രാഷ്ട്രീയത്തിന്റെ യാഥാര്‍ത്ഥ്യങ്ങളെ തിരിച്ചറിയുകയാണിവിടെ. ഇവിടുന്ന് ഇറങ്ങിയിട്ടും രാഷ്ട്രീയത്തിലില്ലാത്തതെന്തേ എന്ന് ചോദിച്ചാല്‍ ഇവിടെ നില്‍ക്കുമ്പോള്‍ തന്നെ നാം അനുഭവിക്കുന്ന സമ്മര്‍ദ്ദങ്ങള്‍ കൂടുതല്‍ ഊക്കില്‍ നമ്മെ ബാധിക്കുന്നു എന്നതിനാലാണ്. ഇപ്പോള്‍ ഞങ്ങളുടെ വീട്ടില്‍ നിന്ന് വിളിക്കും, മോഡിയുടെ പേര് ഇത്ര വ്യക്തമാക്കി പറയരുതെന്ന് ഉപദേശിക്കും. സമൂഹം പെണ്‍കുട്ടികളോട് എല്ലാം നിര്‍ത്തി ഒതുങ്ങാനും ആണ്‍കുട്ടികളോട് കുടുംബം നോക്കാന്‍ പ്രാപ്തി നേടാനും പറഞ്ഞുകൊണ്ടിരിക്കും. എല്ലാവര്‍ക്കും അതൊക്കെ മറികടക്കാനായെന്ന് വരില്ല.

—————————————————————————————————————————————–

 

 

 

 

 

റോക്കി തുസീദ്
(പ്രസിഡന്റ്, ഡി.യു. സ്റ്റുഡന്റ്‌സ് യൂണിയന്‍)

വിയോജിപ്പിന്റെ വിരലടയാളങ്ങള്‍

2019ലെ പൊതുതിരഞ്ഞെടുപ്പില്‍ ഫാഷിസ്റ്റുകള്‍ തോല്‍ക്കാനിരിക്കുകയാണെന്നതിന്റെ ശുഭസൂചനയായിരുന്നു ഡല്‍ഹി യൂണിവേഴ്‌സിറ്റി യൂണിയന്‍ തിരഞ്ഞെടുപ്പ് ഫലം. ദേശീയ കാമ്പസുകള്‍ രേഖപ്പെടുത്തുന്ന ഈ വിയോജിപ്പ് സ്വരം സംഘ്പരിവാറിനെ ഭയപ്പെടുത്തുന്നുണ്ട്. പ്രതിപക്ഷം ശക്തിപ്പെടുന്നു എന്ന് വ്യക്തമാണ്. ഡി.യുവിലെ വിജയമാകട്ടെ, കോണ്‍ഗ്രസ് പാര്‍ട്ടിക്കും വലിയ ഗുണകരമായി. എന്തു പറയുന്നു?

തീര്‍ച്ചയായും. ഇത്രയും കാലത്തെ ബി.ജെ.പിയുടെയും ആര്‍.എസ്.എസിന്റെയും വഞ്ചനാപരമായ ഭരണത്തെ പൊതുജനങ്ങള്‍ നിരാകരിച്ചു കഴിഞ്ഞു എന്നതിന്റെ തെളിവാണിത്. ഇന്ത്യയിലെല്ലായിടത്തും വിദ്യാര്‍ത്ഥികള്‍ക്കിടയിലും യുവജനങ്ങള്‍ക്കിടയിലും സര്‍ക്കാര്‍വിരുദ്ധ മനോഭാവം ശക്തമാണ്. വികസനത്തിന്റെ പേരു പറഞ്ഞ് കബളിപ്പിക്കുകയും അഴിമതികളിലും ആക്രമണങ്ങളിലുമായി രാജ്യത്തെ പിറകോട്ടടിപ്പിക്കുകയും ചെയ്തവര്‍ക്ക് രാജ്യം ഇനിയൊരവസരം നല്‍കില്ലെന്നുറപ്പാണ്. രാജ്യത്തിന്റെ വിവിധ കോണുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ഇന്ത്യയിലെ വളരെ പ്രധാനപ്പെട്ട ഒരിടമാണ് ഡി.യു. ഇവിടെ മതേതര ജനാധിപത്യ മൂല്യങ്ങള്‍ക്കുണ്ടായ വിജയം ഒരേ സമയം രാജ്യത്തിനും കോണ്‍ഗ്രസ് പാര്‍ട്ടിക്കും ശുഭസൂചനയാണ്, ആവേശമാണ്. കാരണം, ജെ.എന്‍.യുവില്‍ ഇടതുപക്ഷ വിദ്യാര്‍ത്ഥി പാര്‍ട്ടികള്‍ അവരുടെ വിജയം ആവര്‍ത്തിച്ചിരിക്കുകയാണ്. എച്ച്. സി. യുവിലും ഏകദേശം സമാന സാഹചര്യമാണ്. എന്നാല്‍ ഇവിടെ ആര്‍.എസ്.എസ് അപ്രമാദിത്വത്തെ തകര്‍ത്തിരിക്കുകയാണ് എന്‍ എസ് യു ഐ. വിദ്യാഭ്യാസ വായ്പകള്‍ വെട്ടിക്കുറച്ച കേന്ദ്രസര്‍ക്കാര്‍ നടപടി, കാമ്പസുകളിലെ വിയോജിപ്പുകളെ നേരിട്ട കാട്ടാള രീതി, ഡി.യുവില്‍ രാംജാസ് കോളേജില്‍ എ.ബി.വി.പി നടത്തിയ അക്രമങ്ങള്‍. അങ്ങനെ വിദ്യാര്‍ത്ഥികളെ ചിന്തിപ്പിച്ച, പ്രവര്‍ത്തിപ്പിച്ച ഒട്ടനവധി കാര്യങ്ങളുണ്ട്. ഇതൊരു മാറ്റമാണ്. കാമ്പസുകളില്‍ നിന്നത് തുടങ്ങിയിരിക്കുകയാണ്.

ഡി.യുവില്‍ മാത്രമല്ല, രാജസ്ഥാന്‍, പഞ്ചാബ്, അസം, കര്‍ണാടക എന്നിവിടങ്ങളിലും എന്‍.എസ്.യു.ഐ മികച്ച പ്രകടനമാണല്ലോ കാഴ്ചവെക്കുന്നത്. വിദ്യാര്‍ത്ഥി പക്ഷത്തിന്റെ ഈ മുന്നേറ്റം കോണ്‍ഗ്രസ് പാര്‍ട്ടിക്ക് എത്രകണ്ട് ഉപയോഗപ്പെടുത്താനാകുമെന്നാണ് കരുതുന്നത്?

2014ലെ തിരഞ്ഞെടുപ്പ് കാലത്ത് യുവാക്കളെ പറഞ്ഞുപറ്റിച്ചാണ് മോഡി അധികാരത്തില്‍ വന്നത്. പക്ഷേ, തൊഴിലോ, നല്ല ജീവിത സാഹചര്യങ്ങളോ ഒന്നും ഉണ്ടായില്ല. വിദ്യാഭ്യാസ മേഖലയില്‍ അവര്‍ക്ക് അത് തകര്‍ക്കുക എന്നതിനപ്പുറം ഒരു കാഴ്ചപ്പാടുമില്ല. ഇപ്പോള്‍ യുവാക്കള്‍ മോഡിക്കെതിരായിരിക്കുകയാണ്. പൊള്ളയായ വാഗ്ദാനങ്ങളുടെ ഉടമയായ മോഡിയല്ല, മറിച്ച് ധിഷണാശാലിയായ രാഹുല്‍ ഗാന്ധിയാണ് രാജ്യത്തെ നയിക്കേണ്ടതെന്ന് യുവജനങ്ങള്‍ തിരിച്ചറിയുന്നുണ്ട്.

ഡി.യു.എസ്.യു തിരഞ്ഞെടുപ്പു ഫലത്തോട് പ്രതികരിച്ചു കൊണ്ട് ഡല്‍ഹി.പി സി സി അധ്യക്ഷന്‍ അജയ് മാക്കന്‍ പറയുകയുണ്ടായി, യു.എസ് ബേര്‍ക്ക്‌ലിയിലെ രാഹുല്‍ ഗാന്ധിയുടെ പ്രസംഗം വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വലിയ സ്വാധീനമായെന്ന്. അങ്ങനെയുണ്ടോ?

സ്വാഭാവികമായും യു.എസിലെ ബേര്‍ക്ക്‌ലിയില്‍ രാഹുല്‍ ഗാന്ധി സംസാരിച്ചത് വിദ്യാര്‍ത്ഥികളെ സ്വാധീനിച്ചിട്ടുണ്ടാകും. അദ്ദേഹം വിഷയങ്ങളിലൂന്നി പക്വമായി സംവദിക്കുകയായിരുന്നു. വളരെ സുതാര്യമായി, വ്യക്തമായി അദ്ദേഹം കാര്യങ്ങള്‍ ബോധിപ്പിക്കുന്നുണ്ടായിരുന്നു. തിരഞ്ഞെടുപ്പിന്റെ അന്ന് പുലര്‍ച്ചെ ഞങ്ങള്‍ വിദ്യാര്‍ത്ഥികള്‍ അത് കാണുന്നു. അതേസമയം ഇലക്ഷന്റെ തലേന്ന് മോഡി മന്‍കിബാത് നടത്തുന്നു. ഒളിഞ്ഞും തെളിഞ്ഞുമുള്ള വോട്ടഭ്യര്‍ത്ഥനയാണത്. ജെ.എന്‍.യുവിലെ ക്ഷീണം തീര്‍ക്കലായിരിക്കും ലക്ഷ്യം. കാരണം, വി.സിയെ കൊണ്ട് നിര്‍ബന്ധിച്ച് കാമ്പസില്‍ ‘മോഡി ലക്ചര്‍’ ബ്രോഡ്കാസ്റ്റും ചെയ്തു. രണ്ട് നേതാക്കന്മാരെയും ഡല്‍ഹി യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികള്‍ ശരിക്കും വിലയിരുത്തിയതിന്റെ ഫലം കൂടിയാണ് എന്‍.എസ്.യു.ഐയുടെ വിജയം.

ഡി.യു തിരഞ്ഞെടുപ്പില്‍ എ.ബി.വി.പി എല്ലാ അടവും പയറ്റിയല്ലോ. തുസീദിനെ അവര്‍ പലതരത്തിലും ഒതുക്കാന്‍ ശ്രമിച്ചിരുന്നില്ലേ?

അവര്‍ അവരുടെ സഹജമായ സ്വഭാവമെടുത്തു. ജനാധിപത്യ മര്യാദകള്‍ അവര്‍ക്കില്ലല്ലോ. പണം, കൈയ്യൂക്ക്, അധികാരം എല്ലാം അവര്‍ ഉപയോഗിച്ചിട്ടുണ്ട്. സെപ്തംബര്‍ 4ന് ഞാന്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. പരിശോധനക്ക് ശേഷം എന്റെ സ്ഥാനാര്‍ത്ഥിത്വം അംഗീകരിക്കപ്പെടുകയുമുണ്ടായി. സെപ്തംബര്‍ 6 ന് എന്നെ എന്‍ എസ് യു ഐ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി തിരഞ്ഞെടുത്തു. പിന്നീടുണ്ട് എന്നെ അയോഗ്യനാക്കിക്കൊണ്ടുള്ള സ്ഥാനാര്‍ത്ഥി പട്ടിക വരുന്നു. യു.ജി പഠന കാലത്ത് എനിക്കെതിരെ ഒരു ഡിസിപ്ലിനറി ആക്ഷനുണ്ടായിട്ടുണ്ടെന്നതായിരുന്നു വിശദീകരണം. ഒരു കസേരയുടെ കാലൊടിഞ്ഞതാണോ നിങ്ങള്‍ പറയുന്ന ഡിസിപ്ലിനറി നടപടിയെന്ന് ഞങ്ങള്‍ ചോദിച്ചു. ഞങ്ങള്‍ ലിങ്‌ദോ കമ്മിറ്റി റിപ്പോര്‍ട്ട് എടുത്തു വെച്ച് സംസാരിച്ചു. അങ്ങനെ ഞങ്ങള്‍ ഹൈക്കോടതിയില്‍ ചെന്ന് യോഗ്യത ഉറപ്പാക്കുകയാണുണ്ടായത്. ഇത്തവണ എന്‍.എസ്.യു.ഐ യൂണിയന്‍ നേടുമെന്ന് ആര്‍.എസ്.എസ് പേടിച്ചിരുന്നു. അവര്‍ക്കെതിരെയുള്ള എല്ലാ ശബ്ദങ്ങളെയും മുന്നേറ്റങ്ങളെയും അവരിങ്ങനെ നശിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കും.

മറ്റു സര്‍വകലാശാലകളിലേതു പോലെയല്ല ഡി.യുവിലെ രാഷ്ട്രീയമെന്ന് കേട്ടിരുന്നു. പണക്കൊഴുപ്പിന്റെയും കായിക ശേഷിയുടെയും വരേണ്യ രാഷ്ട്രീയമായിരുന്നല്ലോ ഇവിടെ? ഇത്തവണ ഒരു മാറ്റമുണ്ട്?

ശരിയാണ്. ഡി.യുവില്‍ അങ്ങനെയായിരുന്നു. പണക്കൊഴുപ്പ് വല്ലാതെ പ്രകടമായിരുന്നു. എ.ബി.വി.പിയാണ് കാര്യങ്ങളത്ര വഷളാക്കിയത്. പണം കൊണ്ട് ജനാധിപത്യത്തെ വിലക്കെടുക്കുന്നതാണല്ലോ അവരുടെ സംസ്‌കാരം. കൈയ്യൂക്കിന്റെ കളിയായിരുന്നു അവരുടെ രീതി. രാംജാസിലെ പ്രശ്‌നമൊക്കെ അതാണ്. എന്നാല്‍ ഇത്തവണ ഒരു സര്‍ഗാത്മക വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിനുള്ള സാഹചര്യം ഒരുങ്ങിയിട്ടുണ്ട്. തിരഞ്ഞെടുപ്പില്‍ വിദ്യാര്‍ത്ഥികളുടെ പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കാന്‍, രാജ്യം നേരിടുന്ന വെല്ലുവിളികള്‍ ചര്‍ച്ച ചെയ്യാന്‍ എന്‍.എസ്.യു.ഐ ശ്രദ്ധിച്ചിരുന്നു. ഇത്തവണയാണ് കൂടുതല്‍ വോട്ടിംഗ് രേഖപ്പെടുത്തിയത് എന്നതും ശ്രദ്ധേയമാണ്. ഡി.യുവിലെ രാഷ്ട്രീയം മാറുകയാണെന്ന് കരുതാം.

വിവിധ മതവിഭാഗങ്ങളെയും സാംസ്‌കാരികതകളെയും ഉള്‍കൊള്ളുന്നതിലും സമൂഹത്തില്‍ അടിച്ചമര്‍ത്തപ്പെടുന്ന ദളിത്- മുസ്‌ലിം വിഭാഗങ്ങളെ പ്രതിനിധാനം ചെയ്യുന്നതിലും ഡി.യുവും എന്‍.എസ്.യു.ഐയും എത്രത്തോളം ശ്രദ്ധിക്കുന്നുണ്ട്?

ഡി.യു വ്യത്യസ്തതകളെ ആഘോഷിക്കുന്ന ഒരിടമാണ്. പിന്നെ, ദളിത് മുസ്‌ലിം വിഭാഗങ്ങളെ കൂടുതല്‍ ശാക്തീകരിക്കേണ്ടതിനെ സംബന്ധിച്ച് എന്‍.എസ്.യു.ഐ ബദ്ധശ്രദ്ധരാണ്. വ്യതിരിക്തതകളെ ഉള്‍കൊള്ളുന്നതിലും സമത്വം സൃഷ്ടിക്കുന്നതിലും താത്പര്യമുള്ള ഒരു രാഷ്ട്രീയ പാരമ്പര്യമാണ് എന്‍.എസ്.യു.ഐയുടേത്.

—————————————————————————————————————————————–

 

 

 

 

 

ശ്രീരാഗ് പൊയ്ക്കാടന്‍
(പ്രസിഡന്റ്, എച്ച്.സി.യു. സ്റ്റുഡന്റ്‌സ് യൂണിയന്‍)

കാമ്പസുകളും സമൂഹത്തിന്റെ ഭാഗമാണ്

ഫാഷിസ്റ്റ് ഭരണകൂടത്തെ ആദ്യമേ എതിര്‍ത്തിരുന്നു കാമ്പസുകള്‍. സമരോത്സുക വിദ്യാര്‍ത്ഥിപക്ഷത്തിന്റെ വിയോജിപ്പുകള്‍ അവരെ ഏറെ അസ്വസ്ഥരാക്കിയിരുന്നു എന്നത് ദൃശ്യമായിരുന്നു. ഇപ്പോള്‍ ദേശീയതലത്തില്‍ ആകമാനം കാണാനായ സംഘ്പരിവാര്‍ വിരുദ്ധ വിദ്യാര്‍ത്ഥി കൂട്ടായ്മകളുടെ വിജയം വരുന്ന പൊതുതിരഞ്ഞെടുപ്പിന്റെ ഫലമെന്തായിരിക്കുമെന്ന് പ്രവചിക്കുന്നുണ്ടോ?

ഉറപ്പായും. കാമ്പസ് രാഷ്ട്രീയത്തെ മുഖ്യധാരാ രാഷ്ട്രീയത്തില്‍ നിന്നും മാറ്റിനിര്‍ത്തേണ്ടതില്ലല്ലോ? അതത്രമേല്‍ സമൂഹത്തിന്റെ പ്രതിഫലനമാണ്. ഞാനൊരു ഉദാഹരണം പറയാം. രോഹിത് വിഷയവുമായി ബന്ധപ്പെട്ട് എച്ച് സി യൂണിവേഴ്‌സിറ്റിയില്‍ സമരപരിപാടികള്‍ നടക്കുന്നതിനിടെ ഇവിടെ മുനിസിപ്പാലിറ്റി ഇലക്ഷന്‍ വന്നു. അന്ന് ബി.ജെ.പി അമ്പേ തോറ്റുപോയി. അതങ്ങനെയാണ്. കാമ്പസുകളും സമൂഹത്തിന്റെ ഭാഗമാണല്ലോ. ഇനി വരുന്ന പൊതുതിരഞ്ഞെടുപ്പ് എന്താകുമെന്നതിന്റെ സൂചനയാണിത്. ഇപ്പോള്‍ നാം കാണുന്ന എല്ലാം അവിടെ പ്രതിഫലിക്കും. ഇപ്പോള്‍ സര്‍വകലാശാലകളിലുണ്ടായിട്ടുള്ള വിജയങ്ങളെല്ലാം തന്നെ ഫാഷിസ്റ്റു താത്പര്യങ്ങള്‍ക്ക് വിധേയപ്പെടുന്ന സര്‍വകലാശാലാ അധികൃതര്‍ക്കെതിരില്‍ കൂടിയാണ്. വിദ്യാര്‍ത്ഥികളുടെ ശബ്ദത്തെ അവഗണിച്ചു കൊണ്ട് ആര്‍ക്കും മുന്നോട്ടുപോകാനാകില്ല. അത് ചരിത്രത്തിലെപ്പോഴും അങ്ങനെയാണ്. ഒരനിവാര്യഘട്ടമെന്ന നിലക്ക് ഇവിടെയും വിദ്യാര്‍ത്ഥികളില്‍ നിന്ന് ഒരു മാറ്റം ഉണ്ടായിക്കുന്നു. അത് സമൂഹത്തില്‍ പ്രകടമാകുന്നത് നാം കാണാനിരിക്കുന്നു.

ഫാഷിസ്റ്റ് വിരുദ്ധമെന്നതിനപ്പുറം അനവധി വിരുദ്ധാശയങ്ങളില്‍ തട്ടിത്തടഞ്ഞു നില്‍ക്കുകയാണ് ഇപ്പോഴുള്ള മുന്നണികളൊക്കെയും. ഉദാഹരണത്തിന് ജെ.എന്‍.യുവില്‍ ഇടതും അംബേദ്കറേറ്റുകളും എതിര്‍പക്ഷങ്ങളിലായിരുന്നു. ഹൈദരാബാദില്‍ ഇടതും അംബേദ്കറേറ്റുകളും സഖ്യമുണ്ടാക്കി. കാമ്പസുകളില്‍ നിന്നൊരു മുന്നേറ്റമുണ്ടാകുന്നുവെങ്കിലും കലാലയങ്ങള്‍ക്കു പുറത്തേക്ക് അത് വളരാതിരിക്കാനോ, കാര്യക്ഷമമാകാതിരാക്കാനോ ഈ വൈരുധ്യങ്ങള്‍ ഒരു ഹേതുവാകില്ലേ?

ഇന്ത്യയിലെ എല്ലാ കാമ്പസുകളും അവിടങ്ങളിലെ രാഷ്ട്രീയ സാഹചര്യങ്ങളും ഒരുപോലെയാണെന്ന് കരുതരുത്. സാഹചര്യങ്ങള്‍ക്കനുസരിച്ച് വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ കാണിക്കുന്ന രാഷ്ട്രീയ പക്വതയാണ് വൈരുധ്യങ്ങളുണ്ടായിരിക്കെ തന്നെ ഫാഷിസം പോലുള്ള വിപത്തുകള്‍ക്കെതിരില്‍ ഒരുമിക്കാനുള്ള ഓരോ സഖ്യങ്ങള്‍ക്കു പിന്നിലെയും പ്രചോദനം. ജെ.എന്‍.യുവിലെ ബാപ്‌സ വരുന്നത് 2014ലാണ്. എന്നാല്‍ എ.എസ്.എ 1990 മുതല്‍ക്കേയുണ്ട്. ആ വ്യത്യാസങ്ങളുണ്ട്. അതുപോലെ, എസ്.എഫ്.ഐ ഹൈദരാബാദില്‍ സ്വതന്ത്രമായി യൂണിയന്‍ നേടിയിരുന്നതാണ്. അവര്‍ ഇങ്ങനെയൊരു സഖ്യത്തിന് തയാറാകുന്നത് ഞാനീ പറഞ്ഞ രാഷ്ട്രീയ പക്വത കൊണ്ടാണ്.

അംബേദ്കറേറ്റ്‌സുകളുടെ സാധ്യത ദളിത് ന്യൂനപക്ഷ വിഭാഗങ്ങളെ പ്രതിനിധാനം ചെയ്യുന്നതിലുണ്ടായ ഇടതുപക്ഷത്തിന്റെ പരാജയത്തിലാണ് എന്ന നിരീക്ഷണത്തെ എങ്ങനെ വിലയിരുത്തുന്നു?

ഇടതുപക്ഷത്തിന്റെ പരാജയത്തിലാണ് അംബേദ്കറേറ്റുകള്‍ വരുന്നതെന്ന നിരീക്ഷണം ശരിയല്ല. ദളിത് സ്വത്വരാഷ്ട്രീയം പ്രസക്തിയാര്‍ജിച്ചത് പതിറ്റാണ്ടുകളോളം രാജ്യം ഭരിച്ച കോണ്‍ഗ്രസ് പാര്‍ട്ടിയുടെയും ദളിതുകള്‍ക്ക് വേണ്ടി ഒന്നും ചെയ്യാനില്ലാത്ത ബി.ജെ.പിയുടെയും പരാജയത്തില്‍ നിന്നാണ്. അതുപോലെ എല്ലാ മുഖ്യധാരാ രാഷ്ട്രീയത്തിന്റെയും പരാജയത്തില്‍ നിന്നാണ്. അവിടെ ഇടതുപക്ഷവും ഒഴിവല്ലെന്ന് മാത്രം. ദളിതുകള്‍ അവരുടെ മുന്നേറ്റം പ്രഖ്യാപിച്ചു കഴിഞ്ഞിട്ടുണ്ട്. ഇപ്പോഴത് കൂടുതല്‍ ശക്തിപ്പെട്ടിരിക്കുന്നു. അംബേദ്കര്‍ വിഭാവനം ചെയ്ത ദളിത് മോചനം വരുന്ന വഴിയാണിത്. ആര്‍ക്കുമിത് തടയാനൊക്കില്ല. പിന്നെ, എല്ലാ പാര്‍ട്ടികളിലും ദളിതുകളുണ്ടാകും. ബി.ജെ.പി ഒഴികെയുള്ള പാര്‍ട്ടികളില്‍ ദളിതുകള്‍ക്ക് സുരക്ഷിതത്വമുണ്ടെന്ന് വെച്ചാല്‍ തന്നെ അവയെല്ലാം നിയന്ത്രിക്കപ്പെടുന്നത് ഉന്നത ജാതിക്കാരായ ബ്രാഹ്മണര്‍, ചതുര്‍വേദി, ത്രിവേദി, നായര്‍, ബനിയ, ശര്‍മ്മ, മിശ്ര… ഇങ്ങനെ കുറേ വിഭാഗങ്ങളിലൂടെയാണ്.

ഒരാള്‍ ബ്രാഹ്മണനായി എന്നതുകൊണ്ട് അയാള്‍ ഒരു സാമൂഹ്യസംവിധാനത്തില്‍ തന്നെ ഉണ്ടായിക്കൂടാ എന്ന് പറയുന്നതില്‍ അര്‍ത്ഥമില്ലല്ലോ. അങ്ങനെയെന്നാല്‍ പിന്നെ സമൂഹം എങ്ങനെ സമുദ്ധരിക്കപ്പെടുമെന്നാണ് കരുതുന്നത്?

അല്ല, അവരെ പാടെ മാറ്റി നിര്‍ത്തണമെന്നല്ല. ഒരു സവര്‍ണ ജാതിക്കാരന്‍ ജാതിവിപാടന മുന്നേറ്റത്തില്‍ ഭാഗമാകുന്നെങ്കില്‍ അവര്‍ വേണ്ടായെന്നു പറയണമെന്നുമല്ല. എല്ലാവരും ഒരുമിച്ച് എല്ലാ മനുഷ്യരുടെയും നന്മയെ കുറിച്ച് സംസാരിക്കണമെന്നാണ്, പ്രവര്‍ത്തിക്കണമെന്നാണ് നമ്മള്‍ പറയേണ്ടത്. സാര്‍വലൗകികമായ സാഹോദര്യത്തെ പറ്റി, മാനവികതയെ പറ്റി, സമത്വത്തെയും നീതിയെയും പറ്റി എല്ലാവരും തന്നെ ഗൗരവതരമായി സംസാരിക്കണം. എങ്കിലേ മാറ്റം വരൂ എന്നത് തന്നെയാണ് ശരി.

എ.എസ്.എ മുസ്‌ലിം- ദളിത് ഐക്യത്തില്‍ വിശ്വസിക്കുന്നു. എന്നാല്‍ മുസ്‌ലിം സംഘടനകള്‍ക്കിടയിലും ദളിത് സംഘടനകള്‍ക്കിടയിലും ഐക്യം നമുക്ക് കാണാനേ കഴിയില്ല എന്ന യാഥാര്‍ത്ഥ്യം ശ്രദ്ധിച്ചിട്ടുണ്ടാകുമല്ലോ?

ദളിത് സംഘടനകള്‍ തമ്മില്‍ നല്ല യോജിപ്പിലാണുള്ളത്. അങ്ങനെയില്ല എന്നത് ഒരു തെറ്റിദ്ധാരണയാണ്. പിന്നെ, ഇത് ഒരു ദളിത്മുസ്‌ലിം ഐക്യമെന്നതില്‍ ഒതുങ്ങുന്നതല്ല. ഇതൊരു ബഹുജന ഐക്യമാണ്. ആദിവാസികളുണ്ട്. ദളിതരുണ്ട്. മതന്യൂനപക്ഷങ്ങളുണ്ട്.

ഇന്ത്യന്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയ ചരിത്രം രോഹിത് വെമുലക്ക് മുമ്പും ശേഷവുമെന്ന് വിഭജിക്കപ്പെടും. എന്തു പറയുന്നു?

അതെ. എല്ലാവരും രോഹിതിനെ കുറിച്ച് പറയുന്നു. അവന്‍ അവന്റെ ജീവിതം സമര്‍പ്പിച്ചത് ഈ രാജ്യത്തിന്റെ വിദ്യാര്‍ത്ഥിത്വത്തിനാണ്. അവന്റെ രക്തസാക്ഷിത്വം ജാതീയത കൈയ്യടക്കി വെച്ചിരിക്കുന്ന സാമൂഹിക ക്രമങ്ങള്‍ തകര്‍ത്തെറിയാനുള്ള മുന്നേറ്റത്തിന് വെളിച്ചവും ഊര്‍ജവുമാവുകയാണ്. എവിടെയും രോഹിതിന്റെ വാക്കുകള്‍ ഉദ്ധരിക്കപ്പെടുന്നു. രോഹിതിനെ പരാമര്‍ശിക്കാതെ ആരും കടന്നു പോകുന്നില്ല. മോഡി വരെ രോഹിതിനെ പറ്റി പറയാന്‍ നിര്‍ബന്ധിതനാകുന്നു.

You must be logged in to post a comment Login