ഗസ്സ:വ്യഥകളുടെ പുസ്തകം

ഗസ്സ:വ്യഥകളുടെ പുസ്തകം

ഗസ്സയില്‍ സുരക്ഷിതമായ ഒരിടം കണ്ടെത്താന്‍ നിങ്ങള്‍ക്ക് ആഗ്രഹമുണ്ടെങ്കില്‍ ഒരു കുട്ടിയുടെ അരികില്‍ ഒരിക്കലും നില്‍ക്കരുത്.
ഫറാ ബക്കര്‍

കൊടുംവഞ്ചനയുടെ നൂറാം വര്‍ഷത്തിലേക്കാണ് ഫലസ്തീന്‍ സഞ്ചരിക്കുന്നത്. ബാല്‍ഫര്‍ പ്രഖ്യാപനത്തിന്റെ നൂറാംവര്‍ഷമാണല്ലോ ഇത്. ഫലസ്തീനില്‍ ഒരു ജൂതരാഷ്ട്രത്തിന്റെ സംസ്ഥാപനം. ഒരു ജനതയുടെ വിധിയും ഭാവിയും ആ ദേശവുമായി ഒരു ബന്ധവുമില്ലാത്ത ഒരു കൊളോണിയല്‍ ശക്തി ഒരു തിട്ടൂരം വഴി നിര്‍ണയിച്ചതിന്റെ നൂറാം വര്‍ഷം. ആ നൂറാണ്ട് പിറകിയിലിരുന്ന് നമ്മള്‍ വ്യഥകളുടെ പുസ്തകം വായിക്കുകയാണ്. കീറിപ്പറിച്ചുകളഞ്ഞ ഒരു മഹാരാഷ്ട്രത്തിന്റെ കരച്ചിലുകളുടെ കണക്കെടുക്കുകയാണ്. മനുഷ്യരാശിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ ക്രൂരതയുടെ ബാക്കിപത്രം തിരയുകയാണ്. മരണവ്യാപാരികളുടെ അദൃശ്യ അജണ്ടകള്‍ തകര്‍ത്തുകളഞ്ഞ ജനതയെക്കുറിച്ച്, ഫലസ്തീനികളെക്കുറിച്ച് പറയുകയാണ്.
ജൂതവംശജനാണ് നോം ചോംസ്‌കി. അഥവാ ജൂതരുടെ ഭാഷയില്‍ ചോംസ്‌കിയുടേയും ജനതയാണ് ജൂതര്‍. 2012 ഡിസംബര്‍ ഒന്നിന് നോം ചോംസ്‌കി എഴുതിയ ഫലസ്തീന്‍ 2012 എന്ന ലേഖനത്തിന്റെ ആദ്യ വരികള്‍ വായിക്കാം. അത് ഒരു ഉദ്ധരണിയാണ്. ലോകം ഫലസ്തീനോട് എന്തുചെയ്യുകയാണ് എന്നതിന്റെ സാക്ഷ്യം. ഗസ്സയിലെ ഒരു പ്രതിഷേധ പ്രകടനമാണ്. വൃദ്ധനായ ഒരു ഫലസ്തീനി ഉയര്‍ത്തിപ്പിടിച്ച പ്ലക്കാര്‍ഡില്‍ ഇങ്ങനെ വായിക്കാമെന്ന് ചോംസ്‌കി എഴുതുന്നു:
”നിങ്ങളെന്റെ കുടിവെള്ളം അപഹരിച്ചു, എന്റെ ഒലിവ് മരങ്ങള്‍ ചുട്ടെരിച്ചു, എന്റെ പാര്‍പിടം ചാമ്പലാക്കി, എന്റെ തൊഴില്‍ ഇല്ലാതാക്കി, എന്റെ മണ്ണ് കവര്‍ന്നെടുത്തു, എന്റെ പിതാവിനെ തുറുങ്കിലടച്ചു, എന്റെ ഉമ്മയെ കൊന്നു, എന്റെ രാജ്യത്തെ ബോംബെറിഞ്ഞ് തകര്‍ത്തു, എന്റെ ജനതയെ ഒന്നാകെ പട്ടിണിക്കിട്ടു, ഞങ്ങളെ അപമാനിച്ചു, പക്ഷേ, തെറ്റുകാരന്‍ ഞാനാണ്, അവര്‍ക്കെതിരില്‍ ഞാനൊരു റോക്കറ്റുതിര്‍ത്തുവല്ലോ?. ഗസ്സയെ സയണിസ്റ്റുകള്‍ ശിക്ഷിക്കുന്നതിന്റെ നേര്‍സാക്ഷ്യമാണ് ആ വൃദ്ധ ഫലസ്തീനിയുടെ വാക്കുകള്‍ എന്ന് നോം ചോംസ്‌കി. ലോകവും ലോകത്തിന്‍േറതെന്ന് സ്വയം വിളിക്കുന്ന മാധ്യമങ്ങളും ഫലസ്തീന്‍ ജനതയോട് തുടരുന്ന സമീപനമെന്ത് എന്നതിന് ഏറ്റവും സാധ്യമായ ഉത്തരം ആ വാക്കുകളിലുണ്ട്. ഏഴുപതിറ്റാണ്ടായി സയണിസ്റ്റുകള്‍ ഫലസ്തീന്‍ ജനതയോട് ചെയ്യുന്നതെന്തെല്ലാം എന്നും ആ വാക്കുകളിലുണ്ട്. ഭൂമുഖത്ത് നിന്ന് ഒരു വംശത്തെ ഭയാനകമായി ഇല്ലാതാക്കുക. തുടച്ചു നീക്കുക. തുടര്‍ച്ചയായ ഗതികേടുകള്‍ക്കെതിരില്‍ ഉയരുന്ന ചെറിയ പ്രതിരോധങ്ങളെ, ടാങ്കറുകള്‍ക്ക് മുന്നിലേക്ക് എറിയുന്ന കല്ലുകളെ പ്രകോപനമെന്ന പദാവലിയാല്‍ അലങ്കരിക്കുക. വീണ്ടും വീണ്ടും കൊല്ലുക.

ഔദ്യോഗികമായ കൊലപാതകക്കണക്കുകള്‍ കേള്‍ക്കണോ? 2006-ല്‍ 660. അതില്‍ 200 കുഞ്ഞുങ്ങള്‍. 2007-ല്‍ 816. അതില്‍ 152 കുഞ്ഞുങ്ങള്‍. 2012 വരെ കൊന്നൊടുക്കിയത് 2879 ഫലസ്തീനികളെയെന്ന് യു എന്‍ സമ്മതിക്കുന്നു. ആ സമ്മതം ഒരു റിപ്പോര്‍ട്ടായി പരസ്യപ്പെടുത്തിയിട്ടുണ്ട്.
2014-ലെ പ്രതികാര നാടകം മറക്കരുത്. മൂന്ന് ഇസ്രായേലികള്‍ കൊല്ലപ്പെട്ടു എന്ന വ്യാജമെന്ന് സംശയിക്കപ്പെടുന്ന വാര്‍ത്ത പൊടുന്നനെയാണ് പരന്നത്. തിരിച്ചടി നേരില്‍ കാണാന്‍ ജൂതര്‍ കുന്നുകയറിയതിന്റെ, ബോംബറുകള്‍ക്കൊപ്പം ഉയര്‍ന്ന അവരുടെ ആഹ്ലാദങ്ങളുടെ ചിത്രം മറക്കരുത്. അലെന്‍ സോറന്‍സന്‍ എന്ന മാധ്യമപ്രവര്‍ത്തകന്‍ ആ ചിത്രം ട്വീറ്റ് ചെയ്തിരുന്നു. സിദറത്ത് കുന്നിലിരുന്ന് ഗസ്സക്ക് തീപിടിക്കുന്നതും കുഞ്ഞുങ്ങള്‍ ചിതറിത്തെറിക്കുന്നതും കണ്ട് പൊട്ടിച്ചിരിക്കുന്ന ഇസ്രയേല്‍ മനുഷ്യര്‍. സിദറത്ത് സിനിമ എന്നായിരുന്നു ആ ട്വീറ്റിന്റെ ആദ്യവരി. കസേരകളുമായാണ് ഇസ്രയേലികള്‍ കുന്നിന്‍മുകളിലേക്ക് പോയത്. 2500 ഫലസ്തീനികളെയാണ് അന്ന് തുടച്ചുനീക്കിയത്. അതില്‍ 500ലേറെ കുഞ്ഞുങ്ങള്‍. ഗസ്സയില്‍ ജീവിക്കുന്ന മുഹമ്മദ് ഒമര്‍ എന്ന പത്രപ്രവര്‍ത്തകന്‍ അന്നത്തെ ആശുപത്രിക്കാഴ്ചകളുടെ ദൃക്‌സാക്ഷി വിവരണം നല്‍കിയിരുന്നു. ലോകത്തിന്റെ ഹൃദയം പിളര്‍ക്കാന്‍ പോന്ന ഒറ്റ വരിയുണ്ട് ഒമറിന്റെ വിവരണത്തില്‍. ” ഹീ വാസ് സ്റ്റില്‍ വെയറിംഗ് ഹിസ് ഡയപ്പേഴ്‌സ്”. എന്താണെന്നോ? ബോംബറുകള്‍ മുഖം തകര്‍ത്ത് കൊന്ന ഒരു കുഞ്ഞിനെപ്പറ്റിയാണ്. ഫാരിസ് അല്‍ തരാബീന്‍. മൂന്ന് മാസമായിരുന്നു അവന്റെ പ്രായം. ഡയപ്പര്‍ ധരിച്ച ഇളം കാലുകളില്‍ ചാലിട്ട കുഞ്ഞിളം ചോര. മേലാകെ പടര്‍ന്ന ചോര. തറഞ്ഞു കയറിയ ചില്ലുകള്‍. ഒമറിന്റെ വാക്കുകള്‍ വിറപൂണ്ടതാണ്. ഒമറിന്റെ ജനതയാണ് കൊല്ലപ്പെടുന്നത്. കുഞ്ഞുങ്ങള്‍ പാര്‍ക്കുന്ന ഇടങ്ങള്‍ തിരഞ്ഞെടുത്ത് നടത്തുന്ന വംശഹത്യകളാണ് സയണിസ്റ്റുകള്‍ ഗസ്സയില്‍ നടത്തുന്നത് എന്ന് ഒമര്‍.

മരിച്ചവര്‍ പാര്‍ക്കുന്ന കൊമാലയെക്കുറിച്ച് എഴുതിയത് ഹുവാന്‍ റുള്‍ഫോയാണ്. പെഡ്രാ പരാമോയില്‍. ഗസ്സയും ഇപ്പോള്‍ മരിച്ചവരുടേയും ഏത് നിമിഷവും മരിച്ചുപോയേക്കാവുന്നവരുടേയും ഇടമാണ്. കുഴിമാടങ്ങളുടെ നഗരം. 150 ചതുരശ്ര കിലോമീറ്ററേയുള്ളൂ ഗഹൃദയം പിളര്‍ക്കാന്‍ പോന്ന ഒറ്റ വരിയുണ്ട് ഒമറിന്റെ വിവരണത്തില്‍. ” ഹീ വാസ് സ്റ്റില്‍ വെയറിംഗ് ഹിസ് ഡയപ്പേഴ്‌സ്”. എന്താണെന്നോ? ബോംബറുകള്‍ മുഖം തകര്‍ത്ത് കൊന്ന ഒരു കുഞ്ഞിനെപ്പറ്റിയാണ്. ഫാരിസ് അല്‍ തരാബീന്‍. മൂന്ന് മാസമായിരുന്നു അവന്റെ പ്രായം. ഡയപ്പര്‍ ധരിച്ച ഇളം കാലുകളില്‍ ചാലിട്ട കുഞ്ഞിളം ചോര. ക്ക്. പതിനേഴുലക്ഷം മനുഷ്യര്‍. അതില്‍ പാതിയോളം കുട്ടികളാണ്. തകര്‍ന്ന ആശുപത്രികള്‍, ചാമ്പലായ സ്‌കൂളുകള്‍, കുഞ്ഞുങ്ങളുടെ രക്തത്താല്‍ നനഞ്ഞുകുതിര്‍ന്ന കളിസ്ഥലങ്ങള്‍. ഗസ്സയുടെ നേര്‍ചിത്രമാണിത്.
എന്തായിരുന്നു ആ ജനതയുടെ കുറ്റം? ചരിത്രത്തിലുണ്ട് ആ ദേശത്തിന്റെ കഥ. പക്ഷേ, രണ്ട് തരം ചരിത്രമുണ്ടെന്ന ജാഗ്രതയോടെ വേണം വായിക്കാന്‍. റാമല്ലയുടെ ഇതിഹാസകാരന്‍ റാമിദ് ബര്‍ഗൂത്തി പറഞ്ഞുവല്ലോ ഒന്നാമതായി എന്നുതന്നെ വേണം ചരിത്രം വായിക്കാന്‍. രണ്ടാമതായി എന്നുപറഞ്ഞാല്‍ ബോംബറുകള്‍ക്കെതിരില്‍ ഉയര്‍ന്ന ചെറുകല്ലുകള്‍ കുറ്റവാളികളാകും. മണ്ണില്‍ വേരുകളാഴ്ത്തി പടര്‍ന്ന ഒരു മഹാനാഗരികതയെ ആ നാഗരികതയോടും ആ മനുഷ്യരോടും കൂറോ സഹാനുഭൂതിയോ ഇല്ലാത്ത ഒരു കൂട്ടം ശക്തികള്‍ നെടുകെ പിളര്‍ത്തുകയായിരുന്നു. ഇസ്രായേലിന്റെ സംസ്ഥാപനത്തോട് ജനാധിപത്യവും ഇടതുപക്ഷവും ഉയര്‍ത്തിയ എതിര്‍പ്പുകളും പങ്കുെവച്ച ആശങ്കകളും കാലം സയണിസത്തിലൂടെ ശരിവെച്ചു.

വിഭജിക്കപ്പെട്ട രാജ്യത്ത് കുടിയിരുത്തപ്പെട്ട ഇസ്രയേലികള്‍ക്ക് ആ കുടിയിരുപ്പ് മതിയാവുമായിരുന്നില്ല. ചരിത്രത്തിന്റെ പല ഘട്ടങ്ങളില്‍ ഉന്മൂലനത്തിന് ഇരയായ അവര്‍ ആ ഉന്മൂലനങ്ങളില്‍ ഒരു പങ്കുമില്ലാതിരുന്ന ഒരു ജനതയോട് കണക്കുതീര്‍ക്കുന്നതിനാണ് ലോകം നിശബ്ദസാക്ഷിയായത്. ശാക്തിക ബലാബലത്തില്‍ തനിക്കൊത്ത പങ്കാളിയെ ഇസ്രയേലില്‍ ദര്‍ശിച്ച് പെന്റഗണ്‍ ഗസയെ തുടച്ചുനീക്കാന്‍ ആളും അര്‍ഥവും നല്‍കി. സംസ്‌കാരങ്ങളുടെ സംഘട്ടനം എന്ന ഹണ്ടിംഗ്ടണ്‍ ദര്‍ശനത്തിന്റെ പ്രായോഗിക ആവിഷ്‌കാരങ്ങള്‍ അതിനോടകം ലോകത്ത് ദൃശ്യമായിരുന്നുവല്ലോ. ഇസ്‌ലമോ ഫോബിയ എന്ന വംശീയ രോഗത്തിന് ക്യാപിറ്റലിസ്റ്റുകള്‍ അടിപ്പെടുകയും ചെയ്തു. ആ പിളര്‍പ്പില്‍ വംശപരമായി പോലും ഇല്ലാതിരുന്ന ഫലസ്തീനികളുടെ വിലാപത്തെയും അവര്‍ അതേ ഫോബിയയുടെ കണക്കില്‍ എഴുതിച്ചേര്‍ക്കുകയും ചെയ്തു. അതോടെ വഞ്ചിക്കപ്പെട്ട ഒരു ജനതയുടെ ദാരുണമായ തുടച്ചു നീക്കലിന് സര്‍വ കളവും ഒരുങ്ങി.
ചെറുത്തുനില്‍പുകളുടേതുമാണല്ലോ മനുഷ്യ ചരിത്രം. കൊല്ലപ്പെടും മുമ്പുള്ള കുതറലുകളെ ലോകത്തിന്റെ പൊതുബോധം ഭീകരാക്രമണമെന്ന് വിധിയെഴുതി. ആ കുതറലുകളെ ചെറുക്കാന്‍ ആയുധബലത്താല്‍ അതിശക്തമായ ഇസ്രയേലിന് അമേരിക്ക നല്‍കിയ കൈത്താങ്ങ് ചരിത്രത്തിലുണ്ട്. അവസാനത്തെ അയണ്‍ ഡോമിന് മാത്രം 100 കോടി ഡോളര്‍. ഫലസ്തീനിനോ? കുടിവെള്ളവും അന്നവും മുട്ടിയ അവിടത്തെ മനുഷ്യര്‍ക്കോ? സയണിസബാധയുള്ള സിദ്ധാന്തങ്ങള്‍ മാത്രം. ആ സിദ്ധാന്തങ്ങളില്‍ ഹമാസ് ഉഗ്രനശീകരണ ശേഷിയുള്ള യുദ്ധക്കുറ്റവാളികളുടെ സംഘമായി അവരോധിതമായി. ഫലസ്തീനിനുമേല്‍ നടന്ന കിരാതമായ കൊള്ളിവെപ്പുകള്‍ കേവലമായ തിരിച്ചടിയായി എണ്ണപ്പെട്ടു. സാഹസികരും മനുഷ്യപക്ഷക്കാരുമായ ജേണലിസ്റ്റുകള്‍ ഗസ്സയിലൂടെ നടത്തിയ നിര്‍ഭയ യാത്രകളുടെ റിപ്പോര്‍ട്ടുകള്‍ പുറത്തുവരും വരെ ഈ കൊള്ളിവെപ്പുകള്‍ ലോകമറിഞ്ഞില്ല. ഭൂതകാല യാതനകളുടെ ഗൃഹാതുരതയാല്‍ ലോകത്തെ സര്‍ഗാത്മക സാന്നിധ്യങ്ങള്‍ ഇസ്രായേലിനെ പിന്തുണച്ചതിന് പിന്നില്‍ ഈ മറച്ചുവെക്കലുകളായിരുന്നു എന്ന് ഇപ്പോള്‍ തിരിച്ചറിയുന്നുണ്ട്. മലയാളിയുടെ ഇതിഹാസകാരന്‍ ഒ.വി വിജയന്‍േറത് അത്തരത്താല്‍ വഞ്ചിതമായ ബുദ്ധിയായിരുന്നു. പ്രാചീന ജനതയുടെ ദു:ഖമെന്നും ഇരുപതാം നൂറ്റാണ്ടിന്റെ പ്രായശ്ചിത്തമെന്നും വിജയന്‍ ഇസ്രയേലിനെ കാല്‍പനീകരിച്ചിരുന്നല്ലോ? ഇതരവര്‍ഗങ്ങളുടെ ബീജപ്രളയത്തില്‍ മുങ്ങിപ്പോവാതെ രണ്ടായിരം കൊല്ലം പിടിച്ചു നിന്നതിന് നാം ഇന്ന് ജൂതനെ കുറ്റപ്പെടുത്തുകയാണ്. രണ്ടായിരം കൊല്ലത്തിന് ശേഷം ജെറുസലേമിലേക്ക് തിരിച്ചുചെന്ന് അവന്റെ ശുദ്ധസ്മരണയെ സ്ഫലീകരിച്ചതിനും നാം അവനെ കുറ്റപ്പെടുത്തുകയാണ് എന്നും വിജയന്‍ എഴുതിയിരുന്നു. എന്തിനധികം ഫലസ്തീനികളെ ജോര്‍ദാനിലോ സെനായിയിലോ കുടിയിരുത്തിക്കൂടെ എന്ന അതിവിചിത്രവാദവും ഒ.വി വിജയന്‍ ഉയര്‍ത്തിയിരുന്നു. പുറം ലോകത്തെത്തുന്ന വാര്‍ത്തകളാല്‍ മഹാപ്രതിഭകള്‍ പോലും സ്വാധീനിക്കപ്പെടുമെന്നും ആ സ്വാധീനപ്പെടല്‍ അവരെ മനുഷ്യവിരുദ്ധരാക്കും എന്നതിന്റെയും ഉദാഹരണമായിരുന്നു ഒ.വി വിജയന്റെ ഈ നിലപാട്.

ഒറ്റ ഉദാഹരണത്തില്‍ ഒതുക്കിയതാണ്. ലോകമെമ്പാടുമുള്ള നമുക്ക് പരിചിതരും അല്ലാത്തവരുമായ നിരവധി പ്രതിഭകളുണ്ട്; ജൂതാരാധനയാലും ചരിത്രത്തിന്റെ കാല്‍പനികവല്‍കരണത്താലും വഴിതെറ്റി സയണിസ്റ്റ് ക്യാമ്പില്‍ എത്തിച്ചേര്‍ന്നവര്‍. അങ്ങനെ എത്തിച്ചേരാത്തവര്‍ പത്രപ്രവര്‍ത്തകരാണ്. സ്വപ്‌നവും ഭാവനയുമല്ലല്ലോ പത്രപ്രവര്‍ത്തനം. അതിനാല്‍ മാക്‌സ് ബ്ലൂമെന്തേല്‍ എന്ന അമേരിക്കന്‍ ജേണലിസ്റ്റ് ഗസ്സയെക്കണ്ടത് യാഥാര്‍ത്ഥ്യ ബോധത്തിന്റെ കണ്ണടകൊണ്ടാണ്.

ബോംബുകള്‍ മഴപോലെ പതിക്കുന്ന പകലുകളിലും രാത്രികളിലും കരിഞ്ഞ മാംസത്തിന്റെ കൊടും ഗന്ധം പരന്ന മണ്ണിലൂടെയാണ് ബ്ലൂമെന്തേല്‍ സഞ്ചരിച്ചത്. ആക്രമണത്തെ അതിജീവിച്ചവരോട് അദ്ദേഹം സംസാരിച്ചു. അവരുടെ വാക്കുകളെ അതേപടി പകര്‍ത്തി. മുന്‍വിധികളില്ലാത്ത കുറിപ്പുകള്‍ ലോകം വായിച്ചു.

ഇരുവശത്തുനിന്നും തുടര്‍ച്ചയായി പാഞ്ഞടുത്ത എഫ് പതിനാറ് വിമാനങ്ങള്‍ നിമിഷനേരംകൊണ്ട് ഒരു ജനവാസമേഖലയെ തുടച്ചുനീക്കുന്നത് ടാമെര്‍ അതാഷ് എന്ന ഫലസ്തീനി നേരില്‍ കണ്ടിരുന്നു. അണുബോംബ് പതിക്കുന്നതായി അയാള്‍ ഭയന്നു. തുണിനെയ്യുന്ന പോലെ ബോംബറുകള്‍ ഗസ്സയുടെ ആകാശത്തെ ചുറ്റി. തങ്ങള്‍ അതിജീവിക്കില്ല എന്ന് അതാഷ് ഉള്‍പ്പെടെ കരുതി. മരണം കണ്‍മുന്നില്‍. അവര്‍ അന്ത്യപ്രാര്‍ഥനകള്‍ക്ക് തയാറെടുത്തു. മരണം വെറും ഭാഗ്യത്തിന് ഒഴിവാക്കിയ അതാഷ് ബ്ലൂമെന്തേലിനോട് ആ ദിവസങ്ങളെ വിവരിക്കുകയായിരുന്നു. നെതന്യാഹുവിന് ഉന്‍മാദമായിരുന്നു. ജോര്‍ദാന്‍ മുന്നോട്ട്‌വെച്ച സമാധാന നിര്‍ദേശം നെതന്യാഹു തള്ളി. ലോകത്തിന്റെ ഒരു സമ്മര്‍ദത്തിനും തങ്ങളെ തടയാനാവില്ല എന്ന് പരസ്യമായി പറഞ്ഞു. ലോക ചരിത്രത്തില്‍ ആദ്യമായി ഒരു രാഷ്ട്ര നേതാവ് പരസ്യമായ കൊലവിളി നടത്തി. ആ കൊലവിളിയുടെ ജീവിച്ചിരിക്കുന്ന ഇരകള്‍ ബ്ലൂമെന്തേലിലൂടെ ലോകത്തോട് സംസാരിച്ചു.
മെന്തേലിനെ മാത്രമല്ല ആമിറ ഹാസിനെയും ഓര്‍ക്കണം.

ഗസ്സയുടെ വിലാപങ്ങളെ പകര്‍ത്തിയ ആമിറയെ. ആമിറ ഹാസ്. നാസി ജര്‍മനിയിലെ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പിനെ അതിജീവിച്ച, ഭയാനകമായ മനുഷ്യക്കുരുതികളുടെ ഓര്‍മകളുള്ള അന്ന ഹാസിന്റെ മകള്‍. തൊണ്ണൂറുകള്‍ മുതല്‍ ആമിറ കലാപ ഭൂമിയിലുണ്ട്. ഗസ്സയുടെ നിലവിളികളെ ആമിറ സംഗ്രഹിക്കുന്നത് ഇങ്ങനെയാണ്: ” ഗസ്സ ഒരു വലിയ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പാണ്. ഒരു വലിയ ജയില്‍. ഇസ്രയേല്‍ കൃത്യമായി ആസൂത്രണം ചെയ്ത് നടപ്പാക്കുന്ന ഒരു പദ്ധതിയാണ് ഗസ്സ”. ബ്ലൂമെന്തേലും ആമിറയും മുഹമ്മദ് ഒമറും ഉള്‍പ്പടെ മനുഷ്യപക്ഷത്തുള്ള മനുഷ്യര്‍ നിരന്തരമായി നടത്തിയ വിളിച്ചുപറയലുകളാണ് കൂടെക്കരയാന്‍ സന്നദ്ധമായ ഒരുപുറം ലോകത്തെ ഫലസ്തീന് സമ്മാനിച്ചത്.

പക്ഷേ, ഫലസ്തീന്‍ ഭയപ്പെടണം. അവരെ ൈവകാരികമായോ വൈചാരികമായോ ഒന്നിപ്പിക്കുന്ന ഒന്നിനേയും സയണിസ്റ്റുകള്‍ വെച്ചുപൊറുപ്പിക്കില്ല. ഗസ്സാന്‍ കനഫാനിയെ ബെയ്‌റൂത്തില്‍ വെച്ച് ചിതറിത്തെറിപ്പിച്ചത് ഓര്‍ക്കുമല്ലോ? ഗസ്സാന്‍ കനഫാനി ഫലസ്തീന്റെ വികാരമായിരുന്നു. ഫലസ്തീന്റെ എഴുത്തായിരുന്നു. കനഫാനി പൊട്ടിത്തെറിച്ചാണ് മരിച്ചത്. ഫലസ്തീന്റെ കഥകഴിച്ചു. ഫലസ്തീന്റെ കഥയായിരുന്നല്ലോ കനഫാനി. ”നീതന്നെ നാട്, നീ തന്നെ വിപ്ലവം നീ തന്നെ തോക്കും തൂലികയുമെന്ന്” മുദ്രാവാക്യം മുഴക്കിയാണ് ഫലസ്തീന്‍ കനഫാനിക്ക് വിട നല്‍കിയത്. കനഫാനിയും ഒരുദാഹരണം മാത്രം. നോക്കൂ ഒരു നാഗരികതയുടെ ശേഷിപ്പുകളെ അവര്‍ തുടച്ച് നീക്കുന്നത് എങ്ങനെയെന്ന്?

ഫറാ ബക്കറില്‍ നിന്നാണ് തുടങ്ങിയത്. ഫറാ നിങ്ങള്‍ക്ക് അപരിചിതയല്ല. ട്വീറ്റുകളുടെ പെണ്‍കുട്ടിയാണ് ഫറാ. ഗസ്സക്ക് മേല്‍ ബോംബറുകള്‍ തീവിതക്കുന്നതിന്റെ തല്‍സമയ ട്വീറ്റുകള്‍ ലോകം കണ്ടത് ഫറയിലൂടെയാണ്. അന്നവള്‍ പതിനാറുകാരിയാണ്. ”അധിനിവേശമില്ലാതെ, സ്വതന്ത്രരായി, സമാധാനത്തോടെ ജീവിക്കുന്നത് എങ്ങനെയുണ്ടാകും? അത്രക്ക് മനോഹരമാണോ അത്? (പരിഭാഷ: ബിജീഷ് ബാലകൃഷ്ണന്‍) എന്നത് അവളുടെ ചോദ്യമാണ്. 2014-ല്‍ ഗസ്സയെ തരിപ്പണമാക്കിയ മനുഷ്യക്കുരുതിയുടെ ഓരോ നിമിഷങ്ങളും ഫറയിലൂടെയാണ് ലോകമറിഞ്ഞത്.
ദുരിതങ്ങളില്‍ നിന്ന് ഫലസ്തീനും ഗസ്സയും തിരിെച്ചത്തുകയാണ്. വെടിയൊച്ചകള്‍ക്ക് ചെറിയ വിരാമങ്ങള്‍. അതിഭീകരമാം വിധം വലതുവല്‍കരിക്കപ്പെട്ട ഒരു ലോകരാഷ്ട്രീയത്തിന്റെ ഇരകളായിരുന്നു ഒരിക്കല്‍ ജൂതസമൂഹം. ഫാഷിസത്തേക്കാള്‍ വലിയ വലതുപക്ഷമില്ല. ആ വലതുകളാല്‍ കൊല്ലപ്പെട്ട മനുഷയരുടെ പിന്‍മുറക്കാരാണ് സയണിസ്റ്റുകള്‍. ലോകം ഇപ്പോള്‍ ഭീകരമാം വിധം വലതാണ്. ആ വലതിന്റെ ലിറ്റ്മസ് ടെസ്റ്റാണ് ഇസ്രയേലിനോടുള്ള നിലപാട്. ഫലസ്തീനെ മുച്ചൂടും മുടിക്കാന്‍ ഇ്രസയേലിന് കരബലമാകുന്നത് ലോകത്തെ വലതുപക്ഷമാണ്. ഫാഷിസ്റ്റുകള്‍ ഉള്‍പ്പെടെയുള്ള തീവ്രവലതുപക്ഷമാണ്. സയണിസ്റ്റുകള്‍ ആ പക്ഷത്താണ്. നോക്കൂ ചരിത്രം മറ്റൊരു രൂപത്തില്‍ ആവര്‍ത്തിക്കുന്നത്.

എഴുപതാണ്ടായി രാഷ്ട്രീയ ഇന്ത്യ പിറന്നിട്ട്. പതിമൂന്ന് പ്രധാനമന്ത്രിമാര്‍ വന്നുപോയി. ഇസ്രയേല്‍ സംസ്ഥാപനത്തിന് എതിരായിരുന്നു ഇന്ത്യന്‍ ദേശീയ പ്രസ്ഥാനവും നെഹ്‌റുവും. ഫലസ്തീനിന്റെ ചങ്ങാതിയായിരുന്നു ഇന്ത്യ. ജനാധിപത്യ ഇന്ത്യക്ക് അതേ സാധ്യമാകുമായിരുന്നുള്ളൂ. പതിനാലാമത്തെ പ്രധാനമന്ത്രി നരേന്ദ്രമോഡിയാണ്. ഏഴ്പതിറ്റാണ്ടിന് ശേഷം ഒരിന്ത്യന്‍ പ്രധാനമന്ത്രി ആദ്യമായി ഇ്രസയേലിലെത്തി. അത് മോഡിയായിരുന്നു. ആ ലിറ്റ്‌മെസ് ടെസ്റ്റും ഇന്ത്യ കടന്നിരിക്കുന്നു. വിലാപങ്ങളോട് നമ്മള്‍ മുഖംതിരിക്കാന്‍ തുടങ്ങിയെന്ന് വായിക്കാം. ഫലസ്തീനികള്‍ പൊടുന്നനെ ഇന്ത്യക്ക് മുസ്‌ലിങ്ങളായി മാറിയിരിക്കുന്നു. പക്ഷേ, മനുഷ്യരുടെ അതിജീവനമെന്നത് വലതുപക്ഷത്തിന്റെ ചെറിയ ലോകത്തിന് മനസിലാക്കാന്‍ ്രപയാസമുള്ള ഒന്നാണ്. ആകാശമുണ്ടാക്കി അവര്‍ പറക്കും.

ഫറയുടെ ട്വീറ്റില്‍ ഇങ്ങനെ വായിക്കാം: ”ഞങ്ങള്‍ ജന്മനാട് വിട്ടുപോവുകയില്ല. അവസാന ശ്വാസം വരെയും ഞങ്ങള്‍ ഫലസ്തീനില്‍ തന്നെ താമസിക്കും. ദൈവം ഞങ്ങളെ തുണക്കും.”

കെ കെ ജോഷി

You must be logged in to post a comment Login