സാമുദായിക രാഷ്ട്രീയം തിരസ്‌കരിക്കപ്പെടുകയാണ്

സാമുദായിക രാഷ്ട്രീയം തിരസ്‌കരിക്കപ്പെടുകയാണ്

ഇന്ത്യന്‍ മുസ്‌ലിംകളുടെ മുഖ്യ പരാധീതന പോയ്‌പ്പോയ കാലത്തിന്റെ ഗൃഹാതുരതയില്‍ എന്നും അഭിരമിച്ച് ജീവിതം പാഴാക്കുന്നുവെന്നതാണെന്ന് നിരീക്ഷിച്ചത് മുന്‍ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരിയാണ് . പുതിയ കാലത്തിന്റെ വെല്ലുവിളികളെ നേരിടാന്‍ സ്വയം ‘അപ്‌ഡേറ്റ്’ ചെയ്യില്ല എന്നതാണ് കാലഹരണപ്പെട്ട ഒരു സമൂഹമായി പിന്തള്ളപ്പെടാന്‍ പലപ്പോഴും കാരണം. പല പ്രസ്ഥാനങ്ങളും പുതിയ നേതൃത്വവും പുതിയ മുദ്രാവാക്യങ്ങളുമായി പുതുക്കിപ്പണിയലിന് സന്നദ്ധമാകുമ്പോള്‍ കേരളത്തിലെ മുസ്‌ലിം ലീഗ് പതിറ്റാണ്ടുകള്‍ മുമ്പുള്ള ചിന്താപദ്ധതിയും കര്‍മശൈലിയുമായി മുന്നോട്ടുപോകുന്നതിനാല്‍ കാലം അവരെ തിരസ്‌കരിക്കുകയല്ലേ എന്ന സംശയം ബലപ്പെട്ടുകൊണ്ടിരിക്കയാണ്. പക്ഷേ, തങ്ങള്‍ തിരസ്‌കരിക്കപ്പെടുകയാണെന്ന് സമ്മതിക്കാന്‍ ആ പാര്‍ട്ടിയോ അതിന്റെ നേതൃത്വമോ ഒരിക്കലും തയാറാവുകയില്ല എന്നതാണ് സത്യം. വേങ്ങര ഉപതിരഞ്ഞെടുപ്പ് ഫലം കേരളക്കര ഇത്രമാത്രം ചര്‍ച്ച ചെയ്തത് ലീഗ് രാഷ്ട്രീയത്തെ മലപ്പുറത്തിന്റെ ഹൃദയഭൂമിയില്‍ തന്നെ തിരസ്‌കരിക്കപ്പെടുന്നതിന്റെ ലക്ഷണം കണ്ടുതുടങ്ങിയതിന്റെ നടുക്കം കൊണ്ടാണ്. എന്തുകൊണ്ട് മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥി കെ.എന്‍.എ ഖാദറിന് നിറം മങ്ങിയ ജയം ഏറ്റുവാങ്ങേണ്ടിവന്നു എന്ന ചോദ്യത്തിനു പാര്‍ട്ടിക്ക് അവിടെ ഒന്നും സംഭവിച്ചില്ല എന്നായിരിക്കും പാണക്കാട് തങ്ങന്മാര്‍ അടക്കം നല്‍കുന്ന ഉത്തരം. യാഥാര്‍ത്ഥ്യം അംഗീകരിക്കാന്‍ തുടങ്ങിയാല്‍ ഒട്ടേറെ ചോദ്യങ്ങള്‍ക്ക് മറുപടി പറയേണ്ടിവരും. നാല്‍പതിനായിരത്തിന്റെ ഭൂരിപക്ഷമുണ്ടായിരുന്ന സ്ഥാനത്ത് 23,000ത്തിന്റെ ഭൂരിപക്ഷത്തിലേക്ക് മുതലക്കൂപ്പ് നടത്തിയത് തിരിച്ചടിയായി സമ്മതിക്കാന്‍ ലീഗ്‌നേതൃത്വം ഒരിക്കലും തയാറാകണമെന്നില്ല. അതുകൊണ്ടാണ് ‘നിറം മങ്ങിയ വിജയമെന്നും ‘ ‘പിറിക് വിക്ടറി’ എന്നുമൊക്കെ മാധ്യമങ്ങള്‍ വിശേഷിപ്പിച്ച തിരഞ്ഞെടുപ്പ് ഫലത്തെ കുറിച്ച് പാര്‍ട്ടി ജിഹ്വ ഇങ്ങനെ തുടങ്ങിയത്: ”ചരിത്രവിജയം ആവര്‍ത്തിച്ചു വേങ്ങരയില്‍ യു.ഡി.എഫിന്റെ തേരോട്ടം”. ലീഗിനേറ്റ കനത്ത തിരിച്ചടി മുഖ്യവാര്‍ത്തയായി മാധ്യമങ്ങള്‍ പുറത്തിറങ്ങിയ ദിവസം അനുയായികളെ സമാശ്വസിപ്പിക്കാന്‍ ഇങ്ങനെയൊരു കണ്ടുപിടുത്തം കൂടിപത്രം നടത്തി.”ശിഹാബ് തങ്ങളുടെ ഓര്‍മകള്‍ മുറ്റിനിന്ന പാണക്കാട് തറവാട്ടിലേക്ക് പട ജയിച്ച് കെ.എന്‍.എഖാദറെത്തുമ്പോള്‍ അതൊരു പുതിയൊരു ചരിത്രവുമായിട്ടായിരുന്നു. നിയമസഭയുടെ ചരിത്രത്തില്‍ ഉപതെരഞ്ഞെടുപ്പുകളില്‍ ഏറ്റവും വലിയ വിജയവുമായിട്ടായിരുന്നു ആ വരവ്”. എത്രനാള്‍ ഒരു സമൂഹത്തെ വിഢികളാക്കി കൊണ്ടുനടക്കാന്‍ സാധിക്കുമെന്ന ചോദ്യം അശരീരി പോലെ എവിടെയൊക്കെയോ മുഴങ്ങിക്കേള്‍ക്കാനുണ്ട്.

കാലത്തിന്റെ ചുമരെഴുത്ത് വായിക്കുന്ന ജനം
മലപ്പുറത്തെ മാപ്പിളമാര്‍ കാലത്തിന്റെ ചുമരെഴുത്ത് വായിക്കാനും ദേശീയരാഷ്ട്രീയത്തെ ആപാദചൂഢം വിശകലനം ചെയ്യാനും തദനുസൃതമായി അഭിപ്രായരൂപീകരണം നടത്താനും ബുദ്ധിപരമായ ശേഷി ആര്‍ജിച്ചുവെന്ന വലിയൊരു യാഥാര്‍ത്ഥ്യം വിളിച്ചുപറയുന്നതാണ് വേങ്ങരയിലെ തിരഞ്ഞെടുപ്പ് ഫലം. പാണക്കാട് തങ്ങള്‍ പറഞ്ഞത് കൊണ്ടോ പരമ്പരാഗതമായി ഏണിക്ക് വോട്ട് കുത്തുന്നത് കൊണ്ടോ ലീഗിനെ ജനം കൈവിടില്ല എന്ന വിശ്വാസത്തെയാണ് ഈ ഫലം തിരുത്താന്‍ ശ്രമിച്ചിരിക്കുന്നത്. 20000വോട്ട് അധികമായി പോള്‍ ചെയ്തിട്ടും യു.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് പതിനയ്യായിരത്തോളം വോട്ടിന്റെ കുറവുണ്ടായി. അങ്ങനെയാണ് ഭൂരിപക്ഷം 38057ല്‍ 23,310ആയി ചുരുങ്ങുന്നത.് അതേസമയം എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.പി ബഷീറിന്റെ വോട്ട്‌വിഹിതം 27ശതമാനം കണ്ട് വര്‍ധിച്ചു. 2016ല്‍ 34,124വോട്ട് കിട്ടിയ സ്ഥാനത്ത് 41,917 വോട്ടായി അത് ഉയര്‍ന്നു. എസ്.ഡി.പി.ഐയുടേത് 3,049 ല്‍നിന്ന് 8,648 ആയി കുതിച്ചു. ഇരട്ടിയിലേറെ. എന്തേ യു.ഡി.എഫിന്റെ വോട്ട്‌വിഹിതം മാത്രം ഇങ്ങനെ കുത്തനെ ഇടിഞ്ഞു? പുറമെ സമ്മതിക്കുന്നത് അഭിമാനക്ഷതമായി കരുതുന്നുണ്ടാവുമെങ്കിലും അതീവരഹസ്യമായെങ്കിലും ഈ ട്രെന്‍ഡിന്റെ പിന്നിലെ കാര്യകാരണങ്ങള്‍ പാര്‍ട്ടി പരിശോധിക്കേണ്ടതുണ്ട്. മലപ്പുറത്തിന്റെ മനസ്സ് ചുകന്നുവെന്നോ തീവ്രചിന്താഗതിയിലേക്ക് ഒലിച്ചിറങ്ങിയെന്നോ നിഗമനത്തിലെത്തുന്നതിന് പകരം രാജ്യം അഭിമുഖീകരിക്കുന്ന മുഖ്യപ്രശ്‌നങ്ങളോട് സഗൗരവം പ്രതികരിക്കാന്‍ ഏറനാടിന്റെ മക്കളും മുന്നോട്ടുവന്നു എന്നതാവും സത്യസന്ധവും നിഷ്പക്ഷവുമായ വിലയിരുത്തല്‍. സ്വതന്ത്ര ഇന്ത്യ അത്യപൂര്‍വമായ ഒരു പ്രതിസന്ധിയെ നേരിടുകയാണ്. നരേന്ദ്രമോഡിയുടെ നേതൃത്വത്തിലുള്ള ആര്‍.എസ്.എസ് സര്‍ക്കാര്‍ മതേതര ജനാധിപത്യ ഇന്ത്യയെ എല്ലാ അര്‍ത്ഥത്തിലും ഒരു ഹിന്ദുരാഷ്ട്രമാക്കി മാറ്റിയെടുക്കാനുള്ള നിരന്തരശ്രമങ്ങളിലാണ് ഏര്‍പ്പെട്ടിരിക്കുന്നത്. തങ്ങളുടെ പദ്ധതിക്കു മുന്നില്‍ വിലങ്ങുതടിയായി നില്‍ക്കുന്ന കേരളം പോലുള്ള സംസ്ഥാനങ്ങളെ കീഴടക്കാന്‍ അധികാരത്തിന്റെ ഹുങ്കും പ്രത്യയശാസ്ത്രത്തിന്റെ കരാളതയുമായി ഇറങ്ങിത്തിരിച്ചതിന്റെ തെളിഞ്ഞ ദൃഷ്ടാന്തമാണ് അമിത് ഷാ പയ്യന്നൂരില്‍നിന്ന് ഉദ്ഘാടിച്ചുവിട്ട കുമ്മനം രാജശേഖരന്റെ ജനരക്ഷായാത്ര. സംഘ്പരിവാരത്തിന്റെ ആവനാഴിയിലെ അവസാനത്തെ അസ്ത്രവും തൊടുത്തുവിടുന്നത് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്ക് നേരെയാണ്. ‘ജിഹാദി ചുകപ്പ്’ ഭീകരതക്കെതിരെയാണ് യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നത്. അവരുടെ അസ്ത്രങ്ങളൊന്നും ദേശീയതലത്തില്‍ മുഖ്യ രാഷ്ട്രീയ എതിരാളികളായ കോണ്‍ഗ്രസിനോ ആശയപരമായി മറുചേരിയില്‍നില്‍ക്കുന്ന മുസ്‌ലിം ലീഗിനോ നേരെ അല്ല. ഇവര്‍ക്ക് എതിരെ ഒരക്ഷരം ഉരിയാടാന്‍ അമിത്ഷായോ യു.പി മുഖ്യമന്ത്രി ആദിത്യയോഗിയോ സാക്ഷാല്‍ കുമ്മനമോ സമയം പാഴാക്കുന്നില്ല. മുസ്‌ലിം ന്യൂനപക്ഷത്തിന്റെ രക്ഷാകവചം എടുത്തുമാറ്റണമെങ്കില്‍ ആദ്യമായി വേണ്ടത് സി.പി.എമ്മിനെ വകവരുത്തുകയാണെന്ന് തിരുമാനിച്ചുറപ്പിച്ചത് പോലെ. കോണ്‍ഗ്രസാവട്ടെ ലീഗാവട്ടെ ബി.ജെ.പിയെയോ ആര്‍.എസ്.എസിനെയോ രാജ്യത്തെ വിഴുങ്ങാന്‍ വാ പൊളിച്ചുനില്‍ക്കുന്ന ശത്രുക്കളായി കാണാന്‍ തയാറല്ല താനും. അവര്‍ക്കും ബി.ജെ.പിയെ പോലെ ജനങ്ങളോട് പറയാനുള്ളത് പിണറായി വിജയന്റെ ”ക്രൂരകൃത്യങ്ങളാണ്.”
ഇവിടെയാണ് കേരളീയ മുസ്‌ലിം സമൂഹത്തിന്റെ വിചാരമണ്ഡലത്തില്‍ സമീപകാലത്തായി സംഭവിച്ചുകൊണ്ടിരിക്കുന്ന കാതലായ മാറ്റങ്ങളെകുറിച്ച് പ്രതിപാദിക്കേണ്ടിവരുന്നത്. ഒരുവേള മുസ്‌ലിം ലീഗ് രാഷ്ട്രീയത്തെ അവര്‍ നോക്കിക്കണ്ടത് സാമുദായിക അസ്തിത്വത്തിന്റെയും സാമൂഹിക അഭ്യുന്നതിയുടെയും ചാലകശക്തിയായിട്ടാണ്. മലബാറിലെ മുസ്‌ലിംകളുടെ ഇസ്സത്ത് ഉയര്‍ത്തിപ്പിടിക്കുന്നതിനും അവരുടെ സ്വത്വബോധം തട്ടിയുണര്‍ത്തുന്നതിനും അബ്ദുറഹ്മാന്‍ ബാഫഖി തങ്ങളും സി.എച്ച് മുഹമ്മദ് കോയയും സുലൈമാന്‍ സേട്ടുവുമൊക്കെ നടത്തിയ ത്യാഗഭരിതമായ സപര്യയുടെ നേട്ടം അനുഭവിക്കുന്നവരാണ് ഇന്നത്തെ തലമുറ. കേരളീയമുസ്‌ലിം സമൂഹം ഇന്ന് രാജ്യത്തെ ഏറ്റവും ശാക്തീകരിക്കപ്പെട്ട ജനവിഭാഗമാണ്. വിദ്യാഭ്യാസ മേഖലയിലെ മുന്നേറ്റവും ബിസിനസ് സാമ്പത്തിക രംഗത്തെ മേല്‍ഗതിയും ഇവിടുത്തെ ജൈനക്രൈസ്തവ വിഭാഗത്തോടൊപ്പം തലയയുര്‍ത്തി നില്‍ക്കാന്‍ അവര്‍ക്കു കരുത്ത് പകരുന്നുണ്ട്. ഈ സമൂഹത്തെ സംബന്ധിച്ചിടത്തോളം മുസ്‌ലിം ലീഗിന്റെ കൊടിക്കൂറക്കു കീഴില്‍ അണിനിരക്കേണ്ടത് ഒരുകാരണവശാലും അനിവാര്യമായ ഒന്നല്ലാതായി മാറിയിട്ടുണ്ട്. മതനേതൃത്വം പോലും സ്വന്തം കാലില്‍നിന്ന് തങ്ങളുടെ ബൃഹത്തായ അജണ്ടകള്‍ വിപ്ലകരമായി നടപ്പാക്കുന്നുണ്ടിവിടെ. ഈ മാറ്റങ്ങളുടെ തിളക്കമാര്‍ന്ന മുഖം കാണാന്‍ സാധിക്കുന്നത് മലപ്പുറം ജില്ലയില്‍ തന്നെയാണ്. പെട്രോഡോളറിന്റെ അരനൂറ്റാണ്ടു കാലത്തെ ഒഴുക്ക് സാക്ഷാത്കരിച്ച സോഷ്യല്‍ എഞ്ചിനിയറിംഗ് പരമ്പരാഗത രാഷ്ട്രീയ നേതൃത്വത്തെ ചോദ്യം ചെയ്യാന്‍ സമുദായത്തിന് ധൈര്യം പകര്‍ന്നു. സാമ്പത്തിക തന്ത്രങ്ങള്‍ രാഷ്ട്രീയസമവാക്യങ്ങള്‍ മാറ്റിയെഴുതുന്നതില്‍ നിര്‍ണായക പങ്ക്‌വഹിച്ചു.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ താനൂരിലും നിലമ്പൂരിലും കൊടുവള്ളിയിലും ലീഗ് കോട്ടകള്‍ പിടിച്ചടക്കിയത് സി.പി.എമ്മിന്റെ രാഷ്ട്രീയ പിന്‍ബലവും സ്ഥാനാര്‍ത്ഥികളുടെ പണബലവും കൊണ്ടാണ്. അതിനു മുമ്പില്‍ ലീഗിന്റെ പാരമ്പര്യമോ പാണക്കാട് തറവാടിന്റെ ആത്മീയ കരുത്തോ വിലപോവില്ല എന്ന് തെളിയിക്കപ്പെട്ടു. അതേസമയം, വേങ്ങരയില്‍ ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത് ശുദ്ധരാഷ്ട്രീയത്തിന്റെ ആധിപത്യസ്ഥാപനമാണ്. ദേശീയരാഷ്ട്രീയത്തിന്റെ പുതിയ അലയൊലികള്‍ സ്വാംശീകരിച്ച ന്യൂജനറേഷന്‍ ലീഗിനെ കൈവിട്ട് ഇടതുമുന്നണിയെ പുണര്‍ന്നത് ഹിന്ദുത്വ രാഷ്ട്രീയത്തെ പ്രതിരോധിക്കുന്നതില്‍ സി.പി.എമ്മിന്റെ അടുത്തൊന്നും ലീഗോ കോണ്‍ഗ്രസോ എത്തില്ല എന്ന പൂര്‍ണബോധ്യത്തിലാവണം. കാവിരാഷ്ട്രീയത്തിന്റെ ഇരച്ചുകയറ്റത്തില്‍ അശേഷം ആശങ്കപ്പെടാത്തവരാണ് ഇവിടുത്തെ കോണ്‍ഗ്രസുകാര്‍. ലീഗാവട്ടെ തരവും സന്ദര്‍ഭവും നോക്കി ബി.ജെ.പിയുമായും ആര്‍.എസ്.എസുമായും അവിഹിത ബന്ധം സ്ഥാപിക്കുന്നതില്‍ ഒരപാകതയും ദര്‍ശിക്കാത്ത പാര്‍ട്ടിയാണ്. മലപ്പുറത്ത് ഈയിടെ നടന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ പോലും ലീഗ്ബി.ജെ.പി ചങ്ങാത്തം പരസ്യബന്ധമായിരുന്നു. ഒരു പാര്‍ട്ടിയുടെ നയനിലപാടുകളില്‍ സ്വന്തം അണികള്‍ക്ക് പോലും അവിശ്വാസം ജനിച്ചാല്‍ പിന്നെ ആര് ശ്രമിച്ചാലും എളുപ്പത്തില്‍ അത് വീണ്ടെടുക്കാനാവില്ല. ഹിന്ദുത്വഫാഷിസത്തിന്റെ ഇരച്ചുകയറ്റത്തെ തടുക്കാന്‍ ഞങ്ങള്‍ക്ക് വോട്ട് തരൂ എന്ന മുദ്രാവാക്യവുമായി ഇരുമുന്നണികള്‍ക്കു പുറമെ എസ്.ഡി.പി.ഐയും പോര്‍ക്കളത്തിലിറങ്ങിയിരുന്നു. മൂന്നിലേത് എന്ന ചോദ്യം വന്നപ്പോള്‍ രാഷ്ട്രീയപക്വത കാട്ടാന്‍ വേങ്ങരയിലെ വോട്ടര്‍മാരില്‍ ഭൂരിഭാഗവും ആര്‍ജവം കാണിച്ചപ്പോള്‍ ചെറിയൊരു വിഭാഗം അതിവൈകാരികതയില്‍ കുടുങ്ങി എന്ന് പറയാതെ വയ്യ. എസ്.ഡി.പി.ഐ നേടിയ വോട്ട് വര്‍ത്തമാനകാല രാഷ്ട്രമീംമാസയുടെ വ്യവഹാര സംജ്ഞകളുപയോഗിച്ച് അപഗ്രഥിച്ചാല്‍ മുസ്‌ലിം വലതുപക്ഷത്തിന്റെതാണ്. അതിനെ ആര്‍.എസ്.എസുമായി തുലനം ചെയ്യുന്ന ഇടതുസമീപനത്തോട് എല്ലാവരും യോജിക്കണമെന്നില്ല. അതേസമയം, മാതൃകായോഗ്യമായ രാഷ്ട്രീയപരീക്ഷണമായി ഒരിക്കലും ഗണിക്കാനും സാധ്യമല്ല.

വൈകാരികതയുടെ രാഷ്ട്രീയം
കേരളീയ മുസ്‌ലിം സമൂഹത്തിന്റെ വിചാരമണ്ഡലത്തില്‍ കടന്നല്‍കൂട് തുറന്നുവിട്ട ഒരുപാട് സംഭവവികാസങ്ങള്‍ കേരളത്തിലും ദേശീയതലത്തിലും അടുത്തകാലത്തായി കെട്ടഴിഞ്ഞുവീഴുകയുണ്ടായി. വാര്‍ത്താവിനിമയ ബന്ധം അകലവും സമയവും വെട്ടിച്ചുരുക്കുകയും സമൂഹ മാധ്യമങ്ങള്‍ അഭിപ്രായ ആവിഷ്‌കാരസ്വാതന്ത്ര്യത്തിന്റെ അനന്തവിഹായസ് തുറന്നിടുകയും ചെയ്ത 21ാം നൂറ്റാണ്ടിന്റെ ഈ വേളയില്‍ ഒരു പാര്‍ട്ടിക്കും നേതാക്കള്‍ക്കും അണികളെ ഇരുട്ടില്‍ പിടിച്ചുകെട്ടാനോ ഭോഷത്തരങ്ങളില്‍ കാലാകാലം മരവിപ്പിച്ചുകിടത്താനോ സാധ്യമല്ല. രാജ്യത്തിന്റെ അഷ്ടദിക്കുകളില്‍ ന്യൂനപക്ഷങ്ങളും ദളിത് ദുര്‍ബല വിഭാഗങ്ങളും അനുഭവിച്ചുതീര്‍ക്കുന്ന വിവേചനവും പീഡനങ്ങളും ബഹുഭൂരിപക്ഷത്തിന്റെ ഉള്ളകങ്ങളെ പൊള്ളിച്ചുകൊണ്ടിരിച്ചിരിക്കയാണിന്ന്. മുസ്‌ലിംകളുടെ അസ്തിത്വം പരസ്യമായി ചോദ്യം ചെയ്യപ്പെടുന്നു. ഓഷ്‌വിറ്റ്‌സിലേക്കുള്ള ആദ്യവണ്ടി മിക്കവാറും പുറപ്പെടുക റോഹിംഗ്യന്‍ മുസ്‌ലിംകളെ നാടുകടത്തുന്ന പ്രക്രിയയോടെ ആയിരിക്കാം. ‘2019ല്‍ മോഡി അധികാരത്തിലേക്ക് തിരിച്ചുവരുകയാണെങ്കില്‍’ എന്ന ചിന്ത പോലും ഉള്‍ക്കിടിലമുണ്ടാക്കുന്നു. മതസൗഹാര്‍ദവും പാരസ്പര്യവും നിലനില്‍ക്കുന്ന കേരളമെന്ന മരുപ്പച്ചയെ വര്‍ഗീതയിലൂടെ ഊഷരഭൂമിയാക്കി മാറ്റിയെടുക്കാന്‍ ആര്‍.എസ്.എസുകാര്‍ നടത്തുന്ന കൊണ്ടുപിടിച്ച യജ്ഞങ്ങള്‍ക്ക് മുന്നില്‍ പാണക്കാട് തങ്ങളുടെ പാര്‍ട്ടി പൂര്‍ണമൗനത്തിലാണ്. ദേശീയതലത്തില്‍ ഫാഷിസത്തെ പ്രതിരോധിക്കാന്‍ വിമാനം കയറിയ കുഞ്ഞാലിക്കുട്ടിയും കൂട്ടരും ‘യന്ത്രത്തകരാറ്’ മൂലം വഴിയില്‍ കുടുങ്ങിക്കിടക്കുന്ന ദയനീയചിത്രമാണ് നമ്മുടെ മുന്നിലുള്ളത്. യാഥാര്‍ത്ഥ്യം ഇതായിരിക്കെ, ഫാഷിസത്തെ നേരിടാന്‍ ഞങ്ങളെ ജയിപ്പിക്കൂ എന്ന് പറഞ്ഞാല്‍ പിറവിയിലേ പച്ച ബാധിച്ചവര്‍ക്കല്ലാതെ മറ്റാര്‍ക്കും കണ്ണടച്ച് അതനുസരിക്കാന്‍ സാധിക്കില്ലെന്നുറപ്പാണ്. കുമ്മനത്തിന്റെ യാത്രയാണ് യഥാര്‍ത്ഥത്തില്‍ ഇടതുപക്ഷത്തിന് വലിയ നേട്ടം കൈവെള്ളയില്‍ വെച്ചുകൊടുത്തത്. വേങ്ങര ഉള്‍കൊള്ളുന്ന ഏഴുപഞ്ചായത്തുകളിലും എല്‍.ഡി.എഫ് ഇരച്ചുകയറ്റം നടത്തിയത് നാളത്തെ രാഷ്ട്രീയം ഉറച്ചനിലപാടുമായി ഇടപെടലുകള്‍ നടത്തുന്നുള്ളവര്‍ക്കായിരിക്കും എന്ന മുന്നറിയിപ്പാണ് കൈമാറുന്നത്. ദേശീയതലത്തിലും ബി.ജെ.പിയെ ശക്തമായി പ്രതിരോധിക്കുന്ന സി.പി.എമ്മിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്തു എസ്.ഡി.പി.ഐ നടത്തുന്ന പ്രചാരണം യഥാര്‍ത്ഥത്തില്‍ അവരുടെ പ്രസക്തി സ്ഥാപിക്കാനുള്ളതാണെന്ന് നിഷ്പക്ഷമതികള്‍ മനസ്സിലാക്കിയിട്ടുണ്ട്. അതുകൊണ്ടാണ് 2014ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ അവരുടെ സ്ഥാനാര്‍ത്ഥി നസ്‌റുദ്ദീന്‍ എളമരം നേടിയ ഒമ്പതിനായിരത്തിന്റെ ഭൂരിപക്ഷം ആവര്‍ത്തിക്കാന്‍ ഇക്കുറി സാധിക്കാതെ പോയത്. യു.ഡി.എഫിനെ കൈവിടുകയും എല്‍.ഡി.എഫില്‍ എത്താതെ പോവുകയും ചെയ്തവരുടെ വോട്ടാണ് എസ്.ഡി.പി.ഐക്ക് ലഭിച്ചത്. അത്തരമൊരു നേട്ടം കൊയ്യാന്‍ അവര്‍ സ്വീകരിച്ച മാര്‍ഗം അതിവൈകാരികതയുടേതാണെന്നതില്‍ തര്‍ക്കമില്ല. ഹാദിയയുടെ ‘വീട്ടുതടങ്കല്‍’ മലയാളക്കരയിലെ പൊതുസമൂഹത്തിനിടയില്‍ ചൂടേറിയ സംവാദത്തിന് കളമൊരുക്കിയ അന്തരീക്ഷത്തില്‍ ലാപ്‌ടോപ്പുമായി വീടകങ്ങളില്‍ കയറി നടത്തിയ എസ്.ഡി.പി.ഐയുടെ പ്രചാരണം സ്ത്രീസമൂഹത്തിനിടയില്‍ നന്നായി ഏശിയിട്ടുണ്ടെന്ന് വേണം അനുമാനിക്കാന്‍. അവരുടെ സ്ഥനാര്‍ത്ഥി അഡ്വ. കെ.സി നസ്‌റാവട്ടെ, ഹാദിയ സംഭവത്തില്‍ നിയമപോരാട്ടത്തിന് സജീവമായി നേതൃത്വം കൊടുക്കുന്ന വ്യക്തിയുമാണത്രെ. പോപ്പുലര്‍ ഫ്രണ്ടിന്റെ ഇടപെടല്‍ മൂലം സങ്കീര്‍ണമായിത്തീര്‍ന്ന ഹാദിയകേസിലെ പിണറായി സര്‍ക്കാരിന്റെ സമീപനത്തെ പ്രതിക്കൂട്ടില്‍നിര്‍ത്തി ഇടതുപക്ഷത്തെ അടിക്കാനുള്ള വടിയായി ഉപയോഗിച്ചപ്പോള്‍ വിഭാഗീയമായ ചിന്ത വോട്ടര്‍മാര്‍ക്കിടയില്‍ സ്വാഭാവികമായും വളര്‍ന്നു. ഒരു ഭാഗത്ത് ആര്‍.എസ്.എസിനോടും ബി.ജെ.പിയോടും പടപൊരുതിനില്‍ക്കുമ്പോള്‍ തന്നെ, എല്‍.ഡി.എഫ് ഹൈന്ദവ പ്രീണന നയമാണ് സ്വീകരിക്കുന്നതെന്ന് പരസ്യമായി പ്രചാരണം നടത്താന്‍ എസ്.ഡി.പി.ഐ ഉദ്യുക്തരായത് തിരഞ്ഞെടുപ്പ് അന്തരീക്ഷം ഒരു പരിധിവരെ വര്‍ഗീയവത്കരിക്കുന്നതില്‍ കലാശിച്ചിട്ടുണ്ടെന്ന് പറയാതെ വയ്യ. കൊടിഞ്ഞി ഫൈസല്‍ വധവും ഇത്തരത്തില്‍ വൈകാരിക വിക്ഷുബ്ധത മൂര്‍ധന്യതയിലെത്തിക്കാന്‍ ഇക്കൂട്ടര്‍ പ്രയോജനപ്പെടുത്തിയത് ‘പോളറൈസേഷന്’ വഴിയൊരുക്കിയിട്ടുണ്ട്.

ബി.ജെ.പിയുടെ വാട്ടര്‍ലൂ
വേങ്ങര ഉപതിരഞ്ഞെടുപ്പ് ദേശീയ തലത്തില്‍ പോലും ഇനി ചര്‍ച്ച ചെയ്യപ്പെടുക, ‘ജനരക്ഷായാത്ര’ക്കിടയിലും ബി.ജെ.പി നേരിട്ട കനത്ത പ്രഹരത്തിന്റെ പേരിലായിരിക്കും. അതോടൊപ്പം തന്നെ, മലപ്പുറം പോലുള്ള മുസ്‌ലിം ഭൂരിപക്ഷ ജില്ലയില്‍പോലും ഹൈന്ദവസമൂഹം ഹിന്ദുത്വ രാഷ്ട്രീയത്തെ നിരാകരിക്കുന്നതിന്റെ ചരിത്രപരവും സാമൂഹികവുമായ കാരണങ്ങളെ കുറിച്ചും. കേന്ദ്രഭരണത്തിന്റെ ഹുങ്കില്‍ കേരളം പിടിച്ചെടുക്കാനും കമ്യൂണിസ്റ്റ് പാര്‍ട്ടിയെ തകര്‍ത്തെറിയാനും ഇറങ്ങിപ്പുറപ്പെട്ടവരെ മാനസികമായി തകര്‍ക്കുന്നതാണ് വേങ്ങരയില്‍ നേരിട്ട തിരിച്ചടി. 2016ല്‍ ലഭിച്ച 7,055 വോട്ട് പോലും നിലനിര്‍ത്താനായില്ല. വേങ്ങര സ്വദേശിയും കറകളഞ്ഞ ഹിന്ദുത്വവാദിയുമായ കെ. ജനചന്ദ്രന്റെ ചിഹ്‌നത്തില്‍ പതിഞ്ഞത് കേവലം, 5,728 വോട്ട് മാത്രം. മോഡി സര്‍ക്കാര്‍ നിരോധിക്കാന്‍ കാത്തിരിക്കുന്ന എസ്.ഡി.പി.ഐക്ക് എത്രയോ പിറകെ. മലപ്പുറത്തെ ഹൈന്ദവ സമൂഹത്തെ തങ്ങളിലേക്ക് ആകര്‍ഷിക്കാന്‍ എന്തെല്ലാം വൃത്തികെട്ട പ്രചാരണങ്ങളാണ് ഇക്കൂട്ടര്‍ പുറത്തെടുത്തതെന്നോ? കണ്ണൂരില്‍ ജാഥ നയിച്ചുകൊണ്ടിരിക്കെ കുമ്മനം വേങ്ങരയിലേക്ക് മുങ്ങിയത് പ്രചാരണം കൊഴുപ്പിക്കാനാണ്. ജാഥാറൂട്ടില്‍ മാറ്റം വരുത്തി മണിക്കൂറുകള്‍ മണ്ഡലത്തില്‍ അലഞ്ഞുതിരിഞ്ഞു. മലപ്പുറത്ത് കാലെടുത്ത വെച്ച നിമിഷം വര്‍ഗീയവിഷം ഒഴുക്കിയത് 1921ലേക്ക് ഓര്‍മകള്‍ തിരിച്ചുവിട്ടാണ്. ബ്രിട്ടീഷ്ജന്മിത്ത നാടുവാഴികള്‍ക്കെതിരെ ഏറനാട്ടിലെയും വള്ളുവനാട്ടിലെയും മാപ്പിളമാര്‍ നടത്തിയ ഇതിഹാസ സമാനമായ പ്രക്ഷോഭങ്ങളെ കുറിച്ച് കുമ്മനം നടത്തിയ അഭിപ്രായപ്രകടനം കേട്ടില്ലേ? ചേകന്നൂര്‍ മൗലവിയുടെ വീട്ടില്‍ ചെന്ന് കണ്ണാടിച്ചില്ലിട്ട് വെച്ച ചിത്രത്തിനു മുന്നില്‍ പുഷ്പാര്‍ച്ചന നടത്തിക്കൊണ്ട് കുമ്മനം പറഞ്ഞു: 921ലെ കലാപം ആദ്യ ജിഹാദി കൂട്ടുക്കുരുതിയാണ്. കലാപത്തിന്റെ നൂറുവര്‍ഷം ആചരിക്കാന്‍ ചില തീവ്രവാദി സംഘടനകള്‍ പദ്ധതിയിടുന്നത് രാജ്യത്തോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം ആക്രോശിച്ചു. ‘കേരളം ജിഹാദികളുടെ താവളം തന്നെ’ എന്ന ശീര്‍ഷകത്തില്‍ പാര്‍ട്ടി മുഖപത്രത്തില്‍ വിഷലിപ്തമായ ലേഖനം പ്രസിദ്ധീകരിക്കാനും അന്ന് ഔല്‍സുക്യം കാട്ടി. പക്ഷേ, വേങ്ങരയിലെ 34000വരുന്ന ഹൈന്ദവവോട്ടര്‍മാരില്‍ ഒരാളെ പോലും തങ്ങളുടെ പക്ഷത്തേക്ക് ‘മാര്‍ഗം കൂട്ടാന്‍’ കുമ്മനത്തിന് സാധിച്ചില്ലെന്ന് തിരഞ്ഞെടുപ്പ് ഫലം തെളിയിച്ചു. മലപ്പുറം കാത്തുസൂക്ഷിക്കുന്ന മതമൈത്രിയുടെയും സാമുദായിക പാരസ്പര്യത്തിന്റെയും പാരമ്പര്യത്തിനു തുരങ്കം വെക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് അവിടുത്തെ ഓരോ ഹിന്ദുവും തീരുമാനിച്ചുറപ്പിച്ചത് പോലെ. ആ നിശ്ചയത്തോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കേണ്ട ബാധ്യത മുസ്‌ലിം സമൂഹത്തിനുണ്ട്. ശുദ്ധമായ മതനിരപേക്ഷതയെ മുറുകെ പിടച്ചായിരിക്കണം അത്. ആര്‍.എസ്.എസിനെയും ബി.ജെ.പിയെയും മാത്രമല്ല, സാമുദായികമായ വേര്‍തിരിവും ധ്രുവീകരണവും അജണ്ടയായി എടുക്കുന്ന മുസ്‌ലിം ഗ്രൂപ്പുകളുടെ നീക്കങ്ങളെയും പരാജയപ്പെടുത്താനുള്ള പ്രതിജ്ഞയോടെ മാത്രമേ അത് സാധ്യമാകൂ.
ശാഹിദ്‌

Leave a Reply

Your email address will not be published.