പെല്ലറ്റുകള്‍ വിഴുങ്ങുന്ന ജീവിതം

പെല്ലറ്റുകള്‍ വിഴുങ്ങുന്ന ജീവിതം

”അയാളുടെ ഇടതു കണ്ണിന് കാഴ്ചശക്തി നഷ്ടപ്പെട്ടിരിക്കുന്നു. ഇപ്പോള്‍ കാഴ്ചശക്തിയുള്ള മറ്റേ കണ്ണും പതിയെ പ്രവര്‍ത്തനരഹിതമാകും. പെല്ലറ്റുകള്‍ കാഴ്ചയുടെ ഞരമ്പിലാണ് തുളച്ചു കയറിയത്. അങ്ങേയറ്റം നിസ്സഹായമായ അവസ്ഥയാണിത്,” മേസര്‍ മിറിനെ പരിശോധിച്ച ശേഷം ശ്രീനഗറിലെ ശ്രീ മഹാരാജാ ഹരിസിംഗ് ആശുപത്രിയിലെ ശാസ്ത്രക്രിയാവിദഗധന്‍ പറഞ്ഞു.
ശ്രീനഗറിലെ നൗഗാം പ്രവിശ്യയില്‍ ദുരൂഹമാംവണ്ണം സംഭവിച്ച, ‘മുടിപ്പിന്നലുകള്‍ മുറിച്ചെടുക്കല്‍’ സംഭവങ്ങളെ തുടര്‍ന്നുണ്ടായ പ്രതിഷേധങ്ങള്‍ക്കിടയില്‍ പെട്ടു പോകുകയായിരുന്നു പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ മിര്‍. ഒക്‌ടോബര്‍ 14ന് ഒരു പൊലീസുകാരന്‍ അവന്റെ കണ്ണിനു നേര്‍ക്ക് പെല്ലറ്റുകള്‍ തൊടുത്തുവിട്ടതായി അമ്മാവനായ ബഷീര്‍ അഹമ്മദ് പറഞ്ഞു. പെല്ലറ്റുകള്‍ അവന്റെ മുഖം മുറിപ്പെടുത്തുകയും കണ്‍പോളകള്‍ ഞെരിച്ചമര്‍ത്തുകയും തലയോട്ടിക്കുള്ളില്‍ രക്തസ്രാവമുണ്ടാക്കുകയും ചെയ്തു. പൂര്‍ണ്ണമായ അന്ധത എന്ന ദുരന്തമാണ് ഇപ്പോള്‍ മിറിനെ കാത്തിരിക്കുന്നത്. മിറിനെ പോലെ ഒമ്പതു പേര്‍കൂടി-നവാബ് ബസാറിലെ സോനുവും ചാന്‍പോറയിലെ തുഫൈലുമടക്കം-അതേ ദിവസം കണ്ണിലേറ്റ ക്ഷതങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടു.

എന്നാല്‍ മിറിനെ പോലുള്ള ഇരകളുടെ അവസ്ഥ കാര്യമായ മാധ്യമശ്രദ്ധ ആകര്‍ഷിച്ചതേയില്ല. പെല്ലറ്റു തോക്കുകളുടെ സമ്പൂര്‍ണ്ണമായ നിരോധനം ആവശ്യപ്പെട്ടു കൊണ്ടുള്ള പ്രചാരണത്തിന് കഴിഞ്ഞ വര്‍ഷം നേതൃത്വം നല്‍കിയ ജമ്മു ആന്റ് കാശ്മീര്‍ കോയലിഷന്‍ ഓഫ് സിവില്‍ സൊസൈറ്റി (ജെ കെ സി സി എസ്) യില്‍ നിന്ന് യാതൊരു പ്രതികരണവുമുണ്ടായില്ല.
ആശുപത്രി അധികൃതരുടെ കണക്കനുസരിച്ച, ഹിസ്ബുള്‍ മുജാഹിദീന്‍ കമാണ്ടറായിരുന്ന ബുര്‍ഹാന്‍ വാനിയുടെ കൊലക്ക് ശേഷം വന്‍കലാപങ്ങളുണ്ടായ 2016 ജൂലൈ മുതല്‍ പെല്ലറ്റുകള്‍ കൊണ്ട് ഇരുകണ്ണുകള്‍ക്കും പരിക്കു പറ്റുന്ന എഴുപത്തിയഞ്ചാമത്തെയാളാണ് മിര്‍.
”എന്റെ മകന്‍ വിരിയാന്‍ തുടങ്ങിയ പൂവായിരുന്നു. ഒരു അന്ധന്റെ ജീവിതം അവനു നയിക്കേണ്ടി വരുമെന്ന് ഓര്‍ക്കാന്‍ തന്നെ പേടിയാകുന്നു,”മിറിന്റെ പിതാവ് മുഹമ്മദ് റംസാന്‍ പറഞ്ഞു.
ജനക്കൂട്ടത്തെ നിയന്ത്രിക്കാനുള്ള ആയുധമായി പെല്ലറ്റു തോക്കുകളെ ഭരണകൂടം ഉപയോഗിക്കാന്‍ തുടങ്ങിയത് 2010ലാണ്. എന്നാലിപ്പോള്‍ കാശ്മീര്‍ താഴ്‌വരയില്‍ സുരക്ഷാസേനകളുടെ ആക്രമണത്തിന്റെ ആദ്യത്തെ പ്രതിരോധനിര പെല്ലറ്റ് തോക്കുകളാണ്. പെല്ലറ്റുകളുടെ അടങ്ങാത്ത ഉപയോഗം നൂറുകണക്കിനു യുവാക്കളെയാണ് താഴ്‌വരയില്‍ അന്ധരാക്കി മാറ്റിയിരിക്കുന്നത്. കഴിഞ്ഞ പതിമൂന്നു മാസത്തിനുള്ളില്‍ ആശുപത്രിയിലെ കണ്ണുചികിത്സാവിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ട പ്രായപൂര്‍ത്തിയാകാത്തവരും വിദ്യാര്‍ത്ഥികളുമടങ്ങുന്ന 1091 പേര്‍ക്ക് ഭാഗികമായോ പൂര്‍ണമായോ കാഴ്ച നഷ്ടമായിട്ടുണ്ട്.

ഈ ഇരകളില്‍ 171 പേര്‍ക്ക് കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു. 76 പേര്‍ക്ക് രണ്ടു കണ്ണുകളിലും മുറിവേറ്റിറ്റുണ്ട്. അമ്പതു പേര്‍ക്ക് ഒരു കണ്ണിന് കാഴ്ചശക്തിയില്ല, മറുകണ്ണിനാകട്ടെ പത്തു ശതമാനത്തിനും നാല്പതു ശതമാനത്തിനും ഇടയിലാണ് കാഴ്ചശക്തിയുള്ളത്. പരിക്കുകളുടെ കാഠിന്യം മൂല്യം ഇരുപതു പേരുടെ ഒരു കണ്ണോ ഇരുകണ്ണുകളോ എടുത്തു മാറ്റപ്പെടുകയും ചെയ്തിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷമുണ്ടായ കലാപങ്ങളില്‍ നൂറ് സാധാരണ പൗരന്മാരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ട്. അതിനിടയില്‍ പെല്ലറ്റുകളാല്‍ കണ്ണിന് ക്ഷതം സംഭവിച്ചവരുടെ എണ്ണം ഏതാണ്ട് പതിനയ്യായിരമാണെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

കാശ്മീരിലെ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി നിയമസഭയില്‍ ഇക്കഴിഞ്ഞ ജനുവരി പത്തിന് കലാപങ്ങള്‍ക്കിടയിലെ മരണങ്ങളെയും പരിക്കുകളെയും കുറിച്ചന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ പ്രഖ്യാപിച്ചിരുന്നു. കലാപത്തെ നേരിടാന്‍ ആവശ്യത്തിലധികം ശക്തി ഉപയോഗിച്ചിരുന്നോ എന്നു കണ്ടെത്താനായിരുന്നു അത്. എന്നാല്‍ പ്രഖ്യാപനം കഴിഞ്ഞ് ഒമ്പതു മാസത്തിനിപ്പുറവും ആ അന്വേഷണത്തെ കുറിച്ച് സര്‍ക്കാര്‍ ഒന്നും തന്നെ മിണ്ടുന്നില്ല.
പെല്ലറ്റുകളാല്‍ കാഴ്ച നഷ്ടപ്പെട്ടവര്‍ക്ക് സൗജന്യമായ വിദ്യാഭ്യാസവും ജോലിയും നല്‍കുമെന്ന വാഗ്ദാനമുണ്ടായെങ്കിലും അതും പാലിക്കപ്പെട്ടില്ല. മുപ്പത്തിനാല് ഇരകള്‍ക്ക് മാത്രമാണ് ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടിട്ടുണ്ടെങ്കില്‍ ഒരു ലക്ഷവും രണ്ടു കണ്ണിന്റെയും കാഴ്ച നഷ്ടപ്പെട്ടിട്ടുണ്ടെങ്കില്‍ രണ്ടു ലക്ഷവും ലഭിച്ചത്. നാലു ലക്ഷം രൂപയാണ് മുമ്പ് ഇക്കാര്യത്തില്‍ പ്രഖ്യാപിക്കപ്പെട്ടിരുന്നത്. ഇതുവരെ ആര്‍ക്കും നഷ്ടപരിഹാരമായി ജോലി ലഭിച്ചിട്ടില്ല.
അതേത്തുടര്‍ന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍ സെപ്റ്റംബര്‍ 23ന,് പെല്ലറ്റു തോക്കുകളുടെ സമ്പൂര്‍ണമായ നിരോധനം ആവശ്യപ്പെട്ടിരുന്നു. ജനക്കൂട്ടത്തെ നിയന്ത്രിക്കാനായി മാത്രം ഉപയോഗിക്കേണ്ട പെല്ലറ്റുകള്‍ കാശ്മീരിലെ ജനങ്ങളെ അന്ധരാക്കുന്നതും കൊല്ലുന്നതും ആഘാതമേല്‍പ്പിക്കുന്നതും ചൂണ്ടിക്കാട്ടി ആനംസ്റ്റി ഇന്റര്‍നാഷണല്‍ കാശ്മീരിലെ ഭരണകൂടത്തെയും കേന്ദ്രസര്‍ക്കാരിനെയും രൂക്ഷമായി വിമര്‍ശിച്ചു.

”സ്‌കൂളില്‍ പോകുന്ന കുട്ടികള്‍ക്ക് ഒരു കണ്ണിന്റെയോ ഇരുകണ്ണുകളുടെയോ കാഴ്ച നഷ്ടപ്പെട്ടിട്ടുണ്ട്. കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നതവിദ്യാഭ്യാസമെന്ന സ്വപ്‌നം മായ്ച്ചുകളയേണ്ടി വന്നിട്ടുണ്ട്. തങ്ങള്‍ കുടുംബത്തിന് ബാധ്യതയായി മാറിയെന്നാണ് ഇരകളായ ചെറുപ്പക്കാരും കുടുംബനാഥന്മാരും പറയുന്നത്,”ഇരകളുടെ പരിഭ്രാന്തിയുണര്‍ത്തുന്ന അവസ്ഥ ആംനസ്‌ററിയുടെ റിപ്പോര്‍ട്ട് വെളിച്ചത്തു കൊണ്ടുവന്നു. തുടര്‍ച്ചയായ ശാസ്ത്രക്രിയകള്‍ക്കു ശേഷവും മിക്ക ഇരകള്‍ക്കും കാഴ്ചശക്തി വീണ്ടു കിട്ടിയിട്ടില്ലെന്ന് ഈ റിപ്പോര്‍ട്ട് പറയുന്നു. ശാസ്ത്രക്രിയ അപകടമുണ്ടാക്കുമെന്നതു കൊണ്ട് ചിലരുടെ കണ്ണുകളില്‍ നിന്ന് പെല്ലറ്റുകള്‍ എടുത്തു മാറ്റിയിട്ടുമില്ല.

ആംനസ്റ്റി ഇന്റര്‍നാഷണല്‍ റിപ്പോര്‍ട്ട് പ്രസിദ്ധികരിച്ച് ഒരാഴ്ച കഴിഞ്ഞപ്പോള്‍ സെന്‍ട്രല്‍ റിസര്‍വ്വ് പോലീസ് ഫോഴ്‌സ് (സി ആര്‍ പി എഫ്) ഒക്‌ടോബര്‍ എട്ടിന , തങ്ങള്‍ കാശ്മീരിലേക്ക് തെരുവുയുദ്ധങ്ങള്‍ നിയന്ത്രിക്കാനായി പുതുതായി വികസിപ്പിച്ചെടുത്തതും പെല്ലറ്റുകളേക്കാള്‍ ‘മാരകശേഷി കുറഞ്ഞതു’മായ 210000 റൗണ്ട് പ്ലാസ്റ്റിക് വെടിയുണ്ടകള്‍ അയക്കുന്നതായി പ്രഖ്യാപിച്ചു.

കണ്ണിന് പരിക്കു പറ്റിയവര്‍ ഇപ്പോഴും ആശുപത്രിയില്‍ എത്തുന്നുണ്ടെന്ന് മുതിര്‍ന്ന ഡോക്ടര്‍മാര്‍ പറയുന്നു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ അവരുടെ എണ്ണം കുറവാണെന്നു മാത്രം.

”കാശ്മീരിലെ ജീവിതങ്ങള്‍ പെല്ലറ്റുകള്‍ നശിപ്പിക്കുകയാണ്. ഒരിക്കല്‍ കണ്ണില്‍ പെല്ലറ്റു തുളച്ചു കയറിയാല്‍ പിന്നീട് കാഴ്ചശക്തി വീണ്ടെടുക്കാമെന്നതിനെ കുറിച്ച് യാതൊരു ഉറപ്പുമില്ല. കൂടാതെ നീണ്ടുനില്‍ക്കുന്ന ചികിത്സ രോഗിയെയും കുടുംബത്തെയും ശാരീരികമായും സാമ്പത്തികമായും തകര്‍ത്തു കളയുകയും ചെയ്യുന്നു,” ഡോക്ടര്‍ പറഞ്ഞു. എല്ലാ പരിക്കുകളും കണ്ണിന്റെ കാഴ്ച കുറയ്ക്കുന്ന തരത്തിലുള്ളതായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ ഇരകളും ”വൈദ്യശാസ്ത്രപരമായി” അന്ധര്‍ തന്നെയാണ്-കാഴ്ചയുടെ പരിധി ഇരുപതു ഡിഗ്രിയില്‍ കുറവും കാഴ്ചയുടെ മൂര്‍ച്ച 6/60 ല്‍ കുറവുമായ എല്ലാവരും അന്ധര്‍ തന്നെ!

ശ്രീനഗറിലെ റെയ്‌നാവാരി പ്രവിശ്യയില്‍ നിന്നുള്ള ദാനിഷ് റജബ് ഝട്ട് അത്തരമൊരു ഇരയാണ്. 2016 ജൂലൈ 17 ന് സുരക്ഷാഭടന്‍ വളരെയടുത്തു നിന്നും തൊടുത്തുവിട്ട ഒരു പെല്ലറ്റ് അയാളുടെ മുഖത്തു നിന്നും കണ്ണുകളില്‍ നിന്നും രക്തപ്രവാഹമുണ്ടാക്കി. വെടിയുടെ ആഘാതം വളരെ വലുതായതിനാല്‍ പെല്ലെറ്റ് അതിന്റെ തിരയടക്കം ഇടതു കണ്ണിനകത്ത് കുടുങ്ങിപ്പോയി. കുടുംബത്തിന്റെ ഏക അത്താണിയായിരുന്ന ആ ഇരുപത്തിനാലുകാരന് അതോടെ ജോലി നഷ്ടപ്പെട്ടു. ഒരു വര്‍ഷത്തിനിപ്പുറവും ഝട്ടിന് നടക്കാന്‍ പരസഹായം വേണം.

”എന്റെ വലതു കണ്ണില്‍ അല്പം കാഴ്ച ശേഷിച്ചിരുന്നു. പക്ഷേ മൂന്നു ശാസ്ത്രക്രിയകള്‍ക്കു ശേഷവും അതും നഷ്ടപ്പെട്ടു. കണ്ണുകള്‍ക്കു മുന്നില്‍ ഇപ്പോഴൊരു നിഴല്‍ മാത്രമാണുള്ളത്” കാഴ്ചശക്തി നഷ്ടപ്പെടുത്തിയ പരുക്കുകള്‍ക്ക് നഷ്ടപരിഹാരമായി രണ്ടു ലക്ഷം രൂപ ലഭിച്ച ഝട്ട് പറഞ്ഞു. അയാളുടെ ഇടതു കണ്‍കുഴിയില്‍ കൃത്രിമമായ കൃഷ്ണമണി വച്ചിരിക്കുകയാണ്. അയാളുടെ വലതു കണ്ണ് കാഴ്ച വീണ്ടെടുക്കുമോയെന്ന കാര്യത്തില്‍ ഡോക്ടര്‍മാര്‍ ഉറപ്പൊന്നും പറഞ്ഞിട്ടില്ല.

ഇരകളുടെ ദുരവസ്ഥ മനസ്സിലാക്കിയ ജമ്മു കാശ്മീര്‍ ബാര്‍ അസോസിയേഷന്‍ കഴിഞ്ഞ വര്‍ഷം പെല്ലറ്റു തോക്കുകളുടെ ഉപയോഗം നിരോധിക്കണമെന്നാവശ്യപ്പെട്ട് കോടതിയില്‍ ഹരജി സമര്‍പ്പിച്ചു. പെല്ലറ്റു തോക്കുകള്‍ ഉപയോഗിക്കാന്‍ അനുവദിച്ചില്ലെങ്കില്‍ ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ വെടി വെക്കേണ്ടി വരുമെന്നും അത് കൂടുതല്‍ അത്യാഹിതങ്ങള്‍ക്ക് കാരണമാകുമെന്നും സിആര്‍ പി എഫ് കോടതിയില്‍ വാദിച്ചു. കോടതിയും പെല്ലറ്റുകളുടെ ഉപയോഗത്തെ ‘അനിവാര്യം’ എന്നു വിശേഷിപ്പിച്ച് പിന്തുണക്കുകയാണുണ്ടായത്. തുടര്‍ന്ന് ബാര്‍ അസോസിയേഷന്‍ സുപ്രീം കോടതിയെ സമീപിച്ചു. കേസ് നീളുന്നതിനിടയിലെല്ലാം താഴ്‌വരയില്‍ പുതിയ കലാപങ്ങള്‍ പൊട്ടിപ്പുറപ്പെടുകയും പെല്ലറ്റു തോക്കുകള്‍ ഉപയോഗിക്കപ്പെടുകയും ഓരോ പുതിയ ഇരയും സ്ഥിതിവിവരക്കണക്കിലേക്ക് കൂട്ടിച്ചേര്‍ക്കപ്പെടുകയും ചെയ്തു.
”ആരും ഞങ്ങളെ കുറിച്ച് സംസാരിക്കാത്തത് അതിശയം തന്നെ. സര്‍ക്കാരാണ് ഞങ്ങളുടെ അവസ്ഥക്ക് കാരണം, ജനങ്ങളും ഞങ്ങളെ മറന്നു കഴിഞ്ഞിരിക്കുന്നു,” ജൂണില്‍ രണ്ടു കണ്ണുകളിലും ക്ഷതമേറ്റ ഇരുപത്തിരണ്ടുകാരനായ ആദില്‍ റഹ്മാന്‍ പറഞ്ഞു. പുല്‍വാമയിലെ കരീമാബാദില്‍ നിന്നുള്ള അദിലിന് അപകടത്തെ തുടര്‍ന്ന് പഠനം ഉപേക്ഷിക്കേണ്ടി വന്നു. രണ്ടാഴ്ച കൂടുമ്പോള്‍ പരിശോധനക്കായി അയാള്‍ക്ക് ആശുപത്രിയിലേക്ക് പോകേണ്ടതുണ്ട്.

”ഇങ്ങിനെയെല്ലാമാണ് എന്റെ ജീവിതമിപ്പോള്‍! ഒരു അദ്ധ്യാപകനാകാനായിരുന്നു എനിക്കിഷ്ടം. ഇരുട്ട് എന്റെ സ്വപ്‌നത്തെ തകര്‍ത്തുകളഞ്ഞിരിക്കുന്നു,”അദില്‍ വിലപിച്ചു. ”ഞങ്ങള്‍ നാലു ഭാഗത്തു നിന്നും നേരിട്ടു കൊണ്ടിരിക്കുന്ന ക്രൂരതകളുടെ സ്ഥായിയായ ഓര്‍മപ്പെടുത്തലാകാം ഈ അന്ധത,അല്ലേ?”

മുദ്ദസിര്‍ അഹ്മദ്

വിവ. കെ സി
കടപ്പാട്;www.thewire.in

You must be logged in to post a comment Login