ഭയക്കണം;അത് അഴിമതി മാത്രമല്ല,രാജ്യദ്രോഹവുമാണ്

ഭയക്കണം;അത് അഴിമതി മാത്രമല്ല,രാജ്യദ്രോഹവുമാണ്

ആയതിനാല്‍ നമുക്ക് മത്തങ്ങയെക്കുറിച്ച് സംസാരിക്കാം
ഈ പിഴച്ച ഭൂമിയെപ്പറ്റി ഓര്‍ത്തും പറഞ്ഞും മടുത്തു
മുടിയരായ പുത്രന്മാരുടെ തിരിച്ചുവരവു കാണാന്‍
കാത്തിരുന്ന കണ്ണുകളില്‍ പീളയടിഞ്ഞു പാടകെട്ടി,
അതുമല്ല, ഒന്നിനുമൊരടുക്കും ചിട്ടയുമില്ലാത്ത
ജീവിതത്തിന്റെ തോന്ന്യാസങ്ങളെപ്പറ്റിയിനിയെന്തു ചിന്തിക്കാന്‍?

കടമ്മനിട്ടയാണ്. കാലം അടിയന്തിരാവസ്ഥയും. ഒന്നിനെക്കുറിച്ചും പറയാന്‍ പാടില്ലെന്ന് വന്ന കാലം. പിടിച്ചുകൊണ്ടുപോയവരും പുറപ്പെട്ടുപോയവരുമായ കുട്ടികള്‍ തിരിച്ചുവരുന്നില്ല. അവരുടെ ഓര്‍മകളാവട്ടെ എങ്ങും തങ്ങിനില്‍ക്കുന്നില്ല. അപ്പോള്‍ നമ്മള്‍ എന്തു സംസാരിക്കണം? ഒരു ചെറുപ്പക്കാരന്റെ ‘വാണിജ്യവിജയ’ത്തെക്കുറിച്ച് സംസാരിക്കണം എന്ന് കഠിനമായി ആഗ്രഹിച്ചപ്പോഴാണ് കടമ്മനിട്ട വഴിമുടക്കിയത്. ആ ചെറുപ്പക്കാരനെ നിങ്ങള്‍ അറിയും. ഗുജറാത്തിയാണ്. പിതാവിനെയും നിങ്ങളറിയും. അതിലും വലിയ ഗുജറാത്തിയാണ്. ആ ചെറുപ്പക്കാരനെക്കുറിച്ച് ഇപ്പോഴെന്തുപറയാന്‍? ഒന്നുമില്ല. ഒരു സന്തോഷവാര്‍ത്തയാണ്. അദ്ദേഹത്തിന് ഒരു സ്വകാര്യ കമ്പനിയുണ്ടായിരുന്നു. പ്രൈവറ്റ് ലിമിറ്റഡ് എന്ന് കമ്പനി നിയമത്തില്‍ വിവക്ഷിക്കുന്ന സംഗതി. 2004-ലാണ് ഗുജറാത്തില്‍ നിന്നുള്ള ആ ചെറുപ്പക്കാരന്‍ ഈ കമ്പനി രൂപീകരിക്കുന്നത്. ഒറ്റക്ക് കമ്പനി കൂടാന്‍ കഴിയില്ലല്ലോ? ഇല്ല. കുടുംബസുഹൃത്തായ ഒരാള്‍ കൂടെക്കൂടി. പത്ത് കൊല്ലം കമ്പനി നടന്നു. കണക്കു നോക്കുമ്പോള്‍ നഷ്ടമാണ്. അയ്യോ പാവം. 6000 രൂപയും ഇത്തിരി ചില്ലറയുമാണ് നഷ്ടം. സ്ഥിരനിക്ഷേപം തരിമ്പുമില്ല. കൂട്ടത്തില്‍ പറയട്ടെ, ചരിത്രം നോക്കുമ്പോള്‍ അക്കാലം യു. പി. എ ഭരണമാണ്. വെറുതേ പറഞ്ഞു എന്നേയുള്ളൂ. 2014-ല്‍ ആ ഭരണം പോയി. അതും ചരിത്രത്തിലുണ്ട്. അക്കൊല്ലം മെയ് പതിനാറിന് ഗുജറാത്തില്‍ നിന്നുള്ള നരേന്ദ്രമോഡി ഇന്ത്യന്‍ പ്രധാനമന്ത്രിയായതായി കാണുന്നു. തൊട്ടടുത്ത വര്‍ഷം കാര്‍ഷിക ഉപകരണങ്ങളുടെ മൊത്ത വ്യാപാരത്തില്‍ ഏര്‍പ്പെട്ടിരുന്ന ആ കമ്പനി 18000 രൂപയും ചില്ലറയും ലാഭമുണ്ടാക്കി. അതിശയമില്ല. അതാണല്ലോ ബിസിനസ്. പ്രധാനമന്ത്രിക്ക് സ്തുതി. കാര്‍ഷികോപകരണങ്ങള്‍ വിറ്റുപോകുന്നത് ശുഭോദര്‍ക്കമാണ്. സംശയമില്ല. അടുത്ത വര്‍ഷം എന്തതിശയമേ ദൈവത്തിന്‍ സ്‌നേഹം എന്ന പശ്ചാത്തല സംഗീതം മുഴക്കാന്‍ പാകത്തില്‍ ആ പാവം കമ്പനി കുതിച്ചു ചാടി. ചില്ലറ ചാട്ടമല്ല. എണ്‍പതു കോടിയും ചില്ലറക്കോടിയും വിറ്റുവരവ്. കണക്കിലുണ്ട് ഈ വളര്‍ച്ച. കണക്കില്‍ കള്ളമില്ല. ലാഭം ഇത്ര കനത്തപ്പോള്‍ ആ ചെറുപ്പക്കാരനും സഹചെറുപ്പക്കാരും കച്ചവടം നിര്‍ത്തി. ഇത്രയും പറയാം. കോടതിയലക്ഷ്യമല്ല. കോടതിയലക്ഷ്യമോ?. അതേ, ആ ചെറുപ്പക്കാരനെക്കുറിച്ചോ അയാളുടെ വ്യാപാരത്തെക്കുറിച്ചോ ഒരക്ഷരം മിണ്ടാന്‍ നമുക്ക് നിയമപരമായി അര്‍ഹതയില്ല. ഗുജറാത്തില്‍ തന്നെയുള്ള അഹമ്മദാബാദ് എന്ന സ്ഥലത്ത് പ്രവര്‍ത്തിക്കുന്ന ഗുജറാത്ത് ൈഹക്കോടതി അത് കഴിഞ്ഞ ദിവസം വിലക്കി. വിലക്കുകളെ മാനിക്കുവിന്‍ എന്നതാണല്ലോ ഇപ്പോഴത്തെ നടപ്പ്. അതിനാല്‍ ഈ ലേഖനം തീരും വരെ നമ്മള്‍ ആ ചെറുപ്പക്കാരന്റെയും അയാളുടെ പിതാവിന്റെയും പേരുകള്‍ പറയില്ല. എന്നാലോ പശ്ചാത്തലത്തില്‍ അതിങ്ങനെ മുഴങ്ങുകയും ചെയ്യും. കഥ തീരും വരെ അന്തരീക്ഷത്തില്‍ കിഴക്കേ മലയിലെ വെണ്ണിലാവൊരു ക്രിസ്ത്യാനിപ്പെണ്ണ് എന്ന ഗാനം മുഴങ്ങുന്നുണ്ടാകും എന്ന് ആരംഭിക്കുന്ന ഒരു ചെറുകഥ ബി. മുരളി എഴുതിയിട്ടുണ്ട്. അതുപോലെ ഈ ലേഖനം തീരും വരെ രണ്ടുപേരുകള്‍ പശ്ചാത്തലത്തില്‍ ഉണ്ട്.

അങ്ങനെ ഒരു ചെറുപ്പക്കാരന്‍ വ്യാപാര വിജയം നേടി വിരാജിക്കുകയായിരുന്നല്ലോ? അപ്പോഴാണ് ഒരാളുടെ വരവ്. അയാളുടെ പേര് പറയാന്‍ വിലക്കില്ല. വലിയ പത്രാധിപരാണ്. സിദ്ധാര്‍ഥ് വരദരാജന്‍. ദ ഹിന്ദുവിന്റെ പത്രാധിപരായിരുന്നു. ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സിലും കൊളംബിയ സര്‍വകലാശാലയിലും പഠിച്ചയാളാണ്. ബസ്തറില്‍ മാവോയിസ്റ്റുകള്‍ക്ക് നേരെ നടക്കുന്ന ഭരണകൂട അതിക്രമങ്ങള്‍ പുറത്തുകൊണ്ടുവന്ന നന്ദിനി സുന്ദറാണ് ജീവിത പങ്കാളി. അതിവിടെ പറയാന്‍ കാരണം ചങ്കൂറ്റം വേണ്ടുവോളവും നിര്‍ഭയത്വം അതിലേറെയും ഉള്ള കൂട്ടരാണെന്ന് പറയാനാണ്. പോരാത്തതിന് ഗുജറാത്ത് മേക്കിങ് ഓഫ് എ ട്രാജഡി എന്ന പുസ്തകവും എഴുതിയിട്ടുണ്ട്. സംഘ്പരിവാരത്തിന്റെ ഒന്നാം നമ്പര്‍ ശത്രു. അതവിടെ നില്‍ക്കട്ടെ. ഹിന്ദുവില്‍ നിന്ന് പോന്ന സിദ്ധാര്‍ഥ് തുടങ്ങിയ ഓണ്‍ലൈന്‍ പോര്‍ട്ടലാണ് ദ വയര്‍. അവിടെ ഒരു ജേണലിസ്റ്റ് ഉണ്ട്. രോഹിണി സിങ്. പേരുകേട്ടാല്‍ ഇപ്പോള്‍ സംഘ്പരിവാരത്തിന് ഇളകുന്ന ആ ഹാല് കോണ്‍ഗ്രസുകാര്‍ക്ക് ആറ് കൊല്ലം മുമ്പേ ഇളകിത്തുടങ്ങും. 2011-ല്‍ റോബര്‍ട്ട് വദ്രയുടെ അവിഹിത വളര്‍ച്ച പച്ചക്ക് പുറത്തുകൊണ്ടുവന്ന് രാജ്യത്തെ ഞെട്ടിച്ച പുളളിയാണ് രോഹിണി. അങ്ങെനയുള്ള രോഹിണി നമ്മളാദ്യം പറഞ്ഞ, ആ ചെറുപ്പക്കാരന്റെ സാമ്പത്തിക വളര്‍ച്ചയുടെ അസ്വാഭാവികത സിദ്ധാര്‍ഥിന്റെ പോര്‍ട്ടലിലൂടെ പുറത്തുവിട്ടു. കമ്പനി രേഖകളായിരുന്നു സോഴ്‌സ്. ഒരു സ്റ്റിംഗ് ഓപറേഷനുമല്ല. പകല്‍ പോലെ വ്യക്തമായി അച്ചടിച്ച് വെച്ചിരിക്കുന്ന സംഗതി അനലൈസ് ചെയ്ത് വാര്‍ത്തയാക്കി. അഴിമതിയുടെ പച്ചയായ വിവരണമായി അത് മാറി. അസ്വാഭാവിക വളര്‍ച്ച അഴിമതിയാണെന്ന ഉടന്തടി നിഗമനമല്ല വയര്‍ നടത്തിയത്. 80 കോടി എങ്ങനെ കീശയിലാക്കി എന്ന് കമ്പനി രജിസ്ട്രാര്‍ക്ക് നിയമപരമായി സമര്‍പ്പിച്ച രേഖകളില്‍ നിന്ന് മനസിലാക്കിയും ഒരു സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ നിന്ന് പതിനഞ്ചില്‍പരം കോടി രൂപ വായ്പയായി എത്തിയതെങ്ങനെ എന്നും വിശകലനം ചെയ്താണ് രോഹിണി സിങ് എഴുതിയത്. വായ്പ കൊടുത്തയാള്‍ക്ക് റിലയന്‍സ് സ്ഥാപനങ്ങളിലേക്കുള്ള വേരും മാന്തി പുറത്തിട്ടു. വായ്പ കൊടുത്ത ധനകാര്യ സ്ഥാപനം നടത്തുന്നത് റിലയന്‍സിന്റെ സ്ഥാപക എക്‌സിക്യുട്ടീവുകളില്‍ ഒരാളുടെ ബന്ധുവാണ്. ആ ഒരാളാകട്ടെ രാജ്യസഭാംഗവുമാണ്. വിവാഹത്തിലൂടെ അരക്കിട്ട ബന്ധമാണെന്ന് കൂടി അറിയുക.

ബാക്കി കൂടി കേള്‍ക്കാം. രാജേഷ് ഖണ്ഡ്‌വാല എന്നൊരാളുണ്ട്. ഗൂഗിളില്‍ തപ്പിയാല്‍ കിട്ടും. പരിമള്‍ നഥ്‌വാനി എന്നൊരാളുമുണ്ട്. രാജ്യസഭ എം.പിമാരുടെ വിവരങ്ങള്‍ തപ്പിയാല്‍ കിട്ടും. രാജേഷ് ഖണ്ഡ്‌വാലയുടെ മകളെ വിവാഹം ചെയ്തിരിക്കുന്നത് പരിമള്‍ നഥ്‌വാനിയുടെ മകനാണ്. നഥ്‌വാനിക്കാണ് ഗുജറാത്തിലെ റിലയന്‍സ് പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടം. ജാര്‍ഖണ്ഡില്‍ നിന്നുള്ള എം.പിയാണ് നഥ്‌വാനി. ബി.ജെ. പി എം.എല്‍.എമാരുടെ പിന്തുണേയാടെയാണ് എം.പിയായത്. രാജേഷ് ഖണ്ഡ്‌വാലയുടെ ധനകാര്യസ്ഥാപനമാണ് നമ്മള്‍ അന്തരീക്ഷത്തിലും പശ്ചാത്തലത്തിലും നിര്‍ത്തിയിരിക്കുന്ന ആ ചെറുപ്പക്കാരന്റെ കമ്പനിക്ക് പതിനഞ്ച് കോടി വായ്പയായി നല്‍കിയത്.
കോടതി വിലക്കുണ്ട്. ഇതിലപ്പുറം പറയില്ല. ഇത്രയും വായിച്ച് ഒരു നിമിഷം റീൈവന്‍ഡ് ചെയ്താല്‍ നിങ്ങള്‍ക്ക് കാര്യം പിടികിട്ടും.

പിടികിട്ടിയില്ലേ? അപ്പോള്‍ നിങ്ങള്‍ ചോദിക്കും അതിനെന്താ? അതിലെന്താ പുതുമ? അതിലെന്താ അഴിമതി? ഒരു ചെറുപ്പക്കാരന് വായ്പ കിട്ടുന്നു. അയാള്‍ കച്ചവടം നടത്തുന്നു. ലാഭമുണ്ടാക്കുന്നു. അതിനെന്താ പ്രശ്‌നം?

പ്രശ്‌നമുണ്ട്. ക്രോണി ക്യാപിറ്റലിസം എന്നൊരു പ്രതിഭാസമുണ്ട്. ചങ്ങാത്ത മുതലാളിത്തമെന്ന് മലയാളം. അര്‍ജന്റീന, ഇന്തോനേഷ്യ, തായ്‌ലന്റ് തുടങ്ങിയ ഒട്ടേറെ രാജ്യങ്ങളെ സമ്പൂര്‍ണ നാശത്തിലേക്ക് കൂപ്പുകുത്തിച്ച പ്രതിഭാസം.

എന്താണ് ക്രോണി ക്യാപിറ്റലിസം? രാഷ്ട്രീയവും വ്യാപാരവും തമ്മിലെ കൂട്ടുകച്ചവടം. അല്ലെങ്കില്‍ ഭരണത്തിന്റെ തണലും തലോടലും കൊണ്ട് മൂലധനവും ലാഭവും പെരുപ്പിക്കുന്ന പരിപാടി. മനുഷ്യരെ ഏറ്റവും കൂടുതല്‍ ബാധിക്കുന്ന വിജ്ഞാനശാഖയാണ് സാമ്പത്തിക ശാസ്ത്രം എന്ന് നമുക്ക് അറിയാം. കാരണം മനുഷ്യന്‍ മാത്രമാണ് ഭൂമുഖത്തെ ഒരേയൊരു പ്രത്യക്ഷ സാമ്പത്തിക ജീവി. ഭരണകൂടത്തിന്റെയും ഇതര മനുഷ്യരുടെയും സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ക്ക് ഓരോരുത്തരുടെയും ദൈനംദിന ഭൗതിക ജീവിതത്തെ നിയന്ത്രിക്കാനുള്ള ശേഷിയുണ്ട്. എന്നാല്‍ ജാര്‍ഗണുകളുടെയും കടുകട്ടി സിദ്ധാന്തങ്ങളുടെയും ആവരണത്താല്‍ അവതരിപ്പിക്കപ്പെടുന്നു എന്നതിനാല്‍ സാമാന്യ മനുഷ്യര്‍ക്ക് തെല്ലും തിരിയാത്ത ഒന്നായി ആ വിജ്ഞാനം പുലരുന്നു എന്നതും യാഥാര്‍ത്ഥ്യമാണ്. വിലക്കയറ്റം, വിലയിടിയല്‍ തുടങ്ങിയ ആഘാതങ്ങള്‍ മാത്രമാണ് സാധാരണമനുഷ്യനെ ഈ വിജ്ഞാനവുമായി നേരിട്ട് ബന്ധിപ്പിക്കുന്നുള്ളൂ എന്നതാണ് സത്യം. കാര്യം അങ്ങനെ അല്ലെങ്കിലും.

മൂലധനം എന്ന് പറയുന്നത് മനസിലാക്കാന്‍ അത്ര പ്രയാസമുള്ള കാര്യമല്ല. നമ്മള്‍ ആദ്യം സൂചിപ്പിച്ച വരാനിരിക്കുന്ന ദുരന്തത്തെ മനസിലാക്കാന്‍ ഇത്തിരി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടതുണ്ട്. നമുക്കറിയാം, മൂലധനോന്‍മുഖമാണ് ലോകത്തിന്റെ സാമ്പത്തിക രംഗം. മുതലാളിത്തമാണ് ഇപ്പോഴത്തെ ലോകത്തിന്റെ ഭൂരിപക്ഷക്രമം. ഏറ്റവും വലിയ മൂലധന രാജ്യമായ അമേരിക്കയാണ് ലോകത്തെ മനുഷ്യരുടെ വിധാതാക്കള്‍. സമാധാനം മുതല്‍ സന്തോഷം വരെ, ആഹാരം മുതല്‍ പട്ടിണി വരെ അവര്‍ നിയന്ത്രിക്കുന്നു. അതൊന്നും പറയാന്‍ കോടതി വിലക്കില്ല താനും.
സമകാലിക ഇന്ത്യന്‍ സാമ്പത്തിക രംഗത്തെ വലിയ പ്രവണതകളില്‍ ഒന്നാണ് ശതകോടീശ്വരന്‍മാര്‍. 2004-ലെ കണക്കനുസരിച്ച് ഇന്ത്യയില്‍ വെറും പതിമൂന്ന് ശതകോടീശ്വരന്‍മാരാണ് ഉണ്ടായിരുന്നത്. 2009-ല്‍ അത് 49 ആയി. ചങ്ങാത്ത മുതലാളിത്തം എന്താണെന്നും അത് വിതക്കുന്ന ദുരന്തം എന്താണെന്നും മനസിലാക്കാനാണ് നമ്മള്‍ ഈ കണക്കുകള്‍ ഇപ്പോള്‍ പറയുന്നത്. 2010-ല്‍ ശതകോടീശ്വരന്‍മാരുടെ എണ്ണം 69 ആയി. 2017 ആകുമ്പോള്‍ കണ്ണും പൂട്ടിയുള്ള വളര്‍ച്ചയാണ് ഈ വിഭാഗത്തിന്. ഫോബ്‌സിന്റെ ഒരു പട്ടികയില്‍ എണ്ണം 82 ആണ്. റിയല്‍ എസ്‌റ്റേറ്റുകാരുടെ തള്ളിക്കയറ്റമാണ് പട്ടികയില്‍. 1998-ലെ കണക്കുപ്രകാരം ദേശീയ വരുമാനത്തിന്റെ ഒരു ശതമാനം മാത്രമായിരുന്നു ശതകോടീശ്വരന്‍മാരുടെ സ്വത്ത് എങ്കില്‍ 2008-ല്‍ അത് 27 ശതമാനമായി വര്‍ധിച്ചു.
ഇത് കൂടി നോക്കാം. ഓക്‌സ്ഫാം ഈ വര്‍ഷം പുറത്തുവിട്ട കണക്ക് പ്രകാരം ഇന്ത്യന്‍ ജനസംഖ്യയില്‍ എഴുപത് ശതമാനത്തിന്റെ ആകെ സമ്പത്തിനെക്കാള്‍ മുകളിലാണ് വെറും 57 ശതകോടീശ്വരന്‍മാര്‍ കൈവശം വെച്ചിരിക്കുന്ന സ്വത്ത്. അതേ കണക്ക് പ്രകാരം 2016-ല്‍ രാജ്യത്തിന്റെ 58.4 ശതമാനം സ്വത്തും മുകേഷ് അംബാനിയും ദിലീപ് സാംഘ്‌വിയും അസിം പ്രേംജിയും നേതൃത്വം കൊടുക്കുന്ന ശതകോടീശ്വരന്‍മാരുടെ കൈയിലാണ്. ബ്രിട്ടീഷ് രാജില്‍ നിന്ന് ബില്ല്യണര്‍ രാജിലേക്ക് എന്ന പ്രയോഗം യാഥാര്‍ത്ഥ്യമാവുകയാണ് ഇന്ത്യയില്‍. ലോകോത്തര സമ്പദ് ശാസ്ത്രജ്ഞന്‍ തോമസ് പിക്കറ്റിയും ലൂക്കാസ് ചാന്‍സലും ചേര്‍ന്നെഴുതിയ ഇന്ത്യന്‍ ഇന്‍കം ഇനീക്വാലിറ്റി 1922-2014 എന്ന വിഖ്യാത പ്രബന്ധത്തിലാണ് ഈ പ്രയോഗമുള്ളത്.
ശതകോടീശ്വരന്‍മാര്‍ പെരുകുന്നതും രാജ്യത്തിന്റെ സമ്പത്ത് അവരുടെ കൈകളില്‍ കേന്ദ്രീകരിക്കുന്നതും കണക്കുകളിലൂടെ കണ്ടല്ലോ? ശരി. ഇത് മുതലാളിത്തത്തിന്റെ മറ്റൊരു മുഖമാണ്. മുതലാളിത്തം ഒരു സാമൂഹ്യസംവിധാനം എന്ന നിലയില്‍ മൂലധനം ആര്‍ജിക്കുന്നതില്‍ അദ്ഭുതമില്ല. അതിവേഗമുള്ള മൂലധന സംഭരണമാണ് മുതലാളിത്തത്തിന്റെ പ്രത്യേകതയെന്ന് കാള്‍ മാര്‍ക്‌സ് തെളിയിച്ചിട്ടുണ്ട്. ഈ മൂലധന സംഭരണമാണ് മുതലാളിത്തത്തെ മുന്നോട്ട് കൊണ്ടുപോകുന്നത്. പണ്ടേ അങ്ങനെയാണെന്ന് മാര്‍ക്‌സ് വിശദീകരിച്ചിട്ടുമുണ്ട്. പ്രാകൃത മൂലധന സംഭരണം എന്ന വാക്കാണ് അദ്ദേഹം ഉപയോഗിച്ചത്. കൊള്ളയും മോഷണവുമായിരുന്നു ആ പരിപാടി.

കൃഷിക്കാരുടെ ഭൂസ്വത്ത് മുഴുവന്‍ ഇംഗ്ലണ്ടിലെ പ്രഭുക്കളും മുതലാളിമാരും വളച്ചുകെട്ടിയെടുത്ത് കര്‍ഷകരെ കാര്‍ഷിക മേഖലയില്‍ നിന്ന് പിഴുതെറിഞ്ഞത് ഉദാഹരണമാണ്. കൊളോണിയല്‍ കാലഘട്ടത്തിന്റെ ആരംഭകാലത്ത് ആഫ്രിക്കയിലും, ഏഷ്യയിലും ലാറ്റിനമേരിക്കയിലും യൂറോപ്യന്‍ മുതലാളിമാര്‍ നടത്തിയ നരനായാട്ടും കൊളളയുമാണ് യൂറോപ്യന്‍ മുതലാളിത്തത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട പ്രാകൃത മൂലധന സംഭരണ സ്രോതസ്സ്. ഈ കവര്‍ച്ച മുതല്‍ മുതല്‍മുടക്കിയാണ് വ്യവസായ വിപ്ലവത്തിന് അരങ്ങൊരുക്കിയത്. എന്നാല്‍ ഈ സംഗതിയല്ല ഇന്ത്യയില്‍ നടന്നത്. സവിശേഷമായ ഒരു പരിപാടിയായിരുന്നു അത്. യൂറോപ്പില്‍ വ്യവസായ വിപ്ലവമെല്ലാം കഴിഞ്ഞാണ് കുത്തക കുടുംബങ്ങള്‍ രൂപം കൊള്ളുന്നത്. പത്തൊമ്പതാം നൂറ്റാണ്ടില്‍. എന്നാല്‍ ഇന്ത്യയില്‍ സ്വാതന്ത്ര്യത്തിന് മുന്‍പ് തന്നെ ഇന്ത്യന്‍ കുത്തക കുടുംബങ്ങള്‍ രൂപം കൊണ്ടിരുന്നു. ബിര്‍ളയെ ഓര്‍ക്കുന്നുണ്ടല്ലോ? സ്വാതന്ത്ര്യത്തിന് ശേഷമുള്ള കാലത്ത് അവ പിന്നെയും വളര്‍ന്നു. ഈ കാലഘട്ടത്തിലും അവരുണ്ട്. ഒപ്പം പുതിയ കുത്തകകളും പുതിയ ശതകോടീശ്വരന്‍മാരും. അവരുടെ സാമ്പത്തിക അല്ലെങ്കില്‍ മൂലധന ഉറവിടം എന്താണ്?
ആ ഉറവിടത്തിന്റെ വേരുകളാണ് ചങ്ങാത്ത മുതലാളിത്തം അഥവാ ക്രോണി ക്യാപിറ്റലിസത്തിലുള്ളത്. അത് നീതിപൂര്‍വമായ മൂലധന സമാഹരണമല്ല. സ്വതന്ത്രമായ കമ്പോള മത്സരത്തിലൂടെ ഏറ്റവും കാര്യക്ഷമമായി ഉല്‍പാദനം നടത്തുന്ന മുതലാളിമാര്‍ മിച്ചമൂല്യം കരസ്ഥമാക്കുന്നതും അത് അവര്‍ വീണ്ടും മുതല്‍ മുടക്കുന്നതും ആ പരിപാടി ആവര്‍ത്തിക്കുന്നതുമാണല്ലോ മാര്‍ക്‌സ് വിശേഷിപ്പിച്ച മൂലധന സംഭരണം. അതില്‍ സാമൂഹ്യമായ ഒരു കൊടുക്കല്‍ വാങ്ങലുണ്ട്. സമൂഹത്തിന്റെ താരതമ്യേനയെങ്കിലും നീതിപൂര്‍ണമായ പാരസ്പര്യമുണ്ട്. അവിടെ കാര്യക്ഷമതയാണ് വളര്‍ച്ചയുടെ മാനദണ്ഡം. ക്രോണി ക്യാപിറ്റലിസത്തില്‍ അതില്ല. കാര്യക്ഷമതയല്ല, ഭരണകൂടവുമായുള്ള ബാന്ധവമാണ് മൂലധന സമാഹരണത്തിന്റെ ഉറവിടം. സ്വതന്ത്ര കമ്പോളത്തിലെ നീതിപൂര്‍വമായ മത്സരമല്ല നടക്കുന്നത്. ഭരണകൂടത്തിന്റെ ഒത്താശയില്‍ കുത്തക സഥാപിക്കലാണ്. അതു വഴി മത്സരം ഇല്ലാതാക്കലും വളരലുമാണ്. അംബാനി, അദാനി എന്നീ പേരുകള്‍ ഓര്‍ക്കാം. അദാനിയെ ഓര്‍ത്തതിനാല്‍ ‘പണി കിട്ടിയ’ ഇക്കണോമിക് ആന്റ് പൊളിറ്റിക്കല്‍ വീക്കിലി എഡിറ്ററെ ഓര്‍ക്കാം.
ഇതാണ് നമ്മള്‍ അന്തരീക്ഷത്തിലും പശ്ചാത്തലത്തിലും നിര്‍ത്തിയ ചെറുപ്പക്കാരന്‍ ചെയ്തത്. അയാള്‍ ഭരണകൂടത്തെ ഉപയോഗിച്ച് ലാഭം കൊയ്തു. മൂലധനവളര്‍ച്ചയുണ്ടാക്കി. ഭരണകൂടത്തിലാകട്ടെ ഭരണകൂടം തന്നെയായ പിതാവിനാല്‍ അയാള്‍ സംരക്ഷിക്കപ്പെട്ടു. ആ പിതാവിന് നിര്‍ണായക ബലമുള്ള ഒരു വ്യവസ്ഥ ആ യുവാവിനെതിരെ ഉയര്‍ന്ന മാധ്യമങ്ങളുടെ വായമൂടാന്‍ അസാധാരണ ഉത്തരവിട്ടു.

നാം ഭയപ്പെടണം. 1998 മുതല്‍ 2002 വരെ അര്‍ജന്റീന എന്ന രാജ്യം കടന്നുപോയ ദുര്‍ദിനങ്ങള്‍ നമ്മള്‍ ഓര്‍ക്കണം. ഇന്ന് ഇന്ത്യയില്‍ കാണുന്ന അതേതരം വലതുപക്ഷ സര്‍ക്കാര്‍, അതേതരം ബന്ധുക്കളായ ചെറുപ്പക്കാര്‍. അവരുടെ അനിയന്ത്രിതവും അസാധാരണവുമായ സാമ്പത്തിക വളര്‍ച്ച ആ രാജ്യത്തെ തകര്‍ത്തു. കമ്പോളം എന്ന ചലനാത്മകത ഇല്ലാതായി. കറന്‍സി കൂപ്പുകുത്തി. ശതകോടികളുമായി കുത്തകകള്‍ മൗറീഷ്യസിലേക്കും മറ്റ് ഭൂമികളിലേക്കും കടന്നു. രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ തകര്‍ന്നു. കലാപങ്ങള്‍ പുറപ്പെട്ടു. ഇന്നും കരകയറുന്നതേയുള്ളൂ ആ രാജ്യം.
ഫാഷിസം കോര്‍പറേറ്റിസമാണെന്ന് പറഞ്ഞത് മുസോളിനിയാണ്. കോര്‍പറേറ്റുകള്‍ക്കായാണ് ഭരണം. ശരി. കോര്‍പറേറ്റിസം ജനാധിപത്യത്തോടുള്ള ചതിയാണ്. ആ കോര്‍പറേറ്റിസം ക്രോണി കോര്‍പറേറ്റിസമാകുമ്പോള്‍ ഇരട്ടിച്ചതിയാവും. പെേട്രാളിയം, വാര്‍ത്താ വിനിമയം തുടങ്ങി സമസ്ത മേഖലകളും ഭരണകൂടത്തിന്റെ ബന്ധുക്കള്‍ കയ്യടക്കുന്നു. കൊട്ടാരഭരണമെന്ന ദുര്‍മേദസ് പ്രത്യക്ഷമാകുന്നു. ചങ്ങാത്ത മുതലാളിത്തം ബന്ധുവീടുകളുടെ മറപറ്റി നമ്മുടെ രാജ്യെത്ത വിഴുങ്ങുകയാണ്. ബീഫുമുതല്‍ താജ്മഹല്‍ വരെ ഉയര്‍ത്തി ഭരണകൂടം നടത്തുന്ന കണ്‍കെട്ടുകളികള്‍ക്കിടയിലൂടെ അവര്‍ കുതിച്ചുകയറുകയാണ്. അത് കാര്‍ഷിക സമ്പദ് വ്യവസ്ഥയാലും സ്വാഭാവിക വിപണിയാലും നയിക്കപ്പെടുന്ന നമ്മുടെ രാജ്യത്തിന്റെ സമ്പദ്‌രംഗത്തെ പൂര്‍ണമായും തകര്‍ക്കും. ദേശീയഗാനം നൂറ്റൊന്നാവര്‍ത്തിച്ചാലും സമ്പദ് വ്യവസ്ഥ എഴുന്നേല്‍ക്കില്ല.

അതിനാല്‍ ആ ചെറുപ്പക്കാരന്‍േറതായി ദ വയര്‍ പുറത്തുവിട്ട വാര്‍ത്ത സ്വാതന്ത്ര്യാനന്തര ഇന്ത്യക്ക് സുപരിചിതവും ശീലവുമായ സാമ്പത്തിക അഴിമതി മാത്രമല്ല. മറിച്ച് അതൊരു സൂചനയാണ്. ഫാഷിസത്തിന്റെ മറപറ്റി ചങ്ങാത്ത മുതലാളിത്തം നമ്മെ കീഴടക്കുന്നതിന്റെ സൂചന. രാജ്യദ്രോഹമാണത്. രാജ്യത്തെ ദ്രോഹിക്കുന്നതും രാജ്യത്തെ മുടിക്കുന്നതുമാണല്ലോ യഥാര്‍ത്ഥ രാജ്യ ദ്രോഹം. അതുകൊണ്ട് കോടതിയെ ഭയന്ന്, ഭരണകൂടത്തെ ഭയന്ന് നമ്മള്‍ മത്തങ്ങയെ കുറിച്ച് സംസാരിക്കേണ്ടതില്ല. ആ ചെറുപ്പക്കാരന്റെ പേര് ജയ് ഷാ എന്നാണ്. അയാളുടെ പിതാവിന്റെ പേര് അമിത് ഷാ എന്നുമാണ്.

കെ. കെ. ജോഷി

You must be logged in to post a comment Login