ഓണ്‍ലൈന്‍ മുസ്ലിം; ഒരു സുരക്ഷാ പ്രശ്നമാകുന്നതെങ്ങനെയാണ്?

 

 

 

ആത്യന്തികമായി ഇന്റര്‍നെറ്റ് ഒരു മുസ്ലിംവിരുദ്ധ മാധ്യമമാണോ? അതോ, മുസ്ലിംകള്‍ ഉപയോഗിക്കുമ്പോള്‍ മാത്രം പ്രതിലോമകരമായിത്തീരുംവിധത്തിലാണോ അതിലെ സാങ്കേതിക വിദ്യയെ ചിട്ടപ്പെടുത്തിയിരിക്കുന്നത്? നുഐമാന്‍

               വിവിധ ‘മുസ്ലിം തീവ്രവാദ’ സംഘടനകള്‍ അവരുടെ ‘അക്രമാസക്തമായ’ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ സാധിച്ചെടുക്കുന്നതിനു വേണ്ടി എങ്ങനെയൊക്കെയാണ് പുതിയ വിവര സാങ്കേതിക വിദ്യകളെ ഉപയോഗപ്പെടുത്തുന്നത് എന്ന ചോദ്യത്തെ ആസ്പദമാക്കിയാണ് 2001 സപ്തംബര്‍ പതിനൊന്നിനു ശേഷമുള്ള ഒട്ടുമിക്ക മാധ്യമ പഠനങ്ങളും മുസ്ലിംകളുടെ ഇന്റര്‍നെറ്റ് ഉപഭോഗത്തെ ക്കുറിച്ചുള്ള സിദ്ധാന്തങ്ങള്‍ ചിട്ടപ്പെടുത്തിയത്. ‘തീവ്രവാദ’ സംഘടനകള്‍ വിവിധ ഓപ്പറേഷനു വേണ്ടി നവ മാധ്യമങ്ങളെ ദുരുപയോഗം ചെയ്യുന്നതെങ്ങനെയെന്നും, അതിനുവേണ്ടി സ്വീകരിക്കുന്ന മാര്‍ഗങ്ങള്‍ എങ്ങനെയെന്നുമുള്ള വിവരണങ്ങള്‍, തീവ്രവാദ അക്രമങ്ങളെ കുറിച്ചുള്ള അന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ടുകളിലെയും പത്രവാര്‍ത്തകളിലെയും പ്രധാനപ്പെട്ട ഒരു ഭാഗമായിക്കഴിഞ്ഞിട്ടുണ്ട്. അയച്ച മെയിലുകള്‍ പിന്തുടരാനുള്ള സംവിധാനങ്ങളേ ഉള്ളൂ എന്നതിനാല്‍, അന്വേഷണ ഏജന്‍സികള്‍ക്ക് പിടുത്തം കൊടുക്കാതിരിക്കുന്നതിനു വേണ്ടി, ഓപ്പറേഷനില്‍ പങ്കെടുക്കുന്ന ‘മുസ്ലിം തീവ്രവാദികള്‍’ ഒരു മെയില്‍ ഐഡി ഉണ്ടാക്കി, അതിന്റെ പാസ്സ്വേഡ് പരസ്പരം കൈമാറി, മെയില്‍ കംമ്പോസ് ചെയ്തു ഡ്രാഫ്റ്റ് ആയി സൂക്ഷിക്കുകയാണ് ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത് എന്നും മറ്റുമൊക്കെ കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് ചില പത്രമാധ്യമങ്ങളില്‍ വായിച്ചതോര്‍മ്മയുണ്ട്.

എന്താവാം മുസ്ലിംകളുടെ ഇന്റനെറ്റ് ഉപഭോഗത്തെ/ ഉപയോഗത്തെ ഇത്രമേല്‍ ഭീതിയോടെ നോക്കിക്കാണാന്‍ ആളുകളെ പ്രേരിപ്പിക്കുന്ന ഘടകം? മറ്റു വ്യക്തികളുടെയും സമുദായങ്ങളുടെയും കാര്യത്തില്‍, അവരുടെ പുരോഗതിയുടെയും വളര്‍ച്ചയുടെയും ലോക പരിചയത്തിന്റെയും അടയാളമായി വിലയിരുത്തപ്പെടുന്ന ഇന്റര്‍നെറ്റ് ഉപഭോഗം എന്തുകൊണ്ടാണ് മുസ്ലിംകളുടെ കാര്യത്തില്‍ എത്തുമ്പോള്‍ ഒരു പിന്തിരിപ്പന്‍ സാങ്കേതിക വിദ്യയായി മാറുന്നത്? അത്തരം പ്രതീതികള്‍ ജനിപ്പിക്കുംവിധത്തില്‍ പുറത്ത് വന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകളുടെയും പഠനങ്ങളുടെയും അന്തഃചോദന എന്താണ്? ആത്യന്തികമായി ഇന്റര്‍നെറ്റ് ഒരു മുസ്ലിം വിരുദ്ധ മാധ്യമമാണോ? അതോ, മുസ്ലിംകള്‍ ഉപയോഗിക്കുമ്പോള്‍ മാത്രം പ്രതിലോമകരമായിത്തീരും വിധത്തിലാണോ അതിലെ സാങ്കേതിക വിദ്യയെ ചിട്ടപ്പെടുത്തിയിരിക്കുന്നത്?
കഴിഞ്ഞ പത്തു വര്‍ഷത്തിനിടയില്‍ പുറത്തുവന്ന മുസ്ലിംകളുടെ ഇന്റര്‍നെറ്റ് ഉപഭോഗത്തെക്കുറിച്ചുള്ള ലേഖനങ്ങളും പഠനങ്ങളുമെല്ലാം ഏറിയോ കുറഞ്ഞോ ഉന്നയിച്ച ചില ആശങ്കകളാണ് മേല്‍ ചോദ്യങ്ങള്‍ ഉന്നയിക്കാനുള്ള പൊടുന്നനെയുള്ള പ്രേരണ. മുസ്ലിംകളുടെ മാധ്യമ ഉപഭോഗത്തെക്കുറിച്ച് ഇക്കാലയളവില്‍ പുറത്തുവന്ന ഒട്ടുമിക്ക ഗവേഷണങ്ങളുടെയും പഠനധാരകളുടെയും സ്വഭാവം എന്തായിരുന്നുവെന്ന് അന്വേഷിച്ചാല്‍ ഈ കാര്യം കുറേക്കൂടി വ്യക്തമാകും. പൊതുവില്‍ ഇത്തരം പഠനങ്ങള്‍ അധികവും മാധ്യമപഠന വിഭാഗങ്ങളിലെ വിദഗ്ധരാണ് ഏറ്റെടുക്കാറെങ്കിലും മുസ്ലിംകളുടെ ഇന്റര്‍നെറ്റ് ഉപഭോഗത്തെക്കുറിച്ചുള്ള ഏറിയ പഠനങ്ങളും വന്നത് സുരക്ഷ സംബന്ധിച്ച പഠനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുന്ന വിഭാഗങ്ങളില്‍ നിന്നോ, ഇന്റനാഷണല്‍ റിലേഷന്‍സില്‍ നിന്നോ പൊളിറ്റിക്കല്‍ സയന്‍സില്‍ നിന്നോ ഉള്ള വിദഗ്ധരില്‍ നിന്നുമാണ്. അതായത് മുസ്ലിംകളുടെ ഇന്റര്‍നെറ്റ് ഉപയോഗം ഒരു സുരക്ഷപ്രശ്നമോ, ഒരു രാഷ്ട്രീയ പ്രശ്നമോ ഒരു നയതന്ത്ര വിഷയമോ ആയി എവിടെയൊക്കെയോ ബന്ധപ്പെട്ടിരിക്കുന്നുണ്ടെന്നതിലേക്കാണ് ഈ പഠനങ്ങള്‍ സൂചനനല്‍കുന്നത്. ഈയിടെ ഇസ്തംബൂളില്‍ വച്ച് പരിചയപ്പെട്ട, അമേരിക്കയിലെ ഒരു പ്രമുഖ യൂണിവേഴ്സിറ്റിയില്‍ നിന്നു സ്കോളര്‍ഷിപ്പ് കിട്ടി ഇസ്തംബൂള്‍ ബില്‍ഗി യൂണിവേഴ്സിറ്റിയില്‍ പോസ്റ് ഡോക്ടറല്‍ ഫെല്ലോ ആയി ജോലി ചെയ്യുന്ന ഒരു ബംഗാളി ഹിന്ദു അക്കാദമിക് എന്നോട് തമാശ രൂപത്തില്‍ അക്കാദമിക ലോകത്ത് നടക്കുന്ന ഗൌരവപ്പെട്ട വസ്തുതയിലേക്കു സൂചന നല്‍കിക്കൊണ്ടിങ്ങനെ പറഞ്ഞു : ‘നിങ്ങള്‍ ഇസ്ലാമിനെയോ മുസ്ലിംകളെയോ കുറിച്ചാണ് പഠിക്കാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ അതിനൊരു സുരക്ഷ ഡെയ്മെന്‍ഷന്‍ കൊടുക്കുക. നിങ്ങളുടെ റിസേര്‍ച്ച് പ്രൊപോസലിനു സ്കോളര്‍ഷിപ്പോ മറ്റു സാമ്പത്തിക സഹായങ്ങളോ കിട്ടാനുള്ള സാധ്യത വളരെ കൂടുതലായിരിക്കും!’

മുസ്ലിംകളുടെ ഇന്റര്‍നെറ്റ് ഉപഭോഗം ഒരു സുരക്ഷാ പ്രശ്നമായി മാറുന്നതെങ്ങനെയാണ്? 2001ല്‍ സ്റുഡന്‍സ് ഇസ്ലാമിക് മൂവ്മെന്റ് – സിമിയെ നിരോധിച്ചുകൊണ്ട് കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച വിജ്ഞാപനത്തില്‍ സിമിക്കെതിരെ ഉന്നയിച്ച പ്രധാനപ്പെട്ട കുറ്റാരോപണങ്ങളിലൊന്ന്, അവര്‍ മത സമുദായങ്ങള്‍ക്കിടയില്‍ അകല്‍ച്ചയും പരസ്പര വിദ്വേഷവും ജനിപ്പിക്കും വിധത്തിലും സാമൂഹിക സംഘര്‍ഷങ്ങള്‍ക്ക് പ്രേരണ നല്‍കുംവിധത്തിലും ഖുര്‍ആന്‍ കത്തിക്കുന്നതിന്റെ ചിത്രം ഇന്റനെറ്റ് സാങ്കേതിക വിദ്യ ഉപയോഗിച്ചു പ്രചരിപ്പിച്ചു എന്നുള്ളതാണ്. മുസ്ലിംകളെ ഇന്റര്‍നെറ്റിലേക്ക് ആകര്‍ഷിക്കുന്ന പ്രധാനഘടകം അക്രമാസക്തമായ ആശയങ്ങളുടെ പ്രചാരത്തിന് ആ മാധ്യമം കൂടുതല്‍ ഫലപ്രദമാണ് എന്ന പ്രതീതിക്ക് ഊര്‍ജ്ജം പകരുകയാണ് ഔദ്യോഗികമെന്നും ആധികാരികമെന്നും അവകാശപ്പെടുന്ന ഇത്തരം നിരീക്ഷണങ്ങള്‍ ചെയ്യുന്നത്. അതായത് കുരങ്ങിന്റെ കയ്യിലെ പൂമാല എന്ന നാടന്‍ പ്രയോഗത്തിന്റെ മറ്റൊരു വിശദീകരണമെന്ന പോലെയാണ് മുസ്ലിമിന്റെ കയ്യില്‍ കിട്ടിയ ഇന്റര്‍നെറ്റിനെക്കുറിച്ച ഇത്തരം നിരീക്ഷണങ്ങള്‍ ഉത്പാദിപ്പിക്കുന്ന പൊതു ചിത്രം എന്ന് ചുരുക്കം. സിമി ബന്ധം ആരോപിച്ച് ഇരുന്നൂറ്റി അമ്പതിലേറെ മുസ്ലിംകളുടെ ഇമെയില്‍ ചോര്‍ത്താന്‍ കേരള സര്‍ക്കാര്‍ എടുത്ത തീരുമാനം ഈ ആശങ്കകളെ അടിവരയിടുന്നുണ്ട്.

ആണവോര്‍ജത്തിന്റെ കാര്യത്തിലും ഏതാണ്ട് ഇതിനു സമാനമായ ചില നിലപാടുകള്‍ കാണാനാകും. പാശ്ചാത്യരും ക്രിസ്ത്യാനികളും അതുകൊണ്ടു തന്നെ ‘ആധുനികരുമായ’ വികസിത രാജ്യങ്ങളുടെ കൈവശം ഉള്ള ആണവോര്‍ജം സുരക്ഷിതവും, പൌരസ്ത്യരും മുസ്ലിംകളും അതുകൊണ്ടു തന്നെ ‘അപരിഷ്കൃതരുമായ’ ഇറാന്റെ കയ്യിലുള്ള ആണവോര്‍ജ്ജം ലോകത്തിന്റെ മുഴുവന്‍ ഉറക്കം കളയുകയും ചെയ്യുന്ന ഒന്നായി മാറുകയും ചെയ്യുന്ന ഒരു പൊതു പശ്ചാത്തലം മാധ്യമങ്ങളും നയതന്ത്രജ്ഞരും ചേര്‍ന്ന് രൂപീകരിച്ചു കഴിഞ്ഞിട്ടുണ്ട്. ആണവോര്‍ജം സമാധാനാവശ്യത്തിനും ഊര്‍ജ്ജ പ്രതിസന്ധി പരിഹരിക്കാനുള്ള ഒരുപാധി എന്ന നിലയിലും മാത്രമേ ഉപയോഗിക്കൂ എന്ന് ഇറാന്‍ ആണയിട്ടിട്ടും അത് വിശ്വസിക്കാന്‍ പലരുടെയും സുരക്ഷാ ബോധം സമ്മതിക്കുന്നില്ല.
സാങ്കേതിക പഠന രംഗത്ത് മുസ്ലിംകള്‍ക്കിടയില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന പുരോഗതിയെ സംശയാസ്പദമായി കാണുന്ന പ്രവണത കഴിഞ്ഞ കുറെക്കാലമായി നമുക്കിടയില്‍ ക്രമാതീതമായി വര്‍ദ്ധിച്ചിട്ടുണ്ട്. വിദ്യാസമ്പന്നരായ മുസ്ലിം ചെറുപ്പക്കാര്‍ സംശയിക്കപ്പെടേണ്ടവരാണ് എന്ന ആലോചന പലയിടങ്ങളിലും വേരു പിടിച്ചിട്ടുണ്ട്, ലൌ ജിഹാദ് മാത്രമല്ല ഇ-ജിഹാദും നടത്തിയേക്കാവുന്നവരാണാ ചെറുപ്പക്കാര്‍! മുസ്ലിംകളുടെ കയ്യില്‍ നിന്നു കണ്ടെടുക്കുന്ന സിഡി, ലാപ്ടോപ് എന്നിവ കലഷ്നിക്കോവിനെക്കാളും എ കെ 47നേക്കാളും പേടിക്കേണ്ടതാണ് എന്ന തരത്തിലുള്ള ഭീതിദമായ പ്രചാരണങ്ങള്‍ ഇപ്പോള്‍ വ്യാപകമായിക്കൊണ്ടിരിക്കുകയാണ് എന്ന് മുസ്ലിം പണ്ഡിത•ാരുടെ ഇന്റര്‍നെറ്റ് ഉപയോഗത്തെക്കുറിച്ചുള്ള ഒരു പ്രബന്ധത്തില്‍ എം എച്ച് ഇല്യാസ് നിരീക്ഷിക്കുന്നുണ്ട്. ഫെയ്സ്ബുക്ക് മുഴുവന്‍ മുസ്ലിംകള്‍ കയ്യടക്കി വച്ചിരിക്കുകയാണ് എന്നും, മറ്റുമുള്ള ബിജെപി നേതാക്കളുടെ പ്രസ്താവനകള്‍ ഈ പശ്ചാത്തലത്തില്‍ വേണം വായിച്ചെടുക്കാന്‍.

ഭൌതികമായി സ്വന്തമായൊരു അസ്തിത്വം സൂക്ഷിക്കുമ്പോള്‍ തന്നെ ഇന്റര്‍നെറ്റ് പോലുള്ള വിവര വിനിമയ വിദ്യകള്‍ അതുപയോഗിക്കുന്നവരുടെ കര്‍തൃത്വത്തിനനുസരിച്ച് മര്‍മ്മപ്രധാനമായ മാറ്റങ്ങളോടെ പുനരവതരിപ്പിക്കുന്ന ഒരു സാങ്കേതിക മാധ്യമമാണ് എന്ന് പ്രബലമായൊരു നിരീക്ഷണം ഉണ്ട്. വൈവിധ്യങ്ങള്‍ നിലനിര്‍ത്തുമ്പോഴും, സാമൂഹിക സമ്പ്രദായങ്ങള്‍ക്കനുസരിച്ചു ഇന്റര്‍നെറ്റിനെ പലരും വരുതിയിലാക്കുന്നുണ്ടെന്നും, അതേ സമയത്തു തന്നെ ഈ വരുതിയിലാക്കലിനു സാമൂഹിക സമ്പ്രദായങ്ങളെ രൂപീകരിക്കുന്നതില്‍ ചെറുതല്ലാത്ത പങ്കുണ്ടെന്നും മാനുവല്‍ കാസലിനെ പോലുള്ള മാധ്യമ പണ്ഡിത•ാര്‍ നിരീക്ഷിക്കുന്നുണ്ട്.

ഇതേക്കുറിച്ച് ഇപ്പോള്‍ ഇത്രയൊക്കെ ആലോചിക്കാനുള്ള ഒരു പ്രധാന കാരണം അസമില്‍ മുസ്ലിംകള്‍ക്കെതിരെ നടന്ന വംശീയമായ അതിക്രമങ്ങളെക്കുറിച്ച് ഇന്റര്‍നെറ്റില്‍ തെറ്റായ പ്രചാരണങ്ങള്‍ നടക്കുന്നുണ്ടെന്നും സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റുകളില്‍ (മുസ്ലിംകള്‍) പ്രചരിപ്പിക്കുന്ന വാര്‍ത്തകളിലും ചിത്രങ്ങളിലും പലതും ഊതിപ്പെരുപ്പിച്ച അഭ്യൂഹങ്ങളായിരുന്നുവെന്നുമുള്ള പ്രചാരമാണ്. ഇതിനെ തുടര്‍ന്ന് അസമിനെ ക്കുറിച്ചുള്ള വാര്‍ത്തകളും ചിത്രങ്ങളും സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റുകളില്‍ നിന്ന് ഒഴിവാക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കുകയുണ്ടായി. മാത്രമല്ല, എസ്എംഎസ്സുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തുകയുമുണ്ടായി. ഈ സംഭവ വികാസങ്ങളുടെ പശ്ചാതലത്തില്‍ ദേശീയ ഐക്യത്തിന് സോഷ്യല്‍ മീഡിയ ഭീഷണി ഉയര്‍ത്തുന്നു എന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് പ്രസ്താവന നടത്തുകയും ചെയ്തു.

എന്തുകൊണ്ടാണ് അതിക്രമങ്ങള്‍ നടക്കുമ്പോള്‍ മത-ഭാഷാ ന്യൂനപക്ഷങ്ങള്‍ സോഷ്യല്‍ മീഡിയ പോലുള്ള ബദല്‍ എന്ന് പൊതുവെ വിളിക്കപ്പെടുന്ന മാധ്യമങ്ങളില്‍ അഭയം പ്രാപിക്കേണ്ടി വരുന്നത് എന്ന ചോദ്യത്തില്‍ നിന്നു വേണം ഇത്തരം ആശങ്കകളെക്കുറിച്ചുള്ള അന്വേഷണം തുടങ്ങാന്‍. അസമിനെക്കുറിച്ച് അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുന്ന ബഹളത്തെ തുടര്‍ന്ന് സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തുകയും ചെയ്ത ഏജന്‍സികള്‍, അസം കലാപം അതര്‍ഹിക്കും വിധം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തോ എന്നതിനെക്കുറിച്ച് അന്വേഷണം നടത്തുകയൊന്നും ഉണ്ടായില്ല. അഭ്യൂഹങ്ങളെപ്പോലെ തന്നെ – അങ്ങനെയൊന്നുണ്ടെങ്കില്‍, അപകടകരമാണ് വാര്‍ത്തകളുടെ ന്യൂനീകരണവും തിരോധാനവും. രണ്ടുലക്ഷത്തോളം ആളുകള്‍ അഭയാര്‍ത്ഥികളാക്കപ്പെട്ട ഒരു വംശീയ കലാപത്തെ ഇന്ത്യന്‍ മാധ്യമങ്ങള്‍ സമീപിച്ച രീതി എത്രമാത്രം നീതിയുക്തമായിരുന്നുവെന്നതിനെക്കുറിച്ച് ആത്മപരിശോധന നടത്താന്‍ നമ്മുടെ മാധ്യമങ്ങള്‍ തയ്യാറാകും എന്ന വിശ്വാസം വച്ചു പുലര്‍ത്തുന്നത് അനുഭവങ്ങളുടെ വെളിച്ചത്തില്‍ പരിഹാസ്യമാവും. അസം കലാപം റിപ്പോര്‍ട്ട് ചെയ്യല്‍ മുസ്ലിം സംഘടനകളുടെയും വ്യക്തികളുടെയും നേതൃത്വത്തില്‍ നടക്കുന്ന പത്രമാധ്യമങ്ങളുടെ ഉത്തരവാദിത്വമാണ് എന്ന മട്ടിലാണ് കേരളത്തിലെ മാധ്യമങ്ങളും പെരുമാറിയത്. അതേ സമയം സോഷ്യല്‍ മീഡിയയിലെ ‘അഭ്യൂഹ’ വാര്‍ത്ത മാധ്യമങ്ങള്‍ വേണ്ട വിധത്തില്‍ കൈകാര്യം ചെയ്യുകയും ചെയ്തിട്ടുണ്ട്. അതോടെ അസമിലെ വംശീയ കലാപത്തിന്റെ തന്നെ മൊത്തം ചിത്രം മാറുന്നതായാണ് നാം കണ്ടത്. വംശീയാതിക്രമണം നടന്നു എന്നതല്ല, അതെക്കുറിച്ച് ഭീതിദമായ വാര്‍ത്തകള്‍ പ്രചരിപ്പിച്ചു എന്നതായി കുറ്റം. കുറ്റ കൃത്യങ്ങളുടെ ഒരു പ്രത്യേക തരം ശ്രേണി രൂപപ്പെടുത്തുകയായിരുന്നു മാധ്യമങ്ങളും സര്‍ക്കാറും.

ഗുജറാത്ത് കലാപത്തിന് കിട്ടിയ മാധ്യമശ്രദ്ധ എന്തുകൊണ്ടാണ് അസമിലെ വംശീയ അതിക്രമണങ്ങള്‍ക്ക് കിട്ടാതെ പോയത്? കലാപങ്ങളില്‍ ഇരയാക്കപ്പെടുന്നവരുടെ സാമൂഹിക പദവി അതിക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനുള്ള മാധ്യമങ്ങളുടെയും അതേകുറിച്ച് സംസാരിക്കാനുള്ള പൌരസമൂഹത്തിന്റെയും താല്‍പര്യങ്ങളെ ഗണ്യമാംവിധം സ്വാധിക്കുന്നുണ്ടെന്ന് അസമിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളിത്തം വഹിച്ച ഡോ. എ പി അബ്ദുല്‍ ഹകീം അസ്ഹരി നിരീക്ഷിക്കുന്നു. ദരിദ്രരും കര്‍ഷകത്തൊഴിലാളികളും കൂലിപ്പണിക്കാരുമായിരുന്നു അസമിലെ മുസ്ലിംകള്‍ എന്നതു കൂടിയാണ് അവരെക്കുറിച്ചുള്ള വര്‍ത്തമാനം പറച്ചിലുകളും ഓര്‍മകളും പൊടുന്നനെ ഇല്ലാതായിപ്പോകാനുള്ള കാരണമെന്ന് അദ്ദേഹം നിരീക്ഷിക്കുന്നു. വാര്‍ത്തകളുടെ ഇത്തരം ന്യൂനവത്കരണവും തിരോധാനവുമാണ്, അതിക്രമങ്ങളില്‍ ഇരകളാകപ്പെട്ടവരെ ഇന്റര്‍നെറ്റ് പോലുള്ള, താരതമ്യേന കൂടുതല്‍ ജനാധിപത്യ ബോധം പുലര്‍ത്തുന്ന മാധ്യമങ്ങളിലേക്ക് ശ്രദ്ധ തിരിക്കാന്‍ പ്രേരിപ്പിക്കുന്ന ഘടകം. തങ്ങള്‍ വേണ്ട വിധം/ ശരിയായ വിധം പ്രതിനിധീകരിക്കപ്പെടുന്നില്ലെന്ന ബോധത്തില്‍ നിന്നാണ് സ്വയം പ്രതിനിധീകരണങ്ങള്‍ ഉണ്ടാവുന്നത്. പക്ഷേ, ‘അഭ്യൂഹങ്ങളുടെ’ പേരില്‍ ആ സാധ്യതയും ഇല്ലാതാവുകയാണ്, ഇല്ലാതാക്കുകയുമാണ്. പൌരന്‍മാരെന്ന നിലയില്‍ സര്‍ക്കാറുകളുടെ പരിധിയിലേക്കും പരിഗണനയിലേക്കും എത്തിപ്പെടാന്‍ മുസ്ലിംകള്‍ക്ക് ഓണ്‍ലൈനിലാണെങ്കിലും ഓഫ്ലൈനിലാണെങ്കിലും അക്രമാസക്തരാവുകയേ നിവൃത്തിയുള്ളൂ എന്ന നിലയിലാണ് കാര്യങ്ങള്‍.

ഇന്ത്യന്‍ മുസ്ലിംകളുടെ മാധ്യമ ഉപഭോഗത്തെക്കുറിച്ചുള്ള പ്രധാനപ്പെട്ട പഠനങ്ങളെല്ലാം തന്നെ തങ്ങള്‍ നേരിടേണ്ടി വന്ന അതിക്രമങ്ങളാണ് മുസ്ലിംകള്‍ക്കിടയില്‍ ഇന്റര്‍നെറ്റ് ഉപഭോഗം വ്യാപിപ്പിച്ചത് എന്നാണു നിരീക്ഷിക്കുന്നത്. ബാബരി മസ്ജിദിന്റെ തകര്‍ച്ച, ഗുജറാത്ത് കലാപം എന്നിവയെ ഈ പഠനങ്ങള്‍ ഉദാഹരണമായി ഉയര്‍ത്തിക്കാണിക്കുന്നുണ്ട്. ഈ സന്ദര്‍ഭങ്ങളിലെല്ലാം തന്നെ മാധ്യമങ്ങള്‍ പുലര്‍ത്തിയ കുറ്റകരമായ മൌനം/ വസ്തുതകള്‍ വളച്ചൊടിച്ചുകൊണ്ടുള്ള വാര്‍ത്താ അവതരണ രീതികള്‍ എന്നിവയൊക്കെത്തന്നെയാവണം ന്യൂനപക്ഷങ്ങളുടെ ശ്രദ്ധയെ ഓണ്‍ലൈനിലേക്ക് തിരിച്ചു കൊണ്ടു പോയത്.

You must be logged in to post a comment Login