അറിവുശാലകളല്ല,അറവുശാലകള്‍

അറിവുശാലകളല്ല,അറവുശാലകള്‍

എല്ലാ വിളികളും അത്ര കാര്യത്തില്‍ ആയിക്കൊള്ളണമെന്നില്ലെന്ന് നിങ്ങള്‍ക്കെപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ? ബസിലായിരിക്കുമ്പോള്‍, ക്ലാസിലായിരിക്കുമ്പോള്‍, സദസിലായിരിക്കുമ്പോള്‍ ചില ദീര്‍ഘ സുന്ദരമായ വിളികള്‍ വരും. ‘തിരക്കുണ്ടോ, സംസാരിച്ചുകൂടെ?’ എന്ന ആമുഖ ചോദ്യം, തുടര്‍ന്നുള്ള സംഭാഷണത്തിന്റെ ദൈര്‍ഘ്യഭീകരതയെ സൂചിപ്പിക്കുന്നു. ‘മീറ്റിംഗിലാണ്, പിന്നെ വിളിച്ചാല്‍ നന്നായിരുന്നു’ എന്ന് നിങ്ങള്‍ വിനയതുന്ദിലമായി മറുപടി പറയുന്നു. അത്യാവശ്യക്കാരനാണെങ്കില്‍ നിങ്ങളുടെ ഒഴിവു സമയം നോക്കി പിന്നെയും വിളിക്കും. അല്ലെങ്കില്‍, ആ വിളിയോടെ നിങ്ങള്‍ സലാമത്തായി. അധികവും, ഈ രണ്ടാം തരമാണ് ഉണ്ടാകാറ്, അല്ലേ?
പറഞ്ഞ് വന്നത് ഞാനിപ്പോള്‍ അകപ്പെട്ടിരിക്കുന്ന ഈ വിളി, ഒന്നാം തരമാണ്. ഒന്നും രണ്ടും എന്ന പോലെ മൂന്നാം വിളിയിലും സംസാരിക്കാന്‍ പറ്റാത്ത വിധം ഞാനൊരു വിരുന്ന് പരിപാടിയില്‍ ഉപവിഷ്ഠനായിരുന്നു. അങ്ങനെയാണ് ഞാന്‍ കോഴിക്കോട് വരുന്നുണ്ടെന്നും അവിടെ വെച്ച് നേരിട്ട് കാണാമെന്നുമുള്ള ധാരണയില്‍ തല്‍ക്കാലം വിളിവെടി നിര്‍ത്തിവെക്കാമെന്ന സന്ധിയിലെത്തുന്നത്.
കാലിക്കറ്റ് ടവറിലെ മുന്നൂറ്റി പന്ത്രണ്ടാം നമ്പര്‍ (അതോ മുന്നൂറ്റിപ്പതിനാറോ, ഉറപ്പ് കിട്ടുന്നില്ല) കുളുകുളുപ്പന്‍ ഹാളില്‍ നിന്ന് ഞാന്‍ പുറത്ത് വരുന്നത് പക്ഷേ ഉള്ളിലുഷ്ണം പേറിയാണ്. ഒരുമണിക്ക് തീരേണ്ട മീറ്റിംഗ് രണ്ടേമുക്കാലായിട്ടും തുടരുക എന്ന് പറഞ്ഞാല്‍? എനിക്കാണേ മൂന്നേ അമ്പതിന്റെ പരശു പിടിച്ച് കണ്ണൂരിലെത്തണം. ഊണടിക്കണം. നിസ്‌കരിക്കണം. ചില്ലറ തട്ടുമുട്ടു സാമാനങ്ങള്‍ മേടിക്കണം. കാപിറ്റല്‍ ഇന്റര്‍നാഷനല്‍ ബുക്‌സിലേക്ക് കോണികയറുന്നിടത്ത് നില്‍ക്കുന്നു, ഫോണ്‍വിളിക്കാരന്‍ സാക്ഷാല്‍ കക്ഷി. ഒരുമണി മുതല്‍ നിന്ന നില്‍പാണ്, പാവം! വെറും ഒരു വിളിച്ചുവിടലല്ല, കാര്യമായ എന്തോ കാര്യമുണ്ട്.

മേജറില്‍ നിന്നോ ഓപ്പലില്‍ നിന്നോ വല്ലതും ഒപ്പിച്ച് തടിയെടുക്കാമെന്ന് കരുതിയ ഞാന്‍, ഇതുവരെയും ഊണു കഴിച്ചിട്ടില്ലെന്ന കാര്യം ഭംഗ്യന്തരേണ സുഹൃത്തിനെ അറിയിക്കുക വഴി, അന്നത്തെ ഉച്ചയൂണ്‍ ‘പാരഗണി’ലായി. തല്‍ക്കാലം പരശു ഞാന്‍ മറന്നു. അവന്‍ എന്റെ കൂടെ കണ്ണൂരു വരെ വരാമെന്നും, കാര്യങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്ത ശേഷം തൊട്ടടുത്ത വണ്ടിക്ക് തിരിച്ച് പോന്നാളാം എന്നിടത്തുമെത്തി കാര്യങ്ങള്‍!

അപ്പോള്‍ അതാണ് കാര്യം. പത്തുപതിനാല് കൊല്ലമായി മരുക്കാട്ടിലുരുകുന്നു. മോശമല്ലാത്ത വിധം സമ്പാദ്യം കൈവരുന്നു. വീട് പോയിട്ട് പത്ത് സെന്റ് സ്ഥലം പോലും ആയിട്ടില്ല. അതിന് ഞാനെന്ത് വേണം?! ഇവന്‍ എന്നെയിങ്ങനെ ഉടുമ്പിന്റേതുപോലെ വിടാപിടുത്തം പിടിച്ചിരിക്കുന്നതിന്റെ കാരണമെന്തെന്നന്വേഷിച്ചപ്പോഴാണ് എന്റെ ഒരു ലേഖനം വായിച്ച് അവന്റെ ഒരു സുഹൃത്തിന് സാമ്പത്തികാഭിവൃദ്ധി ഉണ്ടായത് കൊണ്ടാണെന്ന ഞെട്ടിക്കുന്ന വാര്‍ത്ത ഞാനറിയുന്നത്. ഞാന്‍ തന്നെയിവിടെ ലക്ഷങ്ങളുടെ സാമ്പത്തിക ബാധ്യതയുമായി നട്ടം തിരിയുകയാണ്. അന്നേരമാണ് എന്റെ കുറിപ്പ് വായിച്ച് സമ്പന്നനായ ഒരാളുടെ കഥകേള്‍ക്കുന്നത്. ഞാനെത്ര ആലോചിച്ചിട്ടും എനിക്കത്തരമൊരു എഴുത്തിനെപ്പറ്റി ഒരെത്തും പിടിയും കിട്ടുന്നില്ല. ചിലപ്പോള്‍ രണ്ടത്താണിയുടെതായിരിക്കും. അതെ, എഴുത്തു രംഗത്ത് അങ്ങനെ ചില ആള്‍മാറാട്ടങ്ങളൊക്കെ നടക്കാറുണ്ട്. എഴുതാത്തത് എഴുതി എന്ന് പറയുക, എഴുതിയതിന് നിനക്കാധ്വനികള്‍ കണ്ടെത്തുക, എഴുത്തിന്റെ മുനകളെ തോന്നിയവരുടെ മൂര്‍ദ്ധാവില്‍ പിടിച്ചമര്‍ത്തുക ഇതെല്ലാം എഴുതുന്നയാളുടെ സ്വകാര്യ സങ്കടങ്ങളാണ്. ഇത്രയെല്ലാം സഹിച്ചു കൊണ്ട് പിന്നെയും എഴുതുന്നത് എഴുതാതിരിക്കാനാകുന്നില്ല എന്ന ഒരൊറ്റ കാരണത്താലാണ്.

‘നീ ആദ്യം നിന്റെ നാല് മക്കളെയും ആ നാശം പിടിച്ച ഇംഗ്ലീഷ് മീഡിയത്തില്‍ നിന്ന് പറിച്ചെടുക്ക്. എന്നിട്ട് നാട്ടിലെ സാദാ സര്‍ക്കാര്‍ ഇസ്‌ക്കോളില്‍ കൊണ്ട്‌പോയി ചേര്‍ക്ക്! അവന്റെ പരാതികളും പരിഭവങ്ങളും ഏറെ നേരം കേട്ടതിന് ശേഷം എനിക്ക് കൊടുക്കാനുണ്ടായ രണ്ടില്‍ ഒന്നാമത്തെ നിര്‍ദേശമായിരുന്നു അത്. പുള്ളിക്കാരന്‍ ഗള്‍ഫില്‍ എല്ല് നുറുങ്ങി പണിയെടുക്കുന്നു. മാസത്തില്‍ 60-65 രൂപ കൈക്കലാക്കുന്നു. പക്ഷേ, നാട്ടിലെ ഇംഗ്ലീഷ് മീഡിയക്കാര്‍ അതിന്റെ നല്ലൊരു ഭാഗം കോരിക്കൊണ്ട് പോകുന്നു.

കുട്ടി ഒന്നിന് ഇരുപതിനായിരം ആണത്രെ ഡൊണേഷന്‍! ഒലക്കപ്പ്ണ്ണാക്ക്!!! പിന്നെ മുമ്മൂന്ന് മാസം കൂടുമ്പോള്‍ ഗഡുവടപ്പ് വകയില്‍ പതിനായിരങ്ങള്‍ വേറെയും. യൂനിഫോമും ബുക്കും ബോക്‌സും മറ്റുമായി വേറെ. അത് പുറത്ത് നിന്ന് വാങ്ങാന്‍ പാടില്ല. മാസാമാസം ബസ്ഫീസിനത്തിലും ആയിരങ്ങള്‍. പരീക്ഷ ഫീസ്, ഫെസ്റ്റ് ഫീസ്, എസ്റ്റാബ്ലിഷ്‌മെന്റ് ഫണ്ട് എന്നിങ്ങനെ ചില ഇടവിട്ട ഫീസുകളും. ഏഴായിരത്തില്‍ കുറഞ്ഞ ടൂറ് പാക്കേജേ ഇല്ല. ആ സ്‌കൂളിന്റെ മറ്റൊരു പ്രത്യേകത, ഈരണ്ട് വര്‍ഷം കൂടുമ്പോള്‍ യൂനിഫോം മാറ്റി പുതിയതാക്കുമത്രെ! മാനേജര്‍ക്ക് ടെക്സ്റ്റയില്‍സുമായി വല്ല ടൈ-അപ്പും ഉണ്ടോ ആവോ. പ്രിന്‍സിപ്പാളിന് ബുക്ക് കമ്പനിയുമായും?
‘കണ്‍മുന്നില്‍ അസ്സലായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ സ്‌കൂള്‍ ഉണ്ടായിരിക്കേ എന്ത് കുന്തം വിചാരിച്ചിട്ടാടാ നീ നിന്റെ മക്കളെ ഇംഗ്ലീഷ് മീഡിയത്തിന്റെ കീശക്കശാപ്പുശാലയില്‍ കൊണ്ട്‌പോയി ചേര്‍ത്തത്, വിവരംകെട്ട മരമൊയന്ത് മണ്ണുണ്ണീീീീീീീ!!!!!’ എന്നാണ് ഞാനവനോട് ചോദിക്കാന്‍ വിചാരിച്ചതെങ്കിലും, കുറച്ച്കൂടി മാന്യമനോഹരമായ ഭാഷയിലാണ് ആ ആശയം ഞാനവനോട് പങ്കുവെച്ചത്.

വ്യത്യസ്തതകളും അപൂര്‍വതകളും ഉണ്ടാകാം. അതംഗീകരിച്ചു കൊണ്ട് തന്നെ പറയട്ടെ, പൊതുവെ ഇംഗ്ലീഷ് മീഡിയം സ്‌കൂളുകള്‍ ഒരു സൈസ് കാശൂറ്റ് കൂടാരങ്ങളാണ്. പാവപ്പെട്ട ഗള്‍ഫുകാരുടെ ഉള്ളില്‍ പൊങ്ങച്ചത്തിന്റെ ബലൂണൂതിപ്പൊന്തിച്ച് പണം പിടുങ്ങുകയും പകരം വളരെ ഇടുങ്ങിയ സാംസ്‌കാരിക സമ്പര്‍ക്കാവസ്ഥ സമ്മാനിക്കുകയും ചെയ്യുന്ന ദുരന്ത കേന്ദ്രങ്ങളാണവ. അപ്പുറത്ത് സര്‍ക്കാര്‍ വകയുള്ള പൊതുവിദ്യഭ്യാസ കേന്ദ്രങ്ങള്‍, പഴയകാല ആലസ്യങ്ങളെല്ലാം വെടിഞ്ഞ് കുടഞ്ഞെണീക്കുകയും, കാക്കാശ് ചെലവില്ലാതെ മെച്ചപ്പെട്ട വിദ്യാഭ്യാസം നല്‍കുകയും ചെയ്യുമ്പോള്‍ നീ അക്കരെച്ചെന്ന് പോത്തിനെ പോലെ പണിയെടുത്തുണ്ടാക്കിയ പണം കണ്ട ബുക്ക് കമ്പനികള്‍ക്കും ടെക്‌സ്റ്റൈല്‍ ഉടമകള്‍ക്കും മറ്റു അറിവറവ് കച്ചവടക്കാര്‍ക്കും കൊണ്ട് പോയി ഒലത്തിക്കോ!!!!’ എനിക്ക് ഉറഞ്ഞ് വിറച്ചു.
ഞാനവനോട് ഇത്രക്ക് ചൂടാവാന്‍ കാരണം അവന്റെ കൃത്യമായ മാസവരുമാനം ഞാന്‍ ഗണിച്ചെടുത്തു. നാല് മക്കളുടെ ഇ.മീ. സ്‌കൂള്‍ പഠനത്തിനായി വരുന്ന ചെലവും ഞാന്‍ കൂട്ടിനോക്കി. എന്നിട്ട് ഫോണിലെ കാല്‍കുലേറ്റര്‍ വെച്ച് അതിന്റെ ശതമാവനും കണ്ടുപിടിച്ചു. നോക്കുമ്പോള്‍ 43.831% വരുന്നു അത്. ഇവനൊക്കെ എന്തിന്റെ ചൂടാ? ഇംഗ്ലീഷ് മീഡിയത്തില്‍ മക്കളെ പഠിപ്പിച്ചാല്‍, നാളെയവര്‍ പണം കായ്ക്കുന്ന മനുഷ്യറോബോട്ടുകളായിത്തീരുമെന്നോ, എന്താണിവന്‍ മനസ്സിലാക്കി വെച്ചിരിക്കുന്നത്. വണ്ടി വടകരയെത്തിയിട്ടും നേര്‍ക്ക്‌നില്‍ക്കാന്‍ പോലും സ്ഥലം കിട്ടിയിട്ടല്ല. എന്നിട്ടല്ലേ ഇരിപ്പ്.

ആവര്‍ത്തിക്കാം, നല്ല ഇംഗ്ലീഷ് മീഡിയങ്ങള്‍ ഇല്ലെന്നെല്ല കെട്ടോ. ദയവ് ചെയ്ത് പടക്ക് വരരുത്. പക്ഷേ, മിക്കവാറും ഇ.മീ സ്‌കൂളുകളുടെ ഉള്‍ക്കഥകള്‍ പരിതാപകരമാണ്. ഒരു പേപ്പര്‍ പൊട്ടുകയും മറ്റൊരു പേപ്പര്‍ കിട്ടാതിരിക്കുയും വേറൊരു പേപ്പര്‍ എഴുതിയെടുക്കാനിരിക്കുകയും ഒക്കെയുള്ള കഷ്ടിപിഷ്ടി ടീച്ചര്‍മാരെ വെച്ച് കുഞ്ഞി ശമ്പളത്തിന് കുന്നോളം വേലയെടുപ്പിക്കുന്ന എത്ര സ്‌കൂളുകളുണ്ടെന്നാണ് നിങ്ങളുടെ ഊഹം. പൊതുവെ ആവറേജ് ഇ.മീ. സ്‌കൂളുകള്‍ക്കൊന്നും പ്രഗത്ഭരായ അധ്യാപകരെ ആവശ്യമില്ല. കാരണം അവര്‍ക്ക് കൈനിറയെ കൊടുക്കണം. അതിന് ആവതില്ല, അല്ലെങ്കില്‍ മനസ്സില്ല. പിന്നെയെന്താ, വെച്ചുവലി തന്നെ.

കാഴ്ചക്ക് കുറേ ബസുകള്‍, യൂനിഫോം, സ്യൂട്ട്, കോട്ട്, ഹാപ്പി ബേഡേ കേക്ക് മുറി, നാല് ഇംഗ്ലീഷ് ഉപചാര വാക്കുകളും. കേരളത്തിലെ ഇ.മീ. സ്‌കൂളുകളുടെ കണക്കുകളും അവര്‍ വര്‍ഷം തേറും വാരിക്കൂട്ടുന്ന ടേണോവറിന്റെ കണക്കും എന്റെ കൈയില്‍ ഉണ്ട്. സ്‌കൂള്‍ നടത്തുക വഴി നേടുന്ന ലാഭം കൊണ്ട് വല്ല ധര്‍മസ്ഥാപനവും നടത്തുകയാണെങ്കില്‍ പോട്ടെ എന്ന് വെക്കാമായിരുന്നു. അതും ഒഴിവാക്കുകയാണ് നല്ലത്. ലാഭം കൂടുതലായി കിട്ടിക്കൊണ്ടിരിക്കുമ്പോള്‍ മൂഹികസേവനത്തിന്റ വിശാലവ്യാപ്തിക്കുമേല്‍ ബിസിനസിന്റ വളയം വന്ന് ചുറയും. പതിയെ പരമ ലക്ഷ്യങ്ങളെ പരോക്ഷ ലക്ഷ്യങ്ങള്‍ വിഴുങ്ങും. തീതുപ്പിയിരുന്ന ഘോരനാക്കുകള്‍ അപ്പോള്‍ തണുത്ത മാംസപിണ്ഡങ്ങളാകും. മതസംവിധാനത്തില്‍ പണം അധികാരിയാവുന്നിടത്ത് രുതെന്നറിയാവുന്ന കാര്യങ്ങളെ പോലും നിഗൂഢമൗനം മൂടും. ഇനി ലാഭം ഊറിവരുന്നെങ്കില്‍ തന്നെ അത് വകമാറ്റാതെ അതേ സ്‌കൂളിലെ കുട്ടികളുടെ ബൗദ്ധികമായ അമിത പോഷണത്തിന് തിരിച്ചുവിടണം. നമ്മുടെ സമുദായത്തില്‍ സുപ്രാബ്രൈനുകള്‍ പിറകൊള്ളട്ടെ. അവര്‍ നമ്മെയും കൂട്ടി വേഗത്തിലോടി മുന്നിലെത്തിക്കട്ടെ. ഓട്ടമത്സരത്തില്‍ മുയല്‍ ഉറങ്ങിപ്പോയാല്‍ സാരമില്ല, ഉറങ്ങുന്നത് ആമ തന്നെയായാലോ? അത് വിട്, വിശേഷം കേള്‍ക്കണോ നിങ്ങള്‍ക്ക്? ഇവന്റ മക്കള്‍ പഠിക്കുന്നത് ഏതോ റിയല്‍ എസ്‌റ്റേറ്റ് ലാച്ചാര്‍ കച്ചോടക്കാര്‍ നടത്തുന്ന ഹൈഫൈ സ്‌കൂളിലാണ്, മന്ദു!
പിന്നെ നീയൊരു കാര്യം മനസ്സിലാക്കണം, ഇതിന്ത്യയാണ്. സാംസ്‌കാരിക ബഹുത്വം ഈ രാജ്യത്തിന്റെ സവിശേഷതയാണ്. നമ്മളും നമ്മുടെ മക്കളും അവരുടെ മക്കളുമൊക്കെ ഇവിടെ രഞ്ജിപ്പോടെ ജീവിക്കണം. ഇതര മതസ്ഥരോടൊത്ത് സമാധാനത്തോടെയുള്ള ജീവിതം എന്നത് പെട്ടൊന്നൊരു നാള്‍ പൊട്ടിയുണ്ടാകുന്നതല്ല. അത് കാലങ്ങളെടുത്ത് കണ്ടും കേട്ടും ശീലിച്ചെടുക്കേണ്ട ഒരു കല തന്നെയാണ്. നമുക്കതിനെ ഠവല മൃ േീള രീഹശ്ശിഴ സഹജീവനകല എന്ന് വിളിക്കാം. ഓര്‍മവേണം ഖാജാ തങ്ങളും ഏര്‍വാടി ബാദുഷയും മമ്പുറം തങ്ങളും ജീവിച്ച നാടാണിത്. അവര്‍ സുഖജീവിതത്തിന് വേണ്ടി മതനിലപാടുകളില്‍ ഒരിറ്റ് വെള്ളമുറ്റിച്ചിട്ടില്ല എന്നല്ല മതസത്തയായ തസ്വവ്വുഫിന്റെ ഗുരുഗോപുരങ്ങളായിരുന്നു. അന്യമതസ്ഥര്‍ക്ക് അവര്‍ അസ്വസ്ഥതയുണ്ടാക്കിയില്ല എന്ന് പറഞ്ഞാല്‍ പോര, അവര്‍ സത്യത്തില്‍ കൃപാകടാക്ഷങ്ങളുടെ പൂത്തമരങ്ങളായിരുന്നു. അന്യമതസ്ഥര്‍ വര്‍ണശലഭങ്ങളായി അവരുടെ പര്‍ണശാലക്ക് ചുറ്റും പാറിക്കളിച്ചു. ഇന്നോ? വിഷമഴയെ ഗര്‍ഭം ധരിച്ച ഇരുണ്ട മേഘങ്ങളാണ് ആകാശത്ത് അലറുന്നത്. അല്ല, ഇതെല്ലാം ഇംഗ്ലീഷ് മീഡിയങ്ങളെക്കൊണ്ടാണോ? ആണെന്നല്ല, പക്ഷേ അത്തരം മത/ജാതി/ഫാക്ഷന്‍/ഗ്രൂപ്പുകളിലേക്കുള്ള ചുരുങ്ങിക്കൂടലുകളിലേക്ക് നയിച്ചുകൊണ്ടിരിക്കുന്നതില്‍ ഇംഗ്ലീഷ് മീഡിയത്തിന് വളരെ വലിയ പങ്കുണ്ട്. ഇരുന്നാലോചിച്ച് നോക്ക്!

അപ്പം, ലത്തീഫേ! ഞാന്‍ പറഞ്ഞു വന്നതെന്താണെന്ന് വെച്ചാ നീ ഉടന്‍ നിന്റെ മക്കളെ ആ സ്‌കൂളില്‍ നിന്ന് പിഴുതെടുത്ത്, ഞാന്‍ പറഞ്ഞ സര്‍ക്കാര്‍ സ്‌കൂൡ ചേര്‍ക്ക്. നിന്റെ ചെലവ് എത്രയോ കുറയുമെന്നതിന് പുറമേ നിന്റെ മക്കള്‍ക്ക് അവര്‍ ജീവിക്കുന്ന ഇന്ത്യയുടെ കാറ്റും മണവും കിട്ടും. തികഞ്ഞ മതഭക്തര്‍ ആയിരിക്കെത്തന്നെ അവര്‍ അവരുടെ ഭാവി രൂപപ്പെടുത്തുന്നതിന്റെ മതസൗഹൃദ കാഴ്ചപ്പാടും അവര്‍ക്ക് കിട്ടും.

നീ എന്റെ കാര്യം തന്നെ നോക്ക്. ഞാന്‍ എന്റെ കുഗ്രാമത്തിലെ വാണിവിലാസം എല്‍ പി സ്‌കൂളിലാണ് പഠിച്ചത്. കുരണാകരന്‍ മാഷും ഗൗരി ടീച്ചറും രാമദാസന്‍ മാഷും വിലാസിനി ടീച്ചറും ദാമോദരന്‍ മാഷും സീത ടീച്ചറുമൊക്കെയാണ് എനിക്ക് മലയാളവും ഇംഗ്ലീഷും കണക്കുമൊക്കെ പഠിപ്പിച്ചത്. അന്ന് അവിടുന്ന് പഠിച്ച അക്ഷരമാലകള്‍ ഉപയോഗിച്ചാണ് ഞാനീ എഴുതുന്നത്. പൊട്ടിപ്പൊളിഞ്ഞ ചുവരുകളുള്ള, കുമ്മായമിളകിയ ഭിത്തികളുള്ള ആ പള്ളിക്കൂടത്തില്‍ നിന്ന് പഠിച്ചതിനെക്കാള്‍ ഒരധിക അക്ഷരവും തുടര്‍ന്ന് ഞാന്‍ പഠിച്ചിട്ടില്ല. എന്നിട്ടിപ്പോള്‍ ഇംഗ്ലീഷുമാഷമ്മാരാകാന്‍ പോകുന്നവരെ പഠിപ്പിക്കുന്ന ഇംഗ്ലീഷുമാഷായി ഞാന്‍. എനിക്കിന്ന് യു ജി സി സ്‌കെയിലുള്ള ശമ്പളം കിട്ടുന്നുണ്ട്. എന്നിട്ട് ഞാനെന്റെ മക്കളെ പഠിപ്പിക്കുന്നത് ഗവണ്‍മെന്റ് മാപ്പിള എ യു പി സ്‌കൂളിലാണ്. എനിക്കങ്ങനെ ചെയ്യുന്നതിലോ, അതിങ്ങനെ പരസ്യമായി എഴുതുന്നതിലോ യാതൊരു കൈകൂച്ചലുമില്ല.

എന്റെ മക്കളുടെ കൂട്ടുകാരില്‍ അന്യമതസ്ഥര്‍ ഒത്തിരി കാണും. അവരുടെ അധ്യാപകരിലും നല്ലൊരു പറ്റം ഇതരമതസ്ഥര്‍ തന്നെ. തളിപ്പറമ്പ് ഖുവ്വത്തുല്‍ ഇസ്‌ലാമിനോട് ചാരിയാണ് ആ സ്‌കൂള്‍ സ്ഥിതി ചെയ്യുന്നത്. ശംസുല്‍ ഉലമ ഇ കെ ഉസ്താദും നൂറുല്‍ ഉലമ എം എ ഉസ്താദും വലിയുല്ലാഹി സി എം മടവൂരും വസിച്ച, പഠിച്ച, പഠിപ്പിച്ച കേന്ദ്രത്തിന്റെ ഉഛ്വാസവായുവും അവര്‍ നടന്ന മണ്ണിന്റെ കഥകളും നുണഞ്ഞാണ് എന്റെ മക്കള്‍ പഠിക്കുന്നത്. എനിക്കാണെങ്കില്‍ കാര്യമായ ചെലവൊന്നുമില്ലെന്നതിന് പുറമെ, അവര്‍ക്കുള്ള ഉച്ചയൂണ് അവിടുന്ന് ഫ്രീയായി കിട്ടുന്നുമുണ്ട്. ഇടക്കിടെ മുട്ടയും പാലും കിട്ടുന്നുണ്ട്. പുസ്തകങ്ങള്‍ സൗജന്യമായി കിട്ടുന്നുണ്ട്. ഓണത്തിന് ഈരണ്ട് കെട്ട് അരികിട്ടിയിട്ടുണ്ട്. നോമ്പിന് പലജാതി പഴങ്ങളടങ്ങിയ ഇഫ്താര്‍ കിറ്റ് കിട്ടിയിട്ടുണ്ട്. എന്റെ മകള്‍ക്ക് കണ്ണിന് കാഴ്ച പ്രശ്‌നം ഉണ്ടാവുകയാല്‍ സൗജന്യ ടെസ്റ്റ് ലഭ്യമായിട്ടുണ്ട്. കണ്ണടയും വെറുതെ കിട്ടുമെന്ന് എഛെം എന്നോട് പറഞ്ഞിട്ടുണ്ട്. എല്ലാറ്റിലുമുപരി ഞാനവരുടെ അധ്യാപകരുമായി ഇടക്കിടെ ഇന്ററാക്ട് ചെയ്യാറുണ്ട്. നല്ല കഴിവുള്ളവരും കമ്മിറ്റ്‌മെന്റുള്ളവരുമാണെന്ന് എനിക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. ഞാനിങ്ങനെ ഇടക്കിടെ മക്കളുടെ പഠനകാര്യം അന്വേഷിക്കുകയാല്‍ അവര്‍ക്കും എന്നെ ഏറെ ഇഷ്ടപ്പെട്ടിട്ടുണ്ട്. എന്നെ പിടിച്ച് പി ടി എയുടെ വൈപ്ര. ആക്കിയിട്ടുണ്ട്. ഞാനെന്റെ സ്വന്തം കാര്യങ്ങള്‍ പകിട്ടിലും പത്രാസിലുമാക്കി ഇങ്ങനെ മുറിച്ചിളക്കുമ്പോള്‍ നിങ്ങള്‍ക്ക് ഒരു മിസ് കണ്ണന്താനത്തിന്റെ സ്‌നോബറി കേള്‍ക്കുന്നതിന്റെ റിലാക്‌സേഷന്‍ കിട്ടുന്നുണ്ടായിരിക്കണം. ആളുകളെന്ത് കരുതും എന്ന് കരുതിയിട്ട് എഴുതാതിരുന്നിട്ട് യാതൊരു കാര്യവുമില്ല. ആളുകളുടെ നല്ല മോന്‍ വിളികിട്ടാന്‍ വേണ്ടി സുഖിപ്പിക്കല്‍ സദ്യ വിളമ്പാന്‍ ആര്‍ക്കാണ് കഴിയാത്തത്?

ഞാന്‍ മഹാ അര്‍ക്കീസ് ആവുകയാലായിരിക്കും ഇത്ര വലിയ മാസപ്പടി കിട്ടുന്നുണ്ടായിട്ടും മക്കളെ മാപ്പിള ഇസ്‌കോളിലേക്കയച്ച് ഓസിക്ക് പഠിപ്പിക്കുന്നതെന്ന് ആരും ചിന്തിക്കണ്ട! അങ്ങനെയാണെങ്കില്‍ ഞാനെന്റെ മൂന്നാമത്തെ മകനെ സഹ്‌റത്തുല്‍ഖുര്‍ആനിലാണ് അയക്കുന്നത്. വണ്ടിക്കാശിന് പുറമെ മുപ്പത്തിരണ്ടായിരം ഫീസു വരുന്നുണ്ട്. ഉം, സഹ്‌റത്തിനെ പറ്റി ചിലത് പറയാനുണ്ട്. അതും ചിലവ് ചുരുക്കലിലേക്കുള്ള രണ്ടാം കാര്യവും പിന്നെ പറയാം, അല്ലേ?

ഫൈസല്‍ അഹ്‌സനി ഉളിയില്‍

One Response to "അറിവുശാലകളല്ല,അറവുശാലകള്‍"

  1. Shabi  November 29, 2017 at 9:39 am

    നല്ല രസത്തോടെ വായിക്കാം ഫൈസല്‍ അഹ്‌സനിയുടെ, ഒത്തിരി കാമ്പുള്ള ലേഖനങ്ങള്‍.

You must be logged in to post a comment Login