നിരോധനമല്ല നവീകരണമാണ് വേണ്ടത്

നിരോധനമല്ല നവീകരണമാണ് വേണ്ടത്

 

 

 

 

 

 

പി എ മുഹമ്മദ് ഫാറൂഖ് നഈമി

ഫാഷിസത്തിനെതിരെയുള്ള ഉജ്ജ്വലമായ പോരാട്ടങ്ങളിലൂടെ ഇന്ത്യയിലെ കാമ്പസ് രാഷ്ട്രീയം അതിന്റെ യഥാര്‍ത്ഥ സര്‍ഗാത്മകതയിലേക്കുയരുന്ന കാലത്താണ് കേരള ഹൈക്കോടതി കലാലയങ്ങളിലെ രാഷ്ട്രീയ പ്രവര്‍ത്തനം നിരോധിച്ചുകൊണ്ടുള്ള ഉത്തരവിറക്കുന്നത്. വിധിയുടെ സാമൂഹികവും സാംസ്‌കാരികവും രാഷ്ട്രീയവുമായ പ്രത്യാഘാതങ്ങള്‍ സൂക്ഷമതലങ്ങളില്‍ പരിശോധനകള്‍ക്ക് വിധേയമാക്കേണ്ടതും പുതിയ സംവാദങ്ങള്‍ക്ക് വഴിവിളക്കാവേണ്ടതുമാണ്. അരാഷ്ട്രീയത ഫാഷനായ കാലത്ത് കാമ്പസുകള്‍ക്ക് ഉണ്ടായിത്തീരേണ്ട മൗലികമായ രാഷ്ട്രീയ ഉള്ളടക്കത്തിന്റെ അടിവേരറുക്കുന്ന ഒന്നായി ഇപ്പോഴത്തെ കോടതിവിധി വ്യാഖാനിക്കപ്പെടുന്നുണ്ട്. കൊളോണിയല്‍ വിരുദ്ധ സമരങ്ങളുടെ തീക്ഷ്ണതയില്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന് കൈവന്ന ധൈഷണിക മൂല്യബോധം ഇടക്കെപ്പൊഴോ കൈമോശം വന്നിട്ടുണെങ്കിലും സൂക്ഷ്മാര്‍ത്ഥത്തില്‍ വിദ്യര്‍ത്ഥി രാഷ്ട്രീയം ഒരു സാമുഹിക അനിവാര്യതയാണ് എന്ന് തിരിച്ചറിയപ്പെടേണ്ടതാണ്.

പൊന്നാനി എം.ഇ.എസ് കോളജില്‍ നടക്കുന്ന വിദ്യാര്‍ത്ഥി സമരത്തിനെതിരെയുള്ള മനേജ്‌മെന്റിന്റെ ഹരജിയിലാണ് ഇപ്പോള്‍ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് ഇത്തരം ഒരു വിധി പുറപ്പെടുവിച്ചത്. 15 വര്‍ഷത്തോളമായി കോടതി ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന വിധികളില്‍ ഏറ്റവും നിര്‍ണായകമായ ഉത്തരവാണ് ഇപ്പോഴത്തേത് എന്ന് പറയേണ്ടിവരും. 2002, 2004, 2006, 2013, 2017 വര്‍ഷങ്ങളില്‍ വിവിധ കേസുകളിലായി കോടതി കാമ്പസുകളിലെ രാഷ്ട്രീയത്തെ നിയന്ത്രിക്കണം എന്ന തരത്തിലുള്ള വിധികള്‍ പ്രസ്താവിച്ചിട്ടുണ്ടെങ്കിലും ഇത്തരം കര്‍ശനമായ ഒരു വിധി ഇത് ആദ്യമായാണ്. വിധിയില്‍ പറയുന്നത് ഇങ്ങനെയാണ്: ‘കലാലയങ്ങള്‍ പഠിക്കാന്‍ മാത്രമുള്ളതാണ.് രാഷ്ട്രീയ പ്രവര്‍ത്തനം ആഗ്രഹിക്കുന്നവര്‍ക്ക് കാമ്പസിന് പുറത്ത് പോവാം. കലാലയങ്ങള്‍ക്ക് അകത്തും പുറത്തും നടക്കുന്ന സമരപ്പന്തലുകളും സത്യാഗ്രഹങ്ങളും അവസാനിപ്പിക്കാന്‍ മാനേജ്‌മെന്റിന് പോലീസിന്റെ സഹായം തേടാം.’ ഉള്ളടക്കപരമായി വിധി പറയാതെ പറയുന്നത് രാഷ്ട്രീയ പ്രവര്‍ത്തനം കുറ്റകരമാണ് എന്നാണ്. ഇന്ത്യന്‍ ഭരണഘടന പൗരന് അനുവദിച്ചു നല്‍കുന്ന സംഘടിക്കാനും ഒത്തുചേരാനും പ്രതിഷേധിക്കാനുമൊക്കെയുള്ള മൗലികാവകാശങ്ങളുടെ നഗ്‌നമായ ലംഘനമാണെന്നിരിക്കെ ഈ വിധി ഭരണഘടനാ വിരുദ്ധമാണെന്നും നിരീക്ഷിക്കപ്പെടുന്നുണ്ട്. 18 വയസ്സായ ഒരാളുടെരാഷ്ട്രീയ സ്വാതന്ത്ര്യത്തെ എങ്ങനെയാണ് കോടതികള്‍ക്ക് തടയിടാനാവുക. രാഷ്ട്രീയം ശ്വസിക്കാത്ത ഒരു സമൂഹത്തിന് എങ്ങനെയാണ് ഒരു നല്ല രാജ്യത്തെ സൃഷ്ടിക്കാനാവുക. വിദ്യാഭാസവും രാഷ്ട്രീയ പ്രവര്‍ത്തനവും മൗലിക അവകാശമാണെന്നിരിക്കെ ഇത് തമ്മിലുള്ള ഇടചേരലിലെ വൈരുദ്ധ്യങ്ങളെ പക്വതയോടെ സമീപിക്കുകയായിരുന്നു വേണ്ടിയിരുന്നത്. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന് ധാരാളം കുറ്റങ്ങളും കുറവുകളുമുണ്ടെങ്കിലും അരാഷ്ട്രീയവത്കരിക്കപ്പെടുമ്പോള്‍ കാമ്പസുകളിലുണ്ടായേക്കാവുന്ന അരാജകത്വ അവസ്ഥയെക്കുറിച്ചുകൂടി ‘നിരോധാനം’ സംബന്ധിച്ച വിധി പറയുന്നതിനുമുമ്പ് കോടതി പഠനവിധേയമാക്കേണ്ടിയിരുന്നു. ചോറ്റുപാത്രങ്ങളും പുസ്തകങ്ങളുമായി മാത്രം കലാലയങ്ങളിലെത്തിയാല്‍ മതിയെന്ന് പറയുമ്പോള്‍ അത് ഉണ്ടാക്കിയേക്കാവുന്ന ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ക്ക് ആരാണ് മറുപടി നല്‍കുക. സര്‍ക്കാരിന്റെ വിദ്യാഭ്യാസ കച്ചവടങ്ങള്‍ക്കെതിരെയും മനേജ്‌മെന്റുകളുടെ കൊള്ളകള്‍ക്കെതിരെയും കലാലയങ്ങളിലെ ലൈംഗിക ചൂഷണങ്ങള്‍ക്കെതിരെ യും പ്രതിരോധം തീര്‍ക്കുന്നതില്‍ കലാലായ രാഷ്ട്രീയത്തിന്റെ പങ്ക് ഒഴിച്ചുകൂടാനാവാത്തതാണ്. പുറത്തെ രാഷ്ട്രീയത്തിലും കാലാനുസൃതമായ മൂല്യച്യുതി സംഭവിച്ചിട്ടുണ്ട് അത്ചൂണ്ടിക്കാണിച്ച് രാഷ്ട്രീയം നിരോധിക്കാന്‍ കഴിയുമോ. നാളെ തൊഴിലിടങ്ങളിലും ഇത്തരമൊരു വിധി വന്നാല്‍ തൊഴിലാളികളുടെ അവകാശങ്ങള്‍ക്ക് വേണ്ടി എങ്ങനെ സമരം ചെയ്യും. അവര്‍ തൊഴിലെടുക്കാന്‍ മാത്രമുള്ളവരാണ് സമരം ചെയ്യേണ്ടവരല്ല എന്ന് കോടതികള്‍ക്ക് പറയാനാവുമോ.?

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വര്‍ണ്ണ വിവേചനത്തിനെതിരെയും കൊളോണിയല്‍ വിരുദ്ധ പോരാട്ടങ്ങളുടെ ഭാഗവുമാണ് വിദ്യാര്‍ത്ഥി രാഷ്ട്രീയം ശക്തി പ്രാപിക്കുന്നത്. ഇന്ത്യയില്‍ പതിനായിരക്കണക്കിന് വിദ്യാര്‍ത്ഥികളാണ് ദേശീയ സമരത്തിന്റെ ഭാഗമായത്. ഇന്ത്യയില്‍ ആദ്യമായി പഠിപ്പു മുടക്കി സമരം ചെയ്യുന്നതും അക്കാലത്താണ്. അവരെ രാഷ്ട്രീയ ഭൂമികയിലേക്ക് ആനയിച്ചത് മഹാത്മാഗാന്ധിയെയും ജവഹര്‍ലാല്‍ നെഹ്‌റുവിനെയും സുഭാഷ് ചന്ദ്രബോസിനെയും പോലുള്ള ദേശീയ നേതാക്കളായിരുന്നു. അനിവാര്യമായ ഘട്ടങ്ങളില്‍ പഠിപ്പ് മുടക്കലും ഒരു സമരരീതിയാണ് എന്നാണ് ദേശീയ സമരം നമുക്ക് നല്‍കിയ പാഠം. അടിയന്തിരാവസ്ഥയുടെ കറുത്ത നാളുകളിലും ക്യാമ്പസ് രാഷ്ട്രീയം ക്രിയാത്മകമായ ഇടപെടലുകളുടെ വേദിയായി. ജയപ്രകാശ് നാരായണന്റെ നേതൃത്വത്തില്‍ ബീഹാറിലും ഗുജറാത്തിലുമൊക്കെ ഉണ്ടായ വിദ്യാര്‍ത്ഥി മുന്നേറ്റങ്ങള്‍ നമ്മുടെ ജനാധിപത്യത്തെ നവീകരിക്കുകയായിരുന്നു. വിയറ്റ്‌നാം യുദ്ധകാലത്ത് യുദ്ധത്തിനെതിരെ ആദ്യം കലാപക്കൊടി ഉയര്‍ത്തിയതുംഅമേരിക്കയിലെ വിദ്യാര്‍ത്ഥി സമൂഹമായിരുന്നു. ഇപ്പോള്‍ ജെ.എന്‍.യുവിലും ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയിലുംഅടക്കംഉണ്ടായിക്കൊണ്ടിരുന്ന ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടങ്ങളും അക്കാഡമിക്ക് സംവാദങ്ങളും പൊതുമണ്ഡലങ്ങളില്‍ ഉണ്ടാക്കുന്ന ചലനങ്ങള്‍ കലാലയ രാഷ്ട്രീയം പ്രതിഫലിപ്പിക്കുന്ന വിശാലമായ സാധ്യതകളുടെ ഉദാഹരണങ്ങളാണ്.

കേരളത്തില്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന് നിയന്ത്രണമേര്‍പ്പെടുത്തിയ ആദ്യത്തെ വിധിയായിരുന്നു 2002 ലെ സോജന്‍ ഫ്രാന്‍സിസ് കേസ.് സോജന്‍ ഫ്രാന്‍സിസ് എന്ന പാലാസെന്റ് തോമസ് കോളജ് വിദ്യാര്‍ത്ഥി, തന്നെ പരീക്ഷയെഴുതിക്കാതിരുന്ന കോളജ് മാനേജ്മെന്റിനെതിരെ നല്‍കിയ പരാതിയിന്മേലാണ് മാനേജ്‌മെന്റിന് അനകൂലമായി വിധി പറഞ്ഞത.് പിന്നീട് 2004ല്‍ പുനപ്പരിശോധന ഹരജിയില്‍ കാമ്പസിലെ സമരങ്ങളും ധര്‍ണ്ണകളും നിരോധിച്ചുകൊണ്ടും വിധി വന്നു. പിന്നീട് ഉണ്ടായ അര ഡസനോളം വിധികളും കാമ്പസുകളിലെ രാഷ്ട്രീയ പ്രവര്‍ത്തനത്തെ കുറ്റകരമാക്കി. അതേസമയം ഇത്തരത്തിലുള്ള ഒരു ഉത്തരവ് ക്ഷണിച്ചുവരുത്തിയതില്‍ വിദ്യാര്‍ത്ഥി സംഘടനകളുടെ പങ്കും വിസ്മരിക്കാനാവില്ല. തെരുവിന്റെ രാഷ്ട്രീയം കലാലയങ്ങളിലേക്ക് കടന്നുകയറിയതോടെ പ്രബുദ്ധതക്ക് പേര് കേട്ട കലാലയങ്ങള്‍ കലാപശാലകളായി മാറുന്ന ഭീതിപ്പെടുത്തുന്ന ഒരന്തരീക്ഷം ഇപ്പോള്‍ നില നില്‍ക്കുന്നുണ്ട്. മസില്‍ പവറിനും മണി പവറിനും ആധിപത്യം നേടിയ കലാലയങ്ങള്‍ ആണ്‍കുട്ടികളുടെ മെയ്കരുത്തിന്റെ പ്രകടനങ്ങളും യുവത്വത്തിന്റെ ആഘോഷവേദികളായും പരിണമിച്ചിരിക്കുന്നു. ആദ്യകാലങ്ങളില്‍ കലാലയ രാഷ്ട്രീയത്തിന് ഉണ്ടായിരുന്ന പ്രബുദ്ധതയും രാഷ്ട്രീയ അവബോധവും ഇപ്പോള്‍ കലാലയങ്ങളില്‍ നിന്ന് അന്യം നിന്നുകൊണ്ടിരിക്കുകയാണ്. വിദ്യാര്‍ത്ഥികള്‍ നേരിടുന്ന പ്രശ്നങ്ങളെക്കാള്‍ അവര്‍ക്കു താല്‍പര്യം പിതൃസംഘടനകളുടെ കക്ഷി രാഷ്ട്രീയ താല്‍പര്യങ്ങളാണ്.തങ്ങള്‍ക്ക് ഭൂരിപക്ഷമുള്ള ഇടങ്ങളില്‍ മറ്റു സംഘടനകള്‍ക്ക് മത്സരിക്കാനോ പ്രവര്‍ത്തിക്കാനോ പോലും കഴിയാത്ത സാഹചര്യവും അവര്‍ രൂപപ്പെടുത്തിയിരിക്കുന്നു. സര്‍ഗാത്മക സംവാദങ്ങളുടെ വേദിയാവേണ്ട യൂണിയന്‍ ഓഫീസുംഹോസ്റ്റല്‍ മുറികളും ആയുധപ്പുരകളും ഇടിമുറികളാക്കി മാറ്റുകയാണവര്‍. 1997 ല്‍ ഹരിപാല്‍സിങ് കേസില്‍ സുപ്രീം കോടതി നടത്തിയ നിരീക്ഷണവും ഇതിനെ സാധൂകരിക്കുന്നതായിരുന്നു: ‘രാഷ്ട്രീയ സംഘടനകള്‍ തങ്ങളുടെ വിദ്യാര്‍ത്ഥി യൂണിയനുകളിലൂടെ യുവതലമുറയെ വശീകരിക്കുന്നത് രാജ്യത്തിന്റെ ദുര്‍ഗതിയാണ്. പാര്‍ട്ടി പരിപാടികള്‍ക്ക് ആളെ കൂട്ടാനുള്ള ഈ സംവിധാനത്തെ രാഷ്ട്രീയ മുക്തമാക്കേണ്ടതുണ്ട്. ഈ നിരീക്ഷണം നടത്തി ഇരുപത് വര്‍ഷം കഴിഞ്ഞിട്ടും നമ്മുടെ കാമ്പസുകളിലെ അരുതായ്മകള്‍ക്കെതിരെ കാര്യക്ഷമമായി ഇടപെടാന്‍ സര്‍ക്കാരുകള്‍ക്ക് കഴിഞ്ഞിട്ടില്ല. മാത്രമല്ല ഇത്തരം പ്രവണതകളെ വലിയൊരളവില്‍തന്നെ പ്രോത്സാഹിപ്പിക്കുന്നുമുണ്ട്. ഈ രീതിശാസ്ത്രത്തെ തിരുത്താതെ വയ്യ. ഇപ്പോഴത്തെ വിധിയുടെ പശ്ചാത്തലത്തില്‍ വിദ്യാര്‍ത്ഥി സംഘടനകള്‍ ആത്മപരിശോധനക്ക് തയാറാവണം. കാമ്പസുകള്‍ സര്‍ഗാത്മകവും ക്രിയാത്മകവുമായി നവീകരിക്കേണ്ടതുണ്ട്. വിദ്യാര്‍ത്ഥികളുടെ കാതലായ പ്രശ്‌നങ്ങള്‍ക്ക് ത്വാതികമായ പരിഹാരങ്ങള്‍ നിര്‍ദേശിക്കാനും അവരുടെ ആവശ്യങ്ങള്‍ നേടിയെടുക്കുവാനും കഴിയാവുന്ന തരത്തില്‍ പാകപ്പെടേണ്ടതുണ്ട്. നാളെയുടെ രാഷ്ട്രീയത്തെ രൂപപ്പെടുത്തേണ്ടവരാണവര്‍. കലാലയങ്ങളിലെ രാഷ്ട്രീയവല്‍കരണത്തെ ചെറുക്കുകയും വിദ്യാര്‍ത്ഥി സംഘടനകളെ ഭരണഘടനയില്‍ അനുശാസിക്കുന്ന വിദ്യാര്‍ത്ഥിത്വവും പൗരബോധവുമുള്ള ഒരു കൂട്ടമായി രൂപപ്പെടുത്തേണ്ടവരുമാണവര്‍.

മുഖ്യധാരാ രാഷ്ട്രീയത്തിന്റെ കാമ്പസ് പതിപ്പുകളായി പ്രവര്‍ത്തിക്കുന്ന ഇപ്പോഴത്തെ വിദ്യാര്‍ത്ഥി സംഘടനകള്‍ പറയാനും പങ്കുവെക്കാനും ഒന്നുമില്ലാതെ ഭ്രാന്തമായി അലറിവിളിക്കുകയാണ്. തങ്ങളുടെ പാര്‍ട്ടികള്‍ അധികാരത്തിലിരിക്കുമ്പോള്‍ നീതി നിഷേധങ്ങള്‍ക്കെതിരെ പ്രതികരിക്കാതിരിക്കുകയും വിദ്യാര്‍ത്ഥി പ്രശ്‌നങ്ങളില്‍ മൗനം പാലിക്കുകയും ചെയ്യുന്ന ഒരു രീതി വളര്‍ന്നുവന്നിട്ടുണ്ട്. കേരളത്തില്‍ സ്വാശ്രയ മാനേജ്‌മെന്റുകള്‍ക്കെതിരെ ഏറ്റവും ശക്തമായ സമരങ്ങള്‍ നയിച്ച എസ് എഫ് ഐ എന്ന വിദ്യാര്‍ത്ഥി സംഘടന ഇടക്കാലത്ത് മെഡിക്കല്‍ ഫീസ് വര്‍ധനയുമായി ബന്ധപ്പെട്ട സ്വാശ്രയ കൊള്ളകള്‍ക്കെതിരെ കാര്യമായ ശബ്ദമുയര്‍ത്താതിരുന്നതും ഈ വിധേയത്വ സംസ്‌കാരത്തിന്റെയും അടിമത്വ സ്വഭാവത്തിന്റെയും തെളിഞ്ഞുകാണുന്ന ഉദാഹരണങ്ങളാണ്. പുറത്തെ രാഷ്ട്രീയത്തില്‍ നിന്നും വ്യത്യസ്തമായ സ്വതന്ത്ര ചിന്താലോകവും പ്രവര്‍ത്തന രീതിയും കാമ്പസ് രാഷ്ട്രീയത്തില്‍ വളര്‍ന്നുവരേണ്ടതാണ്. അതിന് മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികളുടെ ഇടപെടലുകള്‍ കാമ്പസുകളില്‍ നിയന്ത്രിക്കേണ്ടതുണ്ട്. കാമ്പസുകളില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ഇടപെടുന്നതിനെതിരെ ജാഗ്രത പാലിക്കണമെന്ന് 2006ലിന്റോ കമ്മിറ്റി നിര്‍ദേശിച്ചിരുന്നു. തിരഞ്ഞെടുപ്പുകള്‍ക്കും മറ്റും പുറത്തുനിന്ന് പണം ഒഴുക്കുന്നതിനെതിരെയും കര്‍ശന നിര്‍ദേശങ്ങളാണ് കമ്മിറ്റി റിപ്പോര്‍ട്ടിലുണ്ടായിരുന്നത്. കമ്മിറ്റിയുടെ നിര്‍ദേശപ്രകാരം മാനേജ്‌മെന്റിന് ഇഷ്ടമുള്ള തിരെഞ്ഞെടുപ്പ് രീതി പിന്തുടരാമെന്ന് പറയുന്നുണ്ടെങ്കിലും ഇതുവരെ അതിന്റെ സാധ്യതകളെ കാമ്പസുകള്‍ ഉപയോഗപ്പെടുത്തിയിട്ടില്ല . അത്‌കൊണ്ട് തന്നെ സ്വതന്ത്ര വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന്റെ പ്രസക്തിയും ഈ അവസരത്തില്‍ ചര്‍ച്ച ചെയ്യപ്പെടേണ്ട ഒന്നാണ്. 30000 വിദ്യാര്‍ത്ഥികളെ പ്രതിനിധീകരിക്കുന്ന അലിഗഢ്മുസ്‌ലിം യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥി യൂണിയന്‍ തിരഞ്ഞെടുപ്പ് ഇന്ത്യയില്‍ ഇന്ന് നില നില്‍ക്കുന്ന സ്വതന്ത്ര വിദ്യാര്‍ത്ഥി യൂണിയന്റെ മികച്ച ഉദാഹരണമാണ്. മുഖ്യധാരാ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് വാലായി പ്രവര്‍ത്തിക്കാതെ തന്നെ വിദ്യാര്‍ത്ഥികളില്‍ നിന്ന് ആര്‍ക്കും മത്സരിക്കുവാനും നേതാവായി ഉയര്‍ന്ന്‌വരാനുള്ള സ്വഭാവിക സ്വാതന്ത്ര്യം അലിഗഢിലുണ്ട്. ഇതിനെതിരെ വലിയ ഒരു ആരോപണമായി ഉയര്‍ന്നു കേട്ടത് അരാഷ്ട്രീയമായ സംഘാടനമാണ്. ബ്രിട്ടീഷ് ഇന്ത്യയില്‍തന്നെ ഈ വാദം ശക്തമായിരുന്നു. എന്നാല്‍ ദേശീയ സമരം കൊടുമ്പിരികൊള്ളുന്ന കാലത്ത് മുസ്‌ലിം ദേശീയതയുടെ ചിഹ്നങ്ങളെ സൃഷ്ടിക്കുന്നതിലും. ദേശീയ സമരത്തില്‍ വിദ്യാര്‍ത്ഥികളെ അണി നിരത്തുന്നതിലും അലിഗഢ് മാതൃകയായിട്ടുണ്ട്. സ്വാതന്ത്ര്യാനന്തരം 4 രാജ്യങ്ങളുടെ പ്രസിഡന്റുമാരെയും പ്രധാനമന്ത്രിമാരെയും അലിഗഢ് സംഭാവന ചെയ്തു. ഇന്ത്യന്‍ പ്രസിഡന്റ് ആയിരുന്ന സാക്കിര്‍ ഹുസൈനും വൈസ് പ്രസിഡന്റ്ആയിരുന്ന ഹാമിദ് അന്‍സാരിയും പാകിസ്ഥാന്റെ ആദ്യ പ്രധാനമന്ത്രിയായ ലിയാഖത്ത് അലിഖാന്‍, പ്രസിഡന്റ ്ആയിരുന്ന അയ്യൂബ് ഖാന്‍ എന്നിവരൊക്കെയും അലിഗഢ് രൂപപ്പെടുത്തിയ നേതാക്കളാണ്. ബാഹ്യ ഇടപെടലുകള്‍ ഇല്ലാതെതന്നെ സംഘടിക്കുന്ന അലിഗഢ് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ സമരങ്ങള്‍ പരാജയപ്പെടുന്നതും അപൂര്‍വമായ കാഴ്ച്ചയാണ്.

അക്കാഡമിക്ക് ചട്ടക്കൂടില്‍മാത്രം ജീവിക്കുന്ന രാജ്യത്തെ പ്രീമിയം ഇന്‍സ്റ്റിറ്റിയൂഷനുകളായ ഐ ഐ ടി- ഐ ഐ എമ്മുകളിലെ വിദ്യാര്‍ത്ഥികളിലേക്കും സ്വതന്ത്ര രാഷ്ട്രീയ പ്രവര്‍ത്തനം വ്യാപിപ്പിക്കേണ്ടതുണ്ട്. രാജ്യത്തെ മികച്ച വിദ്യാര്‍ത്ഥി സമൂഹത്തിന് രാഷ്ട്രീയ സാക്ഷരത ഇല്ലാതെ പോകുന്നതും രാജ്യം നേരിടുന്ന വലിയ വെല്ലുവിളിയാണ്. ജനജീവിതത്തെ തൊട്ടറിയാനാവാത്ത സര്‍ക്കാര്‍ നയങ്ങള്‍ രൂപപ്പെടുത്തുന്ന ബ്യൂറോ ക്രസിയുടെ വൈകല്യത്തിന് കാരണവും ഇത്തരം കാമ്പസുകളിലെ അരാഷ്ട്രീയതയാണ്.കലാലയ രാഷ്ട്രീയം ഉത്തരവാദിത്വമുള്ള രാഷ്ട്രീയ പ്രവര്‍ത്തനത്തിന് വിദ്യാര്‍ത്ഥികളെ സജ്ജരാക്കുന്ന സംവിധാനമായിമാറണം. അക്കാഡമികളിലെ ഫാഷിസ്റ്റ് അധിനിവേശത്തെ ചെറുക്കുന്നതിനും. മൂല്യബോധമുള്ളഒരു സാമൂഹി സൃഷ്ടിപ്പിനും വിദ്യാര്‍ത്ഥി രാഷ്ട്രീയം അംഗീകരിക്കപ്പെടേണ്ടതുണ്ട്.

അഭിപ്രായ സ്വാതന്ത്ര്യത്തിന് ചങ്ങല

 

 

 

 

 

നിതീഷ് നാരായണന്‍
(എസ് എഫ് ഐ കേന്ദ്ര കമ്മിറ്റിയംഗം)

സ്വതന്ത്ര്യ സമരകാലം മുതല്‍ക്കേ കേരളത്തിന്റെ കാമ്പസുകളില്‍ നിറഞ്ഞുനിന്ന് വ്യക്തമായ ഇടപെടലുകള്‍ നടത്തിയ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ കോടതി അപ്പാടെ നിരാകരിക്കുമ്പോള്‍ നീണ്ടകാലത്തെ ചരിത്രത്തെ തന്നെയാണ് നിഷേധിക്കപ്പെടുന്നത് എന്നു പറയുന്നു?

ഇത് കേവലം കേരള ചരിത്രത്തോട് മാത്രമായുള്ള നിഷേധമല്ല. മറിച്ച് 19ാം നൂറ്റാണ്ട് മുതല്‍ സജീവമായ ഇന്ത്യയിലെ വിദ്യാര്‍ത്ഥി രാഷ്ട്രീയ ചരിത്രത്തോടു അപരാധമാണ്. 1970ല്‍ യൂറോപ്പിന്റെ വിയറ്റ്‌നാം അധിനിവേശത്തോട് അമേരിക്കയിലെ കാമ്പസുകള്‍ നടത്തിയ ചെറുത്തുനില്‍പ്പ്, അഞ്ഞൂറോളം വരുന്ന കാമ്പസുകള്‍ അടച്ചുപൂട്ടിയാണ് ആ സമരം മുന്നോട്ട് പോയത്. കോടതിയുടെ ഈ ഒരു ഇടക്കാല ഉത്തരവ് നീതി കേടാണ്.

മുഖ്യധാരാ രാഷ്ട്രീയ രംഗത്തുണ്ടാകുന്ന സാമൂഹിക മാറ്റങ്ങള്‍ ഇന്ന് ഏറ്റവും അധികം പ്രതിഫലിക്കുന്നത് കാമ്പസുകളിലാണ്. പ്രത്യേകിച്ച് ഫാഷിസം അതിന്റെ എല്ലാ ആയുധങ്ങളും എടുത്തു ഉപയോഗിക്കുമ്പോള്‍ രാജ്യം ഉറ്റുനോക്കുന്നത് കാമ്പസുകളിലേക്കാണ് എന്നിരിക്കെ ഈ ഒരു വിധിപ്രസ്താവം കാമ്പസുകളില്‍ എങ്ങനെ നിഴലിക്കും?

കാമ്പസുകള്‍ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും ചോദ്യം ചെയ്യലുകളുടെയും പുതിയ ചിന്താപദ്ധതികള്‍ക്കും ഗവേഷണങ്ങള്‍ക്കും കളമൊരുക്കേണ്ട സ്വതന്ത്ര ഇടങ്ങളാണ് എന്ന ആശയം മുറുകെ പിടിക്കുന്നവരാണ് ഇടതുപക്ഷ രാഷ്ട്രീയ വിശ്വാസികള്‍. അത്തരം സ്വാതന്ത്ര്യം അനുവദിക്കപ്പെടാത്ത പഠനകേന്ദ്രങ്ങളും ഇടങ്ങളും തടവറകളാണ് എന്ന് തന്നെ പറയാം. അതു കൊണ്ടാണ് ഏകാധിപതികള്‍ കാമ്പസുകളെ ഭയക്കുന്നതും കാമ്പസുകള്‍ അക്രമിക്കപ്പെടുന്നതും.

പഠിക്കാനുള്ള അവകാശം പോലും നിഷേധിച്ചതിന്റെ പേരിലാണല്ലോ രോഹിത് വെമുലയും ജിഷ്ണു പ്രണോയിയും ജീവിതം കൊണ്ട് പ്രതിഷേധം തീര്‍ത്തത്. ഈ ഒരു പാശ്ചാത്തലത്തില്‍ കോടതിയുടെ ഈ തീരുമാനം എത്രത്തോളം നീതിയുക്തമാണ്?

ജീവിക്കാനുള്ള അവകാശത്തിനു വേണ്ടി പൗരന്മാര്‍ തെരുവിലിറങ്ങുന്ന ഈ കാലത്ത് പഠിക്കാനുള്ള അവകാശത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള വിദ്യാര്‍ത്ഥി മുറവിളികളും അവര്‍ക്കെതിരായ മുതലാളിത്ത്വ ഭീകരതയും കണ്ടില്ലെന്നു നടിക്കുന്ന സര്‍ക്കാറും നീതിപീഠവും ഇത്തരത്തിലുള്ള ഒരു നയവുമായി മുന്നോട്ടു പോകുന്നത് അപകടകരമാണ്. ഈ രാജ്യത്തെ പാവപ്പെട്ടവന്റെയും വിദ്യാര്‍ഥി സമൂഹത്തിന്റെയും അടിസ്ഥാനപരമായ പൗരാവകാശങ്ങളുടെ ലംഘനം കൂടിയാണിത്. മാനേജ്‌മെന്റ് ചെയ്തുകൂട്ടുന്ന തെമ്മാടിത്തരങ്ങളെ ഒരു തരത്തില്‍ ശരിവെക്കുകയാണ് ഈ വിധി. കാമ്പസുകളെ സംരക്ഷിക്കലാണ് ഇതിന്റെ താല്‍പര്യം എന്ന വാദം അബദ്ധജടിലമാണ്.

സമരോത്സുകവും സര്‍ഗാത്മകവുമായ രാഷ്ട്രീയ ചുറ്റുപാടുകള്‍ കേവലം കക്ഷിരാഷ്ട്രീയ മുതലെടുപ്പുകള്‍ക്കും അക്രമരാഷ്ട്രീയത്തിനും കീഴ്‌പ്പെട്ട് മലീമസമായിക്കൊണ്ടിരിക്കുകയല്ലേ?
കാമ്പസുകള്‍ സാമൂഹിക ചുറ്റുപാടുകളില്‍ നിന്നും പൊതുരാഷ്ട്രീയ മണ്ഡലത്തില്‍ നിന്നും വേറിട്ടു നില്‍ക്കുന്ന തുരുത്തുകളല്ല. മറിച്ച്എല്ലാ വിധത്തിലുമുള്ള സാമൂഹിക പ്രതിഫലനങ്ങളും കാമ്പസുകളില്‍ കാണാന്‍ സാധിക്കും. എല്ലാത്തിനെയും സര്‍ഗാത്മകമായി തിരുത്തിയെഴുതുകയാണ് വേണ്ടത്. കേരളത്തിലെ കാമ്പസുകളെ തന്നെ എടുത്ത് പരിശോധിക്കാം. ഓരോ വര്‍ഷവും കാമ്പസുകളില്‍ നിന്ന് മികച്ച മാഗസിനുകളുണ്ടായിരുന്നു. കലാ കായിക പ്രതിഭകള്‍ ഉയര്‍ന്നു വരുന്നു. രാഷ്ട്രീയ ബോധവും പ്രതികരണ ശേഷിയുമുള്ള തലമുറയെ സൃഷ്ടിക്കുന്നത് കാമ്പസുകളല്ലേ. സാമൂഹിക തിന്മകള്‍ക്കെതിരെ കാലികമായ പ്രതിഷേധങ്ങളും ആദ്യം ഉയരുന്നത് കാമ്പസുകളില്‍ നിന്നു തന്നെയല്ലേ?.

ഇത് പൗരാവകാശ ലംഘനമാണ്‌

 

 

 

 

 

കെ എം അഭിജിത്ത്
(പ്രസിഡന്റ് കെ എസ് യു)

കാമ്പസ് രാഷ്ട്രീയം നിരോധിച്ചുള്ള കേരള ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് ഇന്നത്തെ രാഷ്ട്രീയാന്തരീക്ഷത്തില്‍ എത്രത്തോളം ഔചിത്യപൂര്‍ണമാണ്?
കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ ഇന്ന് അനുഭവിക്കുന്ന തൊണ്ണൂറ് ശതമാനം അവകാശങ്ങളും നേടിയെടുത്തിട്ടുള്ളത് വിദ്യാര്‍ത്ഥി സമരങ്ങളിലൂടെയാണ്. കെ എസ് യുവിനെ സംബന്ധിച്ച് ഒരണ സമരം മുതല്‍ ലോ അക്കാദമി സമരം, സ്വാശ്രയ സമരം തുടങ്ങി ഒട്ടേറെ സമരങ്ങള്‍ നടത്തി വിദ്യാര്‍ത്ഥിത്വത്തിനൊപ്പം നിന്ന ചരിത്രമാണ് പറയാനുള്ളത്. ദേശീയ സമരരംഗത്താണെങ്കില്‍ കോളിളക്കം സൃഷ്ടിച്ച രോഹിത് വെമുലയും ഇന്‍സ്റ്റിറ്റിയൂഷണല്‍ മര്‍ഡറും തുടര്‍ന്ന് ഹൈദരാബാദ് യൂണിവേഴ്‌സിറ്റി കേന്ദ്രീകരിച്ച് ഉണ്ടായ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന്റെ പുതുവസന്തവും വളരെ പ്രതീക്ഷയോടെയാണ് പാര്‍ട്ടി നോക്കിക്കാണുന്നത്.

ഇത് വിദ്യാര്‍ത്ഥികളുടെ നേരെയുള്ള അനീതി മാത്രമാണോ അതിനപ്പുറത്ത് ഒരു പൗരാവകാശ ലംഘനമല്ലേ?
രാജ്യതാല്‍പര്യം ഹനിക്കാത്ത രൂപത്തില്‍ വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് പ്രവര്‍ത്തിക്കാനും വിദ്യാര്‍ത്ഥികള്‍ക്ക് രാഷ്ട്രീയത്തില്‍ ഇടപെടാനുള്ള അവകാശം പൗരാവാകാശവും ഭരണഘടനാദത്തവുമാണ്. നിഷേധിക്കുന്നത് പൗരാവകാശ ലംഘനം തന്നെയാണ്. മാത്രമല്ല രാഷ്ട്രീയ ബോധമുള്ള ഒരു വിദ്യാര്‍ത്ഥി സമൂഹം കാലഘട്ടത്തിന്റെ ആവശ്യം കൂടിയാണ്.

കേരളത്തിലെ കാമ്പസുകളില്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയം വിലക്കപ്പെടുന്നതോടെ ആരുടെയെല്ലാം താല്‍പര്യങ്ങളാണ് പുലരുന്നത്? നിരോധിക്കപ്പെടാന്‍ മാത്രം കലുഷമാണോ കാമ്പസ് ചുറ്റുപാടുകള്‍ ഇന്ന്?
2003ല്‍ സോജന്‍ ഫ്രാന്‍സിസ് പാലാ സെന്റ് തോമസ് കോളേജ് മാനേജ്‌മെന്റിനെതിരെ നല്‍കിയ കേസില്‍ പിന്നീട് ഹൈക്കോടതി ഇടപെട്ട് കാമ്പസുകളില്‍ രാഷ്ട്രീയ പ്രവര്‍ത്തനം നിര്‍ത്തലാക്കുകയായിരുന്നു. ഇന്ന് പ്രത്യേകിച്ച് ജിഷ്ണു പ്രണോയി സംഭവത്തിനു ശേഷം കേരള സമൂഹം ഒന്നടങ്കം വിദ്യാര്‍ത്ഥി സംഘടനകളുടെയും കാമ്പസിലെ രാഷ്ട്രീയ ബോധത്തിന്റെയും ആവശ്യകതയെ കുറിച്ച് ആശാവഹമായ ചര്‍ച്ചകള്‍ നടത്തികൊണ്ടിരിക്കുകയാണ്. കാമ്പസില്‍ രാഷ്ട്രീയം വേണ്ട എന്ന് വാദിക്കുന്നവര്‍ മറ്റാരുമല്ല. മാനേജ്‌മെന്റ് സ്വാശ്രയ ലോബികളും നിക്ഷിപ്ത താല്‍പര്യക്കാരുമാണ്. മൂല്യാധിഷ്ഠിത വിദ്യാഭ്യാസ ലക്ഷ്യങ്ങള്‍ മാറ്റിനിര്‍ത്തി കച്ചവട താല്‍പര്യങ്ങള്‍ക്കുവേണ്ടിയുള്ള അവരുടെ കൊള്ളയടിയെ വിദ്യാര്‍ത്ഥി സംഘടനകള്‍ ചോദ്യം ചെയ്യുക തന്നെ ചെയ്യും. മാത്രമല്ല, മാനേജ്‌മെന്റുകളുടെ കുപ്രചാരണങ്ങളെ ശരിവെക്കും വിധത്തില്‍ കേരളത്തിലെ കാമ്പസുകളില്‍ എസ് എഫ് ഐ അഴിച്ചുവിടുന്ന അക്രമരാഷ്ട്രീയം അപലപിക്കേണ്ടതാണ്. പൊന്നാനി എം ഇ എസ് കോളേജില്‍ ഈ വിധി പ്രസ്താവത്തിന് മൂന്നോടിയുണ്ടായ പ്രശ്‌നങ്ങള്‍, പാലക്കാട് യൂണിവേഴ്‌സിറ്റി സെന്ററില്‍ പെണ്‍കുട്ടികള്‍ക്ക് നേരെ നടത്തിയ മര്‍ദനം തുടങ്ങി കാമ്പസ് രാഷ്ട്രീയത്തിന്റെ സ്വത്വത്തെ കളങ്കപ്പെടുത്താനുള്ള ശ്രമങ്ങളെ ഉത്തരവാദപ്പെട്ട പാര്‍ട്ടിയുടെ നേതൃത്വം തള്ളിപ്പറയുകയും ശക്തമായ നടപടിയെടുക്കുകയും വേണം.

കോടതിയുടെ ഈയൊരു നീക്കത്തെ പുതിയ ഫാഷിസ്റ്റ് കാലത്ത് ജനാധിപത്യ സമൂഹം എങ്ങനെയാണ് നേരിടേണ്ടത്, അധികാരികള്‍ എന്താണ് ചെയ്യേണ്ടത്?
കാമ്പസ് രാഷ്ട്രീയത്തെ ഉറപ്പിക്കും വിധത്തിലുള്ള നിയമനിര്‍മാണം നടത്തണം. ഈ വിധിപ്രസ്താവത്തിനെതിരില്‍ കോടതിയില്‍ അപ്പീല്‍ പോകുന്നതിന് മുമ്പ് നിയമനിര്‍മാണത്തിലൂടെ സര്‍ക്കാര്‍ ഇതിനെ നേരിടണമായിരുന്നു. ജനാധിപത്യ വിദ്യാര്‍ത്ഥിത്വത്തിനെതിരില്‍ നില്‍ക്കുന്ന ഏത് കുല്‍സിത നീക്കങ്ങളെയും സങ്കുചിത വാദത്തെയും സമൂഹം ഒറ്റക്കെട്ടായി എതിര്‍ക്കേണ്ടതുണ്ട്. ജനാധിപത്യ വിരുദ്ധമായി കാമ്പസുകളില്‍ തുടരാന്‍ ഒരു പിന്തിരിപ്പന്‍ ശക്തിയെയും സമ്മതിക്കാത്ത തരത്തില്‍ ഭരണകൂടത്തിന്റെയും കോടതിയുടെയും ഇടപെടല്‍ കാമ്പസില്‍ അനിവാര്യമാണ്. അത് വിദ്യാര്‍ത്ഥി സംഘടനകളുടെ പ്രവര്‍ത്താനുനുമതി നിഷേധിച്ചുകൊണ്ടാകാനും പാടില്ല.

പഠിക്കൂ പ്രതികരിക്കരുത്

 

 

 

 

 

ഇഹ്‌സാനുല്‍ ഇഹ്തിസാം

ഞാന്‍ എനിക്കുവേണ്ടിയല്ലെങ്കില്‍
പിന്നെ ആര്‍ക്ക്?
ഞാന്‍ എനിക്കുവേണ്ടി മാത്രമെങ്കില്‍
പിന്നെ എന്തിന്?
ഇപ്പോഴല്ലെങ്കില്‍
പിന്നെ എപ്പോള്‍
– റാബി ഹിലുല്‍

പാഠപുസ്തകങ്ങള്‍ വായിച്ച് പഠിച്ച് പരീക്ഷയെഴുതി പാസായാല്‍ തീരുന്നതല്ല വിദ്യാര്‍ത്ഥിത്വത്തിന്റെ സാമൂഹ്യ ബാധ്യതകള്‍. കാലദേശ സാമൂഹിക ചുറ്റുപാടുകള്‍ക്ക് വിധേയരായി കേരള വിദ്യാര്‍ത്ഥി സമൂഹം ചെയ്തതും ചെയ്യേണ്ടതുമായ ധര്‍മങ്ങളെ കുറിച്ച് സംസാരിക്കാന്‍ ഏറെ ദൂരം കടന്ന് റഷ്യയിലേക്കോ ഫ്രാന്‍സിലേക്കോ ഇറാനിലേക്കോ വിഷയം വലിച്ചു നീട്ടിക്കൊണ്ടുപോകേണ്ടതില്ല. സ്വാതന്ത്ര്യസമര കാലത്ത് സജീവമായിരുന്ന കാമ്പസ് രാഷ്ട്രീയം സ്വാതന്ത്ര്യാനന്തരവും അതിന്റെ സമരഭാവം സൂക്ഷിച്ചുപോന്നു. അടിയന്തിരാവസ്ഥയുടെ കറുത്തകാലത്തുപോലും ഇവിടുത്തെ വിദ്യാര്‍ത്ഥി രാഷ്ട്രീയം തിരുത്തല്‍ ശക്തിയായി നിലകൊണ്ടിട്ടുണ്ട്. ബാബരി ധ്വംസനവും മണ്ഡല്‍ കമ്മിഷനും പിന്നീട് നവലിബറല്‍ സാമ്പത്തിക നയങ്ങളും നമ്മുടെ വിദ്യാര്‍ത്ഥി രാഷട്രീയം അത്യധികം പ്രബുദ്ധതയോടെ നേരിട്ടിട്ടുണ്ട്. ഇന്ന് ഫാഷിസ്റ്റ് കാലത്തും കേരളത്തില്‍ വിയോജിപ്പുകള്‍ പ്രവഹിക്കുന്നത് കൂടുതലും വിദ്യാര്‍ത്ഥി മനസ്സുകളില്‍നിന്നുതന്നെയാണ്. കാമ്പസുകള്‍ വിദ്യ അഭ്യസിക്കാനുള്ളതാണെന്നും വിദ്യാഭ്യാസവും രാഷ്ട്രീയവും ഒരുമിച്ചുപോകുന്ന പൂരകങ്ങളല്ലെന്നുമുള്ള കോടതിയുടെ ശാസന നിഗൂഢമായ ഏതോ ദിശയിലേക്കാണ് വിരല്‍ ചൂണ്ടിനില്‍ക്കുന്നത്. പ്രത്യേകിച്ചും ഈ ഫാഷിസ്റ്റ് കാലത്ത്, രോഹിത് വെമുലയും നജീബും ജിഷ്ണു പ്രണോയിയും കാമ്പസ് രാഷ്ട്രീയത്തിന്റെ സങ്കല്‍പങ്ങള്‍ക്ക് പുതിയ നിര്‍വചനങ്ങള്‍ നല്‍കുമ്പോള്‍ അക്കാദമിക് ഹിന്ദുത്വ രാജ്യത്തിന്റെ പവര്‍ഹൗസുകളായ വിദ്യാഭ്യാസ കേന്ദ്രങ്ങളെയും മതേതര പാരമ്പര്യത്തെയും കാവിവല്‍കരിച്ചുകൊണ്ടിരിക്കുമ്പോള്‍ എലിയെ പേടിച്ച് ഇല്ലം ചുടുന്നത് പോലെ കേരളത്തിലെ കാമ്പസുകളെ നിഷ്‌കരുണം ഷണ്ഡീകരിക്കലാണോ നീതിന്യായധര്‍മം എന്ന ന്യായമായ സംശയം ഉടലെടുക്കുന്നു. അക്രമ രാഷ്ട്രീയവും കാമ്പസുകള്‍ക്കകത്തെ ഇടിമുറികളും ശക്തമായി അപലപിക്കേണ്ടത് തന്നെയാണ്. കല്ലെറിഞ്ഞും ബെഞ്ചൊടിച്ചും പഠിപ്പ് മുടക്കിയും നടത്തുന്ന സമരമുറകളും വീണ്ടുവിചാരത്തിന് വിധേയമാക്കേണ്ടതുണ്ട്. കാമ്പസുകളില്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയം നിരോധിച്ചുകൊണ്ടുള്ള ഹൈക്കോടതിയുടെ ഈ സമീപകാല ഉത്തരവ് 2003ലെ കോടതിവിധിയെയും അന്നത്തെ തീപാറുന്ന കലാലയ രാഷ്ട്രീയ ചുറ്റുപാടുകളെയും ഓര്‍മിപ്പിക്കും വിധമാണ്. മൂല്യാധിഷ്ഠിത രാഷ്ട്രീയ ധര്‍മത്തില്‍നിന്ന് വഴിമാറി കക്ഷിരാഷ്ടീയ പകപോക്കലുകളുടെയും അടിപിടിയുടെയും നിര്‍ലജമായ അധികാര മോഹങ്ങളുടെയും വഷളായിക്കൊണ്ടിരിക്കുന്ന സാധ്യതകളിലേക്ക് കാമ്പസ് രാഷ്ട്രീയം വഴുതിവീഴുമ്പോള്‍ ആത്മാവലോകനത്തിനും പരിചിന്തനങ്ങള്‍ക്കും വഴിതുറന്നിട്ടുനല്‍കുകയാണ് ഈ ഒരുത്തരവ്. കേരളത്തിലെ വിദ്യാര്‍ത്ഥി രാഷ്ട്രീയ സംഘടനകളുടെ സാരഥികള്‍ സംസാരിക്കുന്നു.

You must be logged in to post a comment Login