പ്രതിരോധത്തിന്റെ ബദല്‍ കാഴ്ചകള്‍

പ്രതിരോധത്തിന്റെ ബദല്‍ കാഴ്ചകള്‍

മധ്യപൂര്‍വ ദേശത്ത് എന്തു നടക്കുന്നുവെന്നതിന്റെ ഒരു ബദല്‍ക്കാഴ്ച എനിക്ക് ആദ്യം ലഭിച്ചതു നോം ചോംസ്‌കിയുടെ ലേഖനങ്ങളില്‍നിന്നാണ്. ദശകങ്ങളായി അദ്ദേഹം മിഡില്‍ ഈസ്റ്റ് രാഷ്ടീയം എഴുതിക്കൊണ്ടിരിക്കുന്നു. യുഎസ് വിദേശനയം എപ്രകാരമാണ് ഇസ്രയേലിന്റെ അതിക്രമങ്ങള്‍ക്ക് ന്യായീകരണവും ആധികാരികതയും നല്‍കുന്നുവെന്നത് ചോംസ്‌കി ചൂണ്ടിക്കാണിക്കാറുണ്ട്. ഇക്കാരണത്താലാണു ജൂതനായിട്ടും ചോംസ്‌കിക്കു ഇസ്രയേലില്‍ പ്രവേശനമില്ലാത്തത്. ജറുസലം സര്‍വകലാശാലയില്‍ പ്രഭാഷണത്തിനു ക്ഷണം ലഭിച്ചിട്ടും അദ്ദേഹത്തിന് അങ്ങോട്ടു പോകാനായില്ല.

എഡ്വേഡ് സെയ്ദിന്റെ ദ് പൊളിറ്റിക്‌സ് ഓഫ് ഡിസ് പൊസസ്ഡ് എന്ന പുസ്തകം തൊണ്ണൂറുകളില്‍ ഫലസ്തീന്‍ സംഘര്‍ഷത്തിന്റെ കുറച്ചുകൂടി അടുത്തുനിന്നുള്ള കാഴ്ചകളും കാഴ്ചപ്പാടുകളും പകര്‍ന്നുതന്നിരുന്നു. ഇപ്പോള്‍ നോക്കുമ്പോള്‍ ഫലസ്തീന്‍ ചെറുത്തുനില്‍പ്പിന്റെ ഒട്ടേറെ ഡോക്യൂമെന്റേഷന്‍സ് നടന്നിട്ടുണ്ട്. രാഷ്ട്രീയ വിശകലനങ്ങളും ഒരുപാടു സംഭവിച്ചു. എങ്കിലും ജനതയുടെ യാതന തുടരുന്നു, വംശഹത്യയുടെ വെല്ലുവിളികള്‍ മറ്റു പല രാജ്യങ്ങളിലേക്കും പടരുന്നു. അത് നമ്മുടെ അയല്‍പക്കത്ത് രോഹിന്‍ഗ്യകളിലെത്തി നില്‍ക്കുന്നു.
കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങള്‍ വരെ ഫലസ്തീന്‍ അറബ് പ്രദേശങ്ങള്‍ ഓട്ടോമന്‍ സാമ്രാജ്യത്തിനു കീഴിലായിരുന്നു. 1516 ലാണു അവര്‍ കിഴക്കന്‍ മെഡിറ്ററേനിയന്‍ പ്രദേശങ്ങള്‍ കീഴടക്കിയത്. 1914-18 ല്‍ ഒന്നാം ലോകയുദ്ധകാലത്ത് ഓട്ടമന്‍ സാമ്രാജ്യം ജര്‍മനിക്കൊപ്പം നിന്നു. ഇക്കാലത്ത് അറബികളുടെ ഓട്ടോമന്‍ വിരുദ്ധകലാപത്തിന് എതിര്‍ചേരിയിലെ ബ്രിട്ടന്‍ പിന്തുണ നല്‍കി.അറബികള്‍ക്കു സ്വയംഭരണം വാഗ്ദാനം ചെയ്തായിരുന്നു ഇത്. ജൂതന്‍മാര്‍ക്ക് ഫലസ്തീനില്‍ സ്വന്തം രാജ്യവും ബ്രിട്ടന്‍ വാഗ്ദാനം ചെയ്തിരുന്നു. ഇതു സംബന്ധിച്ച പ്രഖ്യാപനം ബ്രിട്ടിഷ് വിദേശ സെക്രട്ടറി ലോഡ് ബാല്‍ഫറാണ് 1917ല്‍ പുറത്തിറക്കിയത്. അറബ് സേന 1918 ല്‍ സിറിയ പിടിച്ചെടുത്തു. ഒന്നാം ലോകയുദ്ധത്തിനുശേഷം ലീഗ് ഓഫ് നേഷന്‍സ്, ബ്രിട്ടനും ഫ്രാന്‍സിനും പഴയ ഓട്ടമന്‍ പ്രദേശങ്ങളുടെ നിയന്ത്രണം വിട്ടുകൊടുത്തു. സിറിയ ഫ്രാന്‍സിനു വിട്ടുകൊടുത്തപ്പോള്‍, ഇസ്രയേല്‍, വെസ്റ്റ് ബാങ്ക്, ഗസ്സ, ജോര്‍ദാന്‍ എന്നീ പ്രദേശങ്ങളുടെ ഭാവിയെന്തെന്നു തീരുമാനിക്കാനുള്ള അധികാരം ബ്രിട്ടന്റെ കൈകളിലെത്തി.
1912ല്‍ ബ്രിട്ടന്‍ ജോര്‍ദാനു കിഴക്കു ഭാഗം അറബികള്‍ക്കു വിട്ടുകൊടുത്തു. ജോര്‍ദാനു പടിഞ്ഞാറുഭാഗം ഫലസ്തീന്‍ ബ്രിട്ടന്‍ കൈവശം വയ്ക്കുകയും ചെയ്തു.

ഈ ഫലസ്തീന്‍ മേഖലയിലേക്കു പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാന ദശകങ്ങള്‍ മുതല്‍ ജൂത കുടിയേറ്റം ആരംഭിച്ചിരുന്നു. 1930 കളില്‍ നാസി ആശയ വ്യാപനത്തോടെ കുടിയേറ്റം ശക്തമായി. അറബ് അയല്‍രാജ്യങ്ങളുടെ പിന്തുണയോടെ ഫലസ്തീന്‍ വംശജരും കുടിയേറ്റക്കാരായ ജൂതന്‍മാരും തമ്മില്‍ നിരന്തരമായ സംഘര്‍ഷങ്ങള്‍ വളര്‍ന്നു. 1947-49 വര്‍ഷങ്ങളില്‍ ഫലസ്തീനുമേലുള്ള ഭരണാധികാരം ബ്രിട്ടന്‍ ഐക്യരാഷ്ട്രസംഘടനയ്ക്കു മേല്‍നോട്ടത്തിനു വിട്ടുകൊടുത്തു. യുഎന്നാണു രണ്ടു രാജ്യങ്ങള്‍ എന്ന ആശയം മുന്നോട്ടുവച്ചത്: ഒരെണ്ണം അറബ്, മറ്റേത് ജൂതരാജ്യം. ജൂതര്‍ അംഗീകരിച്ചെങ്കിലും അറബ് പക്ഷം പദ്ധതി തള്ളി. 1948 മേയ് 15ന് ഇസ്രയേല്‍ രാഷ്ട്ര സ്ഥാപനം പ്രഖ്യാപിക്കപ്പെട്ടു. ഈജിപ്ത്, സിറിയ, ലെബനന്‍, ജോര്‍ദാന്‍ എന്നീ അറബ് രാജ്യങ്ങള്‍ സേനാമുന്നേറ്റം നടത്തിയെങ്കിലും പരാജയപ്പെട്ടു പിന്‍വാങ്ങേണ്ടിവന്നു. 1949 ല്‍ യുഎന്‍ നിര്‍ദേശിച്ചതിനുമേറെ ഭൂപ്രദേശം ഇസ്രയേല്‍ അധീനതയിലാകുകയും ചെയ്തു.
1956ല്‍ ഈജിപ്തില്‍ കമാല്‍ അബ്ദല്‍ നാസര്‍ അധികാരമേറി. സിറിയ-ഈജിപ്ത് സൈന്യത്തെ സംയോജിപ്പിച്ച അദ്ദേഹം യൂറോപ് അധീനതയിലായിരുന്ന സൂയസ് കനാല്‍ ദേശസാല്‍ക്കരിക്കുകയും ചെയ്തു, ബ്രിട്ടനും ഫ്രാന്‍സിനുമൊപ്പം ഇസ്രയേല്‍ 1956 ഒക്ടോബര്‍ 29നു ഈജിപ്തിലെ സിനായ് ഉപദ്വീപ് ആക്രമിച്ചു. എന്നാല്‍ കടുത്ത രാജ്യാന്തര സമ്മര്‍ദം ഉണ്ടായതോടെ ഇസ്രയേല്‍ സേന സിനായ് ഉപേക്ഷിച്ചുപിന്‍വാങ്ങി. സൂയസ് കനാലില്‍നിന്ന് ബ്രിട്ടിഷ് ഫ്രഞ്ച് സേനകളും പിന്‍വാങ്ങി.

1964 ലാണു ഫലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍ (പിഎല്‍ഒ) സ്ഥാപിതമായത്. ഫലസ്തീന്‍ ജനതയ്ക്കു സ്വന്തം രാഷ്ട്രമെന്ന ലക്ഷ്യവുമായി യാസര്‍ അറാഫത്ത് സ്ഥാപിച്ച രാഷ്ട്രീയ സംഘടനയാണു ഫതഹ്.

ഇരുപതാം നൂറ്റാണ്ടിലെ പ്രതിരോധ പ്രസ്ഥാനങ്ങളുടെ ചരിത്രത്തിലെ നാഴികക്കല്ലാണിത്. ആറുദിന യുദ്ധത്തിന്റെ വന്‍പരാജയത്തോടെ ഈജിപ്ത് അടക്കം അറബ് രാജ്യങ്ങളെല്ലാം ഫലസ്തീന്‍ ദേശത്തുനിന്ന് പിന്‍വാങ്ങിയിരുന്നു. ഈ സാഹചര്യത്തിലാണു യാസര്‍ അറാഫത്തിന്റെ നേതൃത്വത്തിലുള്ള പിഎല്‍ഒ ഫലസ്തീന്‍ വിമോചന പോരാട്ടത്തിന്റെ മുഴുവന്‍ പ്രാതിനിധ്യവും ഏറ്റെടുത്തത്.

1967 ജൂണ്‍ അഞ്ചിനു ഇസ്രയേല്‍ അറബ് സൈന്യത്തിനു മേല്‍ ആക്രമണം തുടങ്ങി. ആറുദിവസ യുദ്ധത്തില്‍ ഈജിപ്തില്‍നിന്നു സിനായിയും സിറിയയില്‍നിന്നു ഗോലാന്‍ കുന്നുകളും ജോര്‍ദാനില്‍നിന്നു വെസ്റ്റ് ബാങ്കും ജറുസലം നഗരവും ഇസ്രയേല്‍ സൈന്യം പിടിച്ചെടുത്തു. ഇസ്രയേല്‍-ഫലസ്തീന്‍ സംഘര്‍ഷ ചരിത്രത്തിലെ നിര്‍ണായകമായ സന്ദര്‍ഭമാണിത്. സമാധാനചര്‍ച്ചകളില്‍ ഇസ്രയേല്‍ 1967നു മുന്‍പുള്ള സ്ഥിതിയിലേക്കു തിരിച്ചുപോകണമെന്ന ആവശ്യം അന്നുമുതല്‍ ഉയരാറുണ്ട്. 1973 ഒക്ടോബര്‍ ആറിന് സിറിയയും ഈജിപ്തും സംയുക്തമായി നഷ്ടപ്രദേശങ്ങള്‍ തിരിച്ചുപിടിക്കാന്‍ ഇസ്രയേലിനെതിരെ ആക്രമണമഴിച്ചുവിട്ടു. തുടക്കത്തില്‍ പതറിയെങ്കിലും ഇസ്രയേല്‍ സൈന്യം അറബ് സൈന്യത്തെ തുരത്തി ആറുദിവസത്തെ യുദ്ധത്തില്‍ പിടിച്ചെടുത്ത എല്ലാ പ്രദേശങ്ങളും നിലനിര്‍ത്തി.

1979 ലാണു ഈജിപ്തും ഇസ്രയേലും തമ്മില്‍ സമാധാനക്കരാറുണ്ടാകുന്നത്. യുഎസ് ഇടപെട്ടു നടത്തിയ ഒരു നയതന്ത്രനീക്കം. അന്നത്തെ ഈജിപ്ത് പ്രസിഡന്റ് അന്‍വര്‍ സാദത്താണ് ഇസ്രയേലെ അംഗീകരിച്ചുള്ള കരാറില്‍ ഒപ്പുവച്ചത്. ഇതിനു പകരമായി സിനായ് ഈജിപ്തിനു തിരിച്ചുകൊടുത്തു.

1983 ലാണു ഓസ്‌ലോ കരാര്‍ ഒപ്പുവയ്ക്കുന്നത്. ഇതുപ്രകാരം പിഎല്‍എയും ഇസ്രയേലും പരസ്പരം അംഗീകരിച്ചു. വെസ്റ്റ് ബാങ്കിലും ഗസ്സയിലും ഫലസ്തീനികള്‍ക്ക് പരിമിത സ്വയംഭരണാവകാശം ഇസ്രയേല്‍ അനുവദിച്ചു. ഇതേ കാലയളവില്‍ ജോര്‍ദാനും ഇസ്രയേലുമായി സമാധാനക്കരാര്‍ ഒപ്പുവച്ചു. എന്നാല്‍ എണ്‍പതുകളിലാണു ഫലസ്തീനിലെ അധിനിവേശ പ്രദേശങ്ങളില്‍ ഇസ്രയേല്‍ വളരെ ആസൂത്രിതമായ കുടിയേറ്റങ്ങള്‍ വ്യാപകമാക്കിയത്. 1987 ല്‍ വെസ്റ്റ് ബാങ്കിലെയും ഗസ്സയിലെയും ഫലസ്തീന്‍ പൗരന്‍മാര്‍ ഇസ്രയേല്‍ അധിനിവേശത്തിനെതിരായ ജനകീയ പ്രക്ഷോഭത്തിന് തുടക്കമിട്ടു. 2002 ല്‍ 29 ഇസ്രയേലികള്‍ ചാവേറാക്രമണത്തില്‍ കൊല്ലപ്പെട്ടതോടെ ഇസ്രയേല്‍ അറാഫത്തിനെ വീട്ടുതടങ്കിലിലാക്കി. ഓസ്‌ലോ കരാര്‍ പ്രകാരം സ്വയം ഭരണം ലഭിച്ച പ്രദേശങ്ങള്‍ ഇസ്രയേല്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലായി. അറാഫത്തിനെ നേതൃസ്ഥാനത്തുനിന്നു നീക്കണമെന്ന യുഎസ് സമ്മര്‍ദത്തിനു ഫലമുണ്ടായി. 2003 ലാണ് യുഎസ് പിന്തുണയോടെ മഹ്മൂദ് അബ്ബാസ് പലസ്തീന്‍ അതോരിറ്റിയുടെ പ്രധാനമന്ത്രിയായത്. പിറ്റേവര്‍ഷം ഫലസ്തീന്‍ സായുധ പ്രതിരോധ സംഘടനയുടെ ശില്‍പികളിലൊരാളായ ഷെയ്ഖ് അഹമ്മദ് യാസീനിനെ ഗാസ സിറ്റിയില്‍ ഇസ്രയേല്‍ കൊലപ്പെടുത്തി. പിന്‍ഗാമിയായെത്തിയ അബ്ദല്‍ അസിസ് അല്‍ റന്‍ന്റിസിയും സമാനമായ മിസൈല്‍ ആക്രമണത്തില്‍ ഒരു മാസത്തിനുശേഷം വധിക്കപ്പെട്ടു. 2004 നവംബര്‍ 11ന് അറാഫത്ത് അന്തരിച്ചു. പിഎല്‍ഒയുടെ ചെയര്‍മാനായി മഹ്മൂദ് അബ്ബാസ് സ്ഥാനമേറ്റു. തുടര്‍ന്നുള്ള തിരഞ്ഞെടുപ്പിലും അബ്ബാസ് വിജയിച്ചു.

ഇസ്രയേലുമായി സമാധാനമാര്‍ഗത്തില്‍ അവകാശങ്ങള്‍ നേടിയെടുക്കുക എന്ന ലക്ഷ്യത്തോടെയുള്ള നീക്കം ശക്തി പ്രാപിക്കുന്നതിനിടെ, ഫലസ്തീന്‍ സമരരംഗത്ത് ഹമാസ് ബദല്‍ ശക്തിയായി ഉയര്‍ന്നിരുന്നു. വെസ്റ്റ് ബാങ്കിലെയും ഗസ്സ മുനമ്പിലെയും ഇസ്രയേല്‍ അധിനിവേശത്തിനെതിരെ ജനകീയപോരാട്ടം നയിച്ചുകൊണ്ടാണ് 1987ല്‍ ഹമാസ് രൂപീകൃതമായത്.

2006ല്‍ നടന്ന ഫലസ്തീന്‍ ലെജിസ്‌ലേറ്റീവ് കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ ഹമാസ് വന്‍വിജയം നേടിയതോടെയാണു ഫലസ്തീനില്‍ ഫതഹിന്റെ ആധിപത്യത്തിന് ഇളക്കം തട്ടിത്തുടങ്ങിയത്. ഫതഹിന്റെ തിരഞ്ഞെടുപ്പു പരാജയത്തിനു പിന്നാലെ ഗസ്സാ മുനമ്പില്‍ ഫതഹ്-ഹമാസ് സംഘര്‍ഷം രൂക്ഷമായി. 2007 ആദ്യം സഖ്യമുണ്ടാക്കാന്‍ ഇരുപക്ഷവും ധാരണയായെങ്കിലും ആ വര്‍ഷം ജൂണില്‍ ഹമാസ് ഗസ്സ പിടിച്ചെടുത്തു. ബദല്‍ സര്‍ക്കാരും സ്ഥാപിച്ചു. ഇതോടെ ഇസ്രയേല്‍ അധീനതയിലല്ലാത്ത വെസ്റ്റ് ബാങ്കിന്റെ ഭാഗങ്ങള്‍ മാത്രമായി ഫതഹിന്റെ ഫലസ്തീന്‍ അതോറിറ്റിയുടെ കീഴില്‍. 2014ല്‍ ദേശീയസര്‍ക്കാരിനുള്ള വ്യവസ്ഥകള്‍ ഹമാസ് അംഗീകരിച്ചെങ്കിലും കരാര്‍ പ്രാബല്യത്തിലായില്ല.

ഇസ്രയേലുമായി മൂന്നുവട്ടം യുദ്ധത്തിലേര്‍പ്പെട്ട ഹമാസിന് ഫലസ്തീന്‍ അതോറിറ്റിയില്‍ പങ്കാളിത്തം ലഭിക്കുന്നതിനെ ഇസ്രയേല്‍ ശക്തമായി എതിര്‍ക്കുന്നുണ്ട്. ഹമാസിനെ ഭീകരസംഘടനയായിട്ടാണ് ഇസ്രയേല്‍ കണക്കാക്കുന്നത്.

മറ്റു രാജ്യങ്ങളും ഇസ്രയേലും ഫതഹിന്റെ നിയന്ത്രണത്തിലുള്ള ഫലസ്തീന്‍ നാഷനല്‍ അതോറിറ്റിയെ മാത്രമാണ് അംഗീകരിക്കുന്നത്. ഫതഹുമായി കിടമത്സരവും ഇസ്രയേലുമായി പോരാട്ടവുമായിരുന്നു ഹമാസിന്റെ നയം. ഇതിനിടയില്‍ ഹമാസ് പൊതു എതിരാളിയാണെന്നു വന്നതോടെ ഇസ്രയേലും ഫതഹ് നേതൃത്വവും തമ്മില്‍ ചില രഹസ്യധാരണകളുണ്ടായി. ഹമാസ് പ്രവര്‍ത്തകരെക്കുറിച്ച് ഇസ്രയേലിന്റെ രഹസ്യാന്വേഷണ ഏജന്‍സിയായ ഷിന്‍ ബെറ്റിനു വിവരങ്ങള്‍ നല്‍കാന്‍വരെ ഫതഹ് നേതൃത്വം തയാറായി.

ഗസ്സയുടെ മേല്‍ പലവിധേനയുള്ള ഉപരോധങ്ങളും ഫതഹ് ഏര്‍പ്പെടുത്തി. ഗസ്സയിലെ സര്‍ക്കാരുദ്യോഗസ്ഥരുടെ ശമ്പളം ഫതഹ് ഭരണകൂടം വെട്ടിക്കുറച്ചു. ഗസ്സയിലേക്കുള്ള വൈദ്യുതിക്ക് ഇസ്രയേലിനു പണം നല്‍കേണ്ടതു ഫതഹ് ഭരണകൂടമാണ്. അത് അവര്‍ നിര്‍ത്തിവച്ചു. അതോടെ ഗാസയിലേക്കുള്ള വൈദ്യുതി വിതരണം ഇസ്രയേല്‍ നിര്‍ത്തി. ഒടുവില്‍ ഈജിപ്തില്‍നിന്നു ടാങ്കറുകളില്‍ ഡീസല്‍ കൊണ്ടുവന്നു ജനറേറ്ററുകള്‍ പ്രവര്‍ത്തിപ്പിച്ചാണു പ്രശ്‌നം പരിഹരിച്ചത്. ഗാസയിലെ ജനജീവിതം ദുസ്സഹമായതോടെ കഴിഞ്ഞ മാസം ഫതഹ്-ഹമാസ് സമാധാനക്കരാര്‍ ഈജിപ്ത് മധ്യസ്ഥതയില്‍ കയ്‌റോയില്‍ ഒപ്പിട്ടു. രണ്ടുവര്‍ഷമായി ആക്രമണനയം ഉപേക്ഷിച്ചുവരുന്ന ഹമാസും പാശ്ചാത്യശക്തികളുമായി ബന്ധം പുലര്‍ത്തുന്ന ഫത്തായും യോജിപ്പിന്റെ പാതയിലെത്തിയതോടെ ഫലസ്തീന്‍ ജനതയുടെ പ്രതീക്ഷകളിലാണു വെളിച്ചം നിറയുന്നത്.

1967ലെ യുദ്ധ പരാജയമാണു ഫലസ്തീനിലെ സ്ഥിതി മാറ്റിമറിച്ചത്. യുദ്ധത്തിലെ പരാജയത്തോടെ അറബ് അയല്‍രാജ്യങ്ങള്‍ ഓരോന്നായി ഫലസ്തീനില്‍നിന്ന് അകന്നു തുടങ്ങി. ദേശീയ സ്വയം ഭരണത്തിനായുള്ള അറഫാത്തിന്റെ നേതൃത്വത്തിലുള്ള പ്രതിരോധ മുന്നേറ്റത്തിനു തുടക്കം അവിടെയാണ്. അന്‍പതു വര്‍ഷത്തിനുശേഷം പലസ്തീന്‍ ജനതയുടെ യാതനകള്‍ക്കു ശമനമില്ല. ഇസ്രയേല്‍ ഭീഷണിക്കും അധിനിവേശത്തിനും അടിയിലാണ് അവരുടെ ജീവിതം. സൈനികശക്തിയില്‍ ഇസ്രയേലിനെ ജയിക്കാനാവില്ലെന്ന് ഹമാസ് അടക്കമുള്ള സംഘടനകളും മനസിലാക്കിക്കഴിഞ്ഞു. രാജ്യാന്തര സമൂഹത്തിന്റെ പിന്തുണയോടെ, ഇരുപക്ഷവും മുന്നിട്ടിറങ്ങുന്ന സമാധാന ചര്‍ച്ചകളിലാണ് എല്ലാവരുടെയും പ്രതീക്ഷ. ഇസ്രയേലിനെ സമ്മര്‍ദത്തിലാക്കാന്‍ കഴിയാത്തിടത്തോളം കാലം ഈ നീക്കങ്ങള്‍ ഫലപ്രദമാകില്ല. അല്‍ അഖ്‌സ വളപ്പിലെ ഇസ്രയേല്‍ സൈനിക ഉപരോധം പോലും രാജ്യാന്തരസമ്മര്‍ദം മൂലമാണു തല്‍ക്കാലത്തേക്ക് ഇസ്രയേല്‍ ഉപേക്ഷിച്ചത്. അധിനിവേശത്തിനും നിര്‍ബന്ധിത കുടിയേറ്റത്തിനും ട്രംപ് ഭരണകൂടം പൂര്‍ണ പിന്തുണ നല്‍കുന്നത് ഇസ്രയേലിന് ആത്മവിശ്വാസം പകരുന്നു. ദ്വിരാഷ്ട്രമെന്ന പരിഹാര മാര്‍ഗം തടയാന്‍ ഇസ്രയേലിനു ശക്തമായ പിന്തുണ നല്‍കുന്നതും യുഎസാണ്. മധ്യപൂര്‍വ ദേശത്ത് അമേരിക്കയെ ഏറ്റവും അലട്ടുന്നത് ഇറാന്റെ വളര്‍ച്ചയാണ്. ഇറാന്‍ ആണവശക്തിയാകുന്നതും മേഖലയില്‍ മേധാവിത്വം നേടുന്നതും തടയാന്‍ ഇറാനുമായുള്ള സംഘര്‍ഷം ആളിക്കത്തിക്കുകയാണു യുഎസിനു മുന്നിലുള്ള മാര്‍ഗം. ഫലസ്തീന്‍ സ്വതന്ത്രമാകുന്നതും യുഎസ് താല്‍പര്യങ്ങള്‍ക്കു വിരുദ്ധമാകുന്നു.

ഇശാ അലി

You must be logged in to post a comment Login