ഫലസ്തീന്‍ രാഷ്ട്രത്തിന്റെ തീയും വെളിച്ചവും

ഫലസ്തീന്‍ രാഷ്ട്രത്തിന്റെ തീയും വെളിച്ചവും

ഇസ്രയേല്‍ രൂപവത്കരണത്തിന് ശേഷമുള്ള സംഭവവികാസങ്ങളെ ഫലസ്തീന്‍ കാഴ്ചപ്പാടില്‍ നിന്ന് കാണുന്നതിന് പകരം മധ്യ പൗരസ്ത്യ ദേശത്തിന്റെയും അറബ് ലോകത്തിന്റെയും പൊതുവായ വീക്ഷണകോണില്‍ നിന്നാണ് കാണേണ്ടത്. കാരണം, ഇസ്രയേലിന്റെ അതിര്‍ത്തി വ്യാപന സ്വപ്‌നങ്ങളില്‍ ഫലസ്തീനും ലബനാനും മാത്രമല്ല ഉള്ളത് എന്നത് തന്നെയാണ്. അത് ഈജിപ്തും ജോര്‍ദാനും ഇറാനും ഇറാഖും സിറിയയും അറബ് മേഖലയൊന്നാകെയും ഉള്‍പ്പെടുന്ന ഒന്നാണ്. സയണിസ്റ്റ് സ്‌നേക്ക് എന്ന് വിളിക്കപ്പെടുന്ന ഈ സ്വപ്‌ന അതിര്‍ത്തി പെട്ടെന്ന് നോക്കുമ്പോള്‍ അസംബന്ധമാണെന്ന് തോന്നാമെങ്കിലും സയണിസ്റ്റ് രാഷ്ട്രീയത്തിന് അത് ഗൗരവതരമായ ലക്ഷ്യം തന്നെയാണെന്നോര്‍ക്കണം. രാഷ്ട്രമില്ലാത്ത ജനതക്ക് ജനതയില്ലാത്ത രാഷ്ട്രമെന്ന നുണ ആവര്‍ത്തിച്ച് തെല്‍അവീവ് തലസ്ഥാനമായി ഇസ്രയേല്‍ രാഷ്ട്രം അടിച്ചേല്‍പ്പിക്കാന്‍ സാധിച്ചുവെങ്കില്‍ കൃത്യമായ പ്രതിരോധത്തിന്റെ അഭാവത്തില്‍ ജൂതരാഷ്ട്രീയത്തിന് എങ്ങോട്ടു വേണമെങ്കിലും അതിക്രമിച്ച് കയറാമെന്ന് തന്നെ വിലയിരുത്തേണ്ടി വരും. മൂന്ന് കാര്യങ്ങളായിരുന്നവല്ലോ തിയോഡര്‍ ഹെര്‍സല്‍ തന്റെ ജ്യൂയിഷ് സ്റ്റേറ്റിലും 1897ലെ ബേസില്‍ സയണിസ്റ്റ് കോണ്‍ഗ്രസിലും അവതരിപ്പിച്ചത്. ഒന്ന്, ജൂതന്‍മാര്‍ എവിടെയായിരുന്നാലും ഒരേയൊരു ജനതയാണ്. രണ്ട്, ജൂതന്‍മാര്‍ എല്ലായിടത്തും പീഡനങ്ങള്‍ അനുഭവിച്ചു കൊണ്ടിരിക്കുന്നു. മൂന്ന്, അവര്‍ ജീവിക്കുന്ന ഒരു പ്രദേശത്തിനും അവരെ പൂര്‍ണമായി സ്വാംശീകരിക്കാന്‍ സാധിച്ചിട്ടില്ല. നൂറ്റാണ്ടിലധികം പിന്നിട്ടിട്ടും ഇസ്രയേല്‍ രാഷ്ട്രം പടച്ചു കഴിഞ്ഞിട്ടും ആ രാഷ്ട്രം ലോകത്തെ ഏറ്റവും ശക്തമായ ഒന്നായി മാറിക്കഴിഞ്ഞിട്ടും അതിന് വന്‍ ശക്തികളെയെല്ലാം വരുതിയിലാക്കാനുള്ള ബന്ധുബലവും കൗശലവും കൈവന്നിട്ടും ഈ പരിവേദനങ്ങള്‍ സയണിസം അവസാനിപ്പിച്ചിട്ടില്ല. ഇസ്രയേലിന്റെ ഇപ്പോഴത്തെ പ്രധാനമന്ത്രിയും പറയുന്നത് ജൂതരാഷ്ട്രം ഭീഷണി നേരിടുന്നുവെന്നാണ്. എല്ലാവര്‍ക്കും അവരുടെ വീട്ടില്‍ ജീവിക്കാന്‍ അവകാശമുണ്ട്. ഒരാള്‍ക്കും അവരെ പിഴുതെറിയാനാകില്ല എന്നാണ് നെതന്യാഹു പറയുന്നത്. ഈ വ്യാജവിലാപം ജൂതന്‍മാരെ കുറിച്ചാണെന്ന് ഓര്‍ക്കണം. രാഷ്ട്രമോ വ്യവസ്ഥാപിതമായ സൈന്യമോ ആപല്‍ ബാന്ധവന്‍മാരായി നില്‍ക്കുന്ന ബന്ധുക്കളോ ഇല്ലാതെ വളയപ്പെട്ട് കഴിഞ്ഞ ഫലസ്തീന്‍ ജനതയെ ചൂണ്ടിയാണ് നെതന്യാഹു ഇത് പറയുന്നത്. പേര്‍ത്തും പേര്‍ത്തും പരിശോധനക്ക് തുറന്ന് കൊടുത്തും ഒടുവില്‍ ആണവ കരാറിന് വിധേയപ്പെട്ടും കഴിഞ്ഞ ഇറാന്‍ ആണവ നിലയങ്ങളിലേക്കും അദ്ദേഹം വിരല്‍ ചൂണ്ടുന്നു. എല്ലാ അധിനിവേശക്കാരും ഇത്തരത്തിലുള്ള സുരക്ഷാ പ്രശ്‌നങ്ങള്‍ ഉന്നയിച്ചു കൊണ്ടേയിരിക്കും.

ഇസ്രയേലിന്റെ ആദ്യത്തെ പ്രധാനമന്ത്രി ഡേവിഡ് ബെന്‍ഗൂറിയന്റെ വാക്കുകളില്‍ ഈ ലക്ഷ്യത്തിന്റെ ബൂട്ടിരമ്പം കേള്‍ക്കാം. 1936 ഒക്‌ടോബര്‍ 13ന് നടന്ന സയണിസ്റ്റ് യോഗത്തില്‍ അദ്ദേഹം പറഞ്ഞു: ‘ഭാഗികമായ ജൂത രാഷ്ട്രം ഒരവസാനമല്ല. അത് ഒരു തുടക്കം മാത്രമാണ്. രാജ്യത്തിന്റെ പരിസര ഭാഗങ്ങളിലേക്ക് കുടിയേറിപ്പാര്‍ക്കുന്നതില്‍ നിന്ന് നമ്മെ തടയാന്‍ ആര്‍ക്കും സാധിക്കില്ല.’ 1938ല്‍ അദ്ദേഹം കുറച്ച് കൂടി വ്യക്തമായി ഇക്കാര്യം പറഞ്ഞു: ‘സയണിസ്റ്റുകള്‍ ആഗ്രഹിക്കുന്ന അതിരുകള്‍ തെക്കന്‍ ലബനാനും തെക്കന്‍ സിറിയയും ഇപ്പോഴത്തെ ജോര്‍ദാനും പടിഞ്ഞാറന്‍ തീരം മുഴുവനായും സിനായും ഉള്‍പ്പെടുന്നതാണ്’. ഇസ്രയേല്‍ നിലവില്‍ വന്ന ശേഷം ബെന്‍ഗൂറിയന്‍ പറഞ്ഞത് ഇങ്ങനെയാണ്: രാഷ്ട്രം സ്ഥാപിച്ചതിന്റെ ഫലമായി നാം കരുത്തുറ്റ ഒരു ശക്തിയായി തീര്‍ന്ന ശേഷം വിഭജനം വേണ്ടെന്നു വെക്കുകയും ഫലസ്തീനിലേക്ക് മുഴുവനുമായി വ്യാപിക്കുകയും ചെയ്യും. സയണിസമെന്ന ലക്ഷ്യ പൂര്‍ത്തീകരണത്തിലെ ഒരു ഘട്ടം മാത്രമാണ് ഈ രാഷ്ട്രം. നമ്മുടെ വ്യാപനത്തിന് കളമൊരുക്കുകയാണ് രാഷ്ട്രത്തിന്റെ ദൗത്യം. ഈ രാഷ്ട്രം അതിന്റെ വ്യവസ്ഥ കാത്ത് സൂക്ഷിക്കേണ്ടത് ആശയപ്രചാരണത്തിലൂടെയല്ല, മറിച്ച് യന്ത്രത്തോക്കുകള്‍ കൊണ്ടാണ്’

ബെന്‍ഗൂറിയന്‍ സിദ്ധാന്തത്തിന്റെ നടത്തിപ്പിലാണ് ഇന്നുവരെയുള്ള എല്ലാ ഇസ്രയേല്‍ ഭരണാധികാരികളും ഏര്‍പ്പെട്ടത്. അത്‌കൊണ്ടാണ് ഇസ്രയേല്‍ പൗര സമൂഹത്തിലെ ചില ഗ്രൂപ്പുകള്‍ നിരന്തരം എതിര്‍ത്തിട്ടും ഇന്നും കൂട്ടക്കുരുതിയും ഭൂമി കൊള്ളയും ഉപരോധവും തുടരുന്നത്. ഏരിയല്‍ ഷാരോണായാലും ബെഞ്ചമിന്‍ നെതന്യാഹുവായാലും ഈ അക്രമാസക്ത അതിര്‍ത്തി വ്യാപനത്തിന്റെ കാര്യത്തില്‍ ഒരു വ്യത്യാസവും പുലര്‍ത്തുന്നില്ല. ഇസ്രയേല്‍ രാഷ്ട്ര സ്ഥാപനത്തിന് അസ്തിവാരമിട്ടത് ബാല്‍ഫര്‍ പ്രഖ്യാപനമാണെന്ന് പറയുമ്പോഴും ആ ഹ്രസ്വ പ്രസ്താവന പോലും ഫലസ്തീന്റെ സാംസ്‌കാരികമായ അസ്തിത്വം അംഗീകരിച്ചിരുന്നുവെന്നത് വസ്തുതയാണ്. ‘ഫലസ്തീനില്‍ ജൂതര്‍ക്ക് വേണ്ടി ഒരു ദേശീയ ഗേഹം സ്ഥാപിക്കുന്നതിന് അനുകൂലമായ സമീപനമാണ് ബ്രിട്ടീഷ് ചക്രവര്‍ത്തി പുലര്‍ത്തുന്നത്. ഈ ലക്ഷ്യം നേടിയെടുക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുന്നതിന് രാജ്യം അതിന്റെതായ ശ്രമങ്ങള്‍ ഏറ്റവും നല്ല രീതിയില്‍ ഉപയോഗിക്കുന്നതാണ്’ എന്ന് പറഞ്ഞ ശേഷം ഒരു ഖണ്ഡിക കൂടി ബാല്‍ഫര്‍ മുന്നോട്ട് വെക്കുന്നുണ്ട്: ‘ഫലസ്തീനില്‍ ഇന്ന് നിലവിലുള്ള ജൂതരല്ലാത്ത എല്ലാ സമൂഹങ്ങളുടെയും പൗരാവകാശങ്ങള്‍ക്കും മതപരമായ അവകാശങ്ങള്‍ക്കും ദോഷം വരുത്തുന്ന യാതൊരു നടപടിയും കൈകൊള്ളുകയില്ലെന്ന് മനസ്സിലാക്കേണ്ടതുണ്ട്’ എന്നാണ് ആ ഖണ്ഡികയില്‍ പറയുന്നത്. ഈ അവസാനഭാഗം അന്നത്തെ ഭൗമരാഷ്ട്രീയ സാഹചര്യത്തില്‍ അറബികളെ രൂക്ഷമായ പ്രതികരണത്തിലേക്ക് തള്ളിവിടാതിരിക്കാന്‍ എഴുതിച്ചേര്‍ത്തതാകാം. അതെന്തുതന്നെയാലും ബാല്‍ഫര്‍ പ്രഖ്യാപനം കൊണ്ടാടുന്നവരാരും ഈ രണ്ടാം ഭാഗത്തെ കുറിച്ച് മിണ്ടാറില്ല. യു എന്നിന്റെ സമ്മതത്തോടെ ഇസ്രയേല്‍ രൂപവത്കൃതമായപ്പോഴും ഇത്തരത്തില്‍ സംയമനത്തിന്റെ സന്ദേശങ്ങളുള്‍ക്കൊള്ളുന്ന ചട്ടങ്ങള്‍ ഉണ്ടായിരുന്നു. പക്ഷേ, ഈ ചട്ടങ്ങളെല്ലാം കടലാസില്‍ വിശ്രമിച്ചു. ലോകത്ത് സമാനതകളില്ലാത്ത ആട്ടിയോടിക്കലുകള്‍ തുടര്‍ന്നു. ഐക്യരാഷ്ട്ര സഭ ഫലസ്തീന്‍ രണ്ടായി വിഭജിച്ചത് 1947 നവംബര്‍ 29നാണ്. ഇസ്രയേല്‍ രാഷ്ട്രം ഔദ്യോഗികമായി നിലവില്‍ വന്നത് 1948 മെയ് 15നും. ഇതിനിടക്കുള്ള സമയത്ത് സയണിസ്റ്റ് സായുധ ഗ്രൂപ്പുകളും സൈന്യവും ഫലസ്തീന്റെ 75 ശതമാനവും കൈയടക്കി കഴിഞ്ഞിരുന്നുവെന്നാണ് റാല്‍ഫ് ഷൂമാന്‍ ചൂണ്ടിക്കാണിക്കുന്നത്. 780,000 ഫലസ്തീനികളെയാണ് ആട്ടിയോടിച്ചത്.

ഈ ആട്ടിപ്പായിക്കലിന്റെ ഏറ്റവും ഭീകരമായ ആവിഷ്‌കാരമായിരുന്നു ദേര്‍ യാസിനില്‍ 1948ല്‍ നടന്നത്. സയണിസ്റ്റ് സായുധ ഗ്രുപ്പുകള്‍ ദേര്‍ യാസീന്‍ ഗ്രാമത്തില്‍ കടന്ന് കയറി മുന്നൂറ് ഫലസ്തീനികളെ കൊന്നു തള്ളി. സ്ത്രീകളെയും കുട്ടികളെയും പോലും വെറുതെ വിട്ടില്ല. പരിഭ്രാന്തരായ ഫലസ്തീനികള്‍ ജീവഭയത്താല്‍ ചിതറിയോടി. നഖ്ബ എന്ന് വിളിക്കപ്പെട്ട ഈ പരക്കം പാച്ചില്‍ ജൂതന്‍മാര്‍ ആഘോഷിക്കുകയായിരുന്നു. ദുഐമയിലും സമാനമായ കൂട്ടക്കൊലയും ആട്ടിയോടിക്കലും അരങ്ങേറി. ഗസ്സയിലും ഇത് തന്നെ നടന്നു. അറബ് ജനതയെ അയല്‍രാജ്യങ്ങളിലേക്ക് ഒന്നാകെ ഒഴിഞ്ഞു പോകാന്‍ നിര്‍ബന്ധിക്കുകയായിരുന്നു ഈ അതിക്രമങ്ങളുടെ യഥാര്‍ത്ഥ ലക്ഷ്യം. അതിലവര്‍ വിജയിച്ചു. പതിനായിരക്കണക്കിന് മനുഷ്യര്‍ പലായനം ചെയ്തു. ജയിലുകള്‍ എന്ന് തന്നെ വിളിക്കേണ്ട അഭയാര്‍ത്ഥി ക്യാമ്പുകളില്‍ അവര്‍ അടയ്ക്കപ്പെട്ടു.

ഫലസ്തീന്‍ രാഷ്ട്ര സ്വപ്‌നങ്ങളെ എന്നേക്കും കുഴിച്ചു മൂടിയ 1967ലെ ആറ് ദിന യുദ്ധത്തിന്റെ അര്‍ധ ശതാബ്ദിയിലൂടെയാണ് ലോകം ഇപ്പോള്‍ കടന്ന് പോകുന്നത്. പൊടുന്നനെ ഉണ്ടായ ഒന്നായിരുന്നില്ല ആ യുദ്ധം. 1956ലെ യുദ്ധത്തില്‍ ഗസ്സ മുനമ്പും സിനായും ഇസ്രയേല്‍ പിടിച്ചടക്കി. രക്ഷാ സമിതി പ്രമേയം 242ന്റെയും 338 ന്റെയും ബലത്തില്‍ യു എന്‍ സേനയെ വിന്യസിച്ചതോടെ 1957ല്‍ സിനായിക്ക് മേലുള്ള അധികാരം ഇസ്രയേല്‍ ഉപേക്ഷിച്ചു. 1960കളില്‍ അറബ് ദേശീയത അതിന്റെ ഏറ്റവും വിപ്ലവകരമായ നിലയിലേക്ക് വളര്‍ന്നു. ഫലസ്തീന്‍ വിമോചനത്തിനായി സംസാരിച്ച ഈജിപ്ഷ്യന്‍ നേതാവ് അബ്ദുല്‍ നാസറിന് വലിയ പിന്തുണ ലഭിച്ച ഘട്ടമായിരുന്നു അത്. ഫലസ്തീന്‍ പോരാട്ട ഗ്രൂപ്പുകള്‍ക്ക് സിറിയയില്‍ നിന്നും ജോര്‍ദാനില്‍ നിന്നും പ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ സാധിക്കുകയും ചെയ്തു. വിയറ്റ്‌നാം യുദ്ധത്തിലായിരുന്ന അമേരിക്ക ഇസ്രയേലിന്റെ അധിനിവേശ നടപടികളെ പ്രത്യക്ഷത്തില്‍ സഹായിക്കുന്നതില്‍ നിന്ന് അല്‍പ്പം വിട്ടു നിന്ന ഘട്ടവുമായിരുന്നു അത്. സോവിയറ്റ് യൂനിയന്റെ സഹായം തനിക്കുണ്ടാകുമെന്ന് നാസര്‍ ഉറച്ച് വിശ്വസിക്കുകയും ചെയ്തു. ഇസ്രയേല്‍ ആകട്ടേ നേരിട്ടുള്ള ആക്രമണത്തിന് എല്ലാ സജ്ജീകരണങ്ങളും ഒരുക്കി കാത്തിരിക്കുകയുമായിരുന്നു. 1967 മെയില്‍ നാസര്‍ ശക്തമായ ചില ഉത്തരവുകള്‍ ഇറക്കി. സിനായിയില്‍ നിന്ന് യു എന്‍ സേന പിന്‍വാങ്ങണമെന്നായിരുന്നു ഒരു ഉത്തരവ്. ഇസ്രയേല്‍ കപ്പലുകളെ അദ്ദേഹം തടയുകയും ചെയ്തു. ഇതോടെ ജൂണില്‍ ജൂതരാഷ്ട്രം ബോംബാക്രമണം തുടങ്ങി. നാസറിന്റെയും ജോര്‍ദാന്റെയും സൈന്യം ഛിന്നഭിന്നമായി. തികച്ചും അപ്രതീക്ഷിതമായ പരിണതി ആയിരുന്നു അത്. വെറും 132 മണിക്കൂറിനുള്ളില്‍ സിറിയയില്‍ നിന്ന് ജൂലാന്‍ കുന്നുകളും ജോര്‍ദാനില്‍ നിന്ന് വെസ്റ്റ് ബാങ്കും കിഴക്കന്‍ ജറൂസലമും ഈജിപ്തില്‍ നിന്ന് ഗസ്സയും സിനായിയും ജൂതരാഷ്ട്രം പിടിച്ചടക്കി.

നിര്‍ദിഷ്ട ഫലസ്തീന്‍ രാഷ്ട്രത്തിന്റെ തലസ്ഥാനമാകേണ്ട കിഴക്കന്‍ ജറുസലമടക്കം പ്രദേശങ്ങളില്‍ അന്ന് ഇസ്രയേല്‍ നടത്തിയ അധിനിവേശത്തെ എല്ലാ അന്താരാഷ്ട്ര സമിതികളും കഴിഞ്ഞ അമ്പത് വര്‍ഷമായി തള്ളിപ്പറയുകയാണ്. ഒരു കാര്യവുമില്ല. ജൂതരാഷ്ട്രത്തെ നിലക്ക് നിര്‍ത്താന്‍ ആര്‍ക്കും സാധിക്കുന്നില്ല. ബറാക് ഒബാമയുടെ ഒന്നാമൂഴത്തില്‍ അദ്ദേഹം നടത്തിയ അറബ് യാത്രക്കിടെ 1967ന് മുമ്പുള്ള അതിര്‍ത്തിയില്‍ ദ്വിരാഷ്ട്ര പരിഹാരം വേണമെന്ന് പറഞ്ഞതിനെ ജൂത ലോബി കൈകാര്യം ചെയ്തത് മാത്രം നോക്കിയാല്‍ മതി ലോകത്തിന്റെ നിസ്സംഗത വ്യക്തമാകാന്‍. ഒബാമ 1967 എന്ന് ഉച്ചരിച്ചത് മഹാപാതകമായാണ് അവതരിപ്പിക്കപ്പെട്ടത്. അമേരിക്ക ചരിത്രപരമായി ജൂതരാഷ്ട്രത്തിന് നല്‍കി വരുന്ന പിന്തുണയില്‍ നിന്ന് ഒബാമ പിന്നോട്ട് പോയെന്ന് പ്രചാരണമുണ്ടായി. അമേരിക്കന്‍ രാഷ്ട്രീയത്തില്‍ വലിയ കോലാഹലത്തിന് അത് വഴി വെച്ചു. ഒബാമക്ക് ആ പ്രസ്താവന ആവര്‍ത്തിക്കാന്‍ സാധിച്ചില്ല. അത്രമേല്‍ 1967നെ ജൂത സംഘം പ്രധാനമായി കാണുന്നു. ഇനി ഏത് കരാര്‍ വന്നാലും ഈ അതിര്‍ത്തിയില്‍ നിന്ന് പിന്നോട്ട് പോകാന്‍ ഇസ്‌റായേല്‍ തയാറാകില്ലെന്ന് തന്നെയാണ് വിലയിരുത്തേണ്ടത്.

ഇതിനിടക്കാണ് 1964ല്‍ പി എല്‍ ഒ രൂപവത്കരിക്കുന്നതും 1969ല്‍ യാസര്‍ അറഫാത്ത് അതിന്റെ തലപ്പത്ത് വരുന്നതും. ഇന്‍തിഫാദകളുടെ ഉശിരന്‍ കാലത്ത് യാസര്‍ അറഫാത്തെന്ന ഒറ്റപ്പര്യായമേ ഫലസ്തീന്‍ ചെറുത്തു നില്‍പ്പിന് ഉണ്ടായിരുന്നുള്ളൂ. പിന്നെ അനുരഞ്ജനത്തിന്റെ തണുപ്പിലേക്ക് അദ്ദേഹം കൂപ്പുകുത്തി. അറഫാത്തിന് നൊബേല്‍ സമ്മാനം നേടിക്കൊടുത്ത അസംഖ്യം കരാറുകളും അധിനിവേശത്തിന്റെ സമ്മതിപത്രങ്ങളായിരുന്നു. 1978ലും 1982ലും ലബനാന്‍ ആക്രമിക്കുകയും ക്രൂരമായ കൂട്ടക്കൊല നടക്കുകയും ചെയ്തു. ഫലസ്തീനെ വരിഞ്ഞു മുറുക്കുന്നതിനും സൈനിക ശക്തിയുടെ ബലത്തില്‍ ചുറ്റുമുള്ളവരെ വരുതിയില്‍ നിര്‍ത്തുന്നതിനുമുള്ള നീക്കമായിരുന്നു ഈ ആക്രമണങ്ങളുടെയെല്ലാം പിന്നില്‍. അറഫാത്തിന്റെ പ്രസ്ഥാനം വ്യവസ്ഥാപിതമായ മാര്‍ഗത്തിലേക്ക് അരിച്ചരിച്ച് നീങ്ങാന്‍ തുടങ്ങുമ്പോഴാണ് ഈജിപ്തിലെ ബ്രദര്‍ഹുഡ് മാതൃകയില്‍ 1987ല്‍ ഹറകത്തുല്‍ മുഖാവത്തില്‍ ഇസ്‌ലാമിയ (ഹമാസ്) രൂപവത്കരിക്കുന്നത്. ശൈഖ് അഹ്മദ് യാസീനായിരുന്നു നേതാവ്. (അദ്ദേഹത്തെയും റന്‍തീസിയെയും പിന്നീട് ഇസ്രയേല്‍ വധിച്ചു)
1993ലെ ഓസ്‌ലോ കരാര്‍ ഫലസ്തീന്‍ പോരാട്ടത്തെ മറ്റൊരു വഴിയിലേക്ക് തള്ളിവിടുകയായിരുന്നു. ഫതഹും ഹമാസും തമ്മിലുള്ള വടംവലിയുടെ തുടക്കമായിരുന്നു അത്. അമേരിക്കയുടെ മധ്യസ്ഥതയില്‍ അന്നത്തെ ഇസ്രയേല്‍ പ്രധാനമന്ത്രി റബീനും ഫലസ്തീനില്‍ പി എല്‍ ഒ നേതാവ് യാസര്‍ അറഫാത്തും ഒപ്പുവെച്ച കരാറാണിത്. ഗള്‍ഫ് യുദ്ധത്തില്‍ അമേരിക്കക്ക് അറബ് പിന്തുണ ആവശ്യമായിരുന്നു. ആ ആവശ്യമാണ് ഓസ്‌ലോ കരാറിന്റെ ഹേതുവെന്ന് ഇന്ന് തിരിച്ചറിയുന്നു. അന്ന് അത് ഫലസ്തീനിലെയും ഇസ്രയേലിലെയും ജനങ്ങളെയും പൊതുപ്രവര്‍ത്തകരെയും രണ്ടായി പിളര്‍ത്തി. അനിവാര്യമായ തിന്‍മയായി ഫതഹ് കരാറിനെ കണ്ടപ്പോള്‍ ചരിത്രത്തിലെ ഏറ്റവും വലിയ വഞ്ചനയെന്നാണ് ഹമാസ് അതിനെ വിശേഷിപ്പിച്ചത്. 1967ലെ യുദ്ധത്തില്‍ കൈയേറിയ സ്ഥലങ്ങളില്‍ നിന്ന് ഇസ്രയേല്‍ പിന്‍മാറി ഗസ്സയും വെസ്റ്റ്ബാങ്കും ചേര്‍ത്ത് ഫലസ്തീന്‍ രാഷ്ട്രം രൂപവത്കരിക്കുമെന്നതായിരുന്നു കരാറിലെ പ്രധാന വ്യവസ്ഥ. അഞ്ച് വര്‍ഷ കാലാവധിയില്‍, 1998ല്‍ പൂര്‍ത്തീകരിക്കുമെന്ന വ്യവസ്ഥയിലാണ് കരാര്‍ ഉണ്ടാക്കിയത്. ഈ കരാറിന്റെ പേരില്‍ അറഫാത്തും റബീനും നൊബേല്‍ സമ്മാനിതരായി എന്നതൊഴിച്ചാല്‍ ഒരു മാറ്റവും ഉണ്ടായില്ല. ഫലസ്തീന്‍ ഭരിക്കാന്‍ ഫലസ്തീന്‍ അതോറിറ്റിയുണ്ടാകുകയും ചെയ്തു. ഹമാസ് അക്രമാസക്ത പോരാട്ടം തുടര്‍ന്നു. വെസ്റ്റ്ബാങ്ക് കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ച ഫതഹ് മെല്ലെ സമാവയത്തിന്റെ മാര്‍ഗത്തിലേക്ക് വന്നു. വെസ്റ്റ് ബാങ്കില്‍ നിന്നും ഗസ്സയില്‍ നിന്നും ഇസ്രയേല്‍ ഭാഗികമായി മാത്രം പിന്‍വാങ്ങി. 1998ല്‍ കരാര്‍ പൂര്‍ത്തീകരിക്കേണ്ട ഘട്ടമെത്തിയപ്പോഴേക്കും ഇസ്രയേലില്‍ ഏരിയല്‍ ഷാരോണ്‍ ഭരണത്തലപ്പത്തെത്തി. കരാറില്‍ നിന്ന് പിന്നോട്ട് പോകുന്ന ജൂതരാഷ്ട്രത്തെയാണ് പിന്നെ കണ്ടത്.

ഫലസ്തീന്‍ രാഷ്ട്ര രൂപവത്കരണത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനും മുസ്‌ലിംകളെ പ്രകോപിപ്പിച്ച് രംഗം വഷളാക്കാനുമായി അല്‍ അഖ്‌സയെ വലിച്ചിഴക്കുകയാണ് ഷാരോണ്‍ ചെയ്തത്. ഫാഷിസ്റ്റുകളുടെ സ്ഥിരം തന്ത്രമായ മതവിശ്വാസ തീവ്രതയെ കടത്തിവിടുകയായിരുന്നു. ആ തന്ത്രത്തിന്റെ സൃഷ്ടിയാണ് ടെമ്പിള്‍ മൗണ്ട് വിശ്വാസ സംഘം. ഈ സംഘം അഖ്‌സ പരിസരത്ത് നടത്തിയ അതിക്രമങ്ങള്‍ രണ്ടാം ഇന്‍തിഫാദയിലേക്ക് ഹമാസിനെ തള്ളി വിട്ടു. 2005ല്‍ ഗസ്സയില്‍ നിന്ന് ഷാരോണ്‍ നടത്തിയ പിന്‍മാറ്റം പാശ്ചാത്യ മാധ്യമങ്ങള്‍ കൊണ്ടാടി. അത് പക്ഷേ കൊടും ചതിയായിരുന്നു. സൈനികമായി പിന്‍വാങ്ങിയ ഇസ്‌റായേല്‍ ഗസ്സക്ക് ചുറ്റും വന്‍മതില്‍ തീര്‍ത്ത് അടച്ചിടുകയാണ് ചെയ്തത്. ഗസ്സയെ ലക്ഷ്യം വെക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായിരുന്നു അത്. 2007ല്‍ ഫലസ്തീന്‍ അതോറിറ്റിയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ഹമാസ് നേടിയ വിജയം അംഗീകരിക്കാന്‍ ഫതഹോ അന്താരാഷ്ട്ര ഏജന്‍സികളോ തയാറായില്ല. അതോടെ ഹമാസിന്റെ ഭരണം ഗസ്സയില്‍ മാത്രമായി ചുരുങ്ങി. വെസ്റ്റ്ബാങ്ക് ഫതഹും ഭരിച്ചു. പി എല്‍ ഒയുടെ നേതാവ്, അറഫാത്തിന്റെ പ്രിയ ശിഷ്യന്‍ മഹ്മൂദ് അബ്ബാസ്(അബൂ മാസന്‍) അനുരഞ്ജനത്തിന്റെ വക്താവായിരുന്നു. അദ്ദേഹം ചര്‍ച്ചാ മേശകളിലേക്ക് നിരന്തരം സഞ്ചരിച്ചു കൊണ്ടിരുന്നപ്പോള്‍ ഫതഹ് കൈകാര്യം ചെയ്യുന്ന ഫലസ്തീന്‍ അതോറിറ്റിക്ക് അന്താരാഷ്ട്ര സഹായം പ്രവഹിച്ചു കൊണ്ടിരുന്നു. ഗസ്സക്ക് ഉപരോധം മാത്രം. ഫലസ്തീന്‍ ജനതയെ ശിഥിലീകരിക്കാനും അതുവഴി പോരാട്ടത്തെ അപ്രസക്തമാക്കാനുമുള്ള സയണിസത്തിന്റെ തന്ത്രം വിജയിക്കുകയായിരുന്നു. ഫതഹും ഹമാസും നിരന്തരം ഏറ്റുമുട്ടി. പലപ്പോഴും അത് തെരുവുയുദ്ധത്തോളം എത്തി. അപ്പോഴെല്ലാം ഇസ്രയേല്‍ ജൂത കുടിയേറ്റ സമുച്ചയങ്ങള്‍ പണിത് ഫലസ്തീന്‍ മണ്ണ് കവര്‍ന്നു കൊണ്ടിരുന്നു. ഒടുവില്‍ 2014ല്‍ ജൂണ്‍ രണ്ടിന് ഫലസ്തീനിലെ ഏറ്റവും ജനസ്വാധീനമുള്ള രണ്ട് ഗ്രൂപ്പുകള്‍-ഹമാസും ഫതഹും- ആത്യന്തികമായ അനുരഞ്ജന കരാറില്‍ ഒപ്പു വെച്ചു. ഐക്യ സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ അവര്‍ തീരുമാനിച്ചു. വിഭജിച്ച് ഭരിക്കുകയെന്ന സാമ്രാജ്യത്വ അജന്‍ഡ ഇനി വിലപ്പോകാത്ത സ്ഥിതിയായി. ഓപറേഷന്‍ പ്രൊട്ടക്ടീവ് എഡ്ജ് എന്ന് പേരിട്ട 2014ലെ ഗസ്സ ആക്രമണ പരമ്പരയുടെ അടിസ്ഥാന കാരണം ഈ ഐക്യമാണ്. ശരിയായ ഐക്യ സര്‍ക്കാര്‍ സാധ്യമായാല്‍ ഫലസ്തീന്‍ ജനത കണക്ക് ചോദിച്ചു തുടങ്ങുമെന്ന് ഇസ്‌റായേലിന് നന്നായറിയാം. ഫലസ്തീന് അറബ് ലോകത്ത് നിന്നടക്കം പിന്തുണയേറുമെന്നും. ബെഞ്ചമിന്‍ നെതന്യാഹു ആഭ്യന്തരമായി കടുത്ത സമ്മര്‍ദം അനുഭവിക്കുന്നുവെന്നതാണ് മറ്റൊരു യാഥാര്‍ത്ഥ്യം. എന്നാല്‍ ഈ ആഭ്യന്തര പ്രതിസന്ധികളെ തരണം ചെയ്യാന്‍ ഗസ്സ കൂട്ടക്കൊല ഉപകരിച്ചില്ല. ഇസ്‌റായേലിനും അമേരിക്കക്കുമെതിരായ ബഹിഷ്‌കരണ പ്രസ്ഥാനങ്ങള്‍ മുമ്പത്തേക്കാള്‍ ശക്തമാകാനാണ് അത് ഉപകരിച്ചത്. ബോയ്‌കോട്ട്, ഡിവസ്റ്റ്, സാംക്ഷന്‍ (ബി ഡി എസ്) പ്രസ്ഥാനം ശക്തമാകുകയാണ്. ഡെസ്മണ്ട് ടുടുവിനെപ്പോലുളള നൊബേല്‍ ജേതാക്കളും നോം ചോംസ്‌കിയെപ്പോലുള്ള ബുദ്ധിജീവികളും കലാകാരന്‍മാരും കവികളും ആക്ടിവിസ്റ്റുകളും ട്രേഡ് യൂനിയനുകളും ശക്തമായ സാമ്രാജ്യത്വവിരുദ്ധ അവബോധം സൃഷ്ടിക്കുന്നു. ലോകത്തിന്റെ മുക്കിലും മൂലയിലും സാമ്രാജ്യത്വവിരുദ്ധ മുദ്രാവാക്യം മുഴങ്ങുന്നു. മുമ്പത്തെപ്പോലെയല്ല. ഫലസ്തീന്‍ അതോറിറ്റി ഗസ്സക്ക് ശക്തമായ പിന്തുണ നല്‍കുന്നുണ്ട്. 51 കിലോമീറ്റര്‍ നീളത്തില്‍ 18 ലക്ഷം മനുഷ്യരുള്ള ഈ ഭൂവിഭാഗത്തെ വളയുക വഴി ഫലസ്തീന്‍ വിമോചന സ്വപ്‌നങ്ങളെയാണ് ബന്ദിയാക്കുന്നതെന്ന് അവര്‍ തിരിച്ചറിയുന്നു. ഇതിന്റെ ഭാഗമായി ഈജിപ്തിന്റെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചകള്‍ അന്തിമ ഫലത്തില്‍ എത്തിച്ചേര്‍ന്നിരിക്കുന്നു. ഫലസ്തീനില്‍ ഐക്യസര്‍ക്കാര്‍ രൂപവത്കരിക്കാനുള്ള എല്ലാ തീരുമാനങ്ങളും കൈകൊണ്ട് കഴിഞ്ഞു.

അല്‍ അഖ്‌സക്ക് ചുറ്റും രൂപപ്പെട്ട സംഘര്‍ഷങ്ങളും വ്യാപകമാകുന്ന കുടിയേറ്റ ഭവന സമുച്ചയ നിര്‍മാണങ്ങളും ഡൊണാള്‍ഡ് ട്രംപിന്റെ രക്ഷാകര്‍തൃത്വവും ഇന്ത്യയടക്കമുള്ള രാജ്യങ്ങളുമായി ജൂതരാഷ്ട്രം നയതന്ത്ര ബന്ധം ശക്തമാക്കുന്നതും ഇപ്പോഴില്ലെങ്കില്‍ ഒരിക്കലുമില്ല എന്ന നിലയിലേക്ക് ഫലസ്തീന്‍ ഐക്യ ശ്രമങ്ങളെ അനിവാര്യമാക്കി തീര്‍ത്തു. ഈ വര്‍ഷം ഫെബ്രുവരി ഏഴിന് ഇസ്രയേല്‍ പാര്‍ലിമെന്റായ നെസ്സറ്റ് പാസ്സാക്കിയ ‘റഗുലേഷന്‍ ബില്‍’ ഫലസ്തീനെ മാത്രമല്ല ലോകത്തെയാകെ വെല്ലുവിളിക്കുന്നതായിരുന്നു. 1948 മുതല്‍ 1967 വരെയുള്ള യുദ്ധങ്ങളില്‍ പിടിച്ചടക്കിയ മുഴുവന്‍ ഫലസ്തീന്‍ പ്രദേശങ്ങളിലെയും ജൂത കുടിയേറ്റ സമുച്ചയങ്ങള്‍ക്ക് നിയമപരിരക്ഷ നല്‍കുന്നതാണ് ഈ ബില്ല്. കൂടാതെ അധിനിവിഷ്ട വെസ്റ്റ് ബാങ്കില്‍ പുതിയ കെട്ടിടങ്ങള്‍ പണിയാന്‍ അനുമതി നല്‍കുകയും ചെയ്തിരിക്കുന്നു. ജനുവരി തുടക്കത്തില്‍ യു എന്‍ രക്ഷാ സമിതി പാസ്സാക്കിയ 2334ാം പ്രമേയത്തിലെ മഷിയുണങ്ങും മുമ്പാണ് ഇസ്രയേല്‍ പാര്‍ലിമെന്റ് കുടിയേറ്റ ബില്‍ പാസ്സാക്കിയതെന്നോര്‍ക്കണം. ഫലസ്തീന് അവകാശപ്പെട്ട പ്രദേശങ്ങളില്‍ ഇസ്രയേല്‍ നിര്‍മിക്കുന്ന ജൂത കുടിയേറ്റ ഭവനങ്ങള്‍ അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്ന് പ്രഖ്യാപിക്കുന്നതായിരുന്നു യു എന്‍ പ്രമേയം. ഇത്തരമൊരു പ്രമേയത്തെ അമേരിക്ക വീറ്റോ ചെയ്യുകയാണ് പതിവ്. എന്നാല്‍ ജനുവരിയില്‍ പതിവ് തെറ്റിച്ചു. യു എസ് വിട്ടു നിന്നു. പ്രമേയം പാസ്സായി. സ്ഥാനമൊഴിയാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ബരാക് ഒബാമ തന്നോട് തന്നെ ചെയ്ത നീതിയായിരുന്നു അത്.

ഇസ്രയേലിന്റെ അതിര്‍ത്തി വിപുലീകരണത്തില്‍ എല്ലാ ഒത്താശയും ഉണ്ടാകുമെന്ന് ട്രംപ് ഭരണകൂടം തുടക്കത്തില്‍ തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. യു എസ് എംബസി ജറുസലേമിലേക്ക് മാറ്റുമെന്ന ട്രംപിന്റെ പ്രഖ്യാപനം ഇതാണ് വ്യക്തമാക്കുന്നത്. ഫലസ്തീനില്‍ ഐക്യ സര്‍ക്കാര്‍ നിലവില്‍ വരാന്‍ പോകുമ്പോള്‍ അധിനിവേശം കൂടുതല്‍ വേഗത്തിലാക്കുകയാണ് ഇസ്രയേല്‍. അത് കൃത്യമായ കണക്കു കൂട്ടലുകളോടെയാണ്. അന്താരാഷ്ട്ര മധ്യസ്ഥര്‍ക്ക് ദ്വിരാഷ്ട്ര പരിഹാരത്തിന് വേണ്ടി കൂടുതല്‍ ആത്മവിശ്വാസത്തോടെ സംസാരിക്കാന്‍ ഐക്യം വഴിയൊരുക്കും. ചര്‍ച്ചകള്‍ മുഴുവന്‍ 1967 ന് മുമ്പുള്ള അതിര്‍ത്തിയിലേക്ക് ഇസ്‌റായേല്‍ പിന്‍വാങ്ങണമെന്നതില്‍ കേന്ദ്രീകരിച്ചായിരിക്കും. 1967ലെ ആക്രമണത്തില്‍ ഇസ്രയേല്‍ പിടിച്ചടക്കിയ പ്രദേശങ്ങളില്‍ തിരക്കിട്ട് ജൂത സമുച്ചയങ്ങള്‍ പണിയുന്നതും കൂടുതല്‍ ഭൂമി സ്റ്റേറ്റ് ലാന്‍ഡ് ആയി പ്രഖ്യാപിക്കുന്നതും ഇത് മുന്‍കൂട്ടിക്കണ്ടാണ്. തങ്ങളുടെ ജനതയുടെ ‘സ്വാഭാവിക’ വാസസ്ഥലത്തില്‍ നിന്ന് അവരെ കുടുയിറക്കരുതെന്ന വാദം ഉയര്‍ത്താന്‍ വേണ്ടിയാണിത്.

അല്‍ അഖ്‌സയെ കേന്ദ്രീകരിച്ച് നടക്കുന്ന സംഘര്‍ഷ നിര്‍മിതികളുടെയും രീഷ്ട്രീയം മറ്റൊന്നല്ല. അല്‍ അഖ്‌സക്ക് ചുറ്റും വെസ്റ്റ്ബാങ്കിലും കിഴക്കന്‍ ജറൂസലമിലും നടന്നു കൊണ്ടിരിക്കുന്ന ജൂത കുടിയേറ്റവും അതിക്രമങ്ങളും പൊടുന്നനെ സംഭവിക്കുന്നതോ ഇസ്രയേല്‍ അനുകൂല മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത് പോലെ ഫലസ്തീനില്‍ നിന്നുള്ള പ്രകോപനത്തില്‍ നിന്ന് ഉണ്ടാകുന്നതോ അല്ല. മറിച്ച് ദീര്‍ഘകാല ലക്ഷ്യത്തിന്റെ തന്ത്രപരമായ നടത്തിപ്പാണിത്. ദേര്‍ യാസീന്‍ കൂട്ടക്കൊലക്ക് നേതൃത്വം നല്‍കിയിരുന്ന എല്‍ദാദ് 1967ല്‍ തന്നെ ഇത് വ്യക്തമാക്കിയിട്ടുണ്ട് : ‘വീണ്ടെടുപ്പിനെ പ്രതീകവത്കരിക്കുന്ന ഏറ്റവും ആഴത്തിലുള്ളതും മഹത്തുമായ പ്രത്യാശ ജൂതരുടെ ആരാധനാലയങ്ങള്‍ പുനര്‍നിര്‍മിക്കുന്നതിലാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഒരു ദിവസം, ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തലത്തില്‍ രണ്ട് മുസ്‌ലിം പള്ളികളും (അല്‍ ഹറമുശ്ശരീഫും അല്‍ അഖ്‌സയും) അപ്രത്യക്ഷമാകുമെന്ന് ഉറപ്പാണ്’ ഈ ആഹ്വാനം നടപ്പില്‍ വരുത്താനായി നിരവധി തവണ ജൂത തീവ്രവാദികള്‍ അല്‍ അഖ്‌സ കോംപൗണ്ടില്‍ സംഘര്‍ഷങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. 1929ല്‍ തന്നെ ഫലസ്തീനികള്‍ ഇത് തിരിച്ചറിഞ്ഞതാണ്. അന്ന് ഇസ്‌റായേല്‍ രാഷ്ട്രം ബ്രിട്ടന്റെ ആലയില്‍ പരുവപ്പെടുന്നേയുണ്ടായിരുന്നുള്ളൂ. അന്ന് അല്‍ ബുറാഖ് ഗേറ്റിലൂടെ അഖ്‌സ സമുച്ചയത്തിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ച ജൂതന്‍മാരെ ഫലസ്തീനികള്‍ തടഞ്ഞു. ഈ പ്രതിരോധം വലിയ ഏറ്റുമുട്ടലിന് വഴി വെച്ചു. നിരവധി പേര്‍ മരിച്ചു വീണു. ഈ സംഭവമാണ് പിന്നീട് അല്‍ ബുറാഖ് വിപ്ലവമെന്ന് വിശേഷിപ്പിക്കപ്പെട്ടത്. ഫലസ്തീന്‍ മണ്ണ് സംരക്ഷിക്കാനായി നടന്ന ആദ്യ സംഘടിത ശ്രമമെന്ന നിലയിലാണ് ഈ സംഭവത്തെ ചരിത്രകാരന്‍മാര്‍ വിലയിരുത്തുന്നത്. 1969ല്‍ ആസ്‌ത്രേലിയന്‍ ക്രിസ്ത്യാനി കോംപൗണ്ടില്‍ ഇരച്ച് കയറി തീവെച്ചു. അന്ന് അത്യന്തം ചരിത്രപ്രാധാന്യമുള്ള കെട്ടിടങ്ങള്‍ കത്തി നശിച്ചു. 1990ല്‍ ഉണ്ടായ സംഘര്‍ഷത്തിനിടെ 20 ഫലസ്തീനികളാണ് കൂട്ടക്കൊല ചെയ്യപ്പെട്ടത്. 1996ല്‍ പടിഞ്ഞാറന്‍ കവാടത്തിലേക്ക് ജൂതന്‍മാര്‍ തുരങ്കം പണിതപ്പോള്‍ അത് ചെറുക്കാന്‍ ഫലസ്തീനികള്‍ ഇറങ്ങി. 63 പേരാണ് മരിച്ചു വീണത്. 2000ത്തില്‍ ഇസ്രയേല്‍ നേതാവ് ഏരിയല്‍ ഷാരോണ്‍ ആയിരക്കണക്കിന് സൈനികരുടെ അകമ്പടിയോടെ അല്‍ അഖ്‌സ സന്ദര്‍ശിക്കാനെത്തി. അന്ന് ഫലസ്തീന്‍ ഗ്രൂപ്പുകള്‍ നടത്തിയ പ്രതിരോധമാണ് രണ്ടാം ഇന്‍തിഫാദക്ക് വഴിവെച്ചത്.

വെസ്റ്റ്ബാങ്കിലെ ചരിത്ര പ്രസിദ്ധമായ ഇബ്‌റാഹീമി പളളി പിടിച്ചടക്കിയതുമായി ഇപ്പോഴത്തെ സംഘര്‍ഷങ്ങള്‍ക്ക് കൃത്യമായ സാമ്യമുണ്ട്. ഹീബ്രോണ്‍ (അല്‍ ഖലീല്‍) പട്ടണത്തിലെ പള്ളിയില്‍ 1990കളില്‍ ജൂതന്‍മാര്‍ കൂട്ടമായി വരാന്‍ തുടങ്ങി. ആദ്യമൊക്കെ പള്ളി പരിസരത്തായിരുന്നു കര്‍മങ്ങള്‍. സാവധാനം പള്ളിക്കകത്തേക്ക് കയറാന്‍ തുടങ്ങി. ഇടക്കിടക്ക് ഫലസ്തീനികളുമായി ഉരച്ചിലുകളുണ്ടായി. 1994 ഫെബ്രുവരി 25ന് ജൂത തീവ്രവാദി ബറൂച്ച് ഗോള്‍ഡ്സ്റ്റിന്‍ പള്ളിയില്‍ ഇരച്ച് കയറി തലങ്ങും വിലങ്ങും വെടിവെച്ചു. നിസ്‌കാരത്തിലായിരുന്ന 30 ഫലസ്തീനികളാണ് തത്ക്ഷണം മരിച്ചത്. ഇസ്‌റയേലി സൈന്യം ഉടന്‍ പള്ളി വളഞ്ഞു. ക്രമസമാധാന പ്രശ്‌നം ഉന്നയിച്ച് പള്ളി അടച്ചിടുകയാണ് പിന്നെ ചെയ്തത്. ഇസ്‌റയേല്‍ സര്‍ക്കാര്‍ ദുഃഖം നടിച്ചു. പള്ളി മുസ്‌ലിംകള്‍ക്ക് തന്നെ തുറന്ന് കൊടുക്കുമെന്ന് പ്രഖ്യാപിച്ചു. കൊടും ചതിയായിരുന്നു അത്. പള്ളി സമുച്ചയം വിഭജിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. ഒരു ഭാഗം ജൂതര്‍ക്ക് മറുഭാഗം മുസ്‌ലിംകള്‍ക്ക്. ഇതേ തന്ത്രമാണ് അല്‍ അഖ്‌സയുടെ കാര്യത്തിലും സംഭവിക്കാന്‍ പോകുന്നത്. ജറുസലമില്‍ മുസ്‌ലിം ജനസംഖ്യ കുറച്ചു കൊണ്ടുവരികയും ജൂതസാന്നിധ്യം പതിന്‍മടങ്ങാക്കുകയുമാണ് തന്ത്രം. ആ സ്വപ്‌നത്തെ ഓരോ നിമിഷവും വെല്ലുവിളിക്കുന്ന വിശുദ്ധ സാന്നിധ്യമാണ് അല്‍ അഖ്‌സ. അത് ഫലസ്തീനികളെയും ലോകത്താകെയുള്ള മുസ്‌ലിംകളെയും അങ്ങോട്ട് ആകര്‍ഷിച്ചു കൊണ്ടേയിരിക്കുന്നു. സിയോണിസ്റ്റ്- പാശ്ചാത്യ കൂട്ടുകെട്ടിലൂടെ സാധ്യമാകുന്ന മത-രാഷ്ട്രീയ- സാമ്പത്തിക ശക്തി ഉപയാഗിച്ച് ഈ ചരിത്ര ശേഷിപ്പുകള്‍ തുടച്ചു നീക്കുകയാണ് ആത്യന്തിക ലക്ഷ്യം. മതപരമായ ലക്ഷ്യങ്ങള്‍ രാഷ്ട്രീയ ലക്ഷ്യങ്ങളേക്കാള്‍ പ്രഹര ശേഷിയുള്ളവയാണെന്ന് സയണിസ്റ്റുകള്‍ക്കറിയാം. തങ്ങളുടെ രാഷ്ട്രം ലോകത്തെ ഏറ്റവും വലിയ സൈനിക ശക്തിയായി വളര്‍ന്നു കഴിഞ്ഞിട്ടും സയണിസം ജൂത വിശ്വാസികളെ അരക്ഷിതരായി അവതരിപ്പിക്കുകയാണ്. ഇന്നും അവര്‍ ഹോളോകോസ്റ്റിന്റെ ഭീതിയിലാണത്രേ. പുതിയ ഹോളോകോസ്റ്റ് മുസ്‌ലിംകളില്‍ നിന്നാണത്രേ വരാന്‍ പോകുന്നത്. നിരായുധരായ, പാഞ്ഞടുക്കുന്ന യുദ്ധടാങ്കുകള്‍ക്ക് നേരെ ചെറു കല്ലുകളെടുത്തെറിയാന്‍ വിധിക്കപ്പെട്ട കുട്ടികളിലാണ് ഇവര്‍ ഹിറ്റ്‌ലറെ ആരോപിക്കുന്നത്. ബൈത്തുല്‍ മുഖദ്ദസിന് ചുറ്റും അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നത് ഇത്തരം നുണകള്‍ ലോകത്തിന് മേല്‍ അടിച്ചേല്‍പ്പിക്കാന്‍ വേണ്ടിയാണ്.

ഫലസ്തീന്‍ പ്രതിസന്ധിയെ രാഷ്ട്രീയ പ്രശ്‌നമായി കാണാനേ സാധിക്കില്ല. അത് മനുഷ്യാവകാശ പ്രശ്‌നമാണ്. ഇസ്രയേല്‍ അധിനിവേശം സ്വാതന്ത്ര്യത്തിന് മേലുള്ള കടന്ന് കയറ്റവുമല്ല. അത് മാനവരാശിയോട് തന്നെയുള്ള യുദ്ധ പ്രഖ്യാപനമാണ്. ഒരു നിയമവും തങ്ങള്‍ക്ക് ബാധകമല്ലെന്ന ധാര്‍ഷ്ട്യമാണല്ലോ ജൂത രാഷ്ട്രത്തിന്. വെസ്റ്റ്ബാങ്കില്‍ ഇപ്പോള്‍ നാല് ലക്ഷത്തിലധികം ജൂത കുടിയേറ്റക്കാര്‍ താമസിക്കുന്നുണ്ട്. പുതിയ കുടിയേറ്റ സമുച്ചയങ്ങള്‍ ഉയര്‍ന്നു കൊണ്ടേയിരിക്കുകയാണ്. ഇവക്കൊക്കെ നിയമപരിരക്ഷ ലഭിക്കുന്നു. നല്ല കൃഷിയിടങ്ങളെല്ലാം പിടിച്ചെടുത്തു കഴിഞ്ഞു. ഫലസ്തീന്‍ പൗരന്റെ ഏത് വീടും ഇസ്രയേല്‍ സൈന്യത്തിന് ഇടിച്ചു നിരത്താം. ഏത് കിണറിലെ വെള്ളവും ഫലസ്തീന്‍കാര്‍ക്ക് നിഷേധിക്കാം. ഏത് പാതയും അവര്‍ക്ക് വിലക്കാം. പരിശോധനാ കേന്ദ്രങ്ങളുടെ നീണ്ട നിരയില്‍ വിധേയനായി നിന്നു കൊണ്ട് മാത്രമേ സ്വന്തം മണ്ണില്‍ ഒരു ഫലസ്തീന്‍കാരന് സഞ്ചരിക്കാന്‍ കഴിയൂ. അവന് മേല്‍ ഏത് നിമിഷവും കുറ്റം ചാര്‍ത്തപ്പെടാം. ഒരു വിചാരണയുമില്ലാതെ ജയിലിലടക്കപ്പെടും. ആയിരക്കണക്കിന് അറബ് പൗരന്‍മാര്‍ ഇസ്രയേല്‍ ജയിലില്‍ കഴിയുന്നുണ്ട്. അവരില്‍ നല്ലൊരു ശതമാനം കുട്ടികളാണ്. കല്ലെറിഞ്ഞതാണ് കുറ്റം. ചാര്‍ത്തുന്ന വകുപ്പ് കൊലക്കുറ്റം.

ഈ അപ്പാര്‍ത്തീഡ് രാഷ്ട്രീയ ക്രമത്തെ വ്യവസ്ഥാപിതമായി വെല്ലുവിളിക്കുവാനും അന്താരാഷ്ട്ര പിന്തുണ ആര്‍ജിക്കാനുമുള്ള ദൗത്യമാണ് ഐക്യ ഫലസ്തീനില്‍ നിക്ഷിപ്തമായിരിക്കുന്നത്. വൈകാരികമായ പ്രതികരണങ്ങളല്ല പരിഹാരമെന്ന് ഈ ജനത തിരിച്ചറിയുന്നുണ്ട്. അത്‌കൊണ്ടാണ് അവര്‍ ഐക്യപ്പെടുന്നത്. യു എന്നില്‍ വരുന്ന ഏത് പ്രമേയവും വീറ്റോ ചെയ്യാന്‍ അമേരിക്കയുണ്ടായിരിക്കുകയും ജൂതരാഷ്ട്രത്തിന് പ്രതിരോധിക്കാനുള്ള അവകാശമുണ്ടെന്ന പല്ലവി ലോക പോലീസ് ആവര്‍ത്തിക്കുകയും ചെയ്യുമ്പോള്‍ ഒന്നും സുസാധ്യമല്ലെന്നും അവര്‍ക്കറിയാം. പക്ഷേ ലോകക്രമത്തില്‍ സംഭവിക്കുന്ന മാറ്റങ്ങളെ അവര്‍ പ്രതീക്ഷാ പൂര്‍വം കാണുന്നു. ദ്വിരാഷ്ട്ര പരിഹാരം തങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്ന ഒന്നായിരിക്കണമെന്ന ന്യായമായ ആവശ്യം ലോകത്തിന് ബോധ്യപ്പെടുമെന്ന് തന്നെയാണ് അവരുടെ വിശ്വാസം.

മുസ്തഫ പി എറയ്ക്കല്‍

You must be logged in to post a comment Login