മൂന്നാള്‍; മൂന്നുവഴി

മക്തി തങ്ങള്‍, ചാലിലകത്ത് ,വക്കം മൌലവി

ചരിത്രത്തിന്റെ പൊതുവായനയ്ക്കിടയില്‍ ആലോചനയില്‍ അസ്വാസ്ഥ്യം സൃഷ്ടിച്ച ഒരു ചോദ്യചിഹ്നമിതാണ് : ഒരേ സാഹചര്യത്തിന്റെ അനിവാര്യതയായി ഉയര്‍ന്നു വന്ന ഒരേ സമുദായത്തിന്റെ ഉന്നത ചിന്താമണ്ഡലം സ്വന്തമാക്കിയ ഈ നേതൃത്രയങ്ങള്‍ക്ക് എന്തുകൊണ്ട് മത-സാംസ്കാരിക- സാമൂഹിക- വിദ്യാഭ്യാസ- രാഷ്ട്രീയ മേഖലകളില്‍ സമവായത്തിലെത്താന്‍ കഴിഞ്ഞില്ല?

സ്വാലിഹ് പുതുപൊന്നാനി

         സയ്യിദ് സനാഉല്ല മക്തി തങ്ങള്‍ (1847-1912) (മൌലാനാ കുഞ്ഞഹമ്മദ് ഹാജി, ചാലിലകത്ത് (1866-1919), വക്കം അബ്ദുല്‍ഖാദിര്‍ മൌലവി (1873-1932)

1888ലെ അരുവിപ്പുറം പ്രതിഷ്ഠ, 1889ലെ ചന്തുമേനോന്റെ ഇന്ദുലേഖ, 1890ലെ സി ശങ്കരന്‍ നായരുടെ മരുമക്കത്തായ വിവാഹബില്‍, 1891ലെ മലയാളി മെമ്മോറിയല്‍ തുടങ്ങിയ നവോത്ഥാന മുന്നേറ്റങ്ങളുടെ അനുഭവങ്ങള്‍ക്കകത്തു ജീവിച്ചവരാണിവര്‍.

സര്‍ക്കാരുദ്യോഗം രാജഭരണത്തിലും ബ്രിട്ടീഷ്ഭരണത്തിലും സവര്‍ണഹിന്ദുക്കള്‍ക്കുമാത്രം സംവരണം ചെയ്യപ്പെട്ട കാലം. മലബാറില്‍ സവര്‍ണേതര•ാരുടെ ഉയര്‍ന്ന ഉദ്യോഗത്തെക്കുറിച്ചു സര്‍ക്കാര്‍ ആലോചിക്കുന്നതുപോലും 1921ലാണ്. പിന്നാക്ക സമുദായക്കാരെ ജോലിക്കുതെരഞ്ഞെടുക്കാന്‍ സ്റാഫ് സെലക്ഷന്‍ ആരംഭിക്കുന്നത് കൊച്ചിയില്‍ 1936ലും. എന്നാല്‍ അവഗണിക്കപ്പെട്ട ഈഴവ-മുസ്ലിം-ക്രിസ്ത്യന്‍ സമുദായങ്ങളുടെ തൊഴിലുറപ്പിനുവേണ്ടി പതിനായിരത്തിലധികം പേര്‍ ഒപ്പിട്ട് ഈഴവരുടെ നേതൃത്വത്തില്‍ തിരുവിതാംകൂര്‍ രാജാവിന് ഒരു ഭീമ ഹര്‍ജി നല്‍കുകയുണ്ടായത് 1891ലായിരുന്നു. മലയാളി മെമ്മോറിയല്‍ എന്നാണത് ചരിത്രത്തിലുള്ളത്. 1896ല്‍ ഈഴവസമുദായം വീണ്ടും പതിമുവായിരത്തിലധികം പേരുടെ മറ്റൊരു കൂട്ടഹരജി നല്‍കുകയുണ്ടായി.

ചരിത്രത്തിന്റെ പൊതുവായനയ്ക്കിടയില്‍ ആലോചനയില്‍ അസ്വാസ്ഥ്യം സൃഷ്ടിച്ച ഒരു ചോദ്യചിഹ്നമിതാണ് : ഒരേ സാഹചര്യത്തിന്റെ അനിവാര്യതയായി ഉയര്‍ന്നു വന്ന, ഒരേ സമുദായത്തിന്റെ ഉന്നത ചിന്താമണ്ഡലം സ്വന്തമാക്കിയ ഈ നേതൃത്രയങ്ങള്‍ക്ക് എന്തുകൊണ്ട് മത-സാംസ്കാരിക- സാമൂഹിക- വിദ്യാഭ്യാസ- രാഷ്ട്രീയ മേഖലകളില്‍ സമവായത്തിലെത്താന്‍ കഴിഞ്ഞില്ല? മലബാറിലെ- തിരുകൊച്ചിയിലെ – തിരുവിതാംകൂറിലെ മുസ്ലിംകള്‍ക്കിടയില്‍ ഒരുമയോടെ, പരസ്പര ധാരണയോടെ ഒന്നിച്ചു തുഴയാന്‍ അവര്‍ക്കു സാധിക്കാതെ പോയതിന്റെ പൊരുളെന്താണ്? ഒരേ കാലഘട്ടത്തില്‍, പരസ്പരം അറിയുന്നവര്‍ക്കിടയില്‍ ‘മത്സര’ ബുദ്ധിയും ധ്രുവീകരണവും സംഭവിക്കാന്‍ മാത്രം പൊരുത്തക്കേടുകളുണ്ടായിരുന്നോ ഇവര്‍ക്കിടയില്‍? ഉയര്‍ന്നു ചിന്തിക്കുന്ന ഇവര്‍ക്കു തന്നെയും പരസ്പരം ബോധ്യപ്പെടുത്താന്‍ കഴിയാത്ത ഏതു കാര്യമാണ് സമുദായത്തിലെ സാധു ജനങ്ങളെ അടിച്ചേല്‍പിക്കുക?

കേരള നവോത്ഥാന ചരിത്രത്തില്‍ 1880നു ശേഷമുള്ള അതിപ്രധാനമായ അരനൂറ്റാണ്ടു കാലഘട്ടത്തിലാണ് പഴയ/ പുതിയ മുസ്ലിം നവോത്ഥാന ചരിത്രത്തില്‍ ഇടം കിട്ടിയ ഈ മൂവരും പ്രവര്‍ത്തിച്ചത്. എന്നിട്ടുമെന്തുകൊണ്ട് ഒന്നിച്ചു നിന്നില്ല?

മലബാറിലും കൊച്ചിയിലും തിരുവിതാം കൂറിലും നിറഞ്ഞു നിന്ന, ‘അടുക്കളവിട്ടുപോയ’ ഒരു സഞ്ചാരിയായിരുന്നു, സയ്യിദ് സനാഉല്ലാഹ് മക്തി തങ്ങള്‍. ദേശസഞ്ചാരത്തിന്റെ മുപ്പത്തഞ്ചു വര്‍ഷങ്ങള്‍ക്കിടയില്‍, നവോത്ഥാനത്തിന്റെയും പുതുപരിഷ്കാരത്തിന്റെയും ചൂടപ്പം ‘പൂച്ച ക്കുഞ്ഞുങ്ങളെയെന്ന പോലെ’ നാടുനീളെ കൊണ്ടു നടന്നിട്ടും അവയെ നോക്കി ഒരു ‘ലൈക്ക്’ അറിയിക്കാന്‍ മഹാ•ാരായ ചാലിലകത്തിനും വക്കം മൌലവിക്കും താല്‍പര്യമില്ലായിരുന്നു. മക്തി തങ്ങളും ചാലിലകത്തും തമ്മില്‍ തൌഹീദില്‍ സംഘട്ടനമില്ല. ഇരുവരും അശ്അരീ മാര്‍ഗത്തിലായിരുന്നു. വക്കം മൌലവിക്കിതു മതിയായില്ല. അദ്ദേഹം ആധുനികനായതിനാല്‍ റശീദുരിളാ മാര്‍ഗമാണു തെരഞ്ഞെടുത്തത്. പരിശുദ്ധ പ്രവാചക സ്നേഹത്തിലും ആദരവിലും മക്തി തങ്ങളുടെയും ചാലിലകത്തിന്റെയും നിലവാരത്തിലെത്താന്‍ വക്കം മൌലവിക്കായില്ല; പ്രവാചക സന്താന പരമ്പരയ്ക്കു ലഭിക്കേണ്ടുന്ന ‘കൈമുത്തം’ ചോദിച്ചുവാങ്ങിയ മക്തി തങ്ങളും അതു നല്‍കാന്‍ യാതൊരു വൈമനസ്യവുമില്ലാത്ത ചാലിലകത്തും അതിലെ ‘ശാസ്ത്രീയത’ തെളിയിക്കാന്‍ കഴിയാത്തതിനാല്‍ വക്കം മൌലവിയോടു യോജിക്കാനിടയില്ല. ചാലിലകത്തിന്റെ നേതൃത്വത്തില്‍ ദാറുല്‍ ഉലൂമില്‍ നബിദിനാഘോഷങ്ങളുണ്ടായതിനു മക്തിതങ്ങള്‍ പ്രതിഷേധിക്കേണ്ട കാര്യമില്ല; നബി മാഹാത്മ്യത്തെക്കുറിച്ച് അവിടുത്തെ പണ്യവസീലപദവിയെക്കുറിച്ച്, തിരുപ്രകാശത്തിന്റെ ഭൌമോദയ സമയത്തുണ്ടായ അത്യത്ഭുത സംഭവങ്ങളെപ്പറ്റി വാചാലമായി തന്റെ ‘നബിനാണയ’ത്തില്‍ മക്തിതങ്ങള്‍ ഉപന്യസിച്ചിട്ടുണ്ട്. വക്കം മൌലവിക്കിതൊരു പക്ഷേ, അന്ധവിശ്വാസവും അനാചാരവുമാകാം. ശാഖാപരമായ കാര്യങ്ങളില്‍ മദ്ഹബുകള്‍ പ്രകാരം മുസ്ലിം പൊതു ജനം ജീവിക്കണമെന്ന കാഴ്ചപ്പാടിലായിരുന്നു മക്തി തങ്ങളും ചാലിലകത്തും. ‘ഖുര്‍ആനിലേക്കും ഹദീസിലേക്കും’ ക്ഷണിച്ച് സാധാരണ ജനങ്ങളെ വട്ടം കറക്കുവാന്‍ അവരിരുവരും തുനിഞ്ഞില്ല. മക്തി തങ്ങളുടെ ഫത്വകള്‍ ‘ശാഫിഈ’ വീക്ഷണ പ്രകാരമായിരുന്നു. ഇന്ത്യയിലെ മുസ്ലിം സിവില്‍ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ബ്രിട്ടീഷ് ഗവണ്‍മെന്റ് ഇംഗ്ളീഷില്‍ പരിഭാഷപ്പെടുത്തി വച്ചിട്ടുള്ള ഹിദായ, ഫതാവാ ആലംഗീരി തുടങ്ങിയ മദ്ഹബ് ഗ്രന്ഥങ്ങള്‍ ധാരാളമാണെന്നും അവയവലംബിച്ചു പാര്‍സി സമുദായക്കാരനായ ബോംബെയിലെ മുള്ള എന്ന നിയമജ്ഞന്‍ തയ്യാറാക്കിയ ‘മുഹമ്മദന്‍ ലോ’ പ്രാമാണികമാണെന്നും മക്തി തങ്ങള്‍ പ്രഖ്യാപിച്ചു. മദ്ഹബുകള്‍ ഈജിപ്തില്‍ നിന്നാണെങ്കില്‍ മാത്രം സ്വീകാര്യം എന്ന നിലപാടിലായിരുന്നു വക്കം മൌലവി.
മക്തി തങ്ങളും ചാലിലകത്തും തമ്മില്‍ സമാനതകളാണേറെയുള്ളതെന്നു ധരിക്കാന്‍ വരട്ടെ; ഇരുവര്‍ക്കും പരസ്പരം യോജിക്കാന്‍ കഴിയാത്ത ഒരു മൂലകാരണമുണ്ട്: ജ്ഞാനത്തിന്റെ ഏറ്റവ്യത്യാസമായിരുന്നു അത്. മതവിജ്ഞാനങ്ങളോടുള്ള സമീപനത്തിന്റെ വൈവിധ്യമായിരുന്നു അത്. തങ്ങളുടെ കൈമുത്താന്‍ തയ്യാറായതിനപ്പുറം ഒരു ഇമാമായി തങ്ങളെ വാഴിക്കാന്‍ ചാലിലകത്ത് കൂട്ടാക്കാതിരുന്നതിന്റെ കാരണമതാണ്. മുസ്ലിം കേരളത്തിന് ജ്ഞാനപ്രകാശം നല്‍കിയ പൊന്നാനി ദര്‍സിനെയും ഉലമാക്കളുടെ വട്ടക്കെട്ടിനെയും അങ്ങാടിയിലിട്ടു കലമ്പിയ മക്തി തങ്ങള്‍, നാട്ടില്‍ വൈദ്യരെന്ന പോലെ ഒന്നോ രണ്ടോ, അല്ലെങ്കില്‍ രണ്ടോ മൂന്നോ പണ്ഡിത•ാരും പ്രബോധകരും മതി, മറ്റുള്ളവര്‍ മതം പഠിക്കാന്‍ ആയുസ്സു തുലക്കാതെ, സൂറത്തുല്‍ ഫാതിഹയും ഏതാനും സൂറത്തുകളും കാണാപ്പാഠം പഠിച്ചുകഴിഞ്ഞാല്‍ പത്തുകിതാബ് പരിഭാഷ വായിച്ചു മത നിയമങ്ങള്‍ മനസ്സിലാക്കുകയും രാജഭാഷയും രാജ്യഭാഷയും ഓതിപ്പഠിച്ചു ലണ്ടനിലെ രാജ്ഞിയുടെ അനുസരണയുള്ള പ്രജകളായി സസുഖം വാഴുകയുമാണ് സമുദായത്തിന് ഫര്‍ള് എന്നു യാതൊരു മുട്ടുമില്ലാതെ ഫത്വ ചെയ്ത മക്തി തങ്ങള്‍. തന്റെ ജ•നാട്ടില്‍ മൂന്നിലേറെ പണ്ഡിത•ാരുണ്ടായിട്ടും മൌലവി വട്ടക്കെട്ടിനുവേണ്ടി പൊന്നാനിയിലെ ദര്‍സില്‍ ആയുസ്സ് പൊലിക്കുകയും മതിവരാതെ മദ്രാസിലേക്കു വണ്ടികയറി ബാഖിയാത്തിലും പിന്നെയും ദാഹം തീര്‍ക്കാന്‍ ലഥീഫിയ്യയിലും പോയി മതം പഠിച്ച ചാലിലകത്ത്. കാലത്തോടു സംവദിക്കാന്‍ പ്രാപ്തരായ ആലിമുകളെ വാര്‍ത്തെടുക്കാന്‍ സരളവും കൂടുതല്‍ പ്രയോജനകരവുമായ വഴികള്‍ ആവിഷ്കരിച്ചു നവ പരീക്ഷണങ്ങള്‍ക്കു വേണ്ടി ദര്‍സുകളിലും അറബിക്കോളജുകളിലും സ്വജീവിതം പൊലിച്ച ചാലിലകത്ത്. ഇവര്‍ എങ്ങനെ സന്ധിക്കാന്‍? ചാലിലകത്തിന്റെ അറബിക്കോളജും ദര്‍സും വട്ടക്കെട്ടും മക്തിതങ്ങള്‍ക്ക് കേവലം അനാവശ്യങ്ങളാണ്. അധിക പ്രയത്നങ്ങളാണ്. അറബി ഭാഷയുടെ മുന്നേറ്റം ശക്തമായിരുന്ന കാലഘട്ടത്തില്‍ അറബി ഭാഷാ പഠനത്തെ ജോലി സാധ്യതയില്ലെന്ന പേരുപറഞ്ഞ് നിരുത്സാഹപ്പെടുത്തിയ മക്തി തങ്ങളോട്, കൊമേഴ്സ്യല്‍ താല്‍പര്യത്തോടെ അറബിക് പഠിക്കുന്നത് ദീനി പരിഷ്കാരത്തിന്റെ ഭാഗമാണെന്ന് പ്രതികരിക്കുകയായിരുന്നു വക്കം മൌലവി. 1902 മെയ് മുതല്‍ കണ്ണൂര്‍ സുല്‍ത്താന്‍ അലി രാജയില്‍ നിന്ന് ഇരുപത്തഞ്ചുരൂപ പ്രതിമാസ അലവന്‍സ് ലഭിച്ചപ്പോള്‍ മക്തിതങ്ങള്‍ ഒരു മാസിക തുടങ്ങാമെന്നു വച്ചു; നിത്യജീവന്‍. നൂറു വായനക്കാര്‍ തികഞ്ഞാല്‍ മാസിക തുടങ്ങുമെന്നു പരസ്യം ചെയ്തു. കഷ്ടം! 38 പേരേ പ്രതികരിച്ചുള്ളൂ. മക്തി തങ്ങള്‍ ഇരുപത്തഞ്ചുവര്‍ഷം ഓടിക്കഴിഞ്ഞ കാലമാണത്. എന്നിട്ടും ചാലിലകത്ത് ജീവിച്ച സമുദായത്തില്‍ നിന്നു ജനപിന്തുണ ഇത്ര ശുഷ്കമായതിന്റെ അടിസ്ഥാന നിമിത്തം മക്തി തങ്ങളുടെ പരുത്ത നാക്കായിരുന്നു. ഇതിനിടയില്‍, ഭാഷയും ലിപിയും പരിഷ്കരിക്കാന്‍ പുതിയ നിര്‍ദേശവുമായി മക്തി തങ്ങള്‍ രംഗത്തുവന്നു. മുഅല്ലിമുല്‍ ഇഖ്വാനും തഅ്ലീമുല്‍ ഇഖ്വാനും പുറത്തിറക്കി. പക്ഷേ, പണ്ഡിതനും ജനകീയനുമായ ചാലിലകത്ത് അവ പാടെ മാറ്റിയെഴുതി. ചാലിലകത്തിന്റെ തിരുത്ത്, നവോത്ഥാനചിന്തകനായ മക്തി തങ്ങള്‍ക്കും വല്ലാതെ ഫീല്‍ ചെയ്തു. ആ സങ്കടം ‘മക്തി മനഃക്ളേശ’ത്തില്‍ കുറിച്ചിടുകയും ചെയ്തു; താന്‍ ഒന്നുമല്ലാതാകുന്നു എന്നദ്ദേഹം വ്യസനിച്ചു. ചാലിലകത്തിന്റെ ‘തസ്വ്ഫീറുല്‍ ഹുറൂഫ്’ മക്തി തങ്ങളിലുണ്ടാക്കിയ അങ്കലാപ്പ് ഈ വരികളില്‍ സ്പന്ദിക്കുന്നുണ്ട്.

“…. തഅ്ലീമുല്‍ ഇഖ്വാന്‍ എന്ന നാമത്തില്‍ പ്രസിദ്ധപ്പെടുത്തി, നൂറ്റില്‍ മീതെ ഉറുപ്പിക സ്വജനഗുണത്തിലേക്കു ചിലവാക്കി. അവസാനം ആ പുസ്തകം വാങ്ങി വായിക്കാന്‍ ഉത്സാഹമുള്ളവരെ കണ്ടില്ല. എന്നു മാത്രമല്ല പെട്ടെന്നുണ്ടായ ഒരുക്കം അതിനെതിരായി മറ്റൊന്നു ചമക്കണമെന്നാകുന്നു. എന്നാല്‍ നമുക്കുള്ള മനോകാംക്ഷ നാം നന്നാകണമെന്നാകയാല്‍ മത്സരം കൊണ്ടെങ്കിലും ഉണ്ടായിരിക്കുന്ന ഈ പുറപ്പാട് സന്തോഷപ്രദമായിരിക്കുന്നു.”

രാഷ്ട്രീയ നിലപാടുകളില്‍ മക്തിതങ്ങളും ചാലിലകത്തും ഒരേ വരിയിലായിരുന്നില്ല. ഇരുവരുടെയും നിലപാടായിരുന്നില്ല വക്കം മൌലവിയുടേത്. ബ്രിട്ടീഷ് ഭരണത്തെ അട്ടിമറിക്കാനുള്ള കലാപങ്ങള്‍ക്കു ചാലിലകത്ത് പ്രേരിപ്പിച്ചില്ല. എന്നാല്‍, മക്തിതങ്ങളെപ്പോലെ ലണ്ടനിലെ രാജാവിന്റെയും രാജ്ഞിയുടെയും സ്തുതികീര്‍ത്തനം പാടി നടക്കാന്‍ ചാലിലകത്തിനു താല്‍പര്യമില്ലായിരുന്നു. അതൊരു സമുദായ സേവനമായും ചാലിലകത്ത് മനസ്സിലാക്കിയില്ല. 1904 മുതല്‍ കോണ്‍ഗ്രസ് പ്രസ്ഥാനം മലബാറിലെത്തിയിട്ടുണ്ട്. (കോണ്‍ഗ്രസ്സിന് മലബാറിലായിരുന്നു കണ്ണ്?!) സമുദായ രക്ഷാര്‍ത്ഥം കോണ്‍ഗ്രസ്സില്‍ അണിചേരാന്‍ ഇരുവരും തയ്യാറായില്ല. 1908ല്‍ രൂപീകരിച്ച മലബാര്‍ ഡിസ്ട്രിക്റ്റ് കോണ്‍ഗ്രസ് കമ്മിറ്റിയില്‍ മക്തി തങ്ങളോ ചാലിലകത്തോ അംഗങ്ങളല്ല. അന്നവര്‍ക്കു നേതൃപദവി ലഭിക്കുമായിരുന്നു. ചാലിലകത്തിന്റെ പിന്‍ഗാമികള്‍ പിന്നീട് കോണ്‍ഗ്രസില്‍ അണിനിരന്നു. ഖിലാഫത്ത് സമരത്തിന് എണ്ണയൊഴിച്ചു; കോണ്‍ഗ്രസിന്റെ ദുഷ്ടലാക്ക് തിരിച്ചറിയാന്‍ 1980വരെ ആയുസ്സു ലഭിക്കേണ്ടി വന്നു മൊയ്തു മൌലവിക്ക്. പീഡനാനുഭവങ്ങളുമായി നേരത്തെ സഹപ്രവര്‍ത്തകര്‍ ‘വീര’ചരമമടഞ്ഞിരുന്നു. 1906ല്‍ ലണ്ടനില്‍ നിന്നു പ്രസ്മെഷിനറികള്‍ ഇറക്കുമതി ചെയ്തു രാജവിരുദ്ധ പത്രപ്രവര്‍ത്തനം തുടങ്ങിയ വക്കം മൌലവിയുമായി സഹകരിച്ചു നീങ്ങാന്‍ മക്തി തങ്ങള്‍ തയ്യാറായില്ല. സ്വന്തമായൊരു പ്രസ് നടത്താനുള്ള ശ്രമത്തില്‍ പൊളിഞ്ഞു പാളീസായിട്ടുണ്ടായിരുന്നു അന്ന് മക്തിതങ്ങള്‍. പഴയ-പുതിയ നിയമങ്ങളെടുത്ത് ‘സുന്നത്തു കല്യാണം’ സ്ഥാപിക്കാന്‍ കഷ്ടപ്പെട്ട മക്തിതങ്ങളുമായി സഹകരിക്കാന്‍ ‘മാര്‍ഗ്ഗ’നിഷേധിയായിരുന്ന വക്കം മൌലവിക്കും കഴിയുമായിരുന്നില്ല. സ്ത്രീ സ്വാതന്ത്യ്രം, സമത്വം അധികാരം, വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങളില്‍ വക്കം മൌലവിയുടെ പടിഞ്ഞാറന്‍ പരിഷ്കാരത്തെ നഖശിഖാന്തം ചോദ്യം ചെയ്തു മക്തി തങ്ങള്‍. വക്കം മൌലവി മാതൃകയാക്കിയത് ഫ്രാന്‍സിനെയായിരുന്നു.

പിന്നീട് ചാലിലകത്തിന്റെ പക്കല്‍ നിന്നു ജ്ഞാനവും തൌഹീദും മദ്ഹബും നവോത്ഥാനവും പകര്‍ന്ന ഖുഥുബിയും കണ്ണിയത്തും പറവണ്ണയും ചേര്‍ന്ന് സമുദായത്തെ പൊന്നാനി വഴി മക്കത്തും മദീനത്തുമെത്തിക്കുവാന്‍ ഒത്തു ചേര്‍ന്നു. തത്സമയം ചാലിലകത്തിനെ ജ്ഞാനഗുരുവായി സ്വീകരിക്കാന്‍ വിസമ്മതിച്ച ചിലര്‍ അദ്ദേഹത്തിന്റെ പെണ്‍കുട്ടികളെ തട്ടിയെടുക്കുകയും അമ്മോശന്റെ വിയോഗാനന്തരം വക്കം മൌലവിയുടെ ശിഷ്യത്വം സ്വീകരിച്ച് ഈജിപ്തുവഴി ഫ്രാന്‍സിലഭയം കാണുകയും ചെയ്തു. അവര്‍ക്ക് ചാലിലകത്തിന്റെ ഐനുല്‍ഖിബ്ല പോലും സ്വീകാര്യമായില്ല. അതിനാല്‍ ഈജിപ്തിലേക്കു തന്നെ തിരിഞ്ഞു നില്‍പ്പാണ് ഇപ്പോഴും; ചിലര്‍ നജ്ദിലേക്കും.

You must be logged in to post a comment Login